അൽ കഹ്ഫിൻ്റെ അകത്തളങ്ങൾ 16-11-2024 Share this Article WhatsApp Facebook വെള്ളിത്തെളിച്ചം ടി എച്ച് ദാരിമി വെള്ളിയാഴ്ചകളിൽ പ്രത്യേകമായി പാരായണം ചെയ്യുവാൻ നബി തിരുമേനി(സ) കൽപ്പിച്ച വിശുദ്ധ ഖുർആനിലെ ഒരു സൂറത്താണ് സൂറത്തുൽ കഹ്ഫ്. വെള്ളിയാഴ്ച ഈ സൂറത്ത് പാരായണം ചെയ്യുന്നവർക്ക് രണ്ട് ജുമുഅകൾക്കിടയിൽ അതൊരു പ്രകാശമായി മാറുമെന്ന് അബൂസഈദ്(റ)ൽ നിന്ന് ഹാക്കിം നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറഞ്ഞിട്ടുണ്ട്. പ്രകാശമായി മാറും എന്നു പറഞ്ഞാൽ ആ വ്യക്തിയുടെ ഈ ദിനങ്ങളിലെ കാര്യങ്ങളെല്ലാം ശരിയായ ദിശയിലായിരിക്കും എന്നർഥം. കാരണം, ഓരോ കാര്യത്തിലും കൃത്യമായ ശരിയിലേക്ക് എത്തിച്ചേരാൻ ഈ വെളിച്ചം അദ്ദേഹത്തിന് സഹായകമാകും. ഈ സൂറത്ത് വെള്ളിയാഴ്ച പോലെയുള്ള ഒരു അതിപ്രധാന ദിനത്തിൽ പതിവായി പാരായണം ചെയ്യുവാൻ നബി(സ) താല്പര്യപ്പെട്ടതിൻ്റെ ന്യായം എന്താണ് എന്നതാണ് ഇവിടെ നാം ചിന്തിക്കുന്നത്. അതിൻ്റെ ഉത്തരത്തിലേക്ക് എത്തുവാൻ സഹായകമായ മറ്റൊരു ഹദീസ് കൂടിയുണ്ട്. അബുദ്ദർദാഅ്(റ)വിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറഞ്ഞു: 'സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ പത്തു ആയത്തുകൾ മനപ്പാഠമാക്കിയവർ ദജ്ജാലിൻ്റെ ഫിത്നയിൽ നിന്ന് രക്ഷപ്പെടുന്നതാണ്'. ഈ ഹദീസിൽ നിന്ന് അൽ കഹ്ഫ് സൂറത്തിന്റെ അകത്തളങ്ങളിലേക്ക് കടക്കുക എളുപ്പമാണ്. കാരണം, ഈ സൂറത്ത് വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നത് നാല് ഫിത്നകളും അവയിൽ നിന്ന് രക്ഷ പ്രാപിക്കാനുള്ള പൊതുവായ മാർഗ്ഗവുമാണ്. ഫിത്ന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസിയെ വഴിപിഴപ്പിക്കാൻ പോന്ന പരീക്ഷണങ്ങളെയാണ്. ഇത്തരം പരീക്ഷണങ്ങൾ മനുഷ്യജീവിതത്തിന്റെ പല രംഗങ്ങളിലും ഉണ്ടായേക്കും. അപ്പോഴൊക്കെയും അതിൽ പെടാതെ സുരക്ഷിതരായിരിക്കുവാൻ ജാഗ്രത കാണിക്കുകയാണ് വിശ്വാസിയുടെ കടമ. ഈ സൂറത്തിലൂടെ അല്ലാഹു ഉദ്ബോധിപ്പിക്കുന്ന നാലു കാര്യങ്ങളിൽ ഒന്നാമത്തേത് ദീനിന്റെ കാര്യത്തിലുള്ള ഫിത്നയാണ്. ഇസ്ലാം ദീൻ എന്ന ജീവതാളം സൃഷ്ടാവ് സൃഷ്ടികൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അതിനെ മുറുകെ പിടിക്കുവാനും വിട്ടുവീഴ്ച ഇല്ലാതെ പുലർത്തി ജീവിക്കുവാനും നല്ല ധൈര്യവും സ്ഥൈര്യവും വേണം. അതില്ലാതെ വന്നാൽ ചിലപ്പോഴെങ്കിലും ദീൻ പുലർത്തുക പ്രയാസകരമായി വെല്ലുവിളിയായി ഭവിക്കുന്ന ചില സാഹചര്യങ്ങൾ സംജാതമായേക്കും. അങ്ങനെ വന്നാൽ അവിടെ വിശ്വാസി പരീക്ഷിക്കപ്പെടുകയാണ്. ആ പരീക്ഷയിൽ വിജയിക്കുക എന്നതാണ് അവൻ്റെ കടമ. ഈ ആശയം പഠിപ്പിക്കുവാൻ സൂറത്തുൽ കഹ്ഫ് മുന്നോട്ടുവെക്കുന്നത് ഗുഹാ വാസികളുടെ ചരിത്ര സംഭവമാണ്. സംഭവം ചുരുക്കത്തിൽ ഇവ്വിധമാണ്. ഏതാണ്ട് ബിസി 249 മുതൽ 251 വരെ റോമാ സാമ്രാജ്യം ഭരിച്ച സീസർ ഡെസ്യൂസ് എന്ന് അനുമാനിക്കപ്പെടുന്ന ദിഖ്യാനൂസ് രാജാവിൻ്റെ കാലത്ത് ഏതാനും സത്യവിശ്വാസികളായ യുവാക്കൾ തങ്ങളുടെ സത്യവിശ്വാസത്തിന്റെ പേരിൽ കടുത്ത വെല്ലുവിളിയുടെ മുമ്പിൽ എത്തിപ്പെട്ടു. അവരുടെ നാടായ അഫ്സൂസിലെ രാജാവും നാട്ടുകാരും അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് അവരുടെ ദീനിനു മുമ്പിൽ വന്ന ഒരു പരീക്ഷണമായിരുന്നു. അവിടെ അവർക്ക് തൽക്കാലം തങ്ങളുടെ ദീൻ ഉപേക്ഷിക്കുകയോ മറച്ചു പിടിക്കുകയോ എല്ലാം ചെയ്യാമായിരുന്നു. പക്ഷേ അങ്ങനെയൊക്കെ ചെയ്താൽ അവർ പരീക്ഷണത്തിൽ പരാജയപ്പെട്ടവരാകുമായിരുന്നു. അതിനാൽ അവർ ഒരു കുന്നിൻ മുകളിലെ ഗുഹയിൽ അഭയം തേടി. 300 വർഷത്തോളം ഉറക്കി കിടത്തി കൊണ്ട് അവരെ അല്ലാഹു സംരക്ഷിക്കുകയും ചെയ്തു. ദീൻ അനുസരിച്ചു ജീവിക്കുന്നതിന് വിഘാതമായ സാഹചര്യങ്ങൾ വന്നാൽ മാന്യമായ ഏതു വില കൊടുത്തും ദീൻ സംരക്ഷിക്കണമെന്ന് ഈ ചരിത്രം പഠിപ്പിക്കുന്നു. രണ്ടാമത്തെ ഫിത്നയെ കുറിച്ച് അല്ലാഹു ഉത്ബോധിപ്പിക്കുന്നത് മറ്റൊരു ചരിത്രത്തിലൂടെയാണ്. ആ ചരിത്രം ഈ സൂറത്തിലെ 32-ാം ആയത്ത് മുതൽ തുടങ്ങുന്നു. അതിന്റെ സംക്ഷിപ്ത രൂപം ഇതാണ്. വിശ്വാസിയും അവിശ്വാസിയുമായ രണ്ടു സുഹൃത്തുക്കള്‍ ഇസ്രയേല്യരിലുണ്ടായിരുന്നു. രണ്ടുപേരും കൂട്ടുകൃഷി ചെയ്തു. നാലായിരം പവന്‍ വീതം ഓരോരുത്തര്‍ക്കും ലാഭമുണ്ടായി. വിശ്വാസിയായ വ്യക്തി അതത്രയും നന്മയുടെ വഴിയില്‍ ചെലവഴിച്ചു. നിഷേധിയാകട്ടെ പുതിയ രണ്ടു തോട്ടങ്ങള്‍ വാങ്ങി വരുമാനമുണ്ടാക്കി. സമ്പന്നനായ അയാള്‍ സുഹൃത്തിനെ അധിക്ഷേപിക്കുകയും തന്റെ പൊങ്ങച്ചം പ്രകടിപ്പിക്കുകയും ചെയ്തു. അഹന്ത മൂത്താല്‍ ചില ഘട്ടങ്ങളില്‍ അല്ലാഹു തല്‍ക്ഷണമായി ശിക്ഷ നല്‍കും. അവിശ്വാസിയായ ഈ തോട്ടക്കാരനെയും അല്ലാഹു ശിക്ഷിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ഫലസമൃദ്ധമായ ഉദ്യാനങ്ങള്‍ ഞൊടിയിടകൊണ്ട് കത്തിച്ചാമ്പലായി. ഇവിടെ സമ്പത്താണ് പരീക്ഷണമായി മാറുന്നത്. മൂന്നാമത്തെ സംഭവത്തിൽ അറിവാണ് പരീക്ഷണമായി വരുന്നത്. ഈ സൂറത്തിലെ അറുപതാമത്തെ ആയത്ത് മുതൽ തുടങ്ങുന്ന മൂസാ നബിയുടെയും ഖളിർ എന്ന ദൈവദാസന്റെയും സമാഗമമാണ് ആ കഥ. ഒരിക്കല്‍ മൂസാനബി(അ) ഇസ്രയേല്യരോട് പ്രസംഗിച്ചപ്പോള്‍ ലോകത്തെ ഏറ്റം വലിയ പണ്ഡിതന്‍ ആരാണ് എന്ന് ഒരാള്‍ ചോദിച്ചു. ഞാനാണ് എന്നായിരുന്നു മൂസാനബിയുടെ പ്രതികരണം. ഈ പശ്ചാത്തലത്തില്‍, തന്നെക്കാള്‍ അറിവുള്ളവന്‍ ഭൂമിയിലുണ്ടെന്ന് അദ്ദേഹത്തെ മനസ്സിലാക്കാനും ആ മഹാ പണ്ഡിതന്റെയടുത്ത് ചെന്നു വിദ്യയഭ്യസിക്കാന്‍ മൂസാനബിയോട് കല്‍പിക്കാനും അല്ലാഹു ഉദ്ദേശിച്ചു. അതാണീ സംഭവം. തികച്ചും അവിശ്വസനീയമായ അടയാളങ്ങളും നിർദ്ദേശങ്ങളും ആയിരുന്നു ആ യാത്രയുടെ ദിശാസൂചിയായി അല്ലാഹുവിൽ നിന്ന് വന്നത്. രണ്ടു കടലുകള്‍ സംഗമിക്കുന്ന ഒരു സ്ഥലത്താണ് ആ ദാസൻ എന്നായിരുന്നു അല്ലാഹുവിന്റെ കൽപ്പന. അദ്ദേഹം നിൽക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ വേവിച്ച ഒരു മത്സ്യം കൈയില്‍ വെക്കണമെന്നും അതു നഷ്ടപ്പെട്ടുപോകുന്നിടത്താണ് ആ വ്യക്തി ഉണ്ടാവുക എന്നും അവരെ അറിയിച്ചിരുന്നു. യാത്രാമധ്യേ വിശ്രമ സ്ഥാനത്ത് വച്ച് ആ മത്സ്യം നഷ്ടപ്പെടുകയും അതു പറയുവാൻ സഹയാത്രികൻ മറന്നു പോവുകയും എന്നിട്ടും അത് കണ്ടെത്തുവാൻ വേണ്ടി എന്നോണം അത് ജീവനോടെ കടലിലേക്ക് ഊളയിട്ട സ്ഥലം ഒരു തുരങ്കമായി നിൽക്കുകയുണ്ടായതും എല്ലാം ആ ചരിത്രത്തിൻ്റെ അത്ഭുതങ്ങളിൽ പെട്ടതാണ്. ഇതെല്ലാം കടന്ന് അവർ രണ്ടുപേരും കണ്ടുമുട്ടുകയും ഒന്നിച്ച് യാത്ര പോവുകയും ചെയ്തപ്പോൾ ഉണ്ടായ സംഭവങ്ങൾ അതിലേറെ ആശ്ചര്യജനകമാണ്. നാലാമത്തെ ഫിത്ന അധികാരത്തെ ചൊല്ലിയായിരുന്നു. നീതിമാനായ ഒരു ഭരണാധികാരിയെയാണ് ഈ കഥ പരിചയപ്പെടുത്തുന്നത് അത് ദുൽഖർനൈൻ ആണ്. ദുൽഖർനൈൻ എന്നത് മാസിഡോണിലെ അലക്സാണ്ടർ ദ ഗ്രേറ്റ് ആണ് എന്ന് ചരിത്ര വായനകളിൽ കാണാം. കിഴക്കും പടിഞ്ഞാറും കീഴടക്കി നീതിയോടെ ഭരണം നടത്തിയ നല്ല ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരെയും സാധാരണക്കാരെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചുകൊണ്ടാണ് അദ്ദേഹം ഭരണം നിർവഹിച്ചത്. കുറ്റവാളികളെ ശിക്ഷിക്കുകയും ദുഷ്ടരായ യഅ്ജൂജ് മഅ്ജൂജ് ഗോത്രങ്ങളെ തടവിലിടുകയും ചെയ്ത് ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി ഭരണം നടത്തിയ ഒരു രാജാവായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ഉത്തുംഗതയിൽ എത്തുമ്പോഴും നീതിയും നന്മയും തൻ്റെ ദൗത്യവുമെല്ലാം മറന്നുപോകുന്ന ഭരണാധികാരം എന്ന പരീക്ഷണമാണ് ഈ ചരിത്രം വഴി അല്ലാഹു അവതരിപ്പിക്കുന്നത്. ഇതാണ് ഈ സൂറത്ത് പറയുന്ന നാലു പരീക്ഷണങ്ങൾ. ദീൻ, സമ്പത്ത്, അറിവ്, അധികാരം എന്നീ അനുഗ്രഹങ്ങളെ അവ നൽകുന്ന സൃഷ്ടാവ് താൽപര്യപ്പെടുന്ന രീതിയിൽ പരിഗണിച്ചും പരിചരിച്ചും കൊണ്ടുനടക്കുന്നതിൽ അടിമകൾ വിജയിക്കുകയാണോ പരാജയപ്പെടുകയാണ് ചെയ്യുന്നത് എന്ന പരീക്ഷണത്തിനാണ് ഓരോരുത്തരും വിധേയരാവുന്നത് എന്നു ചുരുക്കം. ഇവയുടെയും സമാനമായ അനുഗ്രഹങ്ങളുടെയും കാര്യത്തിൽ അഹന്തയോ അവഗണനയോ സംഭവിച്ചാൽ അതു വലിയ നഷ്ടത്തിനും ഖേദത്തിനും വഴിവെക്കും എന്നുകൂടി ഈ സൂറത്ത് ഉണർത്തുന്നു. ഇത്രയും വലിയ ഉൽബോധനങ്ങൾ ഉള്ളടങ്ങിയത് കൊണ്ടായിരിക്കണം ഈ സൂറത്ത് ആരാധനയുടെ പ്രത്യേക ദിനമായ വെള്ളിയാഴ്ചയിൽ പതിവായി പാരായണം ചെയ്യുവാൻ നബി തിരുമേനി(സ) താല്പര്യപ്പെട്ടത് എന്ന് മനസ്സിലാക്കാം. 0