Thoughts & Arts
Image

സൂറത്തുസ്സ്വഫ്ഫ്: 1

06-01-2024

Web Design

15 Comments


ടി എച്ച് ദാരിമി
ഖുർആൻ പഠനം




തസ്ബീഹ് ചൊല്ലുന്നതും ചെയ്യുന്നതും



വിശുദ്ധ ഖുർആനിലെ അറുപത്തി ഒന്നാമത്തെ അധ്യായമാണ് സൂറത്തുസ്സ്വഫ്ഫ്. ഈ അധ്യായത്തിന് ഇങ്ങനെ പേര് വരാനുള്ള കാരണം അതിൻെറ ആദ്യ ഭാഗത്ത് നാലാമത്തെ സൂക്തത്തിൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള യുദ്ധത്തിൽ അണിനിരക്കുന്ന യുദ്ധമുന്നണിയുടെ അച്ചടക്കം വിവരിക്കുന്നതിൽ നിന്നാണ് എന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അവശ്യം ആവശ്യമായ ഒന്നാണ് ഐക്യവും ഏകത്വവും. അത് ഇല്ലാതെ പോയപ്പോഴെല്ലാം വിശ്വാസികളുടെ സമൂഹത്തിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പരാജയങ്ങൾ ഈ സൂറത്തിന്റെ വരികൾക്കിടയിലൂടെ കടന്നു വരുന്നുണ്ട്. മൂസാ നബിയുടെ സമുദായത്തിനും പിന്നീട് ഈസാ നബിയുടെ സമുദായത്തിനും വന്ന പരാജയമാണത്. ഈ രണ്ട് അനുഭവങ്ങൾ മുമ്പിലുള്ളത് കൊണ്ടുതന്നെ അവർക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങളെ പരമാവധി മുഹമ്മദ് നബിയുടെ സമുദായത്തെയും ഉദ്ബോധിപ്പിക്കുക എന്നതാണ് ഈ സൂറത്തിന്റെ ആശയ ലക്ഷ്യം. അതിനു വേണ്ടി ആ രണ്ട് സമുദായങ്ങളിലും ഉണ്ടായ പ്രതികൂല സാഹചര്യങ്ങൾ ചരിത്രമായി ഈ സൂറത്ത് ഇടയിൽ വിവരിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ സൂറത്തിന്റെ പരമ ലക്ഷ്യങ്ങൾ വിവരിക്കുന്നിടത്ത് ആധുനിക പഠനങ്ങൾ പറയുന്നത് അവ രണ്ടാണ് എന്നാണ്. ഒന്നാമത്തെ ലക്ഷ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിലേക്ക് ക്ഷണിക്കുകയും ഏറ്റവും ഉത്തമമായ കർമ്മം എന്ന നിലക്ക് അതിനുവേണ്ടി വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. യുദ്ധത്തോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനെയും അതിൽ നിന്ന് ഓടി അകലുന്നതിനേയും ഭയപ്പെടുന്നതിനെയും ശക്തമായി അപലപിക്കുന്ന ഈ സൂറത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നതിന്റെ വലിയ ശ്രേഷ്ഠത വിവരിക്കുന്നു. അത് വലിയ ലാഭമുള്ള കച്ചവടം ആണെന്നും വിശ്വാസം മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണ് എന്നും ഊന്നി പറയുന്നു. ഒരു യുദ്ധത്തിന്റെ വിജയത്തിന് അതിൽ പങ്കെടുക്കുന്ന യോദ്ധാക്കളുടെ മാനസികവും ശാരീരികവുമായ യോജിപ്പ് പരമപ്രധാനമാണ് എന്നതുപോലെ ഒരു സമുദായത്തിന്റെ നിലനിൽപ്പിനും മുന്നോട്ടുള്ള ഗമനത്തിനും അത് അനിവാര്യമാണ് എന്ന് ഈ സൂറത്ത് പഠിപ്പിക്കുന്നു. 10, 11, 12 എന്നീ ആയത്തുകളിലൂടെ ഈ ആശയങ്ങളല്ലാം പറഞ്ഞുവെച്ച് സൂറത്ത് അതിന്റെ രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് മെല്ലെ കടക്കുകയാണ്.



രണ്ടാമത്തെ ലക്ഷ്യം സമാവിയ്യായ സമുദായങ്ങളെല്ലാം തമ്മിലുള്ള അന്തർധാര ഒന്നുതന്നെയാണ് എന്ന് സ്ഥാപിക്കുകയാണ്. സമാവിയ്യായ മതങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശത്തിൽ നിന്ന് ഇറങ്ങി വന്ന വഹിയിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ ജനപഥങ്ങളെയാണ്. ജൂതന്മാർ ക്രൈസ്തവർ എന്നിവ രണ്ടുമാണ് നമ്മുടെ തൊട്ടു മുമ്പിൽ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് വന്ന വഹിയിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ മതങ്ങൾ തന്നെയാണ് എന്നതാണ് കേന്ദ്ര ആശയം. എല്ലാ പ്രവാചകന്മാരും തൗഹീദിലേക്ക് ജനങ്ങളെ കൊണ്ടുവരുവാനും അതിൽ നിന്ന് തെറ്റിയാൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് താക്കീത് നൽകുവാനും ആണ് വന്നത് എന്ന് ഈ സൂറത്ത് പറയുന്നു. ഇതിലെ അഞ്ചാമത്തെ സൂക്തത്തിൽ മൂസാ നബിയുടെ പ്രബോധനം ഒന്നാമതായി കടന്നുവരുന്നുണ്ട്. ഇസ്രയേൽ സന്തതികളെ സന്മാർഗത്തിലേക്ക് എത്തിക്കുവാൻ മൂസാനബി നടത്തേണ്ടിവന്ന കഠിനമായ ശ്രമങ്ങളും അതിനു നേരെ ആ ജനത പുലർത്തിയ അവഗണനയുമെല്ലാം ഈ ആയത്തിൽ സൂചിപ്പിക്കുന്നു. ആറാമത്തെ ആയത്ത് മുതൽ ഈസാനബിയുടെ വർത്തമാനം സൂചിപ്പിക്കുന്നു. അത് കഴിഞ്ഞതിനു ശേഷം അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ചുള്ള ഈസാനബി നൽകിയ സുവിശേഷം സൂചിപ്പിച്ചുകൊണ്ട് ഈസാ നബിയുടെ ജനത മുഹമ്മദ് നബിയുടെ ജനതയുമായി ബന്ധപ്പെട്ടത് തന്നെയാണ് എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സമാവിയ്യായ മതങ്ങൾ തമ്മിലുള്ള ഈ ആശയബന്ധത്തെ അൽബഖറ 136, 255 മുതലായ ആയത്തുകളിൽ അല്ലാഹു വളരെ വ്യക്തമായി പറയുന്നുണ്ട്. ഈ ആശയം മഹാനായ നബി(സ) തിരുമേനിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെയും എനിക്കും മുമ്പ് വന്ന പ്രവാചകന്മാരുടെയും ഉദാഹരണം ഒരു വീടിന്റെ ഉദാഹരണം പോലെയാണ് എന്നും അവരെല്ലാം വീട് നിർമ്മിക്കുകയും അതിൽ ഒരു ചെറിയ ഇഷ്ടികയുടെ ഭാഗം മാത്രം ഉപേക്ഷിച്ച് ബാക്കിവെച്ച് പോവുകയുമായിരുന്നു എന്നും ആ ബാക്കി വെച്ചതിനെ പൂർത്തിയാക്കാൻ വേണ്ടി വന്നിരിക്കുന്ന പ്രവാചകനാണ് ഞാൻ എന്നും നബി തിരുമേനി(സ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഈ രണ്ട് ലക്ഷ്യങ്ങളും സമഗ്രമായി അവതരിപ്പിച്ചതിനു ശേഷം വിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ ദീനിന്റെ സഹായികളായി മാറുവിൻ എന്ന് പതിനാലാമത്തെ ആയത്തിൽ ആജ്ഞാപിച്ചുകൊണ്ട് ഈ സൂറത്ത് അവസാനിക്കുന്നു.



1. ആകാശ ഭൂമികളിലുള്ളവയത്രയും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീര്‍ത്തിച്ചിരിക്കുന്നു.
അജയ്യനും യുക്തിമാനുമാണ് അവന്‍.



തസ്ബീഹ് കൊണ്ട് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ 7 അധ്യായങ്ങളിൽ ഒന്നാണ് സൂറത്തുസ്സ്വഫ്ഫ്. ഇസ്രാഅ്, ഹദീദ്, ഹശ്റ്, ജുമുഅ, തഗാബുൻ, അഅ്ലാ എന്നിവയാണ് മറ്റു 6 സൂറത്തുകൾ. ഇങ്ങനെ തുടങ്ങുന്നതിന്റെ പിന്നിലുള്ള യുക്തി കൃത്യമായി ബോധ്യമാവണമെന്നുണ്ടെങ്കിൽ ആദ്യം നാം തസ്ബീഹിനെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. തസ്ബീഹ് എന്നാൽ അല്ലാഹുവിന്റെ വിശുദ്ധിയെ പ്രകീർത്തിക്കുക എന്നതാണ്. ഇസ്ലാമിക ആദർശം മുന്നോട്ടുവെക്കുന്ന ദൈവ സിദ്ധാന്തത്തിന്റെ അടിക്കല്ലാണ് സത്യത്തിൽ ഇത്. ഇതിൽ നിന്നാണ് ബാക്കിയുള്ളതെല്ലാം ഉണ്ടാകുന്നതും നിലനിൽക്കുന്നതും. അള്ളാഹു സർവ്വചരാചരങ്ങളുടെയും സൃഷ്ടാവും പരിപൂർണ്ണ നിയന്ത്രകനുമാണ്. അങ്ങനെയുള്ള ഒരു ഇലാഹ് എല്ലാവിധ ന്യൂനതകളിൽ നിന്നും തീർത്തും മുക്തനായിരിക്കേണ്ടതുണ്ട്. അവനു തുല്യരോ പങ്കുകാരോ സമാനരോ ഒന്നും ഒരർത്ഥത്തിലും ഒട്ടും ഉണ്ടാവാൻ പാടില്ലാത്തതാണ്. ഈ സമ്പൂർണ്ണതക്ക് വിഘാതമാകുന്ന കാര്യങ്ങളിൽ നിന്ന് തടയുന്ന ഒന്നും ഒട്ടും ഇല്ല എന്ന് പ്രഖ്യാപിക്കുകയാണ് സത്യത്തിൽ തസ്ബീഹിന്റെ ആശയലക്ഷ്യം. ഈ പ്രഖ്യാപനം രണ്ട് രൂപത്തിലൂടെ സാധ്യമാണ് എന്നാണ് മതം പഠിപ്പിക്കുന്നത്. ഒന്നാമതായി അള്ളാഹു എല്ലാ അർത്ഥത്തിലും എല്ലാ ന്യൂനതകളിൽ നിന്നും സംശുദ്ധനാണ് എന്ന് പ്രഖ്യാപിക്കുക വഴി. ഇതിനെയാണ് തസ്ബീഹ് ചൊല്ലുക എന്ന് പറയുന്നത്. ഇങ്ങനെ വിളംബരം ചെയ്യുന്നതിനെ വലിയ ശ്രേഷ്ഠതയുള്ള കർമ്മം ആയിട്ടാണ് നബി തങ്ങൾ പഠിപ്പിക്കുന്നത്. അബൂ ദര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഒരാള്‍ നബി(സ)യോട് ചോദിക്കുകയുണ്ടായി: ഏത് വാക്യമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി (സ) ഉത്തരം നല്‍കി: അല്ലാഹു തന്റെ അടിമകള്‍ക്കായി തെരഞ്ഞെടുത്ത വാക്യം, ‘സുബ്ഹാനല്ലാഹ് വബിഹംദിഹീ’ എന്നതാണത്. (മുസ്‌ലിം). നന്മയുടെ തുലാസില്‍ കൂടുതല്‍ കനം കൂടുന്നതുമാണ് തസ്ബീഹ് (മുസ്‌ലിം). ഇങ്ങനെ തസ്ബീഹ് ചെല്ലുമ്പോൾ അതിന്റെ ആശയം ഓർത്തും ചിന്തിച്ചുമാണ് ചൊല്ലുന്നത് എങ്കിൽ അത് വിശ്വാസിയുടെ മനസ്സിലേക്ക് ഒരു കുളിരായി ഇറങ്ങുക തന്നെ ചെയ്യും. ആ കുളിർ സ്പർശിക്കുന്നതോടുകൂടി മനസ്സിന് വല്ലാത്ത ഒരു ആയാസവും ആശ്വാസവും കൈവരും. തസ്ബീഹ് ഹൃദയ വിശാലത ഉണ്ടാക്കുന്നതാണ് എന്ന് അല്ലാഹു പറയുന്നത് ഈ അർഥത്തിലാണ്. അല്ലാഹു പറയുന്നു: അവരുടെ കുപ്രചാരണങ്ങളും അതിക്ഷേപങ്ങളും മൂലം അങ്ങേക്ക് മന:പ്രയാസമുണ്ടാകുന്നത് നാം (നബിയേ) അറിയുക തന്നെ ചെയ്യുന്നുണ്ട്. അതിനാല്‍, നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിച്ചു കൊണ്ട് അവന്റെ മഹത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും ചെയ്യുക ( അല്‍ ഹിജ്ര്‍ 97, 98).



ഇതിന് പ്രചോദിപ്പിക്കുവാനും പ്രേരിപ്പിക്കുവാനും എന്നോണം അല്ലാഹു പറയുന്നുണ്ട് മനുഷ്യേതരമായ അല്ലാഹുവിന്റെ സൃഷ്ടികൾ മുഴുവനും ഈ തസ്ബീഹ് ചൊല്ലിക്കൊണ്ടേയിരിക്കുകയാണ് എന്ന്. അണ്ഡകടാഹത്തിലെ ചരവും അചരവുമായ സകലതും തസ്ബീഹ് ചൊല്ലി അല്ലാഹുവിനെ വാഴ്ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നുണ്ട്. അവനെ സ്തുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാല്‍, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവില്ല (അല്‍ ഇസ്‌റാഅ്: 44). മലക്കുകളും തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ട്.
ദൈവിക സിംഹാസനം വഹിച്ചു കൊണ്ടിരിക്കുന്നവരും അവര്‍ക്കു ചുറ്റുമുള്ളവരുമായ മാലാഖമാര്‍ തങ്ങളുടെ നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും പാപമോചനമര്‍തഥിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്നും അല്ലാഹു പറയുന്നു (അൽ ഗാഫിര്‍ 07). ആകാശത്തുള്ള എല്ലാവരും തസ്ബീഹ് ചൊല്ലുന്നുണ്ട്. അവര്‍ രാത്രിയും പകലും അവന്റെ മഹത്വം വാഴ്ത്തുന്നു, ഒട്ടും ക്ഷീണിച്ചുപോകുന്നില്ല (അല്‍ അമ്പിയാഅ്: 20). ഇടിനാദം അവന് സ്തുതി സമര്‍പ്പിക്കുന്നതിനൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് (അൽ റഅ്ദ് 13). ആകാശ ഭൂമികളിലുള്ളവരും ചിറകു വിടര്‍ത്തിപ്പിടിച്ചുകൊണ്ടു പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ (സൂറത്തുല്‍ ന്നൂര്‍ 41).



അല്ലാഹുവിനെ ശരിയായ അർത്ഥത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള വിശ്വാസികളുടെ മനസ്സ് അറിയാതെ അതിൽ ലയിച്ചു പോകും. അതിന്റെ ഉദാഹരണമാണ് അല്ലാഹുവിന്റെ പ്രവാചകന്മാർ. നബിമാരും മുര്‍സലുകളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നത് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൂസാ നബി(അ) പറഞ്ഞിട്ടുണ്ട്: നീ എത്ര പരിശുദ്ധന്‍, നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളില്‍ പ്രഥമനാണു ഞാന്‍ (അല്‍ അഅ്‌റാഫ് 143). അല്ലാഹു നമ്മുടെ നബി(സ)യോട് പറയുന്നുണ്ട്: പ്രഭാത-പ്രദോഷങ്ങളില്‍ നാഥന്റെ നാമം വാഴ്ത്തുകയും നിശാ നമസ്‌കാരം നിര്‍വഹിക്കുകയും രാത്രിയില്‍ നീണ്ട സമയം അവന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുക (അല്‍ ഇന്‍സാന്‍ 26). നബി(സ) രാത്രിയില്‍ ദീര്‍ഘമായി സാഷ്ടാംഗം നമിച്ചു തസ്ബീഹ് ചൊല്ലുമായിരുന്നു എന്ന് നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് (തുര്‍മുദി, നസാഈ, ഇബ്‌നുമാജ). പ്രവാചകനായ യൂനുസ് നബിയുടെ കാര്യത്തിൽ അദ്ദേഹം കഠിനമായ പരീക്ഷണത്തിന് വിധേയനായപ്പോൾ അതിൽ നിന്ന് രക്ഷപ്പെട്ടത് തസ്ബീഹ് ചൊല്ലിയപ്പോഴായിരുന്നു എന്ന് വിശുദ്ധ ഖുർആൻ തന്നെ ഓർമിപ്പിക്കുന്നുണ്ട്. താൻവിധേയനായിരിക്കുന്നത് അല്ലാഹുവിന്റെ കഠിനമായ പരീക്ഷണത്തിനാണ് എന്ന് ബോധ്യം വന്ന അതേ നിമിഷം അദ്ദേഹം തസ്ബീഹി ലൂടെയാണ് അല്ലാഹുവിലേക്ക് പശ്ചാതാപം തുടങ്ങിയത്. അല്ലാഹു അത് ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: 'ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു' (21:87). തസ്ബീഹിനെ അവലംബിച്ചിട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിനുണ്ടാകുമായിരുന്ന പരാജയത്തെയും അല്ലാഹു ഇങ്ങനെ പറയുന്നു: 'എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു' (37:143,144). ഇപ്രകാരം തന്നെ ഏതു മാനസികമായ വിഷമങ്ങളിൽ നിന്നും സുരക്ഷ നേടുവാൻ തസ്ബീഹ് മതിയാകും എന്ന് അല്ലാഹു നമ്മുടെ നബിയെയും ഓർമ്മപ്പെടുത്തുന്നു. 'അല്ലാഹു പറയുന്നു: നിഷേധികളുടെ ജല്‍പനങ്ങളില്‍ താങ്കള്‍ ക്ഷമ കൊള്ളുക. സൂര്യന്‍ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുന്‍പും ദിനരാത്രങ്ങളുടെ ചില മുഹൂര്‍ത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക, എങ്കില്‍ താങ്കള്‍ക്ക് ദൈവിക സംതൃപ്തി ലഭിച്ചേക്കും ' (ത്വാഹാ: 130).



രണ്ടാമത്തേത് തസ്ബീഹ് ചെയ്യുന്നതാണ്. അഥവാ ഏകനും ശക്തനുമായ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്ന ചെയ്തികൾ. ഇവയിലാണ് ചരിത്രത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾ വരുന്നത്. ഈ അർഥത്തിലാണ് മേൽ പറഞ്ഞ ഏഴ് സൂറത്തുകളുടെയും ആദ്യത്തിൽ തസ്ബീഹ് വന്നത്. ഉദാഹരണമായി ഇസ്രാഅ് സൂറത്തിന്റെ തുടക്കം നബിയുടെ ഇസ്രാഅ് മിഅ്റാജ് സംഭവം പറഞ്ഞു കൊണ്ടാണ്. മനുഷ്യന്റെ കഴിവിന്റെയും ചിന്തയുടെയും എത്രയോ ഉപരിയായ കാര്യങ്ങളാണ് ആകാശ ആരോഹണവും നിശാ പ്രയാണവും. അത്രയും വലിയ ഒരു കാര്യം സരളമായി സാധിപ്പിക്കുവാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അത്തരം ഒരു ഇലാഹ് പരിമപരിശുദ്ധനായിരിക്കും എന്നുമെല്ലാമാണ് അവിടെ അർത്ഥമാക്കുന്നത്. സൂറത്തുൽ ഹദീദിലാവട്ടെ അല്ലാഹുവിന്റെ അപാരമായ സൃഷ്ടി വൈഭവവും സംവിധാനവും ആണ് കുറിക്കുന്നത്. ഇരുമ്പ് എന്ന അതിപ്രധാനമായ ലോഹം ആകാശത്തിൽ നിന്ന് ഇറക്കപ്പെട്ടതാണ് എന്ന് ഈ സൂറത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യന്റെ ചിന്തയ്ക്ക് തന്നെ എത്രയോ അകലെയായ ഇത്തരം കാര്യങ്ങൾ നിവൃത്തി ചെയ്യുവാൻ കഴിയുന്നവനായ റബ്ബ് എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധൻ ആയിരിക്കും എന്ന് സന്ദേശമാണ് അവിടത്തെ സ്നേഹം നൽകുന്നത്. ഇത്തരത്തിലുള്ള ഒരു ആശയ യോജിപ്പ് തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറത്തുകളുടെ ആശയവുമായി ഉണ്ട് എന്ന് മഹാന്മാരായ പണ്ഡിതന്മാർ പഴയകാലത്തും പുതിയ കാലത്തും നിരീക്ഷിച്ചിട്ടുണ്ട് അല്ലാഹുവിൻറെ അതിമഹത്തായ സൃഷ്ടി വൈഭവമോ പ്രത്യേക അനുഗ്രഹമോ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ വിശ്വാസിയുടെ മനസ്സിൽ നിന്നും ഉയരുന്ന തസ്ബീഹ് വചനം ഈ ഗണത്തിൽ പെട്ടത് തന്നെയാണ്. അജയ്യനും യുക്തിമാനുമാണ് അവന് ഈ ആയത്തിന്റെ അവസാന പ്രസ്താവം അതിലേക്ക് എല്ലാം വിരൽ ചൂണ്ടുന്നതാണ്.






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso