
.jpeg)
മതാധ്യക്ഷർ മാന്യത മറന്നാൽ..
01-02-2022
Web Design
15 Comments
വാദിച്ചോ സമർഥിച്ചോ മറ്റൊരാൾക്കു മുമ്പിൽ വിജയിക്കുവാനോ മേൽകൈ നേടുവാനോ കഴിയുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നത് ഇന്നത്തെ കാലത്തിന്റെ ഒരു യാഥാർഥ്യമാണ്. ഒന്നുകൂടി വിശാലമായ അർഥത്തിൽ പറഞ്ഞാൽ ഏതു തരം ബലപ്രയോഗത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ അനുരാഗം, വ്യക്തമായ കാര്യലാഭം എന്നിവക്കു വേണ്ടിയല്ലാതെ ഒരാൾക്കും കുറഞ്ഞു കൊടുക്കാൻ ഒരാളുടെ മനസ്സും തയ്യാറാവാത്ത വിധം അഹങ്കാരം മനുഷ്യന്റെ മനസ്സിൽ ആഴത്തിൽ വേരിറക്കിക്കഴിഞ്ഞിരിക്കുന്നു എന്നതു കൊണ്ടാണിത്. അതാണ് ഇന്നത്തെ എല്ലാ വാഗ്വാദങ്ങളും അതിവേഗം കലാപമായി വളരുന്നത്. ആർക്കും ആരെയും പറഞ്ഞു തോൽപ്പിക്കാൻ കഴിയില്ലെങ്കിൽ പിന്നെ അത് വിദ്വേഷത്തിനും അകൽച്ചക്കുമൊക്കെയല്ലാതെ മറ്റെന്തിനാണ് വഴിവെക്കുക!. ഇത്തരം അകൽച്ചകൾ വന്യമാകുമ്പോഴാണല്ലോ കലാപങ്ങൾ ഉണ്ടാ കുന്നത്. രാഷ്ട്രീയം, മതം തുടങ്ങിയ വേദികളിൽ ഈ പറഞ്ഞത് ഏറെ പ്രകടമാണ്. അതിന് കാരണമുണ്ട്. കാരണം രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഒരു വ്യക്തിയുടെ കാഴ്ചപ്പാടും നിലപാടുമൊക്കെയാണ്. അതിനാൽ ഇവയെ കയ്യാളുന്നതും കൈകാര്യം ചെയ്യുന്നതും ഒരു വാദം എന്ന നിലക്കായിരിക്കും. വാദം കേൾക്കുമ്പോഴേക്കും സ്വാഭാവികമായും എതിർ കക്ഷി അതിനോട് വിയോജിക്കും. ക്രമേണ വാദവും വിയോജിപ്പും അഥവാ എതിർവാദവും ഒപ്പത്തിനൊപ്പം മുറുകി വരും. രണ്ടിനും ചൂടുപിടിക്കുന്നതിനനുസരിച്ച് രണ്ടു പക്ഷവും മാന്യതയും സഭ്യതയും കൈവിടും. ചാനൽ ചർച്ചകളിൽ നാം കാണുന്നതും അനുഭവിക്കുന്നതുമാണല്ലോ ഇത്. അതുകൊണ്ട് ഇത് കൂടുതൽ വിവരിക്കേണ്ടതില്ല.
മതമാകട്ടെ അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസം എന്നാൽ ധാരണയാണ്. വെറും ധാരണയല്ല, മറ്റു തെളിവുകൾ വഴി തെറ്റാകാനുള്ള സാധ്യത ഇല്ലെന്നോ കുറവാണെന്നോ പറയാവുന്ന വിധം ഉറപ്പുള്ള ധാരണ. ധാരണയായതിനാൽ അത് എല്ലാവർക്കും ഒരേ പോലെ ഉള്ളതാവണമെന്നില്ല. അങ്ങനെയാണ് മനുഷ്യർക്കിടയിൽ പല വിശ്വാസങ്ങളും മതങ്ങളും ഉണ്ടായതുതന്നെ എന്നത് മറ്റൊരു കാര്യം. ഏതായാലും ഇത്തരം ധാരണയെ ആധാരമാക്കിയുള്ള വിശ്വാസം സ്ഥാപിക്കുന്നത് സമർഥനം വഴിയാണ്. മത പ്രബോധകരും പുരോഹിതരും ജനങ്ങളുടെ മുമ്പിൽ തങ്ങളുടെ വിശ്വാസങ്ങളെ ശക്തമായി തങ്ങളുടെ പക്കലുള്ള തെളിവുകളുടെ സഹായത്തോടെ സമർഥിക്കുകയാണ് ചെയ്യുന്നത്. ആ നിലക്ക് അതും രാഷ്ട്രീയം പോലെ വാദത്തിന്റെയും പ്രതിവാദത്തിന്റെയും രംഗമായി മാറും. കാരണം ഇവിടെ പല മതങ്ങൾ ഉണ്ടല്ലോ. ഓരോ മതക്കാരും തങ്ങളുടെ മതം വിയോജിക്കുന്ന വിഷയങ്ങളെ കുറിച്ച് ചോദ്യം ചെയ്യുക തന്നെ ചെയ്യും. ചോദ്യം ചെയ്യുമ്പോൾ ഉത്തരം പറയാൻ എതിർകക്ഷി നിർബന്ധിതമാകും. ഉത്തരം പറഞ്ഞാൽ പിന്നെ ഉപചോദ്യങ്ങൾ ഉൽഭവിക്കും. അങ്ങനെ അതു നീണ്ടു പോകും. നീളുന്നതിനനുസരിച്ച് ബന്ധം വഷളാവുകയും ചെയ്യും. അങ്ങനെയങ്ങനെ മതങ്ങൾ രാഷ്ട്രീയം പോലെ കലാപത്തിന്റെ രംഗവേദിയായി മാറും. ഇങ്ങനെയൊക്കെയാണ് പുതിയ കാലത്ത് മതസമൂഹങ്ങൾ പരസ്പരം കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടായതും ഉണ്ടാകുന്നതും.
പണ്ടത്തെ ജനത ഇന്നത്തേതിനേക്കാൾ സത്യസന്ധരായിരുന്നു. എല്ലാ കാര്യങ്ങളിലും തന്റെ നിലപാടിനെ വിജയിപ്പിച്ചെടുക്കുക എന്നതിനപ്പുറം സത്യത്തിലേക്ക് എത്തിച്ചേരുക എന്ന ത്വരയായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അതിനാൽ അവർക്കിടയിലെ ആശയ വൈരുദ്ധ്യങ്ങളോ വാദങ്ങളാേ കാര്യമായ അപകടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ഒരു മതം നിലനിന്നിരുന്ന നാട്ടിലേക്ക് ഒന്നിനു പുറകെ മറ്റൊന്നായി മതങ്ങൾ വന്നു ചേർന്നത് വളരെ സഹിഷ്ണുതയോടെ തന്നെയായിരുന്നുവല്ലോ. ഒരു ബഹുമത രാജ്യമെന്ന നിലക്ക് നമ്മുടേത് അതിനു മികച്ച ഉദാഹരണമാണ്. ഒരു മതത്തിനുള്ളിൽ തന്നെ ഇസ്ലാമിലെ മദ്ഹബുകൾ പോലെ വിവിധ ആശയധാരകൾ ഉണ്ടായതും അങ്ങനെയാണ്. അഥവാ ആ തലമുറയ്ക്ക് തങ്ങളുടെ വാദങ്ങളിലും വിയോജിപ്പുകളിലുമെല്ലാം തികഞ്ഞ സഹിഷ്ണുത ഉണ്ടായിരുന്നു. പക്ഷെ, ആ മുഖത്തിൽ പറഞ്ഞതു പോലെ ഇന്നത്തെ ജനതക്ക് അത്തരമൊരു മാനസിക വികാസമില്ല. അതിനാൽ മതത്തിനു വേണ്ടിയോ രാഷ്ട്രീയത്തിനു വേണ്ടിയോ സംസാരിക്കുന്നവർ തങ്ങളുടെ നിലപാട് അടിച്ചേൽപ്പിക്കുക, ഭീഷണിയും വെല്ലുവിളിയും ഉയർത്തുക, അപരരെ നിന്ദ്യമായി കടന്നാക്രമിക്കുക തുടങ്ങിയ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ഇങ്ങനെ സാധാരണക്കാർ മുതൽ സംഘടനാ പ്രവർത്തകർ വരെയുള്ളവരിൽ നിന്നുണ്ടാകുന്നത് ഒരളവോളം സഹിക്കാം. പക്ഷെ, ആധികാരിക ഭാവത്തിൽ മതാദ്ധ്യക്ഷൻമാർ തന്നെ ഇത്തരം സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. അത്തരം വ്യക്തിത്വങ്ങൾ സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുകയാണ്. അതു വഴി തങ്ങൾ വലിയ സമുദ്ധാരകരായിത്തീരും എന്നവർക്ക് തോന്നുന്നുവെങ്കിൽ അതു മൗഢ്യമാണ്. സത്യത്തിൽ അവർ ചെറുതാവുകയാണ്.
ഇക്കാരണങ്ങളാൽ ഇക്കാലത്തെ മതപ്രബോധകരും മതത്തിനു വേണ്ടി സംസാരിക്കുന്നവരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ബഹുമത സാഹചര്യത്തിൽ. തങ്ങളുടെ ആശയം സയുക്തം മാന്യമായി അവതരിപ്പിക്കുകയും മറ്റു ദർശനങ്ങളെ മാന്യമായി മാത്രം നിരൂപിക്കുകയും ചെയ്യുക എന്നതാണത്. മാന്യമായി എന്നതിന്റെ അർഥം തരം താഴ്ന്ന കുറ്റപ്പെടുത്തലുകൾ, പരിഹാസങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ ഒഴിവാക്കി എന്നാണ്. ഇതിനാണ് സഹിഷ്ണുത എന്ന് പറയുന്നത്. എല്ലാ മതങ്ങളുടെയും പൈതൃകത്തിൽ ഉള്ളടങ്ങിയ ഒരു മഹത്തായ അധ്യായമാണ് സഹിഷ്ണുത. മറ്റൊരാളെ എന്തിന്റെ പേരിലാകിലും വേദനിപ്പിക്കുകയാേ പരിഹസിക്കുകയോ ചെയ്യുന്നതിനെ നാമറിഞ്ഞിടത്തോളം ഒരു മതവും അംഗീകരികുന്നില്ല. അപ്പോൾ ആ മതത്തിനു വേണ്ടി സംസാരിക്കുന്നവർ അങ്ങനെ ചെയ്യുക എന്നാൽ അത് ഉപ്പിനു തന്നെ പുഴുക്കുത്ത് ഏൽക്കുന്നത് പോലെ സങ്കടകരമാണ്.
മനുഷ്യ സംസ്കാരത്തിന്റെ ഏറ്റവും പ്രഫുല്ലമായ ഈ സ്വഭാവത്തെ ഊന്നിപ്പറയുന്നതിലും മുറുക പിടിക്കുന്നതിലും മുമ്പിൽ തന്നെ ഇസ്ലാമുണ്ട്. ഒരു ബഹുസ്വര സമൂഹത്തിൽ ഒരു മതക്കാർ എങ്ങനെ വർത്തിക്കണം എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു മതക്കാരനായിപ്പോയി എന്നതുകൊണ്ട് അവനോട് കാര്യണ്യം കാണിക്കാതിരിക്കരുത് എന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഇത് വേഗം വായിക്കുവാൻ കഴിയുന്ന ഒരു ഇടമാണ് ഒരു അമുസ്ലിം ഒരു ഭീഷണ സാഹചര്യത്തിൽ മുസ്ലിംകളോട് അഭയം തേടിയാൽ ചെയ്യേണ്ട കാര്യം. അല്ലാഹു പറയുന്നു: ഇനി ഏതെങ്കിലുമൊരു ബഹുദൈവ വിശ്വാസി താങ്കളുടെ സമക്ഷം അഭയം തേടി വരുന്നുവെങ്കില്‍ അല്ലാഹുവിന്റെ വചനം കേട്ടു മനസ്സിലാക്കാനായി അവനു അഭയം നല്‍കണം; പിന്നെ സുരക്ഷിതത്വമുള്ള ഒരു സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും വേണം. അറിവു കെട്ട ഒരു ജനതയാണവര്‍ എന്നതിനാലത്രേ ഇത്. (തൗബ: 6). ഒരു ശത്രുവിനോട് പോലും ഇത്ര സഹിഷ്ണുത പുലർത്തണമെന്നാണ് ഇസ്ലാമിന്റെ താൽപര്യം. മാത്രമല്ല, നിങ്ങളുടെ വിശ്വാസധാരയിൽ ഉള്ളവരല്ലാത്തവരോട് ന്യായം കാണിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് പലയിടത്തും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഒരിടത്ത് അല്ലാഹു പറയുന്നു: മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു. (മുംതഹിന: 8). മനുഷ്യരെ വിവിധ മതക്കാരാക്കിയത് സൃഷ്ടാവായ അല്ലാഹുവാണ്. അവൻ എല്ലാവരെയും ഒരേ അച്ചിൽ വാർത്തെടുക്കണമെന്ന് നിനച്ചിരുന്നുവെങ്കിൽ അതവന് കഴിയുമായിരുന്നു. എന്നിട്ടും അവനത് കരുതിയിട്ടില്ലാത്ത സ്ഥിതിക്ക് സൃഷ്ടികൾ ഇങ്ങനെ ബലം പ്രയോഗിക്കുന്നതിൽ അർഥമില്ല എന്നെങ്കിലും മനസ്സിലാക്കണം.
ഇക്കാര്യത്തിലെ ഇസ്ലാമിന്റെ നിലപാട് വ്യക്തമാക്കുന്ന അനുഭവമാണ് നബി(സ്വ) മദീനയിൽ മറ്റു മതക്കാരുടെ കാര്യത്തിൽ സ്വീകരിച്ച സമീപനം. മദീന തന്റെ കയ്യിലെത്തവെ നബി തങ്ങൾ ആസ്ഥാനമായി പള്ളി ഉണ്ടാക്കുകയും അനുയായികളായ അൻസ്വാറുകളെയും മുഹാജിറുകളെയും സംയോചിപ്പിക്കുകയും ചെയ്ത ശേഷം കടന്നത് യതിരിബിലെ മറ്റു മതക്കാരുടെ കാര്യത്തിലേക്കായിരുന്നു. അവരുമായി നബി തിരുമേനി ഒരു കരാറിൽ ഏർപ്പെട്ടു. മദീനാ ചാർട്ടർ എന്ന ഈ ലിഖിത പ്രമാണം പിച്ചവർക്ക് മറ്റു മതങ്ങളെ ഇസ്ലാം എങ്ങനെ ഉൾക്കൊളളുന്നു എന്നതിൽ സംശയമുണ്ടാവില്ല. ജൂതർ, ക്രൈസ്തവർ എന്നിവരുടെ ശരീരം, സ്വത്ത്, വിശ്വാസം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും പരിപൂർണ്ണ സംരക്ഷണം നൽകുകയുണ്ടായി ചാർട്ടർ. അവർ അതു ലംഘിക്കാതിരുന്ന കാലത്തെല്ലാം നബിയും മുസ്ലിംകളും അതു പാലിച്ചു. മറ്റൊരിക്കൽ അവർക്ക് ആരാധിക്കുവാൻ അവസരവും അനുമതിയും നൽകി. രണ്ടാം ഖലീഫ ഉമർ(റ) ക്രൈസ്തവരിൽ നിന്നും ഖുദ്സ് വീണ്ടെടുത്തപ്പോൾ ക്രൈസ്തവർക്ക് അവരുടെ ആരാധനാലയങ്ങൾ, വസ്തുവകകൾ എന്നിവക്കെല്ലാം പരിപൂർണ്ണ സംരക്ഷണം നൽകിയത് ലോകം എന്നും ഓമനിക്കുന്ന ഓർമ്മയാണ്. ഇസ്ലാമും മുസ്ലിംകളും മറ്റു മതങ്ങളോട് പുലർത്തിയ സഹിഷ്ണുതക്ക് ഇങ്ങനെ നിരവധി പ്രമാണങ്ങളുടെയും അനുഭവങ്ങളുടെയും പിന്തുണയുണ്ട്. മറ്റു മതക്കാരെ അടച്ചാക്ഷേപിക്കുവാനോ പരിഹസിക്കുവാനോ വാദിച്ച് കീഴ്പെടുത്തുവാനോ ഒരിക്കലെങ്കിലും ഇസ്ലാം ശ്രമിച്ചതായി ആർക്കും കാണിക്കുവാൻ കഴിയില്ല.
ചില മതാദ്ധ്യക്ഷൻമാർ വളരെ വില കുറഞ്ഞ ആക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞ് വീണ്ടും മറ്റു മതങ്ങളെ പ്രത്യേകിച്ചും ഇസ്ലാമിനെയും മുസ്ലിംകളെയും കടന്നാക്രമിക്കുവാൻ നടത്തിയ ശ്രമമാണ് വീണ്ടും ഇതോർമ്മിപ്പിക്കുവാൻ നാം നിർബന്ധിതരാകുന്നത്. അതിനു വേണ്ടി ഉന്നയിച്ച വാദങ്ങൾ വളരെ വില കുറഞ്ഞതായതിനാലും മാന്യമല്ലാത്തതിനാലും അവ മറുപടി അർഹിക്കുന്നില്ല എന്നത് ഒരു കാര്യം. അതിനേക്കാൾ നമ്മെ അസ്വസ്ഥമാക്കുന്ന കാര്യം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളാണ്. ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനു മുമ്പ് അവൻ മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് നാം തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങൾ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ എന്തിനാണ് അനാവശ്യമായ വിറളി കൊള്ളുന്നത്. മാന്യമായും സഭ്യമായും അത് ആരെയും വേദനിപ്പിക്കാതെ തന്നെ പറയാവുന്ന പരമാർഥമാണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ വില കുറഞ്ഞ ബലപ്രയാേഗങ്ങൾ നടത്തുന്നത് എന്ന് സ്വയം ചിന്തിച്ചാൽ തന്നെ മതി, നമുക്ക് ഒരു കുലമായി സമാധാനത്തോടെ ജീവിക്കുവാൻ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso