ടി എച്ച് ദാരിമി
ജീവിത പങ്കാളിക്ക് പല ഭാഷകളിലും പല വാക്കുകളാണ് ഉപയോഗിച്ചുവരുന്നത്. ഓരോ ഭാഷക്കാർക്കും തങ്ങളുടെ ഭാഷയിലെ പ്രയോഗമാണ് ശരി എന്ന് പറയുവാനും വാദിക്കുവാനും കൂടുതൽ വികാരം കാണും. അതൊക്കെ ന്യായീകരണങ്ങൾ മാത്രമാണ്. ഒരു ഭാഗം അനുകൂലമാകുമ്പോൾ മറ്റൊരു വശം പ്രതികൂലമാകും. നമ്മുടെ മലയാളത്തിലെ ഭാര്യ എന്ന വാക്ക് തന്നെ അതിനുദാഹരണമാണ്. പുരുഷന്റെ വിധേയ എന്നൊക്കെ അതിനർഥം കൽപ്പിക്കാം എങ്കിലും അവൾ ഭരിക്കപ്പെടുന്നവളും ഭരിക്കപ്പെടേണ്ടവളുമാണ് എന്ന ഒരു പ്രയാസപ്പെടുത്തുന്ന പ്രയോഗം അതിൽ നിന്നു പുറത്തുചാടുന്നുണ്ട്. അങ്ങനെ വിലയിരുത്തി വരുമ്പോൾ ഏറ്റവും അർഥപൂർണ്ണതയും ആശയ സമ്പന്നതയും ഉളള വാക്കും പ്രയോഗവും വിശുദ്ധ ഖുർആനിന്റെ സൗജ് എന്ന പ്രയോഗമാണ്. സൗജ് എന്നാൽ ഇണ എന്നാണ് അർഥം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭർത്താവ് ഭരിക്കുന്നവനുമെന്ന ധാരണക്ക് ഇണകൾ എന്നർഥം വരുന്ന പാരസ്പര്യത്തിന്റെ ഉൾക്കനമുള്ള സൗജ് എന്ന പദത്തെ പകരം വെക്കുകയാണ് ഖുർആൻ. അതോടെ സ്ത്രീ-പുരുഷന്മാര്‍ പരസ്പര പൂരകവും പരസ്പര സഹായകവുമായ പങ്കാളികളായിക്കൊണ്ടുള്ള, ഇണ-തുണയെന്ന നിലക്കുള്ള ഉദാത്ത സങ്കല്‍പ്പം ഉടലെടുക്കുന്നു. പാരസ്പര്യമാണ് അതിന്റെ അകംപൊരുള്‍. അടിച്ചമര്‍ത്തലോ, തല്‍സ്വഭാവത്തിലുള്ള മേധാവിത്തമോ ഈ പാരസ്പര്യത്തിൽ ഉണ്ടാകുകയില്ല. വിശുദ്ധ ഖുർആൻ ഭാര്യ- ഭർത്താക്കൻമാരെ വസ്ത്രങ്ങളായും വിശേഷിപ്പിക്കുന്നുണ്ട്. (2: 187).
പക്ഷേ എല്ലാ ഭാര്യമാരെയും അഥവാ ജീവിതപങ്കാളികളെയും ഇണ എന്ന അർത്ഥമുള്ള സൗജ് എന്ന് ഖുർആൻ പ്രയോഗിക്കുന്നില്ല. ഇത് ഖുർആനിന്റെ അമാനുഷികതയുടെ ഒരു തെളിവ് കൂടിയാണ് എന്ന് പഠനങ്ങൾ പഠനങ്ങൾ പറയുന്നു. പുരുഷനും സ്ത്രീയും തമ്മിൽ എല്ലാ അർത്ഥത്തിലും ഉള്ള സംയോജനം ഉണ്ടാകുന്ന ബന്ധങ്ങളിലെ സ്ത്രീയെ മാത്രമാണ് ഖുർആൻ സൗജ് എന്ന് വിളിക്കുന്നതും ശരിയായ ജീവിത പങ്കാളിയായി പരിഗണിക്കുന്നതും. അല്ലാത്തവരെ വെറും പെണ്ണ് എന്നാണ് ഖുർആനിന്റെ പ്രയോഗം. ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടായിരിക്കണം എന്ന് വിശുദ്ധ ഖുർആൻ പരിഗണിക്കുന്ന ഈ യോജിപ്പിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിഗണിക്കുന്നത്. അവയിൽ ഒന്ന് ഭാര്യയും ഭർത്താവും ആശയതലത്തിൽ പൊരുത്തം ഉണ്ടാവുക എന്നതാണ്. അഥവാ രണ്ടുപേരും ഒരേ ആദർശത്തെ പിന്തുടരുന്നവർ ആയിരിക്കുക എന്നത്. ഈ യോജിപ്പിൽ പരിഗണിക്കുന്ന മറ്റൊരു കാര്യം കുടുംബനാഥനായ പുരുഷന് ഈ ഭാര്യയിലോ തന്റെ മറ്റേതെങ്കിലും ഭാര്യമാരിലോ മക്കൾ ഉണ്ടായിരിക്കുക എന്നത്. അഥവാ പുരുഷന് പ്രത്യുൽപാദന ശേഷി ഉണ്ടായിരിക്കുക എന്നത്. ഇത്തരം വിഷയങ്ങളിൽ പരിപൂർണ്ണമായ യോജിപ്പ് ഉണ്ടാകുമ്പോൾ മാത്രമാണല്ലോ ഒരാളും ഒരു പെണ്ണും ശരിക്കും പരസ്പരം ലയിച്ച് ചേർന്ന് ഒന്നായി തീരുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും നേരിട്ട് കുടുംബം എന്ന നൗക വിജയത്തിന്റെ കരയിൽ എത്തിക്കുവാൻ അവർക്ക് കഴിയുക അപ്പോൾ മാത്രമാണ്. അല്ലാതെ വരുമ്പോൾ ആ ബന്ധത്തിൽ പെണ്ണിന്റെ റോൾ കേവലം ഒരു ലൈംഗിക ഉപകരണം എന്നത് മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ട് ഖുർആൻ അവളെ പെണ്ണ് എന്ന മാത്രം വിളിച്ച് അതിൽ ഒതുക്കുന്നു. ഇത് പരിശുദ്ധ ഖുർആനിന്റെ അമാനുഷികതകളിൽ പെട്ട ഒരു അധ്യായമാണ്.
ഉദാഹരണങ്ങൾ പരിശോധിക്കാം. മനുഷ്യകുലത്തിലെ ആദ്യത്തെ കുടുംബം തന്നെയാണ് ആദ്യത്തെ ഉദാഹരണം. അതിലെ ആദം നബിയുടെയും ഹവ്വ ബീവിയുടെയും കുടുംബത്തിലെ ഇണയെ വിശുദ്ധ ഖുർആൻ സൗജ് എന്ന് തന്നെയാണ് വിളിക്കുന്നത്. അല്ലാഹു പറയുന്നു: ആദമിനോട് നാം അരുളി: താങ്കളും സഹധര്‍മിണിയും സ്വര്‍ഗത്തില്‍ വസിക്കുകയും അതില്‍ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷവുമായടുക്കരുത്; അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും. (2:35) ഇവിടെ രണ്ടു പേർക്കുമിടയിൽ പരിപൂർണ്ണമായ പൊരുത്തവും യോചിപ്പും ഉണ്ടായിരുന്നു. മാത്രമല്ല, ആദം നബിക്ക് മക്കൾ ജനിക്കുകയും ചെയ്തിരുന്നു. ഈ സംബോധന നടക്കുന്നത് ഭൂമി ലോകത്ത് എത്തുന്നതിനു മുമ്പാണ്. മറ്റൊരു ഉദാഹരണം നബി (സ) തങ്ങളുടെതാണ്. നബിയുടെ ഭാര്യമാരെ കുറിച്ച് പറയുമ്പോൾ വിശുദ്ധ ഖുർആൻ സൗജ് എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം, നബി(സ) തങ്ങളും ഭാര്യമാരും തമ്മിൽ സമ്പൂർണ്ണമായ പൊരുത്തങ്ങൾ ഉണ്ടായിരുന്നു. നബി തങ്ങൾക്ക് അവരിൽ രണ്ടു ഭാര്യമാരിൽ ഭാര്യമാരിൽ (ഖദീജ, മാരിയ (റ)) കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. സൂറത്തുൽ അഹ്സാബിൽ അല്ലാഹു പറയുന്നതിൽ നിന്ന് ഇത് ഗ്രഹിക്കാം. ഖുർആൻ പറയുന്നു: സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാല്‍ സമീപസ്ഥരാണ് നബി തിരുമേനി; പ്രവാചക പത്‌നിമാര്‍ അവരുടെ ഉമ്മമാരുമത്രേ. (33: 6) ഇവിടെ അല്ലാഹു സൗജ് എന്ന വാക്കാണ് പ്രയോഗിക്കുന്നത്.
അപ്രകാരം തന്നെ ശരിക്കും ഒരു കുടുംബം രൂപപ്പെടേണ്ടത് ആണും പെണ്ണും ചേർന്നല്ല ആണും ഇണയും ചേർന്നാണ് എന്ന് അള്ളാഹു ദ്യോതിപ്പിക്കുന്നതും കാണാം. ഉദാഹരണമായി വിവാഹത്തെക്കുറിച്ച് അല്ലാഹു പറയുന്നിടത്ത്, നിങ്ങൾക്ക് അനുഗ്രഹമായി തന്നിരിക്കുന്നതും ഉണ്ടാവേണ്ടതും സൗജ് ആണ് അല്ലാതെ ഇംറ അത്ത് അല്ല എന്നത് ഖുർആനിന്റെ ധ്വനിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഉദാഹരണമായി അല്ലാഹു സൂറത്തു റൂമിൽ ഇരുപത്തി ഒന്നാമത്തെ സൂക്തത്തിൽ പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച. (30: 21) ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സൗജ് എന്ന വാക്കാണ്. അപ്രകാരം തന്നെ സത്യവിശ്വാസികളെ തങ്ങളുടെ കുടുംബത്തിനും സന്തതികൾക്കും വേണ്ടി നടത്തേണ്ട ഒരു പ്രാർത്ഥന അള്ളാഹു പഠിപ്പിക്കുന്നുണ്ട്. സൂറത്ത് അൽ ഫുർഖാൻ എഴുപത്തിനാലാമത്തെ ആയത്തിലാണ് അത്. അല്ലാഹു പറയുന്നു: നാഥാ സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങള്‍ക്കു നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍. (25: 74) ശരിയായ സത്യവിശ്വാസിയുടെ ലക്ഷണമാണിത്. ഭാര്യമാരും മക്കളുമൊക്കെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നിദര്‍ശനങ്ങളും സ്രോതസ്സുകളുമാകണം എന്നും ഏറ്റവും മാതൃകായോഗ്യമായ ജീവിതത്തിന്റെ ഉടമകളാകണം എന്നും അവര്‍ നിരന്തരമായി ആഗ്രഹിക്കുക എന്നതും അതിനായി പ്രാര്‍ഥിക്കുക എന്നതും ഉണ്ടാവണമെങ്കിൽ അതിനുള്ള പ്രചോദനം മനസ്സിൽ നിന്ന് തന്നെ വരണം. അതിന് ദമ്പതികൾക്കിടയിൽ നല്ല മനപ്പൊരുത്തം ഉണ്ടാകുകയും വേണം.
പിടികൂടിയത് ചരിത്രം പറയുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (66: 10)
ഇപ്രകാരം തന്നെ ഈജിപ്ത് ഭരിച്ചിരുന്ന രാജാവിന്റെ പത്നിയെ സൂറത്ത് യൂസഫിൽ പെണ്ണ് എന്നാണ് പറയുന്നത്: പട്ടണത്തിലെ ചില കുലീന മഹിളകള്‍ പറഞ്ഞു: അസീസിന്റെ പെണ്ണ് ഭൃത്യനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്; പ്രേമംകൊണ്ട് അവന്‍ അവളുടെ മനം കവര്‍ന്നിരിക്കുന്നു. (12:30) അതിന്റെ കാരണം അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല എന്നതാവാം എന്ന് ചരിത്രങ്ങളിൽ അനുമാനമുണ്ട്. അല്ലെങ്കിൽ അവർക്കിടയിൽ മനപ്പൊരുത്തത്തിന്റെ കുറവും ഉണ്ടായേക്കാം. ഏതായിരുന്നാലും പരിപൂർണ്ണ അർത്ഥത്തിലുള്ള, പരസ്പരം മനസ്സുകൾ വിലയും പ്രാപിക്കുന്ന തരത്തിലുള്ള ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നിട്ടില്ല എന്നതായിരിക്കാം ഇതിനു കാരണം. ഇവിടെ വിശുദ്ധ ഖുർആനിന്റെ പ്രയോഗത്തിൽ മറ്റൊരു സന്ദേഹം സ്വാഭാവികമാണ്. അത് ഇമ്രാനിന്റെ ഭാര്യയെ കുറിച്ച് പെണ്ണ് എന്നാണല്ലോ ഖുർആൻ പ്രയോഗിക്കുന്നത്, അതേസമയം ഇമ്രാനും അദ്ദേഹത്തിന്റെ പത്നി ഹന്നത്ത് ബീവിയും ഒരേ ആദർശക്കാരും പരസ്പരം മനപ്പൊരുത്തം ഉള്ളവരും ആയിരുന്നു. അവർക്കാണെങ്കിലോ മറിയം എന്ന കുഞ്ഞ് ജനിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ നേരത്തെ പറഞ്ഞ ആശയമനുസരിച്ച് ഇമ്രാനിന്റെ ഭാര്യയെ ഇണ എന്നു തന്നെയാണല്ലോ വിളിക്കേണ്ടത്. പക്ഷേ എന്നിട്ടും പെണ്ണ് എന്ന് എന്തുകൊണ്ടാണ് വിളിച്ചിരിക്കുന്നത് എന്ന്. ഇതിന്റെ ഉത്തരം പരതുമ്പോൾ നാം എത്തിച്ചേരുക ഇമ്രാന്റെ മരണത്തിലാണ്. അതായത് കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഇമ്രാൻ മരണപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം. ഈ കുഞ്ഞിനെ ബൈത്തുൽ മുഖദ്ദസിലേക്ക് മാതാപിതാക്കൾ നേർച്ച ചെയ്തതായിരുന്നുവല്ലോ. അവിടെ ആരാണ് കുഞ്ഞിനെ സംരക്ഷിക്കുക എന്നത് ഒരു ചർച്ചാവിഷയം ആയതും അവസാനം നറുക്കെടുപ്പിലൂടെ സക്കറിയ നബി അത് ഏറ്റെടുത്തതും വിശുദ്ധ ഖുർആൻ തന്നെ മറിയം സൂറത്തിൽ പറയുന്നുണ്ട്.
ഈ പറഞ്ഞു വരുന്ന വിഷയം അതിന്റെ പൂർണമായ ആശയം പ്രകടിപ്പിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന സംഭവം സക്കരിയ നബിയുടെ ചരിത്രമാണ്. ഇസ്രയേൽ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്ന സക്കരിയ നബി അവരുടെ പ്രധാന പുരോഹിതനായിരുന്നു. അദ്ദേഹത്തിന് മക്കൾ ഉണ്ടായിരുന്നില്ല. മക്കളില്ലാത്ത വിഷമം അദ്ദേഹത്തെ വല്ലാതെ അലട്ടിയപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന രംഗം ഖുർആനിൽ കാണാം അല്ലാഹു പറയുന്നു: അദ്ദേഹം ബോധിപ്പിച്ചു: നാഥാ എന്റെ അസ്ഥികള്‍ ദുര്‍ബലമാവുകയും തല നരച്ചുവെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാര്‍ത്ഥന നടത്തിയിട്ട് ഇന്നോളം ഞാന്‍ ഭാഗ്യശൂന്യനായിട്ടില്ല നാഥാ. വഴിയെ വരാനുള്ള ബന്ധുക്കളെക്കുറിച്ച് എനിക്ക് പേടിയുണ്ട്. എന്റെ സഹധര്‍മിണിയാണെങ്കില്‍ വന്ധ്യയാണ്. അതിനാല്‍ നിന്റെയടുത്ത് നിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ! രക്ഷിതാവേ അവനെ സര്‍വര്‍ക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ! (12:6). ഇവിടെ അദ്ദേഹം ഇംറ അത്ത് അഥവാ പെണ്ണ് എന്നാണ് പ്രയോഗിക്കുന്നത്. അദ്ദേഹവും ഭാര്യയും പരിപൂർണ്ണമായും മനപ്പൊരുത്തം ഉള്ളവർ തന്നെയായിരുന്നു. പക്ഷേ അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അത് അവരുടെ ജീവിതത്തിന് ഒരുതരം അപൂർണ്ണത ഉണ്ടാക്കി. മനസ്സിൽ തട്ടിയുള്ള സകരിയ നബിയുടെ ഈ പ്രാർത്ഥന അള്ളാഹു കേട്ടു. അതിനുള്ള ഉത്തരമായി അള്ളാഹു ചെയ്ത ദാനമായിരുന്നു യഹ്യാ നബി. യഹ് യാ നബിയുടെ ജനനത്തിനുശേഷം പിന്നീട് സക്കറിയ നബിയുടെ ഭാര്യയെ കുറിച്ച് പറയുന്നിടത്ത് സൗജ് എന്നാണ് പ്രയോഗിക്കുന്നത് എന്നു കാണാം. അല്ലാഹു പറയുന്നു: തന്റെ നാഥനോട് സകരിയ്യാ നബി (സന്താനത്തിനായി) ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും അനുസ്മരിക്കുക: എന്റെ രക്ഷിതാവേ എന്നെ ഏകനാക്കി നീ വിടരുതേ; അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റം ഉദാത്തന്‍ നീയാണല്ലോ. തത്സമയം തനിക്കു നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യായെ കനിഞ്ഞേകുകയും അതിനു സഹധര്‍മിണിയെ യോഗ്യയാക്കുകയുമുണ്ടായി. നിശ്ചയം അവര്‍ ശ്രേഷ്ഠ കര്‍മങ്ങള്‍ക്ക് തത്രപ്പെടുകയും ആശിച്ചും ആശങ്കിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നവരായിരുന്നു. (21:89). ഇവിടെ അസ്ലഹ്നാ ലഹു സൗജഹു അതിന് അദ്ദേഹത്തിന്റെ സഹധർമ്മിണിയെ നാം യോഗ്യയാക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഒരു പെണ്ണിനെ ശരിക്കും ഇണ എന്ന് വിളിക്കുവാൻ യോഗ്യമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട് എന്നും അവ പരിപൂർണ്ണമായ അർത്ഥത്തിൽ സക്കറിയ നബിയുടെ ഭാര്യക്ക് ആദ്യം ഉണ്ടായിരുന്നില്ല എന്നും മകൻ ജനിച്ചതോടെ കൂടെ അത് ഉണ്ടായി എന്നും അതോടെ അവർ സൗജ് എന്ന് എന്ന് വിളിക്കുവാൻ യോഗ്യയായി എന്നുമെല്ലാം ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ചുരുക്കത്തിൽ കുടുംബം എന്നത് പരസ്പര ലയനമാണ്. ആ ലയനം സാധ്യമാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് പ്രവാചക സുൽത്വാന്റെ ജീവിതം. മനോഹരവും മനോജ്ഞവുമായിരുന്നു പ്രവാചക സുൽത്വാന്റെ കുടുംബജീവിതം. സംതൃപ്തവും സന്തുഷ്ടവുമായ ആ കുടുംബ ജീവിത വഴിയിലൂടെ മഹോന്നതനായ മണവാളനോടൊപ്പം കണ്ടും കേട്ടും നടക്കുമ്പോൾ സ്നേഹം, സന്തോഷം, കാരുണ്യം, സ്വാന്തനം, അംഗീകാരം, പരിഗണന, ചിലപ്പോൾ ഗൗരവവും എല്ലാം കാണാം, കേൾക്കാം.
ആദ്യ രംഗം കാണാൻ നമുക്ക് ഹിജ്റ രണ്ടിൽ ബദർ യുദ്ധത്തിൽ പിടികൂടപ്പെട്ട തടവുകാരിൽ നിന്ന് മോചനദ്രവ്യം വാങ്ങിക്കൊണ്ടിരിക്കുന്ന നബി(സ) യുടെ മുമ്പിലേക്ക് പോകാം. അവിടേക്ക് ഇപ്പോൾ കടന്ന് വരുന്നത് മക്കയിലെ പ്രധാനി അബുൽ ആസ്വ് ബിൻ റബീഇന്റെ സഹോദരനാണ്. നബിക്ക് അബുൽ ആസ്വ് മരുമകൻ കൂടിയാണ്. തന്റെ മൂത്തമകൾ സൈനബിന്റെ ഭർത്താവ്. മാത്രമല്ല തന്റെ പ്രഥമ പ്രിയതമ ഖദീജാ ബീവിയുടെ സഹോദരി ഹാലയുടെ മകനും. പക്ഷെ, കക്ഷി ബദറിൽ ശത്രുപക്ഷത്തായിരുന്നു. അതിനാൽ മോചനദ്രവ്യം നൽകിയേ തീരൂ. അതുകേട്ട് മോചനദ്രവ്യവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ. സഹോദരൻ വിലപിടിപ്പുള്ള ഒരു മാല നീട്ടി. അതു കണ്ടതും നബി(സ) അതിലേക്ക് നോക്കി നിന്നു പോയി. അതു തന്റെ എല്ലാമെല്ലാമായിരുന്ന ഖദീജയുടെ മാലയായിരുന്നു. കല്യാണ സമയത്ത് ഉമ്മ മകൾക്ക് സമ്മാനിച്ച സ്വന്തം മാല. ആ മാല ധരിച്ചു നിൽക്കുന്ന മക്കത്തെ രാജ്യത്തിയായിരുന്ന തന്റെ പ്രിയതമ ഒരു നിമിഷം മനസ്സിൽ തെളിഞ്ഞപ്പോൾ നബി(സ) ഗദ്ഗദകണ്ഠനായി. കണ്ടു നിന്നവർക്കെല്ലാം ആ സ്നേഹവികാരം വായിച്ചെടുക്കാനായി. തന്റെ പ്രിയതമയോടുള്ള സ്നേഹത്താൽ വിതുമ്പുന്ന നബി(സ)ക്ക് പിന്നെ അവരെല്ലാം സമ്മതം കൊടുത്തു മോചനദ്രവ്യം വാങ്ങാതെ തന്നെ അബുൽ ആസ്വിനെ തുറന്നുവിടാൻ. മരിച്ചു പിരിഞ്ഞിട്ടും മുറിഞ്ഞിട്ടില്ലാത്ത ആ സ്നേഹച്ചൂട് നബി മനസ്സിനേ കാണൂ.
ഇനി സന്തോഷത്തിന്റെ ഒരു വേറിട്ട രംഗം. അതു കാണാൻ നബി(സ്വ)യുടെ വാതിലിൽ മുട്ടുന്ന അബൂബക്കർ(റ)വിന്റെ ഒപ്പം കൂടാം. അദ്ദേഹം മകളെ കാണാൻ വന്നതാണ്. പക്ഷെ, ഇക്കുറി വന്നപ്പോൾ വാതിലിൽ മുട്ടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് അകത്തു നിന്ന് ചില ആസ്വാരസ്യങ്ങൾ അനുഭവപ്പെട്ടു. അകത്ത് രണ്ട് പേരും ശണ്ഠയിലാണ്. ശ്രദ്ധിച്ചപ്പോൾ മകളുടെ ശബ്ദം തെല്ലുയർന്നു കേൾക്കുന്നുണ്ട്. അതോടെ അദ്ദേഹത്തിന് പിന്നെ പിടിച്ചു നിൽക്കാനാവുന്നില്ല. തന്റെ നബിയുടെ മുമ്പിൽ ആരും ശബ്ദമുയർത്തുന്നത് അദ്ദേഹത്തിന് ക്ഷമിക്കാനും സഹിക്കാനുമാകില്ല. അതുകൊണ്ടാണ് ഇങ്ങനെ തെല്ലുച്ചത്തിൽ മുട്ടുന്നത്. വാതിൽ അതാ തുറക്കപ്പെട്ടു. ദേഷ്യത്തോടെ അദ്ദേഹം മകൾക്കു നേരെ കയ്യോങ്ങി അടുത്തു. എന്റെ ഹബീബിന്റെ മുമ്പിൽ നീ ശബ്ദമുയർത്തുകയോ എന്ന ഭാവത്തിൽ. പക്ഷെ ഞൊടിയിടൽ മരുമകൻ ഇടയിൽ കയറിനിന്നു. അവളെ തല്ലരുത് എന്നായിരുന്നു മരുമകൻ നബിയുടെ ശരീരഭാഷ. നബി(സ്വ) തടഞ്ഞാൽ പിന്നെ കലിയടങ്ങാതെ വയ്യ. തലയും താഴ്ത്തി അദ്ദേഹം പുറത്തേക്ക്. പോകും വഴി അദ്ദേഹത്തിന് ഒരു സന്ദേഹം, രണ്ടാളും പിന്നെയും തുടങ്ങിയിട്ടുണ്ടാകുമോ ശണ്ഠ ?. തിരിച്ചു വീണ്ടും വാതിൽക്കലെത്തി. ശ്രദ്ധിച്ചപ്പോൾ അകത്ത് ചിരിയും തമാശയും !. വീണ്ടും വാതിൽ മുട്ടി. കടക്കുമ്പോൾ തന്നെ പറയുകയാണ്, നേരത്തെ നിങ്ങളുടെ പിണക്കത്തിൽ കൂട്ടിയതുപോലെ എന്നെ ഇണക്കത്തിലും കൂട്ടുക. ഇപ്പോൾ കേൾക്കുന്നത് മൂന്നു ചിരികളാണ്.
എന്നെ അങ്ങയുടെ ഭാര്യ ഹഫ്സ്വ ജൂതപ്പെണ്ണ് എന്ന് അധിക്ഷേപിച്ചു വിളിച്ചു; മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയോട് കാര്യം തിരക്കിയപ്പോൾ അവർ നബിയോട് അഥവാ മാരനോട് പറഞ്ഞു. പറയാൻ കാരണമുണ്ട്. ഖൈബറിലെ ജൂതരുടെ നേതാവായ ഹുയയ്യിന്റെ മകളാണ് അവർ. ഹിജ്റ ഏഴിൽ ഖൈബർ യുദ്ധാനന്തരമായിരുന്നു നബി(സ)യുടെ ജീവിതത്തിലേക്ക് അവർ കടന്നുവന്നത്. നബിക്ക് അവരോട് വലിയ സ്നേഹമായിരുന്നു. രണ്ടു പേരും എന്തെങ്കിലും പോര് പറയുന്നതിനിടയിൽ ഹഫ്സ്വ ബീവി അങ്ങനെ വിളിച്ചതായിരിക്കാം. എന്തായാലും അത്തരമൊരു അധിക്ഷേപം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതാണ് ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്. നബി(സ) നിർമ്മലമായി ചിരിച്ചടുത്തുചെന്നു. എന്നിട്ട് പറഞ്ഞു: നീ അതിൽ വിഷമിക്കേണ്ട, നീ ഒരു പ്രവാചകന്റെ (ഹാറൂൻ നബിയുടെ) മകളാണ്. നിന്റെ പിതൃവ്യൻ (മൂസാ നബി) ഒരു പ്രവാചകനാണ്. നീ ഒരു പ്രവാചകന്റെ(എന്റെ) പത്നിയുമാണ്. ഏതധിക്ഷേപത്തെയും നേരിടാൻ കഴിവുള്ള ഒരു മറുപടി ന്യായം കിട്ടിയപ്പോൾ സ്വഫിയ്യാ ബീവി(റ)യുടെ മുഖത്ത് ചിരി വിരിഞ്ഞു. ഇത് ആ മണവാളന്റെ സാന്ത്വന മസൃണമനസ്സ്.
സൗദാ ബീവി കുറച്ചുനാളായി അസ്വസ്ഥയാണ്. നബി(സ) തന്നെ ഒഴിവാക്കിയേക്കുമെന്നുളള ഒരു കിംവദന്തി കേട്ടതാണ് കാരണം. അങ്ങനെ ഒഴിവാക്കുകയാണെങ്കിൽ അതിൽ അൽഭുതപ്പെടാനൊന്നുമില്ല. അറബികളുടെ സംസ്കാരത്തിൽ അതു പതിവാണ്. പിന്നെ തനിക്കാണെങ്കിൽ അറുപതു കഴിഞ്ഞു. ലൈംഗിക തൃഷ്ണയൊന്നും ഒട്ടുമില്ല. പക്ഷെ, നബിയുടെ ഭാര്യയായി വിശ്വാസികളുടെ മാതാവായി മരിക്കണം എന്ന മോഹം കലശലാണ്. അതാണ് അസ്വസ്ഥതയുടെ കാരണം. ഇതിൽ നിന്നും പുറത്തുകടക്കാൻ അവർ നബിയുടെ മുമ്പിലെത്തി മനസ്സു തുറന്നു. നബിയേ, അങ്ങയുടെ പത്നിയായി മരിക്കണമെന്നേ എനിക്കുള്ളൂ. അതിനാൽ എന്റെ രാവ് ഞാൻ ആയിഷാക്ക് ദാനം ചെയ്യുകയാണ്. സൗദാ ബീവിയോടുള്ള അനുതാപം, ആയിഷാ ബീവിയോടുള്ള അഭിനിവേശം രണ്ടും ഒത്തുചേർന്നപ്പോൾ നബി(സ)യിലെ സഹൃദയൻ തീരുമാനം മാറ്റി. ആ ഹദ്‌യ സ്വീകരിക്കാൻ അല്ലാഹു ആകാശമേലാപ്പിൽ നിന്നും ഉത്തരവുമിറക്കിയല്ലോ (അന്നിസാഅ്: 128). ഇതു അവരുടെ കാരുണ്യം.
വാതിൽ ആരോ മുട്ടി. തുറന്നു നോക്കുമ്പോൾ ഉമ്മുസലമ(റ)യുടെ ഭൃത്യയാണ്. കയ്യിൽ ഒരു പാത്രം. അലീസയാണ്. നബിക്ക് ഉമ്മു സലമ (റ) കൊടുത്തയച്ചിരിക്കുകയാണ്. അതു കണ്ടതും ആയിഷാ ബീവിക്ക് ചൂടു കയറി. അവർ എഴുനേറ്റതും പാത്രത്തിനൊരു തട്ടു വെച്ചു കൊടുത്തതും ഒന്നിച്ചായിരുന്നു. പാത്രം വീണു പൊട്ടിച്ചിതറി. ഭക്ഷണം മുറിയിലാകെ പരന്നു. നബി(സ) തികച്ചും പ്രകോപനപരമായ ആ രംഗത്തിന് സാക്ഷിയാണ് അവിടെയുണ്ട്. പക്ഷെ നോക്കൂ അവർ പൊട്ടിത്തെറിക്കുന്നില്ല. തീയിൽ എണ്ണ പാരുന്നില്ല. മെല്ലെ എഴുനേറ്റ് വന്ന് ഭക്ഷണ- പാത്ര ശകലങ്ങൾ പെറുക്കിക്കൂട്ടുമ്പോൾ ഭൃത്യയോടെന്നോണം പറയുകയാണ്: നിങ്ങളുടെ ഉമ്മ കോപിച്ചിരിക്കുന്നു... അതോടെ ആ തീ അവിടെ അമർന്നു. ഇത് ഭാര്യക്ക് ഭർത്താവ് കൽപ്പിക്കുന്ന അംഗീകാരം.
സ്വഫിയ്യാ ബീവിയുമായി എന്തോ സംസാരത്തിലാണ് നബി(സ). സംസാരം നീണ്ടു. നേരം ഇരുട്ടിത്തുടങ്ങി. വൈകിയപ്പോൾ അവരെ വീട്ടിലെത്തിച്ചു കൊടുക്കാം എന്നു കരുതി അങ്ങനെ രണ്ടു പേരും നടക്കുകയാണ്. പെട്ടന്ന് രണ്ടാളുകൾ അവരെ കടന്നുപോയി. അവർ ഒന്നു തിരിഞ്ഞു നോക്കി. നബിയാണ് എന്നു മനസ്സിലായതും അവർ അവരുടെ വഴി തുടർന്നു. നബിയോടൊപ്പമുളള സ്ത്രീ ആരായാലും അവർക്ക് ഒന്നുമില്ല. ആരും ഒന്നും സംശയിക്കില്ല. അവർക്ക് നബി അത്ര വിശ്വസ്തനാണ്. പക്ഷെ, നബി ഓർത്തു. അവർക്ക് ഇപ്പോൾ സംശയം ഒന്നുമുണ്ടാവില്ല. പക്ഷെ, പിന്നീട് എന്തെങ്കിലും സംസാരങ്ങൾ ഉണ്ടായാൽ അവർ ഇതു തെറ്റായി കൂട്ടിവായിച്ചേക്കാം. ഉടനെ അവരെ രണ്ടു പേരെയും വിളിച്ച് നബി(സ്വ) പറഞ്ഞു: എന്റെ ഒപ്പമുളളത് എന്റെ ഭാര്യ സ്വഫിയ്യയാണ് .. ഇത് കുടുംബനാഥന്റെ കരുതൽ.
സന്ധി ഒപ്പിട്ടു. ഇനി മുടി കളഞ്ഞ് ഫിദ് യ അറുത്ത് മടക്കം. അടുത്ത വർഷം ഇതേ കാലം വരാം. ഉംറ ചെയ്യാം. പക്ഷെ, സഹാബിമാർക്കെല്ലാം ഉള്ള് നിറയെ പ്രതിഷേധമുണ്ട്. ഈ സന്ധി ഏകപക്ഷീയവും അനീതിപരവുമാണ് എന്നവർ കരുതുന്നു. സ്വഹാബിമാർ പ്രതിഷേധക്കൊടി ഉയർത്തിയതൊന്നുമില്ല. പക്ഷെ, അവരോട് മുടി കളയാൻ പറഞ്ഞതോടെ അവരാരും മുടി കളയാതെ പ്രതിഷേധം കാട്ടി. ഇത് നബിക്കും വിഷമമായി. ആ വിഷമം നബി(സ) ഒപ്പമുളള പത്നി ഉമ്മു സലമ(റ) യോട പങ്കുവെച്ചു. അവർ ഒരു പരിഹാരം പറഞ്ഞുകൊടുത്തു. നബിപത്നിമാരിലെ ഏറ്റവും വലിയ ബുദ്ധിമതി അവരായിരുന്നുവല്ലോ. അവർ പറഞ്ഞു: അങ്ങ് ടെന്റിൽ നിന്നും പുറത്തിറങ്ങി പരസ്യമായി മുടി മുണ്ഡനം ചെയ്യുക, അപ്പോൾ അവർക്കങ്ങനെ ചെയ്യാതിരിക്കുവാൻ കഴിയില്ല, അതു ചെയ്തു. അതോടെ അങ്ങനെ എല്ലാവരും ചെയ്യുകയും ചെയ്തു. അതും പ്രിയതമക്കുളള അംഗീകാരം.
ആ കുടുംബ ജീവിതത്തിൽ അങ്ങനെയെത്ര രംഗങ്ങളും മുഹൂർത്തങ്ങളും. ഈ കടുംബനാഥനെ കുടുംബ ജീവിതത്തിന്റെയും സുൽത്വാനാക്കി മാറ്റുകയായിരുന്നു.
Thoughts & Arts
പരസ്പര ലയനമാണ് കുടുംബ ജീവിതം
19-11-2023
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso