Thoughts & Arts
Image

ഒട്ടപ്പുറത്തിരിക്കുന്നത് പളുങ്കു പാത്രമാണ്

14-09-2021

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





കഴിഞ്ഞ എട്ടു മാസത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളിൽ 46 ശതമാനം വർധനവുണ്ടായതായി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പറയുമ്പോൾ പലപ്പോഴും പറഞ്ഞ അതേ വിഷയത്തിലേക്ക് നാം വീണ്ടും വരേണ്ടി വരുന്നു. ഓഗസ്റ്റു വരെ 19,953 കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടുവത്രെ. കഴിഞ്ഞ വർഷം ഇത് 13,618 ആയിരുന്നു. ഇതിൽ പകുതിയിലധികവും യു പി യിൽ നിന്നാണ് എന്നത് മറ്റൊരു കാര്യം. ജീവിക്കാനുളള അവകാശം നിഷേധിച്ചതു മുതൽ ബലാൽസംഗം വരെ കേസുകൾ ഇതിലുണ്ട്. ഗാർഹിക പീഢനം, സ്ത്രീധന പീഢനം തുടങ്ങി എല്ലാം ചേരുവയൊപ്പിച്ച് ഉണ്ട്. അതേ സമയം കണക്കുകളിലെ ഈ വർധനവിനെ കമ്മീഷൻ അധ്യക്ഷ അനുകൂലമായി വ്യാഖ്യാനിച്ചാണ് അവസാനിപ്പിക്കുന്നത്. കമ്മീഷൻ നടത്തിവരുന്ന ബോധവത്കരണ പരിപടികൾ വിജയം കണ്ടതിന്റെ തെളിവാണ് ഈ വർദ്ധന സൂചിപ്പിക്കുന്നത് എന്നാണ് ന്യായീകരണം. അതെന്തോ ആവട്ടെ, പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ കൂടിവരുന്നു എന്നത് ഒരു വസ്തുതയാണ്.



ഈ കണക്കുകൾ നമ്മെ ഞെട്ടിക്കുകയോ അസ്വസ്ഥരാക്കുകയോ ചെയ്യുമ്പോൾ ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് അറിയാതെ ചോദിച്ചു പോകും. കാരണം, പുരോഗതിയുടെയും അതുവഴി പ്രബുദ്ധതയുടെയും കാര്യത്തിൽ പുതിയ ലോകം അത്രക്കും മുന്നേറിയിട്ടുണ്ട്. വിദ്യാഭ്യാസ ചിന്ത അത്രക്കു പരന്നിട്ടുണ്ട്. സ്ത്രീകളുടെ മാത്രം കാര്യം പരിഗണിക്കുവാൻ വകുപ്പും നിയമവും എമ്പാടുമുണ്ട്. എല്ലാറ്റിനും ജീവവായു പ്രദാനം ചെയ്യുന്ന ഫെമിനിസമാകട്ടെ തഴച്ചുവളരുകയാണ്. എന്നിട്ടും അവർ ആക്രമിക്കപ്പെടുന്നു എന്നു പറയുമ്പോൾ വാതം മറ്റെവിടെയോ ആണ് എന്നു ഊഹിക്കാം. മേൽ പറഞ്ഞതൊന്നും ഇല്ലാത്തതല്ല പ്രശ്നം. വേറെ എവിടെയൊക്കെയോ എന്തൊക്കെയോ ചോരുന്നുണ്ട്. അഥവാ ഒരു പാട് ഘടകങ്ങള്‍ അതിലേക്കു നയിക്കുന്നവയായി ഉണ്ട്. അവയെ എല്ലാം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴേ യഥാര്‍ത്ഥ പ്രശ്‌നത്തിനു പരിഹാരമുണ്ടാകൂ. ഇവിടെയാണ് ഇസ്‌ലാമിന്റെ പരിഹാരങ്ങള്‍ പ്രസക്തമാകുന്നത്.



സ്ത്രീകളുടെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവ ഒരു സമൂഹത്തിന്റെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവയുടെ കൂടി നിദര്‍ശനങ്ങളാണ് എന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. സ്ത്രീ സുരക്ഷിതയല്ലെങ്കിൽ ഒരു സുരക്ഷയെയും പരിപൂർണ്ണ സുരക്ഷയായി ഗണിക്കുവാൻ കഴിയില്ല എന്നു ചുരുക്കം. പ്രവാചകാധ്യാപനം അതു സൂപിപ്പിക്കുന്നുണ്ട്. ക്രൂരമായി തന്റെ അനുയായികള്‍ പീഡിക്കപ്പെട്ടിരുന്ന മക്കാ യുഗത്തില്‍ നബി(സ) തന്റെ അനുയായികള്‍ക്ക് നല്‍കിയ പ്രത്യാശയില്‍ എടുത്തു പറഞ്ഞത് ‘സ്വന്‍ആഅ് മുതല്‍ ഹദര്‍മൗത്ത് വരെ തന്റെ ആട്ടിന്‍ കുട്ടികളെ കുറുക്കന്‍മാര്‍ പിടിച്ചേക്കുമോ എന്നല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാതെ സ്വഛന്ദമായി ഒരു സ്ത്രീക്ക് നടന്നുപോകാവുന്ന കാലം വരും’ എന്നായിരുന്നു. ഹിജ്‌റ യാത്രയില്‍ തന്നെ പിന്തുടര്‍ന്നു കണ്ടെത്തിയ സുറാഖത്തു ബിന്‍ മാലികിനോടും നബി(സ) ഇതേ പ്രയോഗം നടത്തിയതായി കാണാം. പില്‍ക്കാലത്ത് അദിയ്യ് ബിന്‍ ഹാത്വിം എന്ന ജൂതന്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ ഒരു വേള ശങ്കിച്ചുനില്‍ക്കുമ്പോള്‍ നബി(സ) അദ്ദേഹത്തോടും ഇങ്ങനെ പറഞ്ഞതായി കാണാം. സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ ആ സമൂഹം സുരക്ഷിതമല്ല എന്നതു തന്നെയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.



ഈ സുരക്ഷിതത്വം ഇസ്‌ലാം നേടുന്നത് ബഹുമുഖ മാര്‍ഗങ്ങളിലൂടെയാണ്. സ്ത്രീയെ ബഹുമാനിക്കുക എന്നത് അവയിലൊന്നാണ്. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഇസ്‌ലാം കാണുന്ന വഴി ബഹുമാനങ്ങളുള്ളതാണ്. ഇതു വ്യക്തമാക്കാന്‍ സ്ത്രീയെ അവളുടെ ജീവിത ഘട്ടങ്ങളിലേക്ക് ആദ്യം പിരിച്ചെഴുതാം. ജന്മം, ശൈശവം, കൗമാരം, വിവാഹം, മാതൃത്വം എന്നിവയാണവ പ്രധാനമായും. ജന്മം അവള്‍ക്ക് ജനിക്കാനുള്ള അവകാശം നല്‍കുകയാണ്. സ്ത്രീയായി ജനിച്ചാല്‍ ജീവിക്കാനുള്ള അര്‍ഹതയില്ലാത്ത ഒരു കാലത്ത് ഇസ്‌ലാം അതിനെ അപലപിച്ചു എന്നു മാത്രമല്ല ജീവനോടെ കൊന്നുമൂടുന്ന കാപാലികരുടെ കൈകളില്‍ കടന്നുപിടിക്കുകയും ചെയ്തു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭ്രൂണത്തിന്റെ ലിംഗം തിരിച്ചറിഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ താല്‍പര്യമില്ലാത്ത ഗര്‍ഭം എന്നു പറഞ്ഞ് അതൊഴിവാക്കുന്ന ആധുനിക കാലത്തു പോലും സ്ത്രീക്കു ജനിക്കാനുള്ള അവകാശത്തിന്റെ കൊടി പിടിച്ചു നില്‍ക്കുകയാണിസ്‌ലാം.
ശൈശവ ദശയില്‍ ഒരു പെണ്‍കുഞ്ഞിനെ അന്നം മുതല്‍ വിദ്യ വരെ നല്‍കി വളര്‍ത്തുന്നതിനു ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം അതിനു നല്‍കപ്പെടുന്ന പ്രതിഫലത്തില്‍ നിന്നു തന്നെ ഊഹിച്ചെടുക്കാം. നബി (സ) പറഞ്ഞു: ഒരാള്‍ തന്റെ രണ്ടു പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്നു പെണ്‍മക്കളെ വളര്‍ത്തുകയും അവരെ നല്ല നിലയില്‍ അദബും മര്യാദയും ശീലിപ്പിക്കുകയും ചെയ്യുകയും നല്ല ഇണയെ കണ്ടെത്തി വിവാഹം ചെയ്യിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അതിനു സ്വര്‍ഗമാണ് പ്രതിഫലം.



മാത്രമല്ല, മക്കളെയും ഗാര്‍ഹികതയെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കു നല്‍കുമ്പോഴും ഇസ്‌ലാം ആഗ്രഹിക്കുന്നത് പഠിച്ച് മിടുക്കികളായ ഒരു സ്ത്രീ ലേകത്തെയാണ്. കൗമാരത്തിലേക്കു കാലൂന്നുന്നതോടെയാവട്ടെ ഇസ്‌ലാം വളരെ ജാഗ്രതയോടെ അവളെ പിന്തുടരുന്നു. അവളില്‍ വളരുന്ന സ്‌ത്രൈണതക്കും വികാര വിചാരങ്ങള്‍ക്കും കാവലായി ഇസ്‌ലാം നില്‍ക്കുന്നു. അവ അപഹരിക്കപ്പെടാതിരിക്കാനും ധ്വംസിക്കപ്പെടാതിരിക്കാനും അവളോട് മറക്കേണ്ടതെല്ലാം മറച്ചിരിക്കാനും എല്ലാ ഒതുക്കവും അടക്കവും പാലിക്കാനും ഉപദേശിക്കുന്നു. ആ ഒതുക്കവും അടക്കവുമാണ് അവളുടെ ശക്തിയും ഊര്‍ജ്ജവുമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ പല ഔന്നിത്യങ്ങളും അവളില്‍ വന്നുചേരുകയായി. പുരുഷന്റെ ജീവിത പാതിയും പങ്കാളിയുമായിത്തീരുന്ന അവളെ ഇസ്‌ലാം വിളിക്കുന്നത് ഇഹലോകത്തെ ഏറ്റവും നല്ല വിഭവമെന്നാണ്. നബി(സ) പറഞ്ഞു: ദുനിയാവിലുള്ളവയെല്ലാം സുഖഭോഗ വസ്തുക്കളാണ്. അവയില്‍ ഏറ്റവും ഉത്തമമായത് സച്ചരിതയായ സ്ത്രീയാണ്. മാത്രമല്ല സമൂഹത്തില്‍ അവള്‍ നിലയും വിലയുമുള്ള അര്‍ദ്ധാംശമാണ് എന്ന് ഇസ്‌ലാം പറയുന്നു. ജീവിത ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ അവളിലുണ്ടാകുന്ന വളര്‍ച്ചയുടെ മാറ്റം അല്ലാഹു ഖുര്‍ആനില്‍ വരച്ചുവെക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അവര്‍ നിങ്ങളുടേയും നിങ്ങള്‍ അവരുടേയും വസ്ത്രങ്ങളാകുന്നു. വസ്ത്രങ്ങള്‍ എന്ന പ്രയോഗത്തില്‍ വിശദീകരണ വ്യാഖ്യാനങ്ങളിലൊന്നും ഒതുങ്ങാത്ത ഒരു അര്‍ത്ഥ വ്യാപ്തി തന്നെയുണ്ട്.



അടുത്ത ഘട്ടത്തിൽ മാതൃത്വത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ബഹുമാനങ്ങളുടെ പരമ കാഷ്ഠ പ്രാപിക്കുകയാണ്. മാതാവിന്റെ കാലിന്റെ ചുവട്ടിലാണ് സ്വര്‍ഗം എന്നു പറഞ്ഞും നിനക്കേറ്റവും കടപ്പാടുള്ളത് നിന്റെ മാതാവിനോട് തന്നെയാണ് എന്ന് മൂന്നു തവണ ആവര്‍ത്തിച്ചും നബി (സ) പറഞ്ഞതില്‍ നിന്നും അതു ഗ്രഹിക്കാം. ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ത്രീയെ അവളുടെ ബഹുമാനാദരവുകള്‍ക്ക് വിധേയമാക്കുകയാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ ഇസ്‌ലാമിക ദര്‍ശനം കുറ്റമറ്റതായിമാറുന്നതും.



ഈ ഘട്ടങ്ങളിൽ അവളിലെ സ്ത്രീത്വം ഏറ്റവും അധികം ഭീഷണി നേരിടുന്നത് പെൺമ അവളിൽ തളിർത്തുനിൽക്കുന്ന വേളയിലാണ്. ചോരതുളുമ്പുന്ന ആ കാലത്താണ് അവൾക്കു നേരെ അതിക്രമങ്ങൾ കയ്യോങ്ങുന്നത്. നേരത്തെ പറഞ്ഞ കണക്കുകളിലെ പ്രതികളധികവും യവ്വന ദശയിൽ ഉളളവരായിരിക്കും. പ്രധാനമായും ഈ കാലത്തുണ്ടാകുന്ന അതിക്രമങ്ങൾ അധികവും അവളുടെ മേനിക്കും ചൂടിനും വേണ്ടിയുളളതായിരിക്കും. അതിനാൽ അതു സൂക്ഷിക്കുകയേ വഴിയുള്ളൂ. വെറുതെ പൊത്തിപ്പിടിച്ചാൽ മാത്രം പോരാ. വെറുതെ പൊത്തിപ്പിടിക്കുമ്പോൾ ലജ്ജയും കുഴച്ചിലും ആടലും ഉലയലുമായി അതു മറ്റൊരു രീതിയിൽ അന്യരുടെ കഴുകക്കണ്ണുകളെ മാടിവിളിച്ചേക്കും. അതിനാൽ മറച്ചുപിടിക്കേണ്ടതെല്ലാം മറച്ചുപിടിക്കേണ്ടത് ബഹുമാനവും ആദരവും തോന്നിക്കുന്ന പ്രകൃതത്തിലായിരിക്കണം. അതിന് ഇസ്‌ലാം സൂക്ഷ്മമായ ചില നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചു. പ്രസ്തുത വ്യവസ്ഥകളിലൂടെയാണ് അവള്‍ക്ക് അവളുടെ അന്തസ്സും ലൈംഗികമായ സുരക്ഷയും അഭിമാനത്തിന്റെ സംരക്ഷണും നേടാനാവുക. ഇസ്‌ലാം അവളോട് ഹിജാബ് സ്വീകരിക്കുവാന്‍ കല്‍പിച്ചു. ആവശ്യങ്ങള്‍ക്കു മാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതി എന്ന് നിഷ്‌കര്‍ഷിച്ചു. സൗന്ദര്യപ്രദര്‍ശനത്തില്‍ നിന്നും നഗ്നത പ്രകടിപ്പിക്കുന്നതില്‍ നിന്നും സുഗന്ധമണിഞ്ഞ് പുറത്തിറങ്ങുന്നതില്‍നിന്നും അവളെ വിലക്കി. പരപുരുഷന്മാരോട് കൂടിക്കലരുന്നതില്‍ നിന്ന് അവളെ വിരോധിച്ചു.



സംസാരിക്കുമ്പോൾ പോലും ചില മര്യാദകൾ പുലർത്താൻ ഇസ്ലാം അവളോട് പറയുന്നുണ്ട്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക (ഖുര്‍ആന്‍ 33:32). ഇതെല്ലാം കേൾക്കുമ്പോൾ പക്ഷെ ഒരു ശരാശരി പെണ്ണിനുള്ളിൽ പൊട്ടലും ചീറ്റലുമാണ് ഉണ്ടാവുക. എന്നെ മൂടുപടത്തിനുള്ളിലിട്ട് മിണ്ടുന്നിടത്തു പോലും വിരൽ വെച്ചു എന്ന് അവർ കയർക്കും. ഇതെല്ലാം അവളോട് ചെയ്ത മനുഷ്യത്വ രാഹിത്യമാണ് എന്ന് അവളുടെ അഹങ്കാരം പറഞ്ഞേക്കും. വികാരം ഞരമ്പുകളിൽ സമ്മർദ്ദമുണ്ടാകുമ്പോൾ അങ്ങനെയാണ്. ചിന്തിക്കാനുള്ള ശേഷി മങ്ങും.
സത്യത്തിൽ അവൾക്ക് ബഹുമാനവും സുരക്ഷിതത്വവും നൽകുവാൻ വേണ്ടിയാണത്. സ്ത്രൈണത അത്രക്കും സമർഥമായി പൊത്തിപ്പിടിക്കേണ്ടതാണ്. അതിന്റെ കുറവോ പരാചയമോ ഉണ്ടാകും ഓരോ കേസ് ഡയറിയിലും. കേൾക്കുമ്പോഴേക്കും കടിച്ചു കീറാനൊരുങ്ങാതെ ചിന്തിക്കുവാൻ ശ്രമിച്ചാൽ ഇതെല്ലാം വേഗം മനസ്സിലാക്കാം.



ഒട്ടകത്തിന്റെ വേഗതയില്‍ പരിഭ്രമിച്ച സ്ത്രീ ഒട്ടകകട്ടിലില്‍ നിന്നും തല കാട്ടിയപ്പോള്‍ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കുന്ന അന്‍ജഷ(റ)യോട് കരങ്ങള്‍ ഉയര്‍ത്തി നബി (സ) പറഞ്ഞു: ‘അന്‍ജഷാ, മെല്ലെ മെല്ലെ.., ഒട്ടപ്പുറത്തിരിക്കുന്നത് ഒരു പളുങ്കു പാത്രമാണ്’

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso