വെള്ളിപ്രഭാതം
മുഹമ്മദ് തയ്യിൽ അസ്ഹരി
സംസ്ഥാന സർക്കാറിൻ്റെ മയക്കുമരുന്നു വേട്ട കുറെ വസ്തുതകളെ കൂടി പിടികൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. അവ പുതിയതുമല്ല, അപ്രതീക്ഷിതവുമല്ല. എന്നാൽ ആശങ്കയും ഞെട്ടലും ഉളവാക്കുന്നത് തന്നെയാണ്. കൗമാര-യുവ തലമുറകൾ നാം പ്രതീക്ഷിച്ചതിലധികം വേഗതയിൽ ലഹരിയിൽ അമരുന്നു എന്നതാണത്. അപ്രതീക്ഷിതമല്ല എന്നു പറഞ്ഞതിൻ്റെ അർഥം, ബന്ധപ്പെട്ടവർ ഇക്കാര്യത്തിലേക്കുള്ള സൂചന നേരത്തെ തന്നിരുന്നു എന്നതാണ്. ഉദാഹരണമായി, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിനുവേണ്ടി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡ്രഗ് ഡിപ്പെന്‍ഡ്‌സ് ട്രീറ്റ്‌മെന്റ് സെന്ററും ചേർന്ന് 2014 ൽ നടത്തിയ സർവ്വേയിൽ രാജ്യത്ത് കുട്ടികളിലെ പുകയില ഉപയോഗം അപകടകരമാം വിധം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ആ സർവ്വേ ഫലത്തിൽ പറയുന്ന പുകവലി അനതിവിദൂരമായ ഒരു നാളിൽ നേരിട്ടുള്ള ലഹരിയിലേക്ക് വളരും എന്ന ആ മേഖലയിലുള്ളവർ പറഞ്ഞിട്ടുള്ളതാണ്. അതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായവരിൽ 60 ശതമാനത്തോളം യുവാക്കളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് ഇതിലേക്ക് ചേർത്ത് വായിക്കേണ്ടതാണ്. അവരെല്ലാം സ്കൂളിൽ പോകുന്ന കുട്ടികളാണ് എന്ന് പറയുന്നില്ല, എങ്കിലും ഈ യുവാക്കളിൽ നല്ലൊരു ശതമാനവും ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളിൽ പഠിക്കുന്നവരാണ് എന്ന് പറയാവുന്നതാണ്. 2026 ൻ്റെ ഈ അനുഭവം മറ്റൊരു സൂചനയാണ്. 2024 ൽ ശ്രദ്ധിക്കപ്പെട്ടത് പുകവലിയായിരുന്നു എങ്കിൽ അത് കൂടെക്കൂടെ ലഹരിയിലേക്ക് വളർന്നുവരുന്നുണ്ട് എന്നതാണ് ആ സൂചന. ദൗർഭാഗ്യവശാൽ അതിനുള്ള സാഹചര്യം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിൽ ഉണ്ട്. കുട്ടികളെ ആ അർത്ഥത്തിൽ ആരും സംശയിക്കില്ല എന്നതും കുട്ടികൾക്ക് പോലും ചൂരും ഭാരവുമില്ലാതെ കൊണ്ടുനടക്കാൻ പാകത്തിലുള്ള പുതിയ സിന്തറ്റിക് മയക്കുമരുന്നുകൾ മാർക്കറ്റിൽ സജീവമായി എന്നതും സ്വാതന്ത്ര്യം, അവകാശം തുടങ്ങിയ പ്രയോഗങ്ങളും വാദങ്ങളും വിദ്യാർത്ഥികളെ ഗൗരവതരമായി ശിക്ഷണം ചെയ്യാനുള്ള മാതാപിതാക്കളുടെയും അധ്യാപകന്മാരുടെയും ഉത്തരവാദിത്വത്തെ ഹനിച്ചു കഴിഞ്ഞു എന്നതുമെല്ലാം ആണ് ആ അനുകൂലതകൾ.
കുട്ടികൾ നമ്മുടെ ഉത്തരവാദിത്വമാണ് എന്നതോടൊപ്പം തന്നെ നമ്മുടെ പ്രതീക്ഷ കൂടിയാണ്. അവർ അവരുടെ ബൗദ്ധികമായ ശേഷികൾ വളർത്തിയെടുത്ത് പ്രയോഗിച്ച് വേണം കുലത്തിനു മുഴുവൻ മുന്നോട്ടു പോകാൻ ഉള്ള സാഹചര്യം ഒരുങ്ങുവാനും ഒരുക്കുവാനും. ആ പ്രക്രിയക്ക് പ്രചോദനം നൽകുവാൻ അവരെ വലയം ചെയ്ത് നിൽക്കുന്ന സമൂഹത്തിൻ്റെ എല്ലാ ഘടകങ്ങളും ജാഗ്രത കാണിക്കുന്നതും കാണിക്കേണ്ടതും ഇതുകൊണ്ടാണ്. ഓരോ കുടുംബങ്ങളും അവരുടെ സന്തുഷ്ടകരമായ ഭാവിക്കുവേണ്ടി അവരുടെ മക്കളെ കാത്തിരിക്കുന്നു. ഓരോ ആദർശങ്ങളും മനുഷ്യ നിലനിൽപ്പിന് വേണ്ട ശരിയായ മാർഗ്ഗദർശനം നൽകുവാൻ വേണ്ടി പ്രവർത്തിക്കുവാൻ അവരെ കാത്തിരിക്കുന്നു. ഓരോ രാജ്യവും തങ്ങളുടെ ഭൂമിയും ആകാശവും അഭിമാനത്താൽ ഉയർത്തിപ്പിടിക്കുവാൻ അവരെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പുകൾ എല്ലാം ഒരു നാൾ വെറുതെയായി തീരുന്നത് എത്ര സങ്കടകരമായിരിക്കും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ലഹരി വിനാശകാരിയാണ് എന്നതിൽ സംശയമില്ല. അത് ആദ്യമായി നശിപ്പിക്കുന്നത് മനുഷ്യൻ്റെ തലച്ചോറിനെ തന്നെയാണ്. തലച്ചോറ് എല്ലാ ജീവികൾക്കും ഉണ്ടെങ്കിലും മനുഷ്യന്റേത് ഏറെ സവിശേഷമാണ്. കാരണം, പ്രപഞ്ചത്തിന്റെ മൊത്തം മണ്ണിന്റെയും മനസ്സിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനുള്ള ഉത്തരവാദിത്വം അവനിൽ മാത്രമാണ് നിക്ഷിപ്തമായിട്ടുള്ളത്. ലോകത്ത് എന്തുണ്ടാവണം, എന്തുണ്ടായിക്കൂടാ എന്നതൊന്നും മനുഷ്യനല്ലാത്ത ഒരു ജീവിയും ചിന്തിക്കുന്നില്ല, ചിന്തിക്കേണ്ടതുമില്ല. ചിന്തിച്ചിട്ട് വല്ലതും ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള തലച്ചോറോ ശാരീരികശേഷികളോ മനുഷ്യനല്ലാത്ത മറ്റൊരു ജീവിക്കും കിട്ടിയിട്ടുമില്ല. ഈ ഉത്തരവാദിത്ത നിർവഹണത്തിന്റെ പ്രഭവ കേന്ദ്രം മനുഷ്യന്റെ ബുദ്ധിയാണ്. മരുന്നുകൾ നേരെ ചൊവ്വേ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന Neurotransmitter substances നെയാണ് ബാധിക്കുന്നത്. തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്ത് ഉണ്ടാകുന്ന അമിത ഉത്തേജനം കൊണ്ട് ഒരു ഉത്തേജിത (high feeling) അവസ്ഥ ഉണ്ടാകുന്നു. അതാണ് ലഹരി. ഇങ്ങനെ ബുദ്ധിക്ക് ഭംഗം വരികയും അതുവഴി മനുഷ്യന് അവൻ്റെ അമാനത്ത് നിർവഹിക്കുവാൻ കഴിയാതെവരികയും ചെയ്യും എന്നതുകൊണ്ടാണ് ലഹരിയെ ഇസ്ലാം ശക്തമായി നിരോധിക്കുന്നത്.
പക്ഷേ, ഒരു വേട്ട കൊണ്ട് നമ്മുടെ മക്കളെ ഈ മാരകമായ നീരാളിയിൽ നിന്നും രക്ഷപ്പെടുത്തുവാൻ കഴിയില്ല. എല്ലാ വൈകാരികതകളുടെയും കാര്യം അങ്ങനെ തന്നെയാണ്. വൈകാരികത സടകുടഞ്ഞഴുന്നേറ്റാൽ പിന്നെ പിടിച്ചു കെട്ടാൻ വലിയ പാടാണ്. അതു കരുതി നമ്മുടെ മക്കളെ നാം ഈ ഭൂതത്തിന് വിട്ടുകൊടുക്കാനും കഴിയില്ല. അങ്ങനെ വിട്ടു കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് മാത്രമല്ല മേൽ സൂചിപ്പിച്ച ദൈവീക ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയായിരിക്കും. 'സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക' എന്നാണ് വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്. 'എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്' എന്നു പറയുമ്പോൾ മക്കൾ വഴിതെറ്റിയാൽ അതിൻ്റെ കുറ്റം മാതാപിതാക്കളുടെ തലയിലാണ് പ്രവാചകന്‍(സ്വ) വെക്കുന്നത്. അതിനാൽ മക്കളുടെ കാര്യത്തിൽ പുതിയ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ചില ജാഗ്രതകൾ പുലർത്തേണ്ടതുണ്ട്. ഒരു കുട്ടി ലഹരിക്ക് അടിമപ്പെടുന്നത് ക്രമമായ മാനസിക മാറ്റത്തിലൂടെയാണ്. ആ മാറ്റങ്ങളുടെ തുടക്കം ആദ്യമേ കണ്ടുപിടിക്കുവാൻ കഴിഞ്ഞാൽ ആ കുട്ടിയെ തീർച്ചയായും രക്ഷപ്പെടുത്താനാകും. സ്വന്തം പുസ്തകങ്ങൾ, ബാഗ്, പഠനോപകരണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി വെക്കുക, സ്വന്തം വസ്ത്രം മാന്യമായിരിക്കണം എന്ന തോന്നൽ ഇല്ലാത്ത വിധം അശ്രദ്ധ കാണിക്കുക, പഠനം, കളി, കുടുംബ സന്ദർശനങ്ങൾ, സൗഹൃദ സംഗമങ്ങൾ തുടങ്ങിയവക്കൊന്നും സമയത്തിന്റെ കാര്യത്തിൽ ഒരു കൃത്യത ഇല്ലാതിരിക്കൽ, മാതാപിതാക്കളോടും കുടുംബാംഗങ്ങളോട് തുറന്നു സംസാരിക്കാതെ അകലം പാലിക്കുക, വീട്ടിനകത്ത് പൊതുവേ ഏകാന്തത ഇഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടുതുടങ്ങിയാൽ ജാഗ്രതയോടെ കുട്ടിയെ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട സമയമായി എന്നാണർത്ഥം.
ഇതോടെ മാതാപിതാക്കളുടെ പ്രത്യേക ഇടപെടൽ തുടങ്ങുമ്പോൾ അതിനു മുമ്പായി ഇന്നത്തെ കാലത്ത് ആവശ്യമുള്ള ഇടപെടലിന്റെ രീതിശാസ്ത്രം എന്താണ് എന്നത് മനസ്സിലാക്കണം. ഇതിന് മാതാപിതാക്കളുടെ മനസ്സ് ആദ്യം തയ്യാറാവണം. അതും വലിയ ഒരു വെല്ലുവിളിയാണ്. കാരണം, അധിക രക്ഷാകർത്താക്കളും തൻ്റെ കുട്ടി ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരായിരിക്കും. അവർ അങ്ങനെ കരുതുന്നത് സ്നേഹം കൊണ്ടാണ്. സ്നേഹം കുറ്റമല്ല. പക്ഷേ അത് ബുദ്ധിയിലൂടെ കടന്നു വരാതെയും കടത്തി വിടാതെയും വെറും മനസ്സിൽ നിന്നുള്ളതാകുമ്പോൾ അത് തെറ്റിനെയാണ് സഹായിക്കുക. തന്റെ കുട്ടിയെ ഈ വിപത്തിൽ നിന്ന് രക്ഷപ്പെടുത്തണം എന്ന് താല്പര്യമുള്ള മാതാപിതാക്കൾ വളരെ ചെറുപ്പത്തിലേ ചെയ്യേണ്ടത് കുട്ടികളുമായി നല്ല സൗഹൃദം സ്ഥാപിക്കുക എന്നതാണ്. ഇതുവഴി പറയാനുള്ളതെല്ലാം പറയാൻ എങ്ങനെയെല്ലാം കഴിയും എന്ന് തിരിച്ചറിവിലേക്ക് മാതാപിതാക്കൾ എത്തിച്ചേരും. കുട്ടികളുമായി മാന്യമായി തുറന്നു സംസാരിക്കുന്ന രീതിയാണ് വളർത്തിയെടുക്കേണ്ടത്. തെല്ലു വലുതാകുമ്പോഴേക്കും കുട്ടി പിതാവിൽ നിന്ന് ആദ്യവും മാതാവിൽ നിന്ന് പിന്നെയും അകലും. അതുണ്ടാവാതിരിക്കാൻ നന്നായി ശ്രദ്ധിക്കണം. മേൽപ്പറഞ്ഞ എന്തെങ്കിലും ഒരു സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും ആ വിഷയത്തെ അതിവൈകാരികമായിട്ടോ കോപത്തോടെയോ സമീപിക്കരുത്. അത് കുട്ടിയിൽ പ്രതിഷേധ പ്രതിരോധ മനസ്ഥിതി ഉണ്ടാക്കും. അപ്രകാരം തന്നെ ഏറ്റവും ഗൗരവമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്, കുട്ടിയെ ക്രൂരമായി ശിക്ഷിക്കുകയോ വീട്ടിൽ നിന്നും പുറത്താക്കുകയോ അവരോട് മിണ്ടാതെ നിൽക്കുകയോ ചെയ്യുക എന്നത്. അത്തരം ശിക്ഷണ മുറകളെല്ലാം ഫലപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഇപ്പോൾ അതെല്ലാം വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ.
കുട്ടിയോടുള്ള സൗഹൃദപരമായ ആശയവിനിമയം വളരെ പ്രധാനമാണ്. ആ ആശയവിനിമയത്തിനിടയിൽ ഗൗരവം ഒട്ടും ചോരാത്ത വിധം അവനിൽ നിന്നോ അവളിൽ നിന്നോ എന്തൊക്കെയാണ് മാതാപിതാക്കളും സമൂഹവും രാജ്യവും പ്രതീക്ഷിക്കുന്നത് എന്ന് അറിയാത്ത വിധം ആവർത്തിച്ചു കൊണ്ടിരിക്കണം. മറ്റൊരു കാര്യം ഇത്തരം സങ്കേതങ്ങളിലേക്ക് എത്തിപ്പെടാനുള്ള വാതിലുകൾ അടക്കുക എന്ന നിലക്ക് അവർക്ക് ചെറിയ ചെറിയ ചുമതലകൾ നൽകുകയും അത് പൂർത്തിയാകുമ്പോൾ അവരെ നേരിട്ടും മറ്റുള്ളവരുടെ മുമ്പിൽ വച്ച് അഭിനന്ദിക്കുകയും ശ്ലാഖിക്കുകയും ചെയ്യുക എന്നതാണ്. ഈ പറഞ്ഞതെല്ലാം വളരെ തുടക്കഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളാണ്. ഇത് കുട്ടിയിൽ മാറ്റം ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യം അനുഭവങ്ങൾ വഴി ഗ്രഹിക്കണം. ഉണ്ടാക്കുന്നില്ല എന്നോ വേണ്ട അളവിൽ ഉണ്ടാകുന്നില്ല എന്നോ ആണ് നിരീക്ഷണ ഫലം എങ്കിൽ വിശ്വാസത്തിൽ എടുക്കാൻ പറ്റുന്ന അധ്യാപകരുടെ സഹായം തേടാം. മാതാപിതാക്കളെ പോലെ പരിഗണിക്കപ്പെടുന്നവരാണ് അധ്യാപകന്മാർ. ഈ ഘട്ടത്തിലും അധ്യാപകന്മാരുടെയും അപ്പുറത്ത് വിദഗ്ധരാണെങ്കിൽ പോലും അവരെ ഇടപെടുത്തേണ്ട ആവശ്യമില്ല. അതെല്ലാം തൻ്റെ മാതാപിതാക്കൾ തന്നെ വളരെ വഴിപിഴച്ച ഒരാളായി കണ്ടിരിക്കുന്നു എന്ന് തോന്നലാണ് ഉണ്ടാക്കുക. അത് ഭാവിയിൽ വലിയ ദോഷം വരുത്തി വെക്കും. വളരെ ശ്രദ്ധയോടെയും അതിലേറെ ആത്മാർത്ഥതയോടെയും ഈ ഘട്ടങ്ങൾ ഓരോന്നും പിന്നിട്ട് കഴിഞ്ഞിട്ടും വീണ്ടും മക്കൾ നമ്മെ നിരാശപ്പെടുത്തുന്നുണ്ട് എങ്കിൽ അത് അവർ ആ വിഷയത്തിൽ നാം കരുതിയിരുന്ന അതിരുകളുടെ ഒരുപാട് അപ്പുറത്ത് എത്തി എന്നതിൻ്റെ തെളിവാണ്. അപ്പോൾ പിന്നെ തീവ്രമായ ഡി അഡിക്ഷൻ സംവിധാനങ്ങൾ അവലംബിക്കേണ്ടതായി വരും
0
Thoughts & Arts
സുരക്ഷിതരായിരിക്കട്ടെ, നമ്മുടെ മക്കൾ
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso