Thoughts & Arts
Image

ഹസ്തദാനത്തിന്റെ അതിരുകൾ

31-10-2023

Web Design

15 Comments

ടി എച്ച് ദാരിമി
ഖുർആൻ പഠനം
മുംതഹന 10 - 12







10. ഹേ മുഅ്മിനുകളേ സത്യവിശ്വാസം പുല്‍കിയ വനിതകള്‍ സ്വദേശം ത്യജിച്ച് നിങ്ങളുടെയടുത്ത് വന്നാല്‍ അവരെ പരീക്ഷണവിധേയമാക്കുക. അല്ലാഹു അവരുടെ വിശ്വാസത്തെക്കുറിച്ച് നന്നായറിയുന്നവനത്രേ. അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ പിന്നെയവരെ നിഷേധികളിലേക്ക് മടക്കിവിടരുത്; ഇവര്‍ അവര്‍ക്കും അവര്‍ ഇവര്‍ക്കും അനുവദനീയരല്ല. അവര്‍ക്കായി ആ വിശ്വാസികള്‍ ചെലവുചെയ്തത് നിങ്ങള്‍ കൊടുക്കണം. വിവാഹമൂല്യം നല്‍കുന്നുവെങ്കില്‍ നിങ്ങള്‍ക്കവരെ വേള്‍ക്കുന്നതിന് കുഴപ്പമില്ല. സത്യനിഷേധിനികളുമായുള്ള ദാമ്പത്യബന്ധത്തില്‍ നിങ്ങള്‍ പിടിച്ചു തൂങ്ങേണ്ട. അതിനായി ചെലവഴിച്ചത് നിങ്ങള്‍ തിരിച്ചു ചോദിക്കുക; തങ്ങള്‍ വ്യയം ചെയ്തത് അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ-നിങ്ങള്‍ക്കിടയില്‍ അല്ലാഹു കല്‍പിക്കുന്ന വിധി ഇതാണ്. അവന്‍ കാര്യങ്ങള്‍ നന്നായി അറിയുന്നവനും യുക്തിമാനും ആകുന്നു.



ഈ സൂക്തം അവതരിക്കുന്നത് ഉമ്മുകുല്‍സൂം ബിന്‍തു ഉഖ്ബത്തുബ്‌നു അബീമുഐത്ത്(റ) എന്ന സ്വഹാബീ വനിതയുടെ കാര്യത്തിലാണ്. ഉമ്മു കുല്‍സൂം ബനൂ ഉമയ്യ ഗോത്രക്കാരിയാണ്. ഉഖ്ബത്ത് ബിൻ അബീ മുഐത്വിന്റെ പ്രിയ പുത്രി.
നബി(സ) തങ്ങളെ ഏറെ ശല്യം ചെയ്തിരുന്ന ആളായിരുന്നു അവരുടെ പിതാവ് ഉഖ്ബ. നബി(സ)യുടെ ശരീരത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുക വീടിന് മുമ്പിൽ ചപ്പുചവറുകൾ വലിച്ചിടുക തുടങ്ങിയ വളരെ നിന്ദ്യമായ ചെയ്തികൾ ആയിരുന്നു അയാൾ ചെയ്തിരുന്നത് എല്ലാവരുടെ ശത്രുതയിൽ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഉഖ്ബയുടെ ശത്രുത. ഒരിക്കൽ നബി തിരുമേനിയുടെ മുഖത്തേക്ക് ഇയാൾ തുപ്പുകയുണ്ടായി. അത് നബി(സ)യെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു. സംഭവം ഇങ്ങനെയാണ്. ഉഖ്ബ ഒരു വലിയ സദ്യ ഉണ്ടാക്കി. എല്ലാ പ്രധാനികളെയും അതിലേക്ക് ക്ഷണിച്ചു. കൂട്ടത്തിൽ നബിയെയും ക്ഷണിച്ചു. എന്നാൽ അവിശ്വാസിയായ ഒരാളുടെ ഭക്ഷണം എനിക്ക് കഴിക്കാൻ താല്പര്യം ഇല്ല എന്ന് നബി(സ) പറഞ്ഞു. തന്റെ അതിഥികളിൽ ഒരാൾ തന്റെ ഭക്ഷണം കഴിക്കാതിരിക്കുക എന്നാൽ അത് ആതിഥേയന്റെ അഭിമാനത്തെ ബാധിക്കുന്ന കാര്യമായിരുന്നു. ആയതിനാൽ താൻ ഇസ്ലാം മതം സ്വീകരിക്കുന്നതായി അവിടെ വച്ച് ഉഖ്ബ കപടമായി അഭിനയിച്ചു. ഉള്ള് അറിയാതെ നബി (സ) അയാളുടെ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതോടെ ഉഖ്ബ മുസ്ലിം ആയി എന്ന ഒരു കിംവദന്തി നാട്ടിൽ പ്രചരിച്ചു. അതറിഞ്ഞ് വലിയ മാനസികമായ വിഷമമുണ്ടായി ഉഖ്ബക്ക്. തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഖുറൈശി പ്രമുഖരോട് അയാൾ ചോദിച്ചു. നീ മുഹമ്മദിന്റെ മുഖത്തേക്ക് തുപ്പണം എന്നായിരുന്നു അവരുടെ മറുപടി. അയാൾ അങ്ങനെ ചെയ്യുകയും ചെയ്തു. ഇതിന് മറുപടി നൽകുവാൻ നബി തിരുമേനി കിട്ടിയ അവസരമായിരുന്നു ബദർ യുദ്ധം. ബദർ യുദ്ധത്തിൽ തടവിലാക്കപ്പെട്ട 70 പേരിൽ ഒരാൾ ഉഖ്ബ ആയിരുന്നു. അതിനാൽ അന്ന് ഉഖ്ബ യുദ്ധ കുറ്റത്തിന്റെ പേരിൽ തന്നെ കൊല്ലപ്പെടുകയും ചെയ്തു. സഹോദരൻ വലീദും നബിയോടുള്ള ശത്രുതയിൽ പുറകിലായിരുന്നില്ല. പക്ഷെ, വലീദിന് അവസാനം മക്കാ വിജയത്തിന്റെ അന്ന് മുസ്ലിം ആകാൻ ഭാഗ്യമുണ്ടായി. ഉമ്മു കുൽസൂം പക്ഷേ ഇസ്ലാമിന്റെ വെളിച്ചം അറേബ്യൻ മണ്ണിൽ വീഴാൻ തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ ഇസ്ലാമിലെത്തിച്ചേർന്നു.



പിന്നെ സംഭവബഹുലമായ ഹിജ്റ ഉണ്ടായി. ഹിജ്റയെ തുടർന്ന് യുദ്ധങ്ങളും വിജയങ്ങളും പരാജയങ്ങളും എല്ലാം ഉണ്ടായി. അവസാനം ഹുദൈബിയയിൽ സന്ധിയുണ്ടായി. ഒരുപാട് വർഷമായി അടഞ്ഞുകിടന്ന മനുഷ്യ വ്യവഹാരങ്ങൾ തുറന്നു കിട്ടിയ ഒരു അവസരം ആയിരുന്നു മുസ്ലിംകൾക്കും അവരുടെ ശത്രുക്കൾക്കും എല്ലാം ഹുദൈബിയ കരാർ. അടുത്ത പത്ത് വർഷത്തേക്ക് നേരിട്ടോ അല്ലാതെയോ യുദ്ധങ്ങൾ ഉണ്ടാവാൻ പാടില്ല എന്നത് കരാറിലെ വ്യവസ്ഥയായിരുന്നു. അതോടുകൂടിയാണ് ഒന്നാമതായി നിർഭയം സഞ്ചരിക്കാനുള്ള സാഹചര്യം സംജാതമായത്. അപ്പോഴാണ് എന്ത് വില കൊടുത്തും മദീനയിൽ എത്തിച്ചേരുക എന്ന തീരുമാനത്തിൽ ഉമ്മുകുൽസും എത്തിച്ചേരുന്നത്. വളരെ സാഹസികമായി അവർ മദീനയിൽ എത്തിച്ചേർന്നു. ഹുദൈബിയയിൽ വെച്ച് ചെയ്ത കരാർ വ്യവസ്ഥ അനുസരിച്ച് അവരെ സ്വീകരിക്കാൻ പ്രത്യക്ഷത്തിൽ മദീനക്ക് കഴിയുമായിരുന്നില്ല. മക്കയിൽ നിന്ന് വരുന്ന ഒരാളെയും മദീന സ്വീകരിക്കാൻ പാടില്ല എന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് അന്നും അതിനുശേഷം മദീനയിലേക്ക് വരാൻ ശ്രമിച്ച പലരെയും നബി മടക്കി അയച്ചതും ആണ്. ആ നിസ്സഹായതോടെ നബി അവരുടെ മുഖത്തേക്ക് നോക്കി നിന്നു. അവർ നബി തിരുമേനിയോടു പറഞ്ഞു: ‘ദൈവദൂതരേ, കരുത്തരായ പുരുഷന്മാരും അബലകളായ ഞങ്ങളും ഒരുപോലെയല്ലല്ലോ. പുരുഷന്മാര്‍ക്ക് അവരുടെ ജീവനല്ലേ നഷ്ടപ്പെടാനുള്ളൂ. ഞങ്ങള്‍ സ്ത്രീകളുടെ സ്ഥിതി അതല്ലല്ലോ. അതിനാല്‍ ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു ഒരു പരിഹാരം കാണിച്ചുതരാതിരിക്കില്ല.’ ഇത് ഒരേസമയം തന്റെ ന്യായീകരണവും പ്രാർത്ഥനയും ആയിരുന്നു. ആ പ്രാർത്ഥനയുടെ നിഷ്കളങ്കത അല്ലാഹു കേൾക്കാതിരിക്കില്ല എന്ന് അവർ പ്രതീക്ഷ പുലർത്തുകയും ചെയ്തു. ഉമ്മു കുല്‍സൂമിന്റെ പ്രത്യാശ അല്ലാഹു പൂര്‍ത്തീകരിച്ചു. നീറുന്ന മനസ്സിന് സമാധാനം സമ്മാനിച്ചു. പിടഞ്ഞുകൊണ്ടിരുന്ന പ്രവാചക ഹൃദയം ശാന്തമായി. അല്ലാഹു അറിയിച്ചു: ‘സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ സ്വദേശം വെടിഞ്ഞ് പലായനം ചെയ്ത് നിങ്ങളുടെ അടുത്തെത്തിയാല്‍ അവര്‍ സത്യവതികളാണോയെന്ന് പരിശോധിച്ചു നോക്കുക. അവരുടെ വിശ്വാസത്തെക്കുറിച്ച് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ അവിശ്വാസികളുടെ അടുത്തേക്ക് നിങ്ങളവരെ തിരിച്ചയക്കരുത്. കാരണം സത്യവിശ്വാസിനികള്‍ നിഷേധികള്‍ക്ക് അനുവദനീയമല്ല. അവര്‍ ഇവര്‍ക്കും അനുവദനീയരല്ല.” (ഖുര്‍ആന്‍: 60:10) അല്ലാഹുവിനെയും റസൂലിനെയും മാത്രം ലക്ഷ്യം വെച്ച് മദീനയിലെത്തിയ വനിതയെ മുശ്‌രിക്കുകള്‍ക്ക് തിരിച്ചുനല്‍കുക എന്നത് അതീവഗുരുതരമാണ്. അവരുടെ ഉദ്ദേശ്യശുദ്ധിയെ പറ്റി പരിശോധന നടത്തി അവരെ സ്വീകരിക്കുകയാണു വേണ്ടത് അള്ളാഹു അറിയിക്കുകയായിരുന്നു.



സത്യവിശ്വാസിനികളെ അവരുടെ ഉദ്ദേശം പരിശോധിച്ചു മനസ്സിലാക്കി കഴിഞ്ഞതിനു ശേഷം പിന്നെ അവരെ മദീനയിൽ വെറുതെ നടക്കുവാൻ അനുവദിക്കുകയല്ല ഇസ്ലാമും അല്ലാഹുവിന്റെ നിയമവും ചെയ്യുന്നത്. ഒരു സ്ത്രീ എന്ന നിലക്ക് അവൾക്ക് അവളുടെ സുരക്ഷിതമായ ജീവിതവുമായി മുന്നോട്ടു പോകുവാൻ പല കാര്യങ്ങളും ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ആൺ തുണ എന്നത്. ആൺ തുണയുടെ സാന്നിധ്യം ഇല്ലാതെ ഒരു സ്ത്രീക്ക് തന്റെ ജീവിതകാലം മുഴുവനും സന്തോഷപൂർവ്വം ജീവിക്കാൻ കഴിയില്ല. സ്ത്രീപക്ഷ വാദം, ഫെമിനിസം, വിപ്ലവ ചിന്ത തുടങ്ങിയവയെല്ലാം തലയിൽ കത്തിജ്വലിക്കുന്ന ഒരു കാലത്ത് ചില സ്ത്രീകൾ പുരുഷനെ ചോദ്യം ചെയ്യാൻ അവന്റെ ഇടപെടലുകളെ പുരുഷാധിപത്യം എന്ന് വിളിച്ച് അപഹസിക്കുന്നതും സ്ത്രീകളെ പുരുഷന്മാർ അടിമകളാക്കി വെക്കുകയാണ് എന്ന് പുലമ്പുന്നതും എല്ലാം ഒരു പ്രത്യേക പ്രായത്തിൽ ഉള്ളവർ മാത്രം ചെയ്യുന്നതാണ്. പ്രായമാകുമ്പോഴേക്കും പക്ഷേ അത് തിരിച്ചറിയും. കുട്ടിക്കാലത്ത് കൗമാരത്തിലേക്കും രക്തത്തുടിപ്പിന്റെ യൗവനത്തിലേക്കും കടക്കുന്നത് വരേക്കും പിതാവിന്റെയും സഹോദരങ്ങളുടെയും അവൾ തന്നെ പറയുന്ന പുരുഷാധിപത്യത്തിന്റെയും കൈകൾ അവൾക്ക് വേണം. പിന്നെ യൗവനം തുളുമ്പി നിൽക്കുന്ന കുറച്ചുകാലത്തേക്ക് മാത്രമാണ് ഫെമിനിസവും മറ്റും തലയിൽ കയറുന്നത്. അതാവട്ടെ തൻ്റെ അംഗലാവണ്യവും സൗന്ദര്യവും കണ്ട് പുരുഷലോകം മുഴുവനും മതി മറന്നിരിക്കുകയാണ് എന്ന ഒരു തെറ്റായ തോന്നൽ കാരണമാണ്. യൗവനം പടിയിറങ്ങാൻ തുടങ്ങുമ്പോഴേക്കും പിന്നെ സംരക്ഷിക്കുവാനും ചേർത്തുപിടിക്കുവാനും ആരെങ്കിലും ഇല്ലാതെ വന്നാൽ വലിയ ഭീതി മനസ്സിൽ ഉടലെടുക്കും. ഇതാണ് വസ്തുത. ആയതിനാൽ ഇസ്ലാം സ്ത്രീയെ ബഹുമാനിക്കുകയും അവളെ സഹായിക്കുകയും ചെയ്യുവാൻ വേണ്ടി അവൾക്ക് എപ്പോഴും എപ്പോഴും രക്ഷാകർത്താക്കൾ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇവിടെ വിശ്വാസത്തിന്റെ പേരിൽ സ്വന്തം നാടും കുടുംബവും വെടിഞ്ഞ് ഏകയായി എത്തിച്ചേർന്നിരിക്കുകയാണ് ഒരു സ്ത്രീ. അവൾക്ക് ഇനി മുന്നോട്ട് പോകാനുള്ള വഴിയൊരുക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ആ ചർച്ച ആരംഭിക്കുമ്പോൾ ആദ്യമേ പറയുന്നത് ആരോരുമില്ലാതെ വന്നു കയറിയ ഒരു പെണ്ണ് എന്ന നിലക്ക് എല്ലാവരും അവളെ ഒരു പൊതുസത്തായി കാണരുത് എന്നാണ്. അതുകൊണ്ട് അത്തരം സ്ത്രീകൾ നിങ്ങൾക്കോ നിങ്ങൾ അവർക്കോ ഒരു ബാധ്യതയും ഇല്ലാതെ അനുവദനീയമാവില്ല എന്ന് ആദ്യമേ പറഞ്ഞുവെക്കുന്നു.



അതേസമയം അവരെ വിവാഹത്തിലൂടെ സ്വന്തം ജീവിതത്തിലേക്ക് ചേർക്കാം അതിനെ മാന്യമായ വിവാഹ മൂല്യം നൽകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ അവരുടെ പൂർവ്വകാല ബന്ധം നിങ്ങൾ ഒരു അസ്വസ്ഥതയായി കരുതേണ്ടതില്ല എന്നും അല്ലാഹു സമാശ്വസിപ്പിക്കുന്നു ഇത്തരം സാഹചര്യത്തിൽ ഇത്തരം ഒരു സ്ത്രീയെ സ്വീകരിക്കുന്നത് സത്യവിശ്വാസികളുടെ ബാധ്യതയും കടമയും ആണ് എന്നത് പറയാതെ പറയുന്നുണ്ട് ഈ ആയത്ത്.



11. നിങ്ങളുടെ സഹധര്‍മിണിമാരിലാരെങ്കിലും അവിശ്വാസികളുടെയടുത്തേക്ക് പോയി വിനഷ്ടമാവുകയും പിന്നീട് ആ നിഷേധികളോട് നിങ്ങള്‍ പോരാടി ഗനീമത്ത് കിട്ടുകയും ചെയ്താല്‍ ആ വിനഷ്ട ഭാര്യമാര്‍ക്ക് ഭര്‍ത്താക്കള്‍ ചെലവുചെയ്തതിനുള്ള തുല്യസംഖ്യ അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വാസമര്‍പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക.



മുന്‍സൂക്തത്തില്‍ പറഞ്ഞതിന്റെ നേരെ മറുവശമാണിത്. അഥവാ ഒരു മുസ്‌ലിമിന്റെ സഹോദരിയോ ഭാര്യയോ മക്കയിലേക്ക് വിശ്വാസമുപേക്ഷിച്ച് തിരിച്ചുപോയി; പിന്നീട് മക്കക്കാരുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാവുകയും അതിൽ ഗനീമത്ത് കിട്ടുകയും ചെയ്താല്‍, ആ ഭര്‍ത്താവ് ഈ വിനഷ്ട സ്ത്രീക്കായി മഹ്‌റ് വകയിലും മറ്റും എന്തൊക്കെ ചെലവു ചെയ്തിരുന്നോ, അത് സമരാര്‍ജിത സമ്പത്തില്‍ നിന്നെടുത്ത് അയാള്‍ക്ക് നല്‍കണം-ചെറിയൊരു നഷ്ടപരിഹാരം.



12. നബീ, അല്ലാഹുവിന് ഒരു പങ്കാളിയെയും സ്ഥാപിക്കില്ല, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മക്കളെ കൊല്ലുകയോ ചെയ്യില്ല, ജാരസന്തതികളെ ഭര്‍ത്താക്കളിലേക്ക് ചേര്‍ത്തിപ്പറയില്ല, താങ്കളോട് ഒരു കാര്യത്തിലും അനുസരണരാഹിത്യം കാണിക്കില്ല, എന്നീ കാര്യങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ വന്നാല്‍ ആ ഉടമ്പടി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാമയനുമാകുന്നു.



സത്യവിശ്വാസത്തിന്റെ പേരിൽ മദീനയിലേക്ക് വരുന്ന വിശ്വാസിനികളായ സ്ത്രീകളെ പരിശോധിച്ച് ഉറപ്പുവരുത്തണം എന്നതാണ് മേൽ സൂക്തങ്ങളുടെ പൊതുവേയുള്ള ആശയം. അതിൻെറ പ്രവർത്തി രൂപമാണ് ഈ ആയത്തിൽ പറയുന്നത്. അത്തരം സ്ത്രീകളെ പരീക്ഷിച്ച് പരിശോധിച്ച് ഇവർ നല്ല മനസ്സുറപ്പോട് കൂടെ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുകയാണല്ലോ ചെയ്യേണ്ടത്. അതിന് ഈ ആയത്തിൽ പറയുന്ന രീതി അല്ലാതെ മറ്റൊന്നും പ്രത്യേകിച്ചും ആ കാലത്ത് നടക്കുമായിരുന്നില്ല. ഏറ്റവും പ്രധാനമായും ഉറപ്പുവരുത്തേണ്ടത് ഒരാളുടെ മനസ്സിന്റെ അകത്തിലെ തീരുമാനം ആണല്ലോ. അത് ബാഹ്യമായി ഒരാൾക്ക് ചെയ്യാൻ കഴിയുന്നതല്ല. ആയതിനാൽ ഈ ആയത്തിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും അത് നൂറു ശതമാനം അനുസരിക്കുവാൻ തയ്യാറാണോ എന്ന് ചോദിക്കുകയും തയ്യാറാണെന്ന് വന്നാൽ അത് ഒരു പ്രതിജ്ഞയാക്കി മാറ്റുകയും ആണ് വേണ്ടത്. ഏറ്റവും അടിസ്ഥാനപരമായ ആറു കാര്യങ്ങളാണ് ഈ ആയത്തിൽ പറയുന്നത് അതിൽ ഒന്നാമത്തേത് അല്ലാഹുവിൽ ഒരാളെയും ഒന്നിനെയും പങ്കുചേർക്കാതെ സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാൻ കഴിയുമോ എന്നതാണ്. അത് എല്ലാറ്റിന്റെയും അടിസ്ഥാനമാണ്. കറകളഞ്ഞ തൗഹീദിലേക്കുള്ള ചുവടാണ്. അതുകഴിഞ്ഞാൽ പിന്നെ മോഷണത്തെ സംബന്ധിച്ചാണ് പറയുന്നത്. ഇത് പറയുമ്പോൾ സ്ത്രീകൾ എല്ലാവരും മോഷണം ചെയ്യുന്നവരാവാനുള്ള സാധ്യതയുണ്ട് എന്ന് ഇത് അർത്ഥം ആക്കുന്നു എന്നു കരുതേണ്ടതില്ല. സ്ത്രീകൾ അവരുടെ സ്വതസിദ്ധമായ ഒളിയും മറയും മോഷണത്തിന് വേണ്ടി ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയെ ആയിരിക്കണം ഇവിടെ കാണുന്നത്. എൻെറ ജീവിതത്തിൽ ഞാൻ ഒരിക്കലും മോഷ്ടിക്കുകയില്ല എന്ന് മനസ്സാ പ്രതിജ്ഞ ചെയ്യാൻ ഒരു സ്ത്രീ തയ്യാറാണ് എങ്കിൽ മോഷണം എന്ന അതേ അർത്ഥത്തിൽ വ്യവഹരിക്കപ്പെടുന്ന കളവ്, വഞ്ചന, ചതി തുടങ്ങിയവയിൽ നിന്നെല്ലാം അവൾ ഇസ്ലാം അഭിലഷിക്കുന്നത് പോലെ മുക്തയായിരിക്കും. അതിനാൽ അതെല്ലാം അടങ്ങുന്ന വ്യവഹാരിക ലോകം ആയിരിക്കും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതു കഴിഞ്ഞാൽ പിന്നെ വ്യഭിചാരമാണ്. വ്യഭിചാരത്തിലേക്ക് എത്തിച്ചേരുവാനോ വിധേയയാക്കപ്പെടുവാനോ ഒക്കെയുള്ള സാധ്യത അവരുടെ ഭാഗത്ത് കൂടുതലാണ്. വ്യഭിചാരം എന്ന് പറയുന്നത് അധികവും പുരുഷന്റെ ധാർഷ്ട്യമാണ്. പക്ഷേ ആ ധാർഷ്ട്യത്തെ സ്ത്രീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ച് കാര്യങ്ങൾ വ്യത്യാസപ്പെടുന്നു. ഏത് പുരുഷന്റെ കാമത്തെയും ഒരു വാക്കു കൊണ്ടോ ഒരു നോക്കു കൊണ്ടോ നിഷ്പ്രഭമാക്കുവാൻ തന്റേടിയായ ഒരു പെണ്ണിന് കഴിയും.



നാലാമത് പറയുന്ന കാര്യം മക്കളെ കൊല്ലുന്നതാണ്. അക്കാലത്ത് വളരെ വ്യാപകമായി ഒന്നായിരുന്നു ഇത്. കുട്ടിയെ താൻ രക്ഷിക്കേണ്ടി വരുമല്ലോ എന്ന ഭീതി കാരണത്താൽ സ്വന്തം കുഞ്ഞിനെ പ്രത്യേകിച്ചും വഴിവിട്ട രീതിയിൽ ഉണ്ടായ കുഞ്ഞിനെ കൊന്നുകളയുന്ന സാഹചര്യം പുരാതന അറേബ്യയിൽ ഉണ്ടായിരുന്നു. സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നത് അധികവും ഇങ്ങനെയാണ്. അതേസമയം പുരുഷന്മാർ കൊന്നുകളഞ്ഞിരുന്നത് പെൺകുഞ്ഞുങ്ങളെ മാത്രമായിരുന്നു എന്നു മാത്രമല്ല അതുതന്നെ മാനഹാനി ഭയന്നുമായിരുന്നു. ഇപ്പോഴും അങ്ങനെ ഉണ്ട് എന്ന് കരുതുന്നതിൽ തെറ്റില്ല. ഭ്രൂണഹത്യ തുടങ്ങിയ സാങ്കേതിക കൊലപാതകങ്ങൾ ഈ ഇനത്തിൽ വരുന്നതാണ്. അടുത്തതായി പറയുന്ന കാര്യം ജാരസന്തതികളുടെ പിതൃത്വം ഭർത്താക്കന്മാരിൽ കെട്ടിവയ്ക്കുകയില്ല എന്ന പ്രതിജ്ഞക്ക് അവർ സന്നദ്ധരാണോ എന്ന് നോക്കുവാൻ ആണ്. ഇത് ലൈംഗിക അവിശുദ്ധി പുലർത്തുന്ന സ്ത്രീകളുടെ കാര്യത്തിൽ ഉണ്ടാകാവുന്ന ഒന്നാണ്. അതായത് വഴിവിട്ട മാർഗ്ഗത്തിലൂടെ ഗർഭിണിയായിത്തീരുന്ന ഒരു സ്ത്രീ അതിന്റെ പിതൃത്വം സ്വന്തം ഭർത്താവിന്റെ തലയിൽ കെട്ടിവെക്കുകയും ആ അർത്ഥത്തിൽ തൻ്റെ ജാരനുമായുള്ള ബന്ധത്തെ മറച്ചു പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ ആയത്തിൽ പറയുന്ന കാര്യങ്ങളിൽ ഇതുവരെ പറഞ്ഞതെല്ലാം വിശ്വാസം, വ്യവഹാരം, ദാമ്പത്യം എന്നിവയുടെ പവിത്രത ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുവാൻ ഈ സ്ത്രീ തയ്യാറാണോ എന്നത് പരിശോധിക്കുവാനുള്ള മാർഗങ്ങളാണ്. ഈ മാർഗ്ഗങ്ങൾ അവസാനിപ്പിക്കുമ്പോൾ അവസാനമായി അല്ലാഹു പറയുന്നത് അല്ലാഹുവിനോടും അല്ലാഹുവിന്റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയില്ല എന്ന പ്രതിജ്ഞയാണ്. അനുസരണ എന്നത് മതം താൽപര്യപ്പെടുന്ന ഏറ്റവും വലിയ ഒരു ഗുണമാണ്. പരമമായി അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വിശ്വാസികൾ കീഴ്പെടേണ്ടതുണ്ട്. അവരുടെ ബുദ്ധിയും അവരുടെ സാഹചര്യവും അവരോട് പലതും പറഞ്ഞേക്കാം. കാലം വികാസം പ്രാപിക്കുമ്പോൾ പുതിയ പുതിയ സൗകര്യങ്ങളുടെയും ശരികളുടെയും സങ്കേതങ്ങൾ രൂപപ്പെട്ടേക്കാം. അതിനെല്ലാം അനുസൃതമായി അതിലേക്കെല്ലാം തിരിയുകയല്ല സത്യവിശ്വാസികൾ ചെയ്യേണ്ടത്. സത്യവിശ്വാസികൾ പരിപൂർണ്ണമായി അല്ലാഹുവിലും അല്ലാഹുവിന്റെ റസൂലിലും സ്വയം സമർപ്പിതരായിരിക്കേണ്ടതുണ്ട്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം പുലർത്തും എന്ന് ഉറപ്പ് തരുവാൻ കഴിയുമോ എന്ന ചോദ്യമാണ് സത്യത്തിൽ പരിശോധന. ഈ പരിശോധനയിൽ അവർ സമ്മതം രേഖപ്പെടുത്തുകയാണ് എങ്കിൽ അതിനെ ഒരു ഉടമ്പടി ആക്കി മാറ്റുന്നു. ആ ഉടമ്പടി അവരും അല്ലാഹുവിന്റെ ദൂതനും തമ്മിലുള്ള ഉടമ്പടി ആയിരിക്കും.



ഈ ഉടമ്പടി വാക്കാലുള്ള ഉടമ്പടി മാത്രമാണ് അക്കാലത്തെ പ്രത്യേക സാഹചര്യം അനുസരിച്ച് അറബികളുടെ മനസ്സുറപ്പ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാവരുമായും ഇങ്ങനെ ഉടമ്പടിയിൽ ഏർപ്പെടുന്നത് നബിയുടെ ഒരു പൊതു സമീപന രീതിയായിരുന്നു. അതിൽ പുരുഷൻമാരുടെ ഉടമ്പടി ആകുമ്പോൾ സാധാരണഗതിയിൽ ഉണ്ടാകുന്നതുപോലെ കൈപിടിച്ച് ആണയിട്ടു കൊണ്ടാണ് ഉടമ്പടി ചെയ്യാറുള്ളത്. അതേസമയം സ്ത്രീകളു മായിട്ടാണെങ്കിൽ അത് വെറും വാക്കാൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് വ്യക്തമായി കാണാവുന്ന ഒരു ചരിത്ര ചിത്രമാണ് മക്ക വിജയത്തിന്റെ അന്നത്തെ അനുഭവം. മക്കാവിജയം പൂര്‍ണമായി കഴിഞ്ഞപ്പോള്‍ തിരുനബി(സ) ജനങ്ങളുമായി പ്രതിജ്ഞ ചെയ്തു. ആദ്യം ആണുങ്ങളുടെ ഊഴമായിരുന്നു; അതു കഴിഞ്ഞായിരുന്നു സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞ. ശിര്‍ക്കിന്റെയും ജാഹിലിയ്യത്തിന്റെയും പശ്ചാത്തലത്തില്‍ പ്രസക്തമായിരുന്ന ചില പ്രധാന കാര്യങ്ങളാണതില്‍ പരാമര്‍ശിച്ചത്. അക്കാര്യങ്ങള്‍ സമ്മതിച്ചു കഴിഞ്ഞാല്‍ നിന്നോട് ഞാനിതാ ബൈഅത്ത് ചെയ്തിരിക്കുന്നു എന്ന് പറയുകയാണ് നബി(സ) ചെയ്തിരുന്നത് എന്നും ഒരു സ്ത്രീയുടെയും കൈ നബി(സ) സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ആഇശ(റ) പറഞ്ഞിട്ടുണ്ട് (ബുഖാരി). മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്: സന്ധിയുടെ ഭാഗമായി താങ്കള്‍ ഞങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുന്നില്ലേ എന്ന് സ്ത്രീകള്‍ ചോദിക്കുകയും ഞാന്‍ സ്ത്രീകള്‍ക്ക് കൈ കൊടുക്കാറില്ല എന്ന് അവിടന്ന് പ്രതികരിക്കുകയും ചെയ്തു (അഹ്മദ്-മുസ്‌നദ്). ഇത്തരം സാഹചര്യത്തിൽ പോലും അന്യ സ്ത്രീകളുമായി സ്പർശന ഹസ്തദാനം ഇസ്ലാം അനുവദിക്കുന്നില്ല. നബി (സ) തിരുമേനി അങ്ങനെ എപ്പോഴെങ്കിലും ചെയ്തതായി ആർക്കും തെളിയിക്കാൻ ആവുകയുമില്ല. എന്നാൽ പരിഷ്കാരത്തോടൊപ്പം ഇസ്ലാമിനെ സ്വയം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ആധുനിക പണ്ഡിതന്മാരും രാജാക്കന്മാരും ചെയ്യുന്നത് അവരുടെ മാത്രം ഉത്തരവാദിത്വത്തിലാണ്. ഇസ്ലാമുമായി അതിനു ബന്ധമില്ല എന്ന് മാത്രമല്ല അതിന് കഴിയുകയുമില്ല.
o


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso