TH Darimi

കിഴക്കനേറനാട്ടിൻ്റെ മാപ്പിളപ്പുളകങ്ങൾ

കിഴക്കനേറനാട്ടിൻ്റെ മാപ്പിളപ്പുളകങ്ങൾ

16-11-2024
Share this Article

image

ടി എച്ച് ദാരിമി

ഇന്നത്തെ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകൾ, തിരൂർ താലൂക്കിലെ കോട്ടക്കൽ, പൊന്മള വില്ലേജുകൾ, കോഴിക്കോട് താലൂക്കിലെ ഫെറോക്ക്, രാമനാട്ടുകര, കടലുണ്ടി വില്ലേജുകൾ എന്നീ പ്രദേശങ്ങൾ ചേർന്നതാണ് വിശാല ഏറനാട്. ഇതിന്റെ കിഴക്കു ഭാഗമാണ് നമ്മുടെ ചർച്ചാ ഭൂമി. കൃത്യമായി കിഴക്കും പടിഞ്ഞാറും വേർതിരിക്കാൻ ഒരു മധ്യമം ഇല്ലാത്തതിനാൽ കിഴക്കൻ എന്ന വിശേഷം ഏതാണ്ട് ആലങ്കാരികമാണ് എന്നു കരുതാം. എന്നിരുന്നാലും കിഴക്കൻ ഏറനാടിന്റെ ആസ്ഥാനമായി പരിഗണിക്കാവുന്ന സ്ഥലങ്ങൾ നിലമ്പൂരും കരുവാരകുണ്ടും വണ്ടൂരുമാണ്. ഇങ്ങനെ മൂന്നു പ്രദേശങ്ങൾ ഒരേ പരിഗണനയിൽ വരുന്നത്, ആവശ്യം വ്യത്യസ്തമാക്കുന്നത് കൊണ്ടാണ്. നമ്മുടെ വിഷയം പൊതുവെ കറങ്ങുക ഈ പ്രദേശങ്ങളെ വലംവെച്ചു കൊണ്ടായിരിക്കും. കിഴക്കനേറനാട്ടിലെ മുസ്ലിം സാമൂഹികതയുടെ വളർച്ചയും വികാസവും എന്ന വിഷയത്തിലേക്ക് കടക്കാൻ ആദ്യം നമുക്ക് പേരിലേക്കും അതിൻ്റെ വേരിലേക്കും കടക്കാം. ഏറനാട് എന്നത് ഏതെങ്കിലും ഒരു പ്രദേശത്തിൻ്റെയോ ഒരു ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പേരല്ല എന്നിടത്തു നിന്നാണ് നാം തുടങ്ങേണ്ടത്. ഈ പ്രദേശത്തിന് ഇങ്ങനെ പേര് വന്നത് വാമൊഴി രേഖകൾ അനുസരിച്ച് ചില ആദിവാസി ഗോത്രങ്ങളുടെ പേരിൽ നിന്നാണ്. അറനാടൻമാർ എന്ന ഈ വിഭാഗം ഇപ്പോഴും നിലമ്പൂർ പ്രദേശത്തിന്റെ കാട്ടറകളിൽ അധിവസിച്ചുവരുന്നുണ്ട്. ഒരു ആദിവാസി ഗോത്രത്തിന്റെ പേരിൽ നിന്നാണ് ഒരു പ്രദേശത്തിൻ്റെ പേര് നിഷ് പതിച്ചത് എന്ന് വരുമ്പോൾ ചരിത്രം രൂപപ്പെടുന്ന കാലത്ത് അവരാണ്, അല്ലെങ്കിൽ അവർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് അതിൻ്റെ അർത്ഥം എന്ന് ചരിത്രം ശാസ്ത്രം പറയുന്നു. അത് ഇങ്ങനെ സ്ഥാപിക്കുമ്പോൾ ഇവിടെ പിന്നീടുണ്ടായ ജനവിഭാഗങ്ങളെല്ലാം കുടിയേറ്റത്തിലൂടെ എത്തിച്ചേർന്നതാണ് എന്നുകൂടി സ്ഥാപിക്കപ്പെടും. ചുരുക്കത്തിൽ ഇതൊരു കുടിയേറ്റ മേഖലയാണ്.

ഈ പ്രദേശത്തേക്ക് ഉണ്ടായ കുടിയേറ്റങ്ങൾക്ക് ചരിത്രം വിവിധ കാരണങ്ങൾ പറയുന്നുണ്ട്. അവയിൽ ഒന്ന് ഇരുമ്പ് കരകൗശലവുമായി ബന്ധപ്പെട്ടതാണ്. ഈ പ്രദേശം ഇരുമ്പ് അയിര് കൊണ്ട് സമ്പന്നമായ ഒരു പ്രദേശമായിരുന്നു എന്നാണ്. 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ' സി എൻ അഹമ്മദ് മൗലവി എൻജിനീയർ എം പി കെ രാമൻ എഴുതിയ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: '2000 വർഷങ്ങൾക്കു മുമ്പ് ദക്ഷിണേന്ത്യയിലെ ജംഷെഡ്പൂർ ആയിരുന്നു കരുവാരകുണ്ട് എന്നറിയപ്പെടുന്ന സ്ഥലം. അക്കാലത്ത് ഈജിപ്ത്, റോം, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ വാളുകളും ആയുധങ്ങളും കരുവാരകുണ്ട് നിർമ്മിച്ചതായിരിക്കാനാണ് വഴി എന്ന് മനസ്സിലാക്കാം'. ഇതേ ആശയം ഒന്നുകൂടി വിപുലീകരിച്ചുകൊണ്ട് എ കെ കോഡൂർ തൻ്റെ 'ആംഗ്ലോ-മാപ്പിള യുദ്ധം' എന്ന കൃതിയിലും പറയുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒലിപ്പുഴയും കേരളത്തിലെ ഏറ്റവും വലിയ നദികളിൽ നാലാം സ്ഥാനം അലങ്കരിക്കുന്ന ചാലിയാറും വലയം ചെയ്യുന്ന ഈ പ്രദേശത്തിൻ്റെ ഫലഭൂയിഷ്ടതയാണ് മറ്റൊരു കാര്യം. ഇക്കാരണത്താൽ തന്നെ കിഴക്കൻ ഏറനാട് മുഴുവനും സവിശേഷമായ കാർഷിക പ്രാധാന്യമുള്ള മണ്ണും കാലാവസ്ഥയും കൊണ്ട് സമ്പന്നമാണ്. ഈ രണ്ടു കാരണങ്ങളും ഈ പ്രദേശത്തേക്കുള്ള കുടിയേറ്റത്തെ സാരമായി സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളാണ് എന്ന് കരുതാം. ഈ രണ്ടു ഘടകങ്ങളെയും ചുറ്റിപ്പറ്റി ഈ പ്രദേശം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. സാമ്പത്തികവും സാങ്കേതികവുമായ ഈ പ്രത്യേകതകൾ കാരണം ഈ പ്രദേശം ഭരിച്ച ഭരണാധികാരികൾ ഈ പ്രദേശത്തെ പ്രത്യേകം പരിഗണിക്കുകയും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ബ്രിട്ടീഷുകാർക്ക് മുമ്പ് ഈ പ്രദേശം വെള്ളുവക്കോനാതിരിയുടെയും സാമൂതിരിയുടെയും പിന്നെ ചെറിയ ഒരു ഇടവേളയിൽ ടിപ്പുസുൽത്താന്റെയും തുടർന്ന് ബ്രിട്ടീഷുകാരുടെയും അധികാരത്തിലായിരുന്നു. റോഡുകളും പാലങ്ങളും എല്ലാം ആ കാലഘട്ടങ്ങളിൽ ഉണ്ടായതാണ്. അവയുടെ എല്ലാം പശ്ചാത്തലത്തിൽ ഈ പ്രദേശം സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു. എ.കെ കോഡൂർ എഴുതുന്നു: "കിഴക്കൻ ഏറനാട് സാമൂതിരിയുടെ കാലം തൊട്ടേ സമ്പന്ന പ്രദേശമായിരുന്നു. മൈസൂർ ഭരണാധികാരികൾ വന്നപ്പോൾ, തമിഴ്നാടും മൈസൂരുമായി റോഡ് ബന്ധം ആരംഭിച്ചതോടെ പ്രദേശം കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചു നിന്നു. അന്ന് മുതലേ കോഴിക്കോട് - പാലക്കാട് റോഡും, തൃശൂർ - ഊട്ടി റോഡും കടന്ന് പോവുന്നത് മഞ്ചേരി, നെല്ലിക്കുത്ത്, വെള്ളുവങ്ങാട്, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി വഴിയാണ്. മൈസൂർ, തമിഴ്നാട് കളിൽ നിന്ന് മലബാറിലേക്കും തിരിച്ചും ചരക്കുകടത്തിന്റെ കേന്ദ്രമായിരുന്നു കിഴക്കനേറനാട്. കച്ചവടം,കൃഷി എന്നിവകളാൽ സമ്യദ്ധമായിരുന്ന പ്രദേശം അക്ഷരജ്ഞാനത്തിന്റെ കാര്യത്തിലും ഏറ്റവും മുൻപന്തിയിൽ നിന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ വരവോടെ എല്ലാം തലകീഴായി മറിഞ്ഞു." (ആംഗ്ലോ-മാപ്പിള യുദ്ധം)

ഈ ചരിത്ര പശ്ചാത്തലങ്ങളിൽ നിന്ന് കിഴക്കനേറനാട്ടിലെ മുസ്ലിം സാന്നിധ്യം വേർതിരിച്ചെടുക്കാൻ ചരിത്രകാരന്മാർ പൊതുവേ പ്രയാസപ്പെടുന്നുണ്ട്. അവർക്ക് ആ കാര്യത്തിൽ കുറച്ചെങ്കിലും ഒരു ധാരണ വരുന്നത് എ ഡി 1700 കളുടെ അവസാന കാലഘട്ടത്തിൽ മലബാർ അധീനപ്പെടുത്തിയ ടിപ്പുസുൽത്താന്റെ കാലം മുതലാണ്. അതിനുമുമ്പ് ഇരുമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടോ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടോ ഇവിടെ മുസ്ലിമീങ്ങൾ മറ്റുള്ളവരുടെ കൂട്ടത്തിൽ വന്നിട്ടുണ്ടാകാം. എന്നാൽ അവർ ഒരു സമൂഹമായി ആ കാലങ്ങളിൽ ഇവിടെ ജീവിച്ചു വന്നിരുന്നു എന്നത് തെളിയിക്കുന്ന പ്രാഥമിക അടയാളങ്ങൾ കാണുന്നില്ല. മുസ്ലിം സാമൂഹികത വളരെ പെട്ടെന്ന് സ്ഥാപിക്കാൻ കഴിയുക പള്ളികളുടെ ചരിത്രങ്ങൾ വഴിയാണ്. എന്നാൽ ഈ പ്രദേശത്ത് വളരെ പ്രാചീനമായ പള്ളികൾ കാണുന്നില്ല. ഒരു സമൂഹമായി ജീവിക്കാൻ മാത്രം അംഗബലം ഉണ്ടാകുമ്പോൾ മുസ്ലീങ്ങൾ ആദ്യം ചെയ്യുക, പള്ളി നിർമ്മിക്കുക എന്നതാണ്. ഇവയിൽ തന്നെ ജുമുഅത്ത് പള്ളികൾ സ്ഥാപിക്കാൻ ഒരു ഗ്രാമം എന്ന് വിളിക്കപ്പെടാവുന്ന അത്രയെങ്കിലും സ്ഥിരതാമസക്കാരായ അംഗങ്ങൾ അവിടെ ഉണ്ടാകേണ്ടതുണ്ട്. നിസ്കാര പള്ളികൾ, സ്രാമ്പികൾ തുടങ്ങിയവ ഈ പ്രദേശത്തും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയുണ്ടെങ്കിൽ തന്നെ അവ ഏതാനും പേര് ആ പ്രദേശത്ത് ജീവിച്ചിരുന്നു എന്നു മാത്രമേ തെളിയിക്കൂ. ഹൈദരലിയും ടിപ്പുവും ഈ പ്രദേശം കയ്യടക്കി വെച്ചത് 26 വർഷമാണ്. രാഷ്ട്രമീമാംസയിൽ ഇതൊരു ചെറിയ കാലമായിരുന്നു എങ്കിലും ഈ കാലം ഇവിടത്തെ നിവാസികൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഭാഗത്ത് ടിപ്പു ഒരു പടയോട്ടത്തിലൂടെ അധികാരം വാങ്ങിയതും തുടർന്ന് നികുതി പിരിക്കാൻ ഉള്ള ഉത്തരവാദിത്വം കൊണ്ടോട്ടി തങ്ങളെ ഏൽപ്പിച്ചതും എല്ലാം ചേർന്നപ്പോൾ മുസ്ലിമേതര സമൂഹങ്ങൾക്ക് ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന ചിന്ത വന്നു. അതിനാൽ അവർ ഭൂരിപക്ഷവും തിരുവിതാംകൂറിലേക്ക് നാടുവിട്ടു. ഇതേ സംഭവം മറുവശത്തും ഉണ്ടായി. ടിപ്പുസുൽത്താൻ ഭരണാധികാരിയും കൊണ്ടോട്ടി തങ്ങൾ കൈക്കാരനും ആയ നാട്ടിലേക്ക് വരാനും അഭിമാനത്തോടെ ജീവിക്കുവാനും മാപ്പിളമാർക്കും താല്പര്യമുണ്ടായി. അങ്ങനെയായിരിക്കാം കിഴക്കനേറനാട്ടിലേക്ക് വലിയ മാപ്പിള ഒഴുക്ക് ഉണ്ടാക്കുന്നത്. (കരുവാരകുണ്ട്: കാലം, ദേശം, മുദ്രകൾ)

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് ടിപ്പു മലബാറിനെ മൊത്തം ബ്രിട്ടീഷുകാർക്ക് കൈമാറി. അതോടെ കിഴക്കനേറനാട് മലബാറിനോടൊപ്പം മദ്രാസ് പ്രസിഡൻസിക്ക് കീഴിൽ വന്നു. കായികമായി ജയിച്ചടക്കിയ സ്ഥലങ്ങളിൽ തങ്ങളുടെ സുഗമമായ ഭരണം വരുത്തുന്നതിന് വേണ്ടി വിശദമായ പഠനങ്ങൾ നടത്തുന്നത് ബ്രിട്ടീഷുകാരുടെ ഒരു രീതിയായിരുന്നു. അതനുസരിച്ച് കിഴക്കനേറനാടിൽ അവർ കണ്ടത്, ടിപ്പുവിന്റെ പടയോട്ടത്തിലും ഭരണത്തിലും ഭയന്ന് ഇവിടെയുള്ള ജന്മിമാരും മുസ്‌ലിമേതര കർഷകധനികരും നാടുവിട്ടു പോയിട്ടുണ്ട് എന്നും അവർക്ക് പകരമായി പലസ്ഥലങ്ങളിൽ നിന്നായി മാപ്പിളമാർ ഇവിടെ വന്നുകൂടിയിട്ടുണ്ട് എന്നുമായിരുന്നു. ഇതിൽനിന്ന് അവർ കണ്ടുപിടിച്ചത്, തങ്ങളുടെ അധികാരം നിലനിർത്തുവാൻ അവശ്യം ആവശ്യമായ ഒരു സങ്കര സമൂഹം കിഴക്കൻ ഏറനാട്ടിൽ ഇല്ല എന്നതായിരുന്നു. മാത്രമല്ല, ഒരു പ്രദേശത്ത് മുസ്ലിങ്ങൾ മാത്രമാവുകയോ ഭൂരിപക്ഷമാവുകയോ ചെയ്യുന്നത് തങ്ങളുടെ കമ്പനി താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയും ആണ് എന്നും അവർ കണ്ടെത്തി. അതിനാൽ അവർ ഇവിടെ നിന്ന് നാട് വിട്ടു പോയ ജന്മികളെ തിരിച്ചുകൊണ്ടുവന്ന് ഇവിടെയുണ്ടായിരുന്ന കുടിയാന്മാരെ പടിയിറക്കി ജന്മിത്വം പുനസ്ഥാപിക്കുവാൻ വേണ്ടിയായിരുന്നു ശ്രമിച്ചത്. പൂർണ്ണാർത്ഥത്തിൽ അത് സാധ്യമാക്കുവാൻ അതിന്റേതായ പ്രയാസങ്ങൾ, സാങ്കേതിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഉണ്ട്. എന്നിരുന്നാലും അവർ കുറെ ജന്മിമാരെ ഇവിടെ തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്. കുടിയാന്മാരെ സംബന്ധിച്ചിടത്തോളം ഇതു വലിയ വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ ജന്മികൾക്കും കുടിയാന്മാർക്കും ഇടയിൽ ചില്ലറ കശപിശകളൊക്കെ തുടക്കം മുതലേ ഉണ്ടായിരുന്നു. അത് അനുദിനം വളർന്നുവന്നു. ബ്രിട്ടീഷുകാർ ജന്മികളുടെ പക്ഷം ചേരുക കൂടി ചെയ്തപ്പോൾ അതിൻ്റെ വളർച്ച അപകടകരമായി. അങ്ങനെയാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ ജന്മി-കുടിയാൻ സംഘട്ടനങ്ങൾ ഉണ്ടായത്. അത് കിഴക്കനേറനാട്ടിലും ഉണ്ടായി എന്ന് ചരിത്രങ്ങളിൽ കാണാം. 1894 മാർച്ച് 24 ന് മണ്ണാർക്കാട് നടന്ന ഇത്തരമൊരു പ്രക്ഷോപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കൊള്ളിത്തൊടിക ഹസൻ എന്ന ഒരാളുടെ പേരുകൂടി കാണുന്നതിൽ നിന്ന് അതു മനസ്സിലാക്കാം. ( കെ കെ മുഹമ്മദ് അബ്ദുൽ കരീം / വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി) ഈ പ്രദേശത്തെ മുസ്ലിം ജനവിഭാഗം നാട്ടിന്റെ ഭരണത്തിലും പോരാട്ടത്തിലും എല്ലാം പങ്കാളിത്തം വഹിക്കുന്ന സാമൂഹ്യ വളർച്ച നേടിയവരായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം രാജ്യമൊട്ടാകെ ഉയർന്നപ്പോൾ കിഴക്കനേറനാട് അതിൻ്റെ സവിശേഷമായ ഒരു കേന്ദ്രമായി മാറി. 1915 മാർച്ച് രണ്ടിന് മലബാറിലെ ജില്ലാ മജിസ്ട്രേറ്റ് ഗവൺമെൻ്റ് ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിക്ക് മലബാറിലെ മാപ്പിള ലഹളയെ കുറിച്ച് നൽകിയ ടെലഗ്രാം സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'കരുവാരകുണ്ട് അംശം മലബാർ ലഹളയുടെ ഹൃദയ കേന്ദ്രമാണ്. അംശത്തിൽ ചേറുമ്പ് എന്ന ഒരേ ഒരു ദേശമായിരുന്നു ഉണ്ടായിരുന്നത്. 1911-ലെ സെൻസസ് പ്രകാരം ആകെയുള്ള 5371 ആളുകളിൽ 3225 പേർ മാപ്പിളമാരും അവരുടെ 1043 വീടുകളും ആണ് ഉണ്ടായിരുന്നത്' (കോഴിക്കോട് റീജണൽ ആർക്കൈവ്സിൽ നിന്ന്) മാപ്പിള ലഹള എന്ന സ്വാതന്ത്ര്യ സമരത്തിൽ ഏറനാട് വഹിച്ച പങ്കാളിത്തം ഏറെ വലുതാണ്. അതിൻ്റെ മുമ്പിൽ നിന്നിരുന്ന ആലി മുസ്ലിയാർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെല്ലാം ഏറനാട്ടുകാരാണ്. എന്നു മാത്രമല്ല ഏറനാട്ടിൽ അദ്ദേഹം ഒരു സ്വതന്ത്ര ഭരണകൂടം തന്നെ സ്ഥാപിച്ചു. 1921 സപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി രാഷ്ട്ര പ്രഖ്യാപനം നടത്തിയത് (കെ മാധവന്‍നായര്‍, മലബാര്‍ കലാപം, പേജ് 202). തൻ്റെ സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ എന്ന നിലക്ക് ചേക്കുട്ടിയെ വധശിക്ഷക്ക് വിധേയനാക്കിയതും 1921 ആഗസ്റ്റ് 25-ന് അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തതുമെല്ലാം വാരിയൻകുന്നൻ ഗവൺമെൻറ് ശക്തമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്ത് പ്രത്യേക നികുതിയും പാസ്‌പോര്‍ട്ട് സംവിധാനവും കോടതിയും ഏര്‍പ്പെടുത്തിയിരുന്നു.

കിഴക്കനേറനാട് ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന് നൽകിയ വലിയ ഒരു ദാനമാണ് മാളുമ്മ ഹജ്ജുമ്മ. മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ധീരതയുടെ പ്രതീകമായി, മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവില്‍ ബ്രിട്ടിഷ് പട്ടാളക്കാരന്റെ തോക്കിനു മുന്നില്‍ വിരിമാറ് കാട്ടി ധീരരക്തസാക്ഷിത്വം വരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയാണ് ഇവർ. കരുവാരക്കുണ്ട് ചീനപ്പാടത്ത് കോയാമു ഹാജിയുടെ പ്രിയപ്പെട്ട മകൾ. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊത്ത് കുറഞ്ഞ കാലം മാത്രമാണ് അവർ ജീവിച്ചത്. ഹാജിയുമായി അവരെ കൂട്ടിയിണക്കുന്നത് കേവലം ദാമ്പത്യ ജീവിതമായിരുന്നില്ല. മറിച്ച് ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ ചൂടും പുകയും തന്നെയായിരുന്നു. അതിലൂടെ അവർ താനേറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഹാജിയോടൊപ്പം ചേർന്നുനിന്ന് ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾ നടത്തുവാനുള്ള ഒരു അവസരം നേടിയെടുക്കുകയായിരുന്നു എന്നും പറയാം. വാരിയന്‍കുന്നത്ത് കുഞ്ഞ് മുഹമ്മദ് ഹാജി അവസാന കാലത്ത് നിലമ്പൂർ കാട്ടിലെ കല്ലാമൂലയിൽ താവളമുണ്ടാക്കി താമസിക്കുന്ന കാലത്ത് കൂടെയുണ്ടായിരുന്നത് മാളുമ്മ ഹജ്ജുമ്മയായിരുന്നു. കരുവാരകുണ്ടിലെ എല്ലാവരുടെ ആദരവും നേടിയ ഒരു സ്ത്രീരത്നം ആയിരുന്നു ഹജ്ജുമ്മ. കുട്ടികളും മുതര്‍ന്നവരും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഹജ്ജുമ്മയെ ബഹുമാനിച്ചിരുന്നു. വലിയ ധർമ്മിഷ്ടയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന അവരാണ് കരുവാരകുണ്ട്, മാമ്പുഴ പള്ളികളുടെ ഭൂമി ദാനമായി നൽകിയത്. മാളുമ്മ ഹജ്ജുമ്മയുടെ ഈ അർത്ഥത്തിലുള്ള സാന്നിധ്യം കിഴക്കനേറനാട്ടിലെ മുസ്ലിം ജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ വളർച്ചയെ കുറിച്ചുവെക്കുന്നുണ്ട്.

ഇതേ ആശയത്തിലുള്ള മറ്റൊരു കാര്യമാണ് വാരിയൻകുന്നത്തിന്റെ അവസാന താവളം കിഴക്കൻ ഏറനാട്ടിലായിരുന്നു എന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കല്ലാമൂലയിലെ മലവാരത്തിയിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും സുരക്ഷിതമായി തമ്പടിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെയും അനുയായികളെയും പിടികൂടുവാൻ കഴിയാതെ വെള്ള പട്ടാളം മാനം കെട്ട് നിൽക്കുകയായിരുന്നു. അതിനാൽ അവസാനം പട്ടാളം അദ്ദേഹത്തെ ചതിയില്‍ കീഴ്‌പെടുത്തുകയായിരുന്നു. ആയുധം വെച്ചു കീഴടങ്ങിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്നും സുരക്ഷിതത്വം നൽകാൻ എന്നും വേണമെങ്കിൽ മക്കയിലേക്ക് നാടുകടത്താൻ എന്നും അറിയിച്ചു അവർ അദ്ദേഹത്തെ അനുനയിപ്പിച്ചു. (കേരള മുസ്‌ലിംകള്‍: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം.) ഇവരുടെ തന്ത്രപരമായ നീക്കങ്ങളുടെ ഒടുവിൽ ഹാജിയുമായി ആശയവിനിമത്തിനായി എന്ന മട്ടിൽ എത്തിച്ചേർന്ന കർഷക വേഷത്തിലുള്ള പോലീസുകാരും മറ്റും അദ്ദേഹം വുദു എടുക്കാൻ വേണ്ടി തൻ്റെ റിവോൾവർ താഴെ വെച്ച സമയത്ത് സൂത്രത്തിൽ അതെടുത്ത് അദ്ദേഹത്തെ പിടികൂടുകയും മലപ്പുറത്ത് കൊണ്ടുപോയി വളരെ ഹീനമായി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഹാജിയുടെ വിപ്ലവ ഗവൺമെൻറും പ്രധാന പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച ഒരു പ്രദേശം എന്ന നിലക്ക് അതിൻ്റേതായ ഇസ്ലാമിക സാമൂഹ്യ വികാരം ഈ പ്രദേശത്തെ പ്രോജ്വലിപ്പിച്ചിട്ടുണ്ടാവും എന്നതിൽ തർക്കമില്ല. പ്രത്യേകിച്ചും നിസ്കാരങ്ങൾ, ദിക്ർ ദുആകൾ, മാല മൗലിദുകൾ തുടങ്ങിയവയെല്ലാം തങ്ങളുടെ ഓരോ നീക്കത്തിന്റെയും ഭാഗമായി കൊണ്ടുനടന്നിരുന്ന ഒരു ജനവിഭാഗത്തിന്റെ നേതാവായിരുന്നു കുഞ്ഞഹമ്മദാജി എന്ന് നാം വായിക്കുമ്പോൾ.

ഖിലാഫത്ത് ലഹളയുടെ ദുരന്തങ്ങൾ മുഴുവനും ഏറ്റവും അധികം ഏറ്റുവാങ്ങിയ നാടാണ് കിഴക്കൻ ഏറനാട്. കുഞ്ഞഹമ്മദ് ഹാജിക്കും സംഘത്തിനും അഭയം നൽകിയവർ എന്ന മുദ്ര എന്നും ഈ നാടിൻ്റെ പുറത്ത് പതിഞ്ഞുകിടന്നു. സംഘടിതമായ ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും എല്ലാം മുറക്ക് നടന്നിരുന്നു എങ്കിലും ഒരുതരത്തിലുള്ള ഇസ്ലാമിക സാമൂഹിക ജാഗരണം നടത്തുവാൻ രാജ്യം സ്വാതന്ത്ര്യം ആകുന്നതുവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകും ഈ പ്രദേശം എന്ന് കരുതാം. രാജ്യം സ്വതന്ത്രമായതിനുശേഷം ഇത്തരം ഭീതികൾ അകുന്നു. പക്ഷേ, ദാരിദ്ര്യം അതിൻ്റെ എല്ലാ തീവ്രതയോടും കൂടെ നാട്ടിൽ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും തങ്ങളുടെ സാമൂഹിക- സാംസ്കാരിക അസ്തിത്വം ഈ പ്രദേശത്തുകാർ വളർത്തുകയും പരിചരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. മുസ്ലിംകളുടെ സംസ്കാരത്തിൽ അവരുടെ സാമൂഹ്യ വളർച്ച കേന്ദ്രീകരിച്ചത് എപ്പോഴും പള്ളികളിലാണ് എന്നു കാണാം. കേരളത്തിൽ ഇസ്ലാമുമായി ഏറ്റവും ആദ്യം എത്തി എന്ന് കരുതപ്പെടുന്ന മാലിക് ദീനാറും സംഘവും ആദ്യം പള്ളികൾ നിർമ്മിക്കുകയായിരുന്നു ചെയ്തത്. പള്ളികൾ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇസ്ലാമിക സാമൂഹികത വളർന്നിട്ടുള്ളതും വളരേണ്ടതും. ഹിജ്റ പലായനത്തിൽ മദീനയിൽ എത്തി നഗരം സ്ഥാപിച്ച നബി തങ്ങൾ(സ) ആദ്യമായി നിർമ്മിച്ചത് പള്ളി ആയിരുന്നു. കിഴക്കൻ ഏറനാടിൻ്റെ ചരിത്രം ചികയുമ്പോൾ ഇവിടെയും അതിപ്രാചീനമായ പള്ളികളുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിൽ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്ന ഈ പ്രദേശത്തെ ജുമുഅത്ത് പള്ളി പരിയങ്ങാട് ജുമാ മസ്ജിദ് ആണ്. ഈ പള്ളിക്ക് ഏറ്റവും കുറഞ്ഞത് ആയിരത്തി ഒരുനൂറ് കൊല്ലത്തോളം പഴക്കമുണ്ടെന്നു വരെ പറയപ്പെടുന്നുണ്ട്. അല്ല, മഞ്ചേരി പയ്യനാട് പള്ളി, നിലമ്പൂര്‍ മൈലാടി പള്ളി മുതലായവയുടെ പഴക്കമാണെന്നും വാദമുണ്ട്. പള്ളിയുടെ മച്ചിൽ കൊത്തി വെച്ചിരിക്കുന്ന ലിഖിതങ്ങൾ കൃത്യമായി വായിച്ചെടുക്കപ്പെട്ടിട്ടില്ലെങ്കിലും അനുമാനം പേർഷ്യൻ ഭാഷയിലാണ് അത് എന്നതാണ്. അതും പള്ളിയുടെ പഴക്കത്തെ കുറിക്കുന്നു. 1921 ലെ കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളം പള്ളി തീവെച്ചതായും നിരവധി കിതാബുകള്‍ കത്തിനശിച്ചതായും പഴമക്കാര്‍ പറയുന്നു. സ്ഥാപിതകാലം മുതലുണ്ടായിരുന്ന ദര്‍സ് ഇടക്കെപ്പോഴോ മുറിഞ്ഞു. പിന്നെ ദര്‍സിന്റെ പുനഃസ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടില്‍ വണ്ടൂര്‍ ഖാസിയായിരുന്ന ഒകെപറ്റ മമ്മുട്ടി മുസ്‌ലിയാരാണ് നടത്തിയത്. അതിനുമുന്‍പ് പുതുകൊള്ളി മരക്കാര്‍ മുസ്‌ലിയാര്‍ 40 കൊല്ലത്തോളം ദര്‍സ് നടത്തിയിട്ടുണ്ടിവിടെ. ആലിഹസ്സന്‍ മുസ്‌ലിയാര്‍ പള്ളിശ്ശേരി, എടപ്പുലം മാനുമുസ്‌ലിയാര്‍, തുടങ്ങി പ്രഗത്ഭര്‍ ഈ പള്ളിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കിഴക്കൻ ഏറനാട്ടിലെ അതിപുരാതനമായ മറ്റൊരു ജുമുഅത്ത് പള്ളി നിലമ്പൂരിലെ മൈലാടി പള്ളിയാണ്. ഈ പള്ളിയും എന്നാണ് സ്ഥാപിച്ചത് എന്നതിനെ കുറിച്ചുള്ള ആധികാരികമായ ചരിത്ര രേഖകൾ ലഭ്യമല്ല. കൃത്യമായ രേഖകൾ ഇല്ലാതെ വരുമ്പോൾ അനുമാനങ്ങൾക്ക് വേണ്ടി ആശ്രയിക്കുക വാമൊഴികളെയാണ്. അതനുസരിച്ച് ഈ പള്ളി സമീപത്തുകൂടി ഒഴുകുന്ന ചാലിയാറുമായി ബന്ധപ്പെട്ട ഒരു പള്ളിയാവാനാണ് സാധ്യത കാണുന്നത്. അതായത് ഒന്നുകിൽ അറബി വ്യാപാരികളോ അല്ലെങ്കിൽ മുസ്ലിം മര കച്ചവടക്കാരോ പതിവായി എന്നോണം ഇതുവഴി സഞ്ചരിക്കാറുണ്ടായിരിന്നിരിക്കണം. അവരിൽ ആരെങ്കിലും അവരുടെ മതപരമായ സൗകര്യത്തിനു വേണ്ടി നിർമ്മിച്ചതായിരിക്കണം ഈ പള്ളി. മറ്റൊരു വാമൊഴി മാലിക് ബിൻ ദീനാറിന്റെ സംഘാംഗമായിരുന്ന ഒരാൾ ഇവിടെ എത്തി എന്നും അദ്ദേഹം നിർമ്മിച്ചതാണ് എന്നും ആണ്. ഇങ്ങനെ പുറത്തുനിന്ന് വന്നവർ ആരോ നിർമ്മിച്ച പള്ളി ആയതിനാലും അവരുടെ വരവിൽ മാറ്റം വന്നതിനാലും കൊണ്ടായിരിക്കണം പള്ളി ഇടക്ക് വിജനമായിട്ടുണ്ട്. പിന്നീട് ഒരു സാമൂഹ്യ മാറ്റത്തിനുശേഷം ഈ പള്ളിയും പള്ളി നിൽക്കുന്ന സ്ഥലവും അടക്കമുള്ളതല്ല നിലമ്പൂർ കോവിലകത്തിന്റെ കീഴിൽ വരികയാണ്. പള്ളി പള്ളിയായി നിലനിർത്തുവാനും പരിപാലിക്കുവാനും ഉള്ള താല്പര്യം അന്നത്തെ കോവിലകത്തെ പ്രധാനികൾക്ക് ഉണ്ടായിരുന്നില്ല. പ്രദേശത്താവട്ടെ അതിനുമാത്രം മുസ്ലിംകളുടെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. അതിനാൽ പള്ളി ഏറെക്കാലം പിന്നെയും പുനരുജീവിപ്പിക്കാതെ കിടക്കുകയായിരുന്നു. പിന്നീട് മൈലാടി കതിയുമ്മ എന്ന ഒരു സഹോദരി കാടെല്ലാം വെട്ടിത്തെളിയിച്ച് അവിടെ താമസിക്കുകയും ഒപ്പം പള്ളി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കോവിലകത്തിന്റെ ഭാഗത്തുനിന്ന് കേസ് വന്നു എങ്കിലും പള്ളിയുടെ കെട്ടിടം ചുറ്റുമുള്ള കബറുകൾ എന്നിവയുടെ വെളിച്ചത്തിൽ മുസ്ലിം പള്ളിയായി കൊണ്ടുള്ള വിധി വരികയായിരുന്നു. ഇതോടെ പള്ളി സജീവമായി. 1969 ൽ പള്ളിയുടെ കീഴിൽ ഒരു യത്തീംഖാന കൂടി സ്ഥാപിതമായതോടുകൂടെ മൈലാടി പള്ളി പഴമയെ പുതിയ കാലവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രക്കണ്ണിയായി മാറുകയായിരുന്നു.

പള്ളിയുടെ പഴമ കൊണ്ട് ഒരു ഇസ്ലാമിക ഭക്തസമൂഹം ആ പ്രദേശത്ത് ജീവിച്ചിരുന്നു എന്ന് തെളിയിക്കുവാൻ മാത്രമേ കഴിയൂ. അതേസമയം അവരുടെ സാമൂഹ്യമായ വളർച്ചകൾക്ക് ഈ പള്ളികളും അവരുടെ ജീവിതവും കേന്ദ്രീകരിച്ചു കൊണ്ടുള്ള സാമൂഹ്യ ഉത്ഥാനങ്ങൾ നടന്നതായി കൂടി നാം കാണേണ്ടതുണ്ട്. അത്തരത്തിലുള്ള സാമൂഹ്യ ഉത്ഥാനങ്ങൾ സ്വാതന്ത്ര്യസമര കാലത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടന്നത് വൈജ്ഞാനിക മുന്നേറ്റങ്ങൾ വഴിയായിരുന്നു. ഇതിനു രണ്ടു കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് പ്രാദേശിക ഓത്തുപള്ളികളും രണ്ടാമത്തേത് പള്ളി ദറസുകളും. ഇവ രണ്ടിൻ്റെയും കാര്യത്തിൽ മലബാറിലെ മറ്റു പ്രദേശങ്ങളെ പോലെയോ അതിലധികമോ ഊർജ്ജസ്വലത പുലർത്തിയിരുന്ന പ്രദേശമായിരുന്നു കിഴക്കനേറനാട് എന്നു കാണാം. നിരവധി ഓത്തുപള്ളികൾക്ക് പുറമേ വലിയ ദറസുകൾ വിവിധ പള്ളികളിൽ നടന്നിരുന്നു. വണ്ടൂർ, പര്യങ്ങാട്, വാണിയമ്പലം, കാളികാവ്, കരുവാരകുണ്ട് തുടങ്ങിയ മഹല്ലുകളിലെല്ലാം എല്ലാ കാലത്തും വലിയ ദറസുകൾ ഉണ്ടായിരുന്നു. ഇവിടെ ദറസുകൾക്ക് നേതൃത്വം നൽകിയത് അധികവും വലിയ വലിയ പണ്ഡിതന്മാർ തന്നെയായിരുന്നു. വണ്ടൂര്‍ ഖാസിയായിരുന്ന കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാർ, വണ്ടൂർ സ്വദഖത്തുള്ള മുസ്ലിയാർ, പുതുകൊള്ളി മരക്കാര്‍ മുസ്‌ലിയാര്‍, അരിപ്ര മൊയ്തീൻ ഹാജി, ശൈഖ് ഹസ്സൻ ഹസ്രത്ത്, മൗലാനാ കെ സി ജമാലുദ്ദീൻ മുസ്‌ലിയാർ, കെ കെ അബ്ദുല്ല മുസ്‌ലിയാർ തുടങ്ങി പട്ടിക നീണ്ടു കിടക്കുന്നു.

ദർസുകൾ ഇസ്ലാമിക സാമൂഹികതയിൽ ചെലുത്തുന്ന സ്വാധീനം വലുതാണ് അതിനേക്കാൾ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകമാണ് വലിയ പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും സാന്നിധ്യം. അവരുടെ ജീവിതവും ഇടപെടലുകളും ഇസ്ലാമിക സമൂഹത്തെ ആകർഷിക്കുകയും അതുവഴി നല്ല ഒരു ശേഷക്കാരുടെ തലമുറ ഉണ്ടായി വരികയും ചെയ്യും. അത്തരത്തിൽ എടുത്തു പറയേണ്ട കുറെ വലിയ പണ്ഡിത മഹത്തുക്കളെ കൊണ്ട് ധന്യമാണ് കിഴക്കൻ ഏറനാട്. പഴയ തലമുറയിൽ ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരാളാണ് വണ്ടൂർ കെ കെ സ്വഭയത്തുല്ല മുസ്ലിയാർ. 1906ൽ കരിമ്പനക്കൽ പോക്കർ മുസ്ലിയാരുടെ മകനായി ജനിച്ച മഹാനവർകൾ ഖുതുബി മുഹമ്മദ് മുസ്ലിയാർ, ഷാഹ് മുഹമ്മദ് അബ്ദുൽ ജബ്ബാർ ഹസ്റത്ത്, ശൈഖ് ആദം ഹസ്റത്ത് തുടങ്ങിയവരുടെ ശിഷ്യനാണ്. വാഴക്കാട് ദാറുൽ ഉലൂമിലും വേലൂർ ബാഖിയാത്തിലുമായരുന്നു പഠനം. സമസ്തയുടെ അൽ ബയാനിലും സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയുടെ നുസ്റത്തുൽ അനാമിലും ശക്തമായ തൂലിക പ്രയോഗിച്ച പ്രതിഭാധനയായ ഒരു പണ്ഡിതനായിരുന്നു മഹാനവർകൾ. 1985 ൽ അവർ വണ്ടൂരിൽ വഫാത്തായി. മൊത്തത്തിൽ കേരളത്തിലെ സുന്നി ലോകത്തിൻ്റെ അംഗീകാരം നേടിയ ഒരു പണ്ഡിതൻ എന്ന നിലക്ക് സുന്നിയേതര സമൂഹങ്ങളൊന്നും ഒട്ടും സജീവമല്ലാതിരുന്ന കിഴക്കൻ ഏറനാട്ടിൽ ആ വ്യക്തിത്വം പതിയുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടാകും എന്നത് ഉറപ്പാണ്. ഇപ്രകാരം മുസ്ലിം സമൂഹത്തെ ഏറെ സ്വാധീനിച്ച് അവർക്കിടയിൽ നിറഞ്ഞു ജീവിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എടപ്പുലം മാനുമുസ്‌ലിയാര്‍. നിരവധി ശിഷ്യന്മാരുടെ ഗുരുവായിരുന്ന അദ്ദേഹം കേവലം അറിവുകൾ ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുക എന്നതിനപ്പുറത്തേക്ക് നീണ്ട സാത്വികനായ ഒരു പരിഷ്കർത്താവ് തന്നെയായിരുന്നു. അദ്ദേഹത്തെ പറയുമ്പോൾ ശിഷ്യന്മാരും അദ്ദേഹത്തെ അനുഭവിച്ചവരും ഏകകണ്ഠമായി പറയുന്നത്, അദ്ദേഹം പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും തന്റെ ശിഷ്യഗണങ്ങളിൽ പ്രയോഗ വൽക്കരിക്കുവാൻ അതീവ ശ്രദ്ധ ചെലുത്തുമായിരുന്നു എന്നതാണ്. അദബും സൂക്ഷ്മതയും അദ്ദേഹത്തിൻ്റെ മുഖമുദ്രകൾ ആയിരുന്നു. കിതാബിനു മുകളിൽ ഒരു കണ്ണട വെക്കുന്നത് പോലും ഇഷ്ടമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. നിസ്കാരത്തിൽ ഇരിക്കുന്നതുപോലെ ഭവ്യതയോടെ ഇന്നും ഇരുത്തിയും അല്ലാതെ അദ്ദേഹം ദർസ് നടത്തുമായിരുന്നില്ല. ഇത്തരം ഒരു വ്യക്തി ജീവിച്ച സമുദായത്തിൽ തീർച്ചയായും അതിൻ്റെ സ്വാധീനങ്ങൾ പ്രതിഫലിച്ചിരിക്കാതിരിക്കില്ല.

ഇത്തരം മറ്റൊരു വ്യക്തിത്വം ആയിരുന്നു ആലിഹസ്സന്‍ മുസ്‌ലിയാര്‍ പള്ളിശ്ശേരി. പള്ളിശ്ശേരിയുടെ മതരംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ സൂഫിവര്യനായിരുന്നു അലി ഹസന്‍ മുസ്ലിയാര്‍. 1895ല്‍ കൊടശ്ശേരിയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ഈ മഹാ പണ്ഡിതന്റെ ജനനം . ചുള്ളികുളവന്‍ ഉണ്ണികോയയുടേയും ഫാത്തിമയുടെയും മകനായി പിറന്ന അലി ഹസന്‍ മുസ്ലിയാര്‍ മഞ്ചേരി വലിയ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ ശിഷ്യനായിട്ടാണ് മത പഠനം ആരംഭിച്ചത്. പഠന രംഗത്ത് സജീവമായതോടെ കൊടശ്ശേരിയില്‍ നിന്നും കുട്ടശ്ശേരിയിലേക്ക് താമസം മാറ്റി. അവിടെ നിന്ന് പള്ളിശ്ശേരിയിലേക്കും. നിരവധി കറാമത്തുകളുടെ ഉടമയായിരുന്ന മഹാൻ 1984 ഏപ്രില്‍ മാസത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. കിഴക്കൻ ഏറനാട്ടിലെ മുസ്ലിം സാമൂഹ്യതയിൽ വലിയ സ്വധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു മഹാനവർകൾ.

കിഴക്കനേറനാടിനെ ആത്മീയമായി സ്വാധീനിച്ച വ്യക്തിത്വമായിരുന്നു മർഹൂം അലി ഹസൻ മുസ്‌ലിയാർ, മാമ്പുഴ. ചുള്ളിയിൽ അഹ്മദ് എന്നവരാണ് അലി ഹസൻ മുസ്ലിയാരുടെ പിതാവ്. മാതാപിതാക്കളുടെ വിയോഗാനന്തരം സ്വദേശമായ പള്ളിപ്പുറത്ത് നിന്നും പാണ്ടിക്കാട് കുഴിക്കാട്ടുപറമ്പിലേക്ക് താമസം മാറിയവരാണ് അലി ഹസൻ മുസ്ലിയാരും സഹോദരനും. കിഴക്കേ പാണ്ടിക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ ആയിരുന്നു ദർസ് പഠനത്തിൻ്റെ ആരംഭം. കുറച്ചുകാലം കുഴിക്കാട്ടുപറമ്പിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് മാമ്പുഴ പൊടുവണ്ണിയിൽ സ്ഥിരതാമസമാക്കി. വളരെ ദരിദ്രമായിരുന്നു വീടകം. ഒത്ത ഉയരം, കറുത്ത ശരീരം, ചെറിയ താടി, ചുണ്ടിനു മുകളിൽ ചെറിയൊരു അരിമ്പാറ - അലിഹസൻ മുസ്ലിയാരെ കണ്ടവർ ബഹുമാനപ്പെട്ടവരുടെ രൂപത്തെ സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്. കൈയുള്ള ബനിയനും കോറത്തുണിയും തലയിൽ മുണ്ട് കൊണ്ടൊരു കെട്ടും മെതിയടിയും - ഇതായിരുന്നു അലി ഹസൻ മുസ്ലിയാരുടെ വേഷം. കാലികളെ മേക്കലായിരുന്നു മുസ്ലിയാരുടെ പ്രധാന ഉപജീവനമാർഗ്ഗം. നാട്ടിൽ ഉണ്ടായിരുന്ന മിക്ക തൊഴിലുകളിലും ബഹുമാനപ്പെട്ടവർ ഏർപ്പെട്ടിരുന്നതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. തൊഴിൽ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കൂലിയും മറ്റു വ്യവസ്ഥകളും പറഞ്ഞുറപ്പിക്കുന്നതാണ് അലിഹസൻ മുസ്ലിയാരുടെ രീതി. നിസ്കരിക്കാനും വിശ്രമിക്കാനുമുള്ള നിശ്ചിത സമയം നേരത്തെ പറഞ്ഞുറപ്പിക്കും. വ്യവസ്ഥയിലുണ്ടെങ്കിൽ മാത്രമേ കഞ്ഞിയും ചായയും മറ്റു ഭക്ഷണങ്ങളും സ്വീകരിക്കുകയുള്ളൂ. ബാഹ്യമായി ഒരു സാധാരണക്കാരന്റെ എല്ലാം മട്ടും മാതിരിയും പുലർത്തിയപ്പോഴും മഹാനവർകൾ ശാന്തനായി ആൾക്കൂട്ടത്തിൽ തനിയെ എന്ന രീതിയിൽ ആത്മീയമായ ചുവടുകൾ വെക്കുകയായിരുന്നു. പ്രമുഖ സൂഫിവര്യൻ പുതിയറ സുലൈമാൻ മുസ്ലിയാർ അലി ഹസൻ മുസ്‌ലിയാരുടെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതനായിരുന്നു. ഹിജ്റ 1370 ജമാദുൽ ആഖിർ (1951 മാർച്ച്) മാസത്തിലാണ് ബഹുമാനപ്പെട്ടവരുടെ വഫാത്ത് എന്ന് അനുമാനിക്കപ്പെടുന്നു.

കിഴക്കൻ ഏറനാട് കണ്ട മറ്റൊരു പണ്ഡിത പ്രതിഭയായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ വൈസ് പ്രസിഡണ്ടും സമസ്തയുടെ ആദർശ സംവാദ വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന മർഹൂം വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ. 1921 ലെ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തു എന്ന കാരണം പറഞ്ഞ് മമ്മദ് മുസ്ലിയാരെ ബ്രിട്ടീഷ് ഗവൺമെന്റ് വെല്ലൂരിലേക്ക് നാട് കടത്തി. 3 വർഷത്തോളം അദ്ദേഹമവിടെ ഏകനായി കഴിഞ്ഞ ശേഷം ഭാര്യയേയും മക്കളേയും കൂട്ടിക്കൊണ്ടുപോയി. അത് കാരണം സ്മര്യ പുരുഷന്റെ പ്രാഥമിക പഠനം തന്നെ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നായിത്തീർന്നു. അറബി, ഉർദു, ഫാരിസി തുടങ്ങിയ ഭാഷകൾ അദ്ദേഹത്തിന് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. 1935-ലാണ് സ്വദേശത്ത് താമസമാക്കിയത്. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ(ന.മ), കെ.കെ സ്വദഖത്തുല്ല മൗലവി(ന.മ) എന്നിവരാണ് പ്രധാന ഗുരുവര്യന്മാർ. സ്വദേശത്ത് നിന്ന് ദർസ് പഠനം പൂർത്തിയാക്കി വീണ്ടും ബാഖിയാത്തിൽ പോയി ബിരുദം നേടി കൂരാട്, വെട്ടിക്കാട്ടിരി, വാണിയമ്പലം എന്നീ സ്ഥലങ്ങളിൽ ദീർഘകാലം ഖാളിയും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്. 1980 ഡിസംബർ 4 ന് 63-ാം വയസിൽ അദ്ദേഹം മരണമടയുകയും ചെയ്തു.

പുതിയ കാലത്തിലേക്ക് കടക്കുമ്പോൾ ഉണ്ടായ സാമൂഹ്യമായ മാറ്റങ്ങളോടൊപ്പം മുസ്ലിം സമുദായത്തെ കിഴക്കനേറനാട്ടിൽ നയിച്ച പണ്ഡിത പ്രതിഭ ഉസ്താദ് കെ ടി മാനു മുസ്ലിയാർ തന്നെയായിരിക്കും. നമ്മുടെ വർത്തമാനകാലം വരെ നീളുന്ന മാപ്പിളപ്പുളകങ്ങൾക്ക് അവരുടെ നേതൃത്വം സ്വാധീനം ചെറുതല്ല. ഹിജ്‌റ 1349 (ക്രി. 1932) ല്‍ കരുവാരക്കുണ്ട് കണ്ണത്തായിരുന്നു കെ.ടി ഉസ്താദിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം കണ്ണത്ത് ബോര്‍ഡ് മദ്രസയിലും ഓത്ത്പള്ളിയിലുമായി ഉസ്താദ് പൂര്‍ത്തീകരിച്ചു. മാതാവിന്റെ അടങ്ങാത്ത താല്‍പര്യം മൂലം വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് പിന്നീട് ഉസ്താദ് പള്ളിദര്‍സില്‍ ചേരുകയായിരുന്നു. മര്‍ഹൂം കെ.കെ അബ്ദുല്ല മുസ്ലിയാരുടെ പിതാവായ മര്‍ഹൂം കെ.കെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ദര്‍സ് നടത്തിയിരുന്ന കരുവാരക്കുണ്ട് ദര്‍സിലാണ് ഉസ്താദിന്റെ ദര്‍സ് പഠനത്തിന്റെ തുടക്കം. പിന്നീട് 1955 ല്‍ വല്ലൂരിലേക്ക് പോകും വരെ മര്‍ഹൂം സി.കെ മൊയ്തീന്‍ ഹാജി അരിപ്രയുടെ കീഴിലായിരുന്നു പഠനം. പഠന കാലത്തുതന്നെ അധ്യാപകനായി മൊത്തം 21 വര്‍ഷത്തെ പഠനശേഷം 1957 ല്‍ ഇരിങ്ങാട്ടിരി മഹല്ല് ഖാളിയായും മുദരിസായും ഉസ്താദ് സ്ഥാനം ഏറ്റു. അപ്പോഴേക്കും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് കൃത്യമായ വ്യക്തിമുദ്ര മഹാനവർകൾ പതിപ്പിച്ചു കഴിഞ്ഞിരുന്നു. ആ പിന്തുണയും പശ്ചാത്തലവും ഉപയോഗപ്പെടുത്തി അദ്ദേഹം മതരംഗത്ത് കൂടി സജീവമാവുകയാണ് ചെയ്തത്. ഇതോടെ കിഴക്കനാടനാട്ടിലെ ഇസ്ലാമിക സാമൂഹ്യതയ്ക്ക് നവജീവൻ കൈവന്നു. ആ പ്രക്രിയയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ നീക്കം ആയിരുന്നു ഇസ്ലാമിക് സെൻറർ സംസ്ഥാപനം. കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസത്തിലും സാംസ്കാരികതയിലും വലിയ സ്വാധീനം ചെലുത്തിയ ദാറുന്നജാത്ത് ഇപ്പോഴും ആ മേഖലയിൽ സജീവമായി നിൽക്കുകയാണ്. മർഹൂം കെ ടി ഉസ്താദിൻ്റെ ചിന്തയുടെയും ആശയങ്ങളുടെയും പ്രതിരൂപമാണ് ദാറുന്നജാത്ത്. മഹാനവർകൾ ഒരു ഭാഗത്ത് സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ജനറൽ വരെ ഉയരുകയും മറുഭാഗത്ത് നാടിനെ പിടിച്ചുകുലുക്കിയ ശരീഅത്ത് വിവാദമടക്കം വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് തൻ്റെ ശബ്ദവും എഴുത്തും കൊണ്ട് ത്യാഗം ചെയ്യുകയും ചെയ്തതോടെ ഉസ്താദിലേക്കും അതിനനുബന്ധമായി കിഴക്കൻ ഏറനാട്ടിലേക്കും മൊത്തം സമൂഹത്തിൻ്റെ ശ്രദ്ധ തിരിയുകയുണ്ടായി.

പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യരുടെ ഗുരുവര്യനും ആയിരുന്ന മർഹൂം ഉസ്താദ് കെ കെ അബ്ദുല്ല മുസ്ലിയാരും നീണ്ട 50 വർഷക്കാലം കിഴക്കനേറനാട്ടിലെ അതിർത്തി പ്രദേശമായ പുത്തനഴിയിൽ ഖാളിയും മുദരിസും ആയി സേവനം ചെയ്ത പണ്ഡിത പ്രതാപി മൗലാനാ പി കുഞ്ഞാണി മുസ്ലിയാരും തുടങ്ങി നിരവധി പണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. വാർത്തകളിലും പൊതുസംസാരങ്ങളിലും പലപ്പോഴും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളിലൂടെ മാത്രമാണ് ഈ നോട്ടം കടന്നുപോയിട്ടുള്ളത്. ഈ പരിധിയിൽ വരാത്തതും അതേസമയം മുസ്ലിം സമുദായത്തിനിടയിൽ നിശബ്ദ വിപ്ലവം നയിച്ചവരും നടത്തിയവരും ആയ എണ്ണമറ്റ പണ്ഡിതന്മാരെയും എഴുത്തുകാരേയും പ്രവർത്തകന്മാരെയും ഈ പ്രദേശത്ത് ആവോളം കാണാൻ കഴിയും. ഈ സ്വാധീനത്തിന്റെ അടയാളങ്ങളാണ് ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് മദ്രസകളും നൂറുകണക്കിന് ദർസുകളും ഏതാനും മത ഉന്നത പഠന കേന്ദ്രങ്ങളും. ജാമിഅ നൂരിയ്യ അറബിയ്യയുടെ ജൂനിയർ കോളേജുകൾ നാലെണ്ണം കിഴക്കനാടൻ നാട്ടിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു. അൽ ഹസനാത്ത് മാമ്പുഴ, ദാറുന്നജാത്ത് കരുവാരകുണ്ട്, --- പരിയങ്ങാട്, നിലമ്പൂർ മർക്കസ് എന്നിവയാണ് അവ. സുന്നി വിഭാഗത്തിലെ വിവിധ ചേരികൾ, മുസ്ലിം സമുദായത്തിലെ വിവിധ അവാന്തര വിഭാഗങ്ങൾ തുടങ്ങിയവരുടെയും പള്ളികൾ, പ്രാഥമിക മതപഠന കേന്ദ്രങ്ങൾ, ഉന്നത മതപഠന കേന്ദ്രങ്ങൾ തുടങ്ങിയവയും എല്ലായിടത്തും എന്നപോലെ കിഴക്കൻ ഏറനാട്ടിലുണ്ട്.

0