TH Darimi

അനാഥ പൗത്രനും സ്വത്തവകാശവും

അനാഥ പൗത്രനും സ്വത്തവകാശവും

29-10-2024
Share this Article

image

ഇഅ്ജാസ് ടി എച്ച് ദാരിമി



ഇസ്ലാമിക ശരീഅത്തിൽ കുറ്റവും കുറവും കണ്ടെത്താൻ വേണ്ടി പെടാപ്പാട് പെടുന്ന ഇസ്ലാം വിരോധികൾ പലപ്പോഴും എടുത്തു കാണിക്കുന്ന രണ്ടാമത്തെ പ്രശ്നമാണ് അനാഥ പേരക്കുട്ടികളുടെ അവകാശം. പിതാവ് ജീവിച്ചിരിക്കെ മകൻ മരിച്ചാൽ ആ മകൻ്റെ മക്കളായ പേരക്കുട്ടികൾക്ക് തങ്ങളുടെ മരിച്ചുപോയ പിതാവിൻ്റെ പേരിൽ ആ പിതാവിന് ന്യായമായും കെട്ടേണ്ടിയിരുന്ന അവകാശം ഇസ്ലാം നൽകുന്നില്ല എന്നതാണ് ആക്ഷേപം. നിയമം അങ്ങനെ തന്നെയാണ് എന്നതിൽ സന്ദേഹമില്ല. ഈ പറയുന്ന പേരക്കുട്ടികൾ ഈ പിതാമഹനിലേക്ക് എത്തിച്ചേരുന്നത് അവരുടെ പിതാവ് വഴിയാണ്. ആ പിതാവ് മരണപ്പെട്ടതോടെ അവർക്ക് പിതാമഹനിലേക്കും പിതാമഹന്റെ സ്വത്തിലേക്കും എത്തിച്ചേരാനുള്ള വഴി അടയുകയാണ്. അതുകൊണ്ടാണ് അവർക്ക് അനന്തരാവകാശം ലഭിക്കാത്തത്. ഈ പേരക്കുട്ടികളുടെ കാര്യം കാണുമ്പോഴും ഓർക്കുമ്പോഴും മറ്റുള്ളവർ അവരുടെ സാഹചര്യങ്ങൾ വിവരിക്കുമ്പോഴും സ്വാഭാവികമായും അവരോട് ഒരു അനുതാപവും ഖേദവും തോന്നിപ്പോകും. അത് ആ സാഹചര്യത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയം ഇസ്ലാമിനെ അടിക്കുവാൻ ഏറ്റവും മൂർച്ചയുള്ള ഒരായുധമായി ഇസ്ലാമിൻ്റെ ശത്രുക്കൾ ഉപയോഗിക്കുന്നതും. സ്നേഹവും കാരുണ്യവും പഠിപ്പിക്കുന്ന ഇസ്ലാം ഈ അനാഥ കുട്ടികളുടെ കാര്യത്തിൽ ആ വികാരങ്ങൾ പുലർത്തുന്നില്ല എന്നതാണ് പരാതി. അതുവഴി ഇസ്ലാം ക്രൂരമാണ് എന്നുവരെ പറയാൻ പലരും മുതിരാറുണ്ട്. നിര്‍ഭാഗ്യവാന്മാരായ ആ പൗത്രന്മാരുടെ പിതാവ്, പിതാമഹന്‍ ജീവിച്ചിരിക്കെ മരിച്ചുപോയതുകൊണ്ടല്ലേ അവര്‍ക്ക് ഈ ദുര്‍ഗതി വന്നുപെട്ടത്? പിതാമഹന്റെ ധനം ഭാഗിക്കുമ്പോള്‍ അനാഥകളായ ആ പേരക്കുട്ടികളുടെ കാര്യമല്ലേ ആദ്യമായി പരിഗണിക്കേണ്ടതെന്നും മറ്റുമുള്ള ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശനിയമത്തില്‍ കാര്യമായ പന്തികേടുണ്ടെന്നു ചിലര്‍ക്ക് തോന്നിപ്പോകും. ആഴത്തിൽ ചിന്തിക്കുവാൻ വേണ്ട ബുദ്ധിയോ താല്പര്യമോ ക്ഷമയോ ഇല്ലാത്തവരായിരിക്കും ആരോപണങ്ങളെ ആശ്രയിക്കുന്നവർ. ഒറ്റവാക്കിൽ അപരാധങ്ങൾ പറഞ്ഞു ആളാകാനുള്ള ശ്രമം ആയിരിക്കും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. ഇവിടെയും സംഭവിക്കുന്നത് അതുതന്നെയാണ്.

എന്നാല്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ ഇസ്‌ലാം സ്വീകരിച്ച മൗലികതത്വങ്ങളും ആ തത്വങ്ങളനുസരിച്ചു പ്രവൃത്തിക്കുമ്പോള്‍ അപൂര്‍വമായി കാണാനിടയുള്ള ഇത്തരം അനുകമ്പാര്‍ഹങ്ങളായ പ്രശ്‌നങ്ങളോടും മറ്റും നീതിപാലിക്കുന്നതിന് ഇസ്‌ലാം സ്വത്തുടമകളുടെയും അനന്തരാവകാശികളുടെയും മുമ്പില്‍ തുറന്നുവെച്ചിട്ടുള്ള പരിഹാരമാര്‍ഗങ്ങളും ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ ഇസ്‌ലാമിക നിയമത്തില്‍ അപാകതകള്‍ കാണുകയില്ലെന്നു മാത്രമല്ല അത്തരം അനാഥക്കുട്ടികള്‍ക്കും, അഗതികള്‍ക്കും വേണമെങ്കില്‍ കൂടുതല്‍ സ്വത്ത് നല്‍കുന്നതിന് തന്നെ ഇസ്‌ലാം വഴിതുറന്നുവെച്ചിട്ടുണ്ടെന്നുകൂടി ബോധ്യപ്പെടുന്നതാണ്. ഖുര്‍ആനില്‍നിന്നും പ്രവാചകചര്യകളില്‍ നിന്നും ചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസി ഏതൊരു പൗത്രന്റെയും പ്രശ്‌നം നിഷ്പ്രയാസം പരിഹരിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഇസ്ലാമും മുസ്ലിമുകളും ഇത്തരം ആരോപണങ്ങളെ എല്ലാ അർത്ഥത്തിലും തള്ളിക്കളയുകയാണ്. കാരണം, പരിഹാരമില്ലാത്ത വിഷയങ്ങളെയാണ് നാം പരിഗണിക്കേണ്ടത്. ഇവിടെ ഈ വിഷയം തീർച്ചയായും പരിഹാരം ഉള്ളതാണ്. ഇവർ പറയുന്ന ഈ സങ്കടങ്ങളെല്ലാം ഇസ്ലാമിക നിയമം ഉൾക്കൊള്ളുന്നുണ്ട്. അതിൻ്റെ പേരിൽ തന്നെ അത്തരം അപൂർവ്വമായ സാഹചര്യങ്ങളെ പരിഗണിക്കുവാൻ നിയമങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ചർച്ച അനന്തരാവകാശത്തെക്കുറിച്ചാണ്. അനന്തരാവകാശം എന്നാൽ ഒരു വ്യക്തി മരണപ്പെടുമ്പോൾ ഉപേക്ഷിച്ചിട്ട് പോകുന്ന സ്വത്താണ്. ഇവിടെ ഈ മരണപ്പെട്ട വ്യക്തി മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വത്തായി എന്തെങ്കിലുമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മക്കൾക്ക് നിയമാനുസൃതം ലഭിക്കും എന്നതിൽ തർക്കമില്ല. അതേസമയം തൻ്റെ പിതാവിൽ നിന്ന് കിട്ടേണ്ട സ്വത്ത് കിട്ടുന്നതിനു മുമ്പാണ് ഇയാൾ മരണപ്പെടുന്നത്. അതായത്, ഇയാൾ മരണപ്പെടുമ്പോൾ ഇയാൾക്ക് സ്വത്തു കിട്ടാനുള്ള ഒരു അവകാശവും ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിൻ്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന ആളുടെ സ്വത്ത് അനന്തരാവകാശത്തിന്റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ട് അനന്തരാവകാശം എന്ന അർത്ഥത്തിൽ ഈ പേരമകൾക്ക് സ്വത്തു കൊടുക്കുമ്പോൾ അത് അനന്തരാവകാശം എന്ന സംജ്ഞയുടെ പൊളിച്ചെഴുത്തു കൂടി ആയി മാറുന്നുണ്ട്. അതായത് ഇവിടെ പൗത്രന്മാർക്ക് അനന്തരാവകാശമായി സ്വത്ത് കൊടുക്കുമ്പോൾ അത് അനന്തരാവകാശം എന്ന അർത്ഥത്തിൽ തന്നെ അല്ലാതെ ആയിത്തീരുന്നു.

ഇവിടെ മരണപ്പെട്ട മകന് തൻ്റെ പിതാവിൽ നിന്ന് സ്വത്ത് കിട്ടുന്നതിന് മുമ്പേ മരിക്കേണ്ടിവന്നു എന്നതും അതിനാൽ അദ്ദേഹത്തിൻ്റെ മക്കൾക്ക് സ്വത്ത് കിട്ടാൻ കഴിയാതെ പോയി എന്നതുമെല്ലാം വെറും ദൗർഭാഗ്യകരമായ വിധികൾ മാത്രമാണ്. ആരെങ്കിലും അദ്ദേഹത്തോടോ അദ്ദേഹത്തിൻ്റെ മക്കളോടോ ചെയ്ത അനീതിയല്ല. അവരെയൊന്നും ആരും ദ്രോഹിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളെ ഈ അർത്ഥങ്ങളിൽ ഉൾക്കൊള്ളുവാൻ ഒരു വിചാര ബോധം നൽകുന്നുണ്ട് ആദ്യമായി ഇസ്ലാം. അത് വിധിയിലുള്ള വിശ്വാസമാണ്. മനുഷ്യൻ്റെ പരിധിയുടെയും കഴിവിന്റെയും കണക്കുകൂട്ടലിന്റെയും അപ്പുറത്ത് ഇത്തരം അനിഷ്ടകരമായ പലതും സംഭവിക്കാം എന്നത് മനുഷ്യജീവിതത്തിന്റെ ഒരു അടിസ്ഥാനമാണ്. അത്തരത്തിൽ സംഭവിക്കുന്ന വേദനകളെ ആ അർത്ഥത്തിൽ അല്ലാഹുവിൻ്റെ വിധിയായി കാണുവാനും കരുതുവാനും ആണ് ഇസ്ലാം അതിന്റെ വിശ്വാസ പ്രമാണത്തിലൂടെ പഠിപ്പിക്കുന്നത്. അപ്പോൾ പിന്നെ ഇത്തരം പരാതികൾ ഉയരുകയില്ല. ആർക്കും തടുക്കാൻ കഴിയാത്ത ഒന്നാണ് മരണം എന്നും അത് സംഭവിച്ചതിനാലാണ് ഇങ്ങനെയെല്ലാം വന്നത് എന്നും സമാശ്വസിക്കാൻ വിശ്വാസികൾക്ക് കഴിയും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങളിൽ ഇസ്ലാം നൽകുന്ന പരിഹാരം ഇവിടെ നിന്നാണ്, അതായത്, വിധിയിലുള്ള വിശ്വാസത്തിൽ നിന്നാണ് ആരംഭിക്കുന്നത്. പിന്നീട് ഈ വിഷയത്തിൽ ഇസ്ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന പരിഹാരമാണ് വസിയ്യത്ത് എന്നത്. അത് ഒരു പരിഹാരമാണ് എന്ന് മാത്രമല്ല ഈ രംഗത്ത് ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ ഒരു കാര്യവുമാണ്. അവിടെ നാം മേൽപ്പറഞ്ഞ ഈ പേരക്കിടങ്ങളോടുള്ള അനുതാപവും സ്നേഹവും എല്ലാം ഇരട്ടിയായി ഉണ്ടാവുകയാണ് ചെയ്യുന്നത്. കാരണം വസിയ്യത്ത് ചെയ്യുക വഴി ഈ പേരമകൾക്ക് സ്വത്ത് നൽകുകയും കിട്ടുകയും ചെയ്യുമ്പോൾ അത് അവകാശം എന്നതിനപ്പുറം സ്നേഹം പരിഗണന തുടങ്ങിയ അർത്ഥ തലങ്ങളിലേക്ക് ഉയരുന്നുണ്ട്.

ഈ ചർച്ച നമ്മൾ ഒന്നുകൂടി വിശാലമായി നടത്തേണ്ടതുണ്ട്. അതിന് ഒരു ആമുഖം അനിവാര്യമാണ്. അനന്തരാവകാശത്തിനുള്ള അര്‍ഹത ഒരാള്‍ക്ക് ലഭിക്കുന്നതുതന്നെ അയാള്‍ മരണപ്പെട്ട ആളുടെ മക്കളോ അടുത്ത ബന്ധുക്കളോ ആയിരിക്കുകയെന്നതുകൊണ്ടാണ്. ആരില്‍ നിന്നാണോ അവകാശമെടുക്കുന്നത് ആ ആള്‍ മരിക്കുന്ന സമയത്ത് അവകാശമെടുക്കുന്ന ആള്‍ ജീവിച്ചിരിക്കണം. ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍ ഒരാളുടെ സ്വത്തിന് അയാളുടെ മരണത്തിനുമുമ്പായി അവകാശമെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മക്കൾക്കോ മക്കളിൽ ഏതെങ്കിലും ഒരാൾക്കോ ഭൂമിയോ പണമോ നൽകുകയാണ് എങ്കിൽ അതിനെയൊന്നും അനന്തരാവകാശം എന്ന് നാമോ ഇസ്ലാമോ വിളിക്കുന്നില്ല. അത് ഒരു പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് പിതാവ് മകന് ചെയ്തു കൊടുക്കുന്ന ഒരു ഔദാര്യം മാത്രമാണ്. ദാരിദ്ര്യത്തിന്റെയോ അവശതയുടെയോ അനുകമ്പയുടെയോ പേരിലല്ല മരണപ്പെട്ട ഒരാളുടെ സ്വത്തില്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അവകാശം നിശ്ചയിച്ചിട്ടുള്ളത്. അനന്തരാവകാശം എടുക്കുന്നതു മരിച്ച ആളുമായുള്ള ബന്ധത്തിന്റെ അടുപ്പമനുസരിച്ചാണ്. അതിനാൽ ആ ബന്ധവും അടുപ്പവും കണിശമായി പാലിച്ചുകൊണ്ട് മാത്രമേ അനന്തരാവകാശം എന്ന അർത്ഥത്തിൽ സ്വത്ത് വീതം ചെയ്യാവൂ എന്ന് ഇസ്ലാം ശഠിക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സങ്കടകരമായ ചില സാഹചര്യങ്ങൾ പ്രതീക്ഷിക്കാവുന്നതു തന്നെയാണ്. ഇതിനു സമാനമായ മറ്റു ചില സാഹചര്യങ്ങൾ കൂടി ഇതിലേക്ക് നമുക്ക് ചേർത്തുവെച്ചു നോക്കാം. ഉദാഹരണമായി, ഒരാൾക്ക് മൂന്നു മക്കൾ ഉണ്ട്. അതിൽ രണ്ടു മക്കൾ സ്വന്തം ശ്രമഫലമായി മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥ നേടിയവരാണ്. അതേസമയം അവരിൽ ഒരാൾ തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തികമായി പിന്തള്ളപ്പെട്ടവനും ഏറെ പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ആളുമാണ്. മറ്റുള്ള മക്കൾക്ക് നൽകുന്ന അത്രമാത്രം ഈ ദുർബലനായ മകനും നൽകുക എന്നത് നീതിയല്ല എന്ന് ആരും പ്രഥമ ദൃഷ്ട്യാ പറഞ്ഞു പോകും. ഇതിനു സമാനമായ സാഹചര്യങ്ങൾ ചിലപ്പോൾ മാതാപിതാക്കളുടെ കാര്യത്തിലും മറ്റും എല്ലാം ഉണ്ടാവാം. ഇങ്ങനെയെല്ലാം ഉണ്ടാകുമ്പോൾ സാഹചര്യം ഉയർത്തുന്ന വൈകാരിക സാഹചര്യത്തിനനുസരിച്ച് തോന്നിയത് പോലെ സ്വത്ത് വെട്ടി മുറിക്കുവാൻ ശ്രമിച്ചാൽ അത് ഒരു നിയമം എന്ന അർത്ഥത്തിലേക്ക് വരില്ല. നിയമം എപ്പോഴും കർശനവും ഖണ്ഡിതവും ആയിരിക്കേണ്ടതുണ്ട്. ഇത്തരം അനിവാര്യമായ പ്രത്യേക വൈകാരിക സാഹചര്യങ്ങളെ പരിഗണിക്കുവാൻ ഇസ്ലാം മുന്നോട്ട് വെക്കുന്ന പരിഹാരമാണ് വസ്വിയ്യത്ത്.

പ്രസ്തുത പൗത്രന്മാരുടെയോ അതുപോലുള്ള മറ്റു നിസ്സഹായരായ കുടുംബാംഗങ്ങളുടെയോ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അവ നീതിപൂര്‍വം പരിഹരിക്കുന്നതിനുള്ള മാര്‍ഗവും ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന പരിഹാരമാണ് വസിയ്യത്ത്. ഖുര്‍ആനിന്റെ ഈ നിര്‍ദേശം ശരിക്കും പരിശോധിക്കുകയാണെങ്കില്‍ അത് കേവലനിര്‍ദേശങ്ങള്‍ മാത്രമല്ല, വിശ്വാസികളെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധബാധ്യതയാണെന്നു കൂടി ബോധ്യപ്പെടുന്നതാണ്. അതിന്റെ ആകെത്തുക സ്വത്തില്‍ നിന്നു ഒരു പരിധിവരെ ജീവിതകാലത്ത് തന്നെ വസിയ്യത്ത്’ചെയ്യാന്‍ ഏതൊരു സ്വത്തുടമക്കും ഖുര്‍ആന്‍ അനുമതി നല്‍കുന്നുണ്ട് എന്നതാണ്. സൂറത്തു ബഖറയിലെ 180-ാം ആയത്തിൽ അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ അവര്‍ വല്ല ഗുണവും (ധനവും) വിട്ടുപോകുന്ന പക്ഷം നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു- മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ആചാരമര്യാദയനുസരിച്ച് വസിയ്യത്ത് ചെയ്യല്‍. സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അത് ഒരു കടമയത്രെ.’(വി.ഖു. 2:180). ഈ വചനത്തില്‍ നിന്ന്, അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് മരണം ആസന്നമായവര്‍പോലും തങ്ങളുടെ മാതാപിതാക്കള്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും മര്യാദയനുസരിച്ച് വസിയ്യത്ത് ചെയ്യന്നത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാത്ത ബാധ്യതയാണെന്നു മനസ്സിലാക്കാം. എന്നു മാത്രമല്ല അങ്ങനെയുള്ള വസിയ്യത്ത് കേട്ടവര്‍ അതിന്റെ ശരിയായ രൂപത്തിന് വല്ല മാറ്റവും വരുത്തിയാല്‍ അതിന്റെ കുറ്റം അവര്‍ക്കാണെന്ന് ഖുര്‍ആനില്‍ (2:181) പറയുന്നു. വസിയ്യത്ത് ചെയ്യല്‍ സൂക്ഷ്മതയുള്ളവരുടെമേല്‍ നിര്‍ബന്ധമാണ് എന്ന ദൈവകല്പന വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നു. തന്റെ മരണശേഷം അനന്തരാവകാശം ലഭിക്കാന്‍ ഇടയില്ലാത്ത അനാഥരായ പൗത്രന്മാരുണ്ടെങ്കില്‍ പിതാമഹന്മാര്‍ക്ക് അവരുടെ ജീവിതകാലത്ത് വസിയ്യത്ത് മൂലം സ്വത്തിന്റെ ഒരു വിഹിതം മാറ്റിവെക്കാവുന്നതാണ്.

തൻ്റെ മകൻ മരിച്ചു, അവന് ചെറിയ കുട്ടികൾ ഉണ്ട്, അവർക്ക് ജീവിത പ്രാരാബ്ദങ്ങൾ ഉണ്ട്, അവരെ താൻ സഹായിക്കേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം ഏറ്റവും അധികം തിരിച്ചറിയുന്ന തിരിച്ചറിയേണ്ടുന്ന ആളാണ് പിതാമഹൻ. പ്രകൃത്യാതന്നെ ഈ മക്കളോട് ഏറ്റവും അനുകമ്പ തോന്നേണ്ട ആളാണ് പിതാമഹന്‍. അതിന് നിയമപരമായ ഒരു മാർഗ്ഗം അല്ലാഹു തന്നെ കാണിച്ചു കൊടുത്തിരിക്കുകയാണ് വസിയത്തിലൂടെ. ഇവിടെ ആവശ്യം ഈ പൗത്രൻ മാർക്ക് അനന്തരാവകാശം എന്ന് മുദ്ര അടിച്ചു കൊണ്ടുള്ള സ്വത്ത് ലഭിക്കുക എന്നതല്ല. മറിച്ച്, അവർക്ക് അനുവദനീയമായ മാർഗ്ഗത്തിലൂടെ തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനുള്ള വഴി ഉണ്ടാവുക എന്നതാണ്. അതിന് അല്ലാഹുവിന്റെ ശരീഅത്ത് എന്നെ വഴി കാണിച്ചു നൽകിയിരിക്കുകയാണ്. അങ്ങനെ പറഞ്ഞാൽ പോരല്ലോ, അത് പിതാമഹന്റെ മനസ്ഥിതി പോലെയാണല്ലോ ഉണ്ടാവുക, ഒരുപക്ഷേ പിതാമഹൻ വസിയത്ത് ചെയ്യാൻ തയ്യാറാവാതെ വന്നാലോ എന്നൊക്കെ വീണ്ടും ചോദിക്കുന്നവർ ഉണ്ടാവാം. അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന പിതാമഹന് തൻ്റെ ജീവിതകാലത്ത് തന്നെ സ്വത്ത് മുഴുവനും വിറ്റ് കിട്ടാവുന്ന എല്ലാ സുഖാഡംബരങ്ങളും അനുഭവിച്ചും ആസ്വദിച്ചും ജീവിതം ജീവിച്ചു തീർക്കുകയും ചെയ്യാമല്ലോ. അങ്ങനെ വരുമ്പോൾ എല്ലാ അർത്ഥത്തിലും അനന്തരാവകാശം ലഭിക്കേണ്ട മക്കൾക്ക് പോലും അതു ലഭിക്കാതെ പോകും. ചുരുക്കി പറഞ്ഞാൽ വസിയ്യത്തിലേക്കുള്ളതു മാത്രമല്ല അനന്തരാവകാശത്തിലേക്കുള്ള വഴി പോലും പിതാമഹന്റെ മനസ്സിനെയും മനസ്ഥിതിയെയും ആശ്രയിച്ചാണ് നിൽക്കുന്നത് എന്ന് ചുരുക്കം.

ഇസ്ലാമിക ജീവിത ക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് വസ്വിയ്യത്ത്. ഏതു സമയത്തും മരണം കടന്നുവരാമെന്നും അത് പ്രതീക്ഷിച്ചുകൊണ്ട് വസ്വിയ്യത്ത് എഴുതി വെക്കണമെന്നും നബി(സ) നിര്‍ദേശിച്ചതായും കാണാന്‍ കഴിയും (ബുഖാരി, മുസ്ലിം). വസ്വിയ്യത്തിന് നബി തങ്ങൾ അതിയായി പ്രോല്‍സാഹിപ്പിച്ചിരുന്നു. അത് ചെയ്യാതിരിക്കുന്നതിന് നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്നു (അഹ്മദ്, തുര്‍മുദി, അബൂദാവൂദ്) ഇവയില്‍നിന്ന് വസ്വിയ്യത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാനാവും. ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ അധികമാകാത്തവിധം വസ്വിയ്യത്ത് ചെയ്യാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. വസ്വിയത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയം വസ്വിയ്യത്ത് ചെയ്യേണ്ടത് അനന്തരാവകാശികൾക്ക് അല്ല, അനന്തരാവകാശികൾ അല്ലാതിരിക്കെ സ്വത്ത് കിട്ടേണ്ടത് ന്യായമാണ് എന്ന് വിചാരിക്കപ്പെടുന്ന ആൾക്കാർക്ക് വേണ്ടിയാണ്. അനന്തരാവകാശികള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാവതല്ലെന്നാണ് നബി(സ) പഠിപ്പിച്ചിരിക്കുന്നത്. “അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല” (അഹ്മദ്, തിര്‍മുദി) എന്നാണ് നബി(സ) പറഞ്ഞത്. പിന്നെയാര്‍ക്കുവേണ്ടിയാണ് വസ്വിയ്യത്ത് ചെയ്യേണ്ടത് എന്നത് തീരുമാനിക്കേണ്ടത് അത് ചെയ്യുന്ന വ്യക്തിയാണ്. പിന്തുടര്‍ച്ചക്കാരല്ലാത്ത അടുത്ത ബന്ധുക്കളെയാണ് ആദ്യമായി പരിഗണിക്കേണ്ടതെന്നാണല്ലോ മേൽ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം (2.180) വ്യക്തമാക്കുന്നത്. അതില്‍ പ്രധാനമായും ഉള്‍പ്പെടുക അനാഥ പൌത്രന്‍ തന്നെയായിരിക്കും. അനാഥരായ പൌത്രന്മാര്‍ക്ക് എത്ര സ്വത്ത് നല്‍കുവാനും പിതാമഹന് അവകാശമുണ്ട്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍തന്നെ ദാനമായി എത്രവേണമെങ്കിലും നല്‍കാം. ആകെ സ്വത്തിന്റെ മൂന്നിലൊന്നുവരെ വസ്വിയ്യത്തായും നല്‍കാം. അവകാശികള്‍ക്കും നിരാലംബരായി തീരുന്ന ആശ്രിതര്‍ക്കും നീതി നിഷേധിക്കുന്ന തരത്തിലാകരുത് വസ്വിയ്യത്ത് എന്നു മാത്രമേയുള്ളൂ. അനാഥ പൗത്രന്മാരോട് ഈ കാര്യത്തിൽ ഇസ്ലാം അനീതി കാണിച്ചു എന്ന് പരിതപിക്കുന്നവർ മനസ്സിലാക്കേണ്ടത് ഇത്തരം കുട്ടികളുടെ സംരക്ഷണം ഏറ്റവും ജാഗ്രതയോടെ നടപ്പിൽ വരുത്തിയ നിയമമാണ് ഇസ്ലാമിന്റേത് എന്നാണ്. അനാഥ പൌത്രന്മാരുടെ കാര്യത്തില്‍ ഇസ്ലാം ചെയ്തിട്ടുള്ളത് ഒന്നാമതായി അയാളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പിതാമഹനെ ഏല്‍പിച്ചു എന്നതാണ്. പിതാമഹന്‍ മരിച്ചാല്‍ പിതൃവ്യനെയും. അവരുടെ ആവശ്യങ്ങളും അവശതകളും മനസ്സിലാക്കി എത്ര സ്വത്ത് വേണമെങ്കിലും നല്‍കാനുള്ള സ്വാതന്ത്ര്യം പിതാമഹന് ഇസ്ലാം നല്‍കി. അയാളെക്കുറിച്ച് മറ്റാരെക്കാളും അറിയുക പിതാമഹനാണല്ലോ. അയാള്‍ക്കുവേണ്ടി – മറ്റു അവശര്‍ക്കും അശരണര്‍ ക്കും വേണ്ടിയും – മൂന്നുലൊന്നുവരെ വസ്വിയ്യത്ത് ചെയ്യുവാനുള്ള അവകാശവും പിതാമഹന് നല്‍കി. പ്രസ്തുത വസ്വിയ്യത്ത് പ്രകാരമുള്ള സ്വത്ത് നീക്കിവെച്ച ശേഷം ബാക്കിയുള്ള സ്വത്തു മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂവെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തു.(4:11) ആ അനാഥകള്‍ സ്വത്തിന് അവകാശികളായിത്തീരുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്തവരാണെങ്കില്‍ പ്രസ്തുത സ്വത്ത് സംരക്ഷിക്കാന്‍ അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കാര്യബോധമെത്തുമ്പോള്‍ കൈമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു (4:6). പിതാമഹന്‍ ഇങ്ങനെ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും അതിന് അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ലെങ്കിലും പിതൃവ്യന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനാഥരായ പൌത്രനോ പൌത്രന്മാര്‍ക്കോ ന്യായമായ വിഹിതം നല്‍കുന്ന കാര്യം സ്വത്ത് ഭാഗിച്ചെടുക്കുന്ന സമയത്ത് പരിഗണിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഗൗരവപൂര്‍വം അനുശാസിച്ചിട്ടുണ്ട് (4:8,9). നിയമത്തിന് അതിന്റേതായ ഒരു രീതിശാസ്ത്രമുണ്ട്. പ്രസ്തുത രീതിശാ സ്ത്രമനുസരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. എന്നാല്‍, അതോടൊപ്പംതന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളില്ലാതെതന്നെ അനാഥപൌത്രന്റെ പ്രശ്നം പോലുള്ളവ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ധര്‍മബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് ഇസ്ലാം ഇത് സാധിക്കുന്നത്. ഇതെല്ലാം നടക്കുവാൻ ആവശ്യം ആവശ്യമായത് ഇതുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും മനസ്സിൻ്റെ ഉള്ളിൽ ധർമ്മ ബോധവും ദൈവീക വിധേയത്വവും കരുണയും എല്ലാം ഉണ്ടായിരിക്കുക എന്നതാണ്. അവയെല്ലാം ഇത്തരം അധ്യായങ്ങളിലേക്കൊക്കെ വരുന്നതിന്റെ മുമ്പ് തന്നെ ഇസ്ലാം ആമുഖമായി മനുഷ്യനെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.

0