ജല സംരക്ഷണം ഇസ്ലാമിൽ (11) 29-10-2024 Share this Article WhatsApp Facebook ലോകം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദിനേന പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍. ഗ്ലോബല്‍ വേസ്റ്റ് ഇന്‍ഡെക്സ് 2019-ലെ കണക്ക് പ്രകാരം 7.6 ബില്യണ്‍ ജനങ്ങളില്‍ നിന്നായി ഒരു വര്‍ഷം രണ്ട് ബില്യണ്‍ ടണ്‍ മാലിന്യങ്ങളാണ് മനുഷ്യന്‍ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. 2050 ആവുമ്പോഴേക്കും ഇത് 3.40 ബില്യണ്‍ ടണ്‍ ആയി മാറുമെന്നാണ് കണക്കു കൂട്ടുന്നത്. ഭക്ഷണം, പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പര്‍, റബ്ബര്‍, മെറ്റല്‍, മരം, ഇലക്ട്രോണിക് വേസ്റ്റുകള്‍ തുടങ്ങി പല ഇനങ്ങളിലായാണ് മാലിന്യങ്ങള്‍ രൂപം കൊള്ളുന്നത്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടാത്തതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍, ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടല്‍ തുടങ്ങി മനുഷ്യരാശിയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഈ ഭീഷണിയിൽ നിന്ന് മനുഷ്യകുലത്തിന് രക്ഷപ്പെടുവാൻ ഇസ്ലാമിൻ്റെ ശുചിത്വ ബോധന രീതി തന്നെയാണ് ഏറ്റവും ഫലപ്രദം. അതിന് നാം നേരത്തെ പറഞ്ഞതുപോലെ വൃത്തി എന്നതിനെ സംസ്കാരമാക്കി മാറ്റുകയും പ്രപഞ്ചത്തെ സ്നേഹത്തോടെ കാണുകയും അതിനനുസൃതമായി മാത്രം ഇടപെടുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു പറയുന്നു: 'ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ കുഴപ്പമുണ്ടാക്കരുത്'(7:56). ഭവന പരിസരങ്ങൾ വൃത്തിയോടെ പരിപാലിക്കാന്‍ പ്രവാചകന്‍ തന്റെ അനുചരന്മാരോട് കണിശമായി കല്‍പ്പിക്കുകയുണ്ടായി. ഒരിക്കൽ നബി(സ) പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ പരിസരങ്ങൾ വൃത്തിയാക്കുക. യഹൂദികൾ അവരുടെ പരിസരം വൃത്തിയാക്കാത്തവരാണ്' (ത്വബറാനി). നബി(സ) തങ്ങൾ ഭംഗിയും വൃത്തിയും ഉള്ള നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കുകയും അതിന്റെ സൗന്ദര്യം ആസ്വദിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ നല്ല വസ്ത്രമോ നല്ല ചെരിപ്പോ ധരിക്കുന്നത് അഹങ്കാരത്തിന്റെ പരിധിയില്‍ പെടുമോ എന്ന സ്വഹാബിമാരുടെ ചോദ്യത്തിന് പ്രവാചകന്‍(സ) പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു. ‘അല്ലാഹു സൗന്ദര്യവാനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരമാവട്ടെ സത്യത്തെ അവമതിക്കലും മനുഷ്യരെ കൊച്ചാക്കലുമാണ്.’.( മുസ്‌ലിം, അഹ്മദ്). യാത്ര കഴിഞ്ഞ് മടങ്ങി മദീനയുടെ പ്രാന്ത പ്രദേശങ്ങളിൽ എത്തിയാൽ നബി(സ) തങ്ങൾ എല്ലാവരോടും നിൽക്കുവാനും വാഹനങ്ങളും വസ്ത്രങ്ങളും പൊടിപിടിച്ച മുഖഭാവങ്ങളും എല്ലാം ശരിപ്പെടുത്തി മാത്രം നാട്ടിലേക്കും വീടുകളിലേക്കും പ്രവേശിക്കുവാനും പറയുന്നത് പതിവായിരുന്നു. ഭക്ഷണപാനീയങ്ങളുള്ള പാത്രങ്ങള്‍ അടച്ചുവെക്കാനും വെള്ളം ശേഖരിക്കുവാനായി ഉപയോഗിച്ചിരുന്ന തോല്‍പാത്രങ്ങളുടെ വായഭാഗം കെട്ടി ഭദ്രമാക്കാനും പ്രവാചകന്‍(സ) കല്‍പിച്ചതും ഇസ്ലാമിക ശുചിത്വ സംസ്കാരത്തിൻറെ ഭാഗമാണ്. രോഗാണുക്കള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണ പാനീയങ്ങളുടെ പാത്രങ്ങള്‍ അടച്ചുവെച്ചില്ലെങ്കില്‍ അവ അതിലൂടെ പകരുമെന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെ അതിൻ്റെ സ്വരസിദ്ധമായ സൗന്ദര്യത്തിലും ആരോഗ്യത്തിലും നിലനിർത്തുവാൻ വ്യക്തി - പരിസര ശുചിത്വങ്ങൾ അനുപേക്ഷണീയങ്ങളാണ്. അതിനാൽ അവ അല്ലാഹുവിൻ്റെ പ്രതിനിധികളായ മനുഷ്യരുടെ ചുമതലയിൽ പെടുന്നു. പതിനൊന്ന് - ജല സംരക്ഷണം പ്രകൃതി സ്രോതസ്സുകളിൽ ഏറ്റവും ജാഗ്രതയോടു കൂടെ മനുഷ്യൻ പരിഗണിക്കേണ്ട വിഷയമാണ് വെള്ളം. ശുചീകരണത്തിനും ദാഹം അകറ്റുവാനും കൃഷി വിളയിച്ചെടുക്കുവാനും ഭൂമിയുടെ ഉഷ്ണത്തെ സമീകൃതമാക്കി മാറ്റുവാനും വെള്ളം അനിവാര്യമാണ്. വെള്ളം കൊണ്ടല്ലാതെ ഇവയൊന്നും നിവൃത്തി ചെയ്യുവാൻ സാധിക്കുകയില്ല. ഈ വെള്ളം അല്ലാഹു നൽകുന്ന മഹത്തായ ഒരു അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?’ (21:30). ജീവ ലോകത്തെ മുഴുവനും വെള്ളത്തിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ആയത്ത് പറയുമ്പോൾ അതിലെ ഏറ്റവും പ്രധാന ജീവിയായ മനുഷ്യനെ ഇപ്രകാരം തന്നെ വെള്ളത്തിൽ നിന്നാണ് പടച്ചത് എന്ന് താഴെപ്പറയുന്ന സൂക്തം എടുത്തുപറയുന്നു: ‘അവന്‍തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു’ (25:54). അല്ലാഹുവിനല്ലാതെ വെള്ളം നിർമ്മിച്ചു തരാൻ കഴിയില്ല എന്നത് മനുഷ്യൻ ഇതിനകം സമ്മതിച്ചിട്ടുള്ള കാര്യമാണ്. മനുഷ്യന് വെള്ളം ഉണ്ടാക്കാൻ കഴിയുമായിരുന്നുവെങ്കിൽ ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നത്തെ മറികടക്കാൻ കഴിയുമായിരുന്നു. അത് നമ്മുടെ വർത്തമാനകാലം വരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇത്രയും വലിയ ഒരു അനുഗ്രഹമാണ് വെള്ളം എന്നു പറയുമ്പോൾ അതിൽ തന്നെ ആ അനുഗ്രഹത്തെ സംരക്ഷിച്ചു നിലനിർത്തുവാൻ അല്ലാഹുവിൻ്റെ പ്രതിനിധിയായ മനുഷ്യനെ ബാധ്യതയുണ്ട് എന്നത് ഉള്ളടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇസ്ലാം അതിന്റെ നയം തുടങ്ങുന്നത് അവബോധം സൃഷ്ടിക്കുക എന്ന സമീപനത്തിലൂടെയാണ്. അതിനുവേണ്ടിയെന്നോണം വെള്ളം മഴയായി എങ്ങനെ വരുന്നു എന്നത് അല്ലാഹു പലയിടത്തുമായി വിവരിക്കുന്നുണ്ട്. ഭൂമിയിലെ വെള്ളം നീരാവിയായി, ആകാശത്തേക്ക് ഉയരുകയും മേഘമായി, മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുകയും ചെയ്യുന്നു എന്നതാണ് മഴയുടെ ശാസ്ത്രം. മഴയുടെ ശാസ്ത്രം പഠിപ്പിക്കപ്പെടുന്ന പാഠപുസ്തകങ്ങളില്‍ പക്ഷേ, മഴ വര്‍ഷിപ്പിക്കുന്ന ആൾക്ക് പ്രസക്തിയില്ല. ശാസ്ത്രം സംസാരിക്കുന്നത് മനുഷ്യന്റെ തലച്ചോറിനോട് മാത്രമാണ്. ഖുര്‍ആന്‍ ആകട്ടെ, മനുഷ്യന്റെ തലച്ചോറിനോടും ഹൃദയത്തോടും ഒരുപോലെ സംസാരിക്കുന്നു. മഴയുടെ പിറകിലെ ശാസ്ത്രം അറിയുക എന്നത് തലച്ചോറിന്റെ മാത്രം താൽപര്യമാണ്. എന്നാല്‍, ഹൃദയം കൂടി തലച്ചോറിനൊപ്പം ചേരുമ്പോഴാണ് മഴക്കു പിന്നിലെ ദൈവിക കഴിവിന്റെയും യുക്തിയുടെയും മഹാസാഗരത്തിലേക്ക് മനുഷ്യചിന്ത ചെന്നുചേരുകയുള്ളൂ. മഴ പെയ്യുന്നതിനെക്കുറിച്ച മനോഹരമായ ഒരു ഖുര്‍ആനിക സൂക്തം ഇങ്ങനെയാണ്: 'അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം. ആകാശത്തുനിന്നും പര്‍വതസമാനമായ മേഘങ്ങള്‍ക്കിടയിലൂടെ ആലിപ്പഴവും വര്‍ഷിക്കുന്നു. അവന്‍ ഇഛിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനിഛിക്കുന്നവരില്‍നിന്ന് അത് തടയുകയും ചെയ്യുന്നു. മിന്നല്‍പിണറാകട്ടെ, കണ്ണുകള്‍ റാഞ്ചി എടുക്കുമാറാകുന്നു' (അന്നൂര്‍ 43). മഴ, ആലിപ്പഴം, ഇടി, മിന്നല്‍ എന്നിവയുടെ അതിസൂക്ഷ്മ ശാസ്ത്ര നിയമങ്ങളെ വരെ ഈ സൂക്തത്തില്‍നിന്ന് വായിച്ചെടുക്കാം. എന്നാല്‍, അതിനുമപ്പുറം ഈ സൂക്തത്തെ മനോഹരമാക്കുന്നത് മേഘത്തെ ചലിപ്പിക്കുന്ന, അതിന്റെ ചീന്തുകളെ കൂട്ടിയോജിപ്പിക്കുന്ന, പിന്നീട് അതിനെ കനപ്പിക്കുന്ന, അതില്‍നിന്ന് കുത്തിയൊലിക്കുന്ന വെള്ളം ഒഴുക്കുന്ന, ആലിപ്പഴവര്‍ഷം നടത്തുന്ന, കണ്ണ് തട്ടിപ്പറിക്കുമാര്‍ മിന്നല്‍ അടിപ്പിക്കുന്ന ‘അല്ലാഹുവിനെ’ കുറിച്ച പരാമര്‍ശമാണ്. ഇസ്ലാമിലെ ജല സംരക്ഷണ നയങ്ങൾ ആരംഭിക്കുന്നത് മിതവ്യയത്തിൽ നിന്നാണ്. ജലസമ്പത്ത് അമൂല്യമാണെങ്കിലും മുതല്‍മുടക്കില്ലാതെ കിട്ടുന്നതിനാല്‍ മനുഷ്യന്‍ അതിന് വിലകല്‍പ്പിക്കുന്നില്ല. ഓരോ ആവശ്യങ്ങൾക്കും ആവശ്യമായതിൽ അധികം ഉപയോഗിക്കുന്നത് മനുഷ്യന് ശീലമായിരിക്കുന്നു. ജലസമ്പത്ത് അമിതമായി ഉപയോഗിക്കുന്നതിനെതിരെ നബി(സ്വ) പറഞ്ഞ വചനങ്ങള്‍ ഏറെ പ്രസക്തമാണ്. വുളൂ ചെയ്യുകയായിരുന്ന സഅ്ദ്ബ്‌നു അബീ വഖാസ്(റ)വിന്റെ അടുത്തുകൂടെ പോവുകയായിരുന്ന നബി തങ്ങൾ അദ്ദേഹത്തിൻ്റെ വുളൂ കണ്ട് ചോദിച്ചു. 'സഅദേ, ഇതെന്തു അമിതോപയോഗമാണ്!' അതുകേട്ട് സഅദ് (റ) ആശ്ചര്യത്തോടെ ചോദിച്ചു: 'വുളൂവിലും അമിതോപയോഗമോ?' നബി(സ) പറഞ്ഞു: 'അതെ ഒഴുകുന്ന നദിയില്‍ നിന്നാണ് വുളൂ ചെയ്യുന്നതെങ്കിലും മിതവ്യയം വേണം'. ഈ സംഭവം തന്നെ ഈ വിഷയത്തിന്റെ ഏതാണ്ട് എല്ലാ തലങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ജല ഉപയോഗത്തിന്റെ ഏതു ഘട്ടത്തിലും കരുതലും ശ്രദ്ധയും വേണമെന്നതാണ് ഈ നിലപാടിന്റെ പാഠം. അമിതോപയോഗത്തിനെതിരെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നായിരുന്നില്ല തിരുദൂതരുടെ പോരാട്ടം. അവിടുന്ന് വുളു ചെയ്തിരുന്നത് 1 മുദ്ദ് (ഏതാണ്ട് 800 മില്ലി ലിറ്റര്‍) വെള്ളം കൊണ്ടും കുളിച്ചിരുന്നത് 1 സ്വാഅ് (ഏതാണ്ട് 3.200 ലിറ്റര്‍) വെള്ളം കൊണ്ടുമായിരുന്നു എന്ന് സഫീന(റ) പറയുന്നതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടർന്ന് അത് ജലമലിനീകരണ നിരോധനത്തിലേക്ക് കടക്കുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ജലാശയങ്ങൾ മലിനമാക്കരുത് എന്നതാണ്. കിണറുകൾ കുളങ്ങൾ നദികൾ ജലാശയങ്ങൾ എന്നിവയൊന്നും മലിനമാക്കാൻ പാടില്ല എന്ന് ഇസ്ലാമിൻ്റെ താൽപര്യമാണ്. ഇന്നത്തെ കാലം നേരിടുന്ന ജലമലിനീകരണത്തിന് വിവിധ കാരണങ്ങളുണ്ട്. മനുഷ്യൻ തന്റെ പാഴ് വസ്തുക്കൾ അലക്ഷ്യമായി തോട്ടിലേക്കും പുഴയിലേക്കും വലിച്ചെറിയുന്നത് അവയിൽ ഒന്നാണ്. ഫാക്ടറികളിലെ രാസമാലിന്യങ്ങൾ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നത് അതിലേറെ വ്യാപകമായ മറ്റൊന്നാണ്. ജലസ്രോതസ്സുകളെ വേണ്ടവിധത്തിൽ പരിചരിക്കാതെ വരുമ്പോൾ വെള്ളം കെട്ടിക്കിടന്നും പാഴ് വസ്തുക്കൾ വീണും അതു മലിനമാകുന്നതും വ്യാപകമാണ്. എന്നാൽ നബി(സ) ജീവിച്ചിരുന്ന കാലഘട്ടത്തിലും പരിസരത്തിലും ഇത്തരം സാധ്യതകൾ കുറേയധികം ഉണ്ടായിരുന്നില്ല എന്നു കരുതാം. എങ്കിലും ഇത്തരം വിഷയങ്ങളിലേക്കും ഇതിലും രൂക്ഷമായ സാഹചര്യങ്ങളിലേക്കുമെല്ലാം കൃത്യമായി വിരൽ ചൂണ്ടിക്കൊണ്ടാണ് ഇക്കാര്യത്തിൽ നബിതങ്ങൾ ഇടപെട്ടത്. ജാബിര്‍(റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ ഹദീസിൽ നബി(സ്വ) പറഞ്ഞു: 'കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രവിസർജനം നടത്തുന്നത് നബി (സ്വ) വിരോധിച്ചിരിക്കുന്നു. (മുസ്ലിം). ഈ ഹദീസിൽ മൂത്രവിസർജനം മാത്രമാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്. സമാനമായ ചില ഹദീസുകളുടെ ആശയത്തിൽ മല വിസർജനവും വരുന്നുണ്ട്. ആധുനിക കാലത്തെ ജലമലിനീകരണ വെല്ലുവിളികളുടെ ആശയത്തിലേക്ക് കടക്കുവാൻ മലമൂത്രങ്ങളുടെ കാര്യം മാത്രം മതിയാകും എന്നാണ്. കാരണം മനുഷ്യവിസർജ്യങ്ങളിൽ നിന്ന് ധാരാളം രോഗാണുക്കൾ പിറവിയെടുക്കുകയും വളരുകയും വിവിധ രോഗങ്ങളുടെ കാരകങ്ങളായി മാറുകയും ചെയ്യുന്നുണ്ട്. ശാസ്ത്രം അത് സൂചിപ്പിക്കുന്നുണ്ട്. ലെപ്‌റ്റോസ്‌പൈറ ഇൻ്ററോഗൻസ്, സാൽമൊണല്ല ടൈഫി, സാൽമൊണല്ല പാരാറ്റിഫി, ഷിസ്റ്റോസോമ ഹെമറ്റോബിയം എന്നിവയാണ് മൂത്രത്തിൽ നിന്ന് പുറന്തള്ളുന്ന രോഗാണുക്കൾ. മൂത്രത്തിൽ കണ്ടെത്തിയ ചില മനുഷ്യ വൈറസുകൾ ഉൾപ്പെടെ മറ്റ് രോഗകാരികളുടെ ഒരു ശ്രേണി തന്നെ വേറെയുണ്ട്. എൻ്ററോവൈറസ്, റോട്ടവൈറസ്, എൻ്ററിക് അഡെനോവൈറസ്, ഹ്യൂമൻ കാലിസിവൈറസ് (നോറോവൈറസ്) ഗ്രൂപ്പുകളിലെ അംഗങ്ങൾ ഉൾപ്പെടെ 120-ലധികം വ്യത്യസ്ത തരം വൈറസുകൾ മലത്തിലൂടെ പുറന്തള്ളപ്പെടാം. ഹെപ്പറ്റൈറ്റിസ് എ യും പ്രധാന ആശങ്കയാണ്. കൂടാതെ ഹെപ്പറ്റൈറ്റിസ് ഇ യുടെ പ്രാധാന്യം ഉയർന്നുവരുന്നു. (https://sswm.info/arctic-wash/module-2-environment-pollution-levels-implications/further-resources-environment-and/pathogens-%26-contaminants-) വിവിധങ്ങളായ പനികൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ കാലത്ത് ഇതിൽ അധികം ഇക്കാര്യം പറയേണ്ടതുണ്ടാവില്ല. എലിപ്പനി ഒരു ഉദാഹരണം. ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. അതിനാൽ കുടിക്കുന്ന വെള്ളത്തിലേക്ക് നിശ്വസിക്കരുത് എന്ന് പോലും പറഞ്ഞ ഇസ്ലാമിൻറെ ജല സംരക്ഷണ നയത്തെ മാനിക്കുവാൻ അല്ലാഹുവിൻ്റെ ഖലീഫക്ക് തീർച്ചയായും ബാധ്യതയുണ്ട്.