
.jpeg)
നബിയുടെ അറഫാ പ്രസംഗം
15-06-2023
Web Design
15 Comments
നബിയുടെ അറഫാ പ്രസംഗം
നബി(സ)യുടെ ഹജ്ജ് യാത്രയുടെ ചരിത്രത്തിൽ മാത്രമല്ല, തിരുജീവിതത്തിൽ നിന്നു തന്നെ മനുഷ്യ കുലത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഒരു പാഠമാണ് തന്റെ ഹജ്ജിൽ നബി(സ) നടത്തിയ പ്രസംഗം. ഈ ഹജ്ജ് തന്നെ നബി(സ)യുടെ ഒരു വിട ചോദിക്കലായിരുന്നു എന്ന് ഈ യാത്രക്കിടെയുളള നബി തിരുമേനിയുടെ ശരീര ഭാഷയിലും പ്രയോഗങ്ങളിലും വ്യക്തമാണ്. എന്നോടൊപ്പം വന്നും കണ്ടും കർമ്മങ്ങൾ പഠിച്ചെടുക്കുക എന്ന് നബി(സ) തുടക്കം മുതലേ പറയുന്നതിൽ ആ ധ്വനിയുണ്ട്. മാത്രമല്ല, ഹജ്ജിനിടെ കുറച്ചുപേരെ ഒന്നിച്ചു കിട്ടിയാൽ ഉടനെ നബി ഹ്രസ്വമായ പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. അതിനൊക്കെ വിടയുടെ ധ്വനി ഉണ്ടായിരുന്നു എന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതും നബി(സ)യുടെ അന്നത്തെ അറഫാ പ്രസംഗമായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, അത് എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്തും സമയത്തുമായിരുന്നു. എല്ലാവരുടെയും ശ്രദ്ധയിൽ അത് എത്തണം എന്നത് ഉദ്ദേശിച്ചതുമായിരുന്നു. മറ്റൊന്ന്, അതിന്റെ ഉള്ളടക്കം സർവ്വ കാലികവും പ്രസക്തവുമായിരുന്നു. നബി തിരുമേനിയെ പോലെ ഒരു നേതാവിൽ നിന്നും ലോകം കാതോർക്കുന്ന വിളംബരങ്ങളായിരുന്നു അവ. ലോകം എക്കാലവും ആ പ്രഭാഷണത്തെ വരവു വെച്ചിട്ടുളളത് ലോകം കണ്ട ഏറ്റവും മഹത്തായ മനുഷ്യാവകാശ പ്രഖ്യാപനമായിട്ടാണ്. അറഫയിൽ ളുഹ്റിന്റെ സമയത്തായിരുന്നു നബി(സ)യുടെ ഈ പ്രഭാഷണം. ഉർന താഴ്‌വരയിലെ ബത്വ്‌നുല്‍വാദി എന്ന ഇന്ന് അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത് വെച്ചായിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധയിൽപെടാൻ എന്നോണം ഖസ് വാ എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നായിരുന്നു പ്രഭാഷണം. ഏറ്റവും കുറഞ്ഞത് ഒന്നേകാൽ ലക്ഷം ജനങ്ങളോടായിരുന്നു പ്രഭാഷണം. അതിനാൽ നബി(സ) പറയുന്ന ഓരോ വാചകങ്ങളും റബീഅത്തു ബിൻ ഉമയ്യ ഉറക്കെ ആവർത്തിക്കുന്നുണ്ടായിരുന്നു.
വിടവാങ്ങല്‍ പ്രസംഗം എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ നബി തങ്ങൾ പറഞ്ഞു: ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ അന്ത്യനാള്‍ വരെ പവിത്രമാണ്. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി. വല്ലവരുടെയും വശം വല്ല അമാനത്തു(സൂക്ഷിപ്പു സ്വത്തു)മുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. ജാഹിലിയ്യ കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ജാഹിലിയ്യ കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ. ഇതായിരുന്നു ചരിത്ര പ്രസിദ്ധമായ ആ പ്രസംഗം.
പ്രസംഗം ഹ്രസ്വമാണ്, എന്നാൽ സമഗ്രമാണ്; ലളിതവും എന്നാൽ അസാധാരണവുമാണ്. ഈ പ്രസംഗത്തിന്റെ സാർവലൗകിക ധ്വനിയാണ് ഈ പ്രഭാഷണത്തെ ശ്രദ്ധേയമാക്കുന്നത്. ഈ പ്രസംഗത്തെ പ്രസക്തമാക്കുന്നത് പ്രധാനമായും അതിന്റെ ഉളളടങ്ങിയ അഞ്ച് കാര്യങ്ങളാണ്. ഒന്ന് ഇസ്ലാമിന്റെ സമാധാന സങ്കൽപ്പമാണ്. ഭൂതലത്തിൽ മനുഷ്യർ സമാധാനത്തോടെ ജീവിക്കണമെന്നത് ഇസ്ലാമിന്റെ പ്രധാന താൽപര്യമാണ്. അതിന് അളവും അതിരുമില്ലാത്ത സമാധാന സങ്കൽപ്പം ജനങ്ങൾക്കിടയിൽ വളരണം. ശരീരം, മണ്ണ്, കാലം, ബന്ധങ്ങൾ എന്നീ നാലു കാര്യങ്ങളെയും ഈ സിദ്ധാന്തത്തിനു കീഴിൽ കൊണ്ടുവന്നാൽ ഇതു വിജയിക്കും. തന്നെ പോലെ തന്റെ സഹോദരന്റെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും വില കൽപ്പിക്കുവാൻ കഴിയുന്നിടത്ത് ശരീരവും മണ്ണും കാലവും സുരക്ഷിതങ്ങളായിരിക്കും എന്ന മഹാപാഠം പഠിപ്പിക്കുകയാണ് നബി തിരുമേനി(സ). ഹേ ജനങ്ങളേ, ഈ മാസം, ഈ ദിവസം, ഈ നഗരം എന്നിവയെ പവിത്രമായി നിങ്ങൾ കണക്കാക്കുന്നത് പോലെ, നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും അഭിമാനവും പവിത്രവും അലംഘനീയവുമാണ് എന്ന് പറയുമ്പോൾ ഇസ്ലാമിന്റെ സമാധാന സങ്കൽപ്പം എത്രമാത്രം ശാസ്ത്രീയവും സത്യസന്ധവുമാണ് എന്ന് ബോധ്യപ്പെടും. ഇത് പറയുന്നത് യുദ്ധക്കൊതിയൻമാരായ അറബികളെ മെരുക്കാൻ മാത്രമായിരുന്നു എന്ന് കരുതാൻ വയ്യ. അക്കാലത്ത് അറേബ്യയിൽ ചില്ലറ കശപിശകളെല്ലാം ഉണ്ടായിരുന്നു എന്നത് ശരിയാണ്. പലപ്പോഴും അവർക്കിടയിൽ യുദ്ധങ്ങൾ ഉണ്ടാവുകയും ചെയ്യുമായിരുന്നു. അന്ന് അവരെ ഇവ്വിധം ഉപദേശിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതിനാൽ അവർക്ക് വേണ്ടിയായിരിക്കാം നബി(സ) ഇതു പറഞ്ഞത് എന്ന് കരുതാവുന്നതാണ്. പക്ഷേ പിന്നീട് ലോകത്ത് അനുഭവത്തിന്റെ വെളിച്ചത്തിൽ നാം കണ്ടത് മനുഷ്യർ ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും കൊല്ലും കൊലവിളിയും നടത്തുന്നതാണ്. ഇപ്പോൾ ഒരു സെക്കൻഡിൽ ഒരാൾ എന്ന തോതിൽ കലാപത്തിനിരയായി കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇത് വീണ്ടും വർദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്. അപ്പോൾ അന്ന് അറഫയിൽ നബി(സ) സമാധാനത്തിന്റെ വഴി ഉപദേശിക്കുന്നത് അന്ത്യനാളോളം നീണ്ടുകിടക്കുന്ന മാനുഷ്യകത്തെ മുഴുവനുമാണ് എന്ന് പറയുന്നതും കരുതുന്നതും ആകും കൂടുതൽ ശരി.
ഈ പ്രഭാഷണത്തിന്റെ മറ്റൊരു സവിശേഷത അത് മുന്നിലേക്ക് മാത്രമല്ല, പിന്നിലേക്കും തിരിഞ്ഞു നോക്കുന്നു എന്നതാണ്. മനുഷ്യൻ അനുവർത്തിച്ച സാമൂഹ്യവും ധാർമികവുമായ തെറ്റുകളെ ആചാരങ്ങളാക്കി കൊണ്ടുനടക്കുന്നത് വലിയ ഒരു പ്രശ്നമാണ്. പണ്ടുകാലത്ത് ചെയ്തുപോയ കൊള്ളരുതായ്മകൾ തിരിച്ചറിവും ബോധ്യവും കൈവരുന്നതോടുകൂടി ഒഴിവാക്കണം. അല്ലെങ്കിൽ അവ പിന്നെയും നീറിപ്പിടിച്ച് കത്തും. അത്തരം ഒരു ശ്രമമാണ് നബി(സ) ചെയ്യുന്നത്. ജാഹിലിയ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹ്യ ദുരന്തവും ദുരാചാരവും പ്രതികാര ചിന്തയായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ പ്രതികാരങ്ങളായിരുന്നു അവർക്കിടയിൽ യുദ്ധക്കളങ്ങളെ സജീവമാക്കിയത്. അതിനാൽ പ്രതികാരങ്ങൾ ഒറ്റയടിക്ക് വേണ്ടെന്നു വെക്കുക എന്നതായിരുന്നു നബിയുടെ നയം. മറ്റൊന്നു കൂടിയുണ്ട് ഈ വിപ്ലവത്തിൽ. ഇത്തരം വിപ്ലവകരമായ ഒരു കാര്യം തന്റെ സ്വന്തം ജീവിതത്തിൽ നിന്ന് തന്നെ ആരംഭിച്ചു എന്നതാണത്. മറ്റുള്ളവരോട് നിങ്ങൾ നിങ്ങളുടെ പ്രതി ക്രിയാവകാശവാദം ഉപക്ഷിക്കുക എന്ന് പറയാതെ അതിന് ഞാനിതാ ഞങ്ങളിൽ നിന്ന് തന്നെ തുടങ്ങുന്നു എന്നു പറയുമ്പോൾ ആ സത്യസന്ധത കൂടി സ്ഥാപിക്കപ്പെടുകയാണ്. ബനൂ സഅ്ദ് കുടുംബത്തിൽ വളരുകയായിരുന്ന റബീഅ ബിൻ ഹാരിസിനെ നിരപരാധം ഹുദൈൽ കുടുംബക്കാർ കൊന്നതിന്റെ പ്രതികാരമാണ് നബി(സ്വ) വേണ്ടെന്ന് വെച്ചത്. അബ്ദുൽ മുത്വലിബിന്റെ പേരമകനായിരുന്നു റബീഅ. അക്കാലത്തെയും എക്കാലത്തെയും ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് പലിശ. സഹജീവികളുടെ പ്രയാസങ്ങളെ തന്റെ സ്വാർത്ഥ നേട്ടമാക്കി മാറ്റുവാനുള്ള ചില മനുഷ്യരുടെ ത്വരയുടെ പേരാണ് പലിശ എന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക തിന്മ എക്കാലത്തും പലിശ തന്നെയാണ്. അത് സധൈര്യം നബി(സ്വ) നിരോധിക്കുകയുണ്ടായി. അവിടെയും നബി തിരുമേനി തന്റെ ഉജ്ജ്വലമായ മാതൃക ഉയർത്തിപ്പിടിച്ചു. മറ്റുള്ളവരുടെ പലിശ നിരോധിക്കുന്നതിന് മുമ്പ് സ്വന്തം കുടുംബത്തിലെ സ്വന്തം പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന്റെ പലിശ വേണ്ടെന്ന് വെച്ചു കൊണ്ടു തന്നെ അതു വിളംബരം ചെയ്തു. അതുകൊണ്ടുതന്നെ അത് ഈ നയത്തിന്റെ ആർജ്ജവവും സത്യസന്ധതയും തെളിയിക്കുന്നു.
ഈ പ്രഭാഷണത്തിൽ ഊന്നൽ നൽകിയ മറ്റൊരു പ്രധാന വിഷയം സ്ത്രീകളുടെ അവകാശമായിരുന്നു. മനുഷ്യന്റെ പാതിയായ സ്ത്രീക്ക് വേണ്ടി പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തോട് ഗൗരവമായി ഉപദേശിക്കുകയായിരുന്നു നബി(സ). അവരോട് മാന്യമായി മാത്രം പെരുമാറണമെന്നും അവരുടെ അവകാശങ്ങൾ എപ്പോഴും വകവച്ചു കൊടുക്കണമെന്നും അവരെ ഒരു തരത്തിലും ദ്രോഹിക്കരുത് എന്നും നബി ലോകത്തോട് ഉപദേശിക്കുകയുണ്ടായി. അവരെ നിങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് അല്ലാഹുവിനെ സാക്ഷിയാക്കിയാണ് എന്ന് ഓർമ്മിപ്പിക്കുമ്പോൾ അതിന്റെ ഗൗരവമാണ് നബി സൂചിപ്പിക്കുന്നത്. അക്കാലത്ത് മാത്രമല്ല എക്കാലത്തും സ്ത്രീകൾക്ക് നേരെ ന്യായീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള നീക്കങ്ങളും അവകാശങ്ങളും തുടർന്നു വരുന്നുണ്ട്. ഭാര്യയുമായുള്ള ബന്ധം അടിസ്ഥാനപരമായി വൈകാരികതയെയാണ് വലം വെക്കുന്നത്. വൈകാരികതയാവട്ടെ മാനസികമായ പിൻബലം ഇല്ലെങ്കിൽ കുറഞ്ഞുപോകുന്ന ഒന്നാണ്. സ്വന്തം ഭാര്യയോട് മടുപ്പോ താൽപര്യക്കുറവോ സംഭവിച്ചാൽ ഏതു മനുഷ്യനും മാന്യതകൾ മനുഷ്യൻ മറന്നുപോയേക്കും. അങ്ങനെയാണ് അവർക്കു നേരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നത്. പല ഗൂഢലക്ഷ്യങ്ങളും വെച്ചുകൊണ്ട് പലരും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഏതെങ്കിലും മതത്തിന്റെയോ ജനവിഭാഗങ്ങളുടെയോ വീഴ്ചയോ മനോഭാവമോ ഒക്കെയാണ് എന്നൊക്കെ തട്ടിവിടാറുണ്ട് എങ്കിലും സത്യത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ സാക്ഷാൽ ജനിതകശാസ്ത്രം ഈ മനസ്സിറക്കമാണ്. ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ വേണ്ടി അല്ലാഹുവിനെ ഓർമിപ്പിക്കുകയും സ്ത്രീജനങ്ങളോടുള്ള കടമകൾ ഊന്നി പറയുകയും ചെയ്യുകയാണ് നബി തങ്ങൾ. അഞ്ചാമത്തേത് സമത്വദർശനമാണ്. എല്ലാവരും ആദമിൽ നിന്ന്, ആദം മണ്ണിൽ നിന്ന് എന്ന നയം അവതരിപ്പിക്കുമ്പോൾ മനുഷ്യന്റെ ആവശ്യമില്ലാത്ത സ്വാർഥതകളുടെ മുഖമൂടികളൊക്കെ അഴിഞ്ഞ് വീഴുകയാണ്. വിരലുകൾ അകാശത്തിലേക്കും പിന്നെ മണ്ണിലേക്കും ചൂണ്ടി നബി തിരുമേനി പറഞ്ഞു: അല്ലാഹുവേ നീ സാക്ഷി!
.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso