
.jpeg)
നബിയുടെ ഹജ്ജ് യാത്ര
15-06-2023
Web Design
15 Comments
നബിയുടെ ഹജ്ജ് യാത്ര
ഹജ്ജ് നിർബന്ധമാകുവാൻ ആരോഗ്യം, വാഹനം, വഴി സൗകര്യം തുടങ്ങിയ പല ഉപാധികളും ഒത്തുവരണം. എന്നാൽ ഇതെല്ലാം ഒത്തുവന്നാൽ തൊട്ട് ഉടനെ തന്നെ ഹജ്ജ് നിർവഹിക്കേണമോ വേണ്ടയോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നത പണ്ഡിതന്മാർക്കിടയിൽ ഉണ്ട്. ഉപാധികൾ ഒത്തു വന്നാൽ പിന്നെ വൈകിക്കുന്നത് ഒരുപക്ഷേ സാഹചര്യത്തെ നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ പെട്ടെന്ന് തന്നെ അത് ചെയ്യലാണ് ഏറ്റവും നല്ലത്, എന്നു പറയുന്നവർ ധാരാളം ഉണ്ട്. യുക്തിപരമായി ചിന്തിക്കുമ്പോൾ അത് ശരിയാണ് എന്ന് തോന്നുകയും ചെയ്യാം. എന്നാൽ അങ്ങനെ കരുതുന്നതിൽ നിന്ന് നമ്മെ തടയുന്ന ഒരു സംഭവമുണ്ട്. അത് നബി(സ) കാണിച്ച കീഴ്‌വഴക്കമാണ്. സാമൂഹികവും രാഷ്ട്രീയവുമായ തടസ്സങ്ങളെല്ലാം മാറുകയും മക്കയുടെ വാതിലുകൾ നബിയുടെ മുമ്പിൽ തുറക്കപ്പെടുകയും ചെയ്തത് ഹിജ്റ 8 റമദാൻ മാസത്തിൽ നടന്ന മക്കാ വിജയത്തോടെയായിരുന്നു. അതുകഴിഞ്ഞ് പിന്നെ മക്കയുടെ ഭരണം നബി(സ) നിശ്ചയിച്ച ഗവർണറായിരുന്ന ബത്താബ് ബിൻ ഉസൈദ് എന്ന സഹാബിയുടെ കരങ്ങളിലായിരുന്നു. ഫലത്തിൽ ഹിജ്റ എട്ടാം വർഷം തന്നെ നബിക്ക് ഹജ്ജ് ചെയ്യാമായിരുന്നു. പക്ഷേ നബി അത് ചെയ്തില്ല എന്ന് മാത്രമല്ല ആ വർഷത്തെ ഹജ്ജ് നയിക്കുവാൻ ഗവർണറെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം നബി തങ്ങൾക്ക് ഹജ്ജ് ചെയ്യാമായിരുന്നു. പക്ഷേ നബി ആ വർഷവും ഹജ്ജിനു പോയില്ല എന്നു മാത്രമല്ല അബൂബക്കർ(റ)വിനെ ഹജ്ജ് അമീറായി നിശ്ചയിക്കുകയും നിയോഗിക്കുകയും ചെയ്തു. പിന്നെ നബി തങ്ങൾ ഹജ്ജിനു പോകുന്നത് ഹിജ്റ പത്താം കൊല്ലത്തിലാണ്. ഈ അനുഭവം വെച്ച് ശാഫി ഇമാമിനെ പോലുള്ള പണ്ഡിതന്മാർ പറയുന്നത് ഉപാധികൾ ഒത്തുവന്നാൽ തന്നെയും കൂടുതൽ സൗകര്യപ്രദമായ സമയത്തേക്ക് ഹജ്ജ് പിന്തിക്കുന്നതിൽ പന്തികേടൊന്നുമില്ല എന്നാണ്. മറ്റൊന്നു കൂടെ കരുതാവുന്നതാണ്. അഥവാ, ഹജ്ജ് എന്നത് ജീവിതത്തിന്റെയും ആത്മാവിന്റെയും മഹാസമർപ്പണമാണ്. അതിന് കേവലം ഒരു സമയം സൗകര്യപൂർവ്വം ഒത്തുവന്നാൽ മാത്രം പോരാ, മറിച്ച് മാനസികമായ എല്ലാ വിമ്മിഷ്ടങ്ങളും വിഷമങ്ങളും നീങ്ങുകയും മനസ്സിന് ആശ്വാസവും സന്തോഷവും സംതൃപ്തിയുമെല്ലാം കൈവരികയും അങ്ങനെ സമർപ്പണത്തിന് അനുകൂലമായ സാഹചര്യം സംജാതമാവുകയും ചെയ്യേണ്ടതുണ്ട്. അത്തരം ഒരു സാഹചര്യം ഹിജ്റ എട്ടിലോ ഒമ്പതിലോ അത്രതന്നെ അനുകൂലമായി ഉണ്ടായിരുന്നില്ല. ഹിജ്റ ഒമ്പതിൽ വരെ യുദ്ധം ഉണ്ടായിട്ടുണ്ടല്ലോ. യുദ്ധങ്ങളുടെ നിര അവസാനിക്കുകയും ജനങ്ങൾ ദീനിലേക്ക് കൂട്ടംകൂട്ടമായി ഒഴുകുകയും ചെയ്തുതുടങ്ങിയപ്പോഴാണ് നബി തിരുമേനിക്ക് ഈ പറഞ്ഞ മാനസികമായ സാഹചര്യം ഒത്തുവന്നത്.
ഏതായാലും ഹിജ്റ പത്തിലായിരുന്നു നബി(സ)യുടെ ഹജ്ജ് യാത്ര. അഥവാ ആ ജീവിതത്തിന്റെ ഏറ്റവും അവസാന അവസരത്തിൽ. ഹിജ്റ പത്താം വർഷം ദുൽ ഹജ്ജ് മാസം അവസാനം ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ നബി തങ്ങൾ പിന്നെ മുഹർറം, സ്വഫർ, എന്നീ രണ്ട് മാസങ്ങൾ മാത്രമാണ് ജീവിച്ചത്. തൊട്ടടുത്ത മാസം റബീഉൽ അവ്വലിൽ പന്ത്രണ്ടാം തിയ്യതി നബി തങ്ങൾ വഫാത്തായി. ഹിജ്റ പത്താമത്തെ വര്‍ഷം ദുൽ ഖഅ്ദ മാസം ഇരുപത്തിയഞ്ചിനാണ് അല്ലാഹുവിന്റെ റസൂല്‍ താൻ ഹജ്ജ് ചെയ്യാന്‍ പോകുന്നെന്ന വിളംബരം നടത്തിയത്. വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ നബി(സ)യുടെ കൂടെ ഹജ്ജിന് പങ്കെടുക്കാനും നബിയുടെ കർമ്മങ്ങളും രീതികളും കണ്ട് പഠിക്കാനും നാനാഭാഗത്തു നിന്നും ധാരാളം ആളുകള്‍ മദീനയില്‍ എത്തിച്ചേര്‍ന്നു. ഇവർ മൊത്തം ഒരു ലക്ഷത്തോളം വരും എന്നാണ് അനുമാനം. മദീനയിൽ നിന്ന് പുറപ്പെട്ട നബിയും അനുയായികളും ദുൽ ഖുലൈഫയിലെത്തി. ഇപ്പോൾ അബ്‌യാർ അലി എന്ന് പറയപ്പെടുന്ന ഹിജ്റ റോഡിലെ ഈ സ്ഥലമാണ് മദീനക്കാരുടെയും അതുവഴി വരുന്നവരുടെയും മീഖാത്ത്. അവിടെ എത്തിയതും സംഘത്തെ എതിരേറ്റത് ഒരു വാർത്തയായിരുന്നു. അസ്മാഅ് ബിൻതു ഗുമൈസ്(റ) പ്രസവിച്ചു എന്ന വാർത്ത. ഈ പ്രസവത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയാൻ കാരണം പലതാണ്. ഒന്നാമതായി, സഹാബിമാരുടെ താൽപര്യത്തിന്റെ ഗൗരവമാണ്. കാരണം ഏതാനും മൈലുകൾക്ക് അപ്പുറം മാത്രമുള്ള അബ്യാർ അലിയിൽ എത്തിയപ്പോഴേക്കും ഒരു സ്ത്രീ ഗർഭം തികഞ്ഞ് പ്രസവിച്ചു എങ്കിൽ ആ സാഹചര്യത്തിൽ പോലും നബിയോടൊപ്പം ഈ യാത്രയിൽ പങ്കെടുക്കുവാൻ അവർ എത്രമാത്രം താല്പര്യമായിരുന്നു എന്നത് അതിൽ നിന്ന് ഊഹിക്കാം. അസ്മാ(റ) മറ്റൊരു അർത്ഥത്തിൽ എല്ലാവരുടെയും ദീനാനുകമ്പ ക്ഷണിക്കുന്ന ഒരു സാഹചര്യത്തിലുമായിരുന്നു. കാരണം അവർ ജഅ്ഫർ ബിൻ അബീ ത്വാലിബ്(റ)വിന്റെ ഭാര്യയായിരുന്നു. ഹിജ്റ ഏഴിൽ നടന്ന മുഅ്ത്ത യുദ്ധത്തിൽ ദാരുണമായി കൊല്ലപ്പെട്ട സ്വഹാബിയായിരുന്നു അദ്ദേഹം. അതിനുശേഷം അവരെ വിവാഹം ചെയ്തത് അബൂബക്കർ(റ) ആയിരുന്നു. അതിലുള്ള പ്രസവമായിരുന്നു ഇത്. മുഹമ്മദ് ബിൻ അബീബക്കറായിരുന്നു കുട്ടി.
മറ്റൊന്ന് ഈ യാത്ര അവർക്കെല്ലാം ഒരു പഠനമായിരുന്നു എന്നതാണ്. ഇങ്ങനെ സംഭവിച്ചാൽ പിന്നെ എന്താണ് ചെയ്യുക എന്നതറിയുവാൻ അവർക്ക് ജിജ്ഞാസയുണ്ട്. ആർത്തവവും പ്രസവവുമൊക്കെ സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിലെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കാര്യം അവർ ഇതിനകം പഠിച്ചിട്ടുണ്ട്. ഹജ്ജിന്റെ കാര്യം അവർക്കറിയില്ല. അതിനാൽ താൻ ഇനിയെന്തുചെയ്യണമെന്ന് അസ്മാഅ് ബീവി പ്രവാചകനോട് അന്വേഷിച്ചു. പ്രവാചകന്‍ പറഞ്ഞു: കുളിച്ച ശേഷം രക്തം വരുന്ന ഭാഗങ്ങള്‍ രക്തം പുറത്തു കാണാത്ത വിധം കെട്ടുകയും എന്നിട്ട് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുക. ഇഹ്റാം ചെയ്യാൻ ഇവർക്ക് നിയമപരമായി തടസ്സമില്ല. നിസ്കാരം, ത്വവാഫ് എന്നീ രണ്ടു കാര്യങ്ങൾ മാത്രമേ പാടില്ലാത്തതുള്ളൂ. നിസ്കാരങ്ങളാവട്ടെ, ഹജ്ജിൽ സുന്നത്തായവ മാത്രമേ വരുന്നുള്ളൂ. ത്വവാഫ് പക്ഷെ, നിർബന്ധമായി തന്നെ ചെയ്യാനുണ്ട്. അതിന് വിശാലമായ സമയവും ലഭിക്കുന്നുണ്ട്. ദുൽ ഹജ്ജ് പത്തു മുതൽ എപ്പോഴാണോ രക്തസ്രാവം നിലയ്ക്കുന്നത് അതുവരേക്കും അതിന്റെ സമയം നീണ്ടുകിടക്കുന്നുണ്ട്. അവർ അങ്ങനെ ചെയ്തു. എല്ലാവരും ഇഹ്റാമിനു വേണ്ട സുന്നത്ത് നിസ്കാരം നിർവ്വഹിച്ചു. കുളി, ഈ നിസ്കാരം തുടങ്ങിയവയെല്ലാം ഇഹ്റാം ചെയ്യുവാനുള്ള ഒരുക്കങ്ങളാണ്. ഒരുക്കങ്ങൾക്കിടെ ഒപ്പമുളള ആയിശ(റ) നബി(സ)ക്ക് അത്തർ പുരട്ടിക്കൊടുക്കുന്നുണ്ട്. ഇഹ്റാമിന്റെ മുമ്പ് ഇതും സുന്നത്തുണ്ട്. തുടർന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷം ഖസ്‌വാഅ് എന്ന തന്റെ ഒട്ടകപ്പുറത്ത് കയറി. കുറച്ച് മുന്നോട്ട് നീങ്ങി അൽപ്പം വിജനമായ സ്ഥലത്ത് എത്തിയപ്പോഴേക്കും വീണ്ടും ധാരാളം ആളുകള്‍ എത്തിച്ചേർന്നിരുന്നു. പ്രവാചകന്റെ വലത്തും ഇടത്തും പിന്നിലുമെല്ലാമായി അവർ നിന്നു. നബി(സ) ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലികൊണ്ടിരുന്നു. ജനങ്ങളും തിരുമേനി ചൊല്ലുന്നത് ഏറ്റുചൊല്ലി. നിയ്യത്തോടു കൂടെയുള്ള ഈ തൽബിയ്യത്താണ് ഇഹ്റാം.
ഞായറാഴ്ച ളുഹർ നിസ്കരിച്ചതിനു ശേഷമാണ് അവർ പുറപ്പെട്ടത്. ഏഴു ദിവസം വേണ്ടിവന്നു മക്കയിലെത്തുവാൻ. ദുൽ ഹിജ്ജ നാലാം തിയ്യതി ഞായറാഴ്ച നബിയും സംഘവും മക്കയുടെ അതിർത്തിപ്രദേശമായ ദൂ ത്വുവയിലെത്തിച്ചേർന്നു. ഇപ്പോൾ പരിശുദ്ധ മക്കയിലെ അൽ സാഹിർ ഡിസ്ട്രി കാറ്റിലാണ് ഈ സ്ഥലം. മസ്ജിദുൽ ഹറാമിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മർവ്വയിലൂടെ നടന്നാൽ ഇവിടെ എത്താം. മക്കയിലേക്ക് കടക്കുവാൻ കുളിക്കേണ്ടത് സുന്നത്തുണ്ട്. ആ കുളി കഴിഞ്ഞ് നബി(സ) യും സംഘവും നേരെ കഅ്ബാലയത്തിനടുത്തേക്ക് കടന്നു. തുടർന്ന് ഏഴ് ത്വവാഫുകൾ നിർവ്വഹിച്ചു. അവസാന ത്വവാഫിൽ ഹജറുൽ അസ് വദ് തൊട്ടുമുത്തി മഖാമു ഇബ്റാഹീമിനു പിന്നിൽ നിന്നുകൊണ്ട് രണ്ടു റക്അത്ത് നിസ്കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും അണ് പാരായണം ചെയ്തത്. തുടർന്ന് അൽപ്പം സംസം വെള്ളം കുടിച്ച് നേരെ സ്വഫയിലേക്ക് നീങ്ങി. അതിന്റെ മുകളില്‍ കയറി. കഅ്ബ കാണാന്‍ തുടങ്ങിയപ്പോള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്വത്തെയും വാഴ്ത്തി ഇങ്ങനെ പറഞ്ഞു: അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്നു പങ്കുകാരില്ല. അവന്നാണ് രാജത്വം. അവന്നാണ് സ്തുതി. അവന്‍ എല്ലാകാര്യത്തിനും കഴിവുറ്റവനാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാണ്. തന്റെ വാഗ്ദാനം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ അടിമയെ അവന്‍ സഹായിക്കുകയും ശത്രു വ്യൂഹത്തെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തുടർന്ന് ഏഴ് സഅ് യുകൾ ചെയ്ത് പിന്നെ അവിടെ വിശ്രമിച്ചു. ഒപ്പം നബി(സ) ഇഹ്റാമിൽ നിന്ന് മുക്തനാവുകയും ജനങ്ങളോട് അതിന് ആവശ്യപ്പെടുകയും ചെയ്തു.
അപ്പോഴാണ് പുതിയ ഒരു പ്രശ്നം തല പൊക്കിയത്. അതു മറ്റൊന്നുമല്ല, പലരുടെയും കൂടെ അറവിനുള്ള മൃഗങ്ങൾ ഉണ്ടായിരുന്നില്ല. ഹജ്ജിന് പോകുന്നവർ ഹജ്ജ് ചെയ്യുക. ഉംറക്ക് പോകുന്നവർ അതു ചെയ്യുക. ഇതായിരുന്നു പൊതു ജനങ്ങളുടെ അന്നത്തെ പൊതുവിവരം. അവർ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. നബി തങ്ങൾ പക്ഷെ, രണ്ടും ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. രണ്ടും കൂടി ഒറ്റ യാത്രയിൽ ചെയ്യുന്നവർ പ്രായശ്ചിത്ത ബലി നൽകേണ്ടിവരും. നബി(സ) അതു കരുതിയിട്ടുമുണ്ട്. അറവിനായി നൂറ് ഒട്ടകങ്ങളെയാണ് നബി കരുതിയിട്ടുള്ളത്. അതിൽ കുറേ എണ്ണം നബി ഒപ്പം കൊണ്ടുവന്നിട്ടുണ്ട്. ബാക്കിയുള്ളവയെ കൊണ്ടുവരുവാൻ അലി(റ)യെ യമനിലേക്ക് വിട്ടിട്ടുമുണ്ട്. ഹദ്‌യ കരുതിയിട്ടില്ലാത്തവർക്ക് ഇപ്പോൾ ഇഹ്റാമിൽ നിന്ന് മുക്തരാകുവാൻ കഴിയില്ല. ഇങ്ങനെ ഒരു പ്രതിസന്ധി ഞാൻ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഹദ്‌യ കരുതാതെ വരുമായിരുന്നു എന്ന് നബി പറയുകയുമുണ്ടായി. അങ്ങനെ നബിയും അറിവിനുള്ള മൃഗങ്ങൾ കയ്യിൽ കരുതിയവരും ഇഹ്റാമിൽ നിന്ന് മുക്തരായി. ബാക്കിയുള്ളവർ പെരുന്നാൾ ദിനം വരെ ഇഹ്റാമിൽ തുടർന്നു. അതിനിടെ അലി(റ) യമനില്‍ നിന്ന് ഓട്ടകവുമായി വന്നു. വന്നതും തന്റെ പത്നി ഫാത്വിമ(റ) ഇഹ്‌റാമില്‍ നിന്ന് ഒഴിവായി ചായം മുക്കിയ വസ്ത്രം ധരിക്കുകയും സുറുമയിടുകയും ചെയ്തതായി കണ്ടപ്പോള്‍ അദ്ദേഹം അവരെ ചോദ്യം ചെയ്യുകവരെയുണ്ടായി. അവര്‍ പറഞ്ഞു: എന്റെ പിതാവാണ് എന്നോടിങ്ങനെ ചെയ്യാന്‍ കല്‍പിച്ചത്. അതോടെ അലി(റ)വിന്റെ കലിയടങ്ങി.
ദുല്‍ഹജ്ജ് 8 ആയപ്പോള്‍ അവര്‍ ഇഹ്റാം ചെയ്ത് മിനയിലേക്ക് പോയി. അവിടെ അന്നത്തെ ളുഹ്‌റും അസറും മഗ്‌രിബും ഇശാഉം സുബ്ഹിയും നമസ്‌കരിച്ചു. പിന്നീട് സൂര്യനുദിക്കുന്നതുവരെ അവിടെ നിൽക്കുകയും രാവിലെ അറഫയിലേക്ക് പോവുകയും ചെയ്തു. ഉച്ചയോടെ നമിറയിലെത്തിയ അവർ ഉച്ച കഴിഞ്ഞ് അറഫയിലേക്ക് കടന്നു. സായാഹ്നമായപ്പോള്‍ ബത്വ്‌നുല്‍ വാദിയിലേക്ക് പോവുകയും അവിടെ വെച്ച് അറഫാ പ്രഭാഷണം നിര്‍വ്വഹിക്കുകയും ചെയ്തു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso