
.jpeg)
മാസവിശേഷം / ജുമാദുൽ ആഖിറ
18-12-2021
Web Design
15 Comments
രണ്ടാം ജുമാദയുടെ ഓർമ്മകൾ
മഞ്ഞുകാലം ശക്തിപ്പെടുന്ന മാസങ്ങളുടെ അവസാന ഭാഗമാണ് ജുമാദൽ ആഖിറ. ഈ മാസത്തിന്റെ പേര് പ്രയോഗിക്കുന്നതിൽ പിൽക്കാലത്ത് ചില പിശകുകൾ പിണഞ്ഞിട്ടുണ്ട്. ജു എന്നത് ജ എന്ന് പറയുന്നതാണ് അവയിലൊന്ന്. ഭാഷാ ഗ്രന്ഥങ്ങൾ ജ എന്നു പ്രയോഗിക്കുന്നത് തെറ്റാണ് എന്ന് പറയുന്നുണ്ട്. അപ്രകാരം തന്നെ ആഖിർ എന്ന് പറയുന്നതും തെറ്റാണ്. ജുമാദാ എന്ന പദം ഭാഷാപരമായി സ്ത്രീ ലിംഗമായതിനാൽ ആഖിറ എന്ന് വിശേഷണത്തെയും സ്ത്രീലിംഗമാക്കേണ്ടതുണ്ട്. റബീഉൽ ആഖിറിൽ പക്ഷെ റബീഅ് പുല്ലിംഗമായതിനാൽ ആഖിർ എന്നു തന്നെ പ്രയോഗിക്കാം. മറ്റൊരു ശ്രദ്ധക്കുറവ് ആഖിറ എന്നതിനു പകരം രണ്ടാമത്തെ എന്നർഥം വരുന്ന താനി എന്ന് പ്രയോഗിക്കുന്നതാണ്. ഇത് ആധുനിക മീഡിയയിൽ വളരെ വ്യപ്രകമാണ്. മൂന്നാമത്തേതും നാലാമത്തേതുമൊക്കെ ഉണ്ടെങ്കിൽ മാത്രമെ താനി എന്നുപയോഗിക്കാവൂ എന്നാണ് അറബികളുടെ ഭാഷാനിയമം എന്ന് ലിസാനുൽ അറബ് പറയുന്നുണ്ട്. അതിനാൽ ശരിയായ പ്രയോഗം ജുമാദൽ ആഖിറ എന്നാണ്. മഞ്ഞു കാലത്തിന്റെ അവസാനത്തിന് നബി തിരുമേനിയുടെ അഞ്ചാം പ്രപിതാവ് കിലാബിന്റെ കാലം മുതൽ ജുമാദൽ ആഖിറ എന്നു വിളിച്ചു വന്നു എന്നാണ് ഐതിഹ്യം.
സമ്പന്നമായ ഇസ്ലാമിക സംസ്കൃതി ചരിത്രത്തിൽ മറ്റേതു മാസവും പോലെ നിരവധി സംഭവങ്ങൾക്കും ജനന-മരണങ്ങൾക്കുമെല്ലാം ഈ മാസവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും മുഖ്യ വിഷയം, സംസ്കാരം, ചിന്താഗതി തുടങ്ങിയവ ക്കനുസൃതമായി ഓരോരുത്തരും അവയിൽ നിന്ന് തനിക്കു വേണ്ടത് എടുത്തുദ്ധരിക്കുന്നു. നബി യുഗം മുതൽ വർത്തമാന കേരളീയ ഇസ്ലാമിക പരിസരം വരെ നീണ്ടു കിടക്കുന്ന നമ്മുടെ സാംസ്കാരിക രേഖയിൽ ഇത്തരം അവിസ്മരണീയങ്ങളായ പല സംഭവങ്ങളുമുണ്ട്. അവയിൽ ഒന്ന് ഒന്നാം ഖലീഫ അബൂബക്കർ (റ) വിന്റെ വഫാത്താണ്. തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ മഹാനവർകൾ വിട പറഞ്ഞത് ജുമാദൽ ആഖിറ 23 - നായിരുന്നു എന്ന് ഇബ്നു കതീർ , ത്വബരി എന്നിവർ യഥാക്രമം അൽ ബിദായ വന്നിഹായയിലും താരീഖുൽ ഉമ മി വൽ മുലൂക്കിലും പറയുന്നു. എ ഡി 634 ഓഗസ്റ്റ് 23 നായിരുന്നു ഇത്. ബാഹ്യമായ രോഗം പതിയായിരുന്നു. മരണത്തിന്റെ പതിനഞ്ച് ദിവസം മുമ്പ് കടുത്ത തണുപ്പിൽ ഒരു ദിവസം അദ്ദേഹം കളിച്ചതോടെയായിരുന്നു പനി പിടിച്ചത്. പള്ളിയിലേക്ക് പോകുവാൻ പോലും കഴിയാത്ത വിധം അദ്ദേഹം കിടപ്പിലായി. ഈ ദിവസങ്ങളിൽ ഉമർ(റ) ആയിരുന്നു ഇമാമത്ത് നിർവ്വഹിച്ചിരുന്നത്.
രോഗം കൂടി വരികയും മരണത്തിന്റെ സൂചനകൾ സ്വയം തോന്നിത്തുടങ്ങുകയും ചെയ്തതോടെ അദ്ദേഹത്തിന് ആധിയായി. സമുദായം തന്നെ ഏൽപ്പിച്ച യിലാഫത്ത് എന്ന അധികാരം ആരെ എങ്ങനെ ഏൽപ്പിക്കും എന്നതായിരുന്നു പ്രധാന ആധി. അതുകൊണ്ട് പ്രമുഖ സ്വഹാബിവര്യരുമായി കൂടിയാലോചന നടത്തി അദ്ദേഹം ഉമർ (റ) വിനെ അധികാരം ഏൽപ്പിക്കുകയായിരുന്നു. ഭാര്യ അസ്മാ ബീവിയും മകൻ അബ്ദുൽ റഹ് മാൻ (റ) യും കൂടിയാണ് കുളിപ്പിച്ചത്. ഉമർ(റ) നിസ്കാരത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പോലെ ആയിഷ (റ) യുടെ വീട്ടിൽ നബി (സ) യുടെ ചാരത്തായി മറമാടുകയും ചെയ്തു.
പിന്നീട് ജുമാദൽ ആഖിറ സാക്ഷ്യം വഹിക്കുന്ന ഒരു പ്രധാന പേർപാട് പ്രമുഖ അബ്ബാസീ ഖലീഫ ഹാറൂനുറഷീദിന്റെതാണ്. അബ്ബാസീ ഖിലാഫത്തിലെ അഞ്ചാം പലീഫയായിരുന്ന ഹാറൂൻ റഷീദ് ഇസ്ലാമിക നാഗരികതയിൽ അവിസ്മരണീയനാണ്. ലോക പ്രശസ്തമായ ബഗ്ദാദിലെ ഗ്രന്ഥാലയം ബൈത്തുൽ ഹിക്മ അദ്ദേഹമാണ് മുസ്ലിം ലോകത്തിനു സമർപ്പിച്ചത്. ലോകോത്തര അന്യഭാഷാ ഗ്രന്ഥങ്ങൾ അറബിയിലെത്തിച്ചത് അദ്ദേഹമാണ്. ഇസ്ലാമിക രാജ്യത്ത് ആദ്യമായി കടലാസ്സ് ഫാക്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. അക്കാലത്തെ ഏറ്റവും വലിയ ആശുപത്രിയായിരുന്ന അൽ റഷീദ് ആശുപത്രിയും അദ്ദേഹത്തിന്റെ ദാനം തന്നെ. കലയും സാഹിത്യവും ഏറ്റവും വലിയ വളർച്ച നേടിയ കാലവും അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇസ്ലാമിക സാമാജ്യം ഏറെ വളർന്നു. മഴമേഖങ്ങളെ നോക്കി നീ എവിടെ പോയി പെയ്താലും നിന്റെ തുള്ളികൾ വീഴുന്നത് എന്റെ മണ്ണിലായിരിക്കും എന്ന് ഹാറൂൻ റഷീദ് പറയുന്നുണ്ട്. അത് കുറിക്കുന്നത് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ വിസ്തൃതിയാണ്. ഖലീഫ മുഹമ്മദുൽ മഹ്ദിയുടെയും ഖൈസുറാൻ രാജ്ഞിയുടെയും മകനായി ഹിജ്റ 149-ൽ റയ്യിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവിനു ശേഷം അധികാരത്തിൽ വന്ന സഹോദരൻ മൂസൽ ഹാദിയുടെ മരണത്തിനു ശേഷമാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അധികാരത്തിലെത്തുമ്പോൾ അദ്ദേഹത്തിന് വെറും 22 വയസ്സായിരുന്നു പ്രായം.
അബ്ബാസീ സാമ്രാജ്യത്തിന് ഏറെ അഭിമാനകരമായ വളർച്ചകൾ ഉണ്ടായ കാലമായിരുന്നു ഹാറൂൻ റഷീദിന്റെ ഭരണ കാലമെങ്കിലും ശക്തമായ ആഭ്യന്തര പ്രശ്നങ്ങൾ പലതും അദ്ദേഹത്തെയും അധികാരത്തെയും വേട്ടയാടിയിരുന്നു. ബറാമിക്കുകളായിരുന്നു വലിയ വെല്ലുവിളി ഉയർത്തിയത്. അധികാരത്തിൽ വലിയ പദവികൾ വഹിച്ചിരുന്നവരായിരുന്നു ബർമക്കുകൾ. ഇതിനിടയിൽ അദ്ദേഹത്തിന് കഠിനമായ രോഗം വന്നു. രോഗം എല്ലാവരിൽ നിന്നും അദ്ദേഹം മറച്ചു പിടിക്കുകയായിരുന്നു. ഈ സമയത്ത് ഖുറാസാനിൽ റാഫിഅ് ബിൻ ലൈത് എന്ന വിപ്ലവകാരിയുടെ അനുയായികൾ വെല്ലുവിളി ഉയർത്തിയതോടെ അവരെ അമർച്ച ചെയ്യുവാൻ അദ്ദേഹം അങ്ങോട്ട് പുറപ്പെട്ടു. പക്ഷെ വഴിയിൽ ത്വൂസിൽ എത്തിയതും രോഗം കലശലായി. അവിടെ വെച്ച് ഹിജ്റ 193-ലെ ജുമാദൽ ആഖിറയിൽ അദ്ദേഹം വഫാത്തായി. മരണപ്പെടുമ്പോൾ 44 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
മറ്റൊരു വഫാത്ത് ഓർമ്മ ഇമാം ഗസ്സാലി( റ ) യുടേതാണ്. മത പണ്ഡിതന്‍, ചിന്തകന്‍, ദാര്‍ശനികന്‍, സൂഫിവര്യന്‍, എന്നീ നിലക്കെല്ലാം ശോഭിച്ച ഇമാം ഗസ്സാലി ഇസ്ലാമിന്റെ ഒരു വിജ്ഞാനകോശമായി ഗണിക്കപ്പെടുന്നു. ഹി.450 (ക്രി.1058)ല്‍ ഖുറാസാനില്‍പെട്ട ഇന്നത്തെ ത്വൂസില്‍ ജനിച്ചു. അദ്ദേഹം ഗസ്സാലി എന്നു വ്യവഹരിക്കപ്പെട്ടിരുന്നതിനു പിന്നിൽ രണ്ട് ന്യായങ്ങൾ പറയപ്പെടുന്നുണ്ട്. നൂൽ നൂറ്റ് വസ്ത്രങ്ങൾ ഉണ്ടാക്കുന്ന കുടുംബമായിരുന്നതിനാൽ നൂൽക്കുന്ന വൻ എന്ന അർഥത്തിൽ ഗസ്സാലി എന്നു വിളിക്കപ്പെട്ടു എന്നതാണ് ഒന്ന്. അവർ താമസിച്ചിരുന്ന പ്രദേശത്തിന്റെ പേര് ഗസാല്‍ എന്നായിരുന്നുവെന്നും ജന്‍മനാട്ടിലേക്ക് ചേര്‍ത്തുകൊണ്ട് അദ്ദേഹത്തെ ഗസ്സാലി എന്നു വിളിച്ചുവെന്നുമാണ് മറ്റൊരു അഭിപ്രായം. നാട്ടിലെ പഠനത്തിനുശേഷം ഹി.470ല്‍ ഗസ്സാലി നീസാബൂരിലെത്തി ഇമാമുല്‍ ഹറമൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം ജുവൈനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഹി.488ല്‍ ബഗ്ദാദില്‍ നിന്നു സിറിയയിലേക്ക് യാത്രയായി. ഇതിനിടെ ഡമസ്‌കസ് പള്ളിയിലും മറ്റുമായി കുറച്ചുകാലം കഴിച്ചുകൂട്ടി. ക്രമേണ ഏകാന്ത ജീവിതം നയിച്ച അദ്ദേഹം പിന്നീട് ഏതാനും വർഷങ്ങൾ അലഞ്ഞുതിരിയുകയായിരുന്നു. ഈ കാലത്താണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ അദ്ദേഹം സ്വരൂപിക്കുന്നത്. ഹി.499ല്‍ നീസാബൂരില്‍ തിരിച്ചെത്തി വൈജ്ഞാനിക രംഗത്ത് കൂടുതല്‍ സജീവമായി. രണ്ടു വര്‍ഷത്തിനു ശേഷം ഫഖ്‌റുല്‍ മുല്‍കിന്റെ നിര്യാണത്തെ തുടര്‍ന്ന് ജന്‍മനാടായ ത്വൂസിലേക്കു തന്നെ തിരിച്ചുപോയി.
ഇമാം ഗസ്സാലി 228 ഗ്രന്ഥങ്ങള്‍ രചിച്ചതായി കണക്കാക്കപ്പെടുന്നു. അവയില്‍ അധ്യാത്മ ജ്ഞാനം, ഫിഖ്ഹ്, നിയമം, വിശ്വാസം, തര്‍ക്ക ശാസ്ത്രം, ഫിലോസഫി എന്നീ വിഷയങ്ങളിലായി 45 ഗ്രന്ഥങ്ങളാണ് അച്ചടിച്ചുപുറത്തുവന്നിട്ടുള്ളത്. ഏറ്റവും ഒടുവിലായി രചിച്ച ഗ്രന്ഥമാണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന 2 വാള്യങ്ങളുള്ള ബൃഹത്തായ കൃതി. ഈ ഗ്രന്ഥത്തില്‍ ഇസ്‌ലാമിന്റെ വിശ്വാസാരാധാനകള്‍, മനുഷ്യന്റെ ദുര്‍ഗുണങ്ങള്‍, ദൈവസാമീപ്യം നേടി സായൂജ്യമടയാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. ഹി.505 (ക്രി.1111)ല്‍ ജുമാദൽ ആഖിറ 14 - നാണ് ഇമാം ഗസ്സാലി (റ) അന്ത്യയാത്രയായത്. അന്ന് തിങ്കളാഴ്ചയായിരുന്നു. സുബ്ഹിന്റെ സമയത്ത് അദ്ദേഹം വുദു ചെയ്തു നമസ്‌കരിച്ചു. പിന്നെ കഫന്‍ പുടവ കൊണ്ടുവരാന്‍ കല്‍പിച്ചു. അതെടുത്ത് ചംബിച്ചു കണ്ണിനുമുകളില്‍ വെച്ചു. പിന്നെ മലക്കിനു സ്വാഗതം പറഞ്ഞു. രണ്ടുകാലും നീട്ടി ഖിബ്‌ലക്കു അഭിമുഖമായി കിടന്നു കണ്ണടച്ച് റബ്ബിന്റെ പ്രീതിയിലേക്ക് യാത്രയായി.
നബി(സ)യുടെ യുഗത്തിൽ പല സംഭവങ്ങൾക്കും ഈ മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ചിലതിന്റെയെല്ലാം കാലഗണനയിൽ ചില അഭിപ്രായ അന്തരങ്ങൾ കാണപ്പെടുന്നുണ്ട്. അബൂബക്കർ(റ) വിന്റെ വഫാത്ത് ഈ മാസത്തിലായിരുന്നു എന്ന നിലക്ക് രണ്ടാം ഖലീഫ ഉമർ(റ) ഖലീഫയായി അധികാരമേറ്റതും ഈ മാസത്തിലെ ചരിത്രങ്ങളിൽ പെടുന്നു. മറ്റൊരു ചരിത്രം അംറ് ബിൻ ആസ്വ് (റ) വിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ അലക്സാണ്ടറിയയിൽ എത്തിച്ചേർന്നതിന്റെ ഓർമ്മയാണ്. ഹിജ്റ 20 -ലായിരുന്നു ഈ സംഭവം. ഉമർ(റ) ആയിരുന്നു അദ്ദേഹത്തെയും സൈത്തേയും നിയോഗിച്ചത്. ഇത് ഈജിപ്തിലെ ഇസ്ലാമിക യുഗപ്പിറവിയായിരുന്നു.
കേരളീയ മുസ്ലിം ഉമ്മത്തിന്റെ നഷ്ടങ്ങളിൽ രണ്ട് നാമങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അവയിലൊന്ന് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളുടേതാണ്. 1913 ജനുവരി 20ന് സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ് ബീവിയുടെയും പുത്രനായി മലപ്പുറം ജില്ലയിൽ പാണക്കാട്ടായിരുന്നു മഹാനവർകളുടെ ജനനം. നാലുപതിറ്റാണ്ട് കേരളത്തിലെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ നിര്‍ണ്ണായകവും, നിസ്തൂലവുമായ സേവനമനുഷ്ഠിച്ച മഹാനായിരുന്നു പാണക്കാട് പൂക്കോയ തങ്ങള്‍. 1959 ജനുവരി 29, 30 തീയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ സമ്മേളനോത്ഘാടകന്‍ തങ്ങളായിരുന്നു. 24/02/1973 നു ചേര്‍ന്ന സമസ്ത മുശാവറ അദ്ദേഹത്തെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. സമസ്തയുടെ കക്കാട്, തിരുനാവായ സമ്മേളനങ്ങളുടെ സ്വാഗതസംഘം അദ്ധ്യക്ഷന്‍, സമസ്തയുടെ കീഴില്‍ സ്ഥാപിതമായ ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, എന്നീ നിലകളില്‍ സമസ്തയുടെ വേദികളില്‍ വെട്ടിത്തിളങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. പരശ്ശതം പള്ളി മദ്‌റസകളുടേയും, അനാഥശാല, അറബിക് കോളേജുകളുടേയും പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ അവിടുന്ന് വഹിച്ചിരുന്നു.
1975 ഏപ്രില്‍ 27ന് തീയ്യതി ബാംഗ്ലൂര്‍ക്കു പോകുമ്പോഴാണ് തങ്ങള്‍ക്ക് ആദ്യമായി രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കോഴിക്കോട്ടും, ബോംബൈയിലും, അദ്ദേഹത്തിന് ആധുനിക രീതിയിലുള്ള ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും തന്റെ ജനസേവനം നിര്‍ത്തി തിരിച്ചുപോകേണ്ട സമയമായിക്കഴിഞ്ഞിരുന്നു. സമകാലീന ചരിത്രത്തില്‍ പൂക്കോയ തങ്ങളുടെ സാന്നിധ്യം മുസ്‌ലിം സമൂഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേക അനുഗ്രഹമായിരുന്നു. മുഴുസമയം ദീനീ സേവകനായിരുന്ന മഹാനുഭാവന്‍ 1975 ജൂലൈ 6 ന് (ജമാദുല്‍ ഉഖ്‌റാ 26) വഫാത്തായി. പാണക്കാട് ജുമാമസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
രണ്ടാമത്തേത് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വേർപാടാണ്. ഒരിക്കലും പടി അടക്കാതെ പരാതിക്കാരുടെ വേവും വേവലാതിയും തണുപ്പിച്ച് എടുക്കുന്ന പാണക്കാട് കുടുംബത്തിലെ അഞ്ച് വിളക്കുകളിൽ രണ്ടാമനാണ് ഉമറലി ശിഹാബ് തങ്ങൾ. ഉത്തരവാദിത്തങ്ങൾ സ്റ്റേജിലും പേജിലും പ്രകടനം ചെയ്യാനുള്ളത് മാത്രമല്ലെന്നും പാരത്രിക ജീവിതത്തിൽ ശക്തമായ വിചാരണക്കുള്ള വകുപ്പാണെന്നും ശേഷിക്കാർക്ക് ജീവിതസന്ദേശമായി ബാക്കിവെച്ചവരുമാണ് പാണക്കാട്ടെ മുത്തു മോൻ. 1942 ജൂൺ 23 നാണ് തങ്ങൾ പ്രവാചക പുംഗവരുടെ സന്താന പരമ്പരയിലെ നാല്പതാമത്തെ കണ്ണിയായി പിറവികൊണ്ടത്. കേരള മുസ്ലിംകളുടെ ആത്മീയ-രാഷ്ട്രീയ നേതാവായിരുന്ന പി എം എസ് എ പൂക്കോയ തങ്ങൾ പിതാവും ആയിഷ ബീവി മാതാവുമാണ്. പഠന കാലയളവിലെ ആദ്യത്തെ അഞ്ചു വർഷങ്ങൾ മദ്രസയും സ്കൂളുമായി നാട്ടിൽ തന്നെയായിരുന്നു. പാണക്കാട് ദേവദാർ സ്കൂളിൽ ആറാം ക്ലാസ് പൂർത്തിയാക്കിയതു മുതൽ എസ് എസ് എൽ സി വരെ കോഴിക്കോട് എം എം ഹൈസ്കൂളിലായിരുന്നു പഠനം. അക്കാലത്ത് താമസം ഉപ്പയുടെ അടുത്ത ബന്ധുവും സൂഫിവര്യനുമായ കോയ വീട്ടിൽ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിൽ ആയിരുന്നു. 1959 മാർച്ചിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി. ശേഷം രണ്ടത്താണിക്കടുത്തുള്ള കാനാഞ്ചേരി മാറാക്കര പഞ്ചായത്തിലെ കല്ലാർമംഗലം എന്നിവിടങ്ങളിൽ അഞ്ചു വർഷത്തെ ദർസ് പഠനം. പൊന്മള മൊയ്‌തു മുസ്‌ലിയാരായിരുന്നു ഉസ്താദ്. 1964 ൽ ഉപരിപഠനാർത്ഥം പട്ടിക്കാട് ജാമിയ നൂരിയ്യയിൽ ചേർന്നു. നാലു വർഷത്തെ ഉപരിപഠന ശേഷം 1968 പിതാവ് പൂക്കോയ തങ്ങളിൽ നിന്നാണ് സനദ് വാങ്ങിയത്. ശംസുൽ ഉലമാ കോട്ടുമല ഉസ്താദ് എന്നിവരായിരുന്നു ജാമിഅയിലെ പ്രധാന ഗുരു വൈര്യന്മാർ.
2003 ൽ കേരള വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 1970 ൽ പാണക്കാട് ജുമുഅത്ത് പള്ളിയും മദ്രസയും നടത്തുന്ന മഅദനുൽ ഉലൂം സംഘത്തിന്റെ ജനറൽ സെക്രട്ടറിയിൽ നിന്ന് തുടങ്ങി സുന്നി പ്രസ്ഥാനങ്ങൾക്കായുള്ള മേൽ നോട്ടങ്ങൾ വഹിച്ച സ്ഥാനങ്ങളിലൊക്കെയും നേട്ടത്തിന്റെ പൊൻതൂവലുകൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാൻ ഉണ്ട്. എസ് വൈ എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചു. പിന്നീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ ട്രഷറര്‍ സ്ഥാനത്തേക്കും തുടര്‍ന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹം ഉയര്‍ന്നു. 2003 ല്‍ കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എസ് വൈ എസ് നടത്തിയ ശാന്തി യാത്രക്ക് നേതൃത്വം നല്‍കിയത് ഉമറലി ശിഹാബ് തങ്ങളായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം സുന്നി പ്രസ്ഥാനത്തിനുവേണ്ടിയും സമസ്തക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. 2008 ജൂലൈ 3 ന് രാത്രി 10 മണിക്ക് ആ ജീവിതം ദൗത്യം പൂർത്തീകരിച്ച് റബ്ബിലേക്ക് മടങ്ങി. അതും ജുമാദൽ ആഖിറയിലായിരുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso