Thoughts & Arts
Image

അർത്ഥമില്ലാത്ത തർക്കങ്ങൾ

2025-04-21

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





എന്തിന്റെയും അർത്ഥവും കാമ്പും നഷ്ടപ്പെടുക എന്നത് കാലവും ലോകവും പുരോഗമിക്കുന്നതിന്റെ ഒരു പ്രതിഫലനമാണ്. വെറും പുറംതോടിലാ യിരിക്കും അപ്പോൾ എല്ലാവരുടെയും ശ്രദ്ധയും അവകാശവാദങ്ങളും കേന്ദ്രീകരിക്കുക. അതിൻ്റെ അടയാളമാണ് തൊലിപ്പുറം കടക്കാത്ത പുതിയ കാലത്തെ തർക്കവിതർക്കങ്ങൾ. വളരെ ചെറിയതോ ഒട്ടും അർത്ഥമില്ലാത്തതോ ആയ കാര്യങ്ങൾക്കുവേണ്ടി വീറോടെയും വാശിയോടെയും മസിലു പിടിച്ച് ചിലർ യുദ്ധം പചെയ്യുന്നത് കാണുമ്പോൾ നെറ്റിയിൽ വരകൾ വീഴും. തെല്ലുമാറി നിന്ന് നോക്കുന്നവർക്കേ അതിലെ അസാംഗത്യം അനുഭവപ്പെടൂ. ഒന്നു രണ്ടു ഉദാഹരണങ്ങൾ പറയാം. ഇപ്പോൾ ഒരു തർക്കം സ്ത്രീകളുടെ പ്രസവത്തെ ചൊല്ലിയാണ്. പ്രസവം വീട്ടിലാണോ ആശുപത്രിയിലാണോ വേണ്ടത് എന്ന കാര്യം മുടിനാരിഴ കീറി പരിശോധിക്കുന്ന തിരക്കിലാണ് പലരും. അതിനുവേണ്ടി തീ പാറുന്ന വെല്ലുവിളികൾ, 'ചുട്ട' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറുപടികൾ, പരിഹസിച്ചും ഒപ്പം മറുചേരിയെ ആക്രമിച്ചും അരങ്ങുതകർക്കുന്ന പോസ്റ്ററുകൾ, പറയുന്നത് ശാസ്ത്രീയവും വ്യവസ്ഥാപിതവും ആണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ചിലരുടെ ശാന്തമായ അവതരണങ്ങൾ തുടങ്ങിയവയൊക്കെ സജീവമാണ്. ഓരോന്നിന്റെയും സ്വരവും ധ്വനിയും ഒന്നുകിൽ അനുകൂലവും അല്ലെങ്കിൽ പ്രതികൂലവും ആണ്. ഓരോ പോസ്റ്റിന്റെയും ചുവട്ടിൽ അനുബന്ധമായി മറ്റൊരു യുദ്ധം കൂടി നടക്കുന്നുണ്ട്. അത് കമൻറ് ബോക്സിനുള്ളിലുള്ള യുദ്ധമാണ്. പൊട്ടലും ചീറ്റലും ഉള്ള യുദ്ധം. ഇങ്ങനെ അവതരിപ്പിച്ചു വരുമ്പോൾ രണ്ടിലൊരു പക്ഷത്തുള്ള വികാര ജീവികൾ ചോദിക്കും, 'എന്താ ആ പറഞ്ഞത് ശരിയല്ലേ..' എന്ന്. ഒപ്പം പിന്നെയും ഒരുപാട് തെളിവുകൾ നിരത്തും. ഗാംഭീര്യം കൂട്ടുവാൻ വേണ്ടി ചിലപ്പോൾ ശബ്ദം അല്പം താഴ്ത്തിപ്പിടിച്ച് പറയുന്ന വിദ്യയും ഉണ്ട് ഇപ്പോൾ. 'അറിയില്ല' എന്നാണ് അത്തരം ചോദ്യത്തിനുള്ള മറുപടി. കാരണം, അങ്ങനെയും ഇങ്ങനെയും പറയാവുന്നതും സംഭവിക്കുന്നതും ഒക്കെയാണ് വിഷയം. ചിലർ വീട്ടിൽ പ്രസവിക്കുന്നുണ്ട് എന്നാണ് പല വാദങ്ങൾക്കിടയിലും മനസ്സിലായത്. എന്നാൽ അധികപേരും ആശുപത്രിയിലാണ് പ്രസവിക്കുന്നത്. അത് നിർബന്ധമായത് കൊണ്ട് തന്നെ ആയിക്കൊള്ളണമെന്നൊന്നുമില്ല. ഉള്ളുറപ്പിൻ്റെ കുറവ് മുതൽ പൊങ്ങച്ചം വരെ കാരണങ്ങൾ അതിനു പിന്നിൽ ഉണ്ടാവാം. വീട്ടിൽ പ്രസവിക്കുന്നവർ സ്വയമോ പുറത്തുനിന്നോ ഏതൊക്കെയോ ധൈര്യം കിട്ടുന്നവരും ആയിരിക്കാം. ചുരുക്കത്തിൽ വിഷയം അങ്ങനെയുമുണ്ട്, ഇങ്ങനെയുമുണ്ട് എന്ന് പറയാവുന്ന ഒന്നാണ്. എങ്കിൽ ഇത്രമേൽ ചങ്ക് പൊട്ടുന്ന വാദങ്ങളും വാഗ്വാദങ്ങളും എല്ലാം നിരർത്ഥകമല്ലേ എന്നാണ് നാം ചിന്തിക്കുന്നത്.


ഇത് അങ്ങോട്ടും ഇങ്ങോട്ടും പറയാവുന്ന ഒരു വിഷയത്തിലെ കഴമ്പില്ലാത്ത തർക്കങ്ങളുടെ കാര്യം. കൂട്ടത്തിൽ പ്രഥമ ദൃഷ്ട്യാ തന്നെ വങ്കത്തമാണ് എന്ന് പറയാവുന്ന വിഷയങ്ങളുമുണ്ട്. അത്തരം കാര്യങ്ങളുടെ തർക്കവിതർക്കങ്ങളിൽ ഇടപെടുമ്പോൾ സത്യത്തിൽ വങ്കത്തത്തിന്റെ വക്താക്കൾ വലുതാവുകയാണ്. മലപ്പുറം ഒരു ഉദാഹരണം. കുറച്ചു ദിവസം മുമ്പ് മലപ്പുറമായിരുന്നു വിഷയം. ഇവിടെ ജനങ്ങളെ വിന്യസിപ്പിക്കുന്നതും പാർപ്പിക്കുന്നതും ആരോ ഏതോ നിയമമോ കീഴ്‌വഴക്കമോ ഒന്നും അനുസരിച്ചല്ല. മുസ്ലിംകൾ ജനിച്ചാൽ ഉടനെ പായയും എടുത്ത് മലപ്പുറത്തേക്ക് പോകുന്നില്ല. പേകേണ്ടതുമില്ല. മുസ്ലിംകൾ അല്ലാത്തവർ ഇവിടെ ജനിച്ചാൽ കിടക്കയും കോസടിയും എടുത്ത് ജില്ല കടക്കുന്നുമില്ല. കടക്കേണ്ടതുമില്ല. ഇന്ന ആൾക്കാർ ഇന്ന ജില്ലയിലാണ് ജീവിക്കേണ്ടത് എന്ന ഒരു തീട്ടൂരം സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങൾ ഇറക്കിയിട്ടുമില്ല. രാജ്യം ഉണ്ടായ അന്ന് ഇനി എങ്ങനെ മുമ്പോട്ട് പോകണം എന്നതെല്ലാം എഴുതിവെച്ച ഭരണഘടനയിലും അങ്ങനെയൊന്നില്ല. എല്ലാം പോകട്ടെ, മലപ്പുറത്ത് താമസിക്കുവാനോ താമസിക്കാതിരിക്കുവാനോ ആർക്കും ഒരു നിർബന്ധിത സാഹചര്യവും ഇല്ല. ഇവിടെ താമസിച്ചവരൊക്കെ അമ്പേ പരാജയപ്പെട്ടു എന്നോ ഇവിടെ ജീവിച്ചത് കൊണ്ട് വിജയത്തിൻ്റെ ഉത്തുംഗതയിൽ എത്തി എന്നോ ഒന്നും പറയാൻ കഴിയില്ല. അതൊക്കെ കേവലം ആപേക്ഷികവും വൈയക്തിക ഭാഗ്യവും വിധിയും ആണ്. ഈ മണ്ണിൻ്റെ പ്രത്യേകതയൊന്നുമല്ല ഒന്നും. പിന്നെ എങ്ങനെയാണ് ഒരു ജില്ലയുടെ അതിർത്തി എല്ലാ വിഷയങ്ങളെയും തീരുമാനിക്കുന്ന ഒരു അതിർത്തിയായി മാറുന്നത്. എല്ലാ തെറ്റുകളുടെയും തിന്മകളുടെയും പേര് പറഞ്ഞ് ഒരു ജില്ലക്കാരെ കാടടച്ച് വെടിവെക്കുന്നത്. ഇതിനൊക്കെ മറുപടി പറയുന്നവരാണ് സത്യത്തിൽ ചെറുതാകുന്നത്. കാരണം, അവർ പറഞ്ഞത് ഒരു സാംഗത്യവും ഒരു സത്യവും ഒരു അർത്ഥവും ഇല്ലാത്ത വെറും വങ്കത്തം മാത്രമാണ്. ആ പറഞ്ഞത് ശരിയാണ് എന്നോ ഏതെങ്കിലും ഒരു അർത്ഥത്തിൽ ശരിയാണ് എന്ന് സ്ഥാപിക്കുവാൻ സ്വന്തം ബുദ്ധിയെ ചിന്തിക്കാൻ ഉപയോഗിക്കുന്ന ആർക്കും കഴിയില്ല. രണ്ടു കഥകളും ഒരു കാര്യം പറയുവാൻ വേണ്ടി മാത്രമാണ് പറഞ്ഞത്. ഒരർത്ഥവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി കഠിനമായ തർക്ക വിതർക്കങ്ങളിൽ ഏർപ്പെടുന്ന അവസ്ഥയിലേക്ക് ആപതിച്ചിരിക്കുന്നു മനുഷ്യകുലം എന്നു പറയുവാൻ വേണ്ടി. മനുഷ്യർ തമ്മിലുള്ള മാനസിക ബന്ധങ്ങൾ ചെറുതായിരിക്കുന്നു എന്നു പറയാനും.


ഇത്തരം സാമൂഹ്യ അവസ്ഥകൾ അനുഭവിക്കുമ്പോൾ ഇസ്ലാമിക ആദർശത്തിന്റെ അപാരമായ ശക്തിയാണ് ബോധ്യപ്പെടുന്നത്. കാരണം ഇസ്ലാം തർക്ക വി തർക്കങ്ങളെ വളരെ ഗൗരവത്തോടുകൂടിയാണ് കാണുന്നതും നേരിടുന്നതും. ആ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുവാൻ നല്ല ഒരു ആമുഖം തന്നെ വിശുദ്ധ ഖുർആൻ നൽകുന്നുണ്ട്. അത് തർക്കിക്കുക എന്നത് മനുഷ്യൻ്റെ ഒരു വികാരമാണ് എന്ന് പ്രസ്താവിച്ചു കൊണ്ടാണ്. അല്ലാഹു പറയുന്നു: 'ഈ ഖുര്‍ആനില്‍ മാനവതക്കായി സര്‍വവിധ ഉപമകളും നാം പ്രതിപാദിച്ചിരിക്കുന്നു. എന്നാല്‍ വലിയ താര്‍ക്കികനത്രേ മനുഷ്യന്‍' (അൽ കഹ്ഫ്: 54). തുടർന്ന് തർക്കം നല്ലതും ചീത്തയും എന്നിങ്ങനെ രണ്ട് വിധം ഉണ്ട് എന്ന് പറയുന്നു. നല്ല തർക്കം നല്ല ഉദ്ദേശത്തോടുകൂടി നല്ല കാര്യങ്ങൾക്കു വേണ്ടിയുള്ളതാണ്. പ്രബോധനം, പ്രതികരണം തുടങ്ങിയ കാര്യങ്ങളിൽ മാന്യമായ തർക്ക വിതർക്കങ്ങൾ ആവാം എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. പ്രബോധനത്തിന്റെ കാര്യത്തിൽ അല്ലാഹു പറയുന്നു: 'സയുക്തികമായും സദുപദേശപൂര്‍വവും താങ്കള്‍ നാഥന്റെ വഴിയിലേക്ക് ക്ഷണം നിര്‍വഹിക്കുകയും അത്യുദാത്ത ശൈലിയില്‍ പ്രതിയോഗികളുമായി സംവാദം നടത്തുകയും ചെയ്യുക'. (അന്നഹ്ൽ 125). ശത്രുക്കളോടുള്ള പ്രതികരണത്തിന്റെ കാര്യത്തിൽ അല്ലാഹു പറയുന്നു: വേദക്കാരോട് ഏറ്റവും ഉദാത്തരീതിയിലേ നിങ്ങള്‍ തർക്കിക്കാവൂ' (അൻകബൂത്ത്: 46). അവിശ്വാസികളോട് നാവുകൊണ്ട് ജിഹാദ് ചെയ്യുവാൻ നബി തങ്ങൾ ചിലയിടത്ത് ഉപദേശിക്കുന്നുണ്ട്. നാലാം ഖലീഫ അലി(റ)വിനെതിരെ രംഗത്തിറങ്ങിയ ഖവാരിജ് പ്രക്ഷോഭകാരികളുമായി സംവാദം നടത്തുവാൻ ഇബിനു അബ്ബാസി(റ)നെ ഖലീഫ ചുമതലപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ കഠിനമായ ആ സംവാദങ്ങൾ ആയിരുന്നു ആയിരങ്ങളെ ശരിയുടെ പക്ഷത്തേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നാണ് ചരിത്രം. തർക്കം അനുവദിക്കുന്ന ഇവിടെയെല്ലാം അത് നന്മക്ക് വേണ്ടിയും സത്യത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയും ഉള്ളതാണ് എന്ന് നമുക്ക് അനായാസം ഗ്രഹിക്കാം. എന്നാൽ പവിത്രമായ ഇത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടി അല്ലാത്ത എല്ലാ തർക്കങ്ങളെയും നഖശികാന്തമാണ് ഇസ്ലാം എതിർക്കുന്നത്. 'സത്യത്തിനു വേണ്ടിയാണെങ്കിൽ പോലും തർക്ക വിതർക്കങ്ങളെ ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ താഴ്വാരത്തിൽ ഒരു കൊട്ടാരമാണ് പ്രതിഫലമായി നബി തങ്ങൾ വാഗ്ദാനം ചെയ്തത്. ഇതിൽനിന്ന് അത് മനസ്സിലാക്കാവുന്നതാണ്.


സ്വദ്ദേശപരമല്ലാത്ത അമാന്യമായ തർക്കങ്ങൾ മനുഷ്യന് ഒരുപാട് നഷ്ടങ്ങൾ വരുത്തിവെക്കുന്നു. ആ നഷ്ടങ്ങളിൽ വൈയക്തികവും ആത്മീയവും ആയവ ഉണ്ട്. അനാവശ്യമായ തർക്കങ്ങൾ പതിവാക്കുന്ന ആളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നഷ്ടം. അയാൾക്ക് പിന്നെ ഒരു നന്മയിലും സ്വീകാര്യതയോടെ ഇടപെടാനുള്ള അവസരം സമൂഹം നൽകുകയില്ല. ഈ നഷ്ടമാകട്ടെ വെറും അയാളുടെ വ്യക്തിപരമായ നഷ്ടത്തിൽ ഒതുങ്ങി നിൽക്കുകയില്ല. മറിച്ച്, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അതിൻ്റെ കുറവ് അനുഭവപ്പെടുക തന്നെ ചെയ്യും. ആത്മീയ രംഗത്ത് തർക്കം വരുത്തിവെച്ച നഷ്ടത്തിൻ്റെ കണക്കുകൾ മനസ്സിൽ തെളിയുമ്പോൾ ആദ്യം കാണുക നബി(സ്വ) വീട്ടിൽ നിന്ന് ഒരുനാൾ ഇറങ്ങി വരുന്ന രംഗമാണ്. വളരെ സന്തോഷത്തോടു കൂടെ അനുചരന്മാരുടെ അടുത്തേക്ക് നബി കടന്നുവരുന്നത് ഏറ്റവും ശ്രേഷ്ഠമായ ലൈലത്തുൽ ഖദർ എന്ന രാവ് കൃത്യമായും ഏതാണ് എന്ന് പറഞ്ഞു കൊടുക്കാൻ വേണ്ടിയായിരുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള രാവാണ് അത്. ആ ഒരൊറ്റ രാവിലെ കൂടെ ഒരു പുരുഷായുസ്സിന്റെ കർമസാഫല്യം നേടാം. വന്നു നോക്കുമ്പോൾ രണ്ട് അനുയായികൾ തമ്മിൽ തീവ്രമായി തർക്കിക്കുന്നതാണ് നബി കണ്ടത്. നബി(സ്വ) തെല്ലുറക്കെ പറഞ്ഞു: ‘നിര്‍ത്തൂ, മുഹമ്മദിന്റെ അനുയായികളേ, മുന്‍ഗാമികള്‍ ഇത്‌കൊണ്ടാണ് നശിച്ചത്. കുതര്‍ക്കികള്‍ക്ക് വേണ്ടി അന്ത്യനാളില്‍ ഞാന്‍ ശുപാര്‍ശ നടത്തില്ല. അതിനാല്‍ കുതര്‍ക്കം ഉപേക്ഷിക്കുക. (ത്വബ്‌റാനി). എല്ലാം കഴിഞ്ഞ് ശാന്തമായപ്പോൾ പിന്നെ ആ രാവിനെ കുറിച്ച് പറയാൻ നബി തങ്ങൾക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ആ വിവരം അല്ലാഹു തിരിച്ചെടുത്തു കഴിഞ്ഞിരുന്നു. ആയിശ(റ) പറയുന്നു: 'നബി(സ്വ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി) നബി തിരുമേനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യാപനവും സംസ്കാരവും ആയിരുന്നതിനാൽ സ്വഹാബി അനുയായികൾ അത് ശ്രദ്ധിച്ചാണ് ജീവിച്ചിരുന്നത്. അബൂസലമ(റ) പറയുന്നുണ്ട്, അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിക്കുകയുണ്ടായി. ആ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചപ്പോൾ ആയിശ(റ) പറഞ്ഞു; 'അബൂസലമ, താങ്കൾ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ്വ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ്' (ബുഖാരി).


പുതിയ കാലത്തിന് നിരത്തുവാൻ പല കാരണങ്ങളും കാണും. എന്തിനെയും ന്യായീകരിക്കാൻ ശ്രമിക്കുക എന്നതും കുതർക്ക മനസ്ഥിതിയുടെ ഭാഗം തന്നെയാണ്. കാലം ഇങ്ങനെയെല്ലാം കുലത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്ക് ടെക്നോളജിയുടെ വികാസത്തിനു തന്നെയാണ്. ജീവിതം കൂടുതൽ സൗകര്യപ്രദം ആകുവാൻ വേണ്ടി വികസിപ്പിച്ചെടുത്ത വിദ്യകൾ ഓരോരുത്തരും പ്രധാനമായും തൻ്റെ രഹസ്യവും സ്വകാര്യവുമായ സ്വാർത്ഥതകൾക്ക് വേണ്ടിയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. താനും തൻറെ ഈ പ്ലാറ്റ്ഫോമും എന്ന മനസ്ഥിതി ആണ് ഒരളവോളം എന്തും പറയുവാനും പ്രവർത്തിക്കുവാനും ആക്രമിക്കുവാനും തിരിച്ച് ആക്രമിക്കുവാനും എല്ലാം ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. അതായത് മറ്റൊരു നിലക്ക് വായിച്ചാൽ മനുഷ്യൻ വെട്ടിപ്പിടിച്ച വികാസങ്ങൾക്ക് അവൻ സ്വന്തം അസ്ഥിത്വം കൊണ്ട് വില നൽകുകയാണ്. അങ്ങനെയങ്ങനെയായിരിക്കും കുലത്തിന്റെ അവസാനം എന്ന് നബി തിരുമേനി (സ്വ) പറഞ്ഞുവെച്ചിട്ടുണ്ട്.
0















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso