
.jpeg)
നബിയും ഭക്ഷണക്രമവും
03-11-2022
Web Design
15 Comments
മുഹമ്മദ് നബി(സ)യെ മനുഷ്യകുലത്തിന് മാതൃകയായിട്ടാണ് നിയോഗിച്ചിരിക്കുന്നത് എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു (അഹ്സാബ്: 21). ഐഹിക ജീവിതത്തിന്റെ ഏതു ഘട്ടങ്ങൾക്കും കാര്യങ്ങൾക്കും നബിയിൽ മാതൃക കണ്ടെത്താനാകും എന്നാണ് ഇതിന്റെ അർഥം. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണശീലം. വളരെ കൃത്യവും മാതൃകാപരവും പിന്നീട് കാലം ശാസ്ത്രീയമെന്ന് അംഗീകരിച്ചതുമായ ഒരു ഭക്ഷണക്രമമായിരുന്നു നബി(സ) പുലർത്തിയിരുന്നത് എന്ന് മനസ്സിലാക്കാം. കാരണം നബി(സ) ജീവിത കാലം മുഴുവനും നിറഞ്ഞ ആരോഗ്യത്തിന്റെ ഉടമയായിരുന്നു. മരണത്തിന് കാരണമായ രോഗമൊഴിച്ചാൽ കാര്യമായ എന്തെങ്കിലും അസുഖങ്ങൾ ഇടക്കിടെ ഉണ്ടാകുന്ന ആളായിരുന്നില്ല നബി തങ്ങൾ. ഇടക്കിടെ ഉണ്ടാകുമായിരുന്നതായി ഹദീസുകളിൽ നിന്ന് മനസ്സിലാകുന്നത് പനിയായിരുന്നു. രണ്ടാൾക്ക് ഉണ്ടാകുന്ന അത്ര പനി ചിലപ്പോൾ അവർക്ക് ഉണ്ടാകുമായിരുന്നു എങ്കിലും പനിയെ ഒരു ആരോഗ്യ പുനക്രമീകരണമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഖൈബറിലെ ഒരു ജൂത സ്ത്രീ സൽക്കരിച്ച ഭക്ഷണത്തിലെ വിഷാംശത്തിന്റെ ശല്യം മരണ സമയത്ത് താൻ നേരിടുന്നതായി നബി (സ) പത്നി ആയിഷ(റ)യോട് പറയുന്നുണ്ട്. ഇത് മറ്റൊരർഥത്തിൽ നബിയുടെ ആരോഗ്യത്തെ തന്നെയാണ് കുറിക്കുന്നത്. കാരണം ഉഗ്രവിഷമായിരുന്നു ആ സ്ത്രീ നബിക്ക് സത്കരിച്ചത്. അതിൽ ചേർത്ത വിഷം കാരണമായി ബിശ്ർ ബിൻ ബറാഅ്(റ) എന്ന സ്വഹാബി തൽക്ഷണം മരണപ്പെട്ടിരുന്നുവല്ലോ. അദ്ദേഹം അത് ഇറക്കിയത് കൊണ്ടാണ് ഞൊടിയിടയിൽ മരിച്ചത് എന്ന് കരുതാമെങ്കിലും നബി(സ)യുടെ പ്രതിരോധ ശേഷിയുടെ അളവും കരുത്തും അത് കുറിക്കുന്നുണ്ട്. അറുപതാമത്തെ വയസ്സിൽ മകൻ ജനിച്ചതും തലയിലും താടിയിലുമായി ഇരുപത് മുടി പോലും നരച്ചിരുന്നില്ല എന്നതുമെല്ലാം നബി(സ)യുടെ ആരോഗ്യത്തെ കുറിക്കുന്നു. ഈ ആരോഗ്യത്തിന്റെ പിന്നിലെ ഒരു പ്രധാന രഹസ്യം അവിടുത്തെ ഭക്ഷണക്രമം തന്നെയായിരുന്നു. കൃത്യനിഷ്ഠവും ശ്രദ്ധാബദ്ധവുമായ ഭക്ഷണം ആരോഗ്യത്തിന്റെ പിന്നിലെ ഒരു പ്രധാന കാരണമാണ്.
നബി തിരുമേനിയുടെ ഭക്ഷണശീലങ്ങൾ വിലയിരുത്തുമ്പോൾ അതിന്റെ രണ്ട് വശങ്ങൾ നാം പരിഗണിക്കേണ്ടതുണ്ട്. ഒന്നാമതായി പൊതു സമീപനത്തിന്റെ ശാസ്ത്രീയതയാണ്. പല ചിട്ടകളും നബി(സ) ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുമായിരുന്നു. ഇവയിൽ ബിസ്മി ചൊല്ലുക, വലതു കൈ കൊണ്ട് മാത്രം കഴിക്കുക തുടങ്ങിയ മതപരവും സാംസ്കാരികവുമായ കീഴ്‌വഴക്കങ്ങൾ ധാരാളം ഉണ്ടായിരുന്നു. അതിന് പുറമെ ഭക്ഷണവുമായും അതിലെ ആരോഗ്യാംശവുമായും നേരിട്ട് ബന്ധപ്പെടുന്ന സവിശേഷമായ ചില ശ്രദ്ധകൾ കൂടി നബി(സ) പുലർത്തുമായിരുന്നു. ഭക്ഷണത്തിലെ മിതത്വം ഒരു ഉദാഹരണമാണ്. കണക്കിലേറെ വാരിവലിച്ചുതിന്നുന്ന സ്വഭാവക്കാരനായിരുന്നില്ല നബി. നടുനിവർത്താൻ ഏതാനും കൊച്ചു ഉരുളകൾ മാത്രം മതി മനുഷ്യന് എന്നാണ് അവർ പഠിപ്പിച്ചിട്ടുള്ളത്. കഴിക്കുമ്പോൾ മാത്രമല്ല, കുടിക്കുമ്പോഴും ഒരു അവധാനത അവർ പുലർത്തിയിരുന്നു. ഒറ്റവീര്‍പ്പില്‍ വെള്ളംകുടിച്ചുതീര്‍ക്കുന്ന ശൈലി ഉണ്ടായിരുന്നില്ല. വെള്ളം അല്‍പാല്‍പമായി കുടിക്കുകയായിരുന്നു പതിവ്. ഓരോ ഇറക്ക് വെള്ളം കുടിക്കുമ്പോഴും അതിനിടയില്‍ ശ്വാസോച്ഛ്വാസം ചെയ്തിരുന്നതായി അതു കണ്ട സ്വഹാബിമാർ പറയുന്നുണ്ട്. മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായു എന്ന നിലയില്‍ വയറകം സന്തുലിതമായിരിക്കുവാൻ നബി ജാഗ്രതയോടെ ശ്രദ്ധിക്കുമായിരുന്നു. ഈ മിതത്വം ആരോഗ്യത്തിന്റെ പ്രധാന രഹസ്യമായി അനുഭവത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ ലോകം അംഗീകരിച്ചിട്ടുണ്ട്. മറ്റൊരു ഉദാഹരണം ജൈവഭക്ഷണങ്ങൾക്ക് നൽകിയിരുന്ന പ്രാധാന്യമാണ്. വേവിച്ചും കരിച്ചും പൊരിച്ചുമെല്ലാം നബി(സ) കഴിക്കുമായിരുന്നു എങ്കിലും നല്ല ഒരു അളവ് ഭക്ഷണങ്ങൾ അതിന്റെ സ്വാഭാവികപ്രകൃതിയില്‍ കഴിക്കാനാണ് ഇഷ്ടപ്പെട്ടത്. ഈത്തപ്പഴം, ചൂടാക്കാത്ത വെള്ളവും പാലും, മുന്തിരി, തണ്ണിമത്തൻ തുടങ്ങിയ ജൈവ ഭക്ഷ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമായിരുന്നു.
ഒപ്പം തന്നെ പച്ചക്കറികൾക്ക് പ്രത്യേകമായ പ്രാധാന്യം കൽപ്പിച്ചിരുന്നു നബി(സ). മത്തങ്ങ, വെള്ളരിക്ക, ചുരങ്ങ മുതലായവ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ചുരങ്ങയിനങ്ങൾ കറിവെച്ചാൽ പാത്രത്തിൽ നിന്ന് അതിന്റെ കഷ്ണങ്ങൾ ചികഞ്ഞെടുത്ത് കഴിക്കുന്ന പതിവുണ്ടായിരുന്നു. ഇതിന്റെ ഭാഗം തന്നെയാണ് നബി ധാരാളം പ്രകൃതിദത്തമായ ഔഷധങ്ങള്‍ പഠിപ്പിച്ചതും സ്വന്തം ജീവിതത്തിൽ പ്രയോഗിച്ചിരുന്നതും. കരിഞ്ചീരകം, തേന്‍, ഇഞ്ചി, മഞ്ഞള്‍, കൂണ്‍ തുടങ്ങി ആ പട്ടിക നീണ്ട് പോകുന്നു. ഈ മരുന്നുകളൊക്കെ നാം പരിശോധിക്കുമ്പോള്‍ അവ രോഗത്തിന് ശമനം നല്‍കുന്നതിന് പുറമെ ആരോഗ്യം പരിപോഷിപ്പിക്കുക കൂടി ചെയ്യുന്നതാണ് എന്ന് കാണാം. ആന്തരിക അവയവങ്ങളെ ശുദ്ധീകരിക്കുവാൻ ഏറെ ഉത്തമമാണ് തേൻ എന്നത്. അതിൽ പൊതുവായ ഔഷധവും ശമനവും ഉണ്ട് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട് (നഹൽ: 69). രക്തത്തിന് പോഷണം നല്‍കാന്‍ കരിഞ്ചീരകം അനിവാര്യമാണ്. നബി തങ്ങള്‍ പറയുന്നു: കരിഞ്ചീരകത്തില്‍ മാത്രം എല്ലാ രോഗത്തിനും ശമനമുണ്ട്, മരണത്തിനൊഴികെ. കരിഞ്ചീരകത്തിന് അത്രയേറെ പ്രാധാന്യമുണ്ട്.
പ്രകൃതിയിലെ മാലാഖമാര്‍ എന്നു ആലങ്കാരികമായി വിശേഷിപ്പിക്കുന്ന കൂണുകളുടെ ഔഷധ ഗുണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. എയ്ഡ്സ് വൈറസിനെപ്പോലും ചെറുക്കാനുള്ള കഴിവ് കൂണിനുണ്ടെന്ന് ഇയ്യിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങിനെ പ്രകൃതിദത്തമായ ആരോഗ്യ സംവര്‍ദ്ധക ഔഷധങ്ങൾ പ്രവാചക ശ്രേഷ്ടരുടെ ഭക്ഷണമെനുവിൽ സ്ഥാനം പിടിച്ചിരുന്നു.
മറ്റൊന്ന് നബിയുടെ ഭക്ഷണത്തിന്റെ സമീകൃത സ്വഭാവമായിരുന്നു. അക്കാലത്തെ അറേബ്യയിലെ പൊതു ധാന്യം ഗോതമ്പും യവവുമായിരുന്നു. അതു തന്നെയായിരുന്നു നബിയും കഴിച്ചിരുന്നത്. ഗോതമ്പോ യവമോ ആട്ടുകല്ലിലിട്ട് പൊടിച്ച് അതുകൊണ്ട് റൊട്ടിയോ പത്തിരിയോ ഉണ്ടാക്കിയാണ് കഴിക്കുക. ഉമി നന്നായി ചേറിക്കളഞ്ഞ് ഏറ്റവും മിനുസമുള്ള പൊടിയാക്കി അതു കൊണ്ട് നെയ്യോ വെണ്ണയോ ചേർത്ത് ഉണ്ടാക്കുന്നതായിരുന്നു തരീദ് എന്ന അന്നത്തെ പത്തിരി. ഇത് വല്ലപ്പോഴും ആരെങ്കിലും സൽക്കരിക്കുമ്പോൾ മാത്രമായിരുന്നു നബി കഴിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. എപ്പോഴും അത്തരം മേത്തരം പത്തിരി ഉണ്ടാക്കുവാൻ നബി(സ)യെ പോലെ ദരിദ്രർക്കും ദാരിദ്രത്തെ മനസ്സാ വരിക്കുന്നവർക്കും കഴിയുമായിരുന്നില്ല. പൊടിച്ച ഗോതമ്പിൽ നിന്ന് കുറേ ഉമി ഊതിക്കളഞ്ഞ് അത് മാവാക്കി ഉണ്ടാക്കുന്ന റൊട്ടിയാണ് നബി(സ) അധികമായി കഴിച്ചിരുന്നത്. ഇത് തന്നെ വല്ലപ്പോഴുമായിരുന്നു തരപ്പെട്ടിരുന്നത്. രണ്ടു നേരം അല്ലെങ്കിൽ രണ്ട് തുടർദിനങ്ങൾ ഇത്തരം റൊട്ടി കഴിക്കാനുള്ള സൗഭാഗ്യം നബിക്കുണ്ടായിട്ടില്ല എന്ന് പത്നി ആയിഷാ ബീവി പറയുന്നുണ്ട്. റൊട്ടി ഘനമുള്ളതാകയാൽ അത് സ്വന്തമായി കഴിക്കരുത് എന്നാണ് നബിയുടെ നിലപാട്. ദഹനത്തിനും അത് നല്ലതല്ല. അതിനാൽ ഈത്തപ്പഴം, വിനാഗിരി, നെയ്യ്, ഒലീവ് കായ, ഒലീവ് എണ്ണ, മാംസം എന്നിവ ഏതെങ്കിലും കൂട്ടിയാണ് കഴിച്ചിരുന്നത്. നബിയുടെ പ്രധാന ഭക്ഷണം ഇതാണ്. ഇതു തന്നെ എല്ലാ നേരവുമോ എല്ലാ ദിവസവുമോ കഴിക്കുകയോ കഴിക്കാൻ ലഭ്യമാകുകയോ ചെയ്യുമായിരുന്നില്ല. കഴിക്കുമ്പോഴാണെങ്കിൽ വയറിന്റെ മൂന്നിലൊരു ഭാഗം നിറയുന്ന അത്ര മാത്രമേ കഴിക്കുമായിരുന്നുള്ളു.
മാംസം നബി(സ) കഴിച്ചിരുന്നു. ഇഹ-പര ഭക്ഷണങ്ങളുടെ നേതാവ് മാംസമാണ് എന്ന് നബി(സ) തന്നെ പറഞ്ഞിട്ടുണ്ട് (ഇബ്നുമാജ). അടിമപ്പെടാത്ത വിധം, പാകത്തിന്, അനുവദനീയമായ മാംസങ്ങൾ ആണ് നബി കഴിക്കുമായിരുന്നത്. ഒട്ടകത്തിന്‍റെയും മാടിന്‍റെയും ആടിന്‍റെയും കോഴിയുടെയും മാംസവും മത്സ്യവും നബി കഴിക്കാറുണ്ടായിരുന്നു. ആടിന്റെ കരള് പൊരിച്ചതും ഇറച്ചി വെയിലത്തുണക്കി സൂക്ഷിച്ചതും തിന്നാറുണ്ടായിരുന്നു. ആരെങ്കിലും വേട്ടയാടി കൊണ്ടുവരുന്ന പക്ഷി മാംസം കഴിച്ചിട്ടുണ്ട്, എന്നാല്‍ സ്വന്തമായി അത് തിരഞ്ഞുപോകുകയോ വേട്ടയാടി കൊണ്ടുവരുകയോ ചെയ്തിട്ടില്ല. വൃഗങ്ങളുടെ തുടഭാഗമാണ് കൂടുതല്‍ ഇഷ്ടം. ഉടുമ്പ്, അകത്തിറച്ചി എന്നിവ ഇഷ്ടമില്ലായിരുന്നു. എങ്കിലും അത് തിന്നുന്നത് വിലക്കിയില്ല. രോഗാണു സംക്രമണം ഉണ്ടാകാന്‍ സാധ്യതയില്ലാത്ത മാംസങ്ങളാണ് നല്ല മാംസാഹാരത്തിന്റെ പരിധിയില്‍ വരുന്നത്. കൃത്യമായി അറവ് നടത്താത്തതും രക്തം വാർന്നു പോകാത്തതുമായ മാംസങ്ങൾ വർജ്ജിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
വന്യമൃഗങ്ങളില്‍ നിന്ന് പല്ലും നഖവും ഉപയോഗിച്ച് ഇര തേടുന്നവയേയും നബി നിരോധിച്ചിരിക്കുന്നു. ഈ മൃഗങ്ങളുടെയും പക്ഷികളുടെയും പല്ലുകളിലും നഖ ങ്ങളിലും വിഷമുണ്ടാകും. ഇവയാകട്ടെ ശരീര കലകളില്‍ നിന്നാണ് ഉദ്പാദിപ്പി ക്കപ്പെടുന്നത്. അത് ഭക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തെ പ്രതികൂലമായി അത് ബാധിക്കും. ഗോതമ്പും യവവും കഴിഞ്ഞാൽ പിന്നെ ആഹാരക്രമത്തിൽ പ്രധാനമായും സ്ഥാനം പിടിച്ച ഇത്തരം കൂട്ടുകറികളുടെ കാര്യത്തിലും നബി നല്ല നിയന്ത്രണം കാണിച്ചിരുന്നു. ഒരിക്കല്‍ ഒരു പാത്രത്തില്‍ പാലും തേനും കൊണ്ടുവന്നപ്പോള്‍ അത് പ്രോത്സാഹിപ്പിച്ചില്ല. ഒരേ പാത്രത്തില്‍ രണ്ട് കറി അഥവാ കൂട്ടുകറികളോ?!, ഞാന്‍ കഴിക്കുന്നില്ല, നിങ്ങളോട് കഴിക്കരുതെന്ന് വിലക്കുന്നുമില്ല. എന്നാല്‍, ഇത്തരം ഗര്‍വ്വ് എനിക്കിഷ്ടമില്ല” എന്നായിരുന്നു നബി(സ)യുടെ പ്രതികരണം.
വ്യാപകമായി ലഭ്യമായിരുന്ന ഭക്ഷണം ഈത്തപ്പഴം, കാരക്ക എന്നിവയായിരുന്നു. അജ് വാ ഈത്തപ്പഴവും തേനും ഹലുവയും വലിയ താല്‍പര്യമായിരുന്നു. പാല്‍ പാലായും മറ്റുള്ളതില്‍ കലര്‍ത്തിയും കുടിക്കാറുണ്ടായിരുന്നു. പഴങ്ങളില്‍ ഏറ്റവുമിഷ്ടം മുന്തിരിയും തണ്ണീര്‍ മത്തനുമായിരുന്നു. നബി തിരുമേനിയുടെ ഭക്ഷണക്രമത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കി എന്നതാണ്. മത്സ്യവും പാലും ഒന്നിച്ച് അവർ കഴിക്കുമായിരുന്നില്ല. പുളിയുള്ള വസ്തുവും മാംസവും ഒന്നിച്ചും ഉഷ്ണപ്രകൃതിയുള്ളതോ അല്ലെങ്കില്‍ ശീതപ്രക്രുതിയുള്ളതോ ആയ രണ്ട് വിരുദ്ധ ഇനങ്ങള്‍ ഒന്നിച്ചും കഴിക്കാറില്ല. ഇതുപോലെ പെട്ടെന്ന് ദഹിക്കാത്തത് എന്ന് തോന്നുന്ന ഭക്ഷണങ്ങളോ വയറിനുള്ളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങളോ നബി കഴിക്കുമായിരുന്നില്ല. ഇന്നത്തെ കാലത്ത് കാണപ്പെടുന്നതുപോലെ പൊരിച്ചതും വേവിച്ചതുമായ മാംസങ്ങൾ ഒരേ സമയം കഴിക്കുക, പാല്‍ മിശ്രിതവും മാംസവും ഒരുമിച്ചു കഴിക്കുക തുടങ്ങിയതൊന്നും നബി പഠിപ്പിച്ചിട്ടില്ല. നല്ല ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിക്കുന്ന ശീലം നബിക്കുണ്ടായിരുന്നില്ല. മാത്രമല്ല, പലപ്പോഴും ഒരു ഭക്ഷണത്തിന്റെ ആഘാതത്തെ പ്രതിരോധിക്കുവാൻ കഴിയുന്ന ഭക്ഷണം അതോടൊപ്പം ചെറിയ അളവിലെങ്കിലും കഴിക്കാൻ നബി(സ) ശ്രദ്ധിക്കുമായിരുന്നു. ചില ഭക്ഷണങ്ങൾ ജോഡിയായി മാത്രം കഴിച്ചിരുന്നതിൽ നിന്ന് ഇതാണ് മനസ്സിലാക്കാനുള്ളത്.
ശരീര കലകളെ ഉത്തേജിപ്പി ക്കുകയും രോഗ പ്രതിരോധം സൃഷ്ടി ക്കുകയും ചെയ്യുന്ന കാരക്കക്ക് വല്ലാത്ത പ്രാധാന്യം അവിടുന്ന് കല്‍പിക്കുന്നു. കാരക്കയില്ലാത്ത വീട്ടില്‍ ഭക്ഷണം തന്നെയില്ലാത്തത് പോലെയാണ് എന്നും കാരക്ക ഭക്ഷിക്കാത്ത നിലയില്‍ നമുക്ക് രോഗ പ്രതിരോധം സമ്പൂര്‍ണ്ണമാകുന്നില്ലെങ്കില്‍ നാം വിശപ്പുള്ളവരെപ്പോലെ തന്നെയാണ് എന്നുമെല്ലാം സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. ആധുനിക ഗവേഷണ പഠനങ്ങൾ ഇതെല്ലാം തെളിയിച്ചിട്ടുണ്ട് എന്നത് നമുക്ക് ഇവിടെ ചേർത്ത് വായിക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാരക്ക വെള്ളത്തിലിട്ടു വെക്കും. കാലത്ത് ആ വെള്ളം കുടിക്കുന്ന സ്വഭാവം നബിക്കുണ്ടായിരുന്നു.
ഉറങ്ങുന്നതിനു മുമ്പ് വല്ലതും കഴിക്കാന്‍ നിര്‍ദ്ദേശിച്ചു, എന്നാല്‍ കഴിച്ച ഉടനെ ഉറങ്ങുന്നത് നിരോധിച്ചു. അല്ലാഹുവിന്‍റെ ദിക്ര്‍ കൊണ്ട് നിങ്ങള്‍ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുവീന്‍, ഭക്ഷിച്ച വയറുമായി നിങ്ങള്‍ ഉറങ്ങരുത്, മനസ്സ് പരുഷമാകാന്‍ അതുനിമിത്തമാകും എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഇവ്വിധം ശരീരത്തിന് അനുയോജ്യമായ ഒരു ഭക്ഷണക്രമം പുലർത്തിയിരുന്നതു കൊണ്ടു തന്നെയാണ് ജീവിതകാലം മുഴുവനും ആരോഗ്യവാനായി നബി(സ) മനുഷ്യകുലത്തിന് മുമ്പിൽ ജീവിച്ചത്. അത് ആരോഗ്യം നേടുകയും നിലനിറുത്തുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഏത് മനുഷ്യനും മാതൃകയായി ഭവിച്ചതും.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso