TH Darimi

ഇന്ത്യൻ മുസ്ലിംകളുടെ സംഭാവനകൾ (ഒന്ന്)

ഇന്ത്യൻ മുസ്ലിംകളുടെ സംഭാവനകൾ (ഒന്ന്)

29-08-2021
Share this Article

image



ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനം അന്യാദൃശമാണ്. മനുഷ്യ ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും അതു കാണാം. അതു പഠിച്ചു തുടങ്ങുന്ന ഒരാൾ അവ കണ്ടു തുടങ്ങുക ഏറ്റവും അടിസ്ഥാന പശ്ചാതലമായ സമൂഹം എന്ന അടിത്തറയിൽ നിന്നു തന്നെയാണ്.

1 സമൂഹ വികാരം

ചരിത്രാധീത കാലം മുതൽക്കേ വിവിധ തട്ടുകളായി തിരിക്കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥ നിലനിന്നു വന്ന ഒരു രാജ്യമാണ് ഇന്ത്യ. ഈ തട്ടുകളുടെ ഇന്ത്യൻ പ്രത്യേകത അവ തമ്മിൽ പരസ്പരം ചേരുവാനോ ചേർന്നു നിൽക്കുവാനോ സഹായിക്കുന്ന അന്തർധാരകളില്ലായിരുന്നു എന്നതാണ്. ജനിച്ച തട്ടിൽ തന്നെ ജീവിതം ജീവിച്ചു തീർക്കുവാൻ ഓരോരുത്തരും നിർബന്ധിതരായിരുന്നു. ഇതിനാൽ ഏറെ അവശത അനുഭവിച്ചവരായിരുന്നു ഏറ്റവും വലിയ സാമൂഹ്യക്രമമായിരുന്ന ഹിന്ദു ധർമ്മത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെയും ജാതീയ ഉച്ചനീചത്വങ്ങളുടെയും ഇരകളായിരുന്ന പഞ്ചമര്‍ എന്ന ദലിതര്‍. ഒരിക്കലും തലയുയർത്താൻ കഴിയാത്ത വിധം തല കുനിച്ചും ഓഛാനിച്ചു നിന്നും ജീവിതം ജപിച്ചു തീർക്കാർ വിധിക്കപ്പെട്ട ഈ പഥിത സമൂഹം ഇന്ത്യയുടെ ഒരു നൊമ്പരമായിരുന്നു.

ജാതിവ്യവസ്ഥ വേദപ്രോക്തമല്ലെന്നും ഋഗ്വേദത്തില്‍ പുരുഷ സൂക്തം എന്ന ഒരിടത്തു മാത്രമേ തദ്‌സംബന്ധമായ പരാമര്‍ശമുള്ളൂ എന്നുമൊക്കെ വേദമറിയുന്നവർക്ക് വാദങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു ജാതി വ്യവസ്ഥ എന്നതില്‍ തര്‍ക്കമില്ല. ഇത് സിന്ധ് മുതൽ തമിഴ് തീരങ്ങളിലും മലബാറിൽ വരെ നിറഞ്ഞാടിയ കാലമുണ്ടായിരുന്നു. ഇവിടെയെല്ലാം ഇസ്‌ലാമിന്റെ ആഗമനം ജാതീയ വിവേചനം അനുഭവിക്കുന്നവര്‍ക്ക് വലിയ സമാശ്വാസമാണ് നല്‍കിയത്. തന്റെ ദുരവസ്ഥയില്‍ എന്തോ തെറ്റിദ്ധാരണവശാല്‍ മുസല്‍മാന്മാരെ ക്രൂരര്‍ എന്നും രാക്ഷസര്‍ എന്നും വിശേഷിപ്പിച്ചെങ്കിലും കുമാരനാശാന്‍ പക്ഷേ ഇസ്‌ലാം ജാതിയില്‍ താണവര്‍ക്ക് പ്രദാനം ചെയ്ത ഈ ഔന്നത്യത്തെ വാഴ്ത്തിപ്പാടിയത് ഇവിടെ സ്മണീയമാണ്: എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടൊ- രേഴചെച്ചറുമന്‍ പോയി തൊപ്പിയിട്ടാല്‍ ചിത്രമവനെത്തി ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട നമ്പൂരാരെ. അടിച്ചമർത്തപ്പെടുന്ന ദലിതുകൾക്ക് ഇസ്ലാം സാമൂഹ്യ ജീവതത്തിലേക്ക് വഴിയും പാഥേയവും ഒരുക്കി എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന കൃതിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ഹിന്ദു ധര്‍മശാസ്ത്ര(സ്മൃതികളും പുരാണങ്ങളും)ത്തിന്റെ ഭാഗമാണ് ജാതി വ്യവസ്ഥ എന്നു നിരീക്ഷിക്കുന്നുണ്ട്. വേദോപനിഷത്തുകള്‍ക്ക് ഹിന്ദു സാമൂഹിക ജീവിതത്തില്‍ കാര്യമായ പങ്കില്ലെന്നു വ്യക്തമാക്കുന്ന അംബേദ്കര്‍ ദലിതുകളുടെ മുന്നില്‍ ഹിന്ദുമതം ഉപേക്ഷിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് തീര്‍ത്തു പറയുന്നു. മാന്യമായ ജീവിതം ലഭിക്കണമെങ്കില്‍ ഹിന്ദുമതത്തില്‍നിന്ന് ദലിതുകള്‍ പുറത്തുവരണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതം മാറുമ്പോള്‍ രണ്ട് ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു: ഒന്ന്, അസ്തിത്വപരം (Existential). രണ്ട്, ആധ്യാത്മികം (Spiritual).  ഈ രണ്ട് ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദലിതര്‍ക്ക് കരണീയം ഇസ്‌ലാം ആശ്ലേഷിക്കലാണെന്ന് അദ്ദേഹം പറഞ്ഞു (Which Path to Salvation? എന്ന പ്രസംഗം). 1929 മാര്‍ച്ച് 15-ന് നോട്ടീസ് റ്റു ഹിന്ദുയിസം എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ (If you have converted and become Musalman)  എന്നു കൃത്യമായി പറയുന്നുണ്ട്. ബുദ്ധമതമോ ക്രിസ്തുമതമോ സ്വീകരിക്കുന്നതിന്റെ വ്യര്‍ഥതയെക്കുറിച്ചും അതേ ലേഖനത്തില്‍ അദ്ദേഹം പറയുകയുണ്ടായി (ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രഫസറും ദലിത് ആക്ടിവിസ്റ്റും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ധാരാളമായി എഴുതിയിട്ടുള്ള ഗവേഷകനുമായ ആനന്ദ് ടെല്‍റ്റുംബ്‌ദെ- Anand Teltumbde- എഴുതിയ Why Ambedkar Considered Islam the religion of choice for Dalits before opting for Budhism എന്ന ലേഖനത്തില്‍നിന്ന്). എന്നാൽ നമുക്ക് ഊഹിക്കാവുന്ന ചില കാരണങ്ങളാല്‍ അംബേദ്കര്‍ അവസാന നിമിഷം തീരുമാനം മാറ്റുകയുണ്ടായി. അവസാനം അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയുണ്ടായപ്പോൾ അതുവരെ പറഞ്ഞ കാര്യങ്ങളെ മാറ്റി പറയുകയുണ്ടായി എങ്കിലും.

തെന്നിന്ത്യയിലെ മഹാനായ പരിഷ്‌കര്‍ത്താവായി ആദരിക്കപ്പെടുന്ന ഇ.വി രാമസ്വാമി നായ്ക്കര്‍ വിമോചനമാഗ്രഹിക്കുന്ന ദലിതരോട് ഇസ്‌ലാം ആശ്ലേഷിക്കാന്‍ ആഹ്വാനം ചെയ്തത് പ്രസിദ്ധമാണ്. രാമസ്വാമി നായ്ക്കറുടെ ആശയങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരള കൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്‍, എസ്.എന്‍.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി തയ്യില്‍, എ.കെ ഭാസ്‌കര്‍, സഹോദരന്‍ അയ്യപ്പന്‍, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമന്‍ എന്നിവര്‍ ചേര്‍ന്ന് (അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം) എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തില്‍ കെ. സുകുമാരന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ സ്വാമി അവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാം മതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയില്‍ കല്ലുകെട്ടി ഉറപ്പിച്ചുവെച്ച പോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്' (പേജ്:24,25).

ജാതിവിവേചനത്താല്‍ നരകിക്കുന്നവരുടെ മുന്നിലുള്ള ഏക മോക്ഷാമാര്‍ഗമായിരുന്നു ഇസ്‌ലാം എന്നതിന് ഇതില്‍പരം തെളിവുകളൊന്നും നിരത്തേണ്ടതില്ല. കുമാരനാശാന്റെ നടേ ഉദ്ധരിച്ച വരികളുടെ തുടര്‍ച്ച  കൂടി കാണുക: ഇത്ര സുലഭമാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്ര്യസൗഖ്യമെങ്കില്‍ ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലില്‍. ഇസ്‌ലാം സ്വീകരിച്ചതോടെ അടിമയായിരുന്ന പുലയനു സ്വാതന്ത്ര്യം കിട്ടുകയും കൊച്ചി പ്രജാ സഭാംഗമായിരുന്ന തനിക്കു കിട്ടാത്ത ആദരം അദ്ദേഹത്തിനു കിട്ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ ചൊല്ലിയ കവിത കൂടി ഉദ്ധരിക്കാം: അല്ലാ ഇവനിന്നൊരു പുലയനല്ലേ അല്ലാ മതം നാളെ സ്വീകരിച്ചാല്‍ ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക് സുന്നത്തും മാഹാത്മ്യം യോഗപ്പെണ്ണേ.

2 രാജ്യം എന്ന വികാരം

സമൂഹത്തിൽ നിന്നും ആ സമൂഹത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ ഒന്നായ രാഷ്ട്രം, രാജ്യം തുടങ്ങിയവയിലേക്ക് കടക്കുമ്പോൾ അവിടെയും മുസ്ലിം സംഭാവന കാണാം. ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും ആഗമനത്തിനു മുമ്പ് പരസ്പരം കലഹിക്കുന്ന അനേകം നാട്ടുരാജ്യങ്ങളായി ശിഥിലമായി കിടക്കുകയായിരുന്നു ഇന്ത്യ. ഒരു ഒരുമയുമില്ലാതെ സ്വന്തം അധികാരവും സുഖവും മാത്രം ലാക്കാക്കി ഭരിച്ചിരുന്ന കുറേ നാട്ടുരാജാക്കൻമാരുടെ കൈകളിൽ ചെറുതുരുത്തുകളായി കിടക്കുകയായിരുന്നു ഇന്നത്തെ ഇന്ത്യ അന്ന്. ഈ മണ്ണിനെ കോർത്തെടുത്ത് ഒരു രാജ്യമായി വരുന്നതിന്റെ പ്രക്രിയകളുടെ തുടക്കം അതിനെ ഒരു പേരിൽ കെട്ടിയെടുത്തായിരുന്നു. അങ്ങനെ ഇന്ത്യക്ക് ഒരു രാജ്യം എന്ന മണ്ണുണ്ടാകുന്നതിന് മുമ്പ് ഉണ്ടായത് പേരായിരുന്നു എന്നു ചുരുക്കം. പിന്നീട് ഒരു രാജ്യമായി വളരുവാനുള്ള വികാരം പുറപ്പെട്ട ആ പേരിന്റെ ദാദാക്കൾ മുസ്ലിംകളായിരുന്നു. സിന്ധു നദിയെ അറബികളും പേര്‍ഷ്യക്കാരും വിളിച്ചിരുന്നത് ഹിന്ദ് എന്നാണ്. ഹിന്ദ് എന്ന സ്ത്രീനാമം പ്രവാചകനു മുമ്പേ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അവർക്ക് സിന്ധ് ഹിന്ദായത്. ഈ ഹിന്ദിനോട് നാട് എന്നര്‍ഥമുള്ള പേര്‍ഷ്യന്‍ പദമായ സ്താന്‍ ചേര്‍ന്നപ്പോള്‍ ഹിന്ദുസ്താന്‍  ആയി. ഇതില്‍നിന്നാണ് ഇന്ത്യക്ക് ആ പേരു ലഭിക്കുന്നത്.

പ്രതീക്ഷിച്ചതുപോലെ ഈ പേര് ഒരു രാജ്യം എന്ന വികാരമായി ക്രമേണ രൂപപ്പെട്ടു. അതും മുസ്ലിം ഭരണാധികാരികളിലൂടെയായിരുന്നു വളർന്നത്. അഫ്ഗാനിൽ നിന്നും വന്ന ആദ്യ മുസ്ലിം ഭരണാധികാരികൾ തങ്ങളുടെ ഭരണപ്രദേശത്തോട് ഓരോ സമീപ പ്രദേശങ്ങൾ കൂടിച്ചേർത്ത് നാട് വികസിപ്പിച്ചു. അങ്ങനെ ഇന്ത്യ എന്ന പേരിൽ നിന്നു തുടങ്ങി ഒരു വലിയ രാജ്യമായി അവർ തന്നെയാണ് വികസിപ്പിച്ചത്. മാത്രമല്ല, ആ പേരില്‍ പിന്നീടറിയപ്പെട്ട രാജ്യത്തിന്റെ ശില്‍പികളും നൂറ്റാണ്ടുകളോളം ഈ നാട് ഭരിച്ച മുസ്‌ലിം ഭരണാധികാരികളായിരുന്നു എന്നാണ് ചരിത്രം. വിശാലമായ ഇന്ത്യാ രാജ്യത്തെ ഒറ്റ ഭരണത്തിനു കീഴില്‍ ആദ്യമായി ഐക്യപ്പെടുത്തിയത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ (1556-1605) ആണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഏക ചക്രവര്‍ത്തിയായിരിക്കുന്നതിന് കഴിയാവുന്നത്ര പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു മുഗള്‍ യൂനിയന്‍ സൃഷ്ടിക്കുന്നതിന് അദ്ദേഹം ഉത്സാഹിച്ചു. നിരവധി ഭരണപരിഷ്‌കാരങ്ങള്‍ ഇതിനായി അക്ബര്‍ ആവിഷ്‌കരിച്ചു. തന്റെ ചില നയങ്ങള്‍ മുസ്‌ലിം മതപണ്ഡിതന്മാരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും തന്റെ രാഷ്ട്രീയ ദൗത്യത്തില്‍നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. ഇന്ത്യ എന്ന ഒരു രാഷ്ട്ര സ്വത്വം ആദ്യ കാലത്ത് രൂപപ്പെട്ടിരുന്നില്ല എങ്കിലും മുഗളൻ മാരുടെ ഭരണം ഓരോ ചുവടിലും ആ സ്വത്വത്തിലേക്ക് വളരുകയായിരുന്നു. മുഗളന്മാര്‍ക്കു കീഴില്‍ നടന്ന ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തെക്കുറിച്ച് നിരവധി പഠനങ്ങളുണ്ട്. മുഗളരുടെ ഭരണം ക്രമേണ വളർന്ന് ഇന്ത്യ എന്ന സ്വത്വത്തിലേക്ക് എത്തിച്ചേരുക തന്നെയുണ്ടായി.ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യാ മഹാ രാജ്യത്തെ തന്നെ പ്രതിനിധീകരിക്കുന്ന ഭരണാധികാരിയായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ ദേശീയ ബോധം ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ഘടകമാണതെന്ന് ബി.എന്‍ പാണ്ഡെ എഴുതിയിട്ടുണ്ട്: (രാഷ്ട്രീയ വിപ്ലവത്തിന്റെ പ്രതീകമായ ബഹദൂര്‍ഷായോടുള്ള കൂറിന്റെയും സമര്‍പ്പണത്തിന്റെയും സാര്‍വത്രികമായ ഓളം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രാഷ്ട്രീയമായ ആത്മബോധം കൈവരിച്ചിരിക്കുന്നു എന്ന് അസന്ദിഗ്ധം കാണിച്ചുതന്നു. അതേപോലെ ഇന്ത്യന്‍ ദേശീയവാദത്തിന്റെ അടിസ്ഥാനശിലകള്‍ സത്യമായും ആഴത്തിലും പാകപ്പെട്ടുകഴിഞ്ഞു എന്നും) (ബി.എന്‍ പാണ്ഡെ, 1987).

3 ഭാഷ, സാഹിത്യം, വിജ്ഞാനം.

ഭാഷാ, സാഹിത്യ, വൈജ്ഞാനിക രംഗങ്ങളില്‍ അത്യപൂര്‍വമായ സംഭാവനകളാണ് മുസ്‌ലിംകള്‍ ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ഇവയിൽ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് ഉർദു ഭാഷ. ഡല്‍ഹി സല്‍ത്തനത്തുകളുടെയും മുഗള്‍ സാമ്രാജ്യത്തിന്റെയും ഔദ്യോഗിക ഭാഷയായിരുന്ന പേര്‍ഷ്യന്‍ ഭാഷ പ്രാദേശിക ഭാഷയായ പടിഞ്ഞാറന്‍ ഹിന്ദിയുമായി സംയോജിച്ചപ്പിച്ച് മുസ്ലിംകൾ ഇന്ത്യക്ക് സമാനിച്ച മനോഹരമായ ഭാഷയാണ് ഉര്‍ദു. സംസ്‌കൃത വാക്കുകളുടെ ആധിക്യം കൊണ്ട് സംസാരവും സങ്കീർണ്ണമായ ലിപി വിന്യാസം കൊണ്ട് എഴുത്തും ഭാരിച്ചു പോകുന്ന ഹിന്ദിയേക്കാള്‍ ജനപ്രിയമാണ് ഉര്‍ദു. ഹിന്ദി സാഹിത്യത്തേക്കാള്‍ പഴക്കമുണ്ട് ഉര്‍ദു സാഹിത്യത്തിന്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ദര്‍ബാറില്‍ വ്യത്യസ്ത മതക്കാരായ പണ്ഡിതന്മാരുടെ പൊതു സമ്പര്‍ക്ക ഭാഷ ഉര്‍ദുവായിരുന്നു എന്ന് സ്ഥാപിക്കുന്ന രേഖകളുണ്ട്. ആസേതുഹിമാചലം കോടിക്കണക്കിനാളുകളുടെ സംസാരഭാഷയാണ് ഇന്ന് ഉര്‍ദു. 2019-ലെ കണക്കനുസരിച്ച് 68.62 മില്യന്‍ ജനങ്ങളുടെ ഒന്നാം ഭാഷയും 101.58 മില്യന്‍ ജനങ്ങളുടെ രണ്ടാം ഭാഷയുമാണ് ഉര്‍ദു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന പതിനൊന്നാമത്തെ ഭാഷ എന്ന പദവിയും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഇരുപത്തി ഒന്നാമത്തെ മാതൃഭാഷ എന്ന പദവിയും ഉര്‍ദുവിന് അവകാശപ്പെട്ടതാണ്. ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ രണ്ടാം ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. ദില്‍ കി സബാന്‍ (ഹൃദയത്തിന്റെ ഭാഷ) എന്നാണ് ഉര്‍ദുവിനെ കവികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനതയെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്നതില്‍ ഈ ഭാഷ വഹിച്ച പങ്ക് സുവിദിതമത്രെ. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് ഉര്‍ദുവാണ്. സംഗീതത്തിന്റെ ഭാഷ എന്ന നിലയിലാണ് ഉര്‍ദുവിന്റെ മഹാ ഖ്യാതി. ഗസലുകള്‍ക്കും ഖവാലികള്‍ക്കും പുറമെ ഹിന്ദി സ്‌നിമാഗാനങ്ങള്‍ക്കും സംഗീതാസ്വാദകര്‍ കടപ്പെട്ടിരിക്കുന്നത് ഈ മധുര ഭാഷയോടാണ്.

ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, പഞ്ചാബി, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെല്ലാം അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ സംഭാവനകള്‍ ധാരാളമായി കാണാം. ഈ രണ്ടു ഭാഷകളും വന്നത് മുസ്ലിംകളിലൂടെയാണ് എന്നത് അവിതർക്കിതമാണല്ലോ. അതിനാൽ ഈ അർഥത്തിൽ ഈ ഭാഷകളിലെയെല്ലാം സാഹിത്യത്തിലും ഗണ്യമായ മുസ്‌ലിം സംഭാവനകളുണ്ട് എന്നു പറയാം. അതിന് ഒരു ഉദാഹരണമാണ് അബൂ മൂസ മുഹമ്മദ് ആരിഫ് ബില്ലാഹിയുടെ (ദ ഡെവലപ്‌മെന്റ് ഓഫ് ബംഗാളി ലിറ്ററേച്ചര്‍ ഡ്യൂറിംഗ് മുസ്‌ലിം റൂള്‍) എന്ന കൃതിയുടെ (അതേപോലെ മുസ്‌ലിം ഭരണത്തിനു കീഴിലാണ് ബംഗാളി സാഹിത്യം അടിസ്ഥാന വളര്‍ച്ച കൈവരിച്ചത്) എന്ന പരമാർശം. മറ്റൊരു ഉദാഹരണമാണ് ദാവൂദി ബോറകളുടെ സ്വന്തം ഭാഷയായ ലിസാനുദ്ദഅ്‌വ. ഗുജറാത്തിയും അറബിയും ചേര്‍ന്നപ്പോഴുണ്ടായ സങ്കര ഭാഷയാണത്. ഇപ്രകാരം വടക്കന്‍ കര്‍ണാടകയിലും തെക്കന്‍ മഹാരാഷ്ട്രയിലും പ്രചാരത്തിലുള്ള നവായത്ത്, തമിഴ്‌നാട്ടിലെ അറബിത്തമിഴ്, കേരളത്തിലെ അറബിമലയാളം എന്നിങ്ങനെ നിരവധി സങ്കര ഭാഷകള്‍ക്ക് മുസ്‌ലിംകള്‍ ജന്മം നല്‍കുകയുണ്ടായി. ഈ ഭാഷകൾ മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിന് ധാരാളം കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അറബി മലയാളത്തിൽ വിരചിതമായ മാലകൾ, ചരിത്രകൃതികൾ, കെസ്സുകൾ, കഥകൾ, നോവലുകൾ തുടങ്ങിയവയെല്ലാം അതിനു തെളിവാണ്.

ഇന്ത്യയുടെ വൈജ്ഞാനിക വികാസത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. വൈജ്ഞാനിക രംഗത്തെ ഇന്ത്യയുടെ യശസ്സ് പുറംലോകത്തെത്തിച്ചത് ഇവിടെ വന്ന അറബി സഞ്ചാരികളാണ്. വികാസങ്ങൾ രൂപപ്പെട്ടതിനുശേഷം വന്ന അറബി സഞ്ചാരികളെല്ലാം മുസ്ലിംകൾ കൂടി ആയിരുന്നു. ഇന്ത്യന്‍ അക്കങ്ങള്‍, വിശിഷ്യാ പൂജ്യം എന്ന ഗണിത ശാസ്ത്രത്തിന്റെ ഗതി മാറ്റിയ സംഖ്യ ലോകത്തിന് പരിചയപ്പെടുത്തിയത് അറബി-മുസ്‌ലിം പണ്ഡിതന്മാരാണ്. ഇന്ത്യന്‍ അക്കങ്ങള്‍ യൂറോപ്യര്‍ക്ക് അറബി അക്കങ്ങള്‍ (Arab Numerals) ആണ്. അപ്രകാരം തന്നെ വിജ്ഞാനത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയത് മുസ്‌ലിം ഭരണകര്‍ത്താക്കളും പണ്ഡിതന്മാരുമാണ്. മുസ്‌ലിംകള്‍ അറിവിനെ ജനകീയവത്കരിച്ചു. ഇതിന്നായി അക്കാലത്ത് അവർകണ്ട വഴി ഭാഷാന്തരമായിരുന്നു. നിരവധി സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതോടെ ഇന്ത്യയുടെ അറിവുകൾ അറബ് ലോകത്തിലേക്കും അവരിലൂടെ അവരെത്തിച്ചേർന്ന എല്ലായിടങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. പല അറബി കൃതികളും ഇന്ത്യൻ ഭാഷകളിലേക്ക് പ്രത്യേകിച്ചും ഉർദുവിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. അതുണ്ടാക്കിയ സാംസ്കാരിക ക്രയവിക്രയം ഇന്ത്യയെ സജീവ ലേക്രത്തിന്റെ ഭാഗമാക്കി മാറ്റി. മഹ്മൂദ് ഗസ്‌നിയോടൊപ്പം ഇന്ത്യയില്‍ എത്തുകയും അല്‍ബിറൂനി(973-1050) ഇത്തരത്തിൽ അനുസ്മരിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ്. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തും സംസ്‌കൃതത്തില്‍നിന്നുള്ള മൊഴിമാറ്റത്തിനു വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഹിന്ദു കവികള്‍ക്കും ശാസ്ത്രകാരന്മാര്‍ക്കും വലിയ പ്രോത്സാഹനം നല്‍കിയവരായിരുന്നു മുഗള്‍ രാജാക്കന്മാര്‍. സുന്ദര്‍ ദാസ്, ചിന്താമണി, കവീന്ദ്ര ആചാര്യ, ജഗന്നാഥ് ത്രിപാഠി, ഇന്ദര്‍ജിത് ത്രിപാഠി തുടങ്ങി നിരവധി കവികള്‍ മുഗള്‍ സംരക്ഷണത്തില്‍ വളര്‍ന്നവരാണ്. ചരിത്ര രചനക്ക് മുസ്‌ലിം രാജാക്കന്മാര്‍ നല്‍കിയ പ്രോത്സാഹനം പ്രസിദ്ധമാണ്. മുഗള്‍ ചക്രവര്‍ത്തിമാരും അവരുടെ സദസ്സിലെ പണ്ഡിതന്മാരും ചരിത്ര രചനക്ക് വലിയ പ്രാധാന്യം കല്‍പിക്കുകയുണ്ടായി. അബുല്‍ ഫസലിന്റെയും നിസാമുദ്ദീന്‍ അഹ്മദിന്റെയും അബ്ദുല്‍ ഹമീദ് ലാഹോരിയുടെയും ജഹാംഗീറിന്റെയുമെല്ലാം ചരിത്ര ഗ്രന്ഥങ്ങള്‍ വിഖ്യാതങ്ങളാണ്.

ഗണിതം, ഭൗതിക ശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. യവനരില്‍നിന്ന് കടം കൊണ്ട് അറബ് - പേര്‍ഷ്യന്‍ ഭിഷഗ്വരന്മാര്‍ വികസിപ്പിച്ച യൂനാനി വൈദ്യം പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയില്‍ എത്തുകയുണ്ടായി. അലാഉദ്ദീന്‍ ഖില്‍ജിയുടെ കൊട്ടാരത്തിലെ നിപുണന്മാരായ വൈദ്യന്മാര്‍ ഈ വൈദ്യശാഖക്ക് മൗലികമായ സംഭാവനകള്‍ നല്‍കിയവരാണ്. ഇന്ന് കേരളത്തിലടക്കം യൂനാനി ചികിത്സാലയങ്ങൾ പ്രവര്‍ത്തിക്കുന്നു എന്നത് ഈ വൈദ്യശാഖയുടെ ജനകീയതക്ക് തെളിവാണ്. ഇതെല്ലാം മൊത്തത്തിൽ വിദ്യാഭ്യാസ രംഗത്തെ മുച്ചൂടും സ്വാധീനിക്കുകയുണ്ടായി എന്ന് ചുരുക്കത്തിൽ പറയാം.