

അതിശയങ്ങളുടെ മരുക്കപ്പൽ
29-10-2023
Web Design
15 Comments
ടി എച്ച് ദാരിമി
ഇഅ്ജാസ്
വിശുദ്ധ ഖുർആനിൽ സൂറത്തുൽ ഗാശിയയുടെ ആദ്യത്തിൽ അല്ലാഹു പറയുന്നത് അന്ത്യനാളിലെ അനുഭവങ്ങളെക്കുറിച്ചും വിചാരണയെക്കുറിച്ചും തൽഫലമായി ഉണ്ടാകുന്ന രക്ഷ ശിക്ഷകളെക്കുറിച്ചും ആണ്. ഇവയിലേക്ക് മനുഷ്യനെ നയിക്കുന്നതാണ് ഐഹിക ജീവിതം. ഐഹിക ജീവിതത്തിൽ കാര്യങ്ങൾ വേണ്ടതുപോലെ ചിന്തിക്കുകയും മനസ്സിലാക്കുകയും അങ്ങനെ തന്നെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് സത്യസന്ധമായി എത്തിച്ചേരുകയും ചെയ്യുകയാണ് വേണ്ടത്. ഇതിന് മനുഷ്യനെ സഹായിക്കുവാൻ അല്ലാഹു ഒരുപാട് ദൃഷ്ടാന്തങ്ങൾ ഭൂമിയിൽ മനുഷ്യനു മുമ്പിൽ നിരത്തി വച്ചിട്ടുണ്ട്. ആ ദൃഷ്ടാന്തങ്ങളെ വേണ്ടവിധം പരിഗണിക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ ശരിയായ വിശ്വാസത്തിലേക്ക് എത്തുവാനും തുടർന്ന് അതിൽ ഉറച്ചുനിൽക്കുവാനും മനുഷ്യനു കഴിയും. അത്തരത്തിലുള്ള ഒന്നാണ് മേൽപ്പറഞ്ഞ സൂറത്തിൽ അല്ലാഹു പറയുന്ന ഏതാനും ദൃഷ്ടാന്തങ്ങൾ. ആ ദൃഷ്ടാന്തങ്ങൾ കാലം ഇതുവരെയും ചോദ്യം ചെയ്യപ്പെടാത്ത വസ്തുതകളായി മാറിയിരിക്കുന്നു എന്ന് പറയുമ്പോഴാണ് അല്ലാഹുവിന്റെ മൊത്തത്തിലുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ചും ഇവിടെ പറയുന്ന ദൃഷ്ടാന്തത്തെക്കുറിച്ച് പ്രത്യേകിച്ചും നമുക്ക് ചിന്തിക്കുവാൻ കഴിയുക അല്ലാഹു പറയുന്നു: 'എങ്ങിനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്ന് നിഷേധികള്‍ ചിന്തിച്ചു നോക്കുന്നില്ലേ?' ഖുര്‍ആന്റെ പ്രഥമസംബോധിതരായ അറബികള്‍ക്ക് ഏറെ സുപരിചിതമായിരുന്നു ഒട്ടകം. അതാണ് ഖുർആൻ അതിലേക്ക് ഒന്നാമതായി ശ്രദ്ധ ക്ഷണിക്കുന്നത്. ദൃഷ്ടാന്തങ്ങളെല്ലാം അത് ആർക്ക് ഉള്ളതാണോ അവരുടെ കണ്ണിനും കാഴ്ചക്കും ചിന്തക്കും തൊട്ടടുത്തു കിടക്കുന്നതായിരിക്കണം. ദൃഷ്ടാന്തങ്ങളുടെ ആദ്യഭാഗം നിർബന്ധമായും ഇങ്ങനെയായിരിക്കണം. പിന്നെ അതിലൂടെ ചിന്തയുമായി ധാരാളം ദൂരം സഞ്ചരിക്കുകയാണ് വേണ്ടത്. ഈ അർത്ഥത്തിൽ അവര്‍ക്ക് ഏറ്റവും അമൂല്യവും ഒപ്പം ഉപകാരപ്രദവുമായ ഒന്നാണ് ഒട്ടകം. മരുഭൂമിയില്‍ വസിക്കുകയും യാത്ര നടത്തുകയും ചെയ്തിരുന്ന അവരുടെ ജീവിതത്തിൽ നിന്ന് ഒട്ടകത്തെ മാറ്റി നിര്‍ത്താനാവില്ല. മരുക്കപ്പലാണല്ലോ അത്. വലിയ ശക്തിയുള്ള മൃഗമാണെങ്കിലും കൊച്ചുകുട്ടികള്‍ക്കു പോലും അത് വഴങ്ങും. ധാരാളം ഭാരം വഹിക്കാനും അന്നപാനാദികളില്ലാതെ ഏറെനാള്‍ ക്ഷമിച്ചു കഴിയാനും ഒട്ടകത്തിന് സാധിക്കും. വിശുദ്ധ ഖുര്‍ആന്‍ ഒട്ടക സൃഷിടിപ്പിനെ ഗവേഷണ മനസോടെ സമീപിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ രഹസ്യങ്ങളുണ്ട്. ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അദ്ഭുതങ്ങളുടെ കലവറ ദീർഘകാലം ചുമന്നുനടക്കുന്നവയാണ് ഒട്ടകങ്ങള്‍.
ആയുസ്സാണ് ഇതിലെ ഒന്നാമത്തെ ചിന്താവിഷയം. പരമാവധി അമ്പത് വര്‍ഷത്തെ ആയുസാണ് ഒട്ടകത്തിന് കണക്കാക്കുന്നത്. 50 വയസ്സ് വരെ തൻ്റെ ദൗത്യം നിർവഹിച്ച് ജീവിക്കുവാൻ വേണ്ട ശാരീരിക പ്രത്യേകതകൾ അതിൻെറ ശരീരത്തിൽ ഉണ്ടായിരിക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു. ജീവികളിൽ ചില ജീവികൾ ഏതാനും മണിക്കൂറുകളോ മിനിറ്റുകളോ മാത്രം ജീവിക്കുന്നവയാണ്. അവയുടെ ശരീരഘടന നാം പരിശോധിച്ചാൽ അതിന് അത്രതന്നെ കാര്യക്ഷമത മാത്രമേ ഉള്ളൂ എന്ന് കണ്ടെത്താൻ കഴിയും. ആ ശാരീരിക ഘടനയുടെ പ്രകടമായ ഒരു പ്രത്യേകതയാണ് അതിൻെറ നീളം. മൊത്തത്തിൽ പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ഒട്ടകത്തിന് 2.15 മീറ്റര്‍ നീളമുണ്ടാവും. ഈ നീളവും അതിൻെറ ഉയരവും ഇത്രയും നീളവും ഉയരവും ഉള്ള ഒരു ജീവിക്ക് വേണ്ട പേശികളും എല്ലാം ചേർത്തുവച്ചാണ് അതിൻെറ ക്ഷമത കണക്കുകൂട്ടുന്നത്. ഒട്ടകത്തിന് ഇത്രയും വലിയ ക്ഷമത കൈവരുവാൻ കാരണം അതിൻെറ മേൽപ്പറഞ്ഞ ശാരീരികത തന്നെയാണ്. ഭാരമൊന്നും വഹിക്കാതെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയിൽ നടക്കുവാൻ ഒട്ടകത്തിന് കഴിയും. അതേസമയം 500 കിലോഗ്രാം വരെ ഭാരം വഹിച്ച് മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗതയിലും നടക്കുവാൻ അതിനു കഴിയും. ഇത് പതിനെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി നടക്കാനും ഒട്ടകത്തിന് കഴിയും എന്നതാണ് അതിൻെറ പ്രത്യേകത. ഇത്രയും ദൂരം ഇത്രയും ഭാരം വഹിച്ച് ഈ വേഗതയിൽ നടക്കുവാൻ അതിന് കഴിയുന്നത് തണലുകളോ വിശ്രമ സങ്കേതങ്ങളോ ഉള്ള സ്ഥലങ്ങളിലല്ല എന്ന് ഇതിലേക്ക് ചേർത്തി വായിക്കണം. മരുഭൂമിയിലെ മരുക്കപ്പലാണ് ഒട്ടകം. മരുഭൂമിയിലെ നീണ്ട യാത്രക്കനുയോജ്യമായ ശാരീരിക പ്രകൃതിയുള്ള ഒട്ടകത്തിന്റെ നടത്തം ഇതര ജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനർത്ഥം ഒട്ടകത്തിന്റെ ശരീരം പോലെയും അവയവങ്ങൾ പോലെയും ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമായ നടത്തവും ഒരു ദൃഷ്ടാന്തമാണ് എന്നതാണ്. ഒട്ടകം നടക്കുമ്പോള്‍ മുന്നിലെ വലതു കാലിനൊപ്പം പിന്നിലെ വലതു കാലും ഇടതുകാലിനൊപ്പം പിന്നിലെ ഇടതുകാലുമാണ് മുന്നോട്ടു വെക്കുന്നത്. മറ്റുള്ളവ നടക്കുമ്പോള്‍ മുന്നിലെ വലതു കാലിനൊപ്പം പിന്നിലെ ഇടതുകാലാണ് മുന്നോട്ടു വെക്കുക.
മൊത്തത്തിലുള്ള ഒട്ടകം എന്ന ജീവിയുടെ ശാരീരിക ക്ഷമത, പ്രവർത്തനശേഷി തുടങ്ങിയവയിൽ നിന്ന് അതിൻെറ ഓരോ ശരീര ഭാഗങ്ങളിലേക്കും നാം ചിന്തയുമായി ഇറങ്ങി വരുമ്പോൾ അവിടെയെല്ലാം നമ്മെ ചിന്തിപ്പിക്കുന്ന ഒരുപാട് സംഗതികൾ ഉണ്ട് എന്ന് കാണാം. മറ്റു ജീവികളിൽ നിന്നുള്ള ഈ വ്യത്യാസങ്ങൾ അവയുടെ കുളമ്പുകളിൽ നിന്ന് തന്നെ ആരംഭിക്കുന്നു. രണ്ടുകുളമ്പുകളുള്ള ജീവികളുടെ പാദങ്ങള്‍ വേര്‍തിരിഞ്ഞതുപോലെ ഒട്ടകത്തിന്റെ പാദങ്ങള്‍ നിശ്ശേഷം വേര്‍പിരിഞ്ഞിട്ടില്ല. കുളമ്പിന്റെ രണ്ടു ഭാഗങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന കാലിനടിയിലെ പരന്ന ചര്‍മങ്ങള്‍ മണലില്‍ താഴ്ന്ന് പോകാതിരിക്കാന്‍ അവയെ സഹായിക്കുന്നു. ഇനി അതിൻറെ വായയുടെ ഭാഗത്തേക്ക് വരുമ്പോൾ അവിടെയും പല അത്ഭുതങ്ങളും ഉണ്ട്. അവക്ക് കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള ഭക്ഷണം മരുഭൂമിയിലെ ചെടികളാണ്. മരുഭൂമിയിൽ വളരുന്ന ചെടികൾ ആണെങ്കിലോ അധികവും മുഴുച്ചെടികൾ ആയിരിക്കും. മരുഭൂമിയില്‍ യഥേഷ്ടം ലഭ്യമാകുന്ന മുള്‍ച്ചെടികള്‍ ഭക്ഷിക്കാന്‍ പര്യാപ്തമായ രൂപത്തില്‍ അവയുടെ മേല്‍ ചുണ്ടുകള്‍ രണ്ടായി പിളര്‍ന്നതാണ് വായ്ഭാഗം. അതോടൊപ്പം ഇത്രയും കഠിനമായ ആഹാരങ്ങൾ അവ കഴിക്കുമ്പോൾ വയറിനകത്ത് അത് അസ്വസ്ഥത ഉണ്ടാക്കാതിരിക്കുവാൻ മറ്റൊരു ക്രമീകരണം സൃഷ്ടാവ് ചെയ്തിട്ടുണ്ട്. അത് അവയുടെ വായയിൽ ഊറുന്ന വെള്ളം ആസിഡ് പോലെയാണ് എന്നതാണ്. അതായത്, അവ കഴിക്കുന്ന ഏതു മുള്ളും സുതാര്യമായ അവയുടെ ആന്തരിക അവയവങ്ങളിൽ എത്തുന്നതിനു മുമ്പ് തന്നെ ദഹിപ്പിക്കുവാനും അലിയിപ്പിക്കാനും ഉള്ള സംവിധാനം അല്ലാഹു ചെയ്തിരിക്കുന്നു. ഈ പ്രക്രിയ പക്ഷേ കൃത്യമായി സംവിധാനിച്ചിരിക്കുന്നു. അഥവാ ആഹാര ശേഖരണത്തിനും ദഹിപ്പിക്കുന്നതിനാവശ്യമായ ദ്രവത്തിനും ദഹിപ്പിക്കുന്നതിനുമായി മൂന്ന് അറകളായാണ് അതിന്റെ വയറ് ഉള്ളത്. ഇനി അതിൻെറ കണ്ണുകളിലേക്ക് വരാം. ഒട്ടകത്തിന്റെ കണ്ണുകള്‍ അതിശയിപ്പിക്കുന്നവയാണ്. സൂര്യകിരണങ്ങളില്‍നിന്നും മണല്‍ കാറ്റില്‍ നിന്നും കണ്ണുകള്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നീണ്ട പുരികങ്ങളുള്ള രണ്ടു നിര പീലികളോട് കൂടിയ കട്ടിയുള്ള വലിയ കണ്‍പോളകളാണ് ഇവക്കുള്ളത്. അവയ്ക്ക് രണ്ടു വീതം അടപ്പുകളുണ്ട്. ഒന്ന് സുതാര്യവും പുറത്തേക്കുള്ള കാഴ്ചയെ തടയാത്തതുമാണ്. രണ്ടാമത്തേത് സാധാരണഗതിയിലുള്ളതും. സാധാരണഗതിയിൽ ഉള്ളത് പരിപൂർണ്ണമായും കണ്ണടക്കേണ്ട സമയങ്ങളിൽ ഉപയോഗിക്കാനുള്ളതാണ്. അതേസമയം കാഴ്ചയെ തടയാത്ത ആദ്യത്തെ അടപ്പ് മരുഭൂമിയിലൂടെയുള്ള അതിൻെറ നടത്തത്തിന് വേണ്ടി മാത്രം സൃഷ്ടാവ് ചെയ്തതാണ്. മരുഭൂമിയിൽ പതിവാണ് പൊടിക്കാറ്റ്. അന്തരീക്ഷത്തിൽ ചക്രവാത ചുഴികൾ രൂപപ്പെടുമ്പോൾ അതിൻെറ ഫലമായി പൊടിയും മണ്ണും അടിച്ചുയരും. അങ്ങനെ ഉയരുന്ന മണ്ണും പൊടിയും ജനവാസ കേന്ദ്രങ്ങളിലോ വൃക്ഷലതാദികൾ ഉള്ള സ്ഥലങ്ങളിലോ ആണെങ്കിൽ പെട്ടെന്ന് അടങ്ങുകയും ഒതുങ്ങുകയും ചെയ്യും. ഇങ്ങനെയുള്ളതല്ലാത്ത നീണ്ടു പരന്നുകിടക്കുന്ന മരുഭൂമിയിൽ പക്ഷേ ഈ പൊടിയും മണ്ണും അടങ്ങുവാനും ഒതുങ്ങുവാനും ദിവസങ്ങൾ വേണ്ടിവരും. അങ്ങനെ വരുമ്പോൾ അത്രയും ദിവസത്തെ സഞ്ചാരത്തിന് ഒട്ടകത്തിന്റെ കണ്ണിനു വേണ്ടി സൃഷ്ടികർത്താവായ അല്ലാഹു അതിനുവേണ്ടി ചെയ്തു കൊടുത്തിരിക്കുന്ന മറ്റൊരു മൃഗങ്ങൾക്കും ഇല്ലാത്ത സവിശേഷതയാണ് ഈ ഇരട്ട കൺപോളകൾ.
നമുക്കോ മറ്റു ജീവികൾക്കോ പുകയോ പൊടിയോ ഉള്ള പ്രദേശത്തിലൂടെ നടന്നുപോകുമ്പോൾ അവ ഒന്നും അകത്തേക്ക് കടക്കാതിരിക്കാൻ മാസ്കോ തൂവാലയോ നിർബന്ധമായും ഉപയോഗിക്കേണ്ടി വരും. കാരണം നമ്മുടെ നാസികാ ദ്വാരങ്ങളെ നമുക്ക് ആവശ്യാനുസൃതം അടക്കുവാനും തുറക്കുവാനും കഴിയില്ല. എന്നാൽ ഒട്ടകങ്ങളുടെ നാസികാ ദ്വാരങ്ങള്‍ ഇഷ്ടാനുസാരം തുറക്കാനും അടക്കാനും കഴിയുന്നവയാണ്. ശ്വാസകോശത്തില്‍ മണല്‍ പ്രവേശിക്കുന്നതിന് തടയാന്‍ ഇത് സഹായിക്കുന്നു. ഒട്ടകങ്ങളുടെ ശാരീരിക സവിശേഷതയാണ് അവയുടെ പൂഞ്ഞകൾ. ഈ പൂഞ്ഞകൾ വെറുതെ മാംസം കൂടിക്കിടക്കുന്നതല്ല. മറിച്ച്, ഒട്ടകത്തിന്റെ മുഴുവന്‍ കൊഴുപ്പും അവ സംഭരിക്കുന്നത് പൂഞ്ഞയിലാണ്. 25 കിലോഗ്രാം വരെ കൊഴുപ്പ് ഇതില്‍ സംഭരിച്ചുവെക്കുന്നു. വെള്ളം ലഭിക്കാതെ വരുമ്പോള്‍ ഇതില്‍ നിന്നും വെള്ളം ഉത്പാദിപ്പിക്കപ്പെടുന്നു. പൂഞ്ഞയിലുള്ള കൊഴുപ്പിനെ ശിഥിലീകരിച്ച് അതില്‍ നിന്ന് ലഭ്യമാകുന്ന ഹൈഡ്രജനും വായുവില്‍ നിന്ന് ലഭ്യമാകുന്ന ഓക്‌സിജനും ചേര്‍ത്ത് കൃത്രിമ വെള്ളമുത്പാദിപ്പിക്കാനും ഒട്ടകത്തിന് കഴിയുമെന്നാണ് ജന്തുശാസ്ത്രം പറയുന്നത്. മരുക്കപ്പൽ എന്ന നിലക്ക് ഈ ജീവിക്ക് അതിന്റെ ജീവൻ നിലനിർത്തുവാൻ നിർബന്ധമായും വേണ്ട വെള്ളത്തെ അല്ലാഹു എങ്ങനെയാണ് ഉറപ്പുവരുത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ആരും സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞു പോകും. കാരണം ഒറ്റ തവണ 15 ലിറ്റര്‍ വെള്ളം വരെ കുടിച്ച് അകത്താക്കാന്‍ ഒട്ടകത്തിന് കഴിയും. മറ്റു സസ്തനികള്‍ക്ക് 20 ശതമാനം ജലം നഷ്ടമായാല്‍ ജീവഹാനി സംഭവിക്കുമെങ്കില്‍ ശരീര ഭാരത്തിന്റെ 40 ശതമാനം വരെ ജലനഷ്ടം താങ്ങാനുള്ള ശേഷി ഒട്ടകത്തിനുണ്ട്.
ജലനഷ്ടം തടയാനുള്ള ഒന്നിലധികം മാര്‍ഗങ്ങള്‍ അല്ലാഹു ഈ സൃഷ്ടിയിൽ ചെയ്തു വെച്ചിട്ടുണ്ട്. ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ് വെള്ളം. മരുഭൂമിയില്‍ ജലത്തിന്‍റെ ലഭ്യതക്കുറവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജലത്തിന്‍റെ ലഭ്യതയില്ല എന്ന് മാത്രമല്ല, ശക്തമായ സൂര്യതാപം ശരീരത്തിലുള്ള വെള്ളത്തെക്കൂടി വലിച്ചെടുക്കുകയും ചെയ്യും. എന്നാല്‍ ഈ രണ്ട് പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ ഒട്ടകത്തിന്‍റെ ശരീരത്തില്‍ സംവിധാനങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് അവയുടെ ശരീരത്തിന്‍റെ താപക്രമീകരണ സംവിധാനം.
പുറത്തുള്ള ശക്തമായചൂടിനെ പ്രതിരോധിക്കലാണ് ഒന്നാമത്തെ മാര്‍ഗം. ഇതിനായി ഒട്ടകം സ്വീകരിക്കുന്ന ഒരു മാര്‍ഗമാണു ശരീരത്തിന്‍റെ അകത്തുള്ള ചൂടിനെ ക്രമീകരിക്കല്‍. പുറമെയുള്ള ചൂട് വര്‍ധിക്കുമ്പോള്‍ അതിനോട് മനുഷ്യശരീരം പ്രതികരിക്കുന്നത് വിയര്‍ക്കല്‍ വഴിയാണ്. അതുവഴി നമ്മുടെ ശരീരത്തിലുള്ള ചൂടിനെ പുറംതള്ളുന്നു. എന്നാല്‍ ഒട്ടകം മരുഭൂമിയിലെ ചൂടിനെ പ്രധിരോധിക്കുന്നത് മറ്റൊരു വഴിയിലൂടെയാണ്. അത് അതിന്‍റെ ശരീരത്തിന്‍റെ ചൂട് ഉയര്‍ത്തി പുറമെയുള്ള ചൂടിനെ പ്രതിരോധിക്കുകയും അതുവഴി വിയര്‍ക്കുന്നത് കുറക്കുകയും അങ്ങനെ ജലനഷ്ടം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒട്ടകത്തിന് അതിന്‍റെ ശരീരത്തിലെ ഊഷ്മാവിനെ ഇപ്രകാരം 7 ഡിഗ്രിയോളം കൂട്ടാനും കുറക്കാനും സാധിക്കും! ഈ ശരീര സംവിധാനത്തെ കാലാവസ്ഥക്കനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഓട്ടോമാറ്റിക് എ.സിയോട് വേണമെങ്കില്‍ നമുക്ക് താരതമ്യം ചെയ്യാം. മറ്റൊന്ന് ജലനഷ്ടം തടയാനുള്ള സംവിധാനങ്ങളാണ്. ശരീരത്തിലെ വെള്ളം ഏറ്റവും അധികമായി പുറത്തു പോകുന്നത് രണ്ടു രൂപത്തിൽ മാത്രമാണ്. ഒന്നാമത്തേത് വിയർപ്പിലൂടെ. അതിനെ എങ്ങനെയാണ് ഒട്ടകം പ്രതിരോധിക്കുന്നത് എന്ന് മുകളിൽ നാം പറഞ്ഞു. രണ്ടാമത്തേത് മൂത്രത്തിലൂടെയാണ്. ഒട്ടകം അടിക്കടി മൂത്രമൊഴിക്കാറില്ല. മാത്രവുമല്ല എപ്പോഴെങ്കിലും മൂത്രമൊഴിക്കുമ്പോള്‍തന്നെ നന്നേ കുറഞ്ഞ അളവില്‍ മാത്രമെ മൂത്രം പുറംതള്ളുകയുള്ളൂ. അതിനാല്‍തന്നെ ഒട്ടകത്തിന്റെ മൂത്രം വഴുവഴുപ്പും കട്ടിയുമുള്ളതായിരിക്കും. അതിന്‍റെ കാഷ്ഠവും അങ്ങനെത്തന്നെയാണ്. വരണ്ടുണങ്ങിയ (പരമാവധി ജലം വലിച്ചെടുത്ത) കാഷ്ഠമാണ് അത് പുറംതള്ളാറുള്ളത്. അതിനാല്‍ ഗ്രാമീണരായ അറബികള്‍ ഈ കാഷ്ടം വിറകിനു പകരം കത്തിക്കുന്നതിനായി പോലും ഉപയോഗിക്കാറുണ്ട്. മറ്റു മൃഗങ്ങള്‍ മരുഭൂമിയില്‍ ജീവിക്കുകയാണെങ്കില്‍ അവയ്ക്ക് ഒരു ദിവസം 20-40 ലിറ്ററോളം ജലനഷ്ടം ഉണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒട്ടകത്തിന്‍റെ ശരീരത്തില്‍നിന്ന് ഒരു ദിവസം നഷ്ടപ്പെടുന്നത് കേവലം 1.3 ലിറ്റര്‍ വെള്ളം മാത്രമാണ്.
ജലനഷ്ടത്തെ തടയുവാനുള്ള ഈ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് അഥവാ പ്രവർത്തനരഹിതമായാൽ തന്നെ പിടിച്ചുനില്‍ക്കാനുള്ള സംവിധാനം അല്ലാഹു ഈ മൃഗത്തിന് ചെയ്തുകൊടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു ചിന്ത. ദിവസങ്ങളോളം വെള്ളമില്ലാതെ പിടിച്ചുനില്‍ക്കാനുതകുന്ന ശരീര സംവിധാന്മാണ് ഒട്ടകത്തിന്‍റെത്. ശാരീരികമായി അധ്വാനമുള്ളപ്പോള്‍ 10 ദിവസത്തോളവും വിശ്രമാവസ്ഥയില്‍ മാസങ്ങളോളം പോലും വെള്ളം കുടിക്കാതെ മരുഭൂമിയിലെ ചൂടില്‍ ഒട്ടകത്തിനു പിടിച്ചുനില്‍ക്കാനാകും. അതുകൊണ്ട്തന്നെ കഠിനമായ വരള്‍ച്ചയുള്ളപ്പോള്‍ മറ്റു മൃഗങ്ങള്‍ ചത്തൊടുങ്ങിയാലും ഒട്ടകം വരള്‍ച്ചയെ അതിജീവിക്കും. എന്നാല്‍ വെള്ളം കാണുന്നപക്ഷം അത് ദാഹം തീരുവോളം വെള്ളം കുടിക്കുകയും ചെയ്യും. 3 മിനുട്ടിനുള്ളില്‍ 200 ലിറ്റര്‍ വെള്ളംവരെ ഒട്ടകം ഒറ്റ നില്‍പില്‍ വലിച്ചുകുടിക്കും! ഇനി അതിൻെറ ചെവികളിലേക്ക് വരുമ്പോൾ അവിടെയും ചിന്താകൗതുകങ്ങൾ ഉണ്ട്. ഒട്ടകത്തിന്‍റെ ചെവികള്‍ രോമനിബിഢമാണ്. അത് ചെവിക്കകത്തേക്ക് ഏതെങ്കിലും വിധത്തില്‍ മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയുന്നു. ഒട്ടകത്തിന്‍റെ കാലുകള്‍ നീളമുള്ളതാണ്. ശക്തമായ ചൂടുള്ള മണല്‍പ്രതലത്തില്‍ നിന്ന് ശരീരഭാഗം ഉയര്‍ന്നുനില്‍ക്കാനും അതുവഴി ചൂട് ശരീരത്തിലേക്ക് പ്രസരിക്കുന്നത് തടയാനും നീളമേറിയ കാലുകള്‍ സഹായിക്കുന്നു. പിന്നെ അതിൻെറ ബാഹ്യമായ കവചങ്ങളായ കട്ടിയുള്ള രോമം, കട്ടിയുള്ള തോൽ എന്നിവയെല്ലാം ഏതു കാലാവസ്ഥയിലും പിടിച്ചു നിൽക്കുവാനുള്ള കരുത്ത് അതിന് നൽകുന്നുണ്ട്. സൂര്യന്‍റെ ചൂടില്‍നിന്ന് ഏറ്റവും പ്രധാനമായി സംരക്ഷിക്കപ്പെടേണ്ട അവയവമാണ് ഒട്ടകത്തിന്‍റെ തലച്ചോര്‍. കാരണം സൂര്യന്‍റെ അമിതമായചൂട് തലച്ചോറിനെ ബാധിച്ചാല്‍ ഒരുപക്ഷേ, ബോധം കെടുന്നതിനോ ചത്തുപോകുന്നതിനോ കാരണമാകാം. എന്നാല്‍ ഇതില്‍നിന്നും രക്ഷപ്പെടാനുമുള്ള സംവിധാനം ഒട്ടകത്തിന്‍റെ ശരീരത്തിലുണ്ട്. തലച്ചോറിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് രക്തത്തെ തണുപ്പിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തെ കൗണ്ടർ കറന്റ് സെർക്കുലേഷൻ എന്ന് പറയുന്നു. ഇതുവഴി ഒട്ടകത്തിന്‍റെ തലച്ചോറില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താനാകുന്നു. ഒട്ടകത്തിന്‍റെ ശരീരത്തിനകത്തെ ഈ സംവിധാനങ്ങളെയെല്ലാം വിലയിരുത്തുമ്പോള്‍ ഏതൊരു മനുഷ്യനും മനസ്സിലാകുന്ന കാര്യമാണ് ഈ മൃഗത്തെ കൃത്യമായ പ്ലാനിങ്ങോടുകൂടി മരുഭൂമിയില്‍ ജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തതാണെന്ന്. അതാണ് അല്ലാഹു നമ്മെ ഓര്‍മിപ്പിക്കുന്നത്: 'ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ' (ഖുര്‍ആന്‍ 88:17).
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso