പ്രകൃതിയോടൊപ്പം ജീവിക്കാം (14) 29-10-2024 Share this Article WhatsApp Facebook ഖിലാഫത്തുകളും മുസ്‌ലിം ഭരണാധികാരികളും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരുന്നു. അമവി ഭരണാധികാരികള്‍, കൃഷിയുടെ പ്രധാന ഘടകമായ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും അവയുടെ അറ്റകുറ്റ പണികള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്തതായി ചരിത്രത്തിൽ കാണാം. അബ്ബാസി നിരവധി തൊഴിലാളികൾ ഉള്ള ഒരു പ്രത്യേക വകുപ്പായി തന്നെ കൃഷിയെ പരിചരിച്ചിരുന്നു. മാറിമാറി വന്ന മുസ്‌ലിം ഭരണകൂടങ്ങളും കൃഷി സംബന്ധമായ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഹിജ്റ 448-541 കാലഘട്ടത്തില്‍ സ്പെയിനിലും പോര്‍ച്ചുഗലിലും വടക്കന്‍ ആഫ്രിക്കയിലും ഭരണം നടത്തിയിരുന്ന മുറാബിത്വുകളും കാര്‍ഷിക മേഖലയില്‍ സമര്‍ത്ഥരായിരുന്നു. ഈന്തപ്പന കൃഷിയായിരുന്നു അവർക്ക് പ്രധാനം. ഈന്തപ്പനയുടെ തണലില്‍ വത്തക്ക, ചുരങ്ങ, വെള്ളരിക്ക, കക്കരി എന്നിവയും അവര്‍ വിളയിച്ചു. ചോളം കൃഷിയായിരുന്നു ചില ഭാഗങ്ങളില്‍ വ്യാപകം. മറ്റു ചില സ്ഥലങ്ങളില്‍ പരുത്തി കൃഷിക്കും കരിമ്പ് കൃഷിക്കുമായിരുന്നു പ്രാധാന്യം (മുഹമ്മദ് അലി സ്വല്ലാബി: ഫിഖ്ഹുത്തംകീന്‍ ഇന്‍ദ ദൗലതില്‍ മുറാബിത്വീന്‍). ഈ ശ്രേണിയിലെ മറ്റൊരു കൗതുകമാണ് ആദ്ധ്യാത്മികതയിൽ വിലയം പ്രാപിച്ചു ജീവിച്ചിരുന്ന മശാഇഖുമാർ പലരും കാർഷിക വൃത്തിയെ ജീവിതവുമായി കൂട്ടി പിടിച്ചവരായിരുന്നു എന്നത്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ പ്രധാന ശിഷ്യന്മാരിലൊരാളായ ശൈഖ് ഹമീദുദ്ദീന്‍ നഗൗറി ഇത്തരക്കാരില്‍ പ്രമുഖനാണ്. രജ്പുത്താനയിലെ ശൈഖ് മുഹമ്മദ് സൂഫിയുടെ പുത്രനായി ജനിച്ച നഗൗറി ചിശ്തിയുമായുള്ള ബന്ധം മൂലമാണ് ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു വിധേയനായത്. രജ്പുത്താനയിലെ നഗൗറിനടുത്തുള്ള സിവാല്‍ ഗ്രാമത്തിലെ കര്‍ഷകര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആധ്യാത്മികതയുടെ ഉത്തുംഗ സോപാനത്തില്‍ വിരാജിക്കുമ്പോഴും ജീവിതോപാധിയായി കൃഷിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കൃഷിയിൽ വ്യക്തിഗത - സാമൂഹ്യ സേവനങ്ങൾ എന്ന അർത്ഥത്തിനു പുറമെ, വ്യക്തിത്വ വികാസത്തിന്റെ അർത്ഥം കൂടി ഉൾച്ചേരുന്നുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ(റ) പറയുന്നു: 'കാര്‍ഷികവൃത്തി മനുഷ്യനെ വിനയമുള്ളവനാക്കുന്നു. തൊഴിലില്ലായ്മയില്‍ നിന്നും അനാവശ്യങ്ങളില്‍ നിന്നും അത് അവനെ സംരക്ഷിക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാത്ത വിധം, തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും അതവനെ പര്യാപ്തനാക്കുന്നു’. അതിനെല്ലാം പുറമെ, കാർഷിക വൃത്തിക്ക് അനുയോജ്യമായ മണ്ണും അന്തരീക്ഷവും ആണ് അല്ലാഹു അവൻ്റെ പ്രതിനിധിക്കുവേണ്ടി തയ്യാറാക്കി വെച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ അത് ചെയ്യുവാനും ഉപയോഗപ്പെടുത്തുവാനും മുന്നോട്ട് വരേണ്ടത് നന്ദിയും കൂറുമുള്ള മനുഷ്യൻ്റെ കടമയാണ്ട്. അതിനാൽ കൃഷി ചെയ്ത് ഭൂമിയെ പരിപാലിക്കുന്നത് വിശ്വാസിയുടെ ഉത്തരവാദിത്വവും കടമയുമായി മാറുന്നു. പതിനാല് - പ്രകൃതിയോടൊപ്പം ജീവിക്കാം ഈ ആശയത്തിലേക്ക് കടക്കുവാൻ നമുക്ക് ഫ്രാൻസിസ് ബേക്കണെ ആശ്രയിക്കാം. 1561-1626 കാലത്ത് ജീവിച്ച ഇംഗ്ലീഷ് ചിന്തകനും രാഷ്ട്രതന്ത്രജ്ഞനും ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും ആധുനിക തത്വശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവുമാണ്. ബേക്കണെ സംബന്ധിച്ചിടത്തോളം മനുഷ്യൻ പ്രകൃതിയേക്കാൾ ശ്രേഷ്ഠനാണ്. എന്നാൽ മനുഷ്യൻ പ്രകൃതിയിൽ നിന്ന് അന്യനുമാണ്. പ്രകൃതി കഠിനവും കീഴടക്കേണ്ടതുമാണ്. ചുരുക്കത്തിൽ, ബേക്കണിനെ സംബന്ധിച്ചിടത്തോളം നമ്മൾ പ്രകൃതിയെ കീഴ്പ്പെടുത്തുകയും അതിൻ്റെ രഹസ്യങ്ങൾ തുളച്ചുകയറുകയും നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അതിനെ ചങ്ങലയിലാക്കുകയും വേണം. മനുഷ്യൻ ലോകത്തിൻ്റെ കേന്ദ്രമാണ്, ശാസ്ത്രത്തിൻ്റെ ലക്ഷ്യം പ്രകൃതിയിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. (https://www.bhaktiswarupadamodara.com/bi/, ബോർഡോ പി. (2004). മനുഷ്യ-പ്രകൃതി ബന്ധവും പരിസ്ഥിതി നൈതികതയും.ജെ എൻവയോൺ റേഡിയോആക്ട്. വാല്യം. 72, പേജ്. 9 - 15., https://hesiodscorner.wordpress.com). മനുഷ്യനും പരിസ്ഥിതിയും തമ്മില്‍ ബന്ധമില്ലെന്ന ഈ വാദം തന്നെയാണ് പൗരസ്ത്യ സംസ്‌കാരവും ഗ്രീക്ക് സംസ്‌കാരവും മുന്നോട്ടുവെക്കുന്നത്. അതായത്, ഭൗതിക ചിന്താശാസ്ത്രങ്ങളെല്ലാം മനുഷ്യനെയും പരിസ്ഥിതിയെയും പൂര്‍ണമായും രണ്ടായിത്തന്നെ കാണണം എന്ന് പറയുന്നു എന്ന് ചുരുക്കം. ഉപരിലോകത്തുനിന്ന് അവതരിച്ച ആത്മാവിനു മാത്രം ഔന്നത്യവും പവിത്രതയും ചാര്‍ത്തിക്കൊടുക്കുന്നതിനാല്‍ പരിസ്ഥിതിയുടെ മൂല്യത്തെ അത് തീര്‍ത്തും നിസ്സാരമായി കാണുന്നു. ഇവിടെ ഇസ്ലാമിക ദർശനം ഈ ശാസ്ത്രങ്ങളോടെല്ലാം വിയോജിക്കുകയാണ്. പ്രകൃതിയെയും മനുഷ്യനെയും രണ്ട് അസ്തിത്വങ്ങളായി പരിഗണിക്കുമ്പോൾ തന്നെ രണ്ടാണ് എന്ന് തോന്നാത്ത വിധത്തിൽ രണ്ടിനെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് ഇസ്ലാം. മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പരം ഏകീകരിക്കപ്പെട്ടിരിക്കുന്നത് ഒരു പൊതു വ്യവസ്ഥ എന്ന ആശയത്തിലാണ്. സമാനതകളില്ലാത്ത യുക്തിഭദ്രതയോടെ, അത്ഭുതകരമായ സൂക്ഷ്മതയോടെ, സമീകൃതമായ പരസ്പര പൊരുത്തത്തോടെ ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചുവെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു. ഈ യുക്തിഭദ്രതയും സൂക്ഷ്മതയും പൊരുത്തവും എല്ലാം ചേർന്ന് സ്വയം രൂപപ്പെടുന്നതാണ് നാം ജീവിക്കുന്ന ഭൂമിയുടെ താളവും വ്യവസ്ഥയും. അത്തരമൊരു വ്യവസ്ഥ പ്രപഞ്ചത്തിന്റെ നൽകിയിട്ടുണ്ട് എന്ന് അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും, ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു' (അല്‍ഖമര്‍: 49). സമാനമായ ആശയം ഖുർആനിൽ മറ്റു പലയിടത്തും കാണാം. ഭൂമി, ജലം, അന്തരീക്ഷം, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ എന്നീ പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഓരോന്നിനെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ്. ഇവ ഓരോന്നിനെയും ഒപ്പം മനുഷ്യനുമായും ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ നേരിയ അളവിലാണെങ്കിലും ഈ വ്യവസ്ഥയിൽ എന്തെങ്കിലും പിഴവ് വരികയാണെങ്കില്‍ അതിന്റെ അനന്തരഫലം എല്ലാ ഘടകത്തിലും പ്രകടമാകും. പല നാശങ്ങളും സംഭവിച്ചേക്കും. ഇങ്ങനെ എന്തെങ്കിലും താളപ്പിഴവോ നാശമോ സംഭവിക്കുന്ന പക്ഷം അത് ഏറ്റവും അധികം ബാധിക്കുന്നതും വേദനിപ്പിക്കുന്നതും മനുഷ്യനെ ആയിരിക്കും. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത് അവനാണ് അനുഭവ ഇന്ദ്രിയം ഉള്ളത്. പ്രപഞ്ചത്തിന്റെ ഘടകങ്ങളിൽ വേദന അവനിൽ മാത്രമാണ് പ്രതിഫലിക്കുക. മറ്റു പ്രാപഞ്ചിക ഘടകങ്ങൾക്കൊന്നും വേദന, വിഷമം, സങ്കടം തുടങ്ങിയ വികാരങ്ങൾ ഒന്നും ഉണ്ടാവില്ല. രണ്ടാമതായി, മനുഷ്യനല്ലാത്ത പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും മനുഷ്യൻ്റെ സുഖകരമായ ആവാസത്തിന് വേണ്ടി മാത്രം പടച്ചിട്ടുള്ളതാണ്. അവയിൽ ഏതെങ്കിലും ഒന്നിന് അംഗം വരുമ്പോൾ അത് അവൻ്റെ ജീവിതത്തെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് 'ആകാശങ്ങളിലും ഭൂമിയിലും ഉള്ളതിനെ എല്ലാം നിങ്ങൾക്കുവേണ്ടി കീഴ്പ്പെടുത്തി തന്നിരിക്കുന്നു' (അൽ ജാസിയ: 13) എന്നു പറഞ്ഞ സൃഷ്ടാവായ അല്ലാഹു തന്നെ അവനോട് 'ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്' (അല്‍അഅ്‌റാഫ്: 56) എന്നും കല്പിച്ചിരിക്കുന്നു. മനുഷ്യനെ സൃഷ്ടാവായ അല്ലാഹു പ്രകൃതിയുമായി ബന്ധിപ്പിച്ചിരിക്കുന്നത് കേവലം പ്രകൃതിയിൽ ജീവിക്കാനുള്ള അനുവാദം നൽകിക്കൊണ്ടല്ല. മറിച്ച്, വെറും അനുവാദം എന്നതിനപ്പുറത്തേക്ക് നീളുന്ന ഏതാനും അർത്ഥങ്ങളും ആശയങ്ങളും വെച്ച് ആ ബന്ധത്തെ ഒഴിഞ്ഞു മാറാനോ അവഗണിക്കുവാനോ പറ്റാത്ത വിധത്തിൽ ബന്ധിപ്പിച്ചു വെച്ചിരിക്കുന്നു. അവയിൽ ഒന്നാമത്തേത് പ്രാതിനിധ്യം എന്ന ആശയമാണ്. മനുഷ്യനോട് അള്ളാഹു നീ ഭൂമിയിലെ എൻ്റെ പ്രതിനിധിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത് (അൽ ബഖറ: 30). അല്ലാഹുവിൻ്റെ നിയമങ്ങൾ ഭൂമിയിൽ നടപ്പിൽ വരുത്തുക അവൻ്റെ ഉപദേശങ്ങൾ പാലിക്കുക എന്നതാണ് ഈ പ്രാധിനിത്യത്തിന്റെ ഉള്ളടക്കം (ബഗവി: മആലിമുത്തൻസീൽ: 1/79). പ്രതിനിധി എന്ന പ്രയോഗം നൽകുന്ന അർത്ഥം വലുതാണ്. കാരണം, അത് മനുഷ്യൻ പ്രകൃതിയുടെ ഉടമസ്ഥനല്ല, മറിച്ച് കാര്യസ്ഥൻ മാത്രമാണ് എന്നതാണ്. ഉടമസ്ഥന്റെ മുമ്പിൽ ഇല്ലാത്ത ചില പരിധികൾ കാര്യസ്ഥന്റെ മുമ്പിൽ ഉണ്ടായിരിക്കും. രണ്ടാമത്തേത്, മനുഷ്യനെ അല്ലാഹു ഈ പ്രകൃതി വിശ്വാസത്തിൽ എടുത്തുകൊണ്ട് ഏൽപ്പിച്ചു കൊടുത്തിരിക്കുകയാണ് എന്ന അർത്ഥമാണ്. അതാവട്ടെ അവൻ ഇതിനെല്ലാം ഉള്ള കണക്ക് പറയേണ്ടിവരും എന്ന ആശയത്തിലേക്ക് നയിക്കുന്നു. ഈ രണ്ടു കാര്യങ്ങളും പ്രകൃതി സംരക്ഷണം, പരിപാലനം എന്നിവ തൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ പെട്ടതാണ് എന്ന ബോധ്യം മനുഷ്യന് നൽകുന്നു. രണ്ടാമത്തേത്, അവനെ പ്രതിനിധി ആക്കി വെച്ചിരിക്കുന്നു എന്ന പ്രയോഗത്തിലൂടെ ഈ പ്രകൃതിയെ പരിപാലിക്കാനുള്ള ബാധ്യത തനിക്കുണ്ട് എന്ന ആശയം അവൻ ചിന്തിച്ചും മനനം ചെയ്തും കണ്ടെത്തേണ്ടതു മാത്രമല്ല മറിച്ച്, അവനോട് അള്ളാഹു വ്യക്തമായി ഈ പ്രകൃതിയെ പരിപാലിക്കുവാൻ ആവശ്യപ്പെട്ടതാണ് എന്നതാണ്. അല്ലാഹു പറയുന്നു: 'അവൻ നിങ്ങളെ ഭൂമിയിൽനിന്ന് ഉണ്ടാക്കുകയും നിങ്ങളെ ഭൂമിയുടെ പരിപാലനം ഏൽപ്പിക്കുകയും ചെയ്തവൻ ആകുന്നു' (ഹൂദ്: 61). സസ്യങ്ങൾ നട്ടും കൃഷി ചെയ്തു പുഴകൾ തോടുകൾ തുടങ്ങിയ ഉണ്ടാക്കിയും വീടുകൾ പാർപ്പിടങ്ങൾ തുടങ്ങിയവ ഒരുക്കിയും ആണ് ഈ പരിപാലനം നിർവഹിക്കേണ്ടത് എന്ന മുദ്രത ആയത്തിന്റെ വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ പറയുന്നു (ഖുർത്വുബി: ജാമിഉ അഹ്കാമിൽ ഖുർആൻ / 9/ 56). ഈ ബാധ്യത നഷ്ടപ്പെടാതിരിക്കാൻ ഇമാം സമ ഖ്ശരിയെ പോലുള്ളവർ ഇതിനെ നാലായി തരംതിരിച്ച് അവതരിപ്പിച്ചിരിക്കുന്നു. നിർബന്ധമായവ, ഐച്ഛികമായവ, അനുവദനീയമായവ, പാടില്ലാത്തവ എന്നിങ്ങനെ നാലായി. (സമഖ്ശരി: കശ്ശാഫ് / 3/103). അപ്പോൾ പിന്നെ പ്രകൃതി സംരക്ഷിക്കപ്പെടാത്ത സാഹചര്യം വിശ്വാസികളുടെ ലോകത്ത് ഉണ്ടാവില്ല. മൂന്നാമത്തെ കാര്യം, ആസ്വാദനമാണ്. പ്രകൃതിയിലേക്ക് തിരിഞ്ഞുനിൽക്കുന്ന ഒരു മനസ്സും പ്രകൃതിയുടെ ഭംഗിയും കൗതുകവും ആസ്വദിക്കുവാനുള്ള ഒരു മനസ്ഥിതിയും അല്ലാഹു സൃഷ്ടിച്ചു വെച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഏതു കാഴ്ചയും അവൻ്റെ മനസ്സിൽ ആസ്വാദനത്തിന്റെ ആനന്ദം നിറയ്ക്കുന്നവയാണ്. മഴയും മഞ്ഞും പൂന്തോട്ടവും മലകളും കുന്നുകളും എന്നുവേണ്ട പ്രപഞ്ചത്തിൽ അല്ലാഹു ഒരുക്കി വെച്ച എല്ലാ കാഴ്ചകളും ഏതു മനുഷ്യന്റെയും മനസ്സിനെ ആകർഷിക്കുന്നതാണ്. ടൂറിസത്തിൽ മനുഷ്യനിർമ്മിതമായ കാഴ്ചകളെ എപ്പോഴും മറികടക്കുക പ്രകൃതിജന്യമായ കാഴ്ചകളായിരിക്കും. ആ മനോഹാരിത അല്ലാഹു തന്നെ എടുത്തു പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'നബിയേ, പ്രഖ്യാപിക്കുക: സമസ്ത സ്‌തോത്രവും അല്ലാഹുവിന്നത്രേ. അവന്റെ സവിശേഷ തെരഞ്ഞെടുപ്പിനു വിധേയരായ അടിമകള്‍ക്കു സുരക്ഷയുണ്ടാകട്ടെ. അല്ലാഹുവാണോ ഉദാത്തന്‍, അതോ അവര്‍ പങ്കാളികളാക്കുന്നവയോ? അതോ ഭുവന-വാനങ്ങള്‍ സൃഷ്ടിക്കുകയും അന്തരീക്ഷത്തില്‍ നിന്നു നിങ്ങള്‍ക്ക് ജലം വര്‍ഷിക്കുകയും ചെയ്യുന്നവനോ? എന്നിട്ട് ആ വെള്ളം മുഖേന സുന്ദരമായ തോട്ടങ്ങള്‍ നാം ഉണ്ടാക്കി. അവയിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ല. അല്ലാഹുവൊന്നിച്ച് മറ്റേതെങ്കിലും ആരാധ്യനുണ്ടോ? അല്ല, അവര്‍ സന്മാര്‍ഗവ്യതിയാനം സംഭവിച്ച ഒരു കൂട്ടരത്രേ. (അന്നംല്: 59, 60). പ്രകൃതിയിലൂടെ ദാതാവിലേക്ക് എത്തിച്ചേരുവാൻ ഈ അനുഭവം ഒരു കാരണമാക്കുവാൻ വേണ്ടിയെന്നോണമാണ് അല്ലാഹു മനുഷ്യനിൽ ഭംഗിയോടുള്ള ആകർഷണം നിക്ഷേപിച്ചിരിക്കുന്നതും. തുടർന്ന് അതിനെല്ലാമുള്ള പ്രചോദനമായി തീരുവാൻ ഭംഗിയെ അല്ലാഹുവിൻ്റെ ഇഷ്ടങ്ങളിൽ പെടുത്തുകയും ചെയ്തിരിക്കുന്നു. നബി(സ്വ) പറഞ്ഞു: 'തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനും ഭംഗിയെ ഇഷ്ടപ്പെടുന്നവനും ആണ്' (മുസ്ലിം, അഹ്മദ്). തേനീച്ചയെ ആകർഷിക്കുവാൻ പൂവിനെ മനോഹരമാക്കി ഒരുക്കിവെച്ചതും ഒരു പൂവിൽ നിന്ന് അടുത്ത പൂവിലേക്ക് പറന്നിറങ്ങുമ്പോൾ അതുവഴി പരാഗരേണുക്കളെ കൈമാറുവാൻ വഴിയൊരുക്കിയതും പൂവുകൾ കായ്കളായി മാറുന്നതും അവ മനുഷ്യൻ്റെ നാവിൽ സ്വാദിഷ്ടമായ അനുഭവം തീർക്കുന്നതും അതുതന്നെ അവന് പ്രത്യേക പോഷണം പ്രദാനം ചെയ്യുന്നതും തുടങ്ങി പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങളും മനുഷ്യനിലേക്ക് എത്തുന്നതും മനുഷ്യനിലൂടെ പ്രകൃതിയുടെ ദാതാവിലേക്ക് കടന്നുപോകുന്നതുമായ ഒരു ശ്രേണിയായി കാണുമ്പോൾ മനുഷ്യനും പ്രകൃതിയും പരസ്പരം വിലയം പ്രാപിക്കുന്ന അനുഭവം നാം അറിയുകയാണ്. മനുഷ്യനെ പ്രകൃതിയുമായി ഘടിപ്പിച്ചിരിക്കുന്ന നാലാമത്തെ കാര്യം ചിന്തയാണ്. പ്രകൃതിയിലെ ഓരോ ഘടകവും മനുഷ്യൻ്റെ മുമ്പിൽ നിവർത്തിവെക്കപ്പെട്ടിരിക്കുന്ന ഒരു ചിന്താപുസ്തകമാണ്. അവയിൽ മനുഷ്യനു വേണ്ട അവബോധങ്ങൾ എല്ലാം നിറച്ചു വച്ചിരിക്കുകയാണ്. അല്ലാഹുവിൻ്റെ അനുഗ്രഹത്തിൻ്റെ സുവിശേഷവുമായി കടന്നുവരുന്ന മാരുതനും ആകാശത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന ശുദ്ധജലവും അതിൽ നിന്ന് ജീവനില്ലാത്ത ഭൂമിക്ക് ജീവൻ ലഭിക്കുന്നതും ജീവിവർഗ്ഗത്തിന്റെ ദാഹം മാറ്റുന്നതും തുടങ്ങി മനുഷ്യനോട് പ്രകൃതി പറയുന്ന ഓരോ കാര്യങ്ങളും ഓരോ ചിന്തകളാണ്. അഗ്നി ജ്വലിക്കുന്ന സൂര്യനും സൂര്യപ്രഭയിൽ തിളങ്ങുന്ന ചന്ദ്രനും അവ രണ്ടിനും കൃത്യമായി നിശ്ചയിച്ചുവെച്ച ഭ്രമണപഥങ്ങളും അവയിലൂടെയുള്ള അവയുടെ തെറ്റാത്ത ചലനങ്ങളും കലണ്ടറുകൾ ഗണിക്കാനും കുറിച്ചിടാനും മനുഷ്യന് ധൈര്യംനൽകുന്ന അതിന്റെ കൃത്യതകളും.. അങ്ങനെ കാണുന്നതും കാണാത്തതുമായ എണ്ണിയാൽ ഒതുങ്ങാത്ത അനുഗ്രഹങ്ങളും അടങ്ങുന്ന ആ ചിന്തകളെല്ലാം സൃഷ്ടാവിൽ എത്തിച്ചേരുന്നു. അഞ്ചാമത്തെ കാര്യം പഠനമാണ്. ചിന്തയും പഠനവും തമ്മിൽ അടിസ്ഥാനപരമായി ചില വ്യത്യാസങ്ങളുണ്ട്. ചിന്ത മനുഷ്യനെ ഒരു പ്രത്യേകമായ അനുഭൂതിയിലേക്കാണ് നയിക്കുന്നത്. അത് വിശ്വാസത്തിലേക്കും ചിലപ്പോൾ അതിന്റെ നിരാസത്തിലേക്കും ഒക്കെയായിരിക്കും നയിക്കുക. അതേസമയം, പഠനങ്ങൾ ആവട്ടെ തിരിച്ചറിവുകളായി മാറുകയാണ് ചെയ്യുന്നത്. പഠിക്കുവാൻ വിശുദ്ധ ഖുർആൻ മനുഷ്യനു മുമ്പിൽ പലതും നിവർത്തി വെക്കുന്നുണ്ട്. അവയിൽ പ്രകൃതിയും പ്രകൃതിയുടെ വിവിധ ഘടകങ്ങളും ഉണ്ട്. ഉദാഹരണമായി ചില ജീവികളെ എടുക്കാം. തനിക്ക് ചുറ്റും ജീവിക്കുന്ന ജീവജാലങ്ങൾ നമ്മെപ്പോലെയുള്ള സമൂഹങ്ങൾ തന്നെയാണ് എന്നാണ് ഖുർആൻ പറയുന്നത് (അൻആം: 38). ചുറ്റുമുള്ള ജീവജാലങ്ങളുമായി തന്നെ താരതമ്യം ചെയ്ത് തൻ്റെ സ്വന്തം വ്യതിരിക്തതകൾ പഠിക്കുവാൻ ഇത് അവസരമാകുന്നു. ഈ ഇനത്തിലെ മറ്റൊന്നാണ് ജീവികളിൽ നിന്ന് മനുഷ്യൻ പഠിക്കേണ്ടി വന്ന പാഠങ്ങൾ. ഉദാഹരണമായി, അൽ മാഇദ അദ്ധ്യായം മുപ്പത്തിഒന്നാം വചനത്തിൽ മനുഷ്യൻ്റെ കനിഷ്ഠ സഹോദരങ്ങൾ തമ്മിൽ ഉണ്ടായ കശപിശയും അവരിൽ ഒരാൾ മറ്റൊരാളെ വധിച്ചതും പറഞ്ഞതിനുശേഷം മരിച്ചു കിടക്കുന്ന സ്വന്തം സഹോദരൻ്റെ ജഡം ഇനി എന്ത് ചെയ്യും എന്നത് പഠിപ്പിച്ചു കൊടുക്കുവാൻ അല്ലാഹു ഒരു കാക്കയെ നിയോഗിക്കുന്നതായി അതിൽ പറയുന്നുണ്ട്. മറ്റൊരു ഉദാഹരണത്തിൽ ഒരു ഉറുമ്പിൽ നിന്ന് ഉപദേശം തേടുന്ന പ്രവാചകനായ സുലൈമാൻ നബിയെ കാണാം. സ്വാർത്ഥതയില്ലാതെ സ്വന്തം സ്വന്തം ജനതയുടെ സുരക്ഷിതത്വത്തിന് വേണ്ടി യത്നിക്കുന്ന ഒരു ഉറുമ്പിലൂടെ അവിടെ മനുഷ്യൻ പലതും പഠിക്കുന്നുണ്ട്. അതേ സുലൈമാൻ നബി വളരെ പ്രധാനപ്പെട്ട ഒരു ദൗത്യത്തിന് വേണ്ടി ഒരു മരംകൊത്തി പക്ഷിയെ ഉപയോഗപ്പെടുത്തുന്ന ചരിത്രവും ഖുർആൻ പറയുന്നുണ്ട്. (അന്നംല്: 22-26). ഇവിടെയെല്ലാം അല്ലാഹു മനുഷ്യനെ തൻ്റെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നതായി നമുക്ക് കാണാം. ഇത്തരം സംഭവങ്ങളുടെ ശ്രേണി വഴി മനുഷ്യനെ നാഗരികത പഠിപ്പിച്ചത് തന്നെ ജീവികളാണ് എന്ന് വരെ പറഞ്ഞവരുണ്ട്. 42 വാല്യങ്ങളിലായി നാഗരികതയുടെ ചരിത്രം പറയുന്ന അമേരിക്കൻ ചരിത്രകാരൻ വിൽ ഡ്യൂറൻഡ് (1885- 1981) പറയുന്നത് ഒരു ഉദാഹരണം. അദ്ദേഹം പറയുന്നു: 'കിട്ടിയ അന്നത്തിന്റെ ഒരു ഭാഗം നാളേക്ക് വേണ്ടി മാറ്റിവെക്കുന്ന അണ്ണാറക്കണ്ണനും തൻ്റെ സെല്ലുകളിൽ മറ്റുള്ളവർക്ക് വേണ്ടി തേൻ നിറച്ചു വെക്കുന്ന തേനീച്ചയും മഴക്കാലത്തിനു വേണ്ടി ധാന്യമണി സൂക്ഷിച്ചുവെക്കുന്ന ഉറുമ്പും എല്ലാമാണ് സൂക്ഷിച്ചുവെക്കുക എന്ന ധർമ്മശാസ്ത്രം നമ്മുടെ പ്രപിതാക്കന്മാർക്ക് പഠിപ്പിച്ചു കൊടുത്തത്' (വിൽ ഡ്യൂറൻ്റ് : ദ സ്റ്റോറി ഓഫ് സിവിലിസേഷൻ 1/12) വിശ്വാസിയെ ഇങ്ങനെയെല്ലാം ഉത്ബോധിപ്പിക്കുമ്പോഴും നമ്മുടെ ലോകം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ മുമ്പിൽ വിറച്ചു നിൽക്കുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ച് എണ്ണം ആണ് എന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അവയെ തുടർന്നുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഠിനമായ ശ്രമങ്ങളിലാണ് ലോകം. അവ താഴെപ്പറയുന്നവയാണ്. ഒന്ന്, പ്രകൃതി സ്രോതസ്സുകളുടെ മലിനീകരണം. ഏഴ് പ്രധാന സ്രോതസ്സുകളെ ആണ് മലിനീകരണം പിടികൂടിയിരിക്കുന്നത്. വായു, വെള്ളം, മണ്ണ്, ശബ്ദം, റേഡിയോ ആക്ടീവ്, വെളിച്ചം, താപം എന്നിവയാണവ. ഇവ നമ്മുടെ പരിസ്ഥിതിയെ പല തരത്തില്‍ ബാധിക്കുന്ന പ്രാഥമിക കാരണങ്ങളാണ്. വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം വീണ്ടെടുക്കാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആവശ്യമാണ് എന്നതാണ് മനുഷ്യനെ ഏറെ വെല്ലുവിളിക്കുന്ന സത്യം. ഘനലോഹങ്ങള്‍, നൈട്രേറ്റുകള്‍, പ്ലാസ്റ്റിക് എന്നിവ മലിനീകരണത്തിന് കാരണമാകുന്ന വിഷവസ്തുക്കളാണ്. എണ്ണ ചോര്‍ച്ച, ആസിഡ് മഴ, നഗരങ്ങളിലെ ഒഴുക്ക് എന്നിവ മൂലം ജലമലിനീകരണം ഉണ്ടാകുമ്പോള്‍, വ്യവസായങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന വിവിധ വാതകങ്ങളും വിഷവസ്തുക്കളും ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വായു മലിനീകരണത്തിന് കാരണമാകുന്നു. മണ്ണ് മലിനീകരണം പ്രധാനമായും സംഭവിക്കുന്നത് വ്യാവസായിക മാലിന്യങ്ങള്‍ മൂലമാണ്, ഇത് മണ്ണിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നു. രണ്ടാമത്തേത് മണ്ണിന്റെ അപചയമാണ്. മണ്ണിൻ്റെ കാർഷിക അനുകൂല ഗുണങ്ങൾ കുറഞ്ഞുവരികയും കൃത്രിമ മാർഗങ്ങൾ വേണ്ടത്ര ഫലപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വളർന്നുവരികയാണ്. മണ്ണ് നല്ലതാണോ അല്ലയോ എന്ന ഘടകത്തെ ആശ്രയിച്ചാണ് ആഗോളതലത്തില്‍ വിളകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിക്കുന്നത്. യു എന്‍ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം ഏകദേശം 12 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമി ഗുരുതരമായി നശിപ്പിക്കപ്പെടുന്നു. പല കാരണങ്ങളാല്‍ മണ്ണ് നശിക്കുന്നു. അത്തരം കാരണങ്ങളില്‍ മണ്ണൊലിപ്പ്, മണ്ണ് മലിനീകരണം, ഏകവിള സമ്പ്രദായം, ലാഭകരമല്ല എന്ന തോന്നലിനാൽ കാർഷിക വൃത്തി ഉപേക്ഷിക്കുക വഴി മണ്ണ് തരിശായി പോവുക തുടങ്ങിയവ ഉള്‍പ്പെടുന്നു. മൂന്നാമത്തേത്, ആഗോളതാപനമാണ്. ഹരിതഗൃഹ വാതകങ്ങള്‍ അമിതമായിപുറന്തള്ളുന്നതിലൂടെ ഭൂമിയുടെ ഊഷ്മാവ് വർദ്ധിക്കുന്നതിനെ തുടർന്നാണ് ഇത് ഉണ്ടാകുന്നത്. ആഗോളതാപനം സമുദ്രങ്ങളുടെയും ഭൂമിയുടെ ഉപരിതലത്തിന്റെയും താപനില ഉയരുന്നതിന് കാരണമാകുന്നതിനാൽ വെള്ളപ്പൊക്കം, ധ്രുവപ്രദേശങ്ങളിലെ ഹിമപാളികള്‍ ഉരുകൽ, സമുദ്രനിരപ്പിലെ ജല വര്‍ദ്ധനവ്, ചുഴലിക്കാറ്റുകള്‍, കാട്ടുതീ, വരള്‍ച്ച, അമിതമായ മഞ്ഞ്, മരുഭൂവൽക്കരണം തുടങ്ങിയവയും കാലം തെറ്റിയുള്ള മഴയും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഉണ്ടാകുവാൻ അതു കാരണമാകുന്നു. നാലാമത്തേതായി ശാസ്ത്രം എണ്ണുന്നത് അമിത ജനസംഖ്യയെയാണ്. ജനസംഖ്യയുടെ വർദ്ധനവ് പ്രകൃതി സ്രോതസ്സുകളുടെ അമിതമായ ഉപഭോഗത്തിലേക്കും തദ്വാരാ ദാരിദ്ര്യത്തിലേക്കും ലോകത്തെ നയിക്കുന്നു എന്നാണ് വാദം. വിശ്വാസികളുടെ ലോകം പ്രത്യേകിച്ചും ഇസ്ലാം ഇത് അംഗീകരിച്ചു കൊടുക്കുന്നില്ല. ജനസംഖ്യ വർദ്ധിക്കുമ്പോൾ അതിനനുസരിച്ചുള്ള ഉൽപാദനവും ശ്രദ്ധയും വർധിക്കാത്തതാണ് അടിസ്ഥാന കാരണം എന്നാണ് ഇത്തരം ആദർശങ്ങളുടെ പക്ഷം. അഞ്ചാമത്തേത്, പ്രകൃതിവിഭവങ്ങളുടെ ശോഷണമാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഭൂമിയുടെ ഏകദേശം 1.5 ഭാഗം നിലവിൽ നാം ഉപയോഗിച്ചുവരുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും വളർച്ചയുടെ പാതയിൽ കുതിക്കുന്ന രാജ്യങ്ങളിലെ വന്‍ വ്യവസായവല്‍ക്കരണം മൂലം ഭാവിയില്‍ ഇത് ഇനിയും വര്‍ധിക്കും. പ്രകൃതി വിഭവങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ചും സ്വാഭാവിക സ്രോതസ്സുകൾ വീണ്ടും ഉണ്ടായിവരാൻ ഉള്ള കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിലും, സ്രോതസ്സുകൾ വീണ്ടെടുക്കുന്നതിനുള്ള പുതിയ തലമുറയുടെ താൽപര്യക്കുറവിലും. ഈ പ്രശ്നങ്ങളുടെ എല്ലാം കാരണക്കാരനും കുറ്റക്കാരനും മനുഷ്യൻ തന്നെയാണ്. ഇവിടെ പറയപ്പെട്ട ഒരു ഭീഷണിയുടെ കാര്യത്തിലും പ്രകൃതിയെ കുറ്റം പറയാൻ കഴിയില്ല. കാരണം, അവയുടെ ദൗത്യം അവ കൃത്യമായി നിർവഹിക്കുകയും മനുഷ്യനുവേണ്ടി പരിപൂർണ്ണമായും വിധേയപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. സത്യത്തിൽ നമ്മുടെ പ്രകൃതിക്കും ഭൂമിക്കും അങ്ങനെയല്ലാതെ ചെയ്യാൻ കഴിയില്ല. കാരണം അല്ലാഹു അത്തരത്തിലാണ് വിധേയത്വം അനുസരണ തുടങ്ങിയ ആശയങ്ങളെ തന്നെ സംവിധാനിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആൻ അത് വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ മതമല്ലാത്ത മറ്റൊന്നാണോ അവരാഗ്രഹിക്കുന്നത്? ഭുവന-വാനങ്ങളിലുള്ളവരെല്ലാം സ്വമേധയായോ നിര്‍ബന്ധിതമായോ അവനു കീഴ്‌പെട്ടിരിക്കുന്നു. അവങ്കലേക്കു തന്നെയാണവര്‍ മടക്കപ്പെടുക. (ആലു ഇംറാൻ: 83) ഈ ആയത്തിൽ കീഴ്പ്പെടലിനെ രണ്ടായി അള്ളാഹു വിവരിക്കുന്നു. ഒന്ന്, സ്വമേധയാ ഉള്ള കീഴ്പ്പെടലും അനുസരണയും. രണ്ടാമത്തേത്, നിർബന്ധിതമായി ഉള്ള കീഴ്പ്പെടലും അനുസരണയും. പ്രപഞ്ചത്തിലെ വസ്തുക്കള്‍ അവയുടെ സഹജവും സ്വാഭാവികവുമായ ശീലങ്ങള്‍ക്കും പ്രകൃതിക്കും അനുസരിച്ച് നിലനില്‍ക്കുന്നത് നിര്‍ബന്ധിതമായ അനുസരണത്തിന്റെ ഭാഗമായിട്ടാണ്. അതായത് അവയ്ക്ക് അങ്ങനെയല്ലാതെ ചെയ്യാനും പെരുമാറാനും പ്രവർത്തിക്കാനും കഴിയില്ല. സൂര്യനും ചന്ദ്രനും വെള്ളവും വായുവും മണ്ണും മലയും എല്ലാം അവയുടെ താല്പര്യത്തിനനുസരിച്ചല്ല അല്ലാഹുവിൻ്റെ താൽപര്യത്തിനും നിശ്ചയത്തിനും നിയോഗത്തിനും അനുസരിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. മനുഷ്യർ ശരിയായ ചിന്തയിലൂടെയും പഠനത്തിലൂടെയും വിശ്വാസം കണ്ടെത്തുകയും അതിനു ശേഷം ആ വിശ്വാസത്തിൻ്റെ ഭാഗമായി വിശ്വസിക്കപ്പെടുന്നവനെ അല്ലെങ്കിൽ വിശ്വസിക്കപ്പെടുന്നതിനെ അനുസരിക്കുകയും ആണ് ചെയ്യുന്നത്. അതിനാൽ അവന്റെ അനുസരണവും കീഴ്പ്പടലും അവന്റെ സ്വന്തം താൽപര്യത്തിനും തീരുമാനത്തിനും വിധേയമാണ്. അതിനാൽ തെറ്റും കുറ്റവും കൈപ്പിഴയും വരാനുള്ള സാധ്യത മനുഷ്യന് മാത്രമാണ്. കാരണം അവനാണ് അനുസരിക്കാനും അനുസരിക്കാതിരിക്കുവാനും കഴിയുന്നവൻ. പ്രകൃതിക്ക് അനുസരിക്കാൻ മാത്രമേ കഴിയൂ. അല്ലാഹുവിൻ്റെ നിയമങ്ങള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് സ്രഷ്ടാവിന്റെ ഇഛയും താല്‍പര്യവുമനുസരിച്ച് ജീവിക്കാന്‍ മനുഷ്യന്‍ തീരുമാനിച്ചാല്‍ മാത്രമെ അതിനനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അങ്ങനെ തീരുമാനിച്ചാൽ ആ തീരുമാനം നടപ്പിലാക്കുവാൻ ഇസ്‌ലാമിന്റെ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രകൃതിയുമായും പ്രപഞ്ചത്തിലെയും ജൈവലോകത്തിലെയും ഘടനകളുമായും യോജിക്കുന്നതാണ്. പ്രപഞ്ചത്തെയും അതിലെ വസ്തുക്കളെയും സൃഷ്ടിച്ചവനില്‍ നിന്നുതന്നെ വന്നവയാണ് നിയമങ്ങളും തത്ത്വങ്ങളും എന്നതു തന്നെയാണ് അതിനു കാരണം. ഇങ്ങനെ പറഞ്ഞു വരുമ്പോൾ ചിലർക്കെങ്കിലും ഒരു സന്ദേഹം ഉണ്ടായേക്കാം. ഇത്രമാത്രം സരളവും സുവ്യക്തവുമാണ് ഇസ്ലാമിൻ്റെ നയം എന്നിട്ടും ഇസ്ലാം പ്രകൃതിയുമായി യോജിക്കാത്തതും പ്രകൃതിവിരുദ്ധവുമായ ഒരു മതമാണ് എന്ന ആരോപണമുണ്ടല്ലോ, അത് എന്തുകൊണ്ടാണ്? എന്ന സന്ദേഹം. ഇത്തരം ആൾക്കാർ ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്, തങ്ങളുടെ അനിയന്ത്രിതമായ ഇച്ഛകളെ മുഴുവനും ഇസ്ലാം തല കുലുക്കി സമ്മതിച്ചു കൊടുക്കാത്തതിന്റെ പേരിലാണ്. മനുഷ്യന്റെ അനിയന്ത്രിതമായ ഇഛകളും ആഗ്രഹങ്ങളുമായി ഇസ്‌ലാം അനുരഞ്ജനപ്പെടുന്നില്ല എന്നതിനെ ചൊല്ലിയാണ്. ഉദാഹരണമായി, ഇസ്ലാം മദ്യപിക്കരുത് എന്ന് പറയുമ്പോൾ അതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കാതെ അതിലൂടെ ലഭിക്കുന്ന ആനന്ദത്തെയും ആസ്വാദനത്തെയും ഇസ്ലാം തടയുകയാണ് എന്ന് പരിഭവിക്കുന്നതിനെ പറയാം. അതു പറയുമ്പോൾ തങ്ങൾക്ക് ഇതുവഴി ഇച്ഛയിലും വൈകാരികതയിലും ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് മാത്രം ഇവർ വേവലാതിപ്പെടുകയാണ്. അതേസമയം മദ്യപാനം ശരീരത്തെയും മാന്യതയെയും കുടുംബ-സാമൂഹ്യ ബന്ധങ്ങളെയും ഹനിക്കുകയാണ് എന്നത് ഇവർ കാണാതെ പോകുന്നു. ചുരുക്കത്തിൽ പ്രപഞ്ചത്തിൻ്റെയും പ്രകൃതിയുടെയും സഹചാരിയാണ്, ആവേണ്ടവനാണ് അല്ലാഹുവിൻ്റെ ഭൂമിയിലെ പ്രതിനിധിയായ മനുഷ്യൻ. അത് അവൻ്റെ ബാദ്ധ്യതയും ഉത്തരവാദിത്വവുമാണ്. ബാദ്ധ്യതയും ഉത്തരവാദിത്വവുമാവുമ്പോൾ അവൻ അവയുടെ കണക്കു ബോധിപ്പിക്കുവാൻ ബാദ്ധ്യസ്ഥനാണ്. അപ്പോൾ ഇത് അവൻ നേരിടുന്ന ഒരു പരീക്ഷണം കൂടിയായി മാറുന്നു. അതിനാൽ മേൽപറഞ്ഞതെല്ലാം ചിന്തിച്ച് ഉൾക്കൊണ്ട് തൻ്റെ ദൗത്യം ഭംഗിയായി നിർവ്വഹിക്കുകയാണ് വിശ്വാസിയുടെ ബാദ്ധ്യത. അല്ലാഹു പറയുന്നു: 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും-നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ'. (ആലു ഇംറാൻ: 190) - അവസാനിച്ചു -