ഖുർആനിലെ ചക്രവാളങ്ങൾ 16-11-2024 Share this Article WhatsApp Facebook ഇഅ്ജാസ് ടി എച്ച് ദാരിമി വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട് എന്നത് പലപ്പോഴും ഖുർആനിൻ്റെ ശത്രുക്കൾ ഉന്നയിക്കുവാനും സമർത്ഥിക്കുവാനും ശ്രമിക്കുന്ന ഒരു വാദമാണ്. ഖുർആൻ മനുഷ്യ സൃഷ്ടിയാണ് എന്നു വരുത്തുകയാണ് അതിൻ്റെ പിന്നിലെ താൽപര്യം. പരസ്പര വൈരുദ്ധ്യങ്ങൾ മനുഷ്യ നിർമ്മിതിയിൽ സ്വാഭാവികം ആണല്ലോ. ഇക്കാര്യത്തിന് വേണ്ടി അവർ ഉന്നയിക്കുന്ന പല സൂക്തങ്ങളും പരിശോധിച്ചാൽ നമുക്ക് ആദ്യം ബോധ്യപ്പെടുക ഇത്തരം അബദ്ധങ്ങൾ എഴുന്നെള്ളിക്കുന്ന ആൾക്കാരുടെ ചെറുപ്പമാണ്. അന്ധമായ വിരോധം കൊണ്ട് ഏതൊക്കെയോ അസത്യങ്ങളെയും ജല്പനങ്ങളെയും സ്വയംകൃത കഥകളെയും വ്യാഖ്യാനങ്ങളെയും എഴുന്നെള്ളിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഇതിനുവേണ്ടി പലപ്പോഴും ഇത്തരം ആൾക്കാർ ഉന്നയിക്കുന്ന ഒരു ഉദാഹരണമാണ് ഉദയ-അസ്തമയ കേന്ദ്രങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ നടത്തിയിട്ടുള്ള പ്രസ്താവനകൾ. അത് മൂന്നു സൂക്തങ്ങളിൽ മൂന്നു രൂപത്തിൽ ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് അവർ പറയുന്നത്. ഇത് ഖുർആനിലെ വൈരുദ്ധ്യമാണ് എന്ന് അവർ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ആദ്യം നമുക്ക് ആ സൂക്തങ്ങൾ മൂന്നും പരിശോധിക്കാം. തൗബ സൂറത്തിൽ അല്ലാഹു പറയുന്നു: ‘ഉദയ സ്ഥാനത്തിന്റെയും, അസ്തമയ സ്ഥാനത്തിന്റെയും രക്ഷിതാവാണവന്‍. അവനല്ലാതെ ആരാധ്യനില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ മാത്രം സ്വീകരിക്കുക' (9/73). അൽ ഇസ്റാഅ് സൂറത്തിൽ അല്ലാഹു പറയുന്നു: ‘രണ്ട് ഉദയ സ്ഥാനങ്ങളുടെയും രണ്ട് അസ്തമയ സ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍' (17/55). സൂറത്തു ഗാഫിറിൽ അല്ലാഹു പറയുന്നു: ‘എന്നാല്‍ ഉദയ സ്ഥാനങ്ങളുടെയും അസ്തമയ സ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളവനാകുന്നു' (40/70). ഈ ആയത്തുകളിൽ ഒന്നാമത്തെ ആയത്തിൽ നിന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുക ഉദയ സ്ഥാനവും അസ്തമയ സ്ഥാനവും ഓരോന്നാണ് എന്നതാണ്. ഏകവചനം ആയിട്ടാണ് അതിലെ പ്രയോഗം. എന്നാൽ രണ്ടാമത്തെ ആയത്തിൽ അവയെ ദ്വിവചനമായി പ്രയോഗിച്ചിരിക്കുന്നു. അപ്പോൾ ഉദയ സ്ഥാനങ്ങൾ രണ്ടും അസ്തമയ സ്ഥാനങ്ങൾ രണ്ടുമാണ് എന്നാണ് അതിൽ നിന്ന് മനസ്സിലാകുക. സൂറത്തുൽ ഗാഫിറിലെ മൂന്നാമത്തെ ആയത്തിൽ ഉദയ അസ്തമയ സ്ഥാനങ്ങൾ എന്ന് ബഹുവചനം ആയി പ്രയോഗിച്ചിരിക്കുന്നു. ഇങ്ങനെയാണ് അവർ വിവരിക്കുന്നത്. ഇതിൻ്റെ അർത്ഥം സത്യത്തിൽ ഉദയ അസ്തമയ സ്ഥാനങ്ങൾ എത്രയാണ് എന്ന കാര്യത്തിൽ ഖുർആനിന് ഒരു നിശ്ചയവും ഇല്ല എന്നാണ് എന്നവർ വാദിക്കുന്നു. നിശ്ചയമുണ്ട് എന്നാണ് വാദമെങ്കിൽ അത് ഒന്നാണെങ്കിൽ ദ്വിവചനവും ബഹുവചനവും ആയി ഉപയോഗിച്ച സൂക്തങ്ങൾ അതിനു വിരുദ്ധമാവുകയാണല്ലോ എന്നെല്ലാമാണ് ഇവരുടെ വാദങ്ങൾ. ഒരേസമയം ഉദയ അസ്തമയ കേന്ദ്രങ്ങൾ ഒന്നും രണ്ടും മൂന്നും ആയിരിക്കുക എന്നത് പ്രായോഗികമോ ബുദ്ധിപരമോ അല്ലല്ലോ എന്നു പറഞ്ഞ് അവർ ചെറുതായി പരിഹസിക്കുകയും ചെയ്യും. ഈ വിഷയത്തിലേക്കും സമാനമായ വിശകലനങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ നാം ആമുഖമായി മനസ്സിലാക്കേണ്ടതുണ്ട്. അത് വിശുദ്ധ ഖുർആൻ എന്താണ്?, എന്തിനുള്ളതാണ് ?, അതിൻ്റെ ദൗത്യം എന്താണ്?, അത് അതിൻ്റെ ദൗത്യം നിർവഹിക്കുന്നത് ഏത് രീതിയിലാണ്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ആമുഖ ബോധ്യമാണ് ആദ്യമായി വേണ്ടത്. അതില്ലാതെ കേവലം ഒരു ഭൂമിശാസ്ത്ര പുസ്തകമായി ഖുർആനിനെ കാണുകയും വായിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം ഗുരുതരമായ അബദ്ധ ധാരണകളിൽ പെട്ടുപോകുന്നത്. ഒരു കാര്യം അതെന്താണ് എന്നും അതെന്തിനുള്ളതാണ് എന്നും മനസ്സിലാക്കിയാൽ മാത്രമേ അതുമായി ബന്ധപ്പെട്ട എന്തുകാര്യവും പറയാൻ കഴിയൂ എന്നത് ബുദ്ധിയുള്ള മനുഷ്യന്മാർ അംഗീകരിക്കുന്ന വളരെ പ്രാഥമികമായ ഒരു സത്യമാണ്. കുട്ടികളുടെ കഥപുസ്തകം നിവർത്തിവെച്ച് അതിലെ കഥകൾ അവിശ്വസനീയവും യുക്തിരഹിതവും ആണ് എന്നൊരാൾ പറയുന്നതിന് തുല്യമാണ് അത്. കുട്ടികളെ ആകർഷിക്കുവാനും അവരുടെ കൊച്ചു മനസ്സുകളെ ത്രസിപ്പിക്കുവാനും ചെറിയ കൗതുകവും ജിജ്ഞാസയും ഉണ്ടാക്കിയെടുക്കുവാനും മാത്രമുള്ള ചില നിർമ്മിത കഥകളാണ് കഥ പുസ്തകത്തിൻ്റെ ഉള്ളടക്കം എന്നു മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാണ് ആ കഥ പുസ്തകത്തെ യുക്തി രഹിതം എന്നു പറഞ്ഞ് നിരൂപിക്കുക. ഈ വിശകലനം ആരംഭിക്കേണ്ടത് പരിശുദ്ധ ഖുർആൻ ലോകത്തുള്ള എല്ലാവിധ ജനങ്ങൾക്കും സന്മാർഗം കാണിച്ചുകൊടുക്കുവാൻ അല്ലാഹു നൽകിയ വിശുദ്ധ ഗ്രന്ഥമാണ് എന്നിടത്തു നിന്നാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ അഭിസംബോധന ചെയ്യുന്നത് മനുഷ്യകുലത്തെ മൊത്തത്തിലാണ്. അങ്ങനെ വരുമ്പോൾ അവരിലുള്ള പണ്ഡിതന്മാർ, പാമരന്മാർ, അറിവിലും ഗ്രഹണ ശേഷിയിലും വ്യത്യസ്തമായ ശക്തികൾ പുലർത്തുന്നവർ എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങളെയും വിശുദ്ധ ഖുർആൻ ഒരേ പോലെ പരിഗണിക്കേണ്ടതുണ്ട്. ആയതുകൊണ്ട് അവർ ഓരോരുത്തർക്കും മനസ്സിലാകുന്ന രീതിയിലും രൂപത്തിലും ആണ് വിശുദ്ധ ഖുർആൻ എപ്പോഴും സംസാരിക്കുന്നത്. അഗാധ ശാസ്ത്രീയ പാണ്ഡിത്യമുള്ള ആൾക്കാർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയും വിഷയങ്ങളും ആണ് വിശുദ്ധ ഖുർആനിൽ ഉള്ളത് എങ്കിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ആൾക്കാർ ഇതു തങ്ങൾക്ക് അപ്രാപ്യമായ ഒരു ഗ്രന്ഥമാണ് എന്ന നിലപാട് എടുക്കും. അതേസമയം കുട്ടികളോട് പറയുന്നതുപോലെ വളരെ സരളമായി മാത്രം ഓരോ വിഷയവും ഖുർആൻ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ചിന്തയുടെ ഗൗരവത്തിലേക്ക് ഉയരാൻ കഴിയാതെ ഈ ഗ്രന്ഥം അവഗണിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് എല്ലാവർക്കും പിന്തുടരാവുന്ന ഒരു ശൈലി ഖുർആൻ സ്വീകരിക്കുന്നത്. ഇവിടെ ഉദയാസ്തമയ സ്ഥാനങ്ങളുടെ കാര്യത്തിൽ സത്യത്തിൽ ഖുർആനിനെ ഇകഴ്ത്തുവാനും അതിൽ വൈരുദ്ധ്യമുണ്ട് എന്ന് സ്ഥാപിക്കുവാനും ഈ ആയത്തുകൾ വഴി ശത്രുക്കൾ മുതിർന്നത് എങ്കിലും അത് വലിയൊരു ചിന്തയിലേക്കും അതിൽ നിന്ന് വിശുദ്ധ ഖുർആനിന്റെ അമാനുഷികതയിലേക്കും പകരുവാനും പടരുവാനും ഒരു നിമിത്തമായി എന്നതാണ് വസ്തുത. ഇത് വിശുദ്ധ ഖുർആനിനെ കുറിച്ചുള്ള ഒരു അടിസ്ഥാന ആമുഖമാണ്. ഇപ്രകാരം തന്നെ നാം ഇവിടെ ചർച്ച ചെയ്യുന്ന ഉദയം, അസ്തമയം എന്നീ വിഷയങ്ങളെക്കുറിച്ചും നമ്മുടെ നിലവിലുള്ള അനുഭവം, ശാസ്ത്രീയമായ അറിവ് എന്നിവ വെച്ച് നാം ഒരാമുഖം കൂടി ഗ്രഹിക്കേണ്ടതുണ്ട്. ആ ആമുഖം ആരംഭിക്കുന്നത് ഈ ഭൂമി ഉരുണ്ടതാണ് എന്നിടത്തുനിന്നാണ്. ഉരുണ്ട ഭൂമിയാകുമ്പോൾ അതിൽ ദിക്കും ദിശയും വെറും സാങ്കല്പികവും ആപേക്ഷികവും ആയിരിക്കും എന്നത് ഏതു മനുഷ്യനും അംഗീകരിച്ചു തരുന്ന ഒരു സത്യമാണ്. ഗോളാകൃതിയിലുള്ള ഒരു പന്ത് എടുത്ത് അതിൻ്റെ കിഴക്കും പടിഞ്ഞാറും ഏതാണ് എന്ന് കാണിച്ചുതരാൻ ആവശ്യപ്പെട്ടാൽ ആർക്കും അത് കാണിച്ചുതരാൻ കഴിയില്ല. അഥവാ അവർ കാണിച്ചുതരികയാണെങ്കിൽ തന്നെ ആ കിഴക്ക് ഗോളം ഒരല്പം തിരിക്കുന്നതോടു കൂടെ കിഴക്കല്ലാതെയായി മാറും. ഇനി രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യം, ഭൂമിയും മറ്റു ഗ്രഹങ്ങളുമെല്ലാം വെറുതെ നീണ്ടു നടന്ന് സൂര്യനെ വലം വെക്കുകയും ഭ്രമണം നടത്തുകയും ചെയ്യുകയല്ല ചെയ്യുന്നത് എന്നതാണ്. അവ സ്വയം കറങ്ങുന്നു, അതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്നു. നമ്മുടെ ഭൂമി അങ്ങനെ സ്വയം ഒരു പ്രാവശ്യം കറങ്ങുമ്പോഴാണ് ഒരു ദിവസം അനുഭവപ്പെടുന്നത്. ആ ദിവസത്തിനെ രണ്ടായി ഭാഗിക്കുകയാണ് രാത്രിയും പകലും. ഭൂമിയുടെ സൂര്യൻ്റെ വെളിച്ചത്തിൽ നിന്നു കൊണ്ടുള്ള കറക്കത്തിനിടയിൽ ഭൂമി ഉരുണ്ടതായതുകൊണ്ട് ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും അനുഭവപ്പെടുന്നു. ഈ വെളിച്ചത്തെ പകൽ എന്നും ഇരുട്ടിനെ രാത്രിയെന്നും പറയുന്നു. അപ്പോൾ ഭൂമിയിൽ ഒരാൾ നിൽക്കുന്ന സ്ഥലത്തേക്ക് സൂര്യൻ തിരിഞ്ഞുതിരിഞ്ഞു വെളിച്ചത്തിലേക്ക് എത്തിച്ചേരുന്നതിനെയാണ് ഉദയം എന്ന് പറയുന്നത്. ആ ഉദയം മുന്നോട്ടുപോയി കറങ്ങി വീണ്ടും വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് കടക്കുന്നതോടുകൂടെ അസ്തമയം ഉണ്ടാവുകയും ചെയ്യുന്നു. ഇനി നമുക്ക് ഖുർആനിന്റെ പരാമർശങ്ങളിലേക്ക് പ്രവേശിക്കാം. ഭൂമിയിൽ നിൽക്കുന്ന ഏതൊരു സാധാരണക്കാരനെയും സംബന്ധിച്ചിടത്തോളം അവൻ സൂര്യനെ കാണാൻ തുടങ്ങുന്ന സമയം ഉദയവും സൂര്യൻ തൻ്റെ ദൃഷ്ടിയിൽ നിന്ന് മറയുന്ന സമയം അസ്തമയവുമാണ്. ആ അർത്ഥത്തിൽ അവനോട് ഉദയ സ്ഥാനം ഏതാണ് എന്ന് ചോദിച്ചാൽ അവൻ കിഴക്ക് എന്നു പറഞ്ഞ് അങ്ങോട്ട് വിരൽ ചൂണ്ടുകയും അസ്തമയ കേന്ദ്രം ഏതാണ് എന്ന് ചോദിച്ചാൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് അവിടെ എന്ന് പറയുകയും ചെയ്യും. ഈ നിലവാരത്തിലുള്ള അറിവും ശാസ്ത്ര ബോധവും ഉള്ളവരാണ് ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന മനുഷ്യന്മാരിൽ മഹാഭൂരിഭാഗവും. അവർക്ക് സൂര്യന്റെയോ ചന്ദ്രന്റെയോ വൃദ്ധിക്ഷയങ്ങളോ ഉദയാസ്തമയങ്ങളിൽ ഉള്ള മാറ്റങ്ങളോ താൻ ജീവിക്കുന്ന അക്ഷാംശം രേഖാംശം എന്നിവയുടെ കണക്കുകളോ ഒന്നും അറിയില്ല. അതുകൊണ്ട് ഖുർആൻ അവരെ അവഗണിക്കുന്നില്ല. അവർ കൂടി അല്ലാഹുവിൻ്റെ സൃഷ്ടികളും അവൻ്റെ നിയമങ്ങൾക്ക് വിധേയരാവേണ്ടവരും മോക്ഷം നേടേണ്ടവരും ആണ്. അതിനാൽ അവരോട് സംവദിക്കുക എന്ന നിലക്കാണ് ഒന്നാമത്തെ ആയത്തിൽ ഒരു ഉദയ സ്ഥാനത്തിന്റെയും ഒരു അസ്തമയ കേന്ദ്രത്തിന്റെയും നാഥൻ എന്നു പറഞ്ഞിരിക്കുന്നത്. ഇനി രണ്ട് ഉദയ സ്ഥാനങ്ങളും രണ്ട് അസ്തമയ സ്ഥാനങ്ങളും എന്നു പറഞ്ഞിരിക്കുന്നതിന്റെ യുക്തി നോക്കാം. ഭൂമിയിൽ എപ്പോഴും രാവും പകലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അർദ്ധ ഭാഗത്ത് സൂര്യ വെളിച്ചം വീഴുകയും പകലായി അനുഭവപ്പെടുകയും ചെയ്യുമ്പോൾ നേരെ മറുവശത്ത് ഇരുട്ടായും രാത്രിയായും അനുഭവപ്പെടുന്നു. അതിൽ പകൽ അനുഭവപ്പെടുന്ന പ്രദേശത്തിന് അവർക്ക് പകൽ അനുഭവപ്പെട്ടു തുടങ്ങിയ ഒരു ഉദയ സ്ഥാനവും അവർക്ക് പകൽ നഷ്ടപ്പെടുന്ന ഒരു അസ്തമയ സ്ഥാനവും ഉണ്ടായിരിക്കും. അതേപ്രകാരം രാത്രി അനുഭവപ്പെടുന്ന മറ്റേ അർദ്ധ ഭാഗത്ത് ഒരു ഉദയവും ഒരു അസ്തമയവും ഉണ്ടായിരിക്കും. അപ്പോൾ പകൽ അനുഭവിക്കുന്നവർക്ക് ഒരു ഉദയസ്ഥാനവും രാത്രി അനുഭവപ്പെടുന്നവർക്ക് മറ്റൊരു ഉദയസ്ഥാനവും ഉണ്ടായിരിക്കും. അപ്രകാരം തന്നെ അസ്തമയ സ്ഥാനങ്ങളും സ്വാഭാവികമായും രണ്ടായി അനുഭവപ്പെടുന്നു. ആ ഉദ്ദേശത്തിലാണ് രണ്ടു ഉദയ സ്ഥാനങ്ങളും രണ്ട് അസ്തമയ സ്ഥാനങ്ങളും എന്ന് വിശുദ്ധ ഖുർആൻ പറയുന്നത്. ഇത് കുറച്ചുകൂടി ബൗദ്ധികമായി ഉയർന്ന തലത്തിൽ നിൽക്കുന്ന ആൾക്കാർക്ക് ഗ്രഹിക്കാൻ കഴിയുന്ന കാര്യമാണ്. അപ്പോൾ ഈ പ്രയോഗം വഴി അത്തരത്തിലുള്ള ബുദ്ധി നിലവാരം ഉള്ളവരെയും വിശുദ്ധ ഖുർആൻ മനോഹരമായി പരിഗണിച്ചിരിക്കുന്നു. ഉദയ സ്ഥാനങ്ങൾ, അസ്തമയ സ്ഥാനങ്ങൾ എന്നിങ്ങനെ ബഹുവചനമായി ഉപയോഗിച്ചിരിക്കുന്ന ഖുർആനിക പ്രയോഗം ശാസ്ത്രീയമായി ഏറെ മുകളിൽ നിൽക്കുന്ന ശാസ്ത്ര അവഗാഹം ഉള്ള ആൾക്കാർക്ക് വേണ്ടിയുള്ളതാണ്. ജ്യോതിശാസ്ത്രം അത് കൃത്യമായി വിവരിക്കുന്നുണ്ട്. അതിൻ്റെ ആകെത്തുക ഓരോ ദിവസവും സൂര്യൻ ഉദിക്കുന്നത് ഓരോ ഉദയ സ്ഥാനത്താണ്, അപ്രകാരം തന്നെ ഓരോ ദിവസവും അസ്തമിക്കുന്നത് ഓരോ അസ്തമയ സ്ഥാനത്താണ് എന്നതാണ്. ഇത് പക്ഷേ ശാസ്ത്ര അവബോധം ഉള്ളവർക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഈ പ്രതിഭാസം മനസ്സിലാക്കുവാൻ സൂര്യകാലടി എന്ന തത്വം മനസ്സിലാക്കണം. ജ്യോതിശാസ്ത്രത്തിൽ ഭൂമിയിലെ ഏതെങ്കിലും ഒരു നിശ്ചിത സ്ഥലത്തുനിന്ന് പ്രതിദിനം ഒരു നിശ്ചിതസമയത്ത് നിരീക്ഷിക്കുമ്പോൾ ഒരു വർഷം കൊണ്ട് സൂര്യന്റെ കോണീയസ്ഥാനത്തിന് അതിന്റെ ശരാശരി സ്ഥാനത്തുനിന്നും സംഭവിക്കുന്ന വ്യതിചലനങ്ങളുടെ രേഖീയരൂപമാണ് പൊതുവെ സൂര്യകാലടി (Solar Analemma). ഇങ്ങനെയുണ്ടാകുന്ന ഉദയ അസ്തമയ കേന്ദ്രങ്ങളുടെ മാറ്റങ്ങൾ തെക്കോട്ടും വടക്കോട്ടും ആയിട്ടാണ് ഉണ്ടാവുക. ഇതിൽ തെക്കോട്ടുള്ളതിനെ ദക്ഷിണ അയനം എന്നും വടക്കോട്ടുള്ള മാറ്റത്തെ ഉത്തര അയനം എന്നും പറയുന്നു. ഈ മാറ്റങ്ങളെ ഉത്തരായനം അതായത് വേനൽ അറുതി എന്നും ദക്ഷിണായനം അതായത് ശീതകാല അറുതി എന്നും അറിയപ്പെടുന്നു. ഉത്തരായനം ശീതകാലം മുതൽ വേനൽക്കാലത്തിൻ്റെ അന്ത്യം വരെയുള്ള മൂന്ന് സീസണുകൾ ഉൾക്കൊള്ളുന്നു. ദക്ഷിണായനമാകട്ടെ ശരത്കാലവും ശീതകാലവും ഉൾക്കൊള്ളുന്നു. ഈ കാലയളവ് ജൂൺ 21/22 മുതൽ ആരംഭിക്കുന്നു. ഭൂമിയുടെ ചരിവ് കാരണമാണ് അടിസ്ഥാനപരമായി ഇങ്ങനെ ഓരോ ദിവസവും ഓരോ ഉദയ അസ്തമയ കേന്ദ്രങ്ങൾ ഉണ്ടാകുന്നത്. അത് പക്ഷേ വളരെ പ്രകടമായി പ്രപഞ്ചത്തിലെ എല്ലാ മനുഷ്യന്മാർക്കും ഒരേ പോലെ അനുഭവപ്പെടുന്ന വിധത്തിലുള്ളതല്ല എന്ന് മാത്രം. സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ദക്ഷിണായനം. വടക്കോട്ട് മാറി വരുന്ന പ്രതിഭാസം ഉത്തരായനവും. ആറ് മാസം ഇങ്ങനെ വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത്. അപ്പോൾ പിന്നെ ഓരോ ദിവസത്തിനും ഓരോ ഉദയ സ്ഥാനവും ഓരോ അസ്തമയ സ്ഥാനവും ഉണ്ടായിരിക്കും. സൂര്യൻ കൃത്യമായി ഭൂമധ്യരേഖയുടെ മുകളിൽ വരുന്ന രണ്ടുദിവസമല്ലാത്ത ഒരു വർഷത്തിലെ എല്ലാ ദിവസങ്ങളിലും ഈ രണ്ടാൽ ഒരു അയനം സംഭവിക്കുന്നു. അതിനാൽ ശാസ്ത്രീയമായി, ഉദയ, അസ്തമയ കേന്ദ്രങ്ങൾ ബഹുത്വം ഉള്ളതാണ്. അവർ തന്നെ പ്രസക്തമെന്ന് തോന്നുന്ന ഒരു മറുചോദ്യം ഇവിടെ ഉന്നയിക്കാറുണ്ട്: ‘വ്യത്യസ്ത ധൈഷണിക നിലവാരമുള്ള മുഴുവന്‍ ജനങ്ങളോടുമാണ് ഖുര്‍ആന്‍ സംവദിക്കുന്നതെങ്കില്‍ ഉദയ അസ്തമയ കേന്ദ്രങ്ങളെ പറ്റിയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ഖുർആൻ പരാമര്‍ശങ്ങള്‍ സാധാരണക്കാരന് എങ്ങനെ ഗ്രഹിക്കാനാവും?' എന്ന ചോദ്യം. ഇവിടെ ഒരു ഉദയ സ്ഥാനവും ഒരു അസ്തമയ സ്ഥാനവും എന്ന ഒന്നാമത്തെ പരാമര്‍ശം സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. പിന്നെ, രണ്ടാമത്തെയും മൂന്നാമത്തെയും പരാമര്‍ശങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പഠനങ്ങളും പര്യവേഷണങ്ങളും നടത്താനുള്ള സൂചകങ്ങളാണ്. മനുഷ്യകുലത്തിന്റെ വികാസം അത്തരത്തിൽ പടിപടിയായി ഉയർന്നു കൊണ്ടാണ് ഉൾക്കൊള്ളേണ്ടത് എന്നതിലേക്ക് വ്യക്തമായ സൂചന കൂടി നൽകുകയാണ് ഈ ആയത്തുകൾ. ഇത് വെറുതെ പറയുക മാത്രമല്ല, മറിച്ച് അത് ഫലത്തിൽ കാണിച്ചു കൊടുക്കുക കൂടി ചെയ്തിട്ടുണ്ട് ഇസ്ലാമിക പാരമ്പര്യം. നബി തിരുമേനി(സ) കടന്നുവരുന്ന കാലഘട്ടത്തിലെ അറബികളുടെ അറിവും ശാസ്ത്രവും എല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. കാര്യമായ ഒരു ബൗദ്ധിക വ്യവഹാരത്തിനും സാധ്യതയില്ലാത്ത ഒരുതരം മനുഷ്യരായിരുന്നു അവർ. വിശുദ്ധ ഖുർആനും നബി തിരുമേനിയും നൽകുന്ന ഇത്തരം പ്രചോദനങ്ങൾ വഴി ആ ജനത പിന്നീട് ലോകത്തിൻ്റെ ഉത്തുംഗതകളിൽ എത്തിച്ചേർന്നു എന്നത് ഒരു സത്യമാണ്. ശാസ്ത്രീയമായ മുസ്ലിംകളുടെ വളർച്ച എല്ലാം അവർക്ക് തങ്ങളുടെ പ്രമാണങ്ങളിൽ നിന്ന് ലഭിച്ച അറിവുകളുടെയും പ്രചോദനങ്ങളുടെയും അനന്തരഫലമായിരുന്നു. 0