TH Darimi

അറിവ് ശക്തിയാണ്, പക്ഷെ..

അറിവ് ശക്തിയാണ്, പക്ഷെ..

16-11-2024
Share this Article

image

വെള്ളിത്തെളിച്ചം ടി എച്ച് ദാരിമി



മനുഷ്യ വർഗ്ഗത്തെ സൃഷ്ടിക്കുവാൻ അല്ലാഹു തീരുമാനിക്കുകയും ആ തീരുമാനം മലക്കുകളുമായി പങ്കുവെക്കുകയും ചെയ്യുന്ന രംഗം വിശുദ്ധ ഖുർആനിൽ അൽ ബഖറ അധ്യായത്തിൽ പറയുന്നുണ്ട്. ആ തീരുമാനത്തെ മലക്കുകൾ നിരൂപിക്കുന്നത് മനുഷ്യർ ഭൂമിയിൽ നാശം വിതയ്ക്കുകയും രക്തം ചിന്തുകയും ചെയ്യുമല്ലോ എന്ന ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ്. ഇതിന് അല്ലാഹു മലക്കുകളോട് പറയുന്ന മറുപടി 'ഈ സൃഷ്ടിപ്പിന്റെ അല്ലെങ്കിൽ ഈ സൃഷ്ടിയുടെ പിന്നിലുള്ള ഉദ്ദേശ്യം എന്താണ് എന്ന് നിങ്ങൾക്കറിയില്ല' എന്നു പറഞ്ഞു കൊണ്ടാണ്. ഈ മറുപടിയെ രണ്ട് നിലക്ക് വ്യാഖ്യാനിക്കാം. ഒന്നാമതായി, ഈ സൃഷ്ടിപ്പിന്റെ പിന്നിലുള്ള യുക്തി അല്ലാഹുവിന് മാത്രമേ അറിയൂ എന്നതുതന്നെയാണ്. രണ്ടാമത്തേത് മനുഷ്യന് ഞാൻ അറിവ് എന്ന പ്രത്യേക ശക്തി നൽകുന്നുണ്ട്, അത് ഉപയോഗപ്പെടുത്തി അവനെ ഏൽപ്പിച്ചിട്ടുള്ള ദൗത്യം ഭംഗിയായി നിർവഹിക്കാൻ അവന് കഴിയും, അഥവാ അവന് അതിന് കഴിഞ്ഞില്ലെങ്കിൽ അതിൻെറ പേരിൽ അവനെ ഞാൻ ശിക്ഷിക്കും എന്നുമാണ്. തുടർന്ന് അവരുടെ മുമ്പിൽ വെച്ച് അറിവിൻ്റെ ശക്തിയും വ്യതിരിക്തതയും അല്ലാഹു കാണിച്ചുകൊടുക്കുക കൂടി ചെയ്യുന്നുണ്ട്. അറിവ് ഒരു ശക്തിയാണ് അത് ഉപയോഗിച്ച് മനുഷ്യൻ തന്റെ അടുത്ത ചുവട് എങ്ങനെയാണ് ഫലപ്രദമായി വെക്കുക എന്നു കണ്ടെത്തുന്നു. അങ്ങനെ ചുവടുകൾ വെച്ച് അവൻ വിജയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ഇസ്ലാം അറിവിന് വലിയ പ്രാധാന്യം കൽപ്പിക്കുന്നത്. ‘അറിവുള്ളവന്റെ ജീവിതം അറിവില്ലാത്തവന്റെ ജീവിതത്തെ പോലെയാവുകയില്ല’ എന്ന് വിശുദ്ധ ഖുർആൻ പറയുന്നതും 'ഒരാൾ അറിവിൻ്റെ വഴിയിലെത്തിയാൽ അയാൾ സ്വർഗ്ഗത്തിൻ്റെ വഴിയിലെത്തി' എന്ന് നബി(സ) വിവരിക്കുന്നതും അതുകൊണ്ടാണ്.

മനുഷ്യൻ തന്റെ പഞ്ചേന്ദ്രിയങ്ങൾ, ബുദ്ധി എന്നിവ ഉപയോഗിച്ച് നേടുന്ന തിരിച്ചറിവിനെയാണ് നാം പൊതുവേ അറിവ് എന്ന് പറയുന്നത്. ആ അറിവിനെ അപ്പാടെ ഇസ്ലാം ശ്ലാഖിക്കുന്നില്ല. കാരണം, അറിവിനെ ഇസ്ലാം രണ്ടായി വിഭജിക്കുന്നുണ്ട്. പ്രത്യേകമായ പേരുകൾ ഓരോന്നിനും നൽകുന്നില്ലെങ്കിലും ഒന്നിനെ അന്യൂനമായ അറിവ് എന്നും രണ്ടാമത്തേതിനെ ന്യൂനമായ അറിവ് എന്നും ഇസ്ലാം വിശേഷിപ്പിക്കുന്നു. വെറും ബുദ്ധിയും ഇന്ദ്രിയങ്ങളും ഉപയോഗിച്ച് നേടുന്ന അറിവുകൾ തെറ്റാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആ സാധ്യതയാണ് ആ അറിവിൻ്റെ ന്യൂനത. എന്നാൽ ഇത്തരം ഒരു സാധ്യത ഇല്ലാത്ത ഒരു അറിവ് ഉണ്ട്. അത് ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള അറിവാണ്. അതാകട്ടെ സൃഷ്ടാവിൽ നിന്നുള്ള അറിവാകയാൽ തെറ്റു പറ്റാനുള്ള സാധ്യത തുലോം കുറവാണ്. അതുകൊണ്ടുതന്നെ ദിവ്യബോധനം എന്നത് പരമമായ അന്യൂനമായ അറിവാണ്. അങ്ങനെ തന്നെ പരിശുദ്ധ ഖുർആൻ പ്രയോഗിക്കുന്നുമുണ്ട്. ഉദാഹരണമായി നബിയോട് അല്ലാഹു പറയുന്നു: 'അല്ലാഹു താങ്കള്‍ക്ക് വേദവും ജ്ഞാനവും അവതരിപ്പിക്കുകയും അറിയാത്തതു പഠിപ്പിക്കുകയും ചെയ്തു. താങ്കള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹം അതിമഹത്തരമാകുന്നു. (അന്നിസാഅ്: 113) ഇവിടെ അല്ലാഹുവിൽ നിന്നുള്ള ദിവ്യ ബോധനത്തെയാണ് അറിവ് എന്ന് പ്രയോഗിക്കുന്നത്. യൂസഫ് നബിക്ക് ദിവ്യ ബോധനം നൽകിയ വിഷയം പറയുന്നേടത്ത് അല്ലാഹു അറിവ് എന്ന് തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘പൂര്‍ണ യൗവനം പ്രാപിച്ചപ്പോള്‍ നാം അദ്ദേഹത്തിന് തീരുമാനശക്തിയും ജ്ഞാനവും പ്രദാനംചെയ്തു’ (യൂസുഫ്: 22). ഇപ്രകാരം മൂസാ നബിക്ക് വഹ് യ് നൽകിയതിനെയും ജ്ഞാനം എന്നു പ്രയോഗിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'അങ്ങനെ മൂസാ നബി ശക്തനും പക്വതയുള്ളവനുമായിക്കഴിഞ്ഞപ്പോള്‍ നാം ജ്ഞാനവും വിവേകവും നല്‍കി. പുണ്യവാന്മാര്‍ക്ക് അങ്ങനെയാണു നാം പ്രതിഫലം കൊടുക്കുക'. (അല്‍ ഖസ്വസ്: 14).

ഇത്തരത്തിലുള്ള അറിവ് ഇല്ലാതെ വരികയോ അല്ലെങ്കിൽ ഉള്ള അറിവ് ഇത്തരത്തിൽ അന്യൂനമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ അത് ഫസാദായി മാറും എന്നാണ് ഖുർആനിൻ്റെ അധ്യാപനം. അതിൻ്റെ മികച്ച ഉദാഹരണമാണ് ഖാറൂനിന്റെ ചരിത്രം. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധനാഢ്യന്മാരിലൊരാളാണ് ഇസ്രയേൽ സന്തതികളിൽ പെട്ട ഖാറൂന്‍. മൂസാ നബി(അ)ന്റെ പ്രബോധന കാലത്ത് ജീവിച്ച ഒരു മാടമ്പി പ്രഭുവായിരുന്നു അയാള്‍. തന്റെ സാമര്‍ത്ഥ്യമുപയോഗിച്ച് അയാള്‍ ധാരാളം സമ്പാദിച്ചു. നിക്ഷേപങ്ങളുടെ ഖജനാവുകള്‍ അസംഖ്യമായിരുന്നു. അവയുടെ ഇരുമ്പു താക്കോലുകള്‍ മാത്രം വഹിക്കാന്‍ നാല്‍പതംഗ ഒട്ടകസംഘം വേണ്ടിയിരുന്നു എന്ന് ഖുർആൻ വിവരിക്കുന്നുണ്ട്. അഹങ്കാരത്തിലൂടെ അല്ലാഹുവിനെ മറന്ന ഖാറൂനിനെ സ്വന്തം സമുദായക്കാര്‍ ചിലർ ഉപദേശിച്ചു. അവർ അയാളോട് പറഞ്ഞു: ‘മതിമറക്കല്ലേ, മതിമറക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍, ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ നാശം (ഫസാദ്) പരത്താന്‍ ശ്രമിക്കരുത്. നാശം പരത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല.’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘ഇതൊക്കെയും എനിക്ക് ലഭിച്ചത് എന്റെ അറിവിനാലാകുന്നു’ ‘ (അല്‍ ഖസ്വസ്: 76-78). വിശുദ്ധ ഖുർആൻ ഈ ചരിത്രം പറയുക വഴി ഉദ്ദേശിക്കുന്ന പ്രധാന പ്രമേയത്തിന് പുറമെ, ഖാറൂനിന് അറിവ് ഉണ്ടായിരുന്നു എന്നും ആ അറിവ് ദിവ്യ ബോധനവുമായി യോജിച്ച് പോകാത്തതായിരുന്നതിനാൽ അത് ഫസാദിന്റെ അഥവാ നാശത്തിന്റെ വഴിയാണ് ഖാറൂനിന് മുമ്പിൽ തുറന്നത് എന്ന് ഈ സംഭവം വ്യക്തമായി സൂചിപ്പിക്കുന്നു. അറിവല്ല പ്രധാനം, ആ അറിവ് ധാർമികത വഴി അന്യൂനമായി മാറലാണ് പ്രധാനം എന്ന് ചുരുക്കം. അറിവ് ഉള്ളവരെയെല്ലാം അറിവുള്ളവരായി കരുതേണ്ടതില്ല എന്നും അറിവിൽ ആത്മീയതയുടെ സ്വാധീനവും അംശവും ഉണ്ടെങ്കിൽ മാത്രമേ അറിവ് ശരിയും സമ്പൂർണ്ണവുമായ അറിവാകുകയുള്ളു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

ഇൽമിൻ്റെ വിപരീതം ജഹ് ല് ആണ്. ഇൽമ് എന്ന വെളിച്ചം ഇല്ലാത്തിടത്തെല്ലാം ജഹ് ല് എന്ന അന്ധകാരം വിളിക്കാതെ തന്നെ വന്നുചേരും. ഇൽമ് നേടിയെടുക്കുന്നതും ജഹല് വന്നു കയറുന്നതും ആകയാൽ അജ്ഞത സ്വയം അതിവേഗം വളർന്നു പന്തലിക്കും. അതിൻ്റെ സ്വാധീനം മനുഷ്യൻ്റെ ജീവിതത്തിൽ പ്രകടമാകുകയും ചെയ്യും. ആ സ്വാധീനത്തെയാണ് ഇസ്ലാമിക വ്യവഹാരത്തിൽ 'ജാഹിലിയ്യത്ത്' എന്ന് പറയുന്നത്. ജാഹിലിയ്യത്ത് മനുഷ്യനെ ഏതെല്ലാം ഇരുട്ടുകളിലേക്ക് തള്ളിവിടുന്നു എന്നതു മനസ്സിലാക്കുവാൻ നബി തിരുമേനി(സ)യും ഇസ്ലാമും കടന്നുവരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ സാഹചര്യങ്ങൾ മാത്രമാലോചിച്ചാൽ മതിയാകും.

ഇസ്ലാം ഈ ജ്ഞാന ദർശനം വഴിയാണ് വേറിട്ട് നിൽക്കുന്നത്. നമ്മുടെ ലോകത്ത് എക്കാലവും വിവിധ മതങ്ങൾ ഉണ്ട്, ഉണ്ടായിട്ടുണ്ട്. അവയുടെ എല്ലാം അടിസ്ഥാനം വിശ്വാസവും കാഴ്ചപ്പാടും തന്നെയായിരുന്നു. പക്ഷേ ആ വിശ്വാസങ്ങളെല്ലാം ഏതെങ്കിലും മിത്തുകളിലോ പരമ്പരാഗത കഥകളിലോ ജല്പനങ്ങളിലോ ചെന്നു മുട്ടി നിൽക്കുകയാണ് ചെയ്യുക. അവിടെ നിന്നപ്പുറത്തേക്ക് പോകുവാൻ ആവശ്യമായ ബുദ്ധിയോ അറിയോ അതിൻ്റെ കൂടെ ഉണ്ടാവാറില്ല. എന്നാൽ ഇസ്ലാം അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത് അത് മുന്നോട്ട് വെക്കുന്ന വിശ്വാസത്തിനും ആദർശത്തിനും തദനുസൃതമായ ജീവിതശൈലിക്കുമെല്ലാം അറിവിൻ്റെ പിൻബലം ഉള്ളത്കൊണ്ടാണ്. അറിവിൻ്റെയും തിരിച്ചറിവിൻ്റെയും ബലത്തിൽ ഉറപ്പിക്കപ്പെട്ടുകൊണ്ടാണ് ഇസ്ലാം അതിന്റെ ഓരോ വിശ്വാസവും നയവും നെയ്തെടുത്തത്. സൃഷ്ടാവ് എന്ന വിശ്വാസത്തിലേക്ക് എത്തിച്ചേരുവാൻ ഭ്രൂണത്തെയും അണ്ഡത്തെയും മുതൽ പേനയെ വരെ വിശുദ്ധ ഖുർആനിൻ്റെ ആദ്യ സൂക്തങ്ങളിൽ ഇടം പിടിച്ചത് അതിൻ്റെ ഒന്നാമത്തെ ഉദാഹരണമാണ്. ഇസ്ലാമിൻ്റെ ഓരോ ചുവടിലും അറിവിൻ്റെ പിൻബലം ഉണ്ടായിരുന്നു. അതു ചരിത്രത്തിൽ വേറിട്ടു തന്നെ കാണാൻ കഴിയുന്ന കാര്യമാണ്. പിൽക്കാലത്ത് അറിവിന് വേണ്ടവിധത്തിലുള്ള പ്രാധാന്യം സമുദായത്തിൽ നഷ്ടപ്പെട്ടതോടു കൂടിയാണ് ചിദ്രതയും ലോകത്തിൻ്റെ മേധാവിത്വവും എല്ലാം മുസ്ലീങ്ങൾക്ക് നഷ്ടപ്പെട്ടത്. അറിവിൻ്റെ സ്വാധീനം നിലനിന്നിരുന്ന കാലത്ത് ഇസ്ലാമിന്റെ പ്രദേശങ്ങൾ തന്നെ അറിവിൻ്റെ പര്യായങ്ങളായിരുന്നു. ബാഗ്ദാദും ഡമാസ്കസും കൊർദോവയും ഈജിപ്തും അതിനുദാഹരണമാണ്. ഇസ്ലാമിക വിശ്വാസം ഏതു പ്രതിസന്ധിയിലും പ്രകോപനത്തിലും പ്രലോഭനത്തിലും ഒന്നും ഇളകാതെ നിൽക്കുന്നതിന്റെ പിന്നിലെ സ്വകാര്യവും ഈ അറിവിൻ്റെ സ്വാധീനമാണ്. അവിടെ നിന്ന് പിന്നെയും മുന്നോട്ട് പോകുമ്പോൾ ഇസ്ലാമിനെ മാത്രം അസൂയയോടും കെറുവോടും കൂടി ലോകം കാണുന്നതും വേട്ടയാടുന്നതും എല്ലാം ഇതുകൊണ്ടാണ് എന്നുകൂടി കണ്ടെത്താം.

0