Thoughts & Arts
Image

അങ്ങനെയൊന്നും തീരില്ല ഇത്

19-11-2023

മുഹമ്മദ് തയ്യിൽ





പ്രവാചകനായ യഅ്കൂബ് നബി(അ)യുടെ മറ്റൊരു പേരാണ് ഇസ്രായേൽ എന്നത്. ദൈവദാസൻ എന്നാണ് ഈ ഹിബ്രൂ വാക്കിന്റെ അർത്ഥം എന്ന് ചില വായനകളിൽ കാണാം. യഅ്കൂബ് നബിയുടെ മകൻ യൂസഫ് നബി ഈജിപ്തിൽ എത്തിപ്പെട്ടതും അവിടെ രാജാവായതും വിശുദ്ധ ഖുർആൻ പറയുന്ന ചരിത്രങ്ങളിൽ ഒന്നാണ്. അവിടെ ഭരണാധികാരി ആയതോടെ പിതാവിനെയും സഹോദരങ്ങളേയും അടക്കം കുടുംബത്തെ മുഴുവൻ അദ്ദേഹം അങ്ങോട്ട് കൊണ്ടുപോവുകയും പിന്നെ ആ തലമുറയും കുടുംബവും അവിടെ വളരുകയും ചെയ്യുകയായിരുന്നു. യൂസഫ് നബിക്ക് ശേഷം അദ്ദേഹത്തിന്റെ സന്തതി പരമ്പരകൾ അധികാരത്തിലേറി. ഏതാണ്ട് നാല് തലമുറകളോളം യഅ്കൂബ് നബിയുടെ സന്തതികൾ ആയിരുന്നു യൂസഫ് നബിയുടെ പിൻഗാമികളായി ഈജിപ്ത് ഭരിച്ചത്. ഭരണവർഗ്ഗം എന്ന നിലക്ക് എല്ലാവിധ സുഖസൗകര്യങ്ങളും നേടി തടിച്ചു കൊഴുത്തതോടുകൂടി ഇസ്രയേൽ എന്ന യഅ്കൂബ് നബിയുടെ സന്തതികൾ കാലക്രമത്തിൽ അഹങ്കാരികളും ദുർമാർഗ്ഗികളുമായി എന്നാണ് ചരിത്രം. അതോടെ തദ്ദേശീയരുടെ ഭാഗത്തുനിന്ന് അവരോടുള്ള എല്ലാ ബഹുമാനങ്ങളും നഷ്ടപ്പെട്ടു എന്ന് മാത്രമല്ല തദ്ദേശീയരായ കോപ്റ്റിക്കുകൾ ഭരണകൂടത്തിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. ഇസ്രയേൽ സന്തതികളും ഖിബ്ത്വികളും തമ്മിലുള്ള അധികാര വടംവലി കുറച്ചുകാലം മാത്രമേ നീണ്ടതുള്ളൂ. പിന്നെ ഇസ്രയേൽ സന്തതികളെ പരാജയപ്പെടുത്തി തദ്ദേശീയരായ കോപ്റ്റിക്കുകൾ അധികാരം പിടിച്ചടക്കി. അവരിലെ ഭരണാധികാരികൾ ആണ് ഫറോവമാർ എന്ന പേരിൽ അറിയപ്പെടുന്നത്. അധികാരം പിടിച്ചു വാങ്ങിയതിലൂടെ തദ്ദേശീയരും ഇസ്രയേൽ സന്തതികളും തമ്മിൽ വലിയ ശത്രുത ഉടലെടുക്കുകയും തദ്ദേശീയർ ഇസ്രയേൽ സന്തതികളോട് കടുത്ത പ്രതികാരം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഇസ്രയേൽ സന്തതികൾ ഈജിപ്തിൽ അടിമകളായി മാറിയത്. ഫറോവമാർ ഇസ്രയേൽ സന്തതികളുടെ എല്ലാ അവകാശങ്ങളെയും അധികാരങ്ങളെയും തടഞ്ഞു വെക്കുകയും നിഷേധിക്കുകയും ചെയ്തു. അവരെ ആ ദയനീയമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുത്തി അവരുടെ സ്വന്തം നാടായ കൻആനിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ നിയുക്തനായ പ്രവാചകൻ ആയിരുന്നു മൂസാ നബി (അ).



ഈജിപ്തില്‍ ഖിബ്ത്തികളുടെ അടിമത്തത്തിന്‍ കഴിഞ്ഞിരുന്ന ബനൂഇസ്‌റാഈല്‍ സമൂഹത്തെ രക്ഷപ്പെടുത്തി നേര്‍വഴി നടത്താന്‍ നിയുക്തനായ മൂസാ നബി(അ) അവരെയുമായി ചെങ്കടല്‍ കടന്ന് യാത്ര തിരിച്ചെങ്കിലും അവരുടെ വാഗ്ദത്വ ഭൂമിയിൽ പ്രവേശിക്കാന്‍ അല്ലാഹുവിന്റെ ശക്തമായ കോപം കാരണത്താൽ സാധിച്ചിരുന്നില്ല. മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ച കാര്യം ഖുര്‍ആനില്‍ 5ാം അധ്യായം 21ാം വചനത്തില്‍ ഇങ്ങനെ കാണാം: 'എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.' എന്നാല്‍ അനുസരണക്കേടിന്റെ പര്യായമായ ആ ജനതയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'അവര്‍ പറഞ്ഞു: ഓ, മൂസാ; പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെനിന്ന് പുറത്തുപോകുന്നതുവരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല'' (ഖുര്‍ആന്‍ 5:22). 'താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്' എന്നാണ് അവര്‍ ധിക്കാരപൂര്‍വം മൂസാനബി(അ)യോട് പ്രതികരിച്ചത്. സീനാ മരുഭൂമിയില്‍ നാല്‍പതു വര്‍ഷം അന്തംവിട്ട് അലഞ്ഞു നടക്കുക എന്നതാണ് അതിന് അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം യൂശഅ് പ്രവാചകന്റെ കാലത്താണ് കനാൻ നാട്ടിലെ തദ്ദേശീയരായ ഫലസ്ത്യര്‍ക്കെതിരെ ഇസ്രാഈലീ പടയോട്ടം നടക്കുകയും വിജയം വരിക്കുകയും ചെയ്തത്. ത്വാലൂത്വിന്റെ നേതൃത്വത്തില്‍ അവര്‍ ഫലസ്ത്യരിലെ ജാലൂത്തിനെ തോല്‍പിച്ചതിലൂടെയാണ് ഇസ്രാഈല്യരുടെ അധികാരം സാധിതമായത്. പക്ഷെ, ദീർഘകാലം ആ അധികാരം നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞില്ല. ദാവൂദ്(അ), അദ്ദേഹത്തിന്റെ പുത്രന്‍ സുലൈമാന്‍(അ) എന്നീ ഭരണാധികാരികള്‍ മൊത്തം ഏകദേശം എണ്‍പതോളം വര്‍ഷം മാത്രമാണ് ആ നാട്ടില്‍ അധികാരം കയ്യാളിയത്. ഇസ്രാഈല്യര്‍ ഫലസ്തീനില്‍ ഒരു നൂറ്റാണ്ടുപോലും ഭരിച്ചിട്ടില്ല എന്നര്‍ഥം.



പിന്നീട് ഇസ്രയേൽ സന്തതികൾ എന്ന ഈ ജൂതന്മാരുടെ കൂട്ടത്തിൽ പല പ്രവാചകന്മാരും വന്നു എങ്കിലും അവർക്കൊന്നും ഇസ്രയേൽ സംഗതികളുടെ ഒരു സ്വന്തം രാജ്യത്തെ സൃഷ്ടിക്കുവാനോ മുന്നോട്ട് കൊണ്ടുപോകുവാനോ കഴിഞ്ഞില്ല. എപ്പോഴും രാഷ്ട്രീയപരവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ കിടന്നു ഉഴലുവാനായിരുന്നു അവരുടെ വിധി. ഈ ജൂത സമുദായത്തിന് അല്ലാഹു നിന്ദ്യത തലയിൽ കെട്ടി വച്ചിരിക്കുന്നു എന്ന് വിശുദ്ധ ഖുർആൻ പലയിടത്തും പറയുന്നുണ്ട്. അതിന്റെ താൽപര്യം ഇതാണ്. ആ പ്രവാചകന്മാരുടെ അവസാനമായി വന്നത് ഈസാ നബിയായിരുന്നു. ഈസാനബിയെ പക്ഷേ പ്രവാചകനായോ വിശുദ്ധനായ അംഗീകരിക്കുവാൻ ജൂതന്മാർ ഒരിക്കലും തയ്യാറായില്ല. ഇപ്പോൾ ജൂതന്മാരും ക്രൈസ്തവരും തമ്മിലുള്ള ചങ്ങാത്തം കാണുമ്പോൾ ചരിത്രത്തിന്റെ മനസ്സാക്ഷി ഞെട്ടി വിറക്കുന്നത് ഇതുകൊണ്ടാണ്. എല്ലാ കാലവും ജൂതന്മാർ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി കണ്ടിരുന്നതും കാണേണ്ടിയിരുന്നതും ക്രൈസ്തവരെ തന്നെയാണ്. ബി സി 37 മുതൽ എ ഡി 324 വരെ ഇവിടെ റോമന്‍ ഭരണമായിരുന്നു. ഈ കാലത്ത് നടന്ന ക്രിസ്തു മതത്തിന്റെ പ്രചാരണം ജൂതരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ പ്രതികരിച്ച ജൂതന്മാർ എ ഡി 136 ൽ റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു പോലും ഇരയായി. അക്കാലത്ത് ക്രൈസ്തവ മേലാളർ ഏകദേശം 4 ലക്ഷം ജൂതരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു. യഹൂദര്‍ക്ക് ജെരൂശലേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിക്കപ്പെട്ടിരുന്നു. ഇതൊക്കെ പോപ്പിനും പാത്രിയാർക്കീസുമാർക്കും നന്നായി അറിയാം അതുകൊണ്ടാണ് അവരുടെ പ്രതികരണങ്ങളിൽ ഒരുതരം മമത പ്രകടമാകുന്നത്. എന്നാൽ അതേ മതക്കാരായ ബൈഡനും കൂട്ടാളികൾക്കും അതറിയില്ല. അതറിയാൻ മാത്രമുള്ള മതപരമായ വിവരവുമില്ല. ഉണ്ടെങ്കിൽ തന്നെ അതിനേക്കാൾ വലിയ കടപ്പാടുകൾ ജൂതരോട് ഉള്ളതിനാൽ അവർക്ക് ഉള്ള അറിവുകളെ പുറത്തെടുക്കാനും കഴിയില്ല. തുടർന്ന് അവർ അവകാശപ്പെടുന്ന വാഗ്ദത്ത ഭൂമി എ ഡി 324 മുതൽ .628 വരെ കിഴക്കന്‍ റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. അന്നത്തെയും സ്ഥിതി മറിച്ചായിരുന്നില്ല. ഒന്നര ലക്ഷം യഹൂദരെ ജരൂസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കിയത് അക്കാലത്താണ്.



ക്രിസ്താബ്ദം 313 മുതല്‍ ആരംഭിച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ (ബൈസന്റിയന്‍) ഭരണം എഡി 638-640 കാലഘട്ടംവരെ തുടര്‍ന്നു. അഥവാ പ്രവാചകന്റെ കാലഘട്ടത്തില്‍ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. മഹാനായ ഉമറി(റ)ന്റെ ഭരണകാലത്ത് ഹിജ്‌റ18ാം വര്‍ഷമാണ് ഫിലസ്തീന്‍ ഉള്‍പെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടത്. മഹാനായ ഉമര്‍(റ) നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും 560 ഓളം വര്‍ഷത്തെ റോമന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തത്. വിശുദ്ധ നഗരിയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ഖലീഫ അതു വരേക്കും ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യഹൂദര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ വിശുദ്ധ നഗരിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അതായത് ദാവൂദ് നബിയുടെയും സുലൈമാൻ നബിയുടെയും ഭരണ കാലത്തിനു ശേഷം ജൂത സമുദായത്തിന് സ്വന്തം നാട്ടിൽ അല്ലെങ്കിൽ വാഗ്ദത്ത ഭൂമിയിൽ ഒരിത്തിരി സ്വാതന്ത്ര്യവും അവകാശ അധികാരവും ലഭിച്ചത് റോമാസാമ്രാജ്യത്തിന്റെ കൈകളിൽ നിന്ന് ആ രാജ്യം ഇസ്ലാമിലെത്തിയതിനുശേഷമാണ്. ഇവിടെയും നാം ആ വിരോധാഭാസം കാണുന്നുണ്ട്. തങ്ങളെ ഉന്മൂലനാശം വരുത്തിയ ക്രൈസ്തവരോട് ഇപ്പോൾ ചങ്ങാത്തം പുലർത്തുന്നത് പോലെ മറ്റൊരു വൈരുദ്ധ്യമാണ് അവർക്ക് അഭയം നൽകിയ മുസ്ലിംകളെ കൊന്നും കൊലവിളിച്ചും ഇപ്പോൾ അവർ നടത്തുന്ന യുദ്ധങ്ങൾ. ഒരു ലക്ഷത്തി നാല്‍പതിനാലായിരത്തോളം ചതുരശ്രമീറ്ററുള്ള വിശാലമായ സ്ഥലമാണ് ഇന്ന് ബൈത്തുല്‍ മുഖദ്ദിസ്. അംറുബ്‌നുല്‍ ആസ്വി(റ)നെ ഗവര്‍ണറായി നിശ്ചയിച്ചുകൊണ്ട് മദീനയിലേക്കു തിരിച്ചുപോയ ഉമറിന്റെ(റ) സമാധാനദൗത്യം ആ വിശുദ്ധഭൂമി മൂന്ന് മതവിഭാഗങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിനാണ് വഴിതുറന്നത്. എ.ഡി 638 മുതല്‍ നീണ്ട 450 വര്‍ഷത്തിലേറെ ഇസ്‌ലാമിക ഭരണത്തിനു കീഴിലെ ആ സൗഹാര്‍ദാന്തരീക്ഷം ഫലസ്തീനിന്റെ മണ്ണില്‍ തുടര്‍ന്നു. എന്നാല്‍ എ.ഡി 1099 ല്‍ കുരിശു യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യര്‍ ജറുസലേം കീഴടക്കി. ആ പ്രദേശം കത്തോലിക്കരുടെ നിയന്ത്രണത്തിലായി. പിന്നീട് എ.ഡി 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള പടയോട്ടത്തിലൂടെ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശം ജയിച്ചടക്കി മുസ്‌ലിംകളുടെ കീഴിലായിത്തീര്‍ന്നു. പിന്നീട് 1917 വരെ പ്രദേശം മുസ്‌ലിംകളുടെ ഭരണത്തില്‍ തുടര്‍ന്നു. എ.ഡി 1517 മുതല്‍ ആരംഭിച്ച് എ.ഡി 1917 വരെയുള്ള 400 വര്‍ഷം തുര്‍ക്കിയിലെ ഉസ്മാനിയ (ഒട്ടോമന്‍) ഖിലാഫത്തിന്റെ കീഴിലായിരുന്നു ഫലസ്തീന്‍ പ്രദേശം.



എ ഡി 638 ൽ ഖലീഫ ഉമറി(റ)ന്റെ ഭരണത്തില്‍ ജറൂസലം മുസ്ലിംകളുടെ കീഴില്‍ വന്നു. അതങ്ങനെ 661 ൽ അമവികളുടെയും 750 ൽ അബ്ബാസികളുടെയും കരങ്ങളിലൂടെ ശാന്തമായി നീങ്ങി. അപ്പോഴൊക്കെയും അവിടെ ന്യൂനപക്ഷമായി ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അവകാശങ്ങളും അധികാരങ്ങളും കൃത്യമായി സംരക്ഷിക്കുന്നതിൽ മുസ്ലിം ഭരണാധികാരികൾ ഏറെ ശ്രദ്ധ പുലർത്തി വന്നു. കാരണം അത് അവരുടെ മതപരമായ ചുമതലയാണ്. തങ്ങളുടെ നാട്ടിൽ താമസിക്കുന്ന മറ്റു മത ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾ ജാഗ്രതയോടെ കയ്യാളണം എന്ന് വിശുദ്ധ ഖുർആൻ അവരെ പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല,
970 ൽ ഫലസ്തീൻ ഫാതിമികളുടെ ഭരണത്തില്‍ വന്നപ്പോൾ ജറൂസലമില്‍ ഒരു ജൂത ഗവര്‍ണറെ തന്നെ പ്രത്യേകമായി നിയമിക്കുകയുണ്ടായി. ഇതിനുശേഷമാണ് ലോകമാസകലം ജൂതന്മാരോട് കഠിനമായ വെറുപ്പും വിദ്വേഷവും പ്രകടമായത്. അവരെ ക്രൂരമായി യൂറോപ്പിൽ പോലും വേട്ടയാടുകയായിരുന്നു. എ ഡി 700 മുതൽ 1250 വരെയാണ് യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടത്. ഇതിനിടയിൽ 1071 ൽ ഫലസ്തീൻ സെൽജൂക്ക് തുര്‍ക്കികളുടെ കീഴില്‍ വന്നു. ഇതിനു ശേഷമാണ് എ ഡി 1099 ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജറൂസലം പിടിച്ചെടുത്തതും ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചതും. ഇതോടെ യൂറോപ്പിലാകെ ജൂത വേട്ട നടന്നു. ആയിരക്കണക്കിന് ജൂതൻമാർ ദാരുണമായി കൊല്ലപ്പെട്ടു. ലോകത്തെല്ലായിടത്തും ജൂതന്മാർ നേരിട്ട വെല്ലുവിളികൾ ജെറുസലമിലും ഫലസ്തീനിലും എല്ലാം അവർ നേരിടുന്നുണ്ടായിരുന്നു. കാരണം ആ സ്ഥലങ്ങളും ക്രൈസ്തവ ഭരണത്തിന്റെ കീഴിലായിരുന്നു. അവരെ ക്രൈസ്തവരല്ലാത്ത മറ്റേതെങ്കിലും ഒരു മത വിഭാഗം അവരെ വേട്ടയാടിയതിന് ചരിത്രത്തിൽ ഒരു തെളിവുമില്ല, അതാർക്കും സ്ഥാപിക്കാനും കഴിയില്ല. ഈ കൊടും യാതനകളിൽ നിന്ന് അവർക്കൊരു മോചനം ഉണ്ടായത് 1187 ൽ സലാദ്ദീന്‍ അയ്യൂബി ജറൂസലം തിരിച്ചു പിടിച്ചതോടെയാണ് . യഹൂദരെ പലസ്തീനില്‍ കൊണ്ടു വന്നു പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത് അയ്യൂബി ഭരണകൂടമാണ്.



തങ്ങളുടെ പോരാട്ടം തങ്ങളുടെ വാഗ്ദത്ത ഭൂമിക്കു വേണ്ടിയാണ് എന്ന് ജൂതൻമാർ പറയാറുണ്ട്. സത്യത്തിൽ ഇന്ന് ജീവിക്കുന്ന ജൂതന്മാരിൽ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് അടിസ്ഥാനപരമായി ഇസ്രയേൽ വംശജർ. ബാക്കിയുള്ളവരെല്ലാം യൂറോപ്പിൽ നിന്ന് വിവിധ സാഹചര്യങ്ങളിൽ ജൂദായിസം സ്വീകരിച്ചവരാണ്. എല്ലാ ജൂതന്മാരും ഇസ്‌റാഈലികള്‍ അല്ല. ലോകത്തെ ജൂതജനസംഖ്യയില്‍ 75 ശതമാനവും അഷ്‌കനാസി വിഭാഗത്തില്‍ പെട്ടവരാണ്. യൂറോപ്പിലെ വിവിധ നാടുകളില്‍ ജീവിക്കുന്ന, കാലക്രമേണ ജൂതമതം സ്വീകരിച്ചവരാണ് ഈ വിഭാഗക്കാര്‍. ഇന്നത്തെ ഇസ്രായേലില്‍ ജീവിക്കുന്ന 30 ശതമാനത്തോളം പേര്‍ ഈ വിഭാഗക്കാരാണ്. ജൂതരിലെ മറ്റൊരു വിഭാഗമാണ് മിര്‍സാഹി വിഭാഗം. അറബ് വംശജരുമായി ജനിതക ബന്ധമുള്ളവരാണിവര്‍. അപ്പോള്‍ ഈ ജൂത വിഭാഗങ്ങള്‍ക്കെല്ലാം ഫിലസ്തീന്‍ എങ്ങനെയാണ് ബൈബിളിലെ വാഗ്ദത്ത ഭൂമിയാവുക എന്ന ചോദ്യത്തിന് അവരുടെ കയ്യിൽ മറുപടിയില്ല. അതിനാൽ വാഗ്ദത്ത ഭൂമി എന്ന വാദം മതപരമായ പിന്തുണ ലഭിക്കാൻ വേണ്ടി അവർ പറഞ്ഞു ഉണ്ടാക്കുന്ന ഒരു കള്ളത്തരം മാത്രമാണ്. 1275 ൽ അവരെ ഇംഗ്ലണ്ടിൽ നിന്നും ആട്ടിയിറക്കിയത് എഡ്വാര്‍ഡ് ഒന്നാമന്‍ ആയിരുന്നു. 1306 മുതൽ 1394 വരെ ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി അവരെ പുറത്താക്കപ്പെട്ടു.
1492 ൽ സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ അവിടെയുണ്ടായിരുന്ന 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്സ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് വിടേണ്ടി വന്നു. കാരണം സ്പെയിനിൽ മുസ്ലിങ്ങൾക്ക് ശേഷം അധികാരത്തിൽ വന്നത് ക്രൈസ്തവരായിരുന്നു. ക്രൈസ്തവരാകട്ടെ തങ്ങൾക്ക് അധികാരമുള്ള എല്ലാ സ്ഥലങ്ങളിൽ നിന്നും ജൂതന്മാരെ ആട്ടിയിറക്കുകയായിരുന്നു. മുസ്ലിങ്ങളുടെ ചിറകിൻ കീഴിൽ അല്ലാതെ മറ്റ് എവിടെയും ചരിത്രത്തിൽ ഒരിക്കലും ജൂതന്മാർക്ക് സമാധാനപരമായി ഒരു അന്തിയുറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല എന്നത് തെളിയിക്കുകയാണ് ഈ ചരിത്ര നാൾ വഴികൾ എല്ലാം.



1493 ൽ സിസിലിയില്‍ നിന്നും 1496 ൽ പോര്‍ച്ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും ജൂതരെ പുറത്താക്കിയപ്പോൾ 1501 ൽ പോളണ്ട് രാജാവ് ലിത്വാനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി. അതേ സമയം ആ സൗഹൃദം നീണ്ടു നിന്നില്ല. അവർ വിവിധ കുഴപ്പങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് അവരെ അവിടെ കൂട്ടക്കൊല നടന്നു. തുടർന്നാണ് 1700 കളിൽ അവർ ഫ്രാന്‍സ്, ഇംഗ്ളണ്ട്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്. അഭയം നൽകിയ രാജ്യങ്ങളെല്ലാം പിന്നീട് അത് വിഡ്ഢിത്തം ആയിപ്പോയി എന്ന് എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞു. അതിനാൽ അവിടങ്ങളിലെല്ലാം ആന്റിസെമിറ്റിസം നിലപാടുകളുടെ പേരില്‍ വ്യാപകമായ വിധത്തില്‍ ജൂതര്‍ പീഡനത്തിന് വിധേയരായിരുന്നു. അതിന്റെ ഏറ്റവും തീവ്രമായ രൂപമായിരുന്നു ജര്‍മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്ന കാലത്തെ വംശശുദ്ധി വാദവും അതിനോടനുബന്ധിച്ചുണ്ടായ ജൂത വിരുദ്ധ നീക്കങ്ങളും. ജൂതരുടെ നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന വിധം അത് വളര്‍ന്നു. ജൂതര്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ജൂതര്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം എന്ന ചിന്തക്ക് വിത്ത് പാകപ്പെട്ടത്. അത് അര്‍ജന്റീനയില്‍ സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും മധ്യേഷ്യയിലെ അറബ്‌ലോകത്ത് തീരാത്ത ഒരു പ്രതിസന്ധി സൃഷ്ടിക്കണമെന്ന പാശ്ചാത്യശക്തികളുടെ താല്‍പര്യവും ജൂതവിഭാഗത്തിന്റെ കുടില തന്ത്രങ്ങളുമാണ് പ്രസ്തുത രാഷ്ട്രം പലസ്തീനിന്റെ മണ്ണിലാവണമെന്നിടത്തേക്കെത്തിച്ചത്. 1880 ആയപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തമായിത്തീര്‍ന്നു. അറബികളുടെ ആതിഥ്യമര്യാദയും പീഡിതരോടുള്ള അനുകമ്പയും അവരുടെ ലക്ഷ്യം എളുപ്പമാക്കി. പക്ഷേ, പിന്നീടത് ഒട്ടകത്തിന് കൂടാരത്തില്‍ സ്ഥലം നല്‍കിയ അറബിയുടെ അനുഭവമായി മാറുകയാണുണ്ടായത്. ഇതോടെ ചെറിയ തോതിലുള്ള ചെറുത്തുനില്‍പുകളും സംഘട്ടനങ്ങളും ആരംഭിച്ചു. സംഘമായി എത്തി ഭൂമി സ്വന്തമാക്കി അത് വളച്ചുകെട്ടി അവിടേക്ക് അറബികള്‍ക്ക് പ്രവേശനം പോലും നിഷേധിക്കുന്ന രീതിയാണ് ജൂതര്‍ സ്വീകരിച്ചത്.



1897ല്‍ തിയോഡര്‍ ഹെര്‍സന്‍ എന്ന ആസ്ട്രിയക്കാരനായ ജേര്‍ണലിസ്റ്റ് ജര്‍മന്‍ ഭാഷയില്‍ Der judenstrat (the Jews state) എന്ന പേരില്‍ ജൂതര്‍ക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് വാദിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം രചിച്ചു. യൂറോപ്പിലെ ആന്റിസെമിറ്റിസത്തിന് പരിഹാരം ഫലസ്തീന്‍ കേന്ദ്രമായുള്ള പ്രസ്തുത രാഷ്ട്രസ്ഥാപനമാണെന്ന് അയാള്‍ വാദിക്കുകയും യുഹൂദരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടന്റെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ ഈ കാര്യത്തില്‍ ജൂതര്‍ക്ക് ലഭിക്കുകയും ചെയ്തു. എ.ഡി 1900 ആയപ്പോഴേക്കും ഗണ്യമായ ഭാഗം ഭൂമി ജൂതരുടെ കൈയിലായിത്തീര്‍ന്നു. സാധാരണ കച്ചവടത്തില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനുമാണുള്ളതെങ്കില്‍, ഇവിടെ ഫലസ്തീനിയുടെ ഭൂമി ബ്രിട്ടന്‍ ജൂതനു വില്‍ക്കുക എന്ന തികച്ചും അസാധാരണമായ കച്ചവടമാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധം വന്നെത്തിയപ്പോള്‍ യഹൂദരുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന് ഇത്തരം നടപടികളിലുടെ സാധിക്കുകയും ചെയ്തു. അതായിരുന്നു അടിസ്ഥാനപരമായി അവരുടെ ലക്ഷ്യവും. 1917ല്‍ തുടങ്ങി 1920 ആയപ്പോഴേക്കും ഫലസ്തീന്‍ പൂര്‍ണമായി ബ്രിട്ടന്റെ അധീനതയിലാവുകയും ജൂതാധിനിവേശത്തിന് സര്‍വവിധ സഹായങ്ങളും നല്‍കുകയും ചെയ്തു. ഈ വയ്യാവേലി അറബികളുടെയും മുസ്ലീങ്ങളുടെയും തലയിൽ വലിച്ചിട്ടതിന്റെയും ലോകത്തിന്റെ ഉറക്കം കെടുത്തിയതിന്റെയും ഉത്തരവാദിത്വം ബ്രിട്ടന് മാത്രമാണ്. ബ്രിട്ടൻ നടത്തിയ കള്ളക്കച്ചവടങ്ങളും കപട രാഷ്ട്രീയവും ആണ് ലോകത്തിന്റെ ഏറ്റവും വലിയ വിരഹവും ദുഃഖവും ആയി പലസ്തീൻ പ്രശ്നത്തെ മാറ്റിയത്.



1947 ആയപ്പോഴേക്കും ഫലസ്തീനികള്‍ക്ക് രൂക്ഷമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. മണ്ണിന്റെമക്കള്‍ നാട്ടില്‍നിന്ന് പുറത്താക്കപ്പെടാന്‍ തുടങ്ങി. സാധ്യമാവുന്ന ചെറുത്തുനില്‍പുകള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്യ ശക്തികളുടെ മുഴുവന്‍ പിന്തുണയും അക്രമികളായ യഹൂദര്‍ക്കായിരുന്നു. അങ്ങനെയാണ് പ്രശ്‌നപരിഹാരമെന്ന പേരില്‍ യു.എന്‍ മുന്‍കൈയെടുത്തത് ഫലസ്തീനിന്റെ മണ്ണ് ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാന്‍ തീരുമാനമായത്; വിശുദ്ധ ക്വുദ്‌സ് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ നിലനിര്‍ത്താനും. അങ്ങനെ തികച്ചും അന്യായമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിച്ചുകൊണ്ട് 1948 മെയ് 15ന് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രം രൂപംകൊണ്ടു.



ഇസ്രായേല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്നും അതുകൊണ്ട് യഹൂദര്‍ മുഴുവന്‍ അങ്ങോട്ട് നിങ്ങണമെന്നും ആഹ്വാനം ചെയ്ത തിയോഡര്‍ ഹെര്‍സിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, റിട്ടേണ്‍ ടു സയണ്‍ (Return to Zion) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. പൗരാണിക ജറുസലേമിലെ കുന്നുകളില്‍ ഒന്നിന്റെ പേരായിരുന്നു സയണ്‍ (Zion) എന്ന് പറയപ്പെടുന്നു. 1987ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബാസലിനിന്‍ ജൂതരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തുകൊണ്ട് ഫലസ്തീനില്‍ ജൂതരാഷ്ട്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മൂവ്‌മെന്റിന് സയണിസം എന്ന് പേരിട്ടതും തിയോഡര്‍ ഹെര്‍സന്‍ തന്നെയായിരുന്നു. അബ്രഹാം പ്രവാചകന്റെ പിന്‍തലമുറ തങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മക്കയുള്‍പ്പെടെയുള്ള ജസീറത്തുല്‍ അറബ് മുഴുവനും അധീനപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സയണിസ്റ്റുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിക്രമിച്ചുകയറലും അധീനപ്പെടുത്തലും ഒരു തുടര്‍പ്രക്രിയയാക്കിക്കൊണ്ട് മിഡില്‍ ഈസ്റ്റിനെ സമാധാനമില്ലാത്ത ഒരു ഭൂപ്രദേശമാക്കി ആ ഭീകര രാഷ്ട്രം എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. അതായത് താൽക്കാലികമോ രാഷ്ട്രീയപരമോ ആയ ഒരു തീരുമാനത്തിന് ഫലസ്തീനിന്റെ മണ്ണിൽ സമാധാനം ഉണ്ടാക്കുവാൻ കഴിയില്ല എന്ന് ചുരുക്കം. കാരണം അവരുടെ ലക്ഷ്യം അതിനേക്കാൾ വലുതാണ്. വെറും പാലസ്തീനിന്റെ മണ്ണിലോ അറബികളുടെ മണ്ണിലോ അത് ഒതുങ്ങി നിൽക്കുന്നില്ല.



സയണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് വിശാലമായ ഒരു ജൂത രാഷ്ട്രമാണ്. അത് അവർക്ക് ദൈവം കൽപ്പിച്ചു നൽകിയ വാഗ്ദത്ത ഭൂമിയാണ് എന്നവർ വിശ്വസിക്കുന്നു. അതിനാൽ അവർക്ക് അതിൽ വിട്ടുവീഴ്ച സാധ്യമല്ല. അതാകട്ടെ പലസ്തീനിൽ നിന്ന് തുടങ്ങി മക്കയും മദീനയും അടക്കം ഇറാക്കും ഷാമും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ജൂതരാഷ്ട്രമാണ്. ഇത് തികച്ചും ബാലിശവും തെറ്റുമായ ഒരു വാദമാണ്. ഇസ്രയേൽ സന്തതികളെ അല്ലാഹു തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ചു എന്നത് ശരിയാണ്. ഇത് വിശുദ്ധ ഖുർആനും ശരിവെക്കുന്നുണ്ട്. എങ്കിലും അത് ആ വാഗ്ദത്തം നേരത്തെ പാലിക്കപ്പെട്ടിട്ടുണ്ട്. ബി സി 900ത്തിൽ ദാവൂദ് നബിയും പിന്നീട് സുലൈമാൻ നബിയും എൺപതോളം വർഷങ്ങൾ ഭരണം നടത്തിയ ആ രാജ്യം ആയിരുന്നു അവരുടെ വാഗ്ദത്ത രാജ്യം. അത് അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ബലക്ഷയം കാരണമാണ്. അവരുടെ പോരായ്മ കാരണം നഷ്ടപ്പെട്ടതിന് ലോകത്തോട് മുഴുവനും പ്രതികാരം ചെയ്യുന്നത് ബുദ്ധി ഹീനതയാണ്. രണ്ടാമത്തെ അവരുടെ ലക്ഷ്യം ബൈത്തുൽ മുഖദ്ദസ് നിലനിൽക്കുന്ന സ്ഥലത്ത് ഹൈക്കൽ സുലൈമാൻ എന്ന സോളമൻ ക്ഷേത്രം സ്ഥാപിക്കുക എന്നതാണ്. ഇപ്പോള്‍ നിലവില്‍ Dome of the Rock, അഖ്‌സ്വാ പള്ളി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന Temple Mount എന്ന മേഖലയാണ് അതിന്റെ നിര്‍ദ്ദിഷ്ട സ്ഥലം. അവ തകര്‍ത്ത് മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ. മൂന്നാമത്തെ അവരുടെ ലക്ഷ്യം വാഗ്ദത്ത മസീഹിന് വേണ്ടി വാഗ്ദത്ത ഭൂമിയുടെ സിംഹാസനം തയ്യാറാക്കി വെക്കുക എന്നതാണ്. അവർ വാഗ്ദത്ത മസീഹിൽ വിശ്വസിക്കുകയും അങ്ങനെ ഒരാളെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. തൗറാത്തിൽ വാഗ്ദത്വം ചെയ്യപ്പെട്ടതാണ് ഈ മസീഹ്. ഇത് സത്യത്തിൽ ഈസാ നബി ആയിരുന്നു. പക്ഷേ യഹൂദർ ഈസാ നബി വന്നപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. യേശുവിന്നു ശേഷം നീണ്ട 2000 വര്‍ഷമായി യഹൂദര്‍ ഈ മസീഹിനെ പ്രതീക്ഷിക്കുന്നു. ഈ മസീഹിന്റെ വരവിനായി വാഗ്ദത്ത ഭൂമി ഒരുക്കി കൊടുക്കുക എന്നത് സയണിസത്തിന്റെ ആശയ അടിത്തറയാകുന്നു. മുഹമ്മദ്‌ നബി(സ) ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്: യഹൂദര്‍ പ്രതീക്ഷിക്കുന്ന മസീഹ്, ഒരു കപട മസേഹ് (മസേഹ് ദജ്ജാല്‍ - Anti Christ) എന്ന പേരില്‍ ഇസ്രയെല്യരുടെ നേതാവാകും. അയാള്‍ വളരെ ക്രൂരനായിരിക്കും .ലോകത്ത് കനത്ത നാശം വിതക്കും. അദ്ദേഹത്തെ വധിക്കാന്‍ ദൈവം യഥാര്‍ത്ഥ മസീഹ് (ഇസാ നബിയെ) ഇറക്കും. അദ്ദേഹം ദാമാസ്ക്കസില്‍ ഇറങ്ങും. അദ്ധേഹം ലുദ് എന്ന സ്ഥലത്ത് വെച്ച് കപട മസീഹിനെ സ്വന്തം കരത്താല്‍ വധിക്കും (ലുദ്‌ ഇപ്പോള്‍ ഇസ്രായേലില്‍ ഉള്ള ഒരു എയര്‍ പോര്‍ട്ടാണ്). 40 വര്‍ഷം ഈസാ നബി ഇസ്ലാമിക വ്യവസ്ഥ നടപ്പില്‍ വരുത്തും. (ഹദീസുകളുടെ സംക്ഷിപ്തം).



ഏത് ഉച്ചകോടികൾ നടന്നാലും നടന്നില്ലെങ്കിലും ഈ ജൂദായിസത്തെ അന്ത്യനാളിനു മുമ്പ് പിടിച്ചു കെട്ടുക എന്നത് അത്ര എളുപ്പമല്ല എന്ന് ചുരുക്കം.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso