
.jpeg)
ഇറാഖിലെ കാഴ്ചകൾ - 4
12-12-2023
Web Design
15 Comments
ആത്മീയമായി ഔന്നത്യം പ്രാപിച്ച മഹാനവർകൾ ഹൃദയ വിശാലത കൊണ്ട് ശ്രദ്ധേയനായ ആളായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ കയ്യിൽ ഉണ്ടായിരുന്ന മുസ്ഹഫും തന്റെ മേൽ തട്ടവും കരയിൽ വെച്ച് യൂഫ്രട്ടീസ് നദിയിൽ നിന്ന് വുദു ചെയ്യുകയായിരുന്നു. അതിനിടെ ഒരു സ്ത്രീ വന്ന് അവ രണ്ടും കൈക്കലാക്കി. അവൾ അതുമായി പോകുന്നത് കണ്ടപ്പോൾ ശൈഖവർകൾ അവളോട്, നിനക്ക് ഖുർആൻ പഠിക്കുന്ന മക്കൾ ഉണ്ടോ? എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവളുടെ മറുപടി. എന്നാൽ ഖുർആൻ ഓതുന്ന ഭർത്താവ് ഉണ്ടോ? എന്ന ചോദ്യം വന്നപ്പോൾ ഇല്ലെന്ന് തന്നെ അവൾ മറുപടി പറഞ്ഞു. അതോടെ അദ്ദേഹം പറഞ്ഞു, എങ്കിൽ തട്ടം എടുത്തു കൊള്ളൂ. മുസ്ഹഫ് തിരിച്ചു തന്നേക്കൂ. ആ സ്ത്രീക്ക് വേണ്ടത് ദ്രവ്യം മാത്രമാണ് എന്ന മനസ്സ് വായിച്ചെടുത്തു കഴിഞ്ഞിരുന്നു ശൈഖ് മഅ്റൂഫുൽ കർഖി(റ). മറ്റൊരിക്കൽ ഒരുപറ്റം യുവാക്കൾ മധ്യ ലഹരിയിൽ ആറാടുകയായിരുന്നു. ആ സമയത്ത് യൂഫ്രട്ടീസ് നദീ കരയിൽ ചിന്താനിമഗ്നനായി ഇരിക്കുകയായിരുന്ന ശൈഖ് മഅ്റൂഫുൽ കർഖിയോട് അദ്ദേഹത്തിന്റെ ചില അനുയായികൾ വന്ന ആ യുവാക്കളെ കുറിച്ച് പരാതിപ്പെട്ടു. അവർക്കെതിരെ പ്രാർഥിക്കുവാൻ അവർ ശൈഖിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു: 'അല്ലാഹുവേ ഇവർക്ക് ഇവർ ദുനിയാവിൽ ആനന്ദിക്കുന്നത് പോലെ പരലോകത്തും ആനന്ദിക്കുവാനുള്ള മാർഗം നീ കാണിച്ചു കൊടുക്കണേ' അതു കേട്ട് അനുയായികൾ തങ്ങൾ അവർക്ക് എതിരെ ശാപപ്രാർത്ഥന നടത്തുവാനാണല്ലോ ആവശ്യപ്പെട്ടത് എന്ന് പരാതിപ്പെട്ടു. പരലോകത്തും അവർക്ക് സന്തോഷിക്കാനുള്ള മാർഗം തുറന്നുകൊണ്ട് അല്ലാഹു അവർക്ക് അവരുടെ തൗബ സ്വീകരിച്ചാൽ അതാണല്ലോ ഏറ്റവും നല്ലത്, അതുകൊണ്ടാണെങ്കിൽ നിങ്ങൾക്ക് പ്രയാസം ഒന്നും ഉണ്ടാവുകയുമില്ല എന്നായിരുന്നു മഹാനവർകളുടെ പ്രതികരണം.
ഇമാം അബു ഹനീഫ(റ)യുടെ പ്രധാന ശിഷ്യൻ അബു യൂസഫ് എന്നവർ മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ജനാസയിൽ പങ്കെടുക്കുവാൻ മഅ്റൂഫുൽ കർഖി(റ)ക്ക് കഴിയാതെ പോയി. അന്ന് കുറെ പണ്ഡിതന്മാർ അതിൽ നിന്ന് മനപ്പൂർവ്വം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അന്നത്തെ ചില രാഷ്ട്രീയ ചിന്താഗതികൾ ആയിരുന്നു അതിന് കാരണം. പിറ്റേന്ന് ശൈഖവർകൾ തനിക്ക് ജനാസയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിലുള്ള സങ്കടം ഒരു മുരീദുമായി പങ്കുവെക്കുകയുണ്ടായി. സുൽത്താന്റെ ആളായ അദ്ദേഹത്തിന്റെ മേലിൽ നിസ്കരിക്കാത്തതിൽ താങ്കൾക്ക് ഇത്രമാത്രം പരിഭവമോ എന്ന് മുരീദ് അത്ഭുതപ്പെട്ടു ചോദിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: 'ഞാൻ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ സ്വർഗ്ഗത്തിൽ ഒരു മനോഹരമായ ഭവനം കണ്ടു. ഇത് ആർക്കുള്ളതാണ് എന്ന ചോദ്യത്തിന് എനിക്ക് കിട്ടിയ മറുപടി ഇത് അബു യൂസഫ്(റ)ക്ക് ഉള്ളതാണ് എന്നായിരുന്നു. അദ്ദേഹത്തിന് ഇത് ലഭിക്കുവാൻ എന്താണ് കാരണമെന്ന് ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി അദ്ദേഹം ജനങ്ങൾക്ക് ഇൽമ് പഠിപ്പിച്ചു കൊടുത്തതിനും അവരിൽ നിന്നുള്ള ശല്യങ്ങൾ സഹിച്ചതിനുമുള്ള പ്രതിഫലമാണ് എന്നായിരുന്നു.' മഹാനവർകളുടെ മനസ്സിന്റെ വിശാലതയും നന്മയും ഔന്നത്യവും എല്ലാം ഒരുപോലെ സ്ഥാപിക്കുന്നതാണ് ഈ അനുഭവങ്ങൾ എല്ലാം.
ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ)വിന്റെ മുമ്പിൽ വെച്ച് ഒരിക്കൽ ഒരാൾ മഅ്റൂഫുൽ കർഖി(റ) അറിവ് കുറഞ്ഞ ആളാണല്ലോ എന്ന് പ്രതികരിക്കുകയുണ്ടായി. അതു കേട്ട ഇമാമവർകൾ പറയുകയുണ്ടായി: 'അങ്ങനെ പറയരുത്, ഇൽമ് എന്നാൽ മഅ്റൂഫുൽ കർഖി എത്തിച്ചേർന്ന ആ പദവിയല്ലാതെ മറ്റെന്താണ് !. പ്രമുഖ താബിഈ വര്യൻ സുഫ്‌യാനു ബിൻ ഉയൈന(റ) ഒരിക്കൽ ഒരാളോട് ആരാഞ്ഞു: 'അബൂ മഹ്ഫൂള് മഅ്റൂഫുൽ കർഖിയുടെ വിവരമെന്താണ്?'. അയാൾ പറഞ്ഞു : 'അദ്ദേഹത്തിന് ഖൈറ് തന്നെയാണ്' അപ്പോൾ മഹാനവർകൾ പറഞ്ഞു: 'അദ്ദേഹം ആ നഗരത്തിൽ കഴിയും കാലം മുഴുവനും ആ നഗരത്തിലുള്ളവർക്കെല്ലാം ഖൈറ് തന്നെയായിരിക്കും ഉണ്ടായിരിക്കുക'. ദിക്റിലും ഫിക്റിലും നിരതമായിരുന്നു മഹാനവർകളുടെ ജീവിതം. ആത്മീയ ലോകത്തിൽ വിരാജിക്കുന്ന ഓരോരുത്തർക്കും അവരെ ആരാധനയിലും തദനുസൃതമായ ജീവിതത്തിലും പിടിച്ചുനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ദിക്റുകൾ. ഒരിക്കൽ ഒരാൾ വന്ന് തനിക്ക് ഇസ്ലാമിന്റെ നിയമവ്യവസ്ഥകൾ ഭാരമായി തോന്നുകയാണ് എന്നും അതിനാൽ എനിക്ക് ബലമായി പിടിച്ചുനിൽക്കാൻ മാത്രം പറ്റുന്ന ഏതെങ്കിലും ഒരു കാര്യം ഉപദേശിച്ചു തരണമെന്നും നബി(സ)യോട് പറയുകയുണ്ടായി. അയാളോട് നബി പറഞ്ഞത് നിന്റെ നാവ് എപ്പോഴും ദിക്റുകൾ കൊണ്ട് നനഞ്ഞു കിടക്കുന്നതായിരിക്കട്ടെ എന്നാണ്. ഈ പറഞ്ഞതിന്റെ അർത്ഥം ചുണ്ടിലും മനസ്സിലും ദിക്റ് ഉള്ളവൻ ആരാധനകൾക്ക് സദാ ഉന്മേഷപൂർവ്വം സന്നദ്ധതയുള്ള ആളായിരിക്കും എന്നാണ്.
ശൈഖവർകൾ ഈ വിധം എപ്പോഴും ദിക്റുകളിലായി കഴിയുന്ന ആളായിരുന്നു. അത് പറയുമ്പോൾ ചില കിതാബുകളിൽ പറയുന്ന ഒരു രസകരമായ രംഗമുണ്ട്. അദ്ദേഹത്തിന്റെ മീശ മുറിക്കുവാൻ വന്ന ക്ഷുരകൻ അതിന് കഴിയാതെ പ്രയാസപ്പെട്ട് നിന്നതാണ് കഥ. ഇതൊന്നു കൃത്യമായി മുറിച്ചെടുക്കുവാൻ ചുണ്ടുകൾ ഒന്ന് അനങ്ങാതെ നിൽക്കേണ്ട എന്നായിരുന്നു ക്ഷുരകൻ ചോദിച്ചത്. ആത്മീയ പ്രഭാവത്തിൽ നിന്ന് ഉണ്ടായ അദ്ദേഹത്തിന്റെ ഒരുപാട് മൊഴിമുത്തുകൾ മഹാന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞതായി കാണാൻ കഴിയും. 'ഒരു അടിമക്ക് അല്ലാഹു തിന്മ ഉദ്ദേശിച്ചിരിക്കുന്നുവെങ്കിൽ സൽകർമ്മങ്ങൾ ചെയ്യാനുള്ള കവാടങ്ങൾ അവന്റെ ജീവിതത്തിൽ കൊട്ടിയടക്കുകയും അവന്റെ മുമ്പിൽ തർക്കവിതർക്കങ്ങളുടെ വാതിലുകൾ തുറന്നിടുകയും ചെയ്യും' എന്നത് അദ്ദേഹം പകർന്ന ചിന്തകളിൽ ഒന്നാണ്.
ഖലീലുസ്വയ്യാദ് പറയുകയാണ്. എന്റെ മകൻ അൻബാറിലേക്ക് പോയതായിരുന്നു. അവിടെവെച്ച് അവനെ കാണാതെയായി. അത് അവന്റെ ഉമ്മയെ പിടിച്ചുലച്ചു. അപ്പോൾ ആരോ പറഞ്ഞു ശൈഖ് അവർകളുടെ അടുത്ത് ഒന്ന് പോയി ദുആ ചെയ്യിപ്പിക്കുവാൻ. ദുആക്ക് ഉത്തരം ലഭിക്കുന്ന ഒരാളാണ് മഅ്റൂഫുൽ കർഖി(റ) എന്ന് അതിനകം നാട്ടിൽ പരന്നു കഴിഞ്ഞിരുന്നു. ശരിക്കും ദുആക്ക് ഉത്തരം ഉള്ള ഒരാളാണ് അദ്ദേഹമെന്ന് ആ കാലഘട്ടത്തിലെ പല പ്രമുഖരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് പിതാവ് ശൈഖ് അവർകളുടെ അടുക്കൽ ചെല്ലുകയും തന്റെ ആവശ്യം ബോധിപ്പിക്കുകയും ചെയ്തു. ശൈഖ് അവർകൾ ദുആ ചെയ്തു. പിതാവ പുറത്തേക്കിറങ്ങുമ്പോൾ മകനുണ്ട് വാതിലിനടുത്തായി നിൽക്കുന്നു. അപ്പോൾ പിതാവ് ചോദിച്ചു: 'നീ ഇവിടെ ഇപ്പോൾ എങ്ങനെ വന്നു?', 'ഇപ്പോൾ കുറച്ചു സമയം മുമ്പ് നീ എവിടെയായിരുന്നു?'. അവൻ പറഞ്ഞു: 'ഞാൻ അങ്ങകലെ അൻബാറിൽ ആയിരുന്നു' എന്ന്. ഇമാം ഖത്വീബിയുടെ താരീഖു ബഗ്ദാദിലും ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഇലും സമാനമായ സംഭവങ്ങൾ പറയുന്നുണ്ട്.
ശൈഖ് സിരിയ്യുസ്സിഖ്‌ത്വി(റ) അദ്ദേഹത്തിന്റെ പ്രധാന ഗുരുവും ആത്മീയ ശൈഖുമായിരുന്നു. ഖലീഫ ഹാറൂൺ റഷീദിന്റെ സമകാലീനനായിരുന്നു അദ്ദേഹം. പലപ്പോഴും ഖലീഫ അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ തേടുമായിരുന്നു. മൂസൽ കാളിം(റ)യുടെ മകൻ അലി(റ) എന്നവരായിരുന്നു മഹാനവർകളുടെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്രോതസ്സ്. അപ്രകാരം തന്നെ പ്രമുഖ സൂഫിവര്യൻ ദാവൂദുത്തായി (റ) മഹാനവർകളുടെ മറ്റൊരു ശൈഖ് ആയിരുന്നു.
ഹിജ്റ 200 ൽ അഥവാ എ ഡി 815 ൽ ശൈഖ് മഅ്റൂഫുൽ കർഖീ(റ) അവർകൾ ബാഗ്ദാദിൽ വഫാത്തായി. മൂന്നുലക്ഷം പേർ അദ്ദേഹത്തിൻ്റെ ജനാസയിൽ പങ്കെടുത്തിരുന്നതായി ചരിത്രവിവരണങ്ങളിലുണ്ട്. ബാഗ്ദാദ് നഗരത്തിന്റെ പ്രാന്തത്തിലുള്ള കർഖ് മേഖലയിലെ ബാബു ദിയർ അതീഖ എന്ന മഖ്ബറയിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്. ബാഗ്ദാദിലെ ഏറ്റവും പ്രസിദ്ധമായ മഖ്ബറകളിൽ ഒന്നാണ് ഇത്. മഹാനവർകളുടെ ഖബറിന്റെ സമീപത്തായി മഹാനായ അബ്ദുൽ ഖാദർ ജീലാനി(റ) തങ്ങൾ വന്നിരിക്കുമായിരുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നുൽ ജവ്സി(റ) തന്റെ സ്വിഫത്തുസ്സ്വഫ്‌വ എന്ന ഗ്രന്ഥത്തിലും ഇബ്നുൽ മുലഖിൻ തന്റെ ത്വബഖാത്തുൽ ഔലിയാഇലും അബൂ നഈം തന്റെ ഹിൽയത്തുൽ ഔലിയായിലും ശൈഖ് മഅ്റൂഫുൽ കർഖീ(റ)യെ കുറിച്ചുള്ള വിശദ വിവരങ്ങൾ പറയുന്നുണ്ട്.
അദ്ധ്യായം ഏഴ്
ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ)
ഹിജ്‌റ 164 ല്‍ ജനിച്ച് ഹിജ്‌റ 241 ല്‍ വഫാത്തായ അഹ്മദ്ബ്‌നു ഹമ്പല്‍(റ) ഹമ്പലി മദ്ഹബിന്റെ ഉപജ്ഞാതാവാണ്. അബൂ അബ്ദില്ല അഹ്മദിബ്നു മുഹമ്മദിബ്‌നു ഹമ്പലി അദ്ദുഹലി അശ്ശീബാതി അല്‍ മര്‍വസി എന്നാണ് പൂര്‍ണ നാമം. ബഗ്ദാദിലെ പ്രസിദ്ധരായ പണ്ഡിതരില്‍ പ്രധാനിയായ അദ്ദേഹം ഹദീസ് വിജ്ഞാനത്തിലാണ് തിളങ്ങിയതെങ്കിലും ഫിഖ്ഹിലും മറ്റു വിജ്ഞാനശാഖകളിലും അഗാധ പരിജ്ഞാനം നേടിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മര്‍വ് എന്ന പ്രദേശത്ത് നിന്ന് ബഗ്ദാദിലേക്ക് വന്ന ആളാണ്. അവിടെ വെച്ചാണ് മാതാവ് അദ്ദേഹത്തെ ഹിജ്‌റ 164 ല്‍ റബീഉല്‍ അവ്വല്‍ മാസം പ്രസവിച്ചത്. തന്റെ മൂന്നാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് മാതാവാണ് അദ്ദേഹത്തെ സംരക്ഷിച്ചത്. പ്രായപൂര്‍ത്തിയാകുന്ന കാലഘട്ടത്തില്‍ അഹ്മദ്ബ്‌നു ഹമ്പല്‍(റ) ഖാളി അബൂയൂസുഫിന്റെ മദ്റസയിലേക്ക് പഠിക്കാന്‍ പോയിരുന്നു. അതിനുശേഷം തന്റെ ശ്രദ്ധ ഹദീസ് മേഖലയിലേക്ക് തിരിക്കുകയും അതില്‍ പ്രാവീണ്യം നേടുകയും ചെയ്തു. പതിനാറാം വയസ്സിലാണ് ഇതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്. ധാരാളം ശൈഖുമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഏറ്റവും പ്രധാന ഗ്രന്ഥമായ മുസ്‌നദു ഇമാം അഹ്മദില്‍ അദ്ദേഹം നിവേദനം ചെയ്ത ശൈഖുമാരുടെ എണ്ണം 280 ലധികമുണ്ട്. (സിയറു അഅലാമിന്നുബലാഅ്).
16 വയസ്സുമുതൽ ഹദീസ് ശാസ്ത്രത്തിൽ പ്രാവീണ്യം നേടാൻ ശ്രമം തുടങ്ങിയ മഹാനവർകൾക്ക് പത്തുലക്ഷം ഹദീസുകൾ സനദടക്കം മനപാഠമായിരുന്നു. നാല്പതാം വയസ്സിൽ ബാഗ്ദാദിലെ ഏറ്റവും വലിയ പണ്ഡിതനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിൻ്റെ പ്രധാന ഗുരുവായ ശാഫിഈ(റ) പറഞ്ഞത്, ഞാൻ ബാഗ്ദാദിനോട് വിട പറയുമ്പോൾ അഹ്മദ്(റ)വിനേക്കാൾ ഫിഖ്ഹും തഖ്‌വയും സുഹ്ദും ഉള്ള മറ്റൊരാൾ ബഗ്ദാദിൽ ഉണ്ടായിരുന്നില്ല എന്നാണ്. സൂക്ഷ്മതയുടെ പര്യായമായിരുന്ന മഹാനവർകൾ ഗവൺമെൻറ് നൽകുന്ന സ്ഥാനമാനങ്ങളോ സമ്മാനങ്ങളോ ഉദ്യോഗങ്ങളോ സ്വീകരിക്കുമായിരുന്നില്ല. സത്യസന്ധത, ലാളിത്യം, പ്രപഞ്ച പരിത്യാഗം എന്നിവ അദ്ദേഹത്തിൻ്റെ ജീവിത മുഖമുദ്രകളായിരുന്നു.
ജീവിതത്തില്‍ അഞ്ച് തവണ ഹജ്ജ് ചെയ്ത അദ്ദേഹം ഓരോ തവണയും അവിടെയെത്തുന്ന പ്രമുഖരായ പണ്ഡിതരില്‍ നിന്നു പഠിക്കുമായിരുന്നു. ഹി. 187ലും 191 ലും 196 ലും 197 ലും 198 ലും അദ്ദേഹം ഹജ്ജ് ചെയ്തിട്ടുണ്ട് എന്ന് ഇമാം ഇബ്നു കതീർ(റ) തന്റെ അല്‍ബിദായ വന്നിഹായയിൽ പറയുന്നുണ്ട്. ബഗ്ദാദില്‍ ജനിച്ച് അവിടെ തന്നെ വളര്‍ന്നു വിജ്ഞാന സമ്പാദനത്തിനു കൂഫ, ബസ്വറ, മക്ക, മദീന, യമന്‍, ശാം, എന്നിവിടങ്ങൾ സന്ദര്‍ശിക്കുകയും ചെയ്ത മഹാനവർകൾ സുഫ്‌യാനുബ്‌നു ഉയൈയ്‌ന, ഇബ്‌റാഹീമുബ്‌നു സഅദ്, യഹ്‌യ ബ്‌നു സഈദില്‍ ഖഥ്ഥാന്‍, ഹശീമിബ്‌നു ബശീര്‍, മുഅ്തമിറുബ്‌നു സുലൈമാന്‍, ഇസ്മാഈലുബ്‌നു അലിയ്യ, വകീഉബ്‌നുല്‍ ജര്‍റാഹ്, അബ്ദുര്‍റഹ്മാനുബ്‌നുല്‍ മഹ്ദി എന്നിവരില്‍ നിന്നെല്ലാം ഇൽമ് പഠിച്ചിട്ടുണ്ട്. ഹദീസ് ഇമാം അഹ്മദി(റ)ല്‍ നിന്ന് നിരവധി പ്രമുഖര്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബ്ദുര്‍റസാഖ് ബ്‌നു ഇമാം, യഹ്‌യബ്‌നു ആദം, അബുല്‍ വലീദ്, ഹിശാമുബ്‌നു അബ്ദില്‍ മാലികി ത്വയാലിസീ തുടങ്ങിയവര്‍ ഇവരില്‍ പെടുന്നു. മഹാനായ ഇമാം ശാഫി(റ), ബുഖാരി(റ), മുസ്‌ലിം(റ), അബൂദാവൂദ് (റ), തിര്‍മുദി(റ) എന്നീ വിശ്വപ്രസിദ്ധരായ പണ്ഡിതരൊക്കെ അഹ്മദ്(റ)ല്‍ നിന്നു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമാണ് മുസ്‌നദ് ഇമാം അഹ്മദ്. വിജ്ഞാനലോകത്ത് പണ്ഡിതര്‍ക്ക് വലിയ അവലംബമാണിത്. ലക്ഷക്കണക്കിന് ഹദീസുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത ഹദീസുകളാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അഹ്മദ്ബ്‌നു ഹമ്പലില്‍ നിന്ന് നേരിട്ട് പൂര്‍ണമായി മുസ്‌നദ് ഓതിയ ഹന്‍ബലുബ്‌നു ഇസ്ഹാഖ് (റ) പറയുന്നു: അദ്ദേഹം ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞു: ഈ ഗ്രന്ഥം ഞാന്‍ 750000 ഹദീസുകളില്‍ നിന്നു പരിശോധിച്ചു ക്രോഡീകരിച്ചതാണ്. അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല പറയുന്നു: പിതാവിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. വേറെ ഗ്രന്ഥങ്ങള്‍ എഴുതാതെ മുസ്‌നദ് മാത്രം ക്രോഡീകരിക്കുന്നതില്‍ താല്‍പര്യം കാണിച്ചത് എന്തു കൊണ്ടാണ്? അദ്ദേഹം പ്രത്യുത്തരം നല്‍കി: തിരുമേനി (സ)യുടെ തിരുചര്യയില്‍ വല്ല എതിരഭിപ്രായവും ഉടലെടുക്കുകയാണെങ്കില്‍ അതിന് മറുപടി ലഭിക്കുന്ന ഗ്രന്ഥം ലോകത്തുണ്ടാകാനാണ് ഞാനിതെഴുതുന്നത്. മുസ്‌നദിന്റെ പ്രത്യേകത അത് സ്വഹാബത്തിന്റെ പേരുകളുടെ അക്ഷരമാലാക്രമത്തിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. 700 സ്വഹാബികളുടെ ഹദീസുകള്‍ ഇതില്‍ കാണാവുന്നതാണ്.
ഇമാം അഹ്മദ്ബ്‌നു ഹമ്പലിനെക്കുറിച്ച് നിരവധി പണ്ഡിതര്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. അബ്ദുര്‍റസാഖ് എന്ന മഹാന്‍ പറയുന്നു: അഹ്മദ്ബ്‌നു ഹമ്പലിനെക്കാള്‍ സൂക്ഷ്മജ്ഞാനിയെയും കര്‍മശാസ്ത്ര നിപുണനേയും ഞാന്‍ കണ്ടിട്ടില്ല. ഇബ്‌റാഹീമുല്‍ ഹര്‍ബിയ്യ് പറയുന്നു: മുന്‍ഗാമികളുടെയും പിന്‍ ഗാമികളുടെയും മൊത്തം വിജ്ഞാനം അഹ്മദ്ബ്‌നു ഹമ്പലിനു നല്‍കപ്പെട്ടത് പോലെയുണ്ട്. അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദി പറയുന്നു: അഹ്മദ് ബനു ഹമ്പലിനെക്കാണുമ്പോള്‍ സൂഫിയായ സുഫ്‌യാനുസ്സൗരിയെ ഓര്‍ക്കാറുണ്ട്. ഖുതൈബ പറയുന്നു: സുഫ്‌യാനുസ്സൗരി മരണപ്പെട്ടപ്പോള്‍ സൂക്ഷ്മത നഷ്ടപ്പെട്ടു. ശാഫി (റ) വഫാതായപ്പോള്‍ ഹദീസുകള്‍ നഷ്ടപ്പെട്ടു. ഇനി അഹ്മദ്ബ്‌നു ഹമ്പല്‍ (റ) മരണപ്പെടും. അന്നുമുതല്‍ ലോകത്ത് പുത്തനാശയങ്ങള്‍ പ്രത്യക്ഷപ്പെടും. (ത്ബഖാത്തുശാഫിഇയ്യ)
ബുഖാരി(റ) പറയുന്നു: അഹ്മദ്ബ്‌നു ഹമ്പല്‍(റ)ക്ക് ഖുര്‍ആന്‍ വിവാദത്തില്‍ അടി കിട്ടിയപ്പോള്‍ ഞങ്ങള്‍ ബസ്വറയിലായിരുന്നു. അപ്പോള്‍ അബ്ദുല്‍ വലീദുത്വയാലിസി പറയുന്നതായി കേട്ടു. ബനൂഇസ്രാഈലിലായിരുന്നു അഹ്മദ്ബ്‌നു ഹമ്പല്‍(റ) ജീവിച്ചതെങ്കില്‍ ഒരു മഹാത്ഭുതമാവുമായിരുന്നു. ബിശ്‌റുൽ ഹാഫി (റ)പറയുന്നു: ഉലയില്‍ കാച്ചി ചുവന്ന മരതകക്കല്ലായി മാറിയപോലെയുണ്ടദ്ദേഹം. ഇസ്മാഈലുബ്‌നുല്‍ ഖലീല്‍(റ) പറയുന്നു: അഹ്മ്ദ്ബ്‌നു ഹമ്പല്‍ ബനൂ ഇസ്രായഈലില്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു നബിയാകുമായിരുന്നു. (അല്‍ ബിദായ വന്നിഹായ). തഖ്‌വയിലും സൂക്ഷ്മതയിലും മറ്റു ആളുകളെക്കാള്‍ ഉന്നതസ്ഥാനീയനായിരുന്നു ഇമാം അഹ്മദ്(റ). അദ്ദേഹം തന്റെ പിതൃസഹോദരനായ ഇസ്ഹാഖ്ബ്‌നു ഹമ്പലിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും പിന്നില്‍, അവര്‍ രാജാവിന്റെ ദാനങ്ങള്‍ സ്വീകരിക്കുന്നത് കാരണം നിസ്‌കരിക്കുകയോ അവരോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല.
ഒരിക്കൽ മൂന്ന് ദിവസം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളുടെ പക്കല്‍ നിന്ന് അല്‍പം ധാന്യപ്പൊടി കടം ആവശ്യപ്പെട്ടു. അദ്ദേഹം അതിന്റെ ആവശ്യം മനസ്സിലാക്കിയ അവര്‍ അതുകൊണ്ട് വളരെ വേഗം ചപ്പാത്തി ഉണ്ടാക്കി കൊടുത്തയച്ചു. ഇത്ര വേഗത്തില്‍ ചപ്പാത്തി ഉണ്ടാക്കി കൊടുത്തപ്പോള്‍ അദ്ദേഹം എവിടുന്നതാണിത്ര വേഗം ഇതുണ്ടാക്കിയതെന്നന്വേഷിച്ചു. അവര്‍ പറഞ്ഞു: സ്വാലിഹ് എന്ന മനുഷ്യന്റെ അടുപ്പ് തീ കനല്‍ കെടാതെ നില്‍ക്കുന്നുണ്ടായിരുന്നു. അത് കൊണ്ടാണിത് ചുട്ടെടുത്തത്. സ്വാലിഹ് എന്നയാളെ ഇമാം അവർകൾക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹം രാജാവിന്റെ സ്തുതിപാഠകനായി ജീവിക്കുന്ന ഒരാളായിരുന്നു. അദ്ദേഹം രാജാവിന്റെ ഹദ്‌യ സ്വീകരിക്കുന്നവനായത് കൊണ്ട് സൂക്ഷ്മതയുടെ പേരിൽ അദ്ദേഹം അത് ഭക്ഷിച്ചില്ല. (അല്‍ ബിദായ വന്നിഹായ).
ഇസ്‌ലാമിക ചരിത്രത്തില്‍ വലിയ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴി വെച്ച ഒരു വിവാദമാണ് ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം. ഖുര്‍ആന്‍ അല്ലാഹു വിന്റെ കലാമാണെന്നും സൃഷ്ടിയല്ലെന്നും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വാക്താക്കള്‍ പറയുന്നു. വചന ശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും അബ്ബാസീ ഖലീഫയായിരുന്ന മഅ്മൂനിന്റെ പക്കല്‍ ഉന്നത സ്ഥാനീയനുമായിരുന്ന അഹ്മദ് ബ്‌നു ദുആദ് എന്ന മുഅ്തസിലി പണ്ഡിതനാണ് ഇതിനു പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചത്. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് മഅ്മൂനെ തന്റെ വശത്താക്കുകയും ഹിജ്‌റ 218 ൽ ഈ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അതിനു മഅ്മൂനെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ, മഅ്മൂന്‍ ബഗ്ദാദിലെ തന്റെ പ്രതിനിധിയായ ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമുല്‍ ഖുസാഇക്ക് കത്തെഴുതി. ജനങ്ങള്‍ ഈ വിശ്വാസം മനസ്സിലാക്കിക്കൊടുക്കുകയും അതാണ് സത്യപാതയെന്ന് അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അതിനെ അംഗീകരിക്കുന്നവര്‍ മാത്രമേ യഥാര്‍ഥ സുന്നത്തിന്റെ വാക്താക്കളാവൂ എന്നും അല്ലാത്തവരൊക്കെ പിഴച്ചവരും ദീനില്‍ നിന്ന് പുറത്തുപോയവരാണെന്നും പ്രചരിപ്പിക്കുവാനും ആ കത്തില്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരം നിരവധി പണ്ഡിതരെ വിളിച്ച് അവരുടെ വിശ്വാസങ്ങളെ കുറിച്ച് ഗവർണ്ണർ അന്വേഷിച്ചു. തുടക്കത്തില്‍ നിരവധി പേര്‍ അതംഗീകരിച്ചില്ലെങ്കിലും അധികാരത്തിന്റെ വാളിനു മുന്നില്‍ അവരെല്ലാം പത്തിമടക്കി. എന്നാല്‍, ഈ പരീക്ഷണത്തില്‍ അടിപതറാതെ ഉറച്ചു നിന്നത് വളരെ ചുരുക്കം പേര് മാത്രമാണ്. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, മുഹമ്മദ് ബ്‌നു നൂഹിബ്‌നു മൈമൂനില്‍ ജുന്‍ദി അന്നൈസാബൂരി, നഈമുബ്‌നു ഹമ്മാദില്‍ ഖുസാഇ, അബൂ യഅ്ഖൂബില്‍ ബുവൈഥി എന്നീ നാലുപേര്‍ മാത്രമായിരുന്നു അത്.
ഇവരെ അറസ്റ്റ് ചെയ്യാൻ ഖലീഫ ഉത്തരവിട്ടു.
മുഹമ്മദ് ബ്‌നു നൂഹ് എന്നവർ അഹ്മദ്(റ) വിന്റെ കൂടെ കൊട്ടാരത്തിലേക്ക് കൈകാലുകൾ ബന്ധിതനായി കൊണ്ടുപോകും വഴി മരണമടഞ്ഞു. അഹ്മദ്(റ) അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിച്ചു. നഈമുബ്‌നു ഹമ്മാദില്‍ ഖുസാഈ ജയിലില്‍ വെച്ചും അബൂ യഅ്ഖൂബില്‍ ബുവൈഥി ഖലീഫ വാസിഖിന്റെ കാലത്തും ജയിലില്‍വെച്ചു തന്നെ മരണമടഞ്ഞു.
മഅ്മൂനിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകും വഴി അഹ്മദ്ബ്‌നുഹമ്പല്‍(റ) ഇങ്ങനെ പ്രാര്‍ഥിച്ചു: 'എന്നെ നീ മഅ്മൂനിന് കാണിച്ചു കൊടുക്കരുതേ '. അങ്ങനെ മഹാനവര്‍കള്‍ എത്തും മുമ്പ് മഅ്മൂനിന്റെ മരണവാര്‍ത്ത കേട്ടു. പിന്നീട് വന്നത് ഖലീഫാ മുഅ്ത്വസിമായിരുന്നു. ജയിലില്‍ ബന്ധിതയായി കിടന്നിരുന്ന അഹ്മദ്(റ)നെ ദിവസവും കൊട്ടാരത്തില്‍ കൊണ്ടുവന്ന് പണ്ഡിതരുമായി ഈ വിഷയത്തില്‍ അദ്ദേഹം സംവാദം നടത്തും. അവിടെ ഇബ്‌നു അബീ ദുആദും കൂട്ടരും ഉണ്ടാകും. ഖുര്‍ആന്‍ സൃഷ്ടിയാണെന്നു വാദിക്കാന്‍ വേണ്ടി അവര്‍ നിരത്തുന്ന വികല ചിന്തകളെ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ ഇമാമവർകൾ നിഷ്പ്രഭമാക്കും. വീണ്ടും അദ്ദേഹത്തെ ജയിലിലേക്ക് ആനയിക്കപ്പെടും. ഒരു ദിവസം ഇരുള്‍മുറ്റിയ മുറിയില്‍ അദ്ദേഹത്തെ ബന്ധിതനാക്കി. കൈകാലുകള്‍ ബന്ധിക്കപ്പെട്ടിനാല്‍ നടക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം തന്നെ ഈ സംഭവം വിവരിക്കുന്നുണ്ട്: അങ്ങനെ, ഞാന്‍ അംഗസ്‌നാനം ചെയ്യാനുദ്ദേശിച്ചു. ഇരുട്ടില്‍ ഞാന്‍ കൈ നീട്ടി. എന്റെ കൈ ഒരു പാത്രത്തില്‍ തടയുകയും അതിലുണ്ടായിരുന്ന വെള്ളം കൊണ്ട് വുളൂ എടുക്കുകയും ഖിബ്‌ല ഏതെന്ന് തോന്നിയ ഭാഗത്ത് തിരിഞ്ഞ് നിസ്‌കരിക്കുകയും ചെയ്തു. പ്രഭാതത്തില്‍ ഞാന്‍ നോക്കുമ്പോള്‍ ഞാനിരുന്നത് ഖിബ്‌ലയുടെ ഭാഗത്ത് തന്നെയായിരുന്നു. അല്ലാഹുവിന് സ്തുതി.
ദിനേനെ തെളിവ് കൊണ്ടവര്‍ സംവാദം നടത്തിയാലും അതിനെല്ലാം ഉരുളക്കുപ്പേരിപോലെ മഹാൻ മറുപടി നല്‍കി. അപ്പോള്‍ അവര്‍ ഖലീഫയെ തങ്ങളുടെ വശത്ത് ചേര്‍ത്തു ഇമാമിനെതിരെ തിരിച്ചുവിട്ടു. അവര്‍ ഖലീഫയോട് പറഞ്ഞു: അങ്ങ് ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടും ഉത്തരം പറയാത്ത, ഇതംഗീകരിക്കാത്ത അഹ്മദ്ബ്‌നു ഹമ്പല്‍ പിഴച്ചവനും സത്യനിഷേധിയുമാണ്. ഇതുകേട്ട മുഅ്തസിം അദ്ദേഹത്തെ ചാട്ടവാര്‍ കൊണ്ട് ശക്തമായി പ്രഹരിക്കാന്‍ കല്‍പിച്ചു. ഓരോ അടിയേല്‍ക്കുമ്പോഴും 'ബിസ്മില്ലാഹ്..' എന്നും എന്നും ' ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി' എന്നും 'അല്‍ ഖുര്‍ആനു കലാമുല്ലാഹ് , ഗൈറു മഖ്‌ലൂഖ് ' എന്നും ഉറക്കെ അദ്ദേഹം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ചിലയവസരങ്ങളില്‍ ചമ്മട്ടികൊണ്ടുള്ള കഠിനമായ പ്രഹരമേറ്റ് മഹാനവര്‍കള്‍ക്ക് ബോധക്ഷയം സംഭവിക്കാറുണ്ടായിരുന്നു. ഒരുദിവസം ബോധം തെളിഞ്ഞപ്പോള്‍ ഒരു മുറിയില്‍ ചെങ്ങലക്കെട്ടുകളൊക്കെ അഴിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അന്ന് ഹി. 221 ലെ 25ാം നോമ്പായിരുന്നു. ഖലീഫയുടെ വീട്ടില്‍ നിന്നും ബഗ്ദാദിലെ ഗവര്‍ണറായിരുന്ന ഇസ്ഹാഖ് ബ്‌നു ഇബ്‌റാഹീമിന്റെ വീട്ടിലേക്ക് സ്ഥലം മാറ്റപ്പെട്ട ദിവസം നോമ്പുകാരനായിരുന്ന അഹ്മദ്ബ്‌നു ഹമ്പലിന് നോമ്പുതുറക്കാന്‍ അല്‍പം ഭക്ഷണം കൊടുത്തു. അത് വാങ്ങാതെ അന്ന് അദ്ദേഹം നോമ്പ് പൂര്‍ത്തിയാക്കി.
മുഅ്തസ്വിമിന്റെ കൊട്ടാരത്തില്‍ വെച്ച് അടി ലഭിക്കുന്ന ഒരവസരത്തില്‍ അദ്ദേഹത്തിന്റെ ഉടുമുണ്ട് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ബന്ധിയായ അദ്ദേഹത്തിനു അത് മുറുക്കിയെടുക്കാന്‍ സാധിക്കുമായിരുന്നില്ല. തന്റെ നഗ്നത ജനങ്ങള്‍ക്കുമുന്നില്‍ വെളിവാകുമെന്നു പേടിച്ച മഹാനവര്‍കള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു:
'സഹായമഭ്യാര്‍ഥിക്കുന്നവരുടെ സംരക്ഷകനും ലോക തമ്പുരാനുമായ നാഥാ.., ഞാന്‍ നിന്റെ സത്യമാര്‍ഗത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് നീ അറിയുന്നുവെങ്കില്‍ എന്റെ നഗ്നത ഒരിക്കലും പിച്ചിച്ചീന്തരുതേ..' അതോടെ അദ്ദേഹത്തിന്റെ വസ്ത്രം താഴെ വീഴാതെ അവിടെതന്നെ ഉറച്ചു നിന്നു. (അല്‍ബിദായ വന്നിഹായ, ഥബഖാത്തു ശാഫിഇയ്യ). ഈ വിഷയത്തില്‍ 18 മാസം അദ്ദേഹം ജയിലില്‍ വസിച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു നീണ്ട പരീക്ഷണ ഘട്ടം തന്റെ ജീവിതത്തില്‍ തരണം ചെയ്യേണ്ടിവരുമെന്ന് മഹാനവര്‍കൾക്ക് മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നു. ബൈഹഖി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ റബീഅ് എന്നവര്‍ പറയുന്നു: 'ഈജിപ്തില്‍ നിന്ന് ശാഫി(റ) എന്റെ കൈവശം അഹ്മബ്ദ്ബ്‌നു ഹമ്പലിനു ഒരു കത്ത് കൊടുത്തയച്ചു. സുബ്ഹി നിസ്‌കരിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ ആ കത്ത് കൊടുത്തു. നീ അത് വായിച്ചോ എന്നദ്ദേഹം ചോദിച്ചപ്പോള്‍ ഇല്ല എന്നു ഞാന്‍ മറുപടി നല്‍കി. അദ്ദേഹം ആ കത്തു വായിച്ചു കരയാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു: എന്താണ് ആ കത്തില്‍ പറയുന്നത്? അവിടുന്ന് പറഞ്ഞു: ശാഫി(റ) തിരുമേനി(സ)യെ ഉറക്കത്തില്‍ കാണുകയും തിരുമേനി(സ) ഇങ്ങനെ കല്‍പ്പിക്കുകയും ചെയ്തു 'നിങ്ങള്‍ അഹ്മദ് ബ്‌നു ഹമ്പലിന് ഒരു കത്തെഴുതണം. എന്റെ സലാം അദ്ദേഹത്തോട്പറയുകയും വേണം. പിന്നീട് നിങ്ങള്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് പറയുമ്പോള്‍ ചില പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും. അപ്പോള്‍ ഒരിക്കലും അതിന് സമ്മതിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അവരുടെ മഹത്വം അന്ത്യനാള്‍ വരെ ഉയര്‍ത്തും എന്നും കത്തില്‍ പറയണം.' (ഥബഖാത്തുശ്ശാഫിഇയ്യ)
മുഅ്തസിം മരണപ്പെട്ടതിനെ തുടർന്ന് വാസിഖ് ഖലീഫയായി. അപ്പോഴും പീഡനങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല. വാസി ഖിന് ശേഷം ഖലീഫ മുതവക്കിൽ വന്നതോടുകൂടിയാണ് കാര്യങ്ങളിൽ മാറ്റം ഉണ്ടായത്. സുന്നി ആശയക്കാരനായ മുതവക്കിൽ ഇമാം അവർകളെ മോചിപ്പിക്കുകയും വളരെ ബഹുമാനത്തോടെ തന്റെ കൊട്ടാര സമീപം താമസിപ്പിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും ഖലീഫ ഇമാം അവർകളുമായി കൂടിയാലോചിക്കുമായിരുന്നു. അപ്പോഴേക്കും പക്ഷേ അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞിരുന്നു.
ഇത്രയേറെ പരീക്ഷണവും ത്യാഗങ്ങളും സഹിച്ച ആ ജീവിതം ഹിജ്‌റ 241 റബീഉല്‍ അവ്വലില്‍ വെള്ളിയാഴ്ച മരണമടഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ അഹ്മദ്(റ)വിന്റെ പേരില്‍ ജനാസ നിസ്‌കരിച്ചു. ബൈഹഖി ഹാകിമില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: അബൂബക്കര്‍ അഹ്മദ്ബ്‌നു കാമില്‍ മുഹമ്മദ്ബ്‌നു യഹിയ സന്‍ജാനിയില്‍ നിന്നും കേട്ടതായി പറയുന്നു: അബ്ദുല്‍ വഹാബുല്‍ വര്‍റാഖ് പറയുന്നു: ജാഹിലിയ്യ കാലഘട്ടത്തിലും ഇസ്‌ലാമമിക കാലഘട്ടത്തിലും അഹ്മദ് ബ്‌നു ഹമ്പലിന്റെ ജനാസയില്‍ പങ്കുകൊണ്ട ജനം വേറൊരു ജനാസയിലും പങ്കെടുത്ത വിവരം ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. മാത്രവുമല്ല, അദ്ദേഹം വഫാത്തായ അന്ന് 20 ലക്ഷം ജൂത ക്രിസ്ത്യ മജൂസികള്‍ മുസ്‌ലിമായിട്ടുണ്ട്. (സിയറു അഅ്‌ലാമിന്നുബലാഅ്)
അദ്ധ്യായം എട്ട്
ബിശ്റുൽ ഹാഫി(റ)
കുളിക്കുവാൻ കുളിപ്പുരയിൽ കയറിയതായിരുന്നു അദ്ദേഹം. അന്നത്തെ പൊതു കുളിപ്പുരകളുടെ ചിത്രം ആദ്യം മനസ്സിലാക്കണം. വെള്ളം ചൂടാക്കുവാൻ വേണ്ട അടുപ്പും സാധനസാമഗ്രികളും എല്ലാം ഉണ്ടാകുന്ന ഒരു ഇടമായിരുന്നു അവ. എല്ലാ വീടുകളിലുമൊന്നും കുളിപ്പുരകൾ ഉണ്ടാകുമായിരുന്നില്ല. പണം കൊടുത്ത് ഉപയോഗിക്കുന്ന കളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. കുളിപ്പുരയിലേക്ക് കയറിയ നമ്മുടെ കഥാനായകൻ അടുപ്പ് കത്തിക്കുവാൻ തുടങ്ങവേ അടുപ്പിൽ ഒരു കഷണം കടലാസ് കണ്ടു. ആരോ മുമ്പ് കത്തിച്ചതിന്റെ ബാക്കിയാണ്. അദ്ദേഹം കൗതുകത്തോടെ അത് എടുത്തു നോക്കി. അതിൽ അല്ലാഹുവിന്റെ നാമം എഴുതിയതായി കണ്ടു. അത് കണ്ടതും അദ്ദേഹത്തിന് മാനസികമായി വിഷമം തോന്നി. അദ്ദേഹത്തിൻറെ അന്തരംഗം ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവേ നിൻെറ പരിശുദ്ധമായ നാമം ആണല്ലോ ഇവിടെ ഇങ്ങനെ ഇകഴ്ത്തപ്പെട്ടിരിക്കുന്നത്..' ഈ വ്യാകുലതയോടെ അദ്ദേഹം തുണ്ട് കടലാസുമായി പുറത്തേക്ക് ഇറങ്ങുകയും സുഗന്ധം പൂശി ആ കടലാസ് വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മനസ്സിൽ ചെറിയ ഒരു ആത്മീയ ഉണർവിന് അത് അപ്പോൾ കാരണമായി. പിന്നീട് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉണ്ടായത് ആ ഉണർവിലൂടെ ഹിജ്റ രണ്ടാം നൂറ്റാണ്ട് കണ്ട ബഗ്ദാദിലെ ഏറ്റവും മഹാനായ ഒരു സൂഫിയുടെ ജനനം ആയിരുന്നു. അതാണ് മഹാനായ ബിശ്റുൽ ഹാഫീ(റ).
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso