Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 5

12-12-2023

Web Design

15 Comments




ബിശ്ർ ബിൻ ഹാരിസ് അൽ മർവസി എന്ന ബിശ്റുൽ ഹാഫീ(റ) മർവിൽ നിന്നു കുടിയേറിയ ഒരു കുടുംബത്തിൽ ബാഗ്ദാദിൽ ജനിക്കുകയും ജീവിക്കുകയും വളരുകയും അവിടെത്തന്നെ മരണപ്പെടുകയും ചെയ്ത ഒരു മഹാനാണ്. ഹിജ്റ 179 ലായിരുന്നു മഹാനവർകളുടെ ജനനം. ഹിജ്റ 150 ൽ ആയിരുന്നു എന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. ഹാഫീ എന്ന വാക്കിന്റെ അർത്ഥം നഗ്നപാദൻ എന്നാണ്. അദ്ദേഹം ചെരുപ്പ് ഉപയോഗിക്കുമായിരുന്നില്ല. ചെരുപ്പിടാതെ നടന്നുപോകുന്ന അദ്ദേഹത്തെ സമീപിച്ച് നിങ്ങൾക്ക് ഒരു ദിർഹം കൊടുത്ത് ഒരു ചെരുപ്പ് വാങ്ങിക്കൂടെ എന്ന് ഒരു പെൺകുട്ടി ആരായുകയുണ്ടായി. അതുകേട്ട് മറ്റാരോ പറഞ്ഞു, ഒരിക്കൽ ചെരുപ്പിന്റെ വള്ളി പൊട്ടിയതിനാൽ മറ്റൊരു വള്ളി വാങ്ങിക്കുവാൻ ചെരുപ്പു കടക്കാരന്റെ അടുക്കൽ ചെന്നപ്പോൾ താൻ ദരിദ്രനായതിന്റെ പേരിൽ കടക്കാരൻ പരിഹസിച്ചുവത്രെ. അതോടെയാണ് ഞാൻ ഇനി ചെരുപ്പ് ധരിക്കുകയില്ല എന്ന് മഹാനവർകൾ പ്രതിജ്ഞയെ എടുത്തത്. ഈ കഥ ഇബ്നു കസീർ തൻ്റെ അൽ ബിദായ വന്നിഹായയിൽ പറയുന്നുണ്ട്. ആത്മീയമായി ഉയർന്ന കുടുംബം ആയിരുന്നു അദ്ദേഹത്തിൻ്റെത് എന്ന് ഖത്തീബുൽ ബഗ്ദാദി പറയുന്നുണ്ട്. അദ്ദേഹത്തിന് മൂന്ന് സഹോദരിമാർ ഉണ്ടായിരുന്നുവെന്നും അവരെല്ലാം അദ്ദേഹത്തെപ്പോലെ ആത്മീയ ഔന്നത്യം പ്രാപിച്ചവരായിരുന്നു എന്നും അദ്ദേഹം പറയുന്നു.



മഹാനായ ഇമാം മാലിക്(റ), അബ്ദുല്ലാഹി ബിനുൽ മുബാറക്ക്(റ), ഹമ്മാദ് ഇബ്നു സൈദ്(റ) എന്നിവരുടെയെല്ലാം ശിഷ്യത്വം നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. മഹാനായ സിരിയ്യുസ്സിഖ്‌ഥി(റ) അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖനുമായിരുന്നു.



ഹിജ്റ 227 ൽ ബഗ്ദാദിൽ മഹാനവർകൾ വഫാത്തായി. അന്നാട്ടുകാർ ആബാലവൃദ്ധം ജനാസക്ക് ഹാജറായിരുന്നു. സുബഹിക്കാണ് മരണം ഉണ്ടായത്. അന്ന് ഇശാ വരെയും ജനാസ കാണുവാനുള്ള ജനപ്രവാഹമായിരുന്നു. മരണശേഷം അവരുടെ മുറിയിൽ നിന്ന് അപരിചിതമായ ചില വിലാപ ശബ്ദങ്ങൾ ഉയരുന്നതായി പലരും കേട്ടിട്ടുണ്ട്. അത് ജിന്നുകളുടെ വിലാപമായിരുന്നു എന്നാണ് പലരും വ്യാഖ്യാനിച്ചിട്ടുള്ളത്. അൽ കാളിമിയ്യ മേഖലയിൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) വിന്റെ ഖബറിന്റെ അടുത്തായിട്ടാണ് ബഹുമാനപ്പെട്ടവരുടെ ഖബർ. അദ്ദേഹത്തിൻ്റെ മരണം അറിഞ്ഞ ഇമാം അഹ്മദ്(റ) പറഞ്ഞത് ഇങ്ങനെയാണ്: 'അതുല്യമായ ഒരു വ്യക്തിത്വമാണ് നമുക്ക് നഷ്ടമായത്..'



അദ്ധ്യായം ഒമ്പത്
യൂശഅ് നബി(അ)



മഹാനായ ജുനൈദുൽ ബഗ്ദാദി(റ) അന്ത്യവിശ്രമം കൊള്ളുന്ന ശുനീസിയ മഖ്ബറയുടെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി വളരെ പൗരാണികമായ ഒരു പച്ച ഖുബ്ബ കാണാം. അവിടെ എഴുതി വെച്ചിരിക്കുന്നത് ഇത് പ്രവാചകനായ യൂശഅ് നബി(അ)യുട ഖബറാണ് എന്നാണ്. ഇസ്രയേൽ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് യൂശഅ് നബി(അ). ഇസ്രയേൽ സന്തതികളുടെ ചരിത്രത്തിൽ സവിശേഷമായ ശ്രദ്ധ ഉള്ള ഒരു വ്യക്തിത്വമാണ് ഈ പ്രവാചകൻ. യൂസഫ് നബിയിലൂടെ ഈജിപ്തിൽ എത്തിച്ചേരുകയും നാല് തലമുറകളോളം അവിടെ ഭരണം നടത്തുകയും ചെയ്ത ഇസ്രയേൽ സന്തതികളെ തദ്ദേശീയരായ ഖിബ്ത്വികൾ പരാജയപ്പെടുത്തുകയും അധികാരം സ്വന്തമാക്കുകയും ചെയ്തു. അതോടെ ഇസ്രയേൽ സന്തതികൾ അവിടെ അടിമകളായി മാറി. അവരെ ആ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച് അവരുടെ സ്വന്തം നാടായ കൻആൻ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ നിയുക്തനായ പ്രവാചകൻ ആയിരുന്നു മൂസാ നബി(അ).



ഇസ്റാഈല്യരെയും കൊണ്ട് ശാമിലേക്ക് പുറപ്പെട്ട മൂസാ നബി(അ) സീനാ മരുഭൂമി മുറിച്ചുകടന്ന് യാത്ര ചെയ്യാനാണ് ഉദ്ദേശിച്ചത്. രാത്രിയായതിനാല്‍ അല്‍പം വലത്തോട്ട് തെറ്റി സഞ്ചരിച്ച അവര്‍ യൂസസ് ടൗണിന്‍റെ അല്‍പം തെക്ക് കിഴക്ക് ഭാഗത്തായി ഉള്‍ക്കടലില്‍ മുമ്പിലാണ് ചെന്നു പെട്ടത്. അവിടെ സമുദ്രം പിളര്‍ത്തി മറുകര കടത്തി അല്ലാഹു അവരെ രക്ഷിച്ചു. തുടര്‍ന്ന് ഫറോവയും സൈന്യവും കടലിലിറങ്ങി. അനന്തരം അല്ലാഹു അവരെ കടലില്‍ മുക്കി. അല്ലാഹു മൂസാനബിക്കും ഇസ്രയേൽ സന്തതികൾക്കും അവരുടെ നാടും അവിടെയുള്ള രാജാധികാരവും വാഗ്ദത്തം ചെയ്തിരുന്നു. പക്ഷേ അവർക്ക് അവരുടെ കയ്യിലിരിപ്പ് കാരണം അവിടെ എത്താൻ ഒരുപാട് കാലം വേണ്ടിവന്നു. മരുഭൂമിയിലിട്ട് ആ ജനതയെ അള്ളാഹു വട്ടം കറക്കുകയായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അതിന് കാരണം അവരിൽ നിന്ന് ആവർത്തിച്ചുണ്ടായ ദൈവ നിന്ദയായിരുന്നു.



മൂസാ നബി(അ)യും കൂട്ടരും രക്ഷപ്പെട്ടെത്തിയത് ബിംബാരാധനയില്‍ മുഴുകിയ അമാലിഖരുടെ മുമ്പിലായിരുന്നു. അവര്‍ മൂസാ നബിയോട് തന്നെ തങ്ങള്‍ക്ക് വേണ്ടി ബിംബത്തെ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. മുസാ നബി അവര്‍ക്ക് അല്ലാഹുവിന്‍റെ മുന്നറിയിപ്പ് നല്‍കി. തൗറാത്ത് നല്‍കപ്പെടുന്നതിന് മുന്നോടിയായി 30 ദിവസം പ്രത്യേക ആരാധനകള്‍ നടത്താന്‍ അല്ലാഹു മൂസാ നബിയോട് നിര്‍ദ്ദേശിച്ചു. പിന്നീട് അത് 40 നാളാക്കി. വ്രതമനുഷ്ഠിച്ചും ആരാധനയിലും കഴിച്ചുകൂട്ടിയ ശേഷം തൗറാത്ത് വാങ്ങാൻ ത്വൂര്‍ പര്‍വ്വതത്തിലേക്ക് പുറപ്പെടുമ്പോള്‍ സഹോദരന്‍ ഹാറൂന്‍ നബിയോട് ജനതയെ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചു. അല്ലാഹുവുമായുള്ള അഭിമുഖത്തിനായി മൂസാ നബി ത്വൂര്‍ പര്‍വ്വതത്തിലേക്ക് പോയ ശേഷം അവരിലുണ്ടായിരുന്ന സാമിരി എന്ന സ്വര്‍ണ്ണപ്പണി അറിയാമായിരുന്ന ഒരാള്‍ അവരുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ശേഖരിച്ച് ഉരുക്കി ഹാറൂന്‍ നബിയുടെ നിര്‍ദ്ദേശം അവഗണിച്ച് ഒരു കാളക്കിടാവിന്‍റെ രൂപമുണ്ടാക്കി. ഒരുതരം ശബ്ദം അതിനുള്ളില്‍ നിന്ന് വന്നിരുന്നു. അതിനെയവര്‍ ദൈവമാക്കി. ഇത് രണ്ടാമത്തെ നിന്ദ. പിന്നെ പശ്ചാത്താപ വിവശരായ ഇസ്റാഈല്യരുടെ വീഴ്ചയെപ്പറ്റി ഒഴിവുകഴിവ് ബോധിപ്പിക്കാനും മാപ്പപേക്ഷിക്കാനുമായി അല്ലാഹുവിന്‍റെ കല്‍പനപ്രകാരം ജനങ്ങളില്‍ നിന്ന് വിശിഷ്ടരായ എഴുപത് പേരെ തെരഞ്ഞെടുത്ത് ത്വൂര്‍ പര്‍വ്വതത്തിലേക്ക് മൂസാ നബി പോയി. അവരപ്പോള്‍ അല്ലാഹുവിനെ കണ്ടാല്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂവെന്ന് ശഠിച്ചു. അങ്ങനെ അവർ വീണ്ടും നിന്ദ കാണിച്ചു. ഗുരുതരമായ ഈ ധിക്കാരം മൂലം ഇടി വെട്ടിയും ഭൂമി കുലുങ്ങിയും അവര്‍ മരിച്ചു വീണു.



പിന്നീട് മൂസാ നബിയുടെ പ്രാര്‍ത്ഥന മൂലം അവരെ അല്ലാഹു പുനര്‍ജീവിപ്പിച്ചു. പീഢ ഭൂമിയായ 60088 ച.കി.മി വിസ്തൃതിയുള്ള ഉപദീപില്‍ നിന്ന് മൂസാ നബിയോട് ഫലസ്തീനിലേക്ക് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോളവര്‍ പറഞ്ഞു: അതി ശക്തരായൊരു ജനതയാണ് ഇവിടെയുള്ളത്. അവരവിടെ നിന്ന് പുറത്തേക്ക് പോകുന്നത് വരെ ഞങ്ങളങ്ങോട്ട് കടക്കുകയില്ല. അതുകൊണ്ട് നീയും നിന്‍റെ റബ്ബും അവരോട് ഏറ്റുമുട്ടുക. വീണ്ടും അവരിൽ നിന്ന് ദൈവ നിന്ദ ഉണ്ടായി. അതോടെ മൂസാ നബി അല്ലാഹുവിനോട് നിസ്സഹായനായി ബോധിപ്പിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആ പുണ്യനാട് 40 കൊല്ലം നിഷിദ്ധമാണവര്‍ക്ക്. ഭൂമിയിലവര്‍ അലഞ്ഞു തിരിയും ' (മാഇദ 20-26). എന്നിട്ടും അല്ലാഹു അവരോട് കാരുണ്യം കാണിച്ചു. അതു കാരണം സീനാ മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ കാലയളവില്‍ അവര്‍ക്ക് ഭക്ഷണമായി കാടപ്പക്ഷിയും കട്ടിത്തേനും കുടിക്കാനായി. മൂസാ നബി പാറമേല്‍ അടിച്ചപ്പോഴുണ്ടായ ജലവും അല്ലാഹു അനുഗ്രഹമായി നല്‍കി. എന്നിട്ടും അവര്‍ ധിക്കാരം കാട്ടി. 40 വര്‍ഷത്തെ ആ അലച്ചിലിനിടക്ക് മൂസാ നബിയും ഹാറൂന്‍ നബിയും മരണപ്പെട്ടിരുന്നു. പിന്നീട് യൂശഅ് നബിയുടെ കീഴിലാണ് അവര്‍ ഫലസ്തീനില്‍ വിജയം നേടിയത്. അതിനാൽ ഇസ്രയേൽ സന്തതികളെ അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് എത്തിച്ച പ്രവാചകൻ എന്ന പ്രത്യേകതയാണ് യൂശഅ് നബിക്കുള്ളത്.



അദ്ധ്യായം പത്ത്
ബുഹ് ലൂലുൽ കൂഫീ(റ)



അബ്ബാസി ഖലീഫ ഹാറൂൺ റഷീദ് പ്രജകളുടെ ക്ഷേമാന്വേഷണവുമായി ഒരു യാത്രക്കിറങ്ങിയതായിരുന്നു. ഒരു ഖബർസ്ഥാനിന്റെ അടുത്തെത്തിയപ്പോൾ അവിടെ ആളുകൾ ഭ്രാന്തൻ എന്ന് വിളിച്ചിരുന്ന, യഥാർത്ഥത്തിൽ ബുദ്ധിമാനായ ഒരാൾ ഒരു വടിയും കയ്യിൽ പിടിച്ച് എന്തോ ചെയ്യുന്നത് ഖലീഫ കണ്ടു. ഖബറിടങ്ങളിൽ വന്നിരിക്കുന്നത് ഇദ്ദേഹത്തിന്റെ പതിവായിരുന്നു. "അവിടെയുള്ളവർ നല്ല സുഹൃത്തുക്കളാണ്, അവർ ആരുടേയും ഗീബത്ത് പറയുകയില്ല" എന്നായിരുന്നു അദ്ദേഹത്തിൻറെ ന്യായം.



അദ്ദേഹത്തെ നന്നായി അറിയുന്ന ഖലീഫ വിളിച്ചു ചോദിച്ചു: "നിങ്ങൾ എന്താണ് ചെയ്യുന്നത് ?"
"കാര്യമായി ഒന്നുമില്ല. ഇവിടെയുള്ള തലയോട്ടികളും എല്ലുകളും രാജാക്കന്മാരുടേതാണോ അതോ ആവപ്പെട്ടവരുടേതാണോ എന്ന് പരിശോധിക്കുകയായിരുന്നു. എല്ലാം ഒരുപോലെയുണ്ട്"



ഹാറൂൺ റഷീദ് വീണ്ടും ചോദിച്ചു: "കയ്യിലെന്തിനാണ് ഒരു വടി?"



"ഞാൻ മണ്ണ് അളക്കുകയായിരുന്നു ഓ ഖലീഫാ, എല്ലാവിധ സമ്പത്തും സൗകര്യങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാർക്കും പാവങ്ങളിൽ പാവമായിരുന്ന ദരിദ്രനുമെല്ലാം ഒരേ പോലെയാണിവിടെ ലഭിക്കുന്നത്, ആറടി എനിക്കും ആറടി നിങ്ങൾക്കും അതേ ആറടി" അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.



ഇങ്ങനെ ചിരിപ്പിക്കുന്നതു പോലെ ചിന്തിപ്പിക്കുന്ന ഒരു മഹാനുണ്ടായിരുന്നു ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ. അബൂ വുഹൈബ് അംറ് അസ്സൈറഫി എന്ന പേരുള്ള അദ്ദേഹം ബുഹ് ലൂൽ എന്നാണ് ചരിത്രത്തിൽ വിളിക്കപ്പെടുന്നത്. പണ്ഡിതനും ഹാഫിളും മുഹദ്ദിസും സൂഫിയുമായിരുന്ന അദ്ദേഹം കണ്ടാൽ ഭ്രാന്തനെ പോലെ അഭിനയിക്കുന്ന ഒരാളായിരുന്നു. ആയതിനാൽ ബൂലൂൽ മജ്നൂൻ എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. പ്രവാചക കുടുംബാംഗമായിരുന്ന അദ്ദേഹത്തിൻ്റെ ജനന വർഷത്തെ കുറിച്ച് കൃത്യവും കണിശവുമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും അദ്ദേഹത്തിൻ്റെ മരണം ഹിജ്റ 190 ലോ 197 ലോ ആണെന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹത്തിൻ്റെ ഉള്ളിൽ ഷിയാ ആഭിമുഖ്യം ഉണ്ടായിരുന്നു എന്നും അത് ഇഷ്ടമില്ലാതിരുന്ന അബ്ബാസി ഖലീഫമാരുടെ അനിഷ്ടത്തിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഭ്രാന്ത് അഭിനയിച്ചിരുന്നത് എന്നും ഇമാം ദഹബി തന്റെ സിയറു അഅ്ലാമിന്നുബലാഇൽ പറയുന്നുണ്ട്. ഖലീഫ ഹാറൂൻ റഷീദിന്റെ ഏറ്റവും അടുത്ത ആൾ ആയിരുന്നതിനാൽ അദ്ദേഹത്തിൻ്റെ രാജ്യത്തെ മുഖ്യ ഖാസി സ്ഥാനം ഏറ്റെടുക്കാനുള്ള അഭ്യർത്ഥനയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ഈ അഭിനയം എന്നും ചരിത്രങ്ങളിൽ ഉണ്ട്.



ഖലീഫ ഹാറൂൻ റഷീദിന്റെ സന്തതസഹചാരി ആയിരുന്നു ബുഹ് ലൂൽ. ഒരിക്കൽ ഹജ്ജിന് പുറപ്പെട്ട വഴി കൂഫ നഗരത്തിന്റെ പുറത്ത് ഹാറൂൻ റഷീദ് ബുഹ് ലൂലിനെ കണ്ടുമുട്ടി. കുട്ടികൾ അയാളുടെ പിന്നാലെ ഓടുകയും അയാൾ കുട്ടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന രംഗമായിരുന്നു ഖലീഫ കണ്ടത്. അതാരാണ് എന്ന് അന്വേഷിച്ചപ്പോൾ അത് ബുഹ് ലൂൽ മജ്നൂനാണ് എന്ന് മറുപടി ലഭിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു എന്ന് പറയുകയും ഇറങ്ങി ഖലീഫ അദ്ദേഹത്തിന്റെ അടുക്കലേക്ക് നടന്നു ചെല്ലുകയും ചെയ്തു.



ഖലീഫ പറഞ്ഞു: 'എത്രകാലമായി താങ്കളെ കാണാൻ ഞാൻ ആഗ്രഹിച്ചു നിൽക്കുന്നു , താങ്കൾ എനിക്ക് വേണ്ട ഉപദേശം നൽകണം'.
അപ്പോൾ അദ്ദേഹം പറഞ്ഞു: 'എന്ത് ഉപദേശമാണ് ഞാൻ നൽകുക ?, ഇപ്പുറത്ത് കൊട്ടാരങ്ങളും അപ്പുറത്ത് കബറുകളും ആണല്ലോ. (ഈ അവസ്ഥ കണ്ടാൽ അതുതന്നെ മതിയല്ലോ ഉപദേശമായിട്ട് എന്ന ഉദ്ദേശത്തിൽ)



ഖലീഫ വീണ്ടും ഉപദേശം തേടി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഓ അമീറുൽ മുഅ്മിനീൻ , ഒരാൾക്ക് അല്ലാഹു സ്വത്തും സൗന്ദര്യവും നൽകുകയും സൗന്ദര്യം ചാരിത്ര സംരക്ഷണത്തിനും സമ്പത്ത് മറ്റുള്ളവരെ സഹായിക്കുന്നതിനും ഉപയോഗപ്പെടുത്തുകയും ചെയ്താൽ അവനെ അല്ലാഹു നന്മ മരങ്ങളുടെ കൂട്ടത്തിൽ രേഖപ്പെടുത്തും'



ഇത് കേട്ടപ്പോൾ എന്തെങ്കിലും ഖലീഫയിൽ നിന്ന് കിട്ടണമെന്ന് ഇയാൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഖലീഫക്ക് തോന്നി. ഖലീഫ 'ഞാൻ നിങ്ങൾക്ക് നിങ്ങളുടെ കടങ്ങൾ വീട്ടാനുള്ള ധനം തരാൻ പറയാം ' എന്നു പറഞ്ഞു. അപ്പോൾ ബുഹ് ലൂൽ പറഞ്ഞു: 'വേണ്ട അമീറുൽ മുഅ്മിനീൻ, കടം കൊണ്ട് കടം വീട്ടാൻ കഴിയില്ല. താങ്കളുടെ കയ്യിലുള്ള ധനം അതിൻെറ യഥാർത്ഥ അവകാശികൾക്ക് നൽകി താങ്കൾ താങ്കളുടെ കടം ആദ്യം വീട്ടുക. എല്ലാം കേട്ടപ്പോൾ ബുഹ് ലൂലിന് എന്തെങ്കിലും നൽകണമെന്ന് ഖലീഫക്ക് നിർബന്ധമായി. 'നിങ്ങളുടെ ചെലവുകൾ ബൈത്തുൽമാലിൽ നിന്ന് നിവർത്തി ചെയ്യുവാൻ ഞാൻ കൽപ്പിക്കാം ' എന്നു പറഞ്ഞു ഖലീഫ. അപ്പോൾ ബുഹുൽ പറഞ്ഞു: 'നിങ്ങൾക്ക് അല്ലാഹു തരികയും എന്നെ മറന്നു പോവുകയും ചെയ്യുമെന്ന് നിങ്ങൾ നിനക്കു ന്നുണ്ടോ ? അതും പറഞ്ഞു അവിടെ നിന്നും അദ്ദേഹം ഓടിപ്പോയി. (ഉഖലാഉൽ മജാനീൻ)



ഹാറൂൻ റഷീദിന്റെ പത്നി സുബൈദാ ജഅ്ഫറും ബുഹ്ലൂലിലെ ആത്മീയാംശം തിരിച്ചറിഞ്ഞ ആളായിരുന്നു. ഒരിക്കൽ സുബൈദാ രാജ്ഞി ഒരു വഴിയിലൂടെ എങ്ങോട്ടോ പോകുകയാണ്. വഴിവക്കിൽ ഒരിടത്ത് ആരൊക്കെയോ കൂട്ടം കൂടിയിരിക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. അവർ ഇറങ്ങി നോക്കുമ്പോൾ ബുഹ് ലൂലും കുറേ കുട്ടികളുമാണ്. പ്രത്യക്ഷത്തിൽ ഭ്രാന്തനെന്നു തോന്നിക്കുന്ന ആഴമുള്ള ജ്ഞാനവും തത്വചിന്തയുമുള്ള ഒരു വ്യക്തിത്വമായിരുന്നു ബുഹ് ലൂൽ. ഹാറൂൺ റഷീദിന്റെ ബന്ധു മാത്രമല്ല, കൊട്ടാരത്തിൽ അനുമതി തേടാതെ എപ്പോൾ വേണമെങ്കിലും കടക്കാവുന്ന ആളുമായിരുന്നു ബുഹ് ലൂൽ.



കുട്ടികളുടെ ഇടയിൽ ഇരുന്ന് ബുഹ് ലൂൽ മണ്ണിൽ ഒരു വീടിന്റെ ചിത്രം കോറുകയാണ്. രാജ്ഞിക്കു കൗതുകം തോന്നി. രാജ്ഞി ചോദിച്ചു:



'ഇതെന്താണ് നിങ്ങൾ ചെയ്യുന്നത്?'



'കണ്ടില്ലേ , ഞങ്ങൾ ഒരു വീടുണ്ടാക്കുകയാണ്'



'ഇതു നല്ല വീടാണല്ലോ, വലിയ ആൾക്കാർക്കൊക്കെ പാർക്കുവാൻ പററിയ വീട്. ഏതായാലും ഞാൻ നിങ്ങളുടെ അടുക്കൽ നിന്നും ഈ വീട് വിലക്കുവാങ്ങുവാൻ ഉദ്ദേശിക്കുന്നു.'



'ഈ വീടോ?'



'അതെ, ഈ വീടു തന്നെ, എത്രയാണ് വില? പറഞ്ഞോളൂ..'



'എനിക്കും എന്നെ വീടു നിർമ്മിക്കുവാൻ സഹായിക്കുന്ന ഈ കൂട്ടുകാർക്കും കൂടി മൊത്തം ആയിരം ദീനാർ.'



അങ്ങനെ വെറും മണ്ണിൽ വളഞ്ഞും പുളഞ്ഞും കിടക്കുന്ന വരകൾ മാത്രമായ ആ സാങ്കൽപ്പിക വീട് ആയിരം ദീനാർ നൽകി സുബൈദാ രാജ്ഞി വാങ്ങി.



ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഖലീഫ ഹാറൂൻ റഷീദ് ഒരു സ്വപ്നം കണ്ടു. സ്വർഗത്തിലെ ഒരു കൊട്ടാരത്തിലേക്കു താൻ ചെല്ലുന്നതും അതിലേക്കു കയറുവാൻ ശ്രമിക്കുമ്പോൾ ഇതു സുബൈദാ രാജ്ഞിയുടെ കൊട്ടാരമാണ് എന്നു പറഞ്ഞ് തടയുന്നതുമായിരുന്നു സ്വപ്നം. സ്വപ്നം കണ്ടതിന്റെ പിറേറന്ന് ഖലീഫ തന്റെ സദസ്സിൽ സ്വപ്നം അവതരിപ്പിച്ചു. രാജ്ഞി എന്തു നന്മയാണ് അതിനായി ഈയടുത്ത് ചെയ്തത് എന്നു അന്വേഷിക്കണമെന്നായിരുന്നു കൊട്ടാരം വ്യാഖ്യാതാക്കളുടെ പക്ഷം.



അതനുസരിച്ച് ഖലീഫ ഭാര്യയോട് കാര്യം ചോദിച്ചു. ഒരുപാട് നന്മകൾ ചെയ്യുന്ന തരക്കാരിയായിരുന്നതിനാൽ സ്വർഗത്തിലെ കൊട്ടാരം കിട്ടുവാനുണ്ടായ നന്മ അവർക്കു പെട്ടന്ന് ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല. എങ്കിലും കുറേ കഴിഞ്ഞപ്പോൾ അവർക്ക് ബുഹ് ലൂലിന്റെ കയ്യിൽ നിന്നും വീടു വാങ്ങിയ സംഭവം ഓർമ്മവന്നു. അതുതന്നെയാകും കാരണം എന്നു കേട്ടവരെല്ലാം പറഞ്ഞു. അതോടെ ഖലീഫയുടെ മനസ്സിൽ ഒരാഗ്രഹം ഉടലെടുത്തു. ബുഹ് ലൂലിന്റെ കയ്യിൽ നിന്നും തനിക്കും ഒരു വീട് വാങ്ങിക്കണം.



പിറേറന്ന് ഖലീഫ ബുഹ് ലൂലിനെയും തിരക്കിയിറങ്ങി. പ്രതീക്ഷിച്ചതുപോലെ ബുഹ് ലൂൽ ഒരിടത്ത് കുട്ടികളുടെ ഇടയിൽ മണ്ണിൽ വീടിന്റെ ചിത്രവും കോറി ഇരിക്കുന്നുണ്ടായിരുന്നു. ഖലീഫ അവിടെയെത്തി. ഒരു വൃത്തിയും വെടിപ്പും ആകർഷണവുമില്ലാത്ത ആ വീടിന്റെ കോലം കണ്ട് ഖലീഫക്ക് പരിഹാസം തോന്നി. ഏതായാലും ആഖിറത്തിൽ ഒരു സ്വർഗവീട് കിട്ടുവാൻ വേണ്ടിയാണല്ലോ, അതിനാൽ എല്ലാം ഒതുക്കി ഖലീഫ ബുഹ് ലൂലിനോട് പറഞ്ഞു:



'ഈ വീട് എനിക്കു വേണം, എത്രയാണ് വിലയെങ്കിൽ പറഞ്ഞുകൊള്ളുക'



ബുഹ് ലൂൽ അൽപം ആലോചിച്ചു നിന്നു പിന്നെ പറഞ്ഞു:



'അമീറുൽ മുഅ്മിനീൻ, ഇതിനു വില അൽപ്പം കൂടുതലാണ്.'



'അതു സാരമില്ല, എത്രയാണെങ്കിലും പറഞ്ഞുകൊള്ളൂ..'



'നൂറു ചാക്ക് സ്വർണ്ണവും പിന്നെ അൻപതു വലിയ തോട്ടങ്ങളും പിന്നെ...... ഒരു വലിയ പട്ടിക തന്നെ നിരത്തി ബുഹ്ലൂൽ.'



വില കേട്ട് ഖലീഫ അത്ഭുത പരതന്ത്രനായിപ്പോയി. ഒരാൾക്കൊന്നു കടന്നിരിക്കുക പോലും ചെയ്യുവാൻ കഴിയാത്ത ഈ വെറും വരവീടിന് ഇത്രയും വലിയ വിലയോ?, അദ്ദേഹം ആലോചിച്ചു.



ഖലീഫ ചോദിച്ചു: 'കഴിഞ്ഞ ദിവസം താങ്കൾ സുബൈദക്ക് ഇതേ പോലുള്ള ഒരു വീട് വിററത് ആയിരം ദീനാറിനായിരുന്നുവല്ലോ. ഇന്ന് എനിക്ക് ഇങ്ങനെ വില കൂടുവാൻ എന്താണു കാരണം?'



ബുഹ് ലൂൽ സ്വതസിദ്ധമായ ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു:



'അമീറുൽ മുഅ്മിനീൻ, സുബൈദ രാജ്ഞി വാങ്ങിച്ചത് കണ്ടിട്ടില്ലാത്ത വീടാണ്. അതു വാങ്ങുമ്പോൾ അതുകൊണ്ടു കിട്ടുന്ന വീടിന്റെ അലങ്കാരങ്ങളും പ്രത്യേകതകളും അവർക്കറിയില്ലായിരുന്നു. താങ്കൾ അങ്ങനെയല്ല, കിട്ടാനിരിക്കുന്ന ആ വീട് കണ്ടിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ വില കൂടും..'



ബുഹ് ലൂൽ വീണ്ടും ഖലീഫാ ഹാറൂൺ റഷീദിന്റെ മനസ്സിനെയും ശ്രദ്ധയെയും ചിന്തകളുടെ തിരമാലകളിലേക്ക് തള്ളിവിടുകയായിരുന്നു.



ഹിജ്റ 190 ൽ ബുഹ് ലൂൽ വഫാത്തായി. മഹാനായ ജുനൈദുൽ ബഗ്ദാദി(റ)യുടെ മഖ്ബറയുടെ സമീപത്തു തന്നെയാണ് ബുഹ് ലൂലുൽ കൂഫിയുടെയും മഖ്‌ബറ.



അദ്ധ്യായം പതിനൊന്ന്
അഹ്മദുൽ ഗസ്സാലി(റ)



ഇമാം അബൂഹാമിദുൽ ഗസ്സാലി(റ)യെ അറിയാത്തവർ ഉണ്ടാകില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇസ്ലാമിക ലോകത്തും വ്യവഹാരശാസ്ത്രങ്ങളിലും തിളങ്ങിനിൽക്കുന്ന പണ്ഡിത വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). ഇസ്ലാമിക വിഷയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ മേഖലകളിലും തികച്ചും ഭൗതികമായ ഗോളശാസ്ത്രം, തത്വശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയവയിലും രീതിശാസ്ത്രം,തർക്കശാസ്ത്രം പോലുള്ള ഭാഷാശാസ്ത്രങ്ങളിലും ജ്വലിച്ചു നിന്നിരുന്ന ഇമാം ഗസ്സാലിയുടെ ചിന്തകൾ ജാതി-മത ഭേദമന്യേ മാനവസമൂഹത്തിനെ സ്വാധീനിച്ച ഒന്നാണ്. പ്രശസ്ത മതപണ്ഡിതനും ദാർശനികനും ചിന്തകനും പരിഷ്കർത്താവുമായിരുന്ന ഇമാം ഗസ്സാലി(റ) എന്ന പേരിലറിയപ്പെടുന്ന ഇമാം അബൂഹാമിദ് മുഹമ്മദുൽ ഗസ്സാലി(റ) ഹിജ്റ 450-ൽ ഖുറാസാനിലെ ത്വൂസിലാണ് ഭൂജാതനായത്. തൻ്റെ മകൻ സംശുദ്ധ പ്രകൃതിയിൽ വളർന്ന് ഉന്നതിയിൽ എത്തിച്ചേരണമെന്ന് ഏറെ ആഗ്രഹിച്ച പിതാവ് അബൂ മുഹമ്മദ് ജുനൈനി(റ)ന്റെ വിയോഗത്തെ തുടർന്ന് പിതാവിന്റെ സുഹൃത്തിന്റെ തണലിലായി മഹാനവർകൾ വളർന്നു. പിന്നീടങ്ങോട്ട് അറിവ് തേടിയുള്ള നീണ്ട സഞ്ചാരമായിരുന്നു. ജുർജാൻ, നിഷാപൂർ, ബാഗ്ദാദ്, മക്ക, ഡമസ്കസ്, ഈജിപ്ത് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചരിച്ച് വ്യത്യസ്ത മേഖലകളിൽ അഗാധ പാണ്ഡിത്യം നേടി വൈജ്ഞാനിക ലോകത്ത് തന്റേതായ ഒരു വൻകര തന്നെ സൃഷ്ടിച്ചു മഹാൻ.



ജുർജാനിൽ നിന്ന് മടങ്ങുന്ന സമയത്താണ് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ച സംഭവം ഉണ്ടായത്. അദ്ദേഹം സമ്പാദിച്ച അറിവുകളെല്ലാം കുറിച്ചു വെച്ചിരുന്ന കടലാസുകൾ കൊള്ളസംഘം മോഷ്ടിക്കുകയും അദ്ദേഹം തിരികെ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ കള്ളൻ ചോദിച്ച ചോദ്യമാണ് അറിവുകൾ മനഃപാഠമാക്കുന്നതിലേക്ക് അദ്ദേഹത്തിന് വഴികാണിച്ചത്. പിന്നെ പഠിച്ചതെല്ലാം മനപ്പാഠമാക്കുകയായിരുന്നു അദ്ദേഹം അതിനനുസൃതമായ ബുദ്ധിയും ഓർമ്മശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.



ബഗ്ദാദിലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നിസാമുൽ മുൽകിന്റെ കൊട്ടാരത്തിൽ അറിവ് കൊണ്ടും സാമർഥ്യം കൊണ്ടും ഇമാം ഗസ്സാലി(റ) പ്രശസ്തി നേടി. നിസാമിയ്യ യൂണിവേഴ്‌സിറ്റിയുടെ തലവനായി മുപ്പത്തി നാലാം വയസ്സിൽ അദ്ദേഹം നിയോഗിക്കപ്പെട്ടത്തോടെ പ്രശസ്തിയുടെ അങ്ങേയറ്റം വരെയെത്തി. ആ സമയത്താണ് പെട്ടന്ന് അദ്ദേഹത്തിൽ തീവ്രമായ വീണ്ടുവിചാരങ്ങൾ പൊങ്ങിയതും എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഏകാന്തവാസത്തിനായി ഇറങ്ങി പുറപ്പെട്ടതും.11 വർഷത്തെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു വന്ന് അവിടെ പാഠശാല ആരംഭിക്കുകയും ഹിജ്‌റ 505-ൽ ലോകത്തോട് വിട പറയും വരെ അവിടെ ജീവിക്കുകയും ചെയ്തു.



ബഗ്ദാദിലെ തൻ്റെ അദ്ധ്യാപന ചുമതലകൾ അദ്ദേഹം ഏൽപ്പിക്കാൻ കണ്ട വ്യക്തിത്വമായിരുന്നു സ്വന്തം സഹോദരനായ അഹമ്മദ് അബുൽ ഫുതൂഹ് മജ്ദുദ്ദീൻ ഗസ്സാലി(റ). ഇമാം ഗസ്സാലിയെ പോലെ ഒരാൾ തൻറെ ചുമതലകൾ അത് അർഹിക്കുന്ന ആളെയല്ലാതെ ഏൽപ്പിക്കുകയില്ല എന്ന ഉറപ്പാണ് അഹ്മദുൽ ഗസ്സാലിയിലെ പ്രതിഭയിലേക്ക് വിരൽ ചൂണ്ടുന്നത്. കിഴക്കൻ ബാഗ്ദാദിൽ മഖ്ബറത്തുൽ ഗസ്സാലിയ എന്ന ഒരു ദർഗയിലാണ് മഹാനായ അഹ്മദുൽ ഗസ്സാലി(റ) അന്ത്യവിശ്രമം കൊള്ളുന്നത്. ഇറാഖ് വഖഫ് മന്ത്രാലയത്തിന്റെ കീഴിൽ 1986 ൽ ഈ മഖ്ബറ പുതുക്കി പണിതിട്ടുണ്ട്. അതേസമയം അഹ്മദുൽ ഗസ്സാലിയുടെ ഖബർ ഇറാനിലെ ഖസ്വീനിലാണ് എന്ന ഒരു ചരിത്ര വായനയും ഉണ്ട്.



അദ്ധ്യായം പന്ത്രണ്ട്
ശൈഖ് അബൂബക്കർ അശ്ശിബ്‌ലി(റ)



ഇറാഖിൽ ഇമാം അബൂഹനീഫ(റ)യുടെ പള്ളിയും മഖ്ബറയും സ്ഥിതി ചെയ്യുന്ന അഅ്ളമിയ്യയിലെ ഖൈസുറാൻ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരു മഹാനായ ആത്മീയ നായകനാണ് ശൈഖ് അബൂബക്കർ അശ്ശിബ്‌ലി(റ). ഖുറാസാനിലെ ശിബുല എന്ന പ്രദേശത്ത് നിന്ന് വന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. ഇറാഖിലെ സാമ്രായിലായിരുന്നു ഹിജ്റ 247 ൽ മഹാനവർകളുടെ ജനനം. പിതാവ് അവിടെ ഒരു കൊട്ടാരം പരിചാരകനായിരുന്നു. ദുൽഫു ബിൻ ജുഹ്ദുർ എന്നായിരുന്നു സാക്ഷാൽ നാമം. ചെറുപ്പത്തിൽ അദ്ദേഹം കേൾക്കാനിടയായ ഒരു സൂഫി പ്രഭാഷകന്റെ വഅള് ആയിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ പ്രഭാഷണത്തിലെ ആശയങ്ങൾ മനസ്സിലേക്ക് ഇറങ്ങുകയും മനസ്സിനെ കീഴ്പ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആത്മീയ മേഖലയിലെ പണ്ഡിതന്മാരെ തേടി പോവുകയും അവരോട് സഹവസിക്കുകയും ചെയ്യാൻ തുടങ്ങി. ആ ബന്ധം അവസാനം മഹാനായ ജുനൈദുൽ ബഗ്ദാദി(റ) തങ്ങളുടെ അടുത്തെത്തിച്ചു.



ജുനൈദുൽ ബഗ്ദാദി(റ) തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു ശിബിലി(റ). ശിഷ്യന്മാരുടെ കിരീടം എന്നായിരുന്നു ഗുരു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മാലിക്കീ മദ്ഹബിലെ വലിയ പണ്ഡിതനും കവിയും ആയിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തിലെ മുവത്വ മനപാഠമാക്കി. അദ്ദേഹത്തിൻ്റെ കവിതകൾ തീവ്രമായ ആത്മീയ അവബോധം സൃഷ്ടിക്കുവാൻ പോന്നതായിരുന്നു. പിതാവിനെ പോലെ അദ്ദേഹവും ഭരണകൂടത്തിന്റെ ചില ജോലികൾ ചെയ്തിരുന്നു. പിന്നീട് അത് അദ്ദേഹം സ്വയം ഒഴിവാക്കി. അതിനോട് തൻ്റെ ഗുരു ജുനൈദ്(റ) യോജിച്ചിരുന്നില്ല. ആത്മീയതയിൽ ലയിച്ച് ചേർന്ന മഹാനവർകൾ ജദ്ബിന്റെ അവസ്ഥയിൽ എത്തിയ ഒരാളായിരുന്നു. ആത്മീയമായ ഉൽക്കർഷത്തിൽ ഒരുതരം മയക്കത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥയാണ് ഇത്. അദ്ദേഹത്തിൻ്റെ സമകാലീനയായ മൻസൂർ ഹല്ലാജ് എന്നവർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. കണ്ടാൽ ഭ്രാന്തന്മാരെ പോലെ സമയകാല ബന്ധമില്ലാത്ത വർത്തമാനങ്ങൾ പറയുകയും വസ്ത്രം, ബാഹ്യമായ മറ്റു കാര്യങ്ങൾ തുടങ്ങിയവയിൽ ഒന്നും ഒട്ടും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ഔലിയാക്കൾക്ക് മാത്രമേ തിരിച്ചറിയാൻ കഴിയൂ. അത് തിരിച്ചറിയാൻ കഴിയാതെ വന്നതിനാൽ ആണ് മൻസൂർ ഹല്ലാജ് കൊല്ലപ്പെട്ടത്.



കണ്ടാൽ ഭ്രാന്തനെ പോലെ ആയിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ വായിൽ നിന്ന് വരാറുണ്ടായിരുന്നത് സുവർണ്ണ മൊഴികൾ ആയിരുന്നു. ഒരിക്കൽ അദ്ദേഹം നിരാശ നിരാശയും വേദനയും പ്രകടിപ്പിച്ചു കൊണ്ടെന്നോണം ആഹ് എന്ന് പറയുകയുണ്ടായി. എന്തിൽ നിന്നാണ് ഈ വേദന പ്രകടിക്കുന്നത് എന്ന് ആരാഞ്ഞവരോട് അദ്ദേഹം പറഞ്ഞു, എല്ലാകാര്യത്തിൽ നിന്നും എന്ന്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ആത്മീയ ദാഹിയായ ഒരാളെ അസ്വസ്ഥതപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും ആണ് എന്ന് സൂചിപ്പിക്കുകയായിരുന്നു മഹാനവർകൾ. എന്താണ് ഒരു ശരിയായ ആത്മജ്ഞാനിയുടെ അടയാളം എന്ന് അദ്ദേഹത്തോട് ഒരിക്കൽ ആരോ ചോദിക്കുകയുണ്ടായി. വിശാലതയുള്ള ഹൃദയവും വേദനിക്കുന്ന മനസ്സും വിരക്തമായ ശരീരവും ആണ് ആ അടയാളങ്ങൾ എന്ന് മഹാനവർകൾ പറയുകയുണ്ടായി. ഇത്തരത്തിൽ മഹത്തായ പല തത്വങ്ങളും അദ്ദേഹത്തിൻെറ കവിതകളിൽ പ്രത്യേകിച്ചും സ്ഥലം പിടിച്ചിരുന്നതായി ഇമാം ദഹബി പറയുന്നുണ്ട്.



ഹിജ്റ 334 ദുൽഹിജ്ജ 27 വെള്ളിയാഴ്ച രാത്രി തൻറെ 87 വയസ്സിൽ മഹാനവർകൾ വഫാത്തായി.



അദ്ധ്യായം പതിമൂന്ന്
കാളിമിയ്യ



ബാഗ്ദാദിന്റെ വടക്ക് കർഖ് മേഖലയിൽ യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഒരു നഗരമാണ് കളിമിയ്യ. ഈ സ്ഥലത്തിന് ഈ പേര് വരാനുള്ള കാരണം മഹാനായ മൂസൽ കാളിം(റ) എന്നവർ ഇവിടെ ജീവിക്കുകയും ഇവിടെ മരണപ്പെടുകയും ചെയ്തതാണ്. അതിനാൽ കാളിമിയ്യയിലെ ഏറ്റവും വലിയ സന്ദർശന കേന്ദ്രം മൂസൽ കാളിം തങ്ങളുടെ മഖ്ബറ തന്നെയാണ്. മൂസൽ കാളിം തങ്ങളെ പരിജയപ്പെടാൻ നാം ആദ്യം മറ്റൊരു കഥ കേൾക്കേണ്ടതുണ്ട്. അത് ഇതാണ്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso