Thoughts & Arts
Image

മതമൈത്രിയുടെ കേരളീയ പാഠങ്ങൾ 2

29-11-2021

Web Design

15 Comments





ഹൈന്ദവ വീടുകളിൽ  വിവാഹ നിശ്ചയങ്ങളിൽ  വരെ മമ്പുറംതങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു. മൂന്നിയൂർ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായിരുന്നു. കാലമിത്ര ഹൈന്ദവ സഹോദരങ്ങൾ മമ്പുറം തങ്ങൾ നിശ്ചയിച്ചു കൊടുത്ത മുറക്ക് തന്നെ ഉത്സവം നടത്തുന്നു. മലയാള മാസം ഇടവത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ്‌ കളിയാട്ടുകാവിൽ ഉത്സവം ആരംഭിക്കുന്നത്‌. പിന്നീടുളള ദിനങ്ങളില്‍ കളിയാട്ടത്തിൻ്റെ വരവറയിച്ചുളള പൊയ്കുതിരകള്‍ ദേശത്തെ വലതു വയ്‌ക്കും. 13 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം ഇടവത്തിലെ രണ്ടാമത്തെ വെളളിയാഴ്‌ച്ച കോഴിക്കളിയാട്ടത്തോടു കൂടി അവസാനിക്കും. വിവിധ പ്രദേശത്തു നിന്നും ഭക്തജനങ്ങള്‍ കൊണ്ടു വരുന്ന കോഴി - കുതിര- രൂപങ്ങളുടെ ഘോഷയാത്രയില്‍ കൊട്ടുവാദ്യങ്ങളും ഉണ്ടായിരിക്കും. ആചാരപ്രകാരമുള്ള പ്രദക്ഷിണത്തിനു ശേഷം ഈ രൂപങ്ങളെ ക്ഷേത്രത്തിനു സമീപം തന്നെ ധ്വംസനം ചെയ്യുന്നു.  വൈകുന്നേരം താലപ്പൊലിയുമുണ്ടാവും.



കളിയാട്ടക്കാവിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിരസംഘങ്ങൾ  മമ്പുറം മഖാമിൽ സന്ദർശനം നടത്തി. മഖാമിൽ കാണിക്ക നൽകിയ സംഘങ്ങൾ മഖാമിന് മുന്നിൽവെച്ച് മമ്പുറം സയ്യിദ് അലവി തങ്ങളുടെ നന്മകൾ ചെണ്ടകൊട്ടി പാടുന്നു. തുടർന്ന് മഖാമിലെ കൊടിമരത്തെ വലം വച്ചാണ് മടങ്ങുന്നത്. ഇപ്പോഴും ഈ പതിവ് തെറ്റിക്കാതെ കളിയാട്ടക്കാവ് ഉത്സവം നടക്കുന്നു.(25)



ഇതു പോലെ മതമൈത്രി കളിയാടുന്ന മറ്റൊരു സംഭവമാണ് ശബരിമലയിലെ അയ്യപ്പനും വാവരും. തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഹൈന്ദവ ആരാധനാമൂർത്തിയാണ് അയ്യപ്പൻ. ശിവന്റെയും വിഷ്ണുവി‍ന്റെ അവതാരമായ മോഹിനിയുടെയും പുത്രനായിട്ടാണ് അയ്യപ്പൻ ജനിച്ചത് എന്നാണ് ഐതിഹ്യം. ആ അയ്യപ്പൻ്റെ വിട്ടുപിരിയാത്ത കൂട്ടുകാരനാണ് മുസ്ലിം സിദ്ധനായ വാവർ. വരുന്ന കാലം മുന്നില്‍ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരും എന്നു പറയാം. ഹരിഹര പുത്രനായ ശ്രീ മണികണ്ഠൻ അമ്മയുടെ രോഗം മാറ്റുവാൻ പുലിപ്പാൽ അന്വേഷിച്ചു ഇറങ്ങുകയും കാട്ടിലൂടെ നടന്നു എരുമേലിയിൽ എത്തുകയും അവിടെ വച്ച് വാവരുമായി ഏറ്റുമുട്ടുകയും ദീർഘനേരം പിന്നിട്ടിട്ടും ആരും ജയിക്കാതിരിക്കുകയും ചെയ്തപ്പോൾ, രണ്ടു പേരും ഒന്നിച്ചു എനിക്കൊത്ത ചങ്ങാതി എന്നു പറയും അങ്ങനെ ചങ്ങാതിമാരായി മാറുകയും ചെയ്തു എന്നാണ് ഐതീഹ്യം. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും എരുമേലി പ്രദേശത്തിൻ്റെ പേടി സ്വപ്നമായ മഹിഷാസുരൻ എന്ന ദുഷ്ടനെ ഇരുവരും ചേർന്നു വധിച്ചു എന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നുമാണ് ഐതീഹ്യം.(26) ശബരിമലയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന, കോട്ടയം ജില്ലയിലെ എരുമേലിയിലെ വാവർ പള്ളി ഹൈന്ദവ തീർത്ഥാടകർക്ക് ഒരിക്കലും അവഗണിക്കാൻ കഴിയുന്നതല്ല. ശബരി മല തീർഥാടനത്തിൻ്റെ ഭാഗമായ എരുമേലി പേട്ടതുള്ളൽ ഏറെ ശ്രദ്ധേയമാണ്. തീർഥാടകരായ അയ്യപ്പന്മാർ എരുമേലി പേട്ടയിലുള്ള കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തിൽ നിന്നും തുടങ്ങി വാവർ‌പള്ളി എന്നു വിളിക്കപ്പെടുന്ന മുസ്ലിം പള്ളിയിൽ കയറി വലംവെച്ചു പ്രാർഥന നടത്തി അര കിലോമീറ്റർ തെക്കുമാറിയുള്ള വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.



അയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമായ ശ്രീഭൂതനാഥോപാഖ്യാനത്തിലും ശാസ്താംപാട്ടുകളിലും വാവരെ കുറിച്ച് പരാമർശങ്ങളുണ്ട്. അദ്ദേഹം അറേബ്യയിൽ നിന്ന് വന്നതാണെന്നും തമിഴ്നാട്ടിൽ വന്ന മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു എന്നും ചരിത്രമുണ്ട്. വാവർ ഒരു ദൈവത്തിൻ്റെ ഇഷ്ടദാസനായ ഒരു സാധകൻ ആയിരുന്നത് കൊണ്ട് വാവർ വലിയുല്ലാഹി ആണെന്ന് പല മുസ്ലിംകളും വിശ്വസിക്കുന്നു. ഏതായാലും പന്തളത്തു രാജാവ് പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന എരുമേലിയിലെ വാവർ പള്ളി കേരളത്തിൻ്റെ മത മൈത്രിയുടെ ഏറ്റവും വലിയ പ്രതീകമാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ ഇതു മാത്രമായിരിക്കാം എന്ന് പലരും കൗതുകത്തോടെ പറയുന്നത് ഈ നാടിൻ്റെ പാരസ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ശബരിമലയിലെ പതിനെട്ടാം പടിക്ക് സമീപം വലതു വശത്ത് സ്ഥിതി ചെയ്യുന്ന വാവർ നടയിൽ വിഗ്രഹങ്ങളും പ്രതിഷ്ഠകളും വെക്കാതെ, വാവരുടെ പിന്മുറക്കാരായ മുസ്ലിംകൾക്ക് അവിടെ കൈകാര്യം പറ്റുന്നത് ആരെയും ചിന്തിപ്പിക്കുന്ന കാര്യമാണ്.

ഇതാണ് കേരളം. ഖാദിരീ സൂഫീ പണ്ഡിതനും ആത്മീയ കവിയുമായ കുഞ്ഞായീൻ മുസ്ലിയാർ, സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായ മങ്ങാട്ടച്ചനെ സന്തത സഹചാരിയാക്കിയ നാട്. അവർ ഇരുവരുടെയും ഫലിതങ്ങളും നർമങ്ങളും കേട്ടു കുടുകുടാ ചിരിച്ച നാട്. ഇവിടെയാണ് കോഴിക്കോട് നഗരവാസികൾക്ക് ശുദ്ധജല ക്ഷാമം വന്നപ്പോൾ, മനാഞ്ചിറ മൈതാനത്ത് കുളമുണ്ടാക്കിയാൽ ശുദ്ധജലം കിട്ടുമെന്ന് പറഞ്ഞു ശൈഖ് ജിഫ്രി സ്ഥലം നിർണയിച്ചു കൊടുത്തത്. സാമൂതിരി വിക്രമൻ തമ്പുരാൻ സ്ഥലം വിട്ടുകൊടുത്തത്. ടിപ്പു സുൽത്താൻ അതിൻ്റെ മറ്റു ചെലവുകളെല്ലാം വഹിച്ചത്.
ഇവിടെയാണ് കേരളത്തിൻ്റെ ഉമർ ഖയ്യാം എന്ന് വിളിക്കപ്പെട്ട ഇച്ച മസ്താൻ എന്ന അബ്ദുൽ ഖാദർ മസ്താൻ(1871 - 1933) ശ്രീനാരായണ ഗുരു(1856-1928) എന്ന ഹൈന്ദവ ദാർശകനുമായി ആത്മീയ സംവാദത്തിലേർപ്പെട്ടത്. കേരളത്തിൻ്റെ ദർശനികനായ ആ നാണുസാമി വരക്കൽ മുല്ലക്കോയ തങ്ങളു(1840-1932)മായി അളവറ്റ സ്നേഹ സൗഹാർദ്ദം കൈമാറിയത്.(27) ഇവിടെയാണ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ(1906-1973) എന്ന മുസ്ലിം സമുദായ നേതാവും മന്നത്ത് പത്മനാഭൻ (1878- 1970) നായർ സമുദായ നേതാവും ആർ.ശങ്കർ (1909-1972) എന്ന ഈഴവ സമുദായ നേതാവും ഒരു കുടക്കീഴിൽ ചേർന്നു നിന്നു കൈകോർത്തു പിടിച്ചു മുന്നേറിയത്.



വർഗീയത തിളച്ചു മറിയുന്ന പുതിയ കാലത്തും സമയത്തും നാം ഓർക്കേണ്ടതും പറയേണ്ടതും പാരസ്പര്യത്തിൻ്റെ ഇത്തരം കഥകളാണ്. സമസ്ത കേരള ജംഇയത്തുൽ ഉലമാ ഒരു നൂറ്റാണ്ടോളമായി ഇവിടെ ഉയർത്തിപ്പിടിക്കുന്നത് ഈ പാരമ്പര്യമാണ്. സമസ്തയെ അരനൂറ്റാണ്ടോളം നയിച്ച ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ തൻ്റെ പ്രഭാഷണങ്ങളിലെല്ലാം കേരളത്തിൻ്റെ പാരസ്പര്യവും മൈത്രിയും ഓർമപ്പെടുത്താറുണ്ടായിരുന്നു. സമസ്ത അറുപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് 03. O2.1985 ന് കോഴിക്കോട് കടപ്പുറത്തെ ജനലക്ഷങ്ങളെ അഭിമുഖീകരിച്ചു അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഉദ്ധരിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.(28).



ഇവിടെ മാനാഞ്ചിറക്കുളം എങ്ങനെ നിലവിൽ വന്നു? അതിനെങ്ങനെ ആ പേര് ലഭിച്ചു? അവിടെ ശുദ്ധജലമുണ്ടെന്ന് സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. അതിനു വേണ്ട ചെലവുകൾ ഞാൻ വഹിക്കാമെന്ന് ടിപ്പു സുൽത്താൻ ഏറ്റു. വേണ്ട സ്ഥലം സാമൂതിരി വിക്രമൻ തമ്പുരാൻ വാഗ്ദത്തം ചെയ്തു. അതിന് മാനാഞ്ചിറ എന്നു നാമവും അദ്ദേഹം നൽകി. ഇത് മതസൗഹാർദ്ദമല്ലേ? ഇതുപോലുള്ള മതസൗഹാർദ്ദം നിലനിൽക്കണമെങ്കിൽ സുന്നത്ത് ജമാത്തത്തിനെ കൊണ്ടു മാത്രമേ സാധ്യമാകൂ എന്ന് രാജ്യത്തെ മുഴുവൻ ആളുകളും മനസ്സിലാക്കണം.



വാവർ വലിയുല്ലാഹി, അയ്യപ്പ സ്വാമി, രണ്ടു പേരിലെയും മതസൗഹാർദ്ദ നില എന്തായിരുന്നു? വാവർ വലിയുല്ലാഹിയാണ്. മറ്റെയാൾ സ്വാമിയാണ്. ഇവർ ഇന്നും ചരിത്രപുരുഷന്മാരല്ലേ? ഈ രീതിയിൽ മതസൗഹാർദ്ദം നിലനിർത്തണമെങ്കിൽ സുന്നത്ത് ജമാഅത്തിൽ ഉറച്ച മുസ് ലിം സമുദായത്തെകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. വർഗീയത ഈ രാജ്യത്തിന് എത്ര വലിയ ആപത്താണെന്ന് നാം മനസ്സിലാക്കണം.
സ്വാദിഖ് ഫൈസി താനൂർ

സൂചിക:
1. The Last Jews of Kerala, p. 98
2. 2. The Encyclopedia of Christianity, Volume 5 by Erwin Fahlbusch. Wm. B. Eerdmans Publishing – 2008. p. 285.
3. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ, തുഹ്ഫത്തുൽ മുജാഹിദീൻ പേജ് 26-28.
4. സുപ്രഭാതം ദിനപത്രം 2016 നവംബർ 11. സിറാജ് 2019 മെയ് 20
5.ഉദ്ധരണി: അഡ്വ.ടി.ബി സെലു രാജ്/ സാമൂതിരി രാജവംശത്തിൻ്റെ മതനിരപേക്ഷത. മാതൃഭൂമി പ്രസിദ്ധീകരിച്ച മലബാർ പൈതൃകവും പ്രതാപവും എന്ന പുസ്കത്തിൽ നിന്ന്. പേജ് 436.

6. ഡോ.എം .ജി.എസ് ഉദ്ധരണി: അതേ പുസ്തകം. പേജ്.267
7.നടേ ഉദ്ധരിച്ച പുസ്തകം. പേജ്: 115 - 116

8.ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ, തുഹ്ഫത്തുൽ മുജാഹിദീൻ പേജ് 34

9. ഖാളി മുഹമ്മദ്, ഫത്ഹുൽ മുബീൻ. പരിഭാഷ ടി. അബ്ദുൽ അസീസ് പേജ്: 64
10. ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അശൈഖ് അബുൽ വഫാ മുഹമ്മദ് കാലിക്കൂത്തി പേജ്: 27
11. അതേ പുസ്തകം. പേജ്: 28
12. പി.കെ മുഹമ്മദ് കുഞ്ഞി, മുസ് ലിംകളും കേരള സംസ്കാരവും. 1982, പേജ്. 78
13. ശൈഖ് മാമുക്കോയ തങ്ങളും അപ്പ വാണിഭ നേർച്ചയും. പരപ്പിൽ മുഹമ്മദ് കോയ, കോഴിക്കോട്ടെ മുസ് ലിംകളുടെ ചരിത്രം. പേജ് 222, സി.എൻ അഹ്മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുൽ കരീം, മഹത്തായ മാപ്പിള പാരമ്പര്യം 1978 പേജ്.161
14. സത്യൻ എക്കാട്, വാസ്കോഡ ഗാമയും ചരിത്രത്തിലെ കാണാപുറങ്ങളും 2014 പേജ് 192, O.K. Nambiar, Portuguese Pirates and Indian Seame 163-164.
15. Andrea Acri, Imagining Asia(s): Networks, Actors, Sites,iseas singapore,p 167
16.De-Couto, The Decadas (Extracts) quoted in Portuguese Pirates and Indian Seamen, p 184

17. Portuguese Pirates and Indian Seamen p. 188 ,p.146
18. ezhimala the abode of the naval academy page 44
18. മലബാർ പൈതൃകവും പ്രതാപവും - 272
19. kv krishna ayyar zamorins of calicut calicut page 280
20.DelhiJanuary 24, India Today Web Desk New; January 24, 2019UPDATED; Ist, 2019 20:39. CBSE Class 12 History #CrashCourse: Bhakti movements emergence and influence. India Today.

21. Sufis - Wisdom against Violence) Article on Baba Farid on the South Asian magazine website published in April 2001, Retrieved 1 November 2018
22.Khanna, Bharat. Surge of interest in books on founder of Sikhism. The Times of India. Retrieved 14 December 2019.

23.Tadhkira e Sarkar Alauddin Ali Ahmed Sabir Kaliyari. 31 May 2011

24.K.N. Panikkar- Against Lord and State; Religion and Peasant Uprisings in Malabar 1836-1921.

25.https://imalayalee.org/munniyoor-kozhikkaliyattam

26. സമസ്ത 90 മത് വാർഷിക സമ്മേളന സുവനീർ. പേജ് 498.
27. എ.വി ഫിർദൗസ്, ഗുരുവും സൂഫികളും: സുപ്രഭാതം ദിനപത്രം 2018 സപ്തംബർ 23, സപ്തംബർ 30.
28.https://youtu.be/dqQ71qpEmu4

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso