Thoughts & Arts
Image

എങ്ങനെ മറക്കും, ഇതൊക്കെ ..

16-09-2021

Web Design

15 Comments

വെള്ളിത്തെളിച്ചം




ചരിത്രത്തിൽ മതം മുഖാമുഖം നിന്ന് പോരാടിയ അധ്യായങ്ങളായിരുന്നു കുരിശുയുദ്ധങ്ങൾ.
നീണ്ട ഇരുപത് വര്‍ഷത്തോളം കുരിശുപടയാളികളുടെ കുതന്ത്രങ്ങളെയും മുന്നേറ്റങ്ങളെയും തടഞ്ഞു നിര്‍ത്തുകയും ഒടുവില്‍ അവരെ പരാജയപ്പെടുത്തി ബൈത്തുൽ മുഖദ്ദസിന്റെ വിമോചനം സാധ്യമാക്കുകയും ചെയ്ത അസാധാരണ പോരാളിയായിരുന്നു സലാഹുദ്ധീന്‍ അയ്യൂബി. മാന്യതക്കും ധാർമ്മിക ചിന്തക്കു പോലും ഇടമില്ലാത്ത ഈ യുദ്ധഭൂമിയിലും പക്ഷെ, ഈ മുസ്ലിം നായകൻ സ്വീകരിച്ച നിലപാടുകൾ മനുഷ്യ കുലത്തിന്റെ മഹാചരിത്രം എന്നും ഓമനിക്കുന്ന ഓർമ്മകളാണ്. എതിർചേരിയെ നയിക്കുന്ന ബാള്‍ഡ്വിൻ നാലാമനും കിംഗ് റിച്ചാര്‍ഡും രോഗികളായപ്പോള്‍ യുദ്ധം നിറുത്തി വെച്ച് അവരെ ചികിൽസിക്കാനും ശുശ്രൂഷക്കാനുമായി അയ്യൂബി സ്വന്തം വൈദ്യന്മാരെ അയക്കുകയും കഴിക്കാനായി പഴങ്ങള്‍ നല്‍കുകയും ചെയ്തത് ഇവയിൽ ഒരു രംഗമാണ്. യുദ്ധത്തിന്നിടയില്‍ കുതിരയെ നഷ്ടപ്പെട്ട റിച്ചാര്‍ഡിന് യുദ്ധം നിര്‍ത്തി പകരം രണ്ട് കുതിരകളെ നല്‍കിയ ശേഷമാണ് അദ്ദേഹം യുദ്ധം പുനരാരംഭിച്ചത് എന്നത് മറ്റൊന്ന്.



ഇതെല്ലാം പോരാട്ടത്തിൽ കാണിച്ച മര്യാദകൾ. ഖുദ്സ് ബലമായി പിടിച്ചെടുത്തതിനു ശേഷവും മര്യാദ അദ്ദേഹം മറന്നില്ല. 1099-ല്‍ ജറുസലം കീഴടക്കിയ യൂറോപ്യന്‍ സൈന്യം കത്തോലിക്കരല്ലാത്ത ക്രൈസ്തവരും യഹൂദരുമായ 40,000ത്തോളം പേരെ രണ്ടു ദിവസം കൊണ്ട് കൊന്നുതള്ളിയെങ്കില്‍ സലാഹുദ്ദീന്‍ ജറുസലം കീഴടക്കിയപ്പോള്‍ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല, അവരെ അവരുടെ നാടുകളിലേക്ക് തിരിച്ചു പോവാന്‍ അനുവദിച്ച് അങ്ങേയറ്റത്തെ കാരുണ്യമാണ് കാണിച്ചത്. നിര്‍ധനരായ യുദ്ധകുറ്റവാളികളിലെ പലരുടെയും പിഴ സ്വലാഹുദ്ദീനും സഹോദരനും അടക്കുക പോലും ചെയ്തു. ശത്രുക്കളുടെ പോലും ആദരവ് നേടുന്നതായിരുന്നു പൊതുവെ അദ്ദേഹത്തിന്റെ നയങ്ങൾ. യുദ്ധമുഖങ്ങളിലും രാജ്യങ്ങള്‍ കീഴടക്കുന്ന വേളകളിലും വൃദ്ധരെയും സ്ത്രീകളെ കുട്ടികളെയും സംരക്ഷിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ശത്രുപക്ഷത്തെ ക്രൈസ്തവ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റത്തേയും സ്വഭാവത്തേയും വാഴ്ത്തുന്നുണ്ട്. കൊടിയ ശത്രുത ഉണ്ടായിരുന്നിട്ടുപോലും ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാര്‍ഡ് ലയണ്‍ഹാര്‍ട്ട് ഉള്‍പ്പെടെ പലരുടെയും ബഹുമാനാദരവുകള്‍ നേടാന്‍ ഇവ വഴി അദ്ദേഹത്തിനായി.



സ്വലാഹുദ്ദീൻ അയ്യൂബിയും ജറൂസലം രാജാവായിരുന്ന ബാള്‍ഡ്വിനും തമ്മില്‍ അവസാനം ഒരു സമാധാന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ റെയ്‌നോള്‍ഡ് (റെയ്‌നാള്‍ഡ് ഓഫ് ഷാത്തിലിയന്‍) ഇത് പല വട്ടം ലംഘിച്ചു. 1182-ല്‍ മസ്ജിദുന്നബവി തകര്‍ക്കാന്‍ സേനയെ അയക്കുകയും മുസ്‌ലിം തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു കൊല്ലുകയും മറ്റും ചെയ്തതോടെ അതു തടയുവാനും പ്രതികാരം ചെയ്യാനും നിർബന്ധിതനായി. ഇസ്ലാമിക വൈകാരികതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്ന അയ്യൂബിയെ സംബന്ധിച്ചിടത്തോളം ഈ അതിക്രമങ്ങൾ ഒരിക്കലും വിട്ടുകൊടുക്കാൻ കഴിയുന്നതല്ലായിരുന്നു. അവസാനം അദ്ദേഹം റെനോള്‍ഡിനെ തടയാൻ മുന്നിട്ടിറങ്ങി. റെയ്നോൾഡ്‌ അയ്യൂബിയുടെ വാളിൻ തുമ്പിലെത്തി. ആ സമയത്തായിരുന്നു ബാൾഡ്വിൻ രാജാവിന്റെ ആഭ്യർഥന വന്നത്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയും അവർ രണ്ടു പേരും ചെയ്ത ഉടമ്പടിയും മാനിച്ചു യുദ്ധം ചെയ്യാതെ തിരിച്ചു പോന്ന സാഹചര്യം രണ്ടു സമുദായങ്ങൾക്കും മറക്കാനാവാഞ്ഞതാണ്. പക്ഷെ, പിന്നെ ബാൾഡ്വിന്റെ മരണശേഷം റെയ്നോൾഡ് ഈ മാന്യതകൾ എല്ലാo മറന്നപ്പോൾ വീണ്ടും യുദ്ധം ഉണ്ടായി. അത് ഹിത്വീൻ യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും പ്രബലമായ രണ്ട് വിശ്വാസധാരകൾ കഴിഞ്ഞ കാലത്ത് നടത്തിയ കൊള്ളലുകളുടെയും കൊടുക്കലുകളുടെയും രംഗങ്ങൾ വീണ്ടും ഓർമ്മിപ്പിക്കേണ്ടി വന്നിരിക്കുകയാണ് നമ്മുടെ മലയാള നാട്ടിൽ ഇപ്പോൾ.



കേരളത്തിന്റെ സാഹചര്യത്തിൽ വലിയ സാമൂഹിക സംഭാവനകൾ അർപ്പിച്ചിട്ടുള്ള സമുദായങ്ങളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. രണ്ടു മതങ്ങളും താന്താങ്കളുടെ സമുദായത്തെ നന്നായി വളർത്തി വന്നിട്ടുണ്ട്. ഒരു ബഹുമത രാജ്യത്തിലെ മതവിഭാഗങ്ങൾ ഇങ്ങനെ ആയിരിക്കേണ്ടതുമുണ്ട്. ഇതിന് വല്ല ഭംഗവും നേരിട്ടാൽ അത് വലിയ വിഷമകകൾ ഉണ്ടാക്കിയേക്കും. അതിനാൽ മതവിശ്വാസികൾക്കിടയിൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും നിലനിറുത്തുകയും പരിരക്ഷിക്കുകയും വേണ്ടതുണ്ട്. സഹിഷ്ണുത എന്നതിനേക്കാൾ നമ്മുടെ സാഗചര്യത്തിൽ കൂടുതൽ പ്രസക്തം പരസ്പര ബഹുമാനമാണ്. കാരണം സഹിഷ്ണുത എന്ന വാക്കിനുള്ളിൽ ഒരു തട്ടുതിരിക്കൽ ഉണ്ട്. മേലെയുളളവർ താഴെയുള്ളവരോട് കാണിക്കുന്നതാണ് ഭാഷാപരമായി സഹിഷ്ണുത. അപ്പോൾ അവിടെ ആരാണ് മേലെ ?, ആരാണ് താഴെ? എന്ന ചോദ്യം സ്വാഭാവികമായും വരും. മേലെയും താഴെയുമായി വേർതിരിക്കുന്ന സാമൂഹ്യ ഘടന പുതിയ കാലം അത്ര പെട്ടെന്ന് സമ്മതിച്ചു തന്നു കൊള്ളണമെന്നില്ല. അതേ സമയം പരസ്പര ബഹുമാനം എന്ന് പറയുമ്പോൾ അവിടെ തട്ടിന്റെ പ്രശ്നമില്ല. ഒരേ നിരയിൽ നിൽക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും കാണിക്കുന്ന മാന്യതയായി അതു മാറുന്നു. പുതിയ കാലത്ത് അതാണ് നല്ലതും വേണ്ടതും.



പൊതു നൻമക്കുവേണ്ടി ഈ ആശയത്തെ ആദ്യം സ്വാംശീകരിക്കേണ്ടത് മത നേതൃത്വങ്ങളാണ്. അണികൾ സ്വയം നിയന്ത്രിതരായിരിക്കില്ല. എന്നാൽ അവരെ നിയന്ത്രിക്കുവാൻ നേതൃത്വത്തിനു കഴിയുകയും ചെയ്യും. ഈ സ്വാംശീകരണത്തിന്റെ അർഥ പരിധിയിൽ പലതും വരുന്നുണ്ട്. ഒന്നാമതായി പരസ്യമായുള്ള അധിക്ഷേപങ്ങൾ ഒഴിവാക്കുക എന്നതാണ്. പരാതികൾ ന്യായമായും ഉണ്ടെങ്കിൽ തന്നെ അവ ഒതുക്കി പിടിച്ച് മാത്രം കൈകാര്യം ചെയ്യണം. പരസ്യമായി ഒരു വിഭാഗം മാറ്റൊരു വിഭാഗത്തെ അധിക്ഷേപിക്കുന്നത് വലിയ അകൽച്ചക്ക് വഴി വെക്കും. അത്തരമൊരു അസ്വസ്ഥത മൂടിക്കെട്ടി നിൽക്കുന്ന നമ്മുടെ വർത്തമാന കാല അനുഭവം തന്നെയാണ് അതിന്റെ മികച്ച ഉദാഹരണം. പരസ്യമായ അധിക്ഷേപം വലിയ അനർഥങ്ങളായി മാറുന്ന കാലമാണിത്. പണ്ട് അധിക്ഷേപങ്ങൾ കാര്യമായും രചനകളിലാണ് ഉണ്ടായിരുന്നത്. അതിനാൽ അവ ആ തലത്തിൽ മാത്രമേ ചർച്ചയാകുമായിരുന്നുള്ളൂ. പുതിയ കാലത്തങ്ങനെയല്ല. ലോകം എല്ലാ അർഥത്തിലും ഒരു സ്വതന്ത്ര ഗ്ലോബായി മാറിയിരിക്കുന്നു. എല്ലാവരുടെയും കയ്യിൽ മീഡിയ സ്വന്തമായി ഉള്ളതിനാൽ സംഗതികൾ അതിവേഗം പടരും, പരക്കും. മാത്രമല്ല, പണ്ഡിതനും പാമരനും പാതിരിയും കപ്യാരുമെല്ലാം വലിയ വായിൽ പ്രതികരിക്കുകയും ചെയ്യും. ഇങ്ങനെ എല്ലാവരും നടത്തുന്ന പ്രതികരണങ്ങൾ മാന്യമോ ശരിയോ ആയിക്കൊള്ളണമെന്നില്ല. അത് മറുപടികളെ വിളിച്ചു വരുത്തുകയും ചെയ്യും. അമാന്യതക്ക് അമാന്യതയായിരിക്കും മറുപടി. പിന്നെ ഒരു കത്തലായിരിക്കും. തീയിന് കത്തേണ്ടതും കത്തേണ്ടാത്തതുമൊന്നും ഒന്നും നോക്കാൻ താൽപര്യമുണ്ടാവില്ല.



അതിനാൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവർ ആത്മനിയന്ത്രണം പാലിക്കണം. തീയോ പുകയോ തങ്ങളാൽ ഉണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കണം. അഥവാ അവ ഉണ്ടായാൽ അതിവേഗം ചവിട്ടിക്കെടുത്തണം. അവയിൽ അകം കൊണ്ടുപോലും ആനന്ദം കാണാതിരിക്കണം. ഇതല്ലാം പുതിയ മീംമാംസകൾ പകരുന്ന വികാരങ്ങളല്ല, വിശുദ്ധ ഖുർആനും (2:191, 8:25) നബിവചനങ്ങളും ആകാശച്ചുവട്ടിൽ സമാധാനഭദ്രമായ ഒരു സമൂഹത്തെ ഉറപ്പുവരുത്തുവാൻ വേണ്ടി പകർന്നു തരുന്ന സാരോപദേശങ്ങളാണ്. ഫിത് ന ഉറങ്ങിക്കിടപ്പാണ്, അതിനെ വിളിച്ചുണർത്തുന്നവൻ ശപിക്കപ്പെടട്ടെ ..
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso