താളം തെറ്റിയതെല്ലാം വീണ്ടും താളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് വിശ്വാസികൾക്ക് റമളാൻ പ്രദാനം ചെയ്യുന്ന പ്രധാന ദാനം. പതിനൊന്നു മാസം നീളുന്ന ജീവിത യാത്രയിൽ താളം തെറ്റിപ്പോയ ആത്മീയവും മാനസികവും ശാരീരികവും സ്വഭാവപരവുമായ എല്ലാ വീഴ്ചകളും കുറവുകളും പരിഹരിക്കുകയും അവയിലെല്ലാമുള്ള ശരിയായ ജീവിത താളത്തിലേക്ക് തിരിച്ചെത്തിക്കുകയുമാണ് റമളാൻ ചെയ്യുന്നത്. അതിന് കഴിയാതെ പോവുകയും ലക്ഷ്യത്തിൽ പരാജയപ്പെടുകയും ചെയ്തവന് കിടന്ന പട്ടിണിക്കപ്പുറം ഒന്നും എവിടെയും ലഭിക്കാനില്ല. അതേ സമയം റമളാനിനെ ശരിയാംവിധം സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തവന് ഇനത്തിലും പരത്തിലും ലഭിക്കുന്ന നേട്ടങ്ങൾ എണ്ണമറ്റതാണ്. ജീവിതത്തെ ശക്തമായ മാറ്റത്തിന് വിധേയമാക്കാൻ കഴിയും വിധമാണ് റമളാൻ മാസം ക്ര മീകരിക്കപ്പെട്ടിരിക്കുന്നത്. അതിലെ ഓരോ ആരാധനകൾക്കും അനുഷ്ഠാനങ്ങൾക്കും മനുഷ്യനെ ആഴത്തിൽ സ്വാധീനിക്കുവാനുള്ള കഴിവുണ്ട്.
ഉദാഹരണമായി നോമ്പെടുക്കാം. നോമ്പിൽ മനുഷ്യൻ വിശപ്പിനും ദാഹത്തിനും തന്നെത്തന്നെ വിട്ടുകൊടുക്കുകയാണ്. കയ്യെത്താവുന്ന ദൂരത്തുള്ള ഒന്ന് നിശ്ചിത സമയം വേണ്ടെന്ന് വെക്കുമ്പോൾ അവനിൽ അത് ആദ്യം സ്വാധീനിക്കുക ചിന്തയിലാണ്. തിന്നാമെന്നിരുന്നിട്ടും തിന്നാത്തതും കുടിക്കാമെന്നിട്ടും കുടിക്കാത്തതും എന്തു കൊണ്ട് എന്ന ആലോചനയിൽ നിന്നത് തുടങ്ങുന്നു. ക്രമേണ അത് ലക്ഷ്യത്തിനുള്ള ഈ മാർഗ്ഗം എത്ര പ്രായോഗികമാണ് എന്നതിലേക്ക് വളരുന്നു. തുടർന്ന് സമാനമായ നിയമങ്ങളെ കുറിച്ച് പരിശോധിക്കാനുള്ള ഒരു ചിന്ത ഉടലെടുക്കുന്നു. ഇത്തരം നിയമങ്ങളിൽ നിന്ന് നിയമജ്ഞനിലേക്ക് എത്തുന്നതോടെ അവന്റെ ഉടമത്വവും തന്റെ അടിമത്വവും ബോധ്യമാകുന്നു. വ്രതം മനുഷ്യന്റെ ചിന്തകളുടെ വാതായനങ്ങൾ തുറന്നിടുന്നു എന്നും അവന്റെ ചിന്തകളെ അത് മൂർച്ചപ്പെടുത്തുന്നു എന്നുമെല്ലാമുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളുടെ വിശദാംശം ഇവ്വിധമാണ്. കേവല പട്ടിണിയുടെ കാര്യമല്ല ഈ പറഞ്ഞത്. കേവല പട്ടിണിക്കാരന്റെ മുമ്പിൽ ചിന്താശക്തി അടയുകയും വൈകാരികത തുറക്കപ്പെടുകയുമാണ് ചെയ്യുക. അവന്റെ അന്നം മുട്ടിച്ച കാര്യങ്ങളോടുളള വിരോധം തിളച്ചുമറയുകയായിരിക്കും അവന്റെ ഉള്ളിൽ. ഒരു ആരാധനാത്മകമായി ഉണ്ടാവുന്ന ഉണ്ടാക്കുന്ന പട്ടിണി അങ്ങനെയല്ല.
ചിന്ത എന്നത് മനസ്സിന്റെ ഒരു ഭാഗമാണ്. ആ ഭാഗത്തെ നോമ്പ് സ്വാധീനിക്കുനതാണ് നാം കണ്ടത്. ഇനി മനസ്സിന്റെ രണ്ടാം ഭാഗമെടുക്കാം. അതു വികാരങ്ങളുടെതാണ്. ആ ഭാഗത്തെയും നോമ്പ് സ്വാധീനിക്കുന്നുണ്ട്. ഏറെ അപകടം പിടിച്ചതാണ് മനുഷ്യന്റെ വികാരങ്ങൾ. അതിനെ യധേഷ്ടം തുറന്നുവിട്ടാൽ അത് അനർഥങ്ങൾ ഉണ്ടാക്കിവെക്കും. പിടിച്ചു കെട്ടിയിട്ടാലോ മനുഷ്യൻ ഒരു വികാരവുമില്ലാതെ തികഞ്ഞ ഷൺഡത്വം പേറേണ്ടിയും വരും. ചുരുക്കത്തിൽ രണ്ടും അപകടമാണ്. ഇതുണ്ടാവാതിരിക്കാൻ വേണ്ടത് വികാരങ്ങളെ തുറന്നു വിടുകയും വിടാതിരിക്കുകയും ചെയ്യുകയാണ്. അങ്ങനെ രണ്ടും ചെയ്യണമെങ്കിൽ മനസ്സിന്റെ കൺട്രോൾ നമ്മുടെ കയ്യിലായിരിക്കണം. വേണ്ടുമ്പോൾ തുറന്നിടാനും വേണ്ടുമ്പോൾ അടച്ചിടാനും കഴിയുന്ന വിധം ഇഛാശക്തിയെ ചൊൽപ്പിടിയിൽ നിറുത്താൻ കഴിയണം. റമളാനിലെ വ്രതത്തിന് ഈ കരുത്ത് നേടിത്തരാൻ കഴിയും. കാരണം എല്ലാം അടുത്തുണ്ടായിരുന്നിട്ടും നിശ്ചിത സമയം മുതൽ നിശ്ചിത സമയം വരെ മനുഷ്യൻ സ്വയം നിയന്ത്രണത്തിന് വിധേയനാവുകയാണ്. ഇങ്ങനെ വിധേയനാകുവാൻ കഴിയുന്ന ആൾക്ക് തന്റെ ഇച്ഛാശക്തിയെ നിയന്ത്രിച്ചു നിറുത്താൻ കഴിയും. ഒരു മാസം തുടർച്ചയായി ഒരേ കാര്യം ഒരേ നിലയിൽ നിർവ്വഹിക്കുമ്പോൾ പ്രത്യേകിച്ചും.
റമളാനിലെ അടിസ്ഥാന ആരാധനയായ നോമ്പ് ഈ നിയന്ത്രണം നൽകുന്നതോടു കൂടി അതുപയോഗപ്പെടുത്തി അനുബന്ധ കർമങ്ങളിൽ വിശ്വാസി വ്യാപൃതനാവുമ്പോൾ ആ ഇഛാശക്തിയുടെ സ്വാധീനം ഈ കർമ്മങ്ങളിലേക്ക് കൂടി പടരുന്നു. ഉദാഹരണമായി റമദാനിൽ വിശ്വാസികൾ കൃത്യമായി ജമാഅത്തുകളിൽ പങ്കെടുക്കുന്നു. സുന്നത്തു നിസ്കാരങ്ങൾ പതിവാക്കുന്നു. രാനിസ്കാരം പതിവാക്കുന്നു. ഖുർആൻ പാരായണം ശീലമാക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നു. ഇവയെ നോമ്പിനെ സമീപിക്കുന്ന അതേ മനസ്ഥിതിയിൽ സമീപിക്കുകയാണ് എങ്കിൽ ഇതെല്ലാം വിശ്വാസിയുടെ ജീവിതത്തിന്റെ താളമായി മാറുക തന്നെ ചെയ്യും. അതോടെ ജീവിതം തന്നെ മാറ്റത്തിനു വിധേയമാകും. ഇത് കർമ്മങ്ങളുടെ സ്വാധീനം. ഇനിയുമുണ്ട് അതിന്റെ വലിയ ഒരു ആശയ ലോകം. അതാവട്ടെ, ഈ പറഞ്ഞതിനേക്കാൾ മനുഷ്യജിവിത സ്പർശിയായ സ്വാധീനങ്ങൾ ചെലുത്തുന്നവയാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം. അത് വിശ്വാസികളിൽ തഖ് വാ ഉണ്ടാക്കിയെടുക്കുക എന്നതാണല്ലോ.
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുക എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. ഇതിന് മാറ്റം ഉണ്ടാവേണ്ടത് സ്വഭാവം, താൽപര്യങ്ങൾ തുടങ്ങിയവയിലാണ്. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ് നോമ്പ് പരിചയാകുന്നത് എന്ന് ഇമാം ഇബ്നു അഥീര്‍ വിശദീകരിച്ചിട്ടുണ്ട്. സല്‍സ്വഭാവങ്ങള്‍ സത്യവിശ്വാസികളുടെ പ്രഥമവും പ്രധാനവുമായ ശ്രദ്ധപതിയേണ്ട മാനുഷിക ഗുണങ്ങളാണ്. ഒരു വിശ്വാസി തന്‍റെ ആരാധനാ കര്‍മ്മങ്ങകളില്‍ കൃത്യനിഷ്ഠ കാണിക്കുകയും സ്വഭാവ രംഗത്ത് അലസതയില്‍ ജീവിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ അവനില്‍ ഈമാനിന്‍റെ പൂര്‍ണ്ണത സംഭവിച്ചിട്ടില്ല എന്നാണര്‍ത്ഥം. പ്രവാചക തിരുമേനി(സ) തന്‍റെ ദൗത്യ ലക്ഷ്യങ്ങളിലൊന്നായി പ്രാധാന്യപൂര്‍വം പ്രസ്താവിച്ചത്, ഞാന്‍ ആദരണീയ സ്വഭാവങ്ങളെ പൂര്‍ത്തികരിക്കാനായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. മുഅ്മിനുകളില്‍ വിശ്വാസപരമായി സമ്പൂര്‍ണ്ണന്‍ അവരിലെ ഉദാത്ത സ്വഭാവക്കാരനാണ് എന്നും, എനിക്ക് ഏറെ ഇഷ്ടമുള്ളവന്‍, ഖിയാമത്തു നാളില്‍ എന്നോടൊപ്പം അടുത്തിരിക്കുന്നവന്‍ നിങ്ങളിലെ സ്വഭാവശുദ്ധിയുള്ളവരാകുന്നു എന്നും നബി(സ) ഉദ്ബോധിപ്പിച്ചിട്ടുണ്ട്.
ജീവിതത്തില്‍ എല്ലാ കാലത്തും സമയത്തും നല്ല സ്വഭാവങ്ങളുടെ കൂട്ടുകാരനാകണം മുഅ്മിന്‍. അതേ സമയം റമദാനിലെ അവസരങ്ങള്‍ സല്‍സ്വഭാവങ്ങളെ സ്വീകരിക്കാനും പോഷിപ്പിക്കാനും കൂടുതല്‍ ശ്രദ്ധകാണിക്കുന്നതിനാകണം നാം വിനിയോഗിക്കേണ്ടത്.. റമദാനിലെ ആരാധനകളെല്ലാം വിവിധ തരം സ്വഭാവനിഷ്ഠകളെ നമ്മളില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. നോമ്പ് സത്യവിശ്വാസിയിലുണ്ടാക്കേണ്ട സ്വഭാവ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോമ്പില്‍ സ്വീകരിക്കേണ്ട പ്രധാന നിഷ്ഠകളെക്കുറിച്ച് വിശദീകരിക്കുന്നിടത്ത് പ്രവാചകന്‍(സ) പ്രസ്താവിച്ചിട്ടുണ്ട്. നോമ്പിന്‍റെ ചൈതന്യം അതില്‍ സ്വീകരിക്കുന്ന ചിട്ടകളിലും നിഷ്ഠകളിലുമാണ്. പ്രഭാത പ്രദോഷങ്ങള്‍ക്കിടയില്‍ അന്നപാനീയങ്ങളില്‍ നിന്ന് മാറിനില്‍ക്കല്‍ മാത്രമല്ല നോമ്പ്. നോമ്പ് എനിക്കുള്ളതാണ് എന്ന് പ്രത്യേകം പ്രസ്താവിച്ച അല്ലാഹുവിന്ന് ചില നോമ്പുകളെ ആവശ്യമില്ലെന്ന് നബി(സ) അരുളിയിട്ടുണ്ട്.
ചീത്തവര്‍ത്തമാനങ്ങളും ചീത്തവൃത്തികളും അവിവേകങ്ങളും ഒഴിവാക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാവിന്ന് യാതൊരാവശ്യവുമില്ല എന്നത് പ്രവാചക മൊഴിയാണ്. നോമ്പുകാരന്‍ ശീലിക്കേണ്ട സുപ്രധാനമായ സ്വഭാവ നിഷ്ഠകളാണ് ഇവിടെ നാം വായിക്കുന്നത്. അനുവദനീയമായ ഭക്ഷണങ്ങളില്‍ നിന്നും പാനീയങ്ങളില്‍ നിന്നും മാറിനില്‍ക്കുക മാത്രമല്ല നോമ്പ്. അതില്‍ പ്രവാചകനരുളിയതുപോലെ അമൂല്യമായ യുക്തികള്‍കൂടിയുണ്ട്. കളവു പറയുക, അടിസ്ഥാന രഹിതമായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുക. പരദൂഷണവും പരനിന്ദയുമായി ജീവിക്കുക തുടങ്ങിയവയെല്ലാം ചീത്ത സ്വഭാവങ്ങളാണ്. ഈവക ചീത്തവൃത്തികളില്‍ നിന്നൊക്കെ മാറിനില്‍ക്കാനുള്ള മാനസികമായ പരിശീലനത്തിന്‍റെ ദിനരാത്രങ്ങളാണ് മുഅ്മിന്‍ ജീവിക്കുന്ന റമദാന്‍ മാസവും അതിലെ ആരാധനകളും.
നമ്മുടെ ചുറ്റുഭാഗവും, വിശിഷ്യാ സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് വാര്‍ത്തകളും ഗോസിപ്പുകളും കഥകളും ട്രോളുകളുമെല്ലാമുണ്ട്. സമയബോധവും ധര്‍മ്മബോധവുമില്ലാത്ത ആളുകള്‍ പടച്ചു വിടുന്ന അത്തരം മുഴുവന്‍ കാര്യങ്ങളിലും ലൈക്കുകളും കമന്‍റുകളും ചലഞ്ചുകളുമായി എത്രയോ സഹോദരങ്ങള്‍ ചടഞ്ഞിരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. അന്യനെ വേദനപ്പിക്കുന്നതും പരിഹസിക്കുന്നതും അവന്‍റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതുമായ പോസ്റ്റിംഗുകള്‍ വായിച്ചും ഫോര്‍വേഡ് ചെയ്തും ക്രൂരമായ മാനസികരതിയിലേര്‍പ്പെടുന്ന പ്രവണത ഇന്ന് ആര്‍ക്കും ഒരു പാപമായിട്ട് അനുഭവപ്പെടുന്നേയില്ല. ഇവരിൽ പലരും നിസ്കരിക്കുകയും നോമ്പ് നോൽക്കുകയുമൊക്കെയുണ്ടാവുകയും ചെയ്യും എന്നതാണ് വിചിത്രം. ഈ ആരാധനകളൊക്കെ ഒരു തരം യാന്ത്രികത മാത്രമാണ് ഇവർക്ക്. ഇങ്ങനെത്തെ ആരാധന കൊണ്ട് ഒരു കാര്യവും ആർക്കുമില്ല. മറ്റൊരു ഉദാഹരണമുണ്ട . മതപരമായ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്ന ചില സഹോദരങ്ങള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകളിലേക്ക് വരുമ്പോള്‍ അതിരറിയാത്ത മലവെള്ളം പോലെ പ്രതിയോഗിയുടെ മേല്‍ വാക്കും വരയുമായി കടന്നു കയറുന്നത് കാണാനാകും. ഒരു മേഖലയിൽ മാത്രം ഒരാൾക്കും വിശുദ്ധനാകുവാൻ കഴിയില്ല എന്നർഥം.
ജീവിതത്തിലെ എല്ലാ മേഖലയേയും സമ്പന്നമാക്കുന്ന ഉല്‍കൃഷ്ടമായ സ്വഭാവങ്ങളും പെരുമാറ്റ ശീലങ്ങളും ഒരാള്‍ക്ക് ഇല്ല എങ്കില്‍ അയാള്‍ ഗുരുതരമായ ധാര്‍മ്മിക പ്രതിസന്ധിയിലാണുള്ളത്. സത്യവിശ്വാസിയുടെ സ്വഭാവഭംഗി തനിക്ക് ഉപകാരമില്ലാത്ത സംഗതികളില്‍ നിന്ന് മാറി നില്‍ക്കലാണ് എന്ന പ്രവാചക ഉപദേശം ഇത്തരുണത്തില്‍ നാമോരോരുത്തരും ഓര്‍ത്തിരിക്കുന്നത് ഉപകരിക്കുന്നതാണ്.
അബൂഹുറയ്റ(റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: നിങ്ങളില്‍ ആരും നോമ്പുദിനത്തില്‍ ആയിരിക്കെ അസഭ്യവാക്കുകളും പ്രവര്‍ത്തനങ്ങളും ചെയ്യരുത്. കോപകോലാഹങ്ങള്‍ ഉണ്ടാക്കരുത്. ആരെങ്കിലും ആക്ഷേപിക്കാനോ പോരടിക്കാനൊ വരുന്നുവെങ്കില്‍ അവനോട് പറയുക: ഞാന്‍ നോമ്പുകാരനാണ്. (ബുഖാരി, മുസ്ലിം) സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട ഉല്‍കൃഷ്ടമായ ചില സ്വഭാവഗുണങ്ങളാണ് ഈ ഹദീസ് വിശദീകരിക്കുന്നത്. നോമ്പിന്‍റെ ദിനങ്ങള്‍ ഒരു പാഠശാലയാണെങ്കില്‍, പരിശീലനക്കളരിയാണെങ്കില്‍ നോമ്പുകാരന്‍ തന്‍റെ ജീവിതത്തിലേക്ക് പഠിച്ചും പരിശീലിച്ചുമെടുക്കാനായി റസൂല്‍(സ്വ) നല്‍കുന്ന സാരോപദേശങ്ങളാണ് ഇവ. നാവിനെ നിയന്ത്രിക്കാനും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കാനും കോപത്തെ അടക്കാനും പ്രകോപന വേളകളില്‍ സംയമനം പാലിക്കാനും ക്ഷമാപൂര്‍വം പെരുമാറാനും സത്യവിശ്വാസികളെന്ന നിലക്ക് നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനുള്ള കഴിവ് നോമ്പുകാലം നമുക്ക് തന്നിരിക്കേണ്ടതുണ്ട്.
മനുഷ്യരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുക. തന്‍റെ അഭിവൃദ്ധിക്കായി കൊതിക്കുന്നവ ഇതര മനുഷ്യര്‍ക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുക. ആളുകളോട് വിനയത്തോടെ പെരുമാറുക. ആരുടെ മുന്നിലും അഹങ്കാരവും താന്‍പോരിമയും കാട്ടാതിരിക്കുക. വലിയവരെ ബഹുമാനിക്കാനും ചെറിയവരെ പരിഗണിക്കാനും ശ്രദ്ധിക്കുക. എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുകയും എല്ലാവരെയും പ്രസന്ന മുഖവുമായി സ്വീകരിക്കുകയും ചെയ്യുക. പെരുമാറ്റങ്ങളിലും ഇടപഴകലുകളിലും ലാളിത്യവും ആകര്‍ഷണീയതയും കാത്തുസൂക്ഷിക്കുക. വര്‍ത്തമാനങ്ങളില്‍ മിതത്വവും സൂക്ഷ്മതയും ശീലിക്കുക. വ്യക്തികള്‍ക്കിടയില്‍ നന്മകളുണ്ടാക്കുക. സഹായസഹകരണങ്ങളില്‍ പങ്കുവഹിക്കുക. പകയും പോരുമുണ്ടാക്കുന്ന വാക്കുകളില്‍ നിന്നും കൃത്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക. അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ച് എല്ലാവരേയും സ്നേഹിക്കുക. അന്യരുടെ കുറ്റങ്ങളെയും കുറവുകളെയും പരതിയെടുത്ത് അവരുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കാതിരിക്കുക. അവിവേകം കാണിച്ചവനോട് പൊറുക്കാനും അക്രമം കാണിച്ചവനോട് ക്ഷമിക്കാനും തയ്യാറാകുക. അല്ലാഹുവേ, വിശ്വാസികളോട് ഒരിക്കലും എന്‍റെ മനസ്സില്‍ പകയുണ്ടാക്കരുതേ എന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുക. ഇതുപോലുള്ള സകല സല്‍ഗുണങ്ങളും സത്യവിശ്വാസിയുടെ ജീവിതത്തെ ധന്യമാക്കും. അവനിലെപ്പോഴും ആഹ്ലാദം നിറഞ്ഞു നില്‍ക്കും. നോമ്പിൽ മേൽ പറഞ്ഞ വിധം ചിന്തയും വികാരവും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ ഇതിലേക്കെല്ലാം അത്തരക്കാരുടെ വ്രതകാലം ഒഴുകേണ്ടതാണ്.
വിശുദ്ധ റമദാനിന്‍റെ പാഠശാലയില്‍ നിന്നും വിശ്വാസി പരിശീലിക്കുന്ന മറ്റൊരു സദ്ഗുണമാണ് ക്ഷമ. റമദാന്‍ മാസത്തെ ക്ഷമയുടെ മാസം എന്നാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളതു തന്നെ. നിങ്ങള്‍ സ്വലാത്തു കൊണ്ടും സ്വബ്റുകൊണ്ടും അല്ലാഹുവിന്‍റെ സഹായം തേടുക (ബഖറയ45) എന്ന ആയത്തിലെ സ്വബ്റിന് നോമ്പ് എന്ന് അര്‍ത്ഥം നല്‍കിയ മുഫസ്സിറുകളുമുണ്ട്. അതു സൂചിപ്പിക്കുന്നത് നോമ്പിനും സ്വബ്റിനും തമ്മില്‍ പ്രബലമായ ബന്ധമുണ്ട് എന്നാണ്. നമസ്കാരം ശോഭയും ക്ഷമ പ്രകാശവുമാണെന്ന് (മുസ്ലിം) പ്രവാചക തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്. ജീവിത്തില്‍ ക്ഷമയെ ചേര്‍ത്തു നിര്‍ത്തുന്നത് വളരെ ശ്രമകരമാണ്. പക്ഷെ, ക്ഷമയാണ് സത്യവിശ്വാസിയുടെ ജീവിതത്തിന് എപ്പോഴും സുരക്ഷ നല്‍കുന്നതും പ്രതീക്ഷയും പ്രത്യാശയുമേകുന്നതും. ശുഭകരമായ ജീവിതം ക്ഷമയിലൂടെ സംജാതമാകുക തന്നെ ചെയ്യും. അതുകൊണ്ടാണ്, ഞങ്ങള്‍ക്ക് ലഭിച്ച ശ്രേഷ്ഠമായ ജീവതം; അത് ക്ഷമയിലൂടെ കൈവന്നതാണ് എന്ന് ഉമര്‍(റ) ഒരിക്കല്‍ പറഞ്ഞത്. നന്മകള്‍ നിറഞ്ഞ ഖജനാവിലെ അനര്‍ഘനിധിയാണ് ക്ഷമ. അല്ലാഹുവിങ്കല്‍ ആദരണീയനായ അടിമക്കേ അല്ലാഹു അത് നല്‍കുകയുള്ളൂ എന്ന് ഹസന്‍(റ) നിരീക്ഷിച്ചിട്ടുണ്ട്.
സത്യവിശ്വാസിയുടെ സുപ്രധാനമായ മൂന്നു മേഖലകളില്‍ ക്ഷമ അനിവാര്യമാണ്. ഒന്ന്, പുണ്യകര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കുന്നതിന്. രണ്ട്, നിഷിദ്ധമായ സംഗതികളില്‍ നിന്ന് മാറിനില്‍ക്കുന്നതിന്. മൂന്ന്, പരീക്ഷണങ്ങളില്‍ പിടിച്ചു നില്‍ക്കുന്നതിന്. മുസ്ലിമെന്ന നിലക്ക് തന്‍റെ വിശ്വാസം നിര്‍ബന്ധിക്കുന്ന സല്‍പ്രവൃത്തികളനുഷ്ഠിക്കാന്‍ സഹന സ്വഭാവം കൂടിയേ കഴിയൂ. ദേഹേച്ഛകളേയും, പൈശാചിക പ്രലോഭനങ്ങളേയും സാഹചര്യ സമ്മര്‍ദ്ദങ്ങളേയുമൊക്കെ അതിജീവിച്ച് സല്‍വൃത്തികളില്‍ത്തന്നെ തുടരാന്‍ ക്ഷമാലുക്കള്‍ക്കാണ് കഴിയുക. ജീവിതത്തെ അപകടത്തിലകപ്പെടുത്തുന്ന എല്ലാത്തരം നിഷിദ്ധങ്ങളോടും പോരാടാന്‍ അനിതരമായ ക്ഷമതന്നെ വേണം. പരീക്ഷണങ്ങളില്‍ പ്രത്യേകിച്ചും. രോഗവും ദാരിദ്ര്യവും പ്രതിബന്ധങ്ങളുമൊക്കെ ജീവിതത്തിന്‍റെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്ന പരീക്ഷണങ്ങളാണ്. അവയെ അതിജീവിക്കാനും പടച്ച റബ്ബിൽ പ്രതീക്ഷാപൂര്‍വം ഭരമേല്‍പ്പിക്കാനും ക്ഷമ നല്‍കുന്ന ധൈര്യവും കരുത്തും വളരെ വലുതാണ്. അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണ്, ക്ഷമാലുക്കളെ അല്ലാഹു ഇഷ്ടപ്പെടുന്നു , ക്ഷമാശീലര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുക, ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലമുണ്ട് തുടങ്ങിയ ഖുര്‍ആനിക പ്രസ്താവനകള്‍ മുഅ്മിനുകളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പാഠങ്ങളാണ്. റമദാനിന്‍റെ പകലില്‍ വിശപ്പും ദാഹവും സഹിക്കാനും, അനുവദനീയമായ പലതും മാറ്റിവെക്കാനും സത്യവിശ്വാസിക്ക് സാധിക്കുന്നത് അവനില്‍ ക്ഷമാശീലം ഉള്ളതു കൊണ്ടു തന്നെയാണ്. റമദാന്‍ കഴിഞ്ഞാലും ജീവിതത്തിന് ഉന്മേഷം പകരുന്ന ചോദകമായി നിലകൊള്ളേണ്ടതും ക്ഷമ തന്നെയാണ്.
സൽസ്വഭാവം, മറ്റുള്ളവരോടുളള സമഭാവം, ക്ഷമ തുടങ്ങി ഒരുപാട് ഉന്നത ഗുണങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അവ ജീവിത വിജയത്തിൽ പ്രധാന റോൾ വഹിക്കുന്നവയാണ്. അവ പ്രാവോഗികമായി പരിശീലിക്കുവാനും സ്വാംശീകരിക്കുവാനും ഉളള ഒരു വേളയാണ് റമളാൻ. റമളാനിൽ ഇതെല്ലാം ശീലിക്കുന്നത് റമളാനിനു ശേഷമുള്ള ജീവിതത്തിലേക്ക് അതിനെ കൊണ്ടുവരുവാൻ വേണ്ടിയാണ്. അതിൽ വിജയിക്കുന്നവനാണ് റമദാൻ കൊണ്ട് യഥാർഥത്തിൽ വിജയിക്കുന്നത്. അത് ശരിയായ വിശ്വാസികൾക്ക് മാത്രമേ കഴിയൂ. കാരണം റജബിൽ വിത്തുവിതച്ച് ശഅ്ബാനിൽ അതിനെ നനച്ച് പരിപാലിച്ചു റമളാനിൽ അതിനെ കൊയ്തെടുക്കണം എന്ന ഉദ്ദേശത്തോടുകൂടി ശരീരത്തെയും ആത്മാവിനെയും അല്ലാഹുവിലേക്ക് സമർപ്പിച്ചവരാണ് വിശ്വാസികൾ. പരിശുദ്ധ റമദാനിലെ ഓരോ രാപ്പകലുകളും നിസ്കാരത്തിലും, ഖുർആൻ പാരായണത്തിലും, ഇൽമ് സ്വീകരിക്കുന്നതിലും അതെല്ലാം ജീവിതത്തിലേക്ക് പകർത്തുന്നതിലും അവയെ ദിനചര്യയാക്കി മാറ്റുക വഴി ജീവിതതാളം തന്നെയാക്കി മാറ്റുന്നതിലും വിജയിച്ചവരാണവർ. ഇതു മൂലം പറഞ്ഞറിയിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള വലിയ ആത്മീയാനന്ദം നേടാൻ അവർക്ക് സാധിക്കുന്നു. ദാനധർമ്മങ്ങളിലും നന്മകളിലും അവരുടെ മനസ്സ് സന്തോഷവും സംതൃപ്തിയും കണ്ടു. സ്വഭാവങ്ങളും ശീലങ്ങളും മൂല്യങ്ങളിലേക്ക് മടങ്ങിയെത്തി. അങ്ങനെ മനസ്സിന്റെ മട്ടും ഭാവവും മാറി. ഏറ്റവും കുറഞ്ഞത് തിന്മകളോടുള്ള ഒരുതരം വിരക്തിയും നന്മകളോടുള്ള ആസക്തിയും എങ്കിലും അവരിൽ ഉണ്ടായി.
ഈ രൂപത്തിൽ റമദാൻ നമ്മുടെ ജീവിതത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും റമദാൻ നമുക്ക് അനുകൂലമായിരിക്കുന്നു എന്ന് സമാധാനിക്കാം. ഇത്തരം ഒരു തരത്തിലുമുള്ള മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ നമ്മുടെ നോമ്പ് വെറും പട്ടിണി മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം.
ഈ അർഥത്തിൽ മാറ്റങ്ങൾ ഉണ്ടാകുകയും അത് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുവാൻ കഴിയുകയും ചെയ്തവർ വിജയികളാണ്. അല്ലാത്തവർ പരാജയപ്പെട്ടവരും. മാറ്റങ്ങൾ ഉണ്ടാകുകയും അത് ജീവിതത്തിൽ പകർത്താൻ കഴിയാതെ പോകുകയും ചെയ്തവർ കൂട്ടത്തിൽ ഏറെ പരാചിതരാണ്. കാരണം റമദാൻ കൊണ്ടുള്ള അല്ലാഹുവിന്റെ യഥാർഥ ലക്ഷ്യത്തിൽ അവർ പരാചയപ്പെട്ടുവല്ലോ. തന്റെ ലക്ഷ്യത്തെ അവഗണിച്ചതിനുള്ള ശാപം കൂടി അവർക്ക് അവൻ കൊടുത്തേക്കും.
Thoughts & Arts
റമളാനായിരിക്കട്ടെ, എന്നും...
27-04-2022
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso