Thoughts & Arts
Image

കയ്യിലുള്ളത് രത്നമാണ്

27-11-2021

Web Design

15 Comments







അസ്വസ്ഥതകളുടെ ഭാരവുമായി അയാൾ പുലരും മുമ്പേ കടൽക്കരയിലെത്തി. കടലലകൾ പോലെ വിവിധ വികാരങ്ങൾ അയാളുടെ ഉളളിലും തിരയടിക്കുന്നുണ്ട്. അരണ്ട വെളിച്ചത്തിൽ ഒരു സഞ്ചി അയാളുടെ കയ്യിൽ തടഞ്ഞു. തുറന്നു നോക്കുമ്പോൾ കൊച്ചു കല്ലുകൾ പോലെ എന്തോ. മനോവിചാരങ്ങളിലേക്ക് വീണ്ടും ഊളിയിടുമ്പോൾ യാന്ത്രികമായി സഞ്ചിയിലെ കല്ലുകൾ വാരി എടുത്ത് തിരകളെ എറിഞ്ഞു തുടങ്ങി അദ്ദേഹം. ഒരു യാന്ത്രികമായ രസം. കുറേ കഴിഞ്ഞപ്പോഴേക്കും പ്രഭാതം കുറച്ചു കൂടി മിഴി തുറന്നു കഴിഞ്ഞിരുന്നു. സഞ്ചിയിലെ അവസാന പിടി അപ്പോൾ അയാളുടെ കയ്യിലായിക്കഴിഞ്ഞിരുന്നു. അതിൽ നിന്ന് എറിയാൻ തുടങ്ങവെ കല്ലിന്റെ തിളക്കം കണ്ണിലടിച്ചതും അയാൾ കൈ തുറന്ന് ബാക്കിയുളളതിലേക്ക് നോക്കിയതും ഒന്നിച്ചായിരുന്നു. അയാൾ കണ്ടു, സഞ്ചിയിലുണ്ടായിരുന്നതും ഇതുവരെ ഒരു രസത്തിനു വേണ്ടി വാരിയെറിഞ്ഞിരുന്നതുമെല്ലാം കല്ലല്ല, രത്നമായിരുന്നു എന്ന്. ഉദ്വേഗത്തോടെ ചാടിയെഴുനേറ്റ് വെറുതെ രത്നം വിഴുങ്ങിയ തിരകളുടെ അടുത്തേക്ക് ഓടുമ്പോൾ അയാൾക്ക് നഷ്ടപ്പെട്ടതിന്റെ വില മനസ്സിലായി. കയ്യിലുളളത് രത്നമായിരുന്നു. ജീവിതമെന്ന സഞ്ചിയിൽ നിന്ന് വാരിയെടുത്ത് വെറുതെ വാരിയെറിഞ്ഞു കളയുന്ന സമയമെന്ന മൂല്യം സത്യത്തിൽ രത്നമാണ് എന്ന് പറഞ്ഞു കൊടുക്കുവാൻ വേണ്ടിയാണ് ഈ കഥ ഉപയോഗിക്കാറുള്ളത്.



ഇപ്പോൾ - കോവിഡാനന്തര കാലത്ത് പ്രത്യേകിച്ചും - ഈ ആശയത്തിന് പ്രസക്തി കൈവന്നിട്ടുണ്ട്. കാരണം, കോവിഡ് മനുഷ്യനിൽ ചെലുത്തിയ സ്വാധീനങ്ങളും വരുത്തിയ മാറ്റങ്ങളും വിശദമായി വിലയിരുത്തുമ്പോൾ കണ്ടെത്തപ്പെടുന്ന ഒന്നാണ് അത് ജീവിതം എന്ന സമയത്തെ വഴി തിരിച്ചുവിട്ടു എന്നത്. ദീർഘമായ കാലം സ്വന്തം സ്വകാര്യ ഇടങ്ങളിൽ മനുഷ്യൻ അടച്ചുപൂട്ടപ്പെടുകയായിരുന്നു. ഏത് അടച്ചുപൂട്ടപ്പെടലും പുറത്തേക്കുള്ള പഴുതുകൾ തെരയുവാനാണ് മനുഷ്യനെ പ്രേരിപ്പിക്കുക. ഒരു ചെറിയ പഴുത് കിട്ടിയാൽ അവൻ അത് ആസ്വദിച്ച് ഉപയോഗപ്പെടുത്തും. എത്ര ചെറുതോ പരിമിതമോ ആണെങ്കിലും അത് വലിയ താൽപര്യത്തോടെ അവൻ അനുഭവിക്കാൻ ഉദ്യമിക്കും. കോവിഡ് താണ്ഡവമാടിയ പുതിയ കാലത്താവട്ടെ മനുഷ്യന് പഴുതുകൾ ധാരാളമായിരുന്നു. എല്ലാ അകലവും പാലിച്ച് തന്നെ ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതായിരുന്നു ആ പഴുതുകൾ. അടച്ചുപൂട്ടപ്പെടലിന്റെ അസ്വസ്ഥതകൾ ഒന്നും ഒട്ടും അനുഭവിക്കാതെ തന്നെ ഈ പഴുതുകൾ വഴി സാധാരണ ലോകത്ത് സജീവമാകുവാൻ കൂടി സഹായമാകുന്നതായിരുന്നു ആ പഴുതുകൾ എന്ന പ്രത്യേകതയുമുണ്ട്. സോഷ്യൽ മീഡിയ എന്ന് മാന്യതക്കുവേണ്ടി പേരിട്ടു വിളിച്ച ഇ- ഇടങ്ങളായിരുന്നു അവ.



പൊതുവെ മനുഷ്യന്റെ അവതരണങ്ങളും ആസ്വാദനങ്ങളുമെല്ലാം മെല്ലെ മെല്ലെ ഇലക്രോണിക് സ്ക്രീനുകളിലേക്ക് മാറിത്തുടങ്ങിയ കാലത്തായിരുന്നു കോവിഡിന്റെ രംഗപ്രവേശം. ഒരു പരിപാടിയുടെ വിജയം നിശ്ചയിക്കുവാൻ അതിൽ പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോൾ അത് ഓൺലൈനിൽ കണ്ടവരുടെ എണ്ണം കൂടി പരിഗണിക്കുന്ന സ്വഭാവം തുടങ്ങിയിരുന്നു. തിയേറ്ററുകളിലെന്ന പോലെ ഓൺലൈനിലും സിനിമകൾ റിലീസ് ചെയ്യുവാൻ തുടങ്ങിയിരുന്നു. വിലയിരുത്തലുകൾക്കൊപ്പം ലൈക്കിനും ഷെയറിനും കമന്റിനും പ്രാധാന്യം കൈവന്നിരുന്നു. അതിനാലെല്ലാം ഓഫ്, ഓണിലേക്ക് മാറുമ്പോൾ അതിൽ ഒരു കുറ്റബോധവും ആർക്കും ഉണ്ടായിരുന്നേയില്ല. ഒരു അസാധാരണത്വവും അപരിചിതത്വവും തോന്നിയതേയില്ല. വിദ്യാഭ്യാസവും പ്രഭാഷണങ്ങൾ തുടങ്ങി വിചാരാഭ്യാസങ്ങളുമെല്ലാം ഈ പ്ലാറ്റ്ഫോമിലേക്ക് മാറിയതോടെ അതിന് പൊതു അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നെ ഒരു ഒഴുക്കായിരുന്നു. ഒഴിവു സമയത്തിന്റെ വിരസത മാറ്റാൻ എന്ന ന്യായത്തിൽ പൊതുജനം അവിടെ സജീവമായി. കുട്ടികളുടെ വിദ്യാഭ്യാസം എന്ന ന്യായം വെച്ച് രക്ഷിതാക്കളും സർക്കാറും സന്നദ്ധ സംഘടനകളും എല്ലാ കുട്ടികൾക്കും ഫോണും ടാബും വാങ്ങിക്കൊടുത്തു. മക്കളെ സഹായിക്കാൻ എന്ന വ്യാജേന മാതാക്കളും അവിടെ കയറിയിരുന്നു.



കുഴപ്പമൊന്നും പറയാനില്ല. കാരണം മറ്റൊരു വഴിയുമില്ലല്ലോ. പഠനം തുടങ്ങിയ അനിവാര്യതകൾക്കു വേണ്ടിയാണ് എന്നു വാദിക്കുമ്പോൾ ആർക്കും അതിനെ ചോദ്യം ചെയ്യാനാവില്ല. പക്ഷെ, മറ്റൊരിടത്ത് വലിയ ഒരു മാറ്റം നടക്കുന്നുണ്ടായിരുന്നു. അത് മനുഷ്യമനസ്സ് എന്ന മഹാപ്രതലത്തിലായിരുന്നു നടക്കുന്നത്. അതുമനസ്സിലാക്കാൻ ഇഛകൾ, വികാരങ്ങൾ തുടങ്ങിയവ മനുഷ്യമനസ്സിൽ ചെലുത്തുന്ന സ്വാധീനം കാണണം. അതിനു മുമ്പ് എങ്ങനെയാണ് വിദ്യാഭ്യാസം, വാർത്ത തുടങ്ങിയ വൈചാരികതകളിൽ നിന്ന് സംഗതി വൈകാരികതയിലേക്ക് കടന്നത് എന്നു കാണാം. അത് പ്രധാനമായും ഇടവേളകൾ, ഒഴിവുവേളകൾ എന്നീ ഊടുവഴികൾ വഴിയാണ്. അഥവാ ക്ലാസുകളിൽ ചടഞ്ഞിരുന്ന് ദീർഘനേരം പഠിക്കുന്ന വിദ്യാർഥി ഒരു റിലാക്സിനു ദാഹിക്കുന്നു. അപ്പോൾ അവൻ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിൻഡോ തുറക്കുന്നു. അതിലുള്ളത് വികാരങ്ങളെ ഉദ്വീപിപ്പിക്കുവാൻ കഴിയുന്ന വിധം ഡിസൈൻ ചെയ്ത പ്രോഗ്രാം ആയിരിക്കും. അതിന്റെ രസം വീണ്ടും വീണ്ടും അനുഭവിക്കുവാൻ അവനിൽ ത്വരയുണ്ടാക്കുന്നു. വീട്ടമ്മമാരും ഇങ്ങനെ ഒഴിവു സമയത്തെ ഒരു നേരം പോക്കിനു വേണ്ടി എന്ന നിലയിൽ അവിടെയാെക്കെ എത്തിച്ചേരുന്നു. അതു പിന്നെ അവരുടെ ത്വരയായി മാറുന്നു. ആദ്യം ഒഴിവു സമയങ്ങളെ കൊല്ലാനായിരുന്നു സമീപിച്ചത് എങ്കിൽ പിന്നെ അതിനു വേണ്ടി ഒഴിവു സമയം കണ്ടെത്തുവാൻ ശ്രമിക്കുന്നു.



ഇങ്ങനെയാണ് അഡിക്ഷൻ ഉണ്ടാകുന്നത്. വികാരങ്ങളുടെയും ഇഛകളുടെയും ഒരു പൊതുസ്വഭാവം അവ ആദ്യം ആകർഷിച്ച് കേറ്റുകയും പിന്നെ പിടിച്ചു വലിച്ച് കൊണ്ടുപോകുകയും ചെയ്യുന്നു എന്നതാണ്. ഇതു മനുഷ്യന്റെ ഒരു അടിസ്ഥാന പ്രകൃതമാണ്. ഇഛകൾ ഉണ്ടാക്കുന്ന ത്വരക്കുവേണ്ടി ഏതു നിയമവും ഭജ്ഞിക്കുവാനും ഏതു മാന്യതയെയും മാറ്റിവെക്കുവാനും അവൻ ശ്രമിക്കും. മനുഷ്യന്റെ ഉൽപ്പത്തി ചരിത്രം തന്നെ അതു പറയുന്നുണ്ട്. ആദം നബിയും പത്നിയും വിലക്കപ്പെട്ട കനി ഭുജിച്ച് ദൈവ വിധി ലംഘിക്കുന്നത് അങ്ങനെയാണ്. ഏത് കനിയും ഭുജിക്കാൻ വേണ്ട സാഹചര്യങ്ങൾ സത്യത്തിൽ അവർക്കുണ്ടായിരുന്നതാണ്. അവർ വസിക്കുന്നത് സ്വർഗ്ഗത്തിലായിരുന്നു. ഒരേയൊരു നിയമമേ അവർക്ക് പാലിക്കാൻ ഉണ്ടായിരുന്നുള്ളൂ താനും. എന്നിട്ടും അവരത് ലംഘിച്ചത് നാം പറഞ്ഞ വൈകാരിക ത്വര അവരെ എല്ലാം മറക്കുവാൻ പ്രേരിപ്പിച്ചതുമൂലമായിരുന്നു. സാത്താൻ പറഞ്ഞ സ്വർഗ്ഗത്തിലെ നിത്യവാസം, നശിക്കാത്ത ആധിപത്യം എന്നിവയിലുള്ള ആഗ്രഹമായിരുന്നു അവരെ കൊണ്ട് തെറ്റു ചെയ്യിച്ചത് എന്ന് ചുരുക്കം.



പുതിയ ലോകം ഇ - ഇടങ്ങൾ വഴി മനുഷ്യന്റെ മുമ്പിലെത്തിക്കുന്ന എല്ലാ വിനോദങ്ങളും ഇങ്ങനെ മനുഷ്യനെ പിടിച്ചു വലിച്ച് കൊണ്ടുപോകുന്നതാണ്. ഒന്നു കണ്ടാൽ അതിനപ്പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നവ. അങ്ങനെയങ്ങനെ എല്ലാവരും കോവിഡിന്റെ പേരും പറഞ്ഞ് വിനോദങ്ങളുടെ അടിമകളായി മാറി എന്നതാണ് നേര്. ഇപ്പോൾ മണിക്കൂറുകളോളം എല്ലാവരും ഇതിൽ ചടഞ്ഞിരിക്കുവാൻ ശീലിച്ചിരിക്കുന്നു. ഫലമോ, ഓൺലൈനായി പഠിപ്പിച്ചതൊക്കെ വെറുതെ ഒരു അഭ്യാസം മാത്രമായിരുന്നു എന്ന് പരീക്ഷകൾ നടത്തി നോക്കിയപ്പോൾ മനസ്സിലായി. വീട്ടമമാരായ സ്ത്രീകൾക്കാവട്ടെ മൊബൈൽ കയ്യിൽ വെക്കുവാൻ സമയമില്ല. അത് ചെറിയ പൊട്ടലും ചീറ്റലുമൊക്കെ കുടുംബ തലത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആദ്യമാദ്യമൊക്കെ പൂച്ചെടിയുണ്ടാക്കുന്ന വിധവും കലത്തപ്പമുണ്ടാക്കുന്ന രീതിയുമൊക്കെ നോക്കാനാണ് ഇവിടങ്ങളിൽ കയറിയിറങ്ങിയത് എങ്കിൽ ഇപ്പോൾ അതെന്തിനൊക്കെ എന്നു പറയാൻ വയ്യാതായിരിക്കുന്നു. ഇത് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നു തൽക്കാലം പറഞ്ഞു വെക്കാം. അതിനപ്പുറമൊന്നും പറഞ്ഞിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. അതിനാൽ ഇതെങ്ങനെ തിരുത്താം, ശരിയായ താളത്തിലേക്ക് തിരിച്ചെത്താം എന്നൊക്കെ ചിന്തിക്കുന്നതാണ് നല്ലത്.



അതിനായി ആദ്യം മനസ്സിനെ ബോധ്യപ്പെടുത്തേണ്ടത് സമയത്തിന്റെ വിലയാണ്. സമയം എന്നത് നമ്മുടെ ജീവിതം തന്നെയാണ്. സമയം നാം നല്ല നിലയിൽ സംതൃപ്തമായി ചെലവഴിച്ചാൽ അത്രയും നാം നേടുന്നത് നമ്മുടെ ജീവിതം തന്നെയായിരിക്കും. നഷ്ടപ്പെടുത്തിയാലോ അത്രക്കും ജീവിതം നഷ്ടമാവും. അതിന്റെ വില പറയാനാണ് നാം കഥ പറഞ്ഞു തുടങ്ങിയത്. രണ്ടാമതായി ഈ അഡിക്ഷനെ ഡി അഡിക്റ്റ് ചെയ്യണം. അത് ഒരു വാചകത്തിൽ പറയാനും എഴുതാനും കഴിയുമെങ്കിലും അത്ര സരളമായി പ്രാവർത്തികമാക്കുവാൻ കഴിയുന്ന കാര്യമല്ല. ഇതിന് ആദ്യം ഇത്തരത്തിലുള്ള അഡിക്ഷൻ ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങൾ മനസ്സിലാക്കണം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന നിലവിലെ യുഗത്തിൽ, ഓരോ വ്യക്തിയുടെ ജീവിതത്തിലും വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം സൈബർ സ്പെയ്സിലാണ് നടക്കുന്നത്. ഇത് ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ (IAD) എന്ന മാനസിക രോഗത്തിലേക്ക് നയിക്കാം. ഇതിലേക്ക് നയിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.



ഒന്ന്: വിരസത / വിഷാദം: വിരസതയിൽ ഉള്ള ഒറ്റപ്പെട്ട സ്ത്രീകളടക്കമുള്ളവർ ഇന്റർനെറ്റിൽ പ്രധാനമായും സോഷ്യൽ മീഡിയയിൽ അടിമയായി മാറും. പുതിയകാര്യങ്ങള്‍ക്കായി അവരുടെയും മറ്റുള്ളവരുടെയും സ്റ്റാറ്റസ്, സ്വയം ലഭിച്ചതും മറ്റുള്ളവര്ക്ക് ലഭിച്ചതുമായ ഷെയറുകള്‍, ലൈക്കുകളുടെ എണ്ണം തുടങ്ങിയവയ്ക്കായി വേണ്ടി സോഷ്യല്‍ മീഡിയാ പ്രൊഫൈലുകള്‍ പരിശോധിക്കുന്നു. ഇത് ഒരു വ്യക്തിക്ക് ഒരു പ്രേരണയായി മാറുകയും അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. രണ്ട്: സമ്മർദ്ദവും രക്ഷപ്പെടലും: ഓഫീസിന്റേയോ കുടുംബജീവിതവുമായോ സമ്മർദ്ദത്തിലുള്ള പല സ്ത്രീകളും സമ്മർദ്ദത്തെ ആശ്വാസം നേടാന്‍ ഇന്റർനെറ്റിൽ ആശ്രയിക്കുകയും സമ്മർദപൂരിതമായ സാഹചര്യം ഒഴിവാക്കാൻ എളുപ്പമുള്ള ഒരു മാർഗവുമായി പരിഗണിക്കുകയും ചെയുന്നു. മൂന്ന് : സോഷ്യൽ മീഡിയ: മിക്ക നെറ്റ് ഉപയോക്താക്കളും സോഷ്യൽ മീഡിയയ്ക്ക് അടിമയായിരിക്കുന്നു. അവരിൽ ഭൂരിഭാഗവും അവരുടെ സോഷ്യൽ മീഡിയാ പ്രൊഫൈൽ പരിശോധിച്ചോ അല്ലെങ്കിൽ ഇപ്പോൾ പ്രധാന പ്രവണത ആയ വ്യാജ ഫോട്ടോകളും അപ്ഡേറ്റ് ചെയ്തോ ആകും അവരുടെ ദിവസം ആരംഭിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ എടുത്തു കാണിക്കുകയും ആ പോസ്റ്റുകള്‍ക്ക് കുറെ ലൈക്കും ഷെയറും കിട്ടാനും ആഗ്രഹിക്കുക .ഇതാണ് സൈബർ ലോകത്തിലെ ഭൂരിഭാഗം സ്ത്രീകളുടെ നിലവിലെ അവസ്ഥ. ഓൺലൈൻ ഷോപ്പിംഗ്, ഓൺലൈൻ ഗെയിമിംഗ്, ഓൺലൈൻ ചാറ്റിംഗ് തുടങ്ങി മറ്റു പല പ്രചോദനങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കാനുണ്ട്.



ഇന്റർനെറ്റ് ആസക്തി എങ്ങനെ ഒഴിവാക്കാം എന്നു കൂടി ചെറുതായി പറയാം.
ഇന്റർനെറ്റ് ഉപയോഗ സമയ പരിധികൾ നിശ്ചയിക്കുക. കുറെ നാളേക്ക് നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ നിങ്ങൾക്ക് സഹായം ലഭ്യമാക്കുക. കമ്പ്യൂട്ടർ ഗെയിമുകൾ അൺഇൻസ്റ്റാൾ ചെയ്ത് സോഷ്യൽ നെറ്റ്വർക്കുകളിൽ നിന്നും മറ്റ് വിനോദ വെബ് പ്രവർത്തനങ്ങളിൽ നിന്നും കുറഞ്ഞത് ഒന്നോ രണ്ടോ മാസം അതിൽ നിന്ന് അകന്ന് നിൽക്കാനും ശ്രമിക്കുക.
ഇന്റർനെറ്റ് ബ്രൌസിംഗിനായി സമയം നിശ്ചയിക്കുക, പക്ഷേ അത് കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ലേഖനങ്ങൾ വായിക്കുക, നല്ല ചിന്തകളുള്ള പ്രഭാഷണങ്ങൾ കേൾക്കുക തുടങ്ങിയവയിലേക്ക് ക്രമപ്രവൃദ്ധമായി മാറുക. ആപ്ലിക്കേഷനും ഇമെയിൽ അറിയിപ്പുകളും ഓഫുചെയ്യുക.
അടിമപ്പെട്ടിരിക്കുന്ന വെബ്സൈറ്റ്കളില്‍ നിന്ന് മാറി നില്‍കാന്‍ ശ്രെമിക്കുക. ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അല്ലെങ്കില്‍ മാഗസിനുകള്‍ തുടങ്ങിയവയിലേക്ക് വായനാ വിഷയം മാറ്റുക. നിങ്ങൾ ഇന്റർനെറ്റിൽ ഇല്ലെങ്കിൽ. നിങ്ങൾക്ക്ലാഭിക്കാനാകുന്ന പണം ചിന്തിക്കുക. കിടപ്പുമുറിയിൽ നിന്ന് ഇന്റർനെറ്റ് പ്രാപ്തമാക്കിയ ഉപകരണങ്ങൾ നീക്കംചെയ്യുക. വെറും ഉപദേശങ്ങളാണ് ഇതെല്ലാം. ഇതൊക്കെ ഫലപ്പെടുക നിങ്ങളുടെ മനസ്സ് അതു സ്വീകരിക്കുവാൻ പാകപ്പെടുമ്പോഴാണ്. അതിന് കയ്യിലുളളത് രത്നമാണ് എന്ന് തിരിച്ചറിയുക തന്നെ വേണം.



അബ്ബാസി ഖലീഫ അബൂ ജഅ്ഫറുൽ മൻസൂറിന്റെ കൊട്ടാരത്തിലേക്ക് ഒരിക്കൽ ഒരു അഭ്യാസി കടന്നുവന്ന ഒരു കഥയുണ്ട്. കലാകാരൻമാർക്ക് തങ്ങളുടെ കരവിരുതുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു അക്കാലത്തെ ദർബാറുകൾ. ഖലീഫക്കും പ്രധാനികൾക്കും ഇഷ്ടപ്പെട്ടാൽ അതിന് സമ്മാനവും അംഗീകാരവും കിട്ടും. അതിൽ കണ്ണുവെച്ചു തന്നെയാണ് ഈ കക്ഷിയും വന്നിരിക്കുന്നത്. അവതരണാനുമതി ലഭിച്ചതും അയാൾ തുടങ്ങി. ശരിക്കും കണ്ണഞ്ചിപ്പിക്കുന്നത് തന്നെയായിരുന്നു അവതരണം. ഇരുപതോളം പ്ലേറ്റുകൾ ഒന്നിനു പുറകെ ഒന്നായി ആകാശത്തേക്ക് എറിഞ്ഞ് ഒന്നു പോലും നിലത്തുവീഴാതെയും വീണ്ടും എറിഞ്ഞും ആദ്യ അരങ്ങേറ്റത്തിൽ തന്നെ അദ്ദേഹം ദർബാറിന്റെ ശ്വാസം പിടിച്ചു നിറുത്തി. രണ്ടാമതൊരു സൂചി പ്രയോഗമായിരുന്നു. ഒരു സൂചിയുടെ കുഴയിലേക്ക് കൃത്യമായി മറ്റൊരു സൂചി എറിഞ്ഞ് ഉന്നം തെറ്റാതെ കടത്തിവിടുന്നതായിരുന്നു ആ വിദ്യ. ഖലീഫയും പരിവാരവും ശരിക്കും തരിച്ചിരിന്നു പോയി, പ്രകടനങ്ങൾ കണ്ട്.



പ്രദർശനം കഴിഞ്ഞപ്പോൾ കലാകാരൻ ഭവ്യതയോടെ ഖലീഫയുടെ പ്രതികരണത്തിന് കാത്തു നിന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഖലീഫ സമ്മാനം പ്രഖ്യാപിച്ചു. പക്ഷെ, അത് ഒരു നിമിഷം ദർബാറിന്റെ നെറ്റിയിൽ വരവീഴ്ത്തി. നൂറ് പൊൻപണവും നൂറ് ചാട്ടയടിയുമായിരുന്നു ഖലീഫ പ്രഖ്യാപിച്ച സമ്മാനം. ആർക്കും ഈ വിചിത്ര സമ്മാനത്തിന് പിന്നിലെ യുക്തി പിടികിട്ടിയില്ല. അവസാനം കുറച്ചധികം സ്വാധീനമുള്ള ഒരാൾ ഖലീഫയോട് അതാരായുക തന്നെ ചെയ്തു. ഖലീഫ പറഞ്ഞു: പൊൻപണം ഇയാളുടെ മിടുക്കി നുള്ള അംഗീകാരമാണ്. ചാട്ടയടി ഒരാൾക്കും ഒരു ഉപകാരവുമില്ലാത്ത ഇങ്ങനെ ഒരു കാര്യത്തിനു വേണ്ടി സമയം ചെലവഴിച്ചതിനുളള ശിക്ഷയുമാണ്.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso