

കേരളത്തിൽ സൂഫി ത്വരീഖത്തുകളുടെ ആഗമനം, വ്യാപനം, സ്വാധീനം
2025-03-21
Web Design
15 Comments
ടി എച്ച് ദാരിമി
വേറിട്ട മറ്റെന്തോ ഒന്നാണ് എന്ന ചിന്തയിൽ നിന്നാണ് സൂഫിസം സത്യത്തിൽ വഴിതെറ്റുന്നത്. ഇസ്ലാമിലെ ആത്മീയതയ്ക്ക് സൂഫിസം എന്ന് പേരിട്ടവരുടെയും ആ ധാരയെ സൂഫിസം എന്ന് വിളിച്ചവരെയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. കാരണം സൂഫിസം എന്ന് പിൽക്കാലത്ത് വ്യവഹരിക്കപ്പെട്ട ഈ വിഷയം ഇസ്ലാമിന്റെ അവിഭാജ്യമായ ഒരു ഘടകം തന്നെയാണ്. ഇസ്ലാമിനെ പൂർണ്ണമാക്കുന്ന ഘടകമാണ് സൂഫിസം എങ്കിൽ അതിനെ വേറെ കോളത്തിലും കള്ളിയിലും മാറ്റിക്കെട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ഘടകങ്ങൾ ആവട്ടെ ഒരുപാട് ആഴത്തിൽ ചിന്തിച്ചോ മനനം ചെയ്തോ സ്ഥാപിക്കേണ്ട വിധം വിശ്വാസികളുടെ മുമ്പിൽ ഒട്ടും ദുർഗ്രാഹ്യമല്ല. കാരണം ഇസ്ലാമിൽ മൂന്ന് ഘടകങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്. ഒന്ന്, വിശ്വസിക്കുവാനുള്ളവ. ഇവ ഈമാൻ കാര്യങ്ങൾ എന്ന് വിളിക്കപ്പെടുന്നു. രണ്ട്, ഈ വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ ചെയ്യുവാനുള്ളവ. ഇവ ഇസ്ലാം കാര്യങ്ങൾ എന്ന് വിളിക്കപ്പെടുന്നു. മൂന്ന്, ഈമാൻ എന്ന പശ്ചാത്തലത്തിൽ ഇസ്ലാം എന്ന കർമ്മങ്ങൾ ചെയ്യുമ്പോൾ പുലർത്തേണ്ട ശൈലിയും രീതിയും. ഇവ ഇഹ്സാൻ കാര്യങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഇവ മൂന്നും ചേർന്നതാണ്, അല്ലാതെ വിശ്വസിക്കുവാനും ചെയ്യുവാനുമുള്ള ആറും അഞ്ചും 11 കാര്യങ്ങൾ മാത്രമല്ല ദീൻ എന്നത് നബി തിരുമേനി(സ്വ) തങ്ങൾ തന്നെ പഠിപ്പിച്ചു തന്നിട്ടുള്ളതാണ്. നബി(സ)യുടെ പ്രധാന അനുചരനായ ഉമർ(റ) പറയുന്നു: ഞങ്ങൾ ഒരു ദിവസം നബി(സ)യോടൊപ്പം ഇരിക്കുമ്പോൾ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അങ്ങേയറ്റം കറുത്ത മുടിയുള്ള, നല്ല വെൺമയുള്ള വസ്ത്രങ്ങളണിഞ്ഞ, യാത്ര ചെയ്തതിൻ്റെ അടയാളങ്ങൾ ഒന്നും പ്രകടമല്ലാത്ത, എന്നാൽ ഞങ്ങളും അറിയാത്ത ഒരാൾ. അദ്ദേഹം വന്നു തിരുനബി(സ)യുടെ അടുത്ത് വന്ന് മുട്ടോട് മുട്ട് ചേർത്തുവെച്ച കൈകൾ തുടകളിൽ വെച്ചു കൊണ്ട് ചോദിച്ചു: 'മുഹമ്മദ്, ഇസ്‌ലാമിനെ കുറിച്ച് പറയൂ. അല്ലാഹുവിൻ്റെ റസൂൽ(സ) ഇസ്ലാം കാര്യങ്ങൾ അഞ്ചും പറഞ്ഞു. അതുകേട്ടതും ആഗതൻ പറഞ്ഞു: 'താങ്കൾ പറഞ്ഞത് സത്യമാണ്'. തുടർന്ന് ആഗതൻ എങ്കിൽ ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടു. നബി(സ) ഈമാൻ കാര്യങ്ങൾ ആറും പറഞ്ഞു. അപ്പോഴും ആഗതൻ താങ്കൾ പറഞ്ഞത് സത്യമാണ് എന്നു പ്രതികരിച്ചു. തുടർന്ന് ആഗതൻ ആവശ്യപ്പെട്ടത് ഇഹ്സാനെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ എന്നായിരുന്നു. നബി(സ) പറഞ്ഞു: 'നിങ്ങൾ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കലാണ് ഇഹ്‌സാൻ. നിങ്ങൾ അവനെ കാണുന്നില്ലെന്നാണെങ്കിൽ അവൻ തീർച്ചയായും നിങ്ങളെ ശരിക്കും കാണുന്നുണ്ട്.' ഇമാം ബുഖാരി, മുസ്ലിം എന്നിവർ നിവേദനം ചെയ്ത ഈ സഹീഹായ ഹദീസിൽ പിന്നെയും പല കാര്യങ്ങളും ആഗതൻ ചോദിക്കുകയും നബി(സ്വ) മറുപടി പറയുകയും ചെയ്യുന്നുണ്ട്.
'നിങ്ങൾക്ക് നിങ്ങളുടെ ദീൻ എന്താണ് എന്ന് പഠിപ്പിച്ചുതരാൻ അല്ലാഹു നിയോഗിച്ച ജിബ്രീൽ എന്ന മാലാഖയാണ് ഇപ്പോൾ ഇവിടെ മനുഷ്യരൂപത്തിൽ വന്നത്' എന്നാണ് നബി(സ) തങ്ങൾ അനുചരരെ അറിയിച്ചത്. അപ്പോൾ ഇവിടെ മലക്ക് നബി(സ) തങ്ങളോട് ചോദിക്കുകയും മറുപടി കേൾക്കുകയും ശരിവെക്കുകയും ചെയ്ത കാര്യങ്ങൾ ഏതെല്ലാമാണോ അവയെല്ലാം ചേർന്നതാണ് ദീൻ. അതനുസരിച്ച് ഈ സംഭാഷണത്തിൽ വന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, ഈമാൻ. രണ്ട്, ഇസ്ലാം. മൂന്ന്, ഇഹ്സാൻ. അഥവാ, ഇവ മൂന്നും ചേർന്നതാണ് ദീൻ. ഇവയിൽ ഏതെങ്കിലും ഒന്നിനെ മാത്രമോ രണ്ടെണ്ണത്തെ മാത്രമോ ദീൻ എന്ന് വിളിക്കാനോ വ്യവഹരിക്കാനോ പറ്റുകയില്ല എന്നു കൂടി ഇതിൽനിന്ന് മനസ്സിലാക്കാം. സൂഫിസത്തിന് കൃത്യമായ നിർവചനം ഒന്നുമില്ല. അത് ഒരു അനുഭവമാണ്. ആ അനുഭവം നിരന്തരമായി പൂർണ്ണത തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മനസ്സിൻ്റെ വിശുദ്ധിയും തെളിച്ചവും പിന്നെ പരമമായ സൃഷ്ടാവിന്റെ മുമ്പിൽ ലയിക്കാനുള്ള ശേഷിയും എല്ലാം ക്രമപ്രവൃദ്ധമായി നേടിയെടുക്കുകയാണ് സൂഫി സൂഫിസത്തിലൂടെ ചെയ്യുന്നത്. ഈ ലയനം ആരാധനകൾ കൂടുതൽ ആത്മവും ഭക്തവും ആകുവാൻ വേണ്ടിയുള്ളതാണ്. നിസ്കാരത്തിനും നോമ്പിനും മറ്റു കർമ്മങ്ങൾക്കും എല്ലാം ഒരു അവാച്യമായ അനുഭൂതി സൂഫിക്ക് കൈവരുന്നുണ്ട്. അതുകൊണ്ടാണ് ആരാധനകൾ പൂർണ്ണത പ്രാപിക്കുവാനുള്ള മനോനിലയും രീതിയുമെല്ലാമാണ് സ്വൂഫിസം. അതുകൊണ്ടുതന്നെ അത് മതത്തിൻറെ അവിഭാജ്യ ഘടകമാണ് അത് ഒഴിവാക്കി കൊണ്ടുള്ള ഒരു ദീൻ സങ്കൽപ്പിക്കുവാൻ വിശ്വാസിക്ക് കഴിയുകയില്ല. ഇത്തരം ഒരു ആമുഖത്തിൽ നിന്ന് നാം കേരളത്തിലെ സൂഫിസത്തിന്റെ ആഗമനത്തെയും വളർച്ചയെയും സ്വാധീനത്തെയും വിലയിരുത്തുമ്പോൾ ആ ആഗമനം സ്വഹാബികളിലൂടെ തന്നെയായിരുന്നു എന്ന് പറയേണ്ടിവരും. ദീനുമായി കടൽ കടന്ന് കേരളത്തിലെത്തിയ സ്വഹാബിമാരും താബിഉകളും കൊണ്ടുവന്നതും പ്രചരിപ്പിച്ചതും എല്ലാം സൂഫിസം കലർന്ന ഇസ്ലാമിനെയായിരുന്നു. പ്രത്യേകിച്ചും യമനിൽ നിന്നോ യമൻ വഴിയോ ആയിരുന്നു കേരളത്തിലേക്ക് ഇസ്ലാം വന്നത് എന്ന പക്ഷത്തിന് ബലമുള്ള സാഹചര്യത്തിൽ.
സൂഫിസം പിന്നീട് ത്വരീഖത്തുകൾ ആയി. അത് അങ്ങനെ കാലക്രമത്തിൽ ആയിത്തീരുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം നബി തിരുമേനി(സ്വ)യുടെയും സച്ചരിത ആദ്യ തലമുറകളുടെയും കാലത്ത് ഇസ്ലാം വേറെയും സൂഫിസം വേറെയും ഉണ്ടായിരുന്നില്ല. അതിൻ്റെ കാരണം നാം പറഞ്ഞു. പിൽക്കാലത്ത് പക്ഷേ പലതരം ബലഹീനതകളും മുസ്ലിംകളിൽ കടന്നുകൂടി. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഭൗതികതയോടുള്ള അടങ്ങാത്ത പ്രമത്തതയായിരുന്നു. അധികാരം, സമ്പത്ത്, സ്ഥാനമാനങ്ങൾ തുടങ്ങിയവ വിശ്വാസികൾക്കിടയിൽ പോലും ഏറ്റവും വലിയ വികാരങ്ങളായി മാറി. അപ്പോൾ, പേരിലും കെട്ടിലും മട്ടിലും ഇസ്ലാമിനെ കൈവിട്ടില്ലെങ്കിലും ആശയ തലത്തിൽ ഒരുപാട് പേർ ഇസ്ലാമിനെ കൈവിട്ടു. അതായത്, ആരാധനകളെല്ലാം വെറും കർമ്മങ്ങൾ ആയി മാറി. ആത്മാവ് ഇല്ലാത്ത വെറും കർമ്മങ്ങൾ. ആത്മാവിൽ നിന്നാണല്ലോ ആത്മീയത നിർഗളിച്ചു വരേണ്ടത്. അതുണ്ടായിരുന്നില്ല. എന്നാൽ തികച്ചും ഭൗതിക വിരക്തരായി ജീവിക്കുന്ന ഒരു സമൂഹം എല്ലായിടത്തും എക്കാലത്തും ഉണ്ടായിരുന്നുതാനും. അവർ ദീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മൂന്ന് അടിസ്ഥാന ഘടകങ്ങളെയും ചേർത്തുപിടിച്ചു തന്നെ ജീവിച്ചു. അങ്ങനെ ക്രമേണ സമൂഹത്തിൽ രണ്ടുതരം വിശ്വാസികൾ ഉണ്ടായി. ഈമാനും ഇസ്ലാമും മാത്രം പുലർത്തി ജീവിക്കുന്ന തരവും ഈമാനും ഇസ്ലാമും ഇഹ്സാനും പുലർത്തി ജീവിക്കുന്ന മറ്റൊരു തരവും. രണ്ടാമത്തെ വിഭാഗം അവര് പോലും അറിയാതെയും ഉദ്ദേശപൂർവ്വമല്ലാതെയും മറ്റുള്ളവരിൽ നിന്ന് വേറിട്ടും പരസ്പരം ഒന്നിച്ചും നിന്നതോടെയാണ് സൂഫി പ്രസ്ഥാനങ്ങൾക്ക് തുടക്കമായത്. വേറിട്ട സൂഫിസം രൂപീകൃതമായത് ആരെങ്കിലും നിശ്ചയിക്കുകയോ സ്ഥാപിക്കുകയോ വഴി ഉണ്ടായതല്ല, അത് കാലക്രമത്തിൽ രൂപപ്പെട്ടു വന്നതാണ് എന്ന് ചുരുക്കം.
ആത്മീയത പ്രധാനമായും ഒരു അനുഭവവും അനുഭൂതിയും ആണ് എന്നു നാം നേരത്തെ കണ്ടു, പറഞ്ഞു. അനുഭവം, അനുഭൂതി തുടങ്ങിയതെല്ലാം വൈയക്തികം കൂടിയാണ്. ഒരാളിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും മറ്റൊരാൾ ഈ വികാരങ്ങളെ സ്വാംശീകരിക്കുക. ചിലർക്ക് ചില കാര്യങ്ങളിൽ അല്ലെങ്കിൽ ചില രീതികളിൽ ആത്മീയ ഹർഷം അനുഭവപ്പെടുമ്പോൾ മറ്റു ചിലർക്ക് മറ്റുചില രീതിയിൽ ആയിരിക്കും അത് അനുഭവപ്പെടുക. അത് സൂഫികളെയും സ്വാധീനിച്ചു. അങ്ങനെയാണ് ഔറാദുകൾ, സ്വലാത്തുകൾ, പ്രത്യേക സുന്നത്തുകൾ എന്നിവയിൽ ആത്മീയ ലോകത്ത് തന്നെ പലതരം രീതികൾ ഉണ്ടായത്. പല രീതികൾ ഉണ്ടായപ്പോൾ ഉണ്ടായതിനെല്ലാം വ്യാഖ്യാനങ്ങൾ ഉണ്ടായി. വ്യാഖ്യാനങ്ങൾ ഓരോ വഴിയേയും വേറിട്ട് വേറിട്ട് നിലനിർത്തി. ഇങ്ങനെയാണ് ത്വരീഖത്തുകൾ രൂപപ്പെട്ടത് എന്നാണ് ആത്മീയ ലോകം മനസ്സിലാക്കുന്നത്. ചുരുക്കത്തിൽ, ഇഹ്സാൻ അടക്കമുള്ള ദീൻ എന്ന വികാരത്തെ ചേർത്തുപിടിച്ചപ്പോൾ സ്വൂഫിസം രൂപപ്പെട്ടതുപോലെ ഈ പറഞ്ഞ വ്യത്യസ്തതകൾ പുലർത്തപ്പെട്ടപ്പോൾ രൂപപ്പെട്ടതാണ് ത്വരീഖുകൾ എന്ന ത്വരീഖത്തുകൾ.
ആത്മീയ ലോകത്തും അറിവിൻ്റെ ലോകത്തും ഉണ്ടായതും നിലനിൽക്കുന്നതുമായ ഈ വ്യത്യാസങ്ങൾ ഒരിക്കലും തമ്മിൽ കലഹിക്കുന്നവയല്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിനുദാഹരണമാണ് കർമ്മ ശാസ്ത്രത്തിലെ മദ്ഹബുകൾ. മദ്ഹബുകളുടെ അടിസ്ഥാനം വിഭിന്നമായ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും തന്നെയാണ്. പക്ഷേ, അവയെ പറഞ്ഞ് ഒന്നാക്കുവാനോ ഏതെങ്കിലും ഒന്നിനെ മാത്രം നിലനിറുത്തുവാനോ അല്ല ഇസ്ലാമിക സംസ്കാരം ശ്രമിച്ചത്. മറിച്ച് എല്ലാ അഭിപ്രായങ്ങളെയും ബഹുമാനപൂർവ്വം സ്വീകരിക്കാൻ ആയിരുന്നു. അങ്ങനെയാണ് ഒന്നിലധികം മദ്ഹബുകൾ രൂപപ്പെട്ടത്. മദ്ഹബുകൾ തമ്മിൽ ഒരിക്കലും കലഹിക്കുന്നില്ല എല്ലാ മദ്ഹബുകളും പ്രാമാണികമായി ശരിയും സ്വീകാര്യവുമാണ്. മതത്തിലെ അഭിപ്രായവ്യത്യാസങ്ങളെ അനുഗ്രഹമായി കാണുക എന്നാൽ ഇതാണ് എന്നുകൂടി പറയാം. ഇതേ അവസ്ഥ തന്നെയാണ് സൂഫിസത്തിൽ രൂപപ്പെട്ട ശരിയും സ്വഹീഹുമായ ത്വരീഖത്തുകളിലും ഉള്ളത്. ഓരോന്നും ആചാരത്തിലും അനുഷ്ഠാനത്തിലും വ്യാഖ്യാനത്തിലും വിശദീകരണത്തിലും പ്രത്യക്ഷമായി വ്യത്യസ്തമാണ് എന്ന് തോന്നാമെങ്കിലും അടിസ്ഥാനപരമായി അവ ഒന്നും പരസ്പരം കലഹിക്കുന്നില്ല. എല്ലാം ശരിയാണ്. എല്ലാം സ്വീകാര്യമാണ്.
സ്വൂഫിസം കേരളത്തിലേക്ക്
സൂഫിസം മേൽപ്പറഞ്ഞതുപോലെ വിവിധ സരണികൾ ആയി രൂപപ്പെട്ടത് എ ഡി പതിനൊന്നാം നൂറ്റാണ്ടിൽ ആയിരിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അപ്പോൾ മുതൽ തന്നെ കേരളത്തിൽ സൂഫികളും അവരുടെ സരണികളും എത്തിയിട്ടുണ്ടാകും എന്നാണ് അനുമാനം. ഇസ്ലാമിക പ്രബോധകരായി വന്ന ഏതാനും പേര് ഒഴിച്ചു നിർത്തിയാൽ കേരളത്തിൽ വന്ന അറബികളെല്ലാം വന്നത് അടിസ്ഥാനപരമായി വ്യാപാരത്തിനു വേണ്ടിയായിരുന്നു. നമ്മുടെ നാട്ടിലെ സമ്പന്നമായ സുഗന്ധ വിളകളാണ് അവരെ പ്രധാനമായും ഇങ്ങോട്ട് ആകർഷിച്ചത്. അറബികൾക്ക് ഏറെ താൽപര്യമുള്ള വസ്തുക്കൾ ആയിരുന്നു സുഗന്ധ വിളകൾ. അതിനാൽ അവയ്ക്ക് അവരുടെ നാട്ടിൽ നല്ല മാർക്കറ്റ് ഉണ്ടായിരുന്നു. ഒപ്പം മറ്റു പലതും അവർ വാങ്ങുകയും ഇവിടെ കൊണ്ടുവന്ന് വിൽക്കുകയും ചെയ്തിട്ടുണ്ട്. അറബിക്കടൽ അവർക്ക് നല്ലൊരു യാത്ര സൗകര്യമായിരുന്നു. ഇങ്ങനെ വന്ന കച്ചവടക്കാരിൽ അധികവും മുസ്ലിംകൾ ആയിരുന്നു. അടിസ്ഥാനപരമായി കാർഷിക ആഭിമുഖ്യം കുറവായിരുന്ന അറബ് ജനതയുടെ പ്രധാന ജീവിത സന്താരണമാർഗം കച്ചവടം ആയിരുന്നു. കച്ചവടത്തിന് ഇസ്ലാമിൽ നിന്ന് വേണ്ടുവോളം പിന്തുണയും പ്രചോദനവും ലഭിക്കുകയും ചെയ്തു. സച്ചരിതനായ വ്യാപാരി പ്രവാചകന്മാരോടൊപ്പം ആയിരിക്കും എന്നു വരെ ആശയങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. കച്ചവട യാത്രകൾ എപ്പോഴും സംഘം ചേർന്നുള്ളതായിരുന്നു. ഈ സംഘത്തിൽ മുതലുടമയുടെ പുറമേ ജോലിക്കാരായും ഭൃത്യൻമാരായും പലരും ഉണ്ടായിരുന്നു. സംഘത്തിൻ്റെ അനിവാര്യമായ ഈ ചേരുവകളിൽ ഒന്നായിരുന്നു സ്വൂഫികൾ. കച്ചവടത്തിൽ ലാഭവും ബറക്കത്തും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ നല്ല മനുഷ്യന്മാരെ സംഘത്തിൽ ചേർക്കുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെയായിരിക്കാം ഏറ്റവും ആദ്യം സ്വൂഫികൾ കേരളത്തിൽ എത്തിച്ചേർന്നത് എന്നാണ് നിഗമനം. അങ്ങനെ വന്നവർ ആയതിനാൽ തന്നെ അവർക്ക് ചരിത്രപരമോ സാമൂഹ്യപരമോ ആയ പ്രത്യേക ശ്രദ്ധ ഉണ്ടായില്ല. അതുകൊണ്ടാണ് കച്ചവടങ്ങളും കച്ചവട സംഘങ്ങളും നമ്മുടെ അറിവുകളുടെ അടിസ്ഥാനങ്ങളിൽ രേഖപ്പെടുത്തപ്പെട്ടപ്പോഴും സൂഫികൾ അതിൽ ഇടം പിടിക്കാതെ പോയത്. വളരെ ആദ്യകാലത്ത് തന്നെ സൂഫികളും സൂഫിസവും ഇവിടെ ഉണ്ടായിരുന്നു എന്നതിന് ഒരുപാട് അനുഭവങ്ങൾ തെളിവുണ്ട്. പക്ഷേ, അവർ ആരൊക്കെയായിരുന്നു എന്നു പറയാൻ ചരിത്ര സ്രോതസ്സുകൾ പ്രയാസപ്പെടുന്നുണ്ട്.
കേരളത്തില്‍ പ്രബോധനവുമായി വന്ന ആദ്യത്തെ ആൾ എന്ന് ഗണിക്കപ്പെടുന്ന ഇമാം മാലിക്‌ബ്‌നു ദീനാര്‍ സൂഫി പ്രമുഖനായിരുന്ന ഹസ്സന്‍ ബസ്വരി(റ)യുടെ ശിഷ്യഗണത്തില്‍ പെട്ടവരായിരുന്നു എന്ന് സൂക്ഷ്മമായ ചരിത്ര വായനകൾ പറയുന്നുണ്ട്. അദ്ദേഹം സ്വഹാബി തന്നെയായിരുന്നു എന്ന ഒരു പ്രചാരം പണ്ടുമുതൽ തന്നെ മലയാള വാമൊഴിയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ആ പേരിലുള്ള ഒരു സഹാബിയെ കൃത്യമായി രേഖകളിൽ കണ്ടെത്തുവാൻ പലർക്കും കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതേസമയം ആ പേരിൽ പ്രശസ്തനായ ആളും മലബാറിൽ വന്നിരിക്കാൻ സാധ്യതയുള്ള ആളും മേൽപ്പറഞ്ഞ താബിഈ ആയ മാലിക് ദിനാർ(റ) ആയിരിക്കാനാണ് സാധ്യത. ഇതെല്ലാം ഇങ്ങനെ പറഞ്ഞു പോവുകയല്ലാതെ രണ്ടു ഭാഗവും തെളിയിക്കാൻ ആവശ്യമായ ആധികാരിക രേഖകൾ ലഭ്യമല്ല. ഏതായിരുന്നാലും അദ്ദേഹവും അദ്ദേഹത്തിന്റെ അനുചരന്‍മാരും കേരളത്തിന്റെ നാനാഭാഗത്തും പള്ളികള്‍ സ്ഥാപിക്കുകയും ഖാസിമാരെ നിയമിക്കുകയും ചെയ്തു. സൂഫിസത്തിന്റെ എല്ലാ നിറവും ഗുണവും മണവും ഉള്ള ഇസ്ലാം ആയിരുന്നു അവരിലൂടെ ഇവിടെ എത്തിയതും വളർന്നതും.
ലഭ്യമായതിൽ വെച്ച് ഏറ്റവും പഴയ കേരളത്തിലെ സ്വൂഫി സാന്നിധ്യം കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇറാഖിലെ കൂഫയിൽ നിന്നെത്തിയ അലി അൽ കൂഫി(റ) എന്ന മഹാനാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഏകദേശം 1300 വർഷം മുമ്പ്, അഥവാ ഉദ്ദേശം AD 824 ൽ ആണ് അലി അൽ കൂഫി പെരിങ്ങത്തൂരിൽ എത്തിയത് എന്നാണ് വിശ്വാസം. നിരവധി കറാമത്തുകളുടെ ഉടമയായിരുന്ന മഹാനവർകളിൽ ആകൃഷ്ടരായി നിരവധിപേർ ഇസ്ലാം സ്വീകരിച്ചതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. (പഠനം / ഡോ: പുത്തൂർ മുസ്തഫ / അലിയ്യുൽ കൂഫിയും പെരിങ്ങത്തൂരും). ഏറെ സ്വാധീനം ചെലുത്തിയ സൂഫിയായിരുന്നു അദ്ദേഹം എന്നത് വിവിധ വായനകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അവസാനത്തെ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചത് അങ്ങനെയായിരുന്നു എന്നു വരെ ചരിത്രങ്ങളിൽ കാണാം. ( ഡോ. സി കെ കരീം / കേരള മുസ്ലിം ചരിത്രം) വനവാസികളായ താപസ ശ്രേഷ്ഠന്മാർക്കും ഔലിയാക്കന്മാർക്കും വരെ ഗുരുഭൂതരായിരുന്നു അലിയ്യുൽ കൂഫി(റ). (ഉമർ സുഹ്റവർദി / രിഹ്ലത്തുൽ മുലൂക്ക്). ഏറ്റവും പഴയ സ്വൂഫി സാന്നിധ്യം അടയാളപ്പെടുത്തുന്ന മറ്റൊരു അടയാളം പൊന്നാനിയിലെ അതിപുരാതനമായ പള്ളികളിൽ ഒന്നായ തോട്ടങ്ങൽ പള്ളിയാണ്. പൊന്നാനിയിലെ ചരിത്രപള്ളികളിൽ ഏറ്റവും പ്രാചീനമായ ഈ പള്ളി നിർമ്മിച്ചത് ഫരീദ് ഔലിയ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്വൂഫി ആയിരുന്നു എന്ന് ചരിത്രങ്ങൾ പറയുന്നു. ഫരീദുദ്ദീൻ അബ്ദുൽ ഖാദിർ ഖുറാസാനി എന്ന ഈ മഹാൻ മുഹിയുദ്ദീൻ ശൈഖ് (റ) അവർകളുടെ ശിഷ്യനായിരുന്നു. പള്ളിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചത് ശിഷ്യൻ കൂടിയായ ഊത്താൻ മുഹിയുദ്ധീൻ മുസ്‌ലിയാർ ആയിരുന്നു. അദ്ദേഹവും പ്രസിദ്ധനായ സ്വൂഫിയായിരുന്നു. കാഞ്ഞിരമറ്റത്താണ് ശൈഖ് ഫരീദുദ്ദീൻ ഔലിയ അന്ത്യവിശ്രമം കൊള്ളുന്നത്. ഉദ്ദേശം 900 വർഷങ്ങൾ എങ്കിലും ഈ പള്ളിക്ക് പഴക്കമുണ്ടാകും എന്നാണ് അനുമാനം. അതിനാൽ ഇത് മഖ്ദൂമുമാരുടെ മുമ്പ് തന്നെ സ്വൂഫികൾ യുടെ സാന്നിധ്യം ഇവിടെ ശക്തമായിരുന്നു എന്നു കൂടി നമ്മോട് പറയുന്നുണ്ട്. (Sayed Mohiuddin Shah, Islam in Kerala).
ചോമ്പാലിലെ കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു എന്ന് കരുതപ്പെടുന്ന ശൈഖ് ഉമർ ബിൻ മുഹമ്മദ് സുഹറവർദി(റ) കേരളത്തിലെ സൂഫി പാരമ്പര്യത്തിന്റെ കരുത്തുറ്റ തെളിവുകളിൽ ഒന്നാണ്. അദ്ദേഹം മലബാറിൽ എത്തിയ കാലത്തെ കുറിച്ചോ ചരിത്രത്തെ കുറിച്ചോ കാര്യമായ രേഖകൾ ഒന്നുമില്ല. പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുൽ കൂഫിയോടൊപ്പം ഇറാഖിൽ നിന്ന് വന്നതായിരിക്കാം അദ്ദേഹം എന്നാണ് അനുമാനം. പതിനൊന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന അദ്ദേഹം സുഹ്റവർദി ത്വരീഖത്തിന്റെ പ്രധാനപ്പെട്ട പ്രബോധകൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ കുറവാണ് എങ്കിലും കേരള മുസ്ലിംങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനയായ രിഹ് ലത്തുൽ മുലൂക്ക് എന്ന ഗ്രന്ഥം എല്ലാ ചരിത്രകാരന്മാരുടെയും ആധികാരിക ആധാരങ്ങളിൽ ഒന്നാണ്. കേരളത്തിലെ ഇസ്ലാമിക ആഗമനത്തെക്കുറിച്ചും ചേരമാൻ പെരുമാൾ കഥയെക്കുറിച്ചും എല്ലാം പറയുന്ന ഈ കൃതിയിൽ അലിയ്യുൽ കൂഫിയേയും പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരുപക്ഷേ അലിയ്യുൽ കൂഫിയുടെയും മുമ്പായിരിക്കാം സുഹ്റവർദിയുടെ കാലം എന്നും കരുതപ്പെടുന്നുണ്ട് (മുഹമ്മദ് ഹിബത്തുല്ല / കേരള മുസ്ലിം ചരിത്രത്തിൻറെ അടിവേരുകളുടെ നാട്).
പതിനാലാം നൂറ്റാണ്ടിന്റെ നാലാം ദശകത്തിൽ മലബാർ സന്ദർശിച്ച ഇബ്ൻ ബത്തൂത്ത നൽകുന്ന വിവരണങ്ങളാണ് കേരളത്തിലെ സ്വൂഫി സാന്നിധ്യത്തിൻ്റെ പഴക്കം കാണിക്കുന്ന മറ്റൊരു തെളിവ്. മലബാറിൽ ധാരാളം സ്വൂഫികളെ കണ്ടുമുട്ടിയതായി അദ്ദേഹം തന്റെ രിഹ്‌ലയിൽ പറയുന്നുണ്ട്. അദ്ദേഹം കണ്ടത്, സൂഫി വ്യക്തിത്വങ്ങളെ ആയിരുന്നില്ല, മറിച്ച് സത്രങ്ങളെയായിരുന്നു എന്നത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. ഖാൻഖാഹുകൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന തരത്തിലേക്കും തലത്തിലേക്കും സ്വൂഫീ സാന്നിധ്യം അപ്പോഴേക്കും വളർന്നിരുന്നു എന്നത് ഇത് വ്യക്തമാക്കുന്നു. സ്വൂഫി സത്രം അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത് കർണാടകയുടെ പ്രദേശങ്ങളിലായിരുന്നു. പക്ഷേ ആ പ്രദേശങ്ങളൊക്കെ തന്നെയും മലബാറിന്റെ ഒരറ്റമാണ്. അവിടെ ഉണ്ടായിരുന്ന ആത്മീയ ഗുരു ശൈഖ് മുഹമ്മദ് നഗ് വി എന്ന മഹാനായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. സുഹറവർദി സരണിയിലെ ഒരു പ്രധാന കണ്ണിയാണ് ഇദ്ദേഹം. വളപട്ടണത്തെ ഖാളി സയ്യിദ് അബൂബക്കറും, ഖാളി മുഹമ്മദും ജനസ്വാധീനം നേടിയിരുന്ന സൂഫീ വര്യന്‍മാരാണ്. ഏഴിമലയിലെ ശൈഖ് നൂറുദ്ദീന്‍, കോഴിക്കോട്ടെ ശിഹാബുദ്ധീന്‍ ഗാസറൂനി, കൊല്ലത്തെ ഖാളി ഖസ്‌വീനി മുഹമ്മദ് ഷാ ബന്തര്‍, ശൈഖ് ഫഖ്‌റൂദ്ധീന്‍ എന്നിവരെക്കുറിച്ചും 14-ാം നൂറ്റാണ്ടില്‍ കേരളത്തിലേക്കു വന്ന ഇബ്‌നു ബത്തുത്ത പരാമര്‍ശിക്കുന്നുണ്ട് (മോയിൻ മലയമ്മ, മലയാളത്തിലെ സ്വൂഫിസം).
കേരളത്തിലേക്കുള്ള സൂഫിസത്തിന്റെ വരവിന് ഏറ്റവും പ്രധാന കണ്ണിയും കാരണവുമായി പ്രവർത്തിച്ചത് സാദാത്തുക്കൾ തന്നെയാണ് എന്ന് മനസ്സിലാക്കാം. കേരളത്തിലേക്ക് വന്ന പ്രവാചക കുടുംബാംഗങ്ങളിൽ അധികപേരും എത്തിയത് യമനിൽ നിന്നാണ്. ഇവർ പൊതുവേ ബാ അലവി വംശം എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ പ്രദേശം യമനിലെ തരീം പ്രവിശ്യയാണ്. ഇറാഖിലെ ബസറയിൽ നിന്ന് ഹിജ്റ 317 ൽ ഹളർമൗത്തിൽ എത്തിച്ചേർന്ന പണ്ഡിതനായിരുന്ന അഹമ്മദ് ബിൻ ഈസ അൽ മുഹാജിറിൽ നിന്നാണ് ഈ അഹ്ലുബൈത്തിന്റെ പാരമ്പര്യം തുടങ്ങുന്നത്. യമനിൽ നിന്ന് വന്ന പ്രവാചക കുടുംബങ്ങളിൽ ഹൈദ്രോസ്, ശിഹാബുദ്ദീൻ, ജിഫ്രി, ബാഫഖീഹ്, ജമലുല്ലൈലി, ആൽ ഹബ്ഷി, ഐദീദ്, മൗലദ്ദവീല, സഖാഫ്, തുടങ്ങിയ പല കുടുംബങ്ങളും അടങ്ങുന്നു. ഏകദേശം 30 ഓളം സയ്യിദീ ഖബീലകള്‍ (കുടുംബങ്ങള്‍) കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാമൂതിരിയുമായി അറബികൾ ഹൃദയബന്ധം പുലർത്തിയിരുന്ന കാലത്താണ് പ്രവാചക കുടുംബങ്ങൾ അധികവും ഇവിടെ വന്നത്. ഭരണകൂടം അവരെ സഹർഷം സ്വാഗതം ചെയ്തു. ഹിജ്റ 1115 ൽ കോഴിക്കോട്ട് എത്തിച്ചേർന്ന ഇവരുടെ ഏറ്റവും ആദ്യത്തെ കണ്ണി സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രോസി ആണ് എന്നാണ് കരുതപ്പെടുന്നത്. പൊന്നാനി വലിയ ജാറം മഖാമിൽ ആണ് അദ്ദേഹം അന്തിയുറങ്ങുന്നത്. ഇവർ മഖ്ദൂം കുടുംബവുമായി വൈവാഹിക ബന്ധത്തിൽ ഏർപ്പെട്ടു. അതോടുകൂടെ ഈ വംശത്തിലെ സാദാത്തുക്കളും മഖ്ദൂം വംശത്തിലെ ഉലമാക്കളും കേരളത്തിലെ മുസ്ലിം സമൂഹത്തിൻ്റെ നേതൃനിരയിലെത്തി. ഹിജ്റ 1168 ൽ ശൈഖ് ഹസ്സൻ ജിഫ്രിയിലൂടെയാണ് ജിഫ്രി കുടുംബം കോഴിക്കോട് എത്തിച്ചേരുന്നത്. (ഹുസൈൻ രണ്ടത്താണി / മഖ്ദൂമും പൊന്നാനിയും).
മഹാനായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), അഹ്മദ് കബീര്‍ രിഫാഈ(റ), അബുല്‍ ഹസനുശ്ശാദുലി(റ), ബഹാവുദ്ധീന്‍ നഖ്ശബന്തി(റ), ഇമാം സുഹ്‌റവര്‍ദി(റ) തുടങ്ങിയവരുടെ സരണികളായ ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ, നഖ്ശബന്തിയ്യ, സുഹ്‌റവര്‍ദിയ്യ തുടങ്ങിയ സരണികള്‍ കേരളത്തിൽ പണ്ടേ ആഴത്തിൽ വേര് പിടിച്ചവയാണ്. ഇവയെല്ലാം കേരളത്തിൽ വന്നതും വളർന്നതും സൂഫികളുടെയും സാദാത്തുക്കളുടെയും കൈകളിലൂടെയാണ്. 13-ാം നൂറ്റാണ്ടില്‍ മുള്‍ട്ടാനില്‍ നിന്ന് വന്ന ശൈഖ് ഫരീദുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖുറാസാനി ഖാദിരിയാണ് ആധ്യാത്മിക വഴികളുമായി ആദ്യം കേരളത്തിലെത്തിയത്. മലബാറിലുടനീളം സഞ്ചരിക്കുകയും പൊന്നാനിയിലടക്കം നിരവധി പള്ളികളുണ്ടാക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത മഹാനാണ് ഈ സൂഫീ ശൈഖ്. അദ്ദേഹത്തിൽ നിന്ന് മഖ്ദൂമുമാര്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സൂഫി മാർഗ്ഗമാണ് ഖാദിരി ത്വരീഖത്ത്. കോഴിക്കോട്ടെ ജിഫ്‌രി തങ്ങന്‍മാരും പൊന്നാനിയിലെ ഹൈദ്രോസി സയ്യിദുമാരും ആണ് ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശാഖയായ ബാ അലവി ത്വരീഖത്തിന് ഇവിടെ പ്രചാരം നല്‍കിയത്. ശൈഖ് ജിഫ്രി ഹളര്‍ മൗത്തില്‍ നിന്നും മലബാറിലെത്തിയ സൂഫീ വര്യനാണ്. അദ്ദേഹം മുഹമ്മദ്ബ്‌നു ഹാമിദില്‍ നിന്നാണ് ഖാദിരി പട്ടം സ്വീകരിക്കുന്നത്. 1746 ലാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. സാമൂതിരി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. കുറഞ്ഞ കാലം കൊണ്ട് ധാരാളം പേര്‍ ശൈഖ് ജിഫ്രിയുടെ ശിഷ്യന്‍മാരായിത്തീര്‍ന്നു. ടിപ്പു സുല്‍ത്താനുമായി അദ്ദേഹം ഉഷ്മള ബന്ധം സ്ഥാപിച്ചിരുന്നു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ നിത്യസ്മാരകമാണ് കോഴിക്കോട് മാനാഞ്ചിറ എന്ന് ചരിത്രം. 1908 ലാണ് അദ്ദേഹം വിയോഗം പ്രാപിക്കുന്നത്. ഏറനാടും വള്ളുവനാടും അടങ്ങുന്ന മലബാറിന്റെ നവോത്ഥാനത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ ശൈഖ് ഹസന്‍ ജിഫ്രി മലബാറിന്റെ സൂഫീ പാരമ്പര്യത്തില്‍ വലിയ ഇടം നേടുകയും കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മരുമകനായ സയ്യിദ് അലവി തങ്ങളും മകന്‍ ഫസല്‍ തങ്ങളും സാമൂഹിക സേവനങ്ങള്‍ക്കും അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ജിഫ്രി തങ്ങളുടെ സൂഫീ ആത്മീയ പാരമ്പര്യത്തിന്റെ ശക്തി സ്രോതസ്സില്‍ നിന്നുകൊണ്ടാണ്.
ഖാദിരിയ്യ ത്വരീഖത്തിന്റെ ശാഖയാണ് ബാ അലവി ത്വരീഖത്ത്. ശൈഖ് അഹ്മദ്ബ്‌നു ഈസയാണ് അതിൻ്റെ സ്ഥാപകൻ. യമനിലെ ഹളറമൗത്തില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ സയ്യിദ് വംശമാണ് ബാ അലവി സയ്യിദ് വംശം. കേരളത്തിലെ മത-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ ഇവര്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട് ഈ വംശത്തിലെ തങ്ങൻമാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാപനത്തിന് നായകത്വം വഹിച്ച വരക്കൽ മുല്ലക്കോയ തങ്ങൾ, 19-ാം നൂറ്റാണ്ടില്‍ തന്നെ തിരൂരങ്ങാടിയിലെ മമ്പുറത്ത് താമസമാക്കിയ സയ്യിദ് അലവി തങ്ങൾ, മകൻ ഫസല്‍ തങ്ങള്‍ തുടങ്ങിയവരെല്ലാം ഈ വംശത്തിലെ പ്രധാനികളാണ്. ഈ വംശത്തിന്റെ ആത്മീയ ഔന്നത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് അവരുടെ സഹചാരികളും അനുയായികളും ആയിരുന്ന കേരളത്തിലെ പ്രധാനപ്പെട്ട സൂഫികൾ. വെളിയങ്കോട് ഉമര്‍ ഖാളിയും, പരപ്പനങ്ങാടിയിലെ അവുകോയ മുസ്‌ലിയാരും മമ്പുറം തങ്ങളുടെ ഇഷ്ട ശിഷ്യന്‍മാരായിരുന്നു. 18ാം നൂറ്റാണ്ടില്‍ യമനില്‍ നിന്നുവന്ന് കണ്ണൂരില്‍ താമസമാക്കിയ സയ്യിദ് അലി ശിഹാബ് തങ്ങളിലൂടെയാണ് പാണക്കാട് ശിഹാബ് കുടുംബം കേരളത്തിലെത്തുന്നത്. കേരള മുസ്‌ലിംകളുടെ സ്‌നേഹാദരവുകള്‍ നേടിയ സൂഫീ സയ്യിദീ കുടുംബമാണ് പാണക്കാട്ടെ ശിഹാബുദ്ദീന്‍ കുടുംബം. ഇവരും ബാ അലവി ത്വരീഖത്തിന്റെ കണ്ണിയില്‍ പെട്ടവരാണ്. സയ്യിദ് ഹുസൈന്‍ ശിഹാബുദ്ധീന്‍ തങ്ങള്‍ മലപ്പുറം ജില്ലയിലെ പാണക്കാട്ടേക്ക് താമസം മാറിയതോടെയാണ് പാണക്കാട് ശിഹാബുദ്ദീന്‍ കുടുംബത്തിന്റെ കേന്ദ്രമാവുന്നത്.
യമനില്‍ നിന്നുമാണ് മഖദൂം കുടുംബത്തിലെ പൂര്‍വികര്‍ കായല്‍ പട്ടണത്തിലേക്ക് എത്തിച്ചേര്‍ന്നത്. അവരുടെ കുടുംബ പരമ്പര ഹസ്രത്ത് അബൂബക്കര്‍ (റ) വിന്റെ പരമ്പരയിലേക്ക് എത്തിച്ചേരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാവായ ശൈഖ് അഹ്മദ് മഅ്ബരിയാണ് ആദ്യമായി കേരളത്തിലെത്തിയ മഖ്ദൂം. കൊച്ചിയിലായിരുന്നു അദ്ദഹം എത്തിയത്. പൊന്നാനിയായിരുന്നു സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ പ്രവര്‍ത്തന മണ്ഡലം. 1518 ല്‍ അദ്ദേഹം അവിടെ പള്ളി നിര്‍മിക്കുകയും (മഖ്ദൂം പള്ളി. പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്) ചെയ്തു. ആ പള്ളി വിജ്ഞാനസമ്പാദനത്തിന്റെ കേന്ദ്രമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം മുസ്‌ലിം സമൂഹത്തെ സാമൂഹിക രാഷ്ട്രീയ ഉണര്‍വുകള്‍ക്ക് വഴിയൊരുക്കി. മഖ്ദൂം ഒന്നാമന്‍ മുസ്‌ലിംകളെ അധിനിവേശ ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം തഹ്‌രീളു അഹ്‌ലുല്‍ ഈമാന്‍ അലല്‍ ജിഹാദ് എന്ന യുദ്ധകാവ്യം രചിക്കുകയുണ്ടായി. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ഹിദായത്തുല്‍ അദ്കിയാഅ്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ മഖ്ദൂം പരമ്പരയിലെ മറ്റൊരു പ്രധാന വ്യക്തിയാണ് വിജ്ഞാന മേഖലയില്‍ ലോകത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയത്. പുതിയകത്ത് സയ്യിദ് മുത്തുകോയ തങ്ങളാണ് മഖ്ദൂം കുടുംബത്തിലെ 14-ാമത്തെ ശ്രേണിയായി ഇന്നുള്ളത്. കേരളത്തിലെ മത സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന മറ്റൊരു സൂഫി-സയ്യിദ് കുടുംബമാണ് ബാഫഖികള്‍. ഏകദേശം 1770-ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും പ്രബോധനാര്‍ത്ഥം കുടിയേറിയവരാണ് ബാഫഖികള്‍. ശൈഖ് മുഹമ്മദ് ഷാഹിര്‍ ബാഫഖിയില്‍ നിന്നാണ് ഈ കുടുംബത്തിന്റെ ഉല്‍ഭവം. ശൈഖ് മുഹമ്മദ്ബ്‌നു അഹമ്മദ് ആണ് ആദ്യത്തെ ബാഫഖി. കോഴിക്കോട്, വടകര മേഖലകളിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത ഹാശിം ബാഫഖി തങ്ങള്‍ മലബാറിലെ പ്രമുഖ വ്യവസായായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍. മത സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയവരാണ് ബാഫഖി പരമ്പരയിലെ പ്രധാനികള്‍.
കുടുംബങ്ങൾ ഏറ്റെടുക്കുന്നു
ഇസ്ലാമിക സംസ്കാരത്തിൽ സൂഫികൾ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. പക്ഷേ, അവിടങ്ങളിലൊന്നും സൂഫിസം ഒരു സാമുദായിക അസ്തിത്വമായി തീർന്നുവോ എന്നത് ശങ്കയുള്ള കാര്യമാണ്. പലയിടങ്ങളിലും അത് ഉണ്ടായിട്ടില്ല. അത് തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ പോലും ആത്മീയത ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് യമൻ. ഇസ്ലാമിലൂടെ ആത്മീയമായി വളർന്ന യമനിൽ ഉന്നതരായ സൂഫികൾ ധാരാളം വരികയും തമ്പടിക്കുകയും വളരുകയും എല്ലാം ചെയ്തിട്ടുണ്ട്. അപ്രകാരം തന്നെ യമനിലേക്കടക്കം സൂഫികൾ വന്നത് ബാഗ്ദാദിൽ നിന്നാണ്. അവിടെയും ധാരാളം ഔലിയാക്കൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ സംസ്കാരം ഒരു വേറിട്ട അസ്തിത്വമായി അവിടെയൊന്നും സ്ഥാപിതമായി വന്നില്ല. അതിൻ്റെ ഒരു കാരണം ഈ പുണ്യ പുരുഷൻമാർ ഈ നാടുകളിൽ ജീവിക്കുകയും ഏതാനും ശിഷ്യരെ വളർത്തിയെടുക്കുകയും തങ്ങളുടെ പർണശാലകൾ സ്ഥാപിക്കുകയും ചെയ്തു എങ്കിലും അവിടങ്ങളിലുള്ള അടിസ്ഥാന കുടുംബങ്ങൾ അത് ഏറ്റെടുക്കുകയും അവരിലൂടെ സമുദായത്തിന്റെ പൊതു നിറവും ഗുണവുമായി സൂഫിസം മാറുകയും ചെയ്തില്ല എന്നതാണ്. പലയിടത്തും തസവ്വുഫിനെക്കാൾ മേൽ കൈ ലഭിച്ചത് രാഷ്ട്രീയത്തിനായിരുന്നു. ഇവ രണ്ടും രണ്ട് അറ്റങ്ങളാണ്. സൂഫിസം ഇഛകളുടെ പരിത്യാഗമാണ്. അതേസമയം രാഷ്ട്രീയം ഇച്ഛകളുടെ ഭ്രാന്തുമാണ്. പിൽക്കാലത്ത് വെറും രാഷ്ട്രീയത്തിലും കുടുംബ പാരമ്പര്യത്തിലും അധിഷ്ഠിതമായി വളർന്ന് വരികയായിരുന്നു ഈ നാടുകളൊക്കെയും. അതുകൊണ്ടാണ് അവിടെയെല്ലാം സൂഫിസത്തിന്റെ സ്വാധീനം വേണ്ടത്ര വലിയ ഒരു സാമുദായിക അസ്തിത്വമായി മാറാതിരുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല ഉണ്ടായത്. ഇസ്ലാം കൊണ്ടുവന്നതും ഇസ്ലാമിലൂടെ വന്നുചേർന്നവരും എല്ലാം സൂഫികൾ ആയിരുന്നു. അവരെ ഇവിടെയുള്ള പ്രധാന കുടുംബങ്ങൾ ഏറ്റെടുത്തതോടുകൂടെ നാട്ടിലെ പൊതു മുസ്ലിം സമൂഹത്തിൻ്റെ ജീവിതരീതിയായി തന്നെ സൂഫിസം മാറുകയായിരുന്നു.
അത്തരത്തിലെ ഏതാനും കുടുംബങ്ങളെ ഓർക്കാതെ ഈ പഠനം പൂർത്തിയാകില്ല. അവയിൽ ഒന്ന് മഖ്ദൂം കുടുംബമാണ്. ചരിത്ര തീരമായ തമിഴ്നാട്ടിലെ കായൽ പട്ടണത്തുനിന്നും പഴയ കാലത്ത് ‘മഅ്ബര്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന കോറാമാണ്ഡൽ തീരത്തുനിന്നും തേങ്ങാപട്ടണം വഴിയുമാണ് പ്രധാനമായും തെക്കന്‍ കേരളത്തിലേക്ക് സൂഫി സഞ്ചാരങ്ങള്‍ നടന്നിട്ടുളളത്. കേരളീയ പ്രബോധന മണ്ഡലത്തെ സജീവമാക്കിയത് കേരളത്തിലേക്കെത്തിയ ഈ സൂഫികളുടെ സാന്നിധ്യമാണ്. ആത്മീയമായി ഉന്നത ശീര്‍ഷകത്തിൽ വിരാചിച്ച സൂഫിയാക്കള്‍ ഒരു മൂലയിൽ ഒതുങ്ങിക്കൂടുകയായിരുന്നില്ല ചെയ്തത്. കാലത്തിന്‍റെ ആവശ്യത്തിനൊത്ത് അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവരെ ആത്മീയമായ അറിവുകൾ പഠിപ്പിക്കേണ്ട സമയമായിരുന്നപ്പോൾ അവർ അതിനുവേണ്ടി ഗ്രന്ഥങ്ങൾ തയ്യാറാക്കിക്കൊണ്ട് അവർക്ക് പഠിക്കാൻ വഴിയൊരുക്കി. അവർ വൈദേശിക ആധിപത്യത്തിന്റെ മുമ്പിൽ എത്തിപ്പെട്ടപ്പോൾ അവിടെ അവർക്ക് രാഷ്ട്രീയ ബോധവും പ്രതിരോധ ചിന്തയും പകരാൻ വേണ്ടത് അപ്പോഴും ചെയ്തു കൊടുത്തു. അങ്ങനെ അവർ സമുദായത്തിൽ കലർന്നു അതുകൊണ്ട് സമുദായം അവരെ സ്വീകരിക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ സൂഫിസം ഇത്രമേൽ വലിയ ഒരു വടവൃക്ഷമായി വളരാൻ കാരണമായത്.
അവരിൽ പ്രധാനികളാണ് പിന്നീട് മഖ്ദൂമുകളായി അറിയപ്പെട്ടത്. കേരള മുസ്ലീംകളുടെ വൈജ്ഞാനികവും സാംസ്കാരികവുമായ മണ്ഡലങ്ങളിൽ പൊന്നാനി മഖ്ദൂമുമാര്‍ വഹിച്ച സംഭാവനകള്‍ അവിസ്മരണീയമാണ്. ദീര്‍ഘകാലം പൊന്നാനി കേന്ദ്രീകരിച്ച് കൊണ്ടുളള പളളി ദര്‍സ് സമ്പ്രദായങ്ങളിലൂടെ കേരളത്തിന്‍റെ പ്രതിഛായ തന്നെ മഖ്ദൂമുമാര്‍ മാറ്റി വരക്കുകയുണ്ടായി. പൊന്നാനി കേന്ദ്രമാക്കി വൈജ്ഞാനിക വിപ്ലവത്തിനു തന്നെ അവര്‍ തിരികൊളുത്തി. വിശ്വാസവും യുക്തിയും യമനികളുടേതാണെന്ന നബിവാക്യത്തെ അന്വര്‍ത്ഥമക്കിയ അവര്‍ യമനിൽ നിന്നാണ് കേരളത്തിലെത്തിയത്. വിജ്ഞാന സമ്പാദനത്തിൽ അതീവ തൽ പരരായിരുന്ന മഖ്ദൂമുമാര്‍ അറബിക്കടലും താണ്ടി അറേബ്യന്‍ രാജ്യങ്ങളിൽ പോയി സകരിയ്യൽ അന്‍സാരി(റ), ഇബ്നു ഹജറുൽ ഹൈതമി(റ) തുടുങ്ങിയ ശ്രേഷ്ഠ ഗുരുക്കളുടെ ശിക്ഷ്യത്വം നേടി. അങ്ങനെ ആധികാരികമാക്കിയ അറിവുകളും സൂഫിസം കലർന്ന ജീവിതരീതിയും അവർ മുസ്ലിം കേരളത്തെ പഠിപ്പിച്ചു. അവരിലെ ഏറ്റവും പ്രധാനി സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ (ഒന്നാമന്‍) ആണ്. 1467 മാര്‍ച്ച് 18 (871 ശഅ്ബാന്‍ 12 )ന് കൊച്ചിയിലെ കൊച്ചങ്ങാടിക്കടുത്ത മഖ്ദൂമിയ്യ കുടുംബത്തിലാണ് മഖ്ദൂം ഒന്നാമന്‍ പിറവികൊണ്ടത്. തന്‍റെ പിതാമഹനായ ശൈഖ് അഹ്മദ് മഅ്ബരിയാണ് കായൽ പട്ടണത്തു നിന്നും കൊച്ചിയിലേക്ക് താമസം മാറ്റിയത്. ശൈഖ് അഹ്മദ് മഅ്ബരിയുടെ പുത്രന്‍ സൈനുദ്ദീന്‍ ഇബ്രാഹീം കൊച്ചിയിലായിരിക്കുമ്പോഴാണ് മലബാറിൽ നിന്നുളള ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊന്നാനിയിലെത്തുന്നത്. പൊന്നാനിയിലെത്തിയ മഹാന്‍ തൊട്ടിങ്ങൽ പളളി കേന്ദ്രമാക്കികൊണ്ട് തന്‍റെ വിപ്ലവാത്മക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സ്വന്തം പിതാവിന് പുറമേ അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ബിന്‍ റമളാന്‍ അശ്ശാലിയാത്തി, മക്കയിലെ അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ബിന്‍ ഉസ്മാന്‍ ബിന്‍ അബ്ദുൽ ഹില്ലി(റ), ഇമാം ജലാലൂദ്ദീന്‍ അസ്സുയൂഥി, അബൂബക്കര്‍ അൽഹള്റമി, ഇമാം സയ്യിദ് മുഹമ്മദ് അസ്സഹൂദി , ഇമാം അബൂബക്കര്‍ അൽഹൈദറൂസി , ഇമാം ഹാഫിള് മുഹമ്മദ് അസ്സഖാഫി എന്നിവര്‍ മഖ്ദൂമിന്‍റെ ഗുരുശ്രേഷ്ഠരി ചിലരാണ്. വിശ്വ പ്രസിദ്ധ പണ്ഡിതന്‍ സകരിയ്യുൽ അന്‍സാരി (റ)യുടെ ശിക്ഷ്യത്വം സ്വീകരിക്കാനും മഖ്ദൂമിന് ഭാഗ്യം ലഭിച്ചു. ശൈഖ് ഖുതുബുദ്ദീനിൽ നിന്നാണദ്ദേഹം തസ്വവ്വുഫിൽ അവഗാഹം നേടിയത്. ഖാദിരി ചിശ്തി തുടങ്ങിയ പ്രമുഖ ത്വരീഖത്തുകളുടെ സ്ഥാനവസ്ത്രമായ ഖിര്‍ഖ സ്വന്തമാക്കിയ മഖ്ദൂം തന്‍റെ ജീവിതം സദാ ഇലാഹീ സ്മരണയിലാണ് കഴിച്ചുകൂട്ടിയത്. മുര്‍ശിദുത്തുല്ലാബ്, സിറാജുൽ ഖുലൂബ്, മന്‍ഖൂസ് മൗലിദ്, അദ്കിയാഅ്, അൽഫിയയുടെ വ്യാഖ്യാനം, ഇര്‍ഷാദ് തുടങ്ങിയ വിവരണങ്ങളടങ്ങിയ അനവധി ഗ്രന്ഥങ്ങള്‍ കേരളക്കരക്ക് സമ്മാനിച്ചിട്ടാണ് മഖ്ദൂം ഒന്നാമന്‍ കേരളക്കരയെ വെടിഞ്ഞത്. മഖ്ദൂമുകളുടെ സാന്നിധ്യത്തെ അതിലും മനോഹരമായി അടയാളപ്പെടുത്തിയ മഹാനായ പണ്ഡിതനും സൂഫിയുമാണ് സൈനുദ്ധീന്‍ മഖ്ദൂം സഗീര്‍(രണ്ടാമന്‍). ഹിജ്റ 938(1524) ലാണ് സൈനുദ്ദീന്‍ മഖ്ദൂം ജനിക്കുന്നത്. തന്‍റെ പ്രാഥമിക പഠനം പിതൃസഹോദരനിൽ നിന്ന് കരഗതമാക്കിയ അദ്ധേഹം അവിടെ നിന്ന് തന്നെയാണ് ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കിയത്. ഇമാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജര്‍ അൽ ഹൈതമി, ഇസ്സുദ്ദീന്‍ ബിന്‍ അബ്ദുൽ ഹമീദ് അസ്സുമരി, അല്ലാമ വജീഹുദ്ധീന്‍ അബ്ദുറഹ്മാന്‍ തുടങ്ങി ഒരുഗുരുനിര തന്നെ മഖ്ദൂമിനുണ്ട്. സയ്യിദ് അബൂബക്കര്‍ ബിന്‍ സാലിം അൽ ഹദ്റമി, അഹ്മദ് സയ്യിദ് മുല്ല അലിയ്യു ബാരി, അല്ലാമാ അബ്ദു അസീസ് എന്നിവരെല്ലാം മഖ്ദൂമിന്‍റെ സുഹൃത്തുക്കളും സഹപാഠികളുമാണ്. ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖായി മാറിയ മഖ്ദൂം രണ്ടാമന്‍ ശൈഖ് അബു ഹസന്‍ അസ്സിദ്ദീഖ് അൽബകരിയി നിന്നാണ് തസ്വവ്വുഫ് നുകര്‍ന്നത്. കേരളത്തിൻ്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങളിൽ ഒന്നായ തുഹ്ഫത്തുൽ മുജാഹിദീന്‍, അന്താരാഷ്‌ട്ര സര്‍വകലാശാലകളിൽ പോലും ശാഫിഈ കർമ്മശാസ്ത്രത്തിലെ പഠനവിഷയമായിട്ടുളള ഖുറത്തുൽ ഐനും അതിന്‍റെ ശറഹ് ഫത്ഹുൽ മുഈനും, ഇര്‍ഷാദുൽ ഇബാദ്, ശറഹുസ്സുദൂര്‍ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം മഹാനവർകളുടെ സംഭാവനകൾ ആണ്. ആത്മീയത കലർന്ന അറിവ് കേരളീയ മുസ്ലിം ഉമ്മത്തിന് നൽകുകയും അതവരെ പരിശീലിപ്പിക്കുകയും ചെയ്തു എന്നതാണ് മഖ്ദൂമുമാരുടെ ഏറ്റവും പ്രധാനപ്പെട്ട സേവനം.
മലബാറിലെ ഇസ്ലാമിക സാമൂഹ്യ ജീവിതത്തിൽ കുടുംബ പ്രാധാന്യം കൈവരുന്നത് ഒരുപക്ഷേ മഖ്ദൂമുകളുടെ കാലത്തായിരിക്കാം. മഖ്ദൂമുകൾ വിവിധ മുസ്ലിം കേന്ദ്രങ്ങളിൽ പള്ളികൾ സ്ഥാപിക്കപ്പെടുമ്പോൾ അവിടേക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഖാസിമാരെ നിയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നിയോഗിക്കപ്പെടുന്നവർ അവിടങ്ങളിൽ ചെന്ന് താമസിക്കുകയും അവരെ ചുറ്റിപ്പറ്റി ഒരു കുടുംബം ഉണ്ടായിത്തീരുകയും ചെയ്യുമായിരുന്നു. പിന്നീട് ഉണ്ടായ ഉലമാക്കളുടെയും സൂഫികളുടെയും കുടുംബങ്ങളെല്ലാം അല്ലെങ്കിൽ അവയിൽ പ്രധാനപ്പെട്ടതെല്ലാം ഇങ്ങനെ ഉണ്ടായതാണ്. അവരിൽ പല ഖാസിമാർക്കും മഖ്ദൂം കുടുംബവുമായി വിവാഹബന്ധം ഉണ്ടായിരുന്നു. അതിനാൽ അവർ ചെന്നെത്തിയ സ്ഥലങ്ങളിൽ ഒക്കെ മഖ്ദൂമുകൾക്ക് തുല്യരായി അവർ ഗണിക്കപ്പെട്ടു. അത് അവരുടെ അതിവേഗത്തിലുള്ള വളർച്ചയിലും പ്രസിദ്ധയിലും പ്രതിഫലിക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബമാണ് ഓടക്കല്‍ കുടുംബം..കേരള മുസ്‌ലിം ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച സൂഫീ പണ്ഡിതകുടുംബമാണ് ഓടക്കല്‍ കുടുംബം. മലപ്പുറം ജില്ലയിലെ തിരൂര്‍ പൊന്നാനി, തിരൂരങ്ങാടി, വേങ്ങര, ഊരകം, കുഴിപ്പുറം, മറ്റത്തൂര്‍, ഒതുക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരന്നുകിടക്കുന്ന ഈ കുടുംബത്തിന്റെ വേര് യമനിലാണ്. മാതൃപരമ്പരയുടെ വേര് മേൽപ്പറഞ്ഞതുപോലെ പൊന്നാനി മഖ്ദൂം കുടുംബത്തിലും. തിരൂരങ്ങാടിയില്‍ ഖാളിയായിരൂന്ന പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അലിഹസന്‍ മുസ്‌ലിയാരാണ് ഓടക്കല്‍ കുടുംബത്തിന്റെ പിതാവ്. താനൂരിലെ ഖാളിയും മുദരിസുമായിരുന്ന ഓടക്കല്‍ ശൈഖ് അഹമ്മദ് മുസ്‌ലിയാര്‍, കൂട്ടായി ഖാദിയായിരുന്ന ഓടക്കല്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, വാഗ്മിയായിരുന്ന ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പണ്ഡിതനും ഊരകം ഖാളിയുമായിരുന്ന അലിഹസന്‍ മൂന്നാമന്‍, കുഴിപ്പുറം ഖാളി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, തുടങ്ങിയവര്‍ കേരള മുസ്‌ലിംകള്‍ക്ക് മതപരമായ നേതൃത്വം നല്‍കിയ ഓടക്കല്‍ തറവാട്ടിലെ പ്രധാനികളാണ്. മലബാറിലെ പ്രധാന മുസ്ലിം കുടുംബങ്ങൾ ആയിരുന്ന മുസ്ലിയാരകത്ത്, ഓടക്കൽ, പൊറ്റയിൽ തുടങ്ങിയ കുടുംബങ്ങളെല്ലാം ഇതേ വഴിയിൽ ഉണ്ടായ കുടുംബങ്ങളാണ് ഇങ്ങനെ മുസ്ലിം സമുദായത്തിന്റെ വളർച്ചക്കും വ്യാപനത്തിനും ഒപ്പം കുടുംബങ്ങൾ ഉണ്ടായി തീർന്നു. അവയെല്ലാം മഖ്ദൂമാരുമായി ബന്ധമുള്ളവയായിരുന്നു. ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ് സൂഫിസം ഇത്ര കരുത്തോടു കൂടെ ഈ നാടുകളിൽ നിലനിന്നത്.
വ്യാപനം, സ്വാധീനം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിലെ മുസ്ലിംകൾക്കിടയിൽ പണ്ടുമുതലേ തലമുറകളായി അവർ കൈമാറി വന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയവയിൽ ഒന്നിലും ഒരു ഭിന്നസ്വരവും ഉണ്ടായതായോ ഉയർന്നതായോ ഒരു തെളിവുമില്ല. മറിച്ച്, പൊതു മുസ്ലിം ജീവിതവും സൂഫി ആത്മീയതയും വേർതിരിച്ച് എടുക്കാൻ കഴിയാത്ത വിധം സമം ചേർന്ന ജീവിതമായിരുന്നു ഓരോ സാധാരണക്കാരന്റെതും. ഇതുതന്നെയാണ് സൂഫിസം കേരളത്തിൽ ഉണ്ടാക്കിയ പ്രധാന സ്വാധീനം. ശൈഖുമാർക്കും അവരുടെ പ്രധാന മുരീദുകൾക്കും പ്രത്യേകമായ ജീവിതനിഷ്ഠകൾ ഉണ്ടായിരിക്കും എന്നത് ഒഴിച്ച് നിർത്തിയാൽ സൂഫിസത്തിന്റെ താൽപര്യം, സ്വാധീനം എന്നിവ ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഉണ്ടായിരുന്നു എന്നത് അവിതർക്കിതമാണ്. പർണശാലകളിൽ ചടഞ്ഞുകൂടുകയും സദാ ഔറാദുകളിൽ മുഴുകുകയും ചെയ്യുന്നതിന് സാധാരണക്കാരുടെ മുമ്പിൽ ഉണ്ടായിരുന്ന വിഘാതം ജീവിത സന്ധാരണത്തിനു വേണ്ടി അവർ നിർബന്ധമായും ഏർപ്പെടേണ്ടിവന്നിരുന്ന അവരുടെ തൊഴിലുകൾ മാത്രമായിരുന്നു. ആത്മീയതയോടുള്ള ഇഷ്ടം, ബഹുമാനം, വിധേയത്വം എന്നിവയെല്ലാം എല്ലാവർക്കും ഉണ്ടായിരുന്നു എന്നു ചുരുക്കം. ജീവിതത്തിലെ ഏതു പ്രധാന കാര്യങ്ങളും ചടങ്ങുകളുടെയും പ്രാർത്ഥനകളോടുകൂടിയും ആരംഭിക്കുന്ന ശീലം അങ്ങനെ വന്നതാണ്. യുദ്ധങ്ങളും കലാപങ്ങളും വരെ അങ്ങനെയാണ് തുടങ്ങിയിരുന്നത്. ഈ പ്രാർത്ഥനകളുടെ മുന്നോടിയായി സൈനിക നീക്കങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന മാലകൾ, മൗലിദുകൾ എന്നിവയുടെ പാരായണം പ്രധാനമായും ഈമാനികമായ ആവേശം ഉയർന്നും ഉണർന്നും നിൽക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വിവാഹം, ആഘോഷങ്ങൾ, ആരംഭങ്ങൾ, യാത്രകൾ, കച്ചവടങ്ങൾ തുടങ്ങി ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സൂഫി നിഷ്ഠകൾ പറ്റിപ്പിടിച്ച് നിന്നിരുന്നു. ഇതെല്ലാം ആത്മീയ ഇസ്ലാമിൻ്റെ സ്വാധീനമാണ് കാണിക്കുന്നത്.
ഇത്തരത്തിൽ ആത്മീയത ജീവിതം കൊണ്ട് സ്വീകരിക്കപ്പെടാൻ പല കാരണങ്ങളും നമുക്ക് കണ്ടെത്താം. അവയിൽ ഒന്നാമത്തേത് ആത്മീയതയും വഹിച്ചു ഇവിടെ എത്തിയവരുടെ പ്രത്യേകതകൾ തന്നെയാണ്. അവരിൽ കച്ചവടത്തിന് വേണ്ടി വന്നവർ ഉണ്ടായിരുന്നു എങ്കിലും അവരിവിടെ ലയിച്ച് ചേർന്നതോടു കൂടെ നിഷ്കളങ്കമായ ആത്മീയതയുടെ പ്രതിരൂപങ്ങളായി അവർ മാറുകയായിരുന്നു. നിഷ്കളങ്കത പൊതുസമൂഹത്തിന് വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു കാര്യമാണ് മാത്രമല്ല നിഷ്കളങ്കത അവരെ പെട്ടെന്ന് സ്വാധീനിക്കുകയും ചെയ്യും. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന സൂഫികൾക്ക് ഭൗതിക താൽപര്യങ്ങളോ പിന്നാമ്പുറം കണ്ണുകളോ ഒന്നുമില്ല എന്നത് വ്യക്തമായിരുന്നു. അതിനാൽ ജനങ്ങൾ അവരിൽ ലയിച്ചു ചേർന്നു. സൂഫികൾക്ക് ഭൗതിക വിരക്തി ഉണ്ടാവുക അവരിലുള്ള ആത്മീയതയെ ശരിയായ അറിവ് പിന്തുണക്കുമ്പോഴാണ്. അതായത് ഇൽമുള്ള സൂഫികൾക്കാണ് ശരിയായ ആത്മീയതയിൽ എത്തിച്ചേരുവാനും പിടിച്ചുനിൽക്കുവാനും കഴിയുക. അത്തരത്തിലുള്ള അറിവിലൂടെ ആത്മീയത പുൽകുമ്പോൾ അവരുടെ ജീവിതം തികഞ്ഞ അച്ചടക്കമുള്ള മാതൃക ജീവിതമായി തീരുന്നു. അറിവ് ഇല്ലാത്ത ആത്മീയത അതീവ അപകടകാരിയാണ് എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ എത്തിയ ഈ ആത്മീയ നായകന്മാർ തങ്ങളുടെ മുരീദുമാരെ മാതൃകായോഗ്യരായി വാർത്തും വളർത്തിയും എടുക്കുക മാത്രമല്ല ചെയ്തത്. മറിച്ച് കേരളത്തിൻ്റെ മതകീയമായ അറിവുകളിൽ സൂഫിസം സമജ്ജസമായി ചേർക്കുകയും ചെയ്തു. ആ അറിവുകൾ ഗ്രന്ഥങ്ങൾ ആയി ഇപ്പോഴും നിലനിൽക്കുന്നു. ആയിരക്കണക്കിന് ആത്മീയതാ ദാഹികൾ ഈ ഗ്രന്ഥങ്ങളെ പഠിച്ചും പഠിപ്പിച്ചും നിലനിർത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിലെ നാളിതുവരെ വന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ശ്രേണിയിൽ നിൽക്കുകയും വളരുകയും ചെയ്ത മത വിദ്യാഭ്യാസ പദ്ധതികളിൽ എല്ലാം ഇങ്ങനെ ആത്മീയത ഉൾച്ചേരുകയും ചെയ്തു.
സൂഫി രചനകളെ രണ്ടായി തരംതിരിച്ചു കാണാം. ഒന്ന് നേരിട്ട് ആത്മീയത അനുഭവിക്കുവാൻ ചിട്ടപ്പെടുത്തിയ രചനകൾ. മുഹിയുദ്ദീൻ മാല, രിഫാഈ മാല, നഫീസത്ത് മാല, മമ്പുറം മാല തുടങ്ങിയ മാല പാട്ടുകൾ, നൂൽ പാട്ടുകൾ, വിരുത്തങ്ങൾ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ പെട്ടതാണ്. ഇവയെല്ലാം സൂഫി ശ്രേഷ്ഠർ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യപ്പെടാൻ വേണ്ടി അവരുടെ അപതാനങ്ങളെ വലം വെക്കുന്ന കൃതികളാണ്. ഇത്തരത്തിൽ ഒരുപാട് രചനകൾ പ്രാചീന കേരളത്തിൽ മുതൽ തന്നെ കാണാൻ കഴിയും. ഇത്തരത്തിലുള്ള മറ്റൊന്നാണ് അബ്ദുൽ ഖാദർ ഇച്ച മസ്താന്റെ വിരുത്തങ്ങൾ. വടക്കൻ കേരളത്തിലെ സൂഫിയും കവിയുമായിരുന്ന അദ്ദേഹം തന്റെ ജീവിതകാലത്ത് അപ്രസക്തവും അനാകർഷണീയവുമായ സ്ഥലങ്ങളിൽ കുറിച്ചുവെച്ച മഹാതത്വങ്ങളാണ് ഇവ. കേരളത്തിലെ ഉമർ ഖയ്യാം എന്ന പേരിൽ ഈ വരികളിലൂടെ അദ്ദേഹം പിന്നീട് അറിയപ്പെട്ടു. അദ്ദേഹം അടിസ്ഥാനപരമായി പിച്ചള കച്ചവടക്കാരൻ ആയിരുന്നു. ഈ കച്ചവടത്തിനിടയിൽ അദ്ദേഹത്തിന് കിട്ടിയ ചില ചെമ്പോല തകിടുകൾ ആണ് അദ്ദേഹത്തിൻ്റെ ജീവിതത്തെ സൂഫി മാർഗത്തിലേക്ക് തിരിച്ചുവിട്ടത്. പിന്നീടാണ് ലോകം അതിൽ എഴുതപ്പെട്ടത് അല്ലഫൽഅലിഫ് എന്ന പ്രവാചക പ്രകീർത്തനം കാവ്യമാണ് എന്നത് മനസ്സിലാക്കിയത്. ശൈഖ് ഉമർ അൽ ഖാഹിരി(റ) ആണ് അതിൻറെ രചയിതാവ്. ഇത്തരം സൂഫി രചനകൾ മുസ്ലിംകളെയും അവരുടെ ആത്മീയ വ്യാവഹാരിക ലോകത്തെയും മാത്രമല്ല മലയാളസാഹിത്യത്തിലെ മറ്റു പല കൃതികളെയും വരെ സ്വാധീനിക്കയുണ്ടായി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ രചനകളിൽ സൂഫിസം കടന്നുവന്നത് അതിൻ്റെ ഉദാഹരണമാണ്. ജി ശങ്കരക്കുറുപ്പിന്റെ മുത്തുച്ചിപ്പി, ഓടക്കുഴൽ തുടങ്ങിയ കൃതികളിൽ സൂഫിസത്തിന്റെ പരിസരമായ പേർഷ്യൻ സാംസ്കാരിക സ്വാധീനം വ്യക്തമാണ്. പി കുഞ്ഞിരാമൻ നായരുടെ കൃതികളിൽ റൂമി മുതൽ ഉത്തരേന്ത്യൻ ദർവീശുകൾ വരെയുള്ളവരുടെ ആശയങ്ങൾ മാത്രമല്ല ഭാഷാശൈലിയും വരെ കാണാൻ കഴിയും. വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തെ സൂഫി നായർ എന്ന് വിളിച്ചിരുന്നതിൻ്റെ പിന്നിൽ ഈ സ്വാധീനമാണ്. ഇവയിൽ ആദ്യം പറഞ്ഞ മാലകളും മൗലിദുകളും പാട്ടുകളും വിരുദ്ധങ്ങളും മുസ്ലിം സമുദായത്തിലെ ഓരോ സ്ത്രീക്കും വരെ അറിയാമായിരുന്നു. പലർക്കും അവയെല്ലാം മനപാഠമായിരുന്നു. മാത്രമല്ല അവരുടെ ജീവിതത്തിലെ പ്രധാന രംഗങ്ങളിൽ അവർ അവയെ അനുഭവിക്കുക മാത്രമല്ല അനുഷ്ഠിക്കുക കൂടി ചെയ്തിരുന്നു. ഗർഭിണികളുടെ പ്രസവ സമയത്ത് നഫീസത്ത് മാല പാടുന്നതും പൊതു ദുരിതങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യേക മൗലിദുകളും റാത്തീബുകളും കഴിക്കുന്നതും എല്ലാം അതിനുദാഹരണമാണ്. പൗരാണികമായ മതപഠനശാലകൾ ആയിരുന്ന ഓത്തു പള്ളികളിൽ ഇവ അക്കാദമികമായി പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
രണ്ടാമത്തേത് അക്കാദമിക വിപഹാരങ്ങളിൽ പഠിക്കുവാനും പഠിപ്പിക്കപ്പെടുവാനും വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. അവയിൽ ആത്മീയ ബന്ധിയായ രചനകളിൽ ഏറ്റവും പ്രാധാന്യം മഖ്ദൂമുമാരുടെ രചനകൾക്ക് തന്നെയാണ്. അവയിൽ നേരെ ചൊവ്വേ ആത്മീയത മാത്രം പറയുന്ന അദ്കിയ, ഇർഷാദ്, മുർഷിദ്, തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുണ്ട്. ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളുടെ കാവ്യ സമാഹാരമാണ് 188 വരികളുള്ള ഹിദായത്തുല്‍ അദ്കിയാഅ് ഇലാ ത്വരീഖില്‍ ഔലിയാ' എന്ന അദ്കിയാ ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനയാണ്. മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, സിറാജുല്‍ മുനീര്‍, അല്‍ മസ്അദു ഫീ ദീക്‌റില്‍ മൗത്ത് , ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്ബാഅ്, ഇര്‍ഷാദുല്‍ ഖാസിദീന്‍, ശുഅബുല്‍ ഈമാന്‍, ഖിതാബുല്‍ സ്വഫാ തുടങ്ങിയ രചനകളും അദ്ദേഹത്തിൻ്റേതു തന്നെയാണ്. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പുത്രനായ അബ്ദുല്‍ അസീസ് മഖ്ദൂം(1508-1586) ബഹുമുഖ പ്രതിഭയായിരുന്നു. പിതാവിന്റെ പല ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനമെഴുതിയിട്ടുണ്ട് ഇദ്ദേഹം. മസ്‌ലികുല്‍ അന്‍ഫിയാഅ്, ഇര്‍ഷാദുല്‍ അലിയ്യാഅ്, ഖസീദത്തുല്‍ അഖ്‌സാം, ബാബു മഅ്‌രിഫത്തുല്‍ ഖുബ്‌റാ, ബാബു മഅ്‌രിഫത്തു സ്വുഗ്റാ, മുരിഖാത്തുല്‍ ഖുലൂബ് തുടങ്ങിയവ അദ്ദേഹത്തിൻ്റെ ആത്മീയ രചനകളിൽ പെട്ടവയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ലോക പ്രശസ്തനായ കേരളീയ അറബി ഗ്രന്ഥകാരന്‍. മുഖ്തസ്വറു ശര്‍ഹി സ്സുദൂര്‍, ഇര്‍ഷാദുല്‍ ഇബാദ് തുടങ്ങിയവ അദ്ദേഹത്തിൻ്റെ ആത്മീയ വിഷയങ്ങളിലുള്ള രചനകളാണ്. മലയാളത്തിലെ സൂഫി അക്കാദമികതക്ക് ഊർജ്ജം പകർന്ന മറ്റൊരു രചയിതാവായിരുന്നു ഹി. 1222 ല്‍ നിര്യാതനായ സയ്യിദ് ജിഫ്‌രി. സയ്യിദ് ജിഫ്‌രിയുടെ രചനകളായ ഖന്‍സുല്‍ ബറാഹീൻ, അല്‍ കവാകിബുദ്ദുര്‍രിയ്യ, അല്‍ ഇര്‍ഷാദാത്തുല്‍ ജിഫ്‌രിയ്യ എന്നിവ ഈ വിഷയത്തിലെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. 19ാം നൂറ്റാണ്ടിലെ പ്രസിദ്ധ അറബി സാഹിത്യകാരനാണ് ഉമര്‍ ഖാളി(റ) (ഹി: 1177-1273). ആത്മീയ ഉപദേശങ്ങളുടെ സമാഹാരമായ നഫാഇസുദുറര്‍, കീര്‍ത്തന കാവ്യങ്ങളായ സ്വല്ലല്‍ ഇലാഹ് അല്‍ ഖസീദത്തദുല്‍ ഹംസിയ്യ, ലാഹല്‍ ഇലാഹ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ കൃതികളാകുന്നു. 1945 ല്‍ നിര്യാതനായ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, 1954 ല്‍ നിര്യാതനായ ശൈഖ് അഹമ്മദ് കോയ ശാലിയാത്തി, 1904 ൽ നിര്യാതനായ താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ് തുടങ്ങി ഈ ശ്രേണിയിൽ ഒട്ടേറെ ആത്മീയ നായകരും അവരുടെ ആത്മീയ രചനകളും ഉണ്ട് ഇവയെല്ലാം കേരളത്തിലെ ഇസ്ലാമിക സാംസ്കാരികതയെയും സാഹിത്യത്തെയും സമ്പന്നമാക്കി.
നേരിട്ട് ആത്മീയതയെ പ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ളതല്ലാത്ത ആശയങ്ങൾ കൈകാര്യം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളിൽ പോലും അടിസ്ഥാനപരമായി വിഷയത്തിന്റെ കേന്ദ്രബിന്ദുവായി ആത്മീയത ഉണ്ടായിരുന്നു. അത്തരത്തിലുള്ള വളരെ പ്രധാനപ്പെട്ട കൃതികൾ ധാരാളമാണ്. സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച 'തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്വുല്‍ബാന്‍' എന്ന ഗ്രന്ഥം അടിസ്ഥാനപരമായി പോർച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ജാഗരണമായിരുന്നു. പക്ഷേ ജാഗരണത്തിന്റെ പ്രക്രിയ കടന്നുപോകുന്നത് ആത്മീയതയുടെ വഴിയിലൂടെയാണ്. 1498 മുതല്‍ ഒരു നൂറ്റാണ്ട് നിലനിന്ന പോര്‍ച്ചുഗീസ് സംഹാര താണ്ഡവത്തിന്റെയും ഭീതിതമായ സംഭവ പരിസരങ്ങളുടെയും കാവ്യാവിഷ്‌കാരമാണ് 173 വരികളുള്ള ഈ കൃതി. മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിഖ്യാതമായ കൃതിയായ അസ്സയ്ഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫാര്‍ മറ്റൊരു ഉദാഹരണമാണ്. ബ്രിട്ടീഷ് അധിനിവേശവിരുദ്ധ ചിന്തകളും ഫത്‌വകളുമാണ് ഈ ഗ്രന്ഥത്തില്‍. ഇതിലും വിഷയം കടന്നുപോകുന്നത് ആത്മീയതയുടെ ഓരം ചേർന്നാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമൻ്റെ ശ്രദ്ധേയമായ ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. കേരളത്തിന്റെ പ്രഥമ ചരിത്ര ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതി 35 ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1498 മുതല്‍ 1583 വരെയുള്ള 85 വര്‍ഷത്തെ കേരളത്തെ സാമൂഹിക ചരിത്രമാണ് ഈ ഗ്രന്ഥം. മലബാറിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം, അന്നത്തെ ഹൈന്ദവ ആചാരങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ ക്രൂരമായ പ്രവര്‍ത്തനങ്ങള്‍, അവര്‍ക്കെതിരിലുള്ള ധര്‍മ സമരാഹ്വാനം എന്നിവ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം, പുരാതന കേരള ചരിത്രത്തിന്റെ ആധികാരിക പഠനമാണ്. ഇതേ ആശയത്തെ പിന്താങ്ങുന്ന രചനകളിൽ പെട്ടതാണ് ഖാളി മുഹമ്മദിന്റെ രചനകള്‍. അവയിൽ ഏറെ ശ്രദ്ധേയമായത് ഫത്ഹുല്‍ മുബീന്‍ എന്ന കവിതയാണ്. 573 വരികളുള്ള ഈ കൃതിയുടെ ഉള്ളടക്കം ചാലിയം യുദ്ധത്തില്‍ സാമൂതിരിയുടെ നേതൃത്ത്വത്തില്‍ മുസ്‌ലിം ഹൈന്ദവ സഖ്യം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നേടിയ വിജയമാണ്. 1571 ലായിരുന്നു ഈ സംഭവം. ഇതേ വിഷയം പ്രതിപാദിക്കുന്ന അല്‍ ഖുത്ബത്തുല്‍ ജിഹാദിയ്യ എന്ന രചന ആശയ വീര്യവും ശില്‍പ ഭദ്രതയുമുള്ള സമരാഹ്വാനമാണ്.
അറിവിൻ്റെ പിൻബലമുള്ള ആത്മീയത തെളിഞ്ഞുകാണുന്ന നിഷ്കളങ്കരായ സൂഫി ഗുരുക്കന്മാരുടെ സാന്നിധ്യവും അവരുടെ നിഷ്ക്കാമവും നിഷ്കളങ്കവുമായ തർബിയത്തും മറ്റു ആശയങ്ങൾ കലരുകയും കടന്നു കൂടുകയും ചെയ്യുന്നതിന് മുമ്പേ ലഭിച്ചു എന്നതും അവരുടെ അറിവുകൾ സാംസ്കാരികതയിൽ ഇടം പിടിച്ചു എന്നതും അവയുടെ എല്ലാം ഉദ്ദേശശുദ്ധി വളരെ പ്രകടമായതിനാൽ ഒരു സമൂഹം നിരാക്ഷേപം ഈ അടുത്ത കാലം വരെ മുഴുവനായും ഇപ്പോഴും മഹാഭൂരിപക്ഷമായും ആത്മീയതയുടെ വഴിയിൽ എത്തുവാനും നിലനിൽക്കുവാനും കാരണമായി എന്ന് നമുക്ക് ഒതുക്കി പറയാം.
അവലംബ വായനകൾ:
മഖ്ദൂമും പൊന്നാനിയും - ഡോ ഹുസൈൻ രണ്ടത്താണി
മലയാളത്തിലെ സൂഫിസം - ഡോ മോയിൻ മലയമ്മ
Islam in kerala - Mohiuddin Shah
മലയാളത്തിലെ മഹാരഥന്‍മാര്‍- നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍, ഇര്‍ഷാദ് ബുക്ക് സ്റ്റാള്‍, കോഴിക്കോട്
അല്‍ മുസ്‌ലിമൂന്‍ ഫീ കേരള - അബ്ദുല്‍ ഗഫൂര്‍ ഖാസിമി
muslimheritage.in
islamonweb.net
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso