Thoughts & Arts
Image

ആത്മീയാനന്ദത്തിന്റെ അമൂല്യ നാളുകളിലേക്ക്..

27-04-2022

Web Design

15 Comments







ആരാധനകളെല്ലാം ആത്മ സമർപ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും. ആരാധന ചൂട് പിടിക്കുന്നതിന്റെയും ലക്ഷ്യത്തോട് അടുക്കുന്നതിന്റെയും പ്രതിഫലം മനസ്സിൽ തെളിയുന്നതിന്റെയുമെല്ലാം പ്രതിഫലനങ്ങൾ ഒന്നിച്ചുണരുമ്പോഴാണ് ഈ തീവ്രത അനുഭവപ്പെടുന്നത്. ഈ യുക്തി ഇസ്ലാം നിഷ്കർഷിക്കുന്ന എല്ലാ ആരാധനകളിലുമുണ്ട്. നിസ്കാരത്തിലെ ഒരു റക്അത്ത് സൂജൂദ് എന്ന പാരമ്യത്തിൽ എത്തിച്ചേരുന്നത് പോലെ. മശാഇറുകൾ കടന്ന് ഹജ്ജിലെ സമർപ്പണം അറഫാത്തിലെത്തും പോലെ. നോമ്പിലുമുണ്ടത്. അങ്ങനെയാണ് ഒരു നോമ്പിന്റെ ഏറ്റവും പ്രതീക്ഷാത്മകമായ യാമം ഇഫ്ത്വാറിന്റെ തൊട്ടു മുമ്പുള്ള താകുന്നത്. ആ സമയായമാകുമ്പോഴേക്കും ഒരു ദിനത്തിന്റെ വ്രത സമർപ്പണം പാരമ്യത്തിലെത്തുകയും വിശ്വാസിയുടെ പ്രാർഥനകൾക്ക് ഏറ്റവും പ്രതീക്ഷ കൈവരികയും ചെയ്യുന്നത്. റമളാൻ എന്ന മാസത്തിനു മുണ്ടത്. അതുകൊണ്ടാണ് റമളാനിലെ അവസാനത്തെ പത്ത് ദിനങ്ങൾ ശ്രേഷ്ടതയിലും പ്രതീക്ഷയിലും മറ്റു രണ്ടു പത്തുകളെയും കവച്ചുവെക്കുന്നത്. റമളാനിലെ ഏറ്റവും അധികം പ്രതിഫലവും പ്രതീക്ഷയും നിറഞ്ഞ ദിനങ്ങളാണ് അവസാനത്തെ പത്തു ദിനങ്ങൾ.



അവസാനത്തെ പത്തെത്തുമ്പോള്‍ നബി(സ)യിൽ സമൂലമായ മാറ്റം പ്രകടമായിരുന്നു. മറ്റു ദിനങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകി ആത്മീയതയുടെ മറ്റൊരു കരയിൽ എത്തിച്ചേരുന്ന ദിനങ്ങളായിരുന്നു അവ എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആഇശ(റ) പറയുന്നു. “(അവസാന) പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കും, രാത്രികളെ സജീവമാക്കും, കുടുംബത്തെ വിളിച്ചുണര്‍ത്തും (ബുഖാരി). മൂന്നു പ്രകടമായ മാറ്റങ്ങളാണ് ആയിഷാ(റ) എടുത്തു പറയുന്നത്. ഒന്ന് ആരാധനകൾക്കായുള്ള നബി തിരുമേനിയുടെ പ്രത്യേക ഒരുക്കം. ആ പ്രയോഗത്തിൽ ഊർജ്ജസ്വലത, ചടുലത, വൈകാരിക ഉൻമേഷം എന്നിവയെല്ലാം ഉൾക്കാെളളുന്നു. പ്രത്യേക നേട്ടത്തിലുള്ള പ്രതീക്ഷയാണ് ഈ ഒരുക്കത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടാമത്തേത് രാത്രികളെ ആരാധനകളാൽ സജീവമാക്കുന്നതാണ്. മനുഷ്യന്റെ വിശ്രമത്തിന്റെയും രതിവികാരത്തിന്റെയും ഉറക്കിന്റെയുമെല്ലാം സമയമാണ് രാത്രികൾ. പൊതുവെ മനുഷ്യൻ തന്റെ വികാരങ്ങളിൽ തളർന്നു വീഴുന്ന സമയം. അതേ സമയം അവരുടെ ഉടമയായ അല്ലാഹുവാകട്ടെ തന്റെ ദാനങ്ങളുടെ താലങ്ങളുമായി ആകാശ മേലാപ്പിലേക്ക് ഇറങ്ങിവരുന്ന സമയവുമാണത്. ഈ സമയത്ത് ഈ താലങ്ങൾക്കു വേണ്ടി കൈനീട്ടുവാൻ തയ്യാറാകുന്ന ആൾ സ്വന്തം ഇഛകളേക്കാൾ തന്റെ സൃഷ്ടാവിന്റെ കടാക്ഷത്തിന് വില കൽപ്പിക്കുകയാണ്. അതിനാൽ രാത്രിയിലെ ആരാധനകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ട്. ഒപ്പം തന്നെ രാത്രിയുടെ ശാന്തിയും കുളിരും ആരാധനകൾക്ക് അതിരുകൾ ഭേതിച്ച് ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുവാൻ ഏറെ സഹായകവുമാണ് രാത്രികൾ. നബിയുടെ റമളാനിലെ അവസാനത്തെ പത്തിലെ രാത്രികൾ ആരാധനാ നിമഗ്നങ്ങളും നിദ്രാവിഹീനങ്ങളുമായിരുന്നു.



മൂന്നാമതായി ആയിഷ(റ) എടുത്തു പറയുന്നത് നബി ആരാധനകളിലേക്ക് തന്റെ വീട്ടുകാരെ കൂടി വിളിച്ചുണർത്തിക്കൂട്ടുമായിരുന്നു എന്നാണ്. ഇത് ഒരേ സമയം സഹായവും സേവനവും സമഭാവനയുമാണ്. പ്രപഞ്ചത്തിൽ വിശ്വാസിയുടെ സ്വഭാവതത്വം കൂടി ഇതു വ്യക്തമാകുന്നു. തന്നെപ്പോലെ തന്റെ കുടുംബമടക്കമുള്ള ചുറ്റുവട്ടങ്ങളെ കൂടി നയിക്കുവാൻ ബാദ്ധ്യസ്ഥനാണ് വിശ്വാസി. തനിക്കു ലഭിച്ചത് ചേർത്തുപിടിച്ച് സ്വാർഥനായി മാറി നിൽക്കുകയോ ചുറ്റുവട്ടത്ത് നിന്ന് ഒളിച്ചോടുകയോ ചെയ്യുന്നവനല്ല ഇസ്ലാമിലെ വിശ്വാസി. ദീൻ എന്നാൽ ഗുണകാംക്ഷയാണ് എന്ന് നബി(സ). തനിക്കു കിട്ടിയതും കിട്ടാനുള്ളതുമായ എല്ലാ നന്മകളും മറ്റുള്ളവർക്കും ലഭിക്കണമെന്ന കാംക്ഷ പുലർത്തുന്നവനായിരിക്കണം യഥാർഥ വിശ്വാസി. അതിനാൽ വീട്ടുകാരെയും മക്കളെയും റമളാനിന്റെ അവസാന പത്തിൽ കിട്ടാൻ പോകുന്ന മഹാ പ്രതിഫലങ്ങൾക്കായി വിളിച്ചുണർത്തുമായിരുന്നു നബി(സ). ഇനിയുമുണ്ട് രണ്ട് സവിശേഷകതകൾ. അവയും നബി തിരുമേനിയുടെ ജീവിതത്തിൽ പ്രകടമായി അനുഭവപ്പെടുമായിരുന്നു. ഒന്ന് ഇഹ്തികാഫും മറ്റൊന്ന് വിഴിഞ്ഞൊഴുകുന്ന ഉദാരതയും.



പ്രത്യക്ഷത്തിൽ പള്ളിയിൽ ആരാധനാനിമഗ്നമായി സമയം ചെലവഴിക്കുക എന്നതാണ് ഇഅതികാഫ് എങ്കിലും അതിന് വിശാലമായ ഒരു അർഥ തലമുണ്ട്, ഉണ്ടായിരിക്കേണ്ടതുണ്ട്. കേവലം നിയ്യത്തു കരുതി പള്ളിയിൽ കിടന്നുറങ്ങിയാലും അത് ഇഅതികാഫാകും എന്ന് സാങ്കേതികമായി പറയാമെങ്കിലും അതുകൊണ്ടുള്ള ഉദ്ദേശലക്ഷ്യങ്ങളിലേക്ക് എത്തണമെങ്കിൽ അതിന് ധ്യാന സമാനമായ മനോനിലയും അല്ലാഹുവിലുള്ള ആഴമുള്ള ആലോചനയും ഈ മനോനിലയെ സഹായിക്കുന്ന ആരാധനകളുമെല്ലാം വേണം. ഇത്തരത്തിലുള്ള ഭജനമിരിക്കലിന് വിശ്വാസിക്ക് പ്രതിഫലത്തിനു പുറമെ പല നല്ല പ്രതിഫലനങ്ങളും കൂടി നേടാൻ കഴിയുന്നുണ്ട്. തിരക്കുകളിൽ നിന്ന് മനസ്സിനെ തിരിച്ചെടുത്ത് ശാന്തമാക്കുവാനും ആധി, വ്യഥ, തുടങ്ങിയ വ സ് വാസുകളിൽ നിന്ന് മോചിപ്പിക്കുന്നു ഈ ധ്യാനാത്മകത ഏറെ സഹായിക്കുന്നു. നബി(സ) എല്ലാ റമളാനിലെയും അവസാനത്തെ പത്ത് ദിനങ്ങൾ ഇങ്ങനെ പളളിയിൽ ഇഅതികാഫിരിക്കുമായിരുന്നു. ഈ സമയത്തായിരുന്നു നബി(സ) അതുവരെ അവതരിക്കപ്പെട്ട ഖുർആൻ ഭാഗങ്ങൾ ജിബ് രീലുമായി ഒത്തുനോക്കാറുണ്ടായിരുന്നത്. ഇഅതികാഫിന് ആരാധന, ധ്യാനം, ചിന്ത തുടങ്ങിയവയുമായുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ഈ പതിവ്. ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ റമളാനിൽ ഇത് ഇരുപത് ദിനമായി. പ്രബോധന ജീവിതം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ ധ്യാനാത്‌മകമായിരുന്നു നബി(സ) യുടെ ജീവിതം.



മറ്റൊന്ന് നബി(സ)യുടെ ഉദാരതയായിരുന്നു. ഇബ്നു അബ്ബാസിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു. നബി(സ) മന്ദമാരുതനേക്കാൾ ഉദാരനായിരുന്നു. നബി ഏറ്റവും ഉദാരനായിരിക്കുക റമളാനിൽ ജിബ്രീലിനെ കണ്ടുമുട്ടുമ്പോഴായിരുന്നു. ഈ സമാഗമം റമളാനിലെ അവസാനത്തെ പത്തിലായിരുന്നു എന്ന് നാം നേരത്തെ പറയുകയുണ്ടായി. ആരെന്തു ചോദിച്ചാലും അത് കൊടുക്കുന്നതിൽ നബി ഒരു അമാന്തവും വിമ്മിഷ്ടവും കാണിക്കുമായിരുന്നില്ല എന്നാണ് ഈ പറഞ്ഞതിന്റെ പൊരുൾ. മാരുതൻ മെല്ലെ തഴുകി തലോടി എല്ലാറ്റിന്റെയും ഉള്ളിലേക്ക് കടന്നു അരിച്ചിറങ്ങുന്നതു പോലെയുള്ള അനുഭവമായിരുന്നു അത് എന്ന ഹദീസിലെ പ്രയോഗം അതിന്റെ അർഥപൂർണ്ണതയെ കുറിക്കുന്നു.



ഇത്രയും ആരാധനയിലലിഞ്ഞുചേരുവാൻ ഉള്ള ന്യായമാണ് ഇനി പരിശോധിക്കാനുള്ളത്. അവയിൽ ഒന്ന് ഈ ദിനങ്ങളുടെ രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്ന ശാന്തിയുടെ രാവ് വരുന്നത് എന്നാണ്. ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ് ഈ രാവ് എന്നും ഈ രാവിൽ ശാന്തിയുടെ താലങ്ങളുമായി പുലരുവോളം അല്ലാഹുവിന്റെ മലക്കുകൾ ഇറങ്ങിക്കൊണ്ടേയിരിക്കും എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാവ് ഈ പത്തിലെ ഒറ്റ രാവുകളിൽ ഒന്നാകാമെന്നും അതിനാൽ അത് പ്രതീക്ഷിച്ചിരിക്കുക എന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ആയുസും ആരോഗ്യവും കുറഞ്ഞ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ രാവിന്റെ പുണ്യം കിട്ടുക എന്നത് ഒരു മഹാസൗഭാഗ്യമാണ്. കാരണം ആയിരം മാസങ്ങളുടെ ലാഭമാണ് അവന് ഇതുവഴി നേടാൻ കഴിയുക. രണ്ടാമത്തെ ഒരു ന്യായം റമളാനിന്റെ അവസാന രാത്രിയാണ്. ഇത് ഏറ്റവും ശ്രേഷ്ഠമായ ഒരു രാത്രിയാണ് എന്ന് നബി(സ) അരുളിയിട്ടുണ്ട്. ഇത് ലൈലത്തുൽ ഖദ്റിന്റെ രാത്രി അല്ല എന്നും തൊഴിലുടമ തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതു പോലെ അല്ലാഹു അവന്റെ അടിമകൾക്ക് പ്രതിഫലം കൊടുക്കുന്ന ദിവസമാണ് എന്നും നബി(സ) സ് വ്യക്തമാക്കിയിട്ടുണ്ട്. അതീവ ശ്രേഷ്ടങ്ങളായ ഈ രണ്ടു ദിനങ്ങളുടെയും പ്രത്യേകത അവ രണ്ടും അവ്യക്തങ്ങളാണ് എന്നതാണ്. ലൈലത്തുൽ ഖദ്ർ ഏതു രാവായിരിക്കും എന്നത് നിർണ്ണയിക്കപ്പെട്ടിട്ടില്ല. റമളാൻ അവസാന രാവാണെങ്കിലോ അതും നിശ്ചിതമാണെന്നു പറയാൻ വയ്യ. കാരണം അത് മാസപ്പിറവിയെ ആശ്രയിച്ചാണുള്ളത്.



അല്ലാഹു സവിശേഷമായി കൽപിക്കുന്ന പുണ്യങ്ങളുടെയൊക്കെ ഒരു പ്രധാന പ്രത്യേകത ഇതാണ്. അവയുടെ കൃത്യമായ ഇടം ഒളിപ്പിച്ചു വെക്കപ്പെട്ടതായിരിക്കും. അത് ആപേക്ഷികമായി ചെറുതുമായിരിക്കും. ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് അത് നേടാൻ ആഗ്രഹിക്കുന്നവൻ അതിനു വേണ്ടി അപ്പുറവും ഇപ്പുറവുമുള്ളതെല്ലാം അഥവാ മൊത്തത്തിൽ തന്നെ ചെയ്തിരിക്കേണ്ടതുണ്ട്. രണ്ട്, കർമ്മത്തിൽ വിശാലമായ പ്രതീക്ഷയും പ്രതിഫലേഛയും പുലർത്തിയിരിക്കേണ്ടതുമുണ്ട്. അതിന് മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് വെള്ളിയാഴ്ചയിലെ സവിശേഷമായ ഒരു നിമിഷം. ഏതു പ്രാർഥനക്കും തീർച്ചയായും ഉത്തരം ലഭിക്കുന്ന അത്തരമൊരു സമയുണ്ടെന്നും അത് വളരെ ചെറിയ ഒരു സമയമാണ് എന്നും നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, അതിന്റെ കൃത്യമായ സമയം ഏതാണ് എന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാൽ ആ സവിശേഷ അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച എന്ന ദിവസം പകൽ മുഴുവനും കാത്തിരിക്കുകയും അപ്പോഴൊക്കെ കർമ്മങ്ങളിൽ വ്യാപൃതരാവുകയും ചെയ്യേണ്ട അവസ്ഥയാണ്. ഇനി ഈ സമയത്തെ കൃത്യമായി നിശ്ചയിച്ചു വ്യക്തമാക്കിയാലോ ചുളുവിൽ കാര്യസാധ്യം കാംക്ഷിക്കുന്ന സൂത്രക്കാർ ആ നിമിഷം മാത്രം ഉപയോഗപ്പെടുത്താനായിരിക്കും ഉദ്യമിക്കുക. അപ്പോൾ അത് കാപട്യത്തെയാണ് വളർത്തുക. ലൈലത്തുൽ ഖദ്റ് എന്ന സവിശേഷ അവസരവും ഇങ്ങനെയാണ്. അതിന്റെ പുണ്യം കാംക്ഷിക്കുന്നവൻ ഏറ്റവും കുറഞ്ഞത് റമളാനിലെ അവസാന പത്തിലെ അഞ്ച് ഒറ്റ രാവുകളും അതിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ട്. കാരണം ഇവയിൽ ഏതു രാവും ആകാം ഖദ്റിന്റെ രാവ്. ഇനിയും മാസപ്പിറവി ദർശിച്ചതിൽ വല്ല പിഴവും വന്നിട്ടുണ്ടെങ്കിൽ നാം കരുതുന്ന ഒറ്റ രാവുകൾ ഇരട്ട രാവുകളാവാനും സാധ്യതയുണ്ട്. അതോടെ, സൂക്ഷ്മത പുലർത്തുവാൻ പത്തു രാവും അതിനെ കാത്തിരിക്കേണ്ടതുണ്ട് എന്ന അവസ്ഥയാണ്. ഈ കാത്തിരിപ്പ് വിശ്വാസിയുടെ മനസ്സിൽ ഒരു മുഷിപ്പുണ്ടാക്കാതിരിക്കുവാൻ ഇസ്ലാം ഒരു തത്വം കൂടി പഠിപ്പിക്കുന്നുണ്ട്, പുണ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പുണ്യമാണ് എന്ന്. നിങ്ങളിൽ ഒരാൾ നിസ്കാരത്തെ കാത്തിരിക്കുമ്പോഴെല്ലാം അയാൾ നിസ്കരിക്കുക തന്നെയാണ് എന്നാണല്ലോ പ്രവാചകൻ പറഞ്ഞത്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso