

ഗൗസിനെ കാത്തുനിന്ന കാലം
01-11-2022
Web Design
15 Comments
റബീഉൽ ആഖർ ആത്മഗുരുവിനെ ഓർമ്മപ്പെടുത്തുകയാണ്. പറഞ്ഞും കേട്ടും വായിച്ചും പുതിയ കാലം ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനി(റ)യെ ഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിന്റെ ജീവിതരേഖ വഴി ഏതാണ്ട് മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും ഓരോ വിശ്വാസിയും ഗ്രഹിച്ചിരിക്കേണ്ട ഒരദ്ധ്യായം എന്ന നിലക്ക് ഗ്രഹിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. അത്തരത്തിൽ അതു ഗ്രഹിക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി, ത്വസ്വവ്വുഫിന്റെ പ്രാധാന്യം തന്നെ. രണ്ടാമത്തേത് അദ്ദേഹത്തിന്റെ കാലത്തെ അതിന്റെ പ്രസക്തിയുമാണ്. തസ്വവ്വുഫിന്റെ പ്രാധാന്യം ചർവ്വിതചർവ്വണം ചർച്ച ചെയ്യപ്പെട്ടതാണ്. ഇസ്ലാം ദീനിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ഇഹ്സാനിന്റെ പ്രായോഗിക രൂപമാണത്. ഈമാൻ എന്ന വിശ്വസിക്കാനുള്ള കാര്യങ്ങളും ഇസ്ലാം എന്ന ചെയ്യുവാനുളള ആരാധനകളും പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ട രീതിയാണ് ഇഹ്സാൻ. അല്ലാഹുവിന്റെ കൺമുമ്പിലെന്ന ഭാവേന ആരാധനകൾ നിർവ്വഹിക്കുന്നതാണത് എന്ന് നബി(സ) അത് വ്യാഖ്യാനിച്ചിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇസ്ലാമിക ഉമ്മത്തിൽ നിന്ന് ആദ്യമായി ചോർന്നുതുടങ്ങിയത് ഈമാനും ഇസ്ലാമുമല്ല, ഇഹ്സാൻ ആയിരുന്നു എന്ന് കാണാൻ കഴിയും. ഉത്തമ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വിശ്വാസത്തിന് അർഥവും ചെയ്യുന്ന കർമങ്ങൾക്ക് ആത്മാവും നഷ്ടപ്പെട്ടുവന്നു. അസൂയയും അഹങ്കാരവും തൻപോരിമയും വാശിയും വീറും എല്ലാം വിശ്വാസികളുടെ മനസ്സുകളിൽ കുടി കെട്ടി. ഖിലാഫത്ത് രാഷ്ട്രീയമായി. നീതി തന്നിഷ്ടമായി. ആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹമായി ഇസ്ലാമിക സമൂഹം മാറി.
ഹിജ്റ അഞ്ചാം നൂറ്റാണ്ടിനെ ഈ ദുരവസ്ഥയിലേക്ക് നയിച്ചത് പല കാരണങ്ങളുമായിരുന്നു. ആ കാരണങ്ങൾ ചികയുമ്പോഴാണ് നമ്മുടെ രണ്ടാമത്തെ വിഷയം ബോധ്യമാവുക. അതായത് മഹാനായ ഗൗസുൽ അഅ്ളമിന്റെ നിയോഗവും ആഗമനവും അക്കാലത്തിന് എത്ര പ്രസക്തമായിരുന്നു എന്ന്. നബി(സ) ലോകത്തിന് എത്ര വലിയ അനുഗ്രഹമായിരുന്നു എന്നു കണ്ടെത്തുവാൻ ആ നബി വന്ന കാലത്തെ നാം പരിശോധിക്കുന്നതു പോലെത്തന്നെയുള്ള ഒരു സമീപനമാണ് ഇതും. ഇത് ചികയുമ്പോൾ ആദ്യം ഗ്രഹിക്കേണ്ടത് പൊതുവെ സമൂഹത്തിൽ വരുന്ന ശരിയോ തെറ്റോ ആയ മാറ്റങ്ങൾക്ക് പിന്നിൽ രണ്ട് ഘടകങ്ങളാണ് ഉണ്ടാവുക എന്നതാണ്. ഒന്ന് ഭരണാധികാരികളും രണ്ട് ഭരണീയരും. ഭരണാധികാരിയുടെ ശ്രദ്ധയും ആശ്രദ്ധയും സമൂഹത്തിൽ പെട്ടന്ന് പ്രതിഫലിക്കും. രണ്ടാണെങ്കിലും അതിനനുസരിച്ച് അതിവേഗം മാറും ഭരണീയർ. ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ അവസാന അർദ്ധമാകുമ്പോഴേക്കും ഇസ്ലാമിക സമൂഹം ഒട്ടും ആശാവഹമല്ലാത്ത ഒരു നിഷ്ക്രിയത്വത്തിലമർന്നിരുന്നു എന്ന് ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ചില ഇസ്ലാമിക സാമൂഹ്യ ശാസ്ത്രജ്ഞൻമാർ ഈ കാലത്തെ അസ്വറുൽ ജുമൂദ് (നിഷ്ക്രിയത്തിന്റെ യുഗം) എന്ന് വിവരിക്കുന്നതിൽ നിന്നും ഇത് മനസ്സിലാക്കാം. ഇസ്ലാമിക ലോകം മുഴുവനും ഒരു തരം നിഷ്ക്രിയത്വം നിറഞ്ഞ കാലമായിരുന്നു അത്. അഥവാ ഒരു സാമൂഹ്യ പരിഷ്കർത്താവിനെ കാത്തിരുന്ന കാലം.
അന്നത്തെ ഇസ്ലാമിക ലോകത്തിന്റെ അധികാരം പങ്കിട്ടെടുത്തിരുന്നത് പ്രധാനമായും മൂന്ന് ഭരണകൂടങ്ങളായിരുന്നു. ഫാത്വിമികൾ, അമവികൾ, അബ്ബാസികൾ, എന്നിവർ. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ (ഹി. 361) ശിയാക്കളായ ഫാത്വിമികൾ ഈജിപ്തിൽ തങ്ങളുടെ തലസ്ഥാനമുറപ്പിച്ചു. ഈജിപ്തിനു പുറമെ ശാം നാടുകളും ഹിജാസും ഇറാഖിന്റെ ചില ഭാഗങ്ങളും അവരുടെ ആധിപത്യത്തിലായിരുന്നു. മുഇസ്സു ദീനില്ലാഹി എന്ന ഖലീഫയാണ് അവരിൽ ഉണ്ടായ ഏക മികച്ച ഭരണാധികാരി. നീതിമാനും പ്രജാ തൽപരനുമായിരുന്ന അദ്ദേഹത്തിനു ശേഷം ആ നൻമകൾ നിലനിറുത്താൻ അവർക്കു കഴിഞ്ഞില്ല. പിന്നെ വന്ന ഹാകിം ബി അംരില്ല തലക്കു വേണ്ടത്ര വെളിവില്ലാത്ത ആളായിരുന്നു. ആയതിനാൽ ഒട്ടനവധി വിചിത്രമായ ഭരണ വൈകൃതങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. നിരവധി പണ്ഡിതരെയും പ്രധാനികളെയും കൊന്നതും അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ ഒരു കാരണവുമില്ലാതെ തകർത്തു കളഞ്ഞതും അതിനുദാഹരണങ്ങളായി ഇമാം സുയൂഥി തന്റെ താരീഖിൽ പറയുന്നുണ്ട്. അതേ സമയം തന്റെ ഉള്ളിലെ ശിയാ വിശ്വാസവും വാശിയും പ്രകടിപ്പിക്കുന്നതിൽ കക്ഷിക്ക് ഒരു ഭ്രാന്തുമില്ലായിരുന്നു. ആദ്യ മൂന്ന് ഖലീഫമാരെ അധിക്ഷേപിക്കുന്ന ശാപവചനങ്ങൾ പള്ളികളുടെ വാതിലിൽ എഴുതി വെക്കണമെന്ന് ആജ്ഞാപിച്ച ആള് കൂടിയായിരുന്നു ഹാകിം ബി അംരില്ലാഹ്. ഇത്തരം ന്യായീകരിക്കുവാനാവാത്ത നീക്കങ്ങൾ ഫാത്വിമികളുടെ സൽപേര് തന്നെ കെടുത്തി. പിന്നീട് വന്ന അബുൽ ഹസൻ വെറും കുട്ടിയായിരുന്നു. അമ്മായിയായ സിത്ത് അൽ മുൽക്ക് എന്ന സ്ത്രീയായിരുന്നു കുട്ടിക്ക് വേണ്ടി ഭരണം നടത്തിയിരുന്നത്. തുടർന്ന് നീണ്ട ആറുപതു വർഷക്കാലം മുസ്തൻസിർ എന്ന ഖലീഫയുടെ കരങ്ങളിലായിരുന്നു ഭരണം. അതവസാനിക്കുമ്പോഴേക്കും ഫാത്വിമകളിലുളള വിശ്വാസവും പ്രതീക്ഷയും ഒരുവിധം എല്ലാവർക്കും നഷ്ടപ്പെട്ടിരുന്നു. ജനങ്ങൾ ഭരണകൂടത്തിനു പുറത്ത് സ്വന്തമായി തന്നിഷ്ടത്തിന്റെ ഒരു ലോകം പടച്ചെടുത്ത് അതിൽ കഴിഞ്ഞു.
അമവികൾ അക്കാലത്ത് ഭരിച്ചിരുന്നത് ഉന്തുലുസ് എന്ന അന്തലൂഷ്യ മാത്രമായിരുന്നു. ചരിത്രം എക്കാലവും ഓർമിക്കുന്ന ഐതിഹാ സികതക്കൊടുവിലായിരുന്നു ആന്തലൂഷ്യയിൽ ഇസ്ലാം കൊടി നാട്ടിയത്. അബ്ദുറഹ്മാനു ദാഖിലിന്റെ പിൻഗാമികൾ വരെ നല്ല നിലയിൽ രാജ്യം മുന്നോട്ടുപോയി. പിന്നെപ്പിന്നെ കാര്യങ്ങൾ അവതാളത്തിലായിത്തുടങ്ങി. അതിലേക്ക് നയിച്ച പ്രധാന ഘടകം വംശീയത തന്നെയായിരുന്നു. വിവിധ അറബ് വംശങ്ങൾ അധികാരത്തിന്റെ പങ്കുപറ്റാൻ ശ്രമിച്ചുവന്നു. അതോടെ സമുദായത്തിന്റെ ഭദ്രതയും കെട്ടുറപ്പും തകർന്നു. ജനങ്ങൾ തന്നിഷ്ടക്കാരായി മാറി. അവരിൽ നിന്ന് ക്രമാനുഗതമായി ഇസ്ലാമിക മൂല്യങ്ങൾ കൈമോശം വന്നു തുടങ്ങി. ഭരണാധികാരികൾ ഇതിന് പലപ്പോഴും കാരണക്കാരായി മാറി. അതിനൊരു മികച്ച ഉദാഹരണമാണ് ഹി. 366 ൽ അധികാരത്തിലേറിയ ഹിശാം ഒന്നാമൻ. വെറും പത്തു വയസ്സായിരുന്നു അധികാരത്തിലേറുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഉമ്മയായിരുന്നു ഹിശാമിന് വേണ്ടി ഭരിച്ചിരുന്നത്. നിരവധി വിഭാഗീയതകളിൽ പെട്ടുഴലുന്ന ഒരു രാജ്യത്തെ ഒരു കുട്ടിയും ഒരു സ്ത്രീയും ഭരിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ആലോചിച്ചാൽ തന്നെ മതിയാകും. ഉമ്മയും മകനും പ്രശ്നങ്ങളിൽ പെട്ടപ്പോൾ മുഹമ്മദ് ബിൻ ആമിർ എന്ന ഒരാളെ കാര്യക്കാരനായി നിയമിച്ചു. അയാൾ പിന്നെ രാജ്യം കൊണ്ടുപോകുകയും ചെയ്തു. പിന്നെയും പല ഭരണാധികാരികളും വന്നു എങ്കിലും ആർക്കും രാജ്യത്തെ രക്ഷിക്കാനായില്ല. ഫ്രാൻസും സ്പെയിനും മുസ്ലിം ആന്തലൂഷ്യയുടെ തകർച്ച കാത്തിരിക്കുകയുമായിരുന്നു. എല്ലാം കൂടിയായി അഞ്ചാം നൂറ്റാണ്ട് ഒന്നാം പകുതി പിന്നിടും മുമ്പ് അമവി ഖിലാഫത്തിന്റെ പ്രതാപം അവിടെ കൊടിയിറങ്ങി. അവശേഷിച്ചത് മൂല്യങ്ങൾ എല്ലാം നഷ്ടപ്പെട്ട തമ്മിൽ തല്ലുന്ന ഒരു സമൂഹമായിരുന്നു.
അബ്ബാസിയ്യ ഖിലാഫത്തിന്റെ ആസ്ഥാനം ബഗ്ദാദായിരുന്നു. പേർഷ്യയുടെ ചില ഭാഗങ്ങൾ വരെ മാത്രമായിരുന്നു അവരുടെ അധികാരപരിധി. മൂല്യങ്ങളും، ശക്തികളും ചോർന്ന് ക്ഷയോൻമുഖമായിരുന്നു അബ്ബാസിയ്യാ ഖിലാഫത്തും. കഴിവുകെട്ട ഭരണാധികാരികളായിരുന്നു അന്നത്തെ അബ്ബാസീ ഭരണാധികളധികവും. ഏത് സൂത്രശാലിക്കും അകത്തേക്ക് എത്ര വേണമെങ്കിലും കയറാവുന്ന അത്ര ദുർബ്ബലമായിരുന്നു ഭരണകൂടം. ഈ ഘട്ടത്തിൽ അബ്ബാസീ ഖിലാഫത്തിനെ തന്ത്രത്തിൽ വശപ്പെടുത്തിയത് ബുവൈഹികളാണ്. സാസാനിയൻ ഭരണാധികാരികളായിരുന്നു ബുവൈഹികൾ. റുക്നുദ്ദൗല, ഹസൻ റുക്നുദ്ദൗല, മുഇസ്സുദൗല എന്നിങ്ങനെ മൂന്ന് ഭരണാധികാരികളുടെ കാലമായപ്പോഴേക്കും അവരുടെ സ്വാധീനം ബഗ്ദാദിൽ വരെ എത്തിയിരുന്നു. അബ്ബാസീ ഖലീഫയുടെ രക്ഷകനും ഉപദേഷ്ടാവുമായിട്ടായിരുന്നു മുഇസ്സുദൗല ഇടപെട്ടു തുടങ്ങിയത് എങ്കിലും പിന്നീട് കണ്ടത് അബ്ബാസീ ഖലീഫ വെറും പേര് മാത്രമായി മാറുകയും കൈകാര്യം മുഴുവനും ബവൈഹികളുടെ കരങ്ങളിൽ അമരുകയും ചെയ്യുന്നതാണ്. അവസാനം ഖലീഫ വെറും ശമ്പളക്കാരനും നോട്ടക്കാരനുമായി മാറി എന്നത് ചരിത്രം. ബുവൈഹികൾ സത്യത്തിൽ ശിയാക്കളായിരുന്നു എന്നു കൂടി കേൾക്കുമ്പോഴാണ് അതിശയം നമ്മെ മൂടുക. അങ്ങനെ ചരിത്രത്തിലാദ്യം ഒരു സുന്നീ ഭരണകൂടം ശിയാ ഭരണകൂടത്തിന്റെ ദാസൻമാരാകുന്ന കാഴ്ചയും ഈ കാലം കണ്ടു. എന്നാൽ ശീഇസത്തിൽ അവർക്കത്ര താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. വല്ലാതെ അതിനോട് താൽപര്യമുണ്ടായാൽ ഇമാമത്ത് സിദ്ധാന്തത്തിലൂടെ തങ്ങളുടെ താൽപര്യങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താൽ അവർ ശീഇസത്തോട് ഒരു അകലം എപ്പോഴും പാലിച്ചു. ക്രമേണ ബഗ്ദാദും ഇറാഖും വിവിധ മുസ്ലിം വിഭാഗങ്ങളുടെ ഒരു ചുടലക്കളമാകുന്ന കാഴ്ചയാണ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ പകുതി കടന്നതും കണ്ടത്. ഒരു ഭാഗത്ത് സുന്നികളും ശിയാക്കളും തമ്മിലായിരുന്നു പോര്. സ്വഹാബിമാരെ പരസ്യമായി ചീത്ത പറഞ്ഞു കൊണ്ടുള്ള പ്രകടനങ്ങൾ വരെ അവിടെ പതിവായി നടന്നിരുന്നു. മറുഭാഗത്ത് ഹൻബലികളും അശ്അരികളും തമ്മിൽ പോര് പതിവായി. വിവിധ മദ്ഹബുകൾ തമ്മിൽ വാഗ്വാദങ്ങളും കലാപങ്ങളും നാട്ടിൽ പതിവായി. ഇതൊക്കെ ശ്രദ്ധിക്കാൻ ബാദ്ധ്യസ്ഥരായ ഭരണാധികാരികൾക്കാവട്ടെ ഇതൊന്നും ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല.
ഇതിന്റെയെല്ലാം അനന്തരഫലമായി ആത്മാവ് നഷ്ടപ്പെട്ട ഒരു ജനത രൂപപ്പെടുകയായിരുന്നു. അവിടെ കണ്ട ഏറ്റവും കൗതുകകരമായ കാര്യം എല്ലാവർക്കും പ്രത്യേക വിശ്വാസ- കർമ്മ ധാരകൾ ഉണ്ടായിരുന്നു എന്നിട്ടും അതെല്ലാം അവർക്ക് സ്വയം നൻമ നേടുവാനല്ല, മറിച്ച് തന്റെ എതിർകക്ഷിയെ എതിർക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു എന്നതാണ്. ഇതാണ് ഈമാനും ഇസ്ലാമും ഉണ്ടായിരിക്കെ ഇഹ്സാൻ കൈമോശം വന്നതിന്റെ ശരിയായ ചിത്രം. വിശ്വാസവും കർമ്മവും പുലർത്തുമ്പോഴും ആത്മീയതയും ആത്മാർഥതയും നഷ്ടപ്പെട്ടുപോയ ഒരു കാലം. ഇത്തരമൊരു കാലം സത്യത്തിൽ ഒരു മുജദ്ദിദിനെ കാത്തിരിക്കുകയും മാടിവിളിക്കുകയും ചെയ്യുന്നതായിരുന്നു. ജനങ്ങളെ ശരിയായ ജീവിത താളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുന്ന ഒരു സംസ്കർത്താവിനെയായിരുന്നു ആ കാലത്തിന് വേണ്ടിയിരുന്നത്. ആ ശൂന്യത പരിഹരിക്കാനും ആ ദൗത്യം നിറവേറ്റുവാനും വേണ്ടി നിയോഗിക്കപ്പെട്ട ലോകത്തെ വിശ്വാസികൾക്കു മുഴുവനും പിന്തുടരാൻ കഴിയുന്ന ആത്മീയ നേതാവായിരുന്നു ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനീ(റ). ഇറാനിന്റെ ഒരു ഗ്രാമപ്രാന്തത്തിൽ ജനിച്ച മഹാനവർകളുടെ ജീവിതം ബഗ്ദാദിലേക്ക് തികച്ചും യാദൃഛികമായി പറിച്ചുനടപ്പെടുമ്പോൾ അല്ലാഹു ഇസ്ലാമിക ജനതയോട് പ്രത്യേക കാരുണ്യം കാണിക്കുകയായിരുന്നു. ഓരോ വിജ്ഞാന ശാഖകളിലും അക്കാലത്തെ നിപുണൻമാരെ കണ്ടെത്തി അവരിൽ നിന്നും ആ വിജ്ഞാനീയം പകർത്തിയെടുക്കുമ്പോൾ ആ മഹാനുഭവൻ തന്റെ ദൗത്യത്തിന് വേണ്ട കരുത്ത് നേടുകയായിരുന്നു.
നീണ്ട ഇരുപത്തിയഞ്ചോളം വർഷം നാടിന്റെ അകങ്ങളിലൂടെ ചുറ്റി നടക്കുമ്പോൾ ആ മഹാത്മാവ് ഒരു ഭാഗത്ത് തന്റെ ദൗത്യത്തെ നിശ്ചയിക്കുകയും മറു ഭാഗത്ത് തന്റെ ഉൾക്കരുത്ത് നേടുകയുമായിരുന്നു. ഇങ്ങനെ അൻപത് വർഷങ്ങളുടെ ഒരുക്കങ്ങൾക്കു ശേഷം ആ മഹാനുഭവൻ ബഗ്ദാദിൽ തന്റെ കർമ്മത്തിലേക്ക് കടന്നു. പിന്നെ 91 വയസുവരെ വിശ്രമമില്ലാത്ത ദൗത്യമായിരുന്നു. അതിനിടെ ഒരു ലക്ഷത്തിലധികം പേരെയാണ് അദ്ദേഹം സംസ്കരിച്ചെടുത്തത്. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ലഭിച്ച ഫലം പരിശോധിച്ചാൽ ആർക്കും അതു മനസ്സിലാകും. അവിശ്വാസികളെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനം നിമിത്തമായിട്ടുണ്ട്. പക്ഷെ അത് ആപേക്ഷികമായി ചെറിയ ഒരു ജനവിഭാഗത്തെ മാത്രമായിരുന്നു. ഏകദേശം അയ്യായിരം പേരാണ് അദ്ദേഹം കാരണമായി ഇസ്ലാമിലെത്തിയത്. അതേസമയം അദ്ദേഹം വഴി സംസ്കൃതരായത് ഒരു ലക്ഷത്തിലധികം പേരാണ്. നാം പറഞ്ഞു വന്നതിന്റെ ആകെത്തുകയും അതാണ്. അതോടെ ഈ അധ്യായം കൃത്യമായി രൂപപ്പെട്ടു. അത് ഇങ്ങനെയാണ്. വിശ്വാസികൾക്ക് ഇഹ്സാൻ എന്ന ജീവിത സംസ്കൃതി ക്രമാനുഗതമായി കൈമോശം വന്നു. അത് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോഴേക്കും ഗുരുതരമായി. അത് പരിഹരിക്കുവാൻ അല്ലാഹു ഗൗസുൽ അഅ്ളമിനെ നിയോഗിച്ചു. അദ്ദേഹം വഴി ലക്ഷങ്ങൾ മോചനത്തിന്റെയും മോക്ഷത്തിന്റെയും തീരമണഞ്ഞു. അദ്ദേഹം അതിന് അവലംബിച്ച വഴി ഏറെ ഹൃദ്യവും സരളവുമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ വഴി ഒരു സരണിയാ(ത്വരീഖത്താ)യി മാറി. അതാണ് ഖാദിരിയ്യാ ത്വരീഖത്ത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso