മദ്റസകൾ അടച്ചുപൂട്ടൽ: രോഗം വേറെയാണ്.. 16-10-2024 Share this Article WhatsApp Facebook ടി മുഹമ്മദ് ഇപ്പോൾ ഓർക്കുന്നത് 2019 ൽ അന്നത്തെ കേന്ദ്ര മന്ത്രി മുഖ്ത്താർ അബ്ബാസ് നഖ്‌വി ബിജെപി ഗവർമെന്റിനു വേണ്ടി നടത്തിയ ഒരു പ്രസ്താവനയാണ്. മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു ആ പ്രസ്താവന. രാജ്യത്ത് നിരവധി മദ്രസകളുണ്ട് എന്നും അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നൽകാൻ വേണ്ട വളർച്ച ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്നും നഖ്‌വിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പദ്ധതി തൊട്ടടുത്ത മാസം മുതല്‍ തന്നെ ആരംഭിക്കുകയും ചെയ്തു. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നൽകി മദ്‌റസാ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ആ ഊഴത്തിലേക്ക് മോദിയും ബിജെപിയും എത്തിയ തെരഞ്ഞെടുപ്പിൽ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്‌റസകളെ ആധുനിക വല്‍ക്കരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു. ഈ പറഞ്ഞതും ഇപ്പോൾ അടച്ചുപൂട്ടലിന്റെ ഭീതിയിൽ എത്തിനിൽക്കുന്നതും കേരളത്തിൽ നിന്ന് കേന്ദ്രീകൃതമായി ഉയർന്നുവന്ന് പ്രവർത്തിക്കുന്ന പ്രാഥമിക മത വിദ്യാഭ്യാസ പദ്ധതികൾ ഒഴികെയുള്ള പ്രത്യേകിച്ചും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രവർത്തിച്ചുവരുന്ന മക്തബുകൾ എന്ന് അവർ വ്യവഹരിക്കുന്ന മദ്രസകളെ കുറിച്ചാണ്. ഇപ്പോൾ നമ്മുടെ മദ്രസകളെക്കുറിച്ച് അല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഗവൺമെന്റിൽ നിന്ന് സഹായം പറ്റുന്ന മദ്രസകളെക്കുറിച്ച് ആണ് ബലാവകാശ കമ്മീഷൻ ബിജെപിയുടെ ഫാസിസത്തിനു വേണ്ടി കുഴലൂത്ത് നടത്തി രംഗത്ത് വന്നിരിക്കുന്നത്. മദ്റസകൾക്ക് ഗവൺമെൻ്റ് ധനസഹായം നൽകുന്നത് നിർത്തണമെന്നും മദ്റസകൾ അടച്ചുപൂട്ടി കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ(എന്‍സിപിസിആര്‍) സംസ്ഥാനങ്ങൾക്ക് കത്ത് അയച്ച സാഹചര്യത്തിലാണ് ഈ ചർച്ചകളിലേക്ക് നാം കടക്കേണ്ടി വന്നിരിക്കുന്നത്. ഒക്ടോബർ പതിനൊന്നിനാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ ഇത്തരമൊരു കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്. കാണുന്നവർക്കും കേൾക്കുന്നവർക്കും ഇത് ബിജെപി ഗവൺമെന്റിന്റെ മറ്റൊരു മുസ്ലിം വിരുദ്ധ നിക്കം എന്ന് ഒറ്റ വചനത്തിൽ പറയാവുന്ന സംഭവമാണ്. പക്ഷേ ഇതിനു പിന്നിൽ മറ്റു ചില ചിന്തകളുടെ സാംഗത്യം കൂടി ഉണ്ട്. അതുകൊണ്ടാണ് മുഖ്ത്താർ അബ്ബാസ് നഖ്‌വിയെ നമ്മൾ ഓർത്തെടുത്തത്. അദ്ദേഹം അന്ന് പറഞ്ഞതുപോലെ ബിജെപി സർക്കാർ ഉത്തരേന്ത്യയിലെ മക്തബുകൾക്ക് സഹായം നൽകി. അവിടെ അധ്യാപകർക്ക് പരിശീലനവും നൽകി. നിലവിലുള്ള കെട്ടിടവും പഠന സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ ചെറിയ സഹായങ്ങളും നൽകി. തുടർന്ന് ഈ മക്തബുകളെ നിയന്ത്രിക്കുവാൻ ഒരു ബോർഡും രൂപീകരിച്ചു. ഗവൺമെൻറ് ഖജനാവിൽ നിന്ന് ചിലവ് വസൂലാക്കുന്നതിനാൽ സ്വാഭാവികമായും അതിലൊക്കെ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തം ഉണ്ടായിരിക്കും. അങ്ങനെ നാലഞ്ചു കൊല്ലം അത് മുന്നോട്ട് പോയി. ഇപ്പോൾ അവരുടെ പഠനങ്ങളും നിരീക്ഷണങ്ങളും അവരോട് പറയുന്നു, അന്ന് അങ്ങനെ ചെയ്തത് കൊണ്ട് നമുക്ക് ഒരു ഗുണവും വരവ് വെക്കുവാൻ ഉണ്ടായിട്ടില്ല എന്ന്. അവർ കരുതിയിരുന്നത്, അല്ലെങ്കിൽ കാത്തിരുന്നത് മദ്രസകളിലേക്ക് ഭൗതിക വിദ്യാഭ്യാസവും ശാസ്ത്രവും സയൻസുമെല്ലാം കടന്നുവന്നാൽ അല്ലെങ്കിൽ കടത്തിവിട്ടാൽ ഖുർആനും ഹദീസും ഫിഖ്ഹുമെല്ലാം തന്നാലെ ഇറങ്ങിപ്പോയിക്കൊള്ളും എന്നായിരുന്നു. ഇത് പറയുമ്പോൾ അതിനുമാത്രം അന്തവും ബുദ്ധിയും ഇല്ലാത്തവരാണോ അവർ എന്ന് ചിലരെങ്കിലും ശങ്കിച്ചേക്കും. അവർക്ക് അന്തവും ബുദ്ധിയും വിദ്യാഭ്യാസവും യോഗ്യതകളും എല്ലാം എമ്പാടും ഉണ്ടായിരിക്കും. പക്ഷേ അതൊക്കെ ഒരു മനുഷ്യന് പുറത്തെടുക്കുവാനും ഉപയോഗപ്പെടുത്തുവാനും കഴിയുക അയാളുടെ മനസ്സ് ശാന്തവും സംതൃപ്തവും സുതാര്യവും ആകുമ്പോഴാണ്. ഇവരുടെ മനസ്സ് അങ്ങനെയല്ല. ഇവരുടെ മനസ്സ് സദാ ആധിയിലാണ്. കാരണം മുസ്ലിംകളും അവരുടെ ജീവിതശൈലിയും അവരുടെ വളർച്ചയും എല്ലാം അവരെ ഒന്നുമല്ല അസ്വസ്ഥരാക്കുന്നത്. അവരെ വഴി തിരിച്ചുവിടാൻ വേണ്ടി ചെയ്തതൊക്കെ വിനയാവുകയാണ്. കാരണം അവർ എത്തിച്ചേരുന്ന വഴികളിൽ നിറയുകയാണ്. ഇതിൽ ഒട്ടും അതിശയോക്തിയില്ല. മദ്രസകളിൽ ഭൗതിക വിദ്യാഭ്യാസം കൂട്ടിക്കലർത്തി നൽകിയാൽ എങ്ങനെയായിരിക്കും അതിൻ്റെ ഫലം എന്നതിനെക്കുറിച്ച് നാം കേരളക്കാർക്ക് വലിയ ധാരണയൊന്നും ഉണ്ടാവില്ല. കാരണം നമുക്ക് അങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല. നാം അത് പരിശോധിച്ചു നോക്കിയിട്ടും ഇല്ല. പക്ഷേ നമ്മുടെ ചെറിയ ചെറിയ അനുഭവങ്ങളും നിഷ്കളങ്കമായ നിരീക്ഷണങ്ങളും വെച്ച് മതസ്ഥാപനങ്ങളിൽ ഭൗതിക വിദ്യാഭ്യാസം കലർത്തി നൽകിയാൽ അത് കൂടുതൽ ഫലപ്പെടുക മാത്രമായിരിക്കും ചെയ്യുക എന്ന് നമുക്ക് പറയാനാകും. നമ്മുടെ മദ്രസകളുടെ ഓരങ്ങളിൽ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ശ്ലാഖിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന ഫ്ലക്സുകൾ. മദ്രസ വിദ്യാഭ്യാസത്തോടൊപ്പം സ്കൂളിൽ പോയി ഭൗതിക വിദ്യാഭ്യാസം നേടുന്ന മിടുക്കന്മാരും മിടുക്കികളും നമ്മുടെ മുമ്പിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത് ഒരു കാഴ്ച. മറ്റൊരു കാഴ്ച ഇപ്പോൾ നമ്മുടെ സമന്വയ വിദ്യാഭ്യാസ സംരംഭങ്ങളുടെ നേട്ടങ്ങളാണ്. മതപരവും ഭൗതികപരവുമായ രണ്ടു വിദ്യാഭ്യാസങ്ങളും കൃത്യമായ അളവുകളിൽ സമ്മിശ്രമായി നൽകപ്പെടുന്ന ഈ സ്ഥാപനങ്ങളിൽ നൂറുമേനി വിളവാണ് ഉണ്ടാകുന്നത്. ഈ സ്ഥാപനങ്ങളിലെ അക്കാദമികമോ അക്കാദമികമല്ലാത്തതുമായ പരിപാടികൾ എല്ലാം സമൂഹത്തെ തന്നെ ഹഠാദാകർഷിക്കുന്നവയാണ്. അതോടൊപ്പം ഈ മേഖലയിലെ വിദ്യാർത്ഥികൾ ഏതു മേഖലയിലേക്കും കടക്കാൻ കഴിയുന്ന ധൈര്യവും സ്ഥൈര്യവും അറിവും നേടുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ചുവടുവെച്ച് മുമ്പുകാലത്ത് വെറും മതപഠനത്തിനു വേണ്ടിയുള്ള വട്ടങ്ങളായിരുന്ന പള്ളി ദറസുകൾ സമന്വയ രീതിയിലേക്ക് ധൈര്യസമേതം മാറുകയും ചെയ്യുകയുണ്ടായി. ഈ ദറസുകളിലും അറബികോളേജുകളിലും പഠിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികൾ രാജ്യത്തിൻ്റെ ശ്രദ്ധേയമായ അക്കാദമിക പ്ലാറ്റ്ഫോമുകളിൽ തുടങ്ങി ഐക്യരാഷ്ട്രസഭയിൽ വരെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. നമ്മുടെ ഈ വർത്തമാനകാലത്ത് അതിൻ്റെ ഏറ്റവും വലിയ അഭിമാനകരമായ ഉദാഹരണമാണ് കഴിഞ്ഞ വാരം കോഴിക്കോട് നടന്ന യുക്തിവാദികളുടെ സമ്മേളന വേദി സാക്ഷ്യം വഹിച്ച സംവാദം. തലപ്പാവും തൂ വെള്ള വസ്ത്രവും ധരിച്ച ലക്ഷണമൊത്ത ഒരു യുവ പണ്ഡിതൻ കേരളത്തിലെ ഏറ്റവും വലിയ യുക്തിവാദി എന്ന് അഹങ്കരിക്കുന്ന സാക്ഷാൽ സി രവിചന്ദ്രനെ കൊണ്ട് അദ്ദേഹത്തെ റിയൽ ഹീറോ എന്ന് വിളിപ്പിക്കുകയുണ്ടായി. പുതിയ കാലത്തെ സംവാദങ്ങളിൽ തോൽക്കുക, ജയിക്കുക എന്നതൊന്നും ഡിക്ലയർ ചെയ്യാൻ കഴിയാത്ത ഒരു രീതി ഉള്ളതിനാൽ, ജയിച്ചു, തോറ്റു എന്നൊന്നും പറഞ്ഞാൽ അതാവില്ല എങ്കിൽ പോലും അതിനു സാക്ഷ്യം വഹിച്ച യുക്തിവാദികൾ പോലും സി രവിചന്ദ്രനും അദ്ദേഹത്തിൻ്റെ ആശയവും ഹൈത്തമിയുടെ മുമ്പിൽ കുഴഞ്ഞു വീഴുന്നത് നേരിൽ കണ്ടതാണ്. കേരളത്തിലെ ഇത്തരം കാഴ്ചകളെ പൊതുവല്‍ക്കരിക്കാൻ കഴിയില്ല എന്ന് ഒരാൾ പറഞ്ഞാൽ അത് ഒരു അളവോളം സമ്മതിച്ചു കൊടുക്കേണ്ടിവരും എങ്കിലും ഇതേ പ്രക്രിയ ഈ പറയുന്ന മക്തബുകളിൽ ചെറിയ അളവിലെങ്കിലും ഉണ്ടാവാതിരിക്കില്ല. അഥവാ സയൻസും ശാസ്ത്രവും തലക്കുപിടിക്കുന്നതോടുകൂടി മതപഠനങ്ങൾ ഒഴിവാക്കപ്പെടുകയോ അവതാളത്തിൽ ആവുകയോ ചെയ്യുമെന്ന് മനപ്പായസം ഉണ്ടവരുടെ അധ്വാനം വെറുതെയായി. ഗവൺമെൻറ് പറയുന്ന എല്ലാ നിയമങ്ങളും ബാഹ്യമായി അംഗീകരിക്കുന്നതോടൊപ്പം മക്തബുകളെ അവർ മതപഠനത്തിന്റെ പ്രധാന വേദിയായി തന്നെ കാണുകയും മുന്നോട്ടുപോവുകയും ചെയ്തു. ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ഇസ്ലാമിക സംസ്കാരത്തിൻ്റെ ഊടും പാവും ഇവിടെ നെയ്യപ്പെട്ടു. ഇവിടെ നിന്ന് സംശുദ്ധമായ ഇസ്ലാമിക വികാരങ്ങൾ പലപ്പോഴും പുറത്തേക്ക് തല നീട്ടുകയും ചെയ്തു. ഇതെല്ലാം കാണുമ്പോൾ ഫാഷിസ്റ്റുകളുടെ മനസ്സിൽ ഉണ്ടാകുന്ന വെകിളിയും പെപ്രാളവുമാണ് സത്യത്തിൽ ഇപ്പോൾ പുറത്തുചാടിയിരിക്കുന്നത്. അതല്ലാതെ മറ്റൊന്നുമല്ല. നേരെ ചൊവ്വേ മദ്രസകൾ പൂട്ടി ഇറങ്ങിപ്പോരുവാൻ അവർക്ക് ചില പ്രയാസങ്ങൾ ഉണ്ട് അത് സാമുദായികമായ ധ്രുവീകരണങ്ങൾ ഉണ്ടാക്കും എന്ന ഭയമാണ്. പിന്നെ അവർക്ക് പിടിച്ചു തൂങ്ങാൻ ഉള്ളത് ഗവൺമെൻറ് നൽകുന്ന തുച്ഛമായ ഗ്രാന്റിന്റെ പേരിലുള്ള അവകാശവാദമാണ്. ആ അവകാശവാദത്തിൽ പിടിച്ചാണ് ബാലാവകാശക്കാരുടെ മോദിക്ക് വേണ്ടിയുള്ള ഈ കസർത്ത്. അന്ധമായ വിരോധം തലയ്ക്കുപിടിച്ചത് കൊണ്ടാണ് അടിസ്ഥാനപരമായ ചിന്തകൾക്ക് പോലും ആ തലച്ചോറുകൾ ഉപയോഗപ്പെടാത്തത് എന്ന് നാം നേരത്തെ പറഞ്ഞു. അല്ലായിരുന്നുവെങ്കിൽ അവർ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടിയിരുന്നത്, ഈ മദ്റസകളിലൂടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതം ഏതെങ്കിലും തരത്തിൽ രാജ്യത്തെയോ രാജ്യസുരക്ഷയെയോ രാജ്യത്തിൻ്റെ മതേതര സ്വഭാവത്തെയോ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന ചെറിയ ഒരു അന്വേഷണം നടത്തൽ ആയിരുന്നു. അങ്ങനെ നടത്തിയാൽ വ്യക്തമാവുക മതപരമായ വിദ്യാഭ്യാസം നേടുന്ന മുസ്ലിമീങ്ങളും നേടാത്ത മുസ്ലിമീങ്ങളും രണ്ടു തരക്കാരാണ് എന്ന സത്യമാണ്. സത്യത്തിൽ വിദ്യാഭ്യാസം മനുഷ്യനെ സാംസ്കാരികമായി സ്വാധീനിക്കുന്നുണ്ട്. വിദ്യാഭ്യാസം ഇല്ലാതെ സമൂഹത്തിൽ കിടന്നു വളരുന്ന ഒരാളുടെയും വിദ്യാഭ്യാസം നേടി വളരുന്ന ഒരാളുടെയും സംസ്കാരങ്ങൾ വ്യത്യസ്തമായിരിക്കും. ഇക്കാര്യം എല്ലാത്തരം വിദ്യാഭ്യാസങ്ങളുടെയും കാര്യത്തിൽ ഒരേ പോലെയാണ്. ഇസ്ലാമിക സമൂഹത്തിലും ഈ സൂത്രവാക്യം പ്രയോഗിക്കേണ്ട ഒരു സാഹചര്യം ഉണ്ട് എന്നത് സത്യമാണ്. മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദികളും ഭീകരവാദികളും എല്ലാം എമ്പാടും ഉണ്ട് എന്നതും ഒരു സത്യമാണ്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും ജീവിതരേഖ പരിശോധിക്കുമ്പോൾ നമുക്ക് പ്രധാനമായും കാണാൻ കഴിയുന്ന ഒരു വ്യത്യാസം ഇത്തരക്കാർ മതപരമായ അറി വൊക്കെ ഉള്ളവരായിരിക്കാം. ആ അറിവിൽ നിന്ന് തന്നെയായിരിക്കാം അവരുടെ അമിതമായ വികാരങ്ങൾ ഉയർന്ന് വന്നതും, വരുന്നതും. പക്ഷേ, അതൊരുപക്ഷേ ഏതെങ്കിലും ഒരു പുസ്തകം വായിച്ചപ്പോൾ മുതൽ ഉണ്ടായ അറിവുകളോ ഏതെങ്കിലും വേദനിപ്പിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ മനസ്സിലുണ്ടാക്കിയ വൈകാരികതയിൽ നിന്ന് ഉണ്ടായ അറിവുകളോ ഒക്കെ മാത്രമായിരിക്കും. ക്രമാനുഗതമായി, പ്രായത്തിനനുസരിച്ച് മതം പഠിച്ച്, പഠിച്ചതെല്ലാം മനസ്സിൽ ക്രമീകരിച്ചുവെച്ച്, അവയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്ന വിധത്തിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവന് നേരെചൊവ്വേ അങ്ങനെയൊന്നും ആവാൻ കഴിയില്ല. അതേസമയം അവൻ അവൻ മതത്തെയും അതിൻ്റെ സംസ്കാരത്തെയുമെല്ലാം വളരെ കണിശമായി പാലിക്കുന്നവനായിരിക്കും. വേട്ടയാടപ്പെടുന്ന മക്തബുകളുടെ കാര്യം ഏകദേശം അതുതന്നെയാണ്. ഇവ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ വളർന്നുവരുന്നത് മതപരമായ വേഷവും ജീവിതവും ഉള്ള ഒരു തലമുറയാണ്. അവർ വാക്കിലും നടത്തത്തിലും സമീപനത്തിലും തങ്ങളുടെ സംസ്കാരത്തോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിനോ ഭരണഘടനക്കോ സുരക്ഷയ്ക്ക് ഭീഷണി ഒന്നുമില്ലെങ്കിലും ഇസ്ലാം വളരുകയാണല്ലോ എന്ന ഒരു അസ്വസ്ഥതയിലാണ് ഈ പൂട്ടാൻ നടക്കുന്നവർ. അപ്പോൾ അവർ ഖജനാവിന്റെ പേരും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ്. അവരൊരു പരിപാടി നടത്തിനോക്കി. അത് അവർ കരുതിയത് പോലെ വിജയിച്ചില്ല. അതിനാൽ അത് പിൻവലിക്കാനുള്ള ഒരു ശ്രമം. അത്രമാത്രം. മക്തബുകളും മദ്രസകളും സത്യത്തിൽ ഒരു സംസ്കാരം പഠിപ്പിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുക, സഹായിക്കുക, സഹാനുഭൂതി പുലർത്തി ജീവിക്കുക തുടങ്ങിയ ഉന്നത മൂല്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. അന്യായമായി ഒരാളെയും ഉപദ്രവിക്കരുത് എന്നത് ഈ പാഠങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്തിനെക്കാളും ഏതു സാഹചര്യത്തിലും ഏറ്റവും വലുതാണ് സ്വന്തം മണ്ണ് എന്ന വികാരം ഇവിടെ പഠിപ്പിക്കപ്പെടുന്നു. സാംസ്കാരികമായി നമ്മുടെ നാട്ടുകാർ അധഃപതിക്കാതിരിക്കുവാൻ കള്ളവും കള്ളവും വഞ്ചനയും ചതിയും ഒന്നുമില്ലാത്ത ഒരു ജനതയെ പടച്ചടുക്കാനുള്ള പണിപ്പുരകൾ മാത്രമാണ് സത്യത്തിൽ മദ്രസകൾ. അവയെ ഇങ്ങനെ ശത്രു സ്ഥാനത്ത് നിർത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. മതത്തെ ശരിയായ വിധം ഉള്‍ക്കൊള്ളുകയും അത് പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോള്‍ മതം മധുരമായി മാറുന്നു. ജീവിതം സമ്പന്നമായിത്തീരുന്നു. സംസ്‌കാരം ശക്തിപ്പെടുന്നു. ധാര്‍മികത സമൂഹത്തില്‍ നിലനിര്‍ത്തപ്പെടുന്നു. ആധുനികമായ ഏത് ജീവിത വെല്ലുവിളികളെയും നേരിടാന്‍ മതത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട ഒരു വ്യക്തിക്ക് സാധിക്കും. മതം കൃത്യമായി പഠിച്ച ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന് ഏതൊന്നിനെയും നേരിടാനുള്ള കരുത്തുണ്ട്. സാമൂഹിക ജീര്‍ണത അവനെ ബാധിക്കുകയില്ല. അവന്‍ പഠിച്ചിരിക്കുന്ന ദൈവവിശ്വാസം അവന്റെ മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ്. അവന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കുള്ള പ്രതിരോധമായി മതനിയമങ്ങള്‍ അവനെ സഹായിക്കുന്നു. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് നവ ലിബറലിസം. മതമുള്ള ഒരു സമൂഹം വളര്‍ന്നുവന്നാല്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇവിടെ വളരാന്‍ സാധ്യമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ലിബറലിസം പോലുള്ള ചിന്തകള്‍ കൂടുതലായി പ്രചരിപ്പിക്കാന്‍ മതനിരാസ അപ്പോസ്തലന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ ദൈവവിശ്വാസം രൂപപ്പെടുന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവങ്ങള്‍ പ്രകൃതിയില്‍ നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഏത് നിരീശ്വര-നിര്‍മത വാദത്തെയും താന്‍ പഠിച്ച ദൈവവിശ്വാസം കൊണ്ട് പ്രതിരോധിക്കാന്‍ അവനു കഴിയും. ഇത് ഒരു സാധ്യതയാണ്. ഇതിന് വിഘാതമാവാത്ത മറ്റൊരു സാധ്യത കൂടിയുണ്ട്. അത് കൂടെക്കൂടെ മതേതരത്വത്തിന്റെ അസ്കിതകൾ പുറത്തു കാണിക്കുക എന്നതാണ്. ഇനിയും രാജ്യം മതേതരമായി മുന്നോട്ടു പോകുന്നത് സമാനമായ കുറേ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കും എന്ന് പൊതുസമൂഹത്തെ മുതൽ ജുഡീഷ്യറിയെ വരെ തര്യപ്പെടുത്തുക. അപ്പോൾ അത് ഏക സിവിൽ കോഡ് എന്ന സ്വപ്നത്തിലേക്ക് വഴി തുറക്കും. ഏക സിവിൽ കോഡ് വരുന്നത് കൊണ്ട് ഇവിടെ ആർക്കും ഒരു പേടിയുമില്ല. കാരണം മാറ്റിത്തിരുത്താൻ പറ്റാത്ത വിശ്വാസങ്ങളോ കർമ്മങ്ങളോ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഇവിടെ ഒരു മത വിഭാഗങ്ങൾക്കും ഇല്ല. അത് മുസ്ലിംകൾക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അതിനുള്ള ശ്രമങ്ങളെ ഏറ്റവും കർക്കശമായി എതിർക്കുക മുസ്ലീങ്ങൾ മാത്രമാണ് എന്ന് അവർക്കറിയാം. അതുകൊണ്ടാണ് എപ്പോഴും എപ്പോഴും മുസ്ലീങ്ങളെ രണ്ടാം കിട പൗരന്മാരായി അപരവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ വിജയപ്രതീക്ഷ ഉള്ളതുണ്ടാകും. ഒട്ടും പ്രതീക്ഷയില്ലാത്തതും ഉണ്ടാകും. അതിൽ നിന്നൊക്കെ എന്തെങ്കിലും ഒരു തരിയെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയാണ് അവരുടെ ക്യാമ്പിന് ഉള്ളത്. ഉദാഹരണമായി ഒരു ദുരന്തമോ ദുര്യോഗമോ ഉണ്ടായാൽ അതിനെ ഹൈലൈറ്റ് ചെയ്യുന്നതിന് പകരം അത് മലപ്പുറത്തോ മുസ്ലിം പ്രദേശങ്ങളിലോ ആണെങ്കിൽ ആ സ്ഥലങ്ങളെ ഹൈലൈറ്റ് ചെയ്യുന്നത് അതിനുദാഹരണമാണ്. മലപ്പുറത്ത് നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ 'രാജ്യത്ത് വീണ്ടും നിപ്പാ റിപ്പോർട്ട് ചെയ്യപ്പെട്ടു' എന്ന് പറയുന്നതിന് പകരം മലപ്പുറത്ത് നിപ്പ എന്ന ഹെഡ്ലൈനുകൾ ഉണ്ടാവുന്നത് അങ്ങനെയാണ്. മലപ്പുറത്ത് നിന്ന് ഒരു കള്ള പ്പണമോ കള്ളപ്പൊന്നോ പിടികൂടിയാൽ മലപ്പുറത്തുള്ളവരെല്ലാം അതാണ് എന്ന് പറയുന്നതെല്ലാം ഇതേ അസുഖമുള്ളവരുടെ പതിവാണ്. ഒന്നുമില്ലെങ്കിലും മൊത്തത്തിൽ മലപ്പുറം എന്ന് പറയുന്നത് ഒരു കുഴപ്പം പിടിച്ച സ്ഥലമാണ് എന്നും അത് അവിടെ മുസ്ലീങ്ങൾ ഉള്ളതുകൊണ്ടാണ് എന്നും വരുത്തുക എന്ന നാലാം നാലാംകിട നീക്കമാണ് അതിൻ്റെയൊക്കെ പിന്നിൽ. അതിനൊന്നും സമൂഹം ഒരു വിലയും കൽപ്പിക്കേണ്ടതില്ല. 0