
.jpeg)
ജമാലുപ്പയുടെ ജമാലിയ്യത്ത്
06-01-2024
Web Design
15 Comments
വെളളിത്തെളിച്ചം
ടി എച്ച് ദാരിമി
ഒന്നുകിൽ വയൽനാടോ അല്ലെങ്കിൽ വനനാടോ ആയിരുന്ന വയനാടിനെ പുറം ലോകത്തേക്ക് ആനയിച്ച ഘടകങ്ങൾ ഏറെയാണ്. അവയിൽ കുപ്പക്കൊല്ലിയിൽ നിന്ന് ഡോ. രാഘവ വാര്യർക്കു കിട്ടിയ ഹാരപ്പൻ സംസ്കാരത്തെയും മറികടക്കുന്ന മൺപാത്രങ്ങളുണ്ട്. അവയിൽ ക്രിസ്തുവിനും ആറായിരം വർഷങ്ങൾക്കു മുമ്പുള്ളതെന്ന് കേസരി ബാലകൃഷ്ണപ്പിള്ള സമർഥിക്കുന്ന അമ്പുകുത്തി മലയിലെ എടക്കൽ ഗുഹയിലെ കൊത്തെഴുത്തുകൾ ഉണ്ട്. ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ടുള്ള ഡാം വിസ്മയമായ ബാണാസുര സാഗറും അവയിലുണ്ട്. അവയൊക്കെ ശ്രദ്ധകളിൽ അടയാളമിടുകയേ ചെയ്യൂ. ആ ശ്രദ്ധയെ വർത്തമാന കാലത്തേക്ക് വലിച്ചു കൊണ്ടുവരുവാൻ മറ്റു ചിലതു കൂടി വേണ്ടതുണ്ട്. വർത്തമാന കാലത്തെ കൂടി ആകർഷിക്കുന്ന ചിലത്. അതും വരദാനമായി ചുരം കയറി വന്നിട്ടുണ്ട് ഈ നാട്ടിലേക്ക്. അവയിൽ ഒന്നായിരുന്നു മർഹൂം എം എ മുഹമ്മദ് ജമാൽ സാഹിബ്. അനാഥത്വത്തിന്റെ കനൽ വഴികളിലൂടെ അതറിയാതെ കടന്നുപോന്ന ആയിരങ്ങൾ വായ പൊത്തി കണ്ണു നനച്ചു നിൽക്കവെ, അവരുടെ മുന്നിലൂടെ പച്ചപുതച്ച മയ്യിത്തു കട്ടിലിനുള്ളിൽ ആഖിറത്തിലേക്ക് കടന്നുപോയ പ്രിയപ്പെട്ട ജമാലുപ്പ. വയനാടിനെ മാത്രമല്ല, മനുഷ്യ കുലത്തെ തന്നെ ആ ജീവിതം പ്രതിനിധീകരിച്ചു. സ്വാർഥതയുടെ കൊടുങ്കാറ്റുകളിൽ പെട്ട് ഉലയാതെ അനുകമ്പയും അനുതാപവും ഉയർത്തിപ്പിടിച്ച് മനുഷ്യ മഹാ സംസ്കാരത്തിന്റെ നൗക നയിച്ചു മഹാനവർകൾ. ഇല്ലാതെ പോയവർക്കു വേണ്ടി സമർപ്പിച്ച ജീവിതം. ഒരേ സമയം കാലത്തേയും കുലത്തേയും പഠിച്ചും പരിഗണിച്ചും പരമ്പരാഗത വഴികൾ വിട്ട് ധീരതയോടെ സഞ്ചരിച്ചും എന്നാൽ പരീക്ഷണത്തിൽ പോലും പിഴവു പറ്റാതിരിക്കാൻ ശ്രദ്ധിച്ചും സൂക്ഷിച്ചും ഒരു പ്രത്യേക മുന്നേറ്റം. മനസ്സും മാർഗ്ഗവും ലക്ഷ്യവും എല്ലാം പരിശുദ്ധമായിരുന്നതിനാൽ കൈവെച്ചതെല്ലാം പൊന്നായി. അല്ലാഹു പൊന്നാക്കി. അദ്ദേഹത്തെ കുറിച്ചുളള ഓർമ്മൾ അനാഥ സംരക്ഷണം എന്ന അദ്ധ്യായത്തിലേക്ക് നമ്മെ ആനയിക്കുന്നു അല്ലെങ്കിൽ അതങ്ങനെയായി പരിണമിക്കുന്നു എന്നതാണ് ആ ധന്യമായ ജീവിതം നമുക്കു നൽകുന്ന സന്ദേശം.
മതങ്ങൾ പൊതുവേ മനുഷ്യനെ പഠിപ്പിക്കുന്ന വികാരങ്ങളിൽ പ്രധാനപ്പെട്ടവയാണ് സഹജീവികളോടുള്ള അനുകമ്പയും കാരുണ്യവും സ്നേഹവുമെല്ലാം. ഈ മനസ്ഥിതി പല രൂപത്തിലായി നമ്മുടെ സമൂഹത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിലെ ഒരു പ്രധാന സ്ഥാപന രൂപമാണ് അനാഥാലയങ്ങൾ. അനാഥാലയങ്ങളുടെ അടിവേരുകൾ തേടി പോയാൽ നാം എത്തിച്ചേരുക ഇസ്ലാമിക നാഗരികതയ്ക്ക് തുടക്കം കുറിച്ച മദീനയിൽ തന്നെയാണ്. ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ണുകളിലും പതിഞ്ഞുകിടക്കുന്ന അനാഥാലയങ്ങളുടെ ഒരു ചിത്രമുണ്ട്. ആ ചിത്രവും അറേബ്യയിലെ അന്നത്തെ ആ ചിത്രവും തമ്മിൽ പക്ഷേ പ്രകടമായ വ്യത്യാസമുണ്ടായിരിക്കും. ഇന്നത്തേതുപോലെ പ്രത്യേകമായ കെട്ടിടങ്ങളിൽ പ്രത്യേകമായ പരിചരണത്തോടെ അനാഥകളെ സംരക്ഷിക്കുന്ന രീതി അന്ന് ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ നാം ചരിത്രത്തിൽ കാണുന്ന അന്നത്തെ ചിത്രങ്ങളെല്ലാം അനാഥാലയം എന്ന ആശയത്തിനപ്പുറം അനാഥ സംരക്ഷണം എന്ന ആശയത്തിന്റെ ചിത്രങ്ങളാണ്. അന്നത്തെ സമൂഹത്തെ പ്രവാചകൻ തിരുമേനി(സ) അനാഥ സംരക്ഷണം എന്ന സാമൂഹ്യ ബാധ്യതയുടെ കടമയും ശ്രേഷ്ഠതയും പ്രതിഫലവും പഠിപ്പിക്കുകയായിരുന്നു. സഹ്ൽ ബിൻ സഅദ്(റ) എന്നവർ നബി തിരുമേനി(സ) 'ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും ഇപ്രകാരമായിരിക്കും സ്വർഗത്തിൽ' എന്ന് ചൂണ്ടുവിരലും നടുവിരലും ഉയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞ സ്വഹീഹായ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ ഏറ്റവും ഉത്തമമായ വീട് ഒരു അനാഥയെ സംരക്ഷിക്കുന്ന വീടാണ് എന്ന് നബി(സ) പറയുന്നത് കേട്ടതായി അബൂഹുറൈറ(റ) പറയുന്നുണ്ട്. അതോടൊപ്പം തന്നെ അനാഥകളോട് അനാദരവോ ക്രൂരതയോ കാണിക്കുന്നതിനെ ഇസ്ലാം ഏറ്റവും ഗുരുതരമായ പാതകമായി എണ്ണുന്നുമുണ്ട്. അനാഥകളെ വല്ലവിധത്തിലും ക്ലേശിപ്പിക്കുന്നവൻ ഈ മതത്തെ തന്നെ നിരാകരിക്കുന്നവനാണ് എന്നുവരെ വിശുദ്ധ ഖുർആൻ(മാഊൻ: 1, 2) പറയുന്നു. അനാഥകളെ ഒരിക്കലും അവഹേളിക്കരുത് എന്ന് വിശുദ്ധ ഖുർആൻ ആജ്ഞാസ്വരത്തിൽ കൽപ്പിക്കുന്നുണ്ട് (ളുഹാ: 9). അതിനും പുറമേ ഇസ്ലാമിൽ മാപ്പർഹിക്കാത്ത ഏഴു വൻ കുറ്റങ്ങളുടെ ഗണത്തിൽ ഒന്ന് അനാഥയുടെ ധനം അപഹരിക്കുന്നതാണ്. ഹിജ്റ എട്ടാം വർഷത്തിൽ മുഅ്ത്തത്തിൽ വീര മൃത്യു വരിച്ച ജഅ്ഫർ ബിൻ അബീത്വാലിബിന്റെ അനാഥ മക്കളെ ഏറ്റെടുത്തുകൊണ്ട് ഇനി ഇത് നബി(സ) തുടങ്ങിവെക്കുകയുണ്ടായി.
ഒരു പ്രത്യേക സ്ഥാപനം അനാഥകൾക്ക് വേണ്ടി സജ്ജമാക്കുകയും അവിടെ അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും ശിക്ഷണവുമെല്ലാം ഒരുക്കുകയും നിലനിർത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന രീതി തുടങ്ങിവെച്ചതും ഇസ്ലാമിക സമൂഹം തന്നെയാണ്. ആ ചരിത്രം ചികയുമ്പോൾ നാം എത്തിച്ചേരുക എഡി 707 ൽ അഥവാ ഹിജ്റ 88 ൽ അമവി ഖലീഫയായിരുന്ന വലീദ് ബിൻ അബ്ദുൽ മലിക്കിന്റെ കാലത്തേക്കാണ്. അനാഥകളെ സംരക്ഷിക്കുവാൻ അദ്ദേഹം തലസ്ഥാന നഗരമായ ഡമാസ്കസിൽ ഒരു പ്രത്യേക കെട്ടിട സംവിധാനം തന്നെ ഒരുക്കി എന്നാണ് ചരിത്രം. പിന്നീട് ഈ വിഷയത്തിൽ ഇസ്ലാമിക ചരിത്രം എടുത്തുപറയുന്ന ഒരു നാമം ഹിജ്റ 511 മുതൽ 569 വരെ (എ ഡി 1118- 1174) ഭരണം നടത്തിയ നൂറുദ്ദീൻ സങ്കി എന്ന ഖലീഫയുടെ പേരാണ്. ശാമിൽ യത്തീം മക്കളെ സംരക്ഷിക്കുവാൻ വേണ്ടി ധാരാളം വഖഫ് സ്വത്തുക്കൾ നീക്കിവെച്ച ഭരണാധികാരി കൂടിയായിരുന്നു നൂറുദ്ദീൻ സങ്കി. പിന്നെ ഈ ശ്രേണിയിൽ കാണുന്ന നാമം ഖലീഫ അബൂ യൂസഫ് യഅ്കൂബിന്റേതാണ്. ഹിജ്റ 595 അഥവാ എഡി 1199 ൽ മുവഹിദുകളുടെ ഖലീഫയായിരുന്ന അദ്ദേഹം ആയിരം യത്തീമുകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം സ്ഥാപിക്കുകയുണ്ടായി എന്നും അവരെ നോക്കുവാനും ശിക്ഷണം നടത്തുവാനും പത്തു അധ്യാപകരെ നിയമിച്ചിരുന്നു എന്നും ശദാറാതുദ്ദഹബ് എന്ന ഗ്രന്ഥത്തിൽ ഇബ്നു ഇമാദുൽ ഹംബലി പറയുന്നുണ്ട്. അറേബ്യൻ സഞ്ചാരിയായിരുന്ന ഇബ്നു ജുബൈർ തൻ്റെ രിഹലത്ത് ബിൻ ജുബൈറിൽ ഡമാസ്കസിൽ നിരവധി അനാഥ പുനരധിവാസ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. പിൽക്കാലത്ത് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി (എ ഡി 1138-1193) തന്നെ ഇക്കാര്യത്തിനു വേണ്ടി ഒരു ഗ്രാമത്തിന്റെ മുഴുവൻ വരുമാനവും നീക്കിവരിച്ചിരുന്നതായി ചരിത്രകാരൻ മഖ് രീസി തന്റെ ഒരു ഗ്രന്ഥത്തിൽ പറയുന്നുണ്ട്. അതേസമയം മറ്റു മതങ്ങളും കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. അവയിൽ ഏറ്റവും കൂടുതൽ ഇക്കാര്യത്തെ പരിഗണിച്ചിട്ടുള്ള മതം ക്രിസ്തുമതം തന്നെയാണ്. എങ്കിലും ക്രിസ്തുമതത്തിൽ അതിന്റെ പ്രാഥമികമായ ഘട്ടങ്ങൾ ഏതൊക്കെയായിരുന്നു എന്നത് കാര്യമായി ചചരിത്രത്തിൽ വേർതിരിച്ചടുക്കാൻ കഴിയുന്നില്ല. അതിന് കഴിയുന്നത് എഡി 1500 ന് ശേഷമാണ്. 1552-ൽ ഇംഗ്ലണ്ടിൽ ഏതാനും സ്വകാര്യ സംഘടനകൾ അനാഥാലയങ്ങൾ നടത്തിപ്പോന്നിരുന്നതിനിടയിൽ ക്രിസ്തീയ സഭകളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ അനാഥശിശു സംരക്ഷണത്തിൽ ഏർപ്പെട്ടിരുന്നു.
കേരളത്തിൽ ഇസ്ലാം നേരത്തെ എത്തി എന്നതാണ് ആധികാരികമായ ചരിത്രങ്ങൾ പറയുന്നത്. കേരളത്തിലേക്ക് ഇസ്ലാം വന്നപ്പോൾ അതിന്റെ എല്ലാ സംസ്കാരങ്ങളും വികാരങ്ങളും ഒപ്പം തന്നെ എത്തിച്ചേർന്നു എന്നത് ഒരു പ്രധാന വിഷയമാണ്. അതേസമയം കേരളത്തിലെ അനാഥ സംരക്ഷണത്തിന്റെ ഏറ്റവും ആദ്യത്തെ തെളിവുകളോ അനുമാനങ്ങളോ നമുക്ക് ലഭ്യമല്ല. എന്നിരുന്നാലും അനാഥ സംരക്ഷണം എന്ന ആശയവും മനസ്ഥിതിയും കേരളത്തിന്റെ മണ്ണിൽ എന്നും ഉണ്ടായിരുന്നു എന്നതാണ് ഇവിടെ കാണപ്പെടുന്ന നൂറ്റാണ്ടുകളുടെ പ്രായമുള്ള യത്തീംഖാനകൾ പറയുന്നത്. കേരളം സ്വീകരിച്ചത് അറിവിന് പ്രാധാന്യമുള്ള ഇസ്ലാമിനെയായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെയാവണം ഓരോ ചുവടിലും അറിവിനെയും തിരിച്ചറിവിനെയും അവർ ആധാരമാക്കിയത്. യത്തീംഖാനകൾ സ്ഥാപിക്കപ്പെടുന്നതിലും അതുണ്ടായി. കാരണം, പുതിയ നൂറ്റാണ്ടിൽ നാം അഭിമാനം കൊള്ളുന്ന യതീംഖാനാ പ്രസ്ഥാനത്തിലേക്ക് ഇത്തരം ഒരു തിരിച്ചറിവിലൂടെയാണ് കേരള മുസ്ലിംകൾ എത്തിച്ചേരുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് സ്ഥാപിതമായ ഈ മഹാസ്ഥാപനങ്ങള്‍ ഓരോന്നും സ്ഥാപിതമായത് ഓരോ സാമൂഹിക സാഹചര്യങ്ങളില്‍ ആയിരുന്നു എന്നാണ് ചരിത്രം. 1922ല്‍ ജെ.ഡി.ടി യതീംഖാന എന്ന കേരളത്തിലെ ആദ്യത്തെ യതീംഖാന സ്ഥാപിതമായത് 1921ലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അനാഥരായിത്തീര്‍ന്ന കുട്ടികള്‍ക്ക് അഭയവും വിദ്യാഭ്യാസവും നല്‍കുന്നതിനായി പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരായിരുന്ന ഖസൂരിയുടെ സഹായത്തിലാണ്. 1943 ല്‍ പരക്കെ പിടിപെട്ട കോളറമൂലം നിരവധി കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ട സാമൂഹിക പശ്ചാത്തലത്തെ ധീരമായി നേരിട്ടുകൊണ്ട് ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജിന്റെ ശാഖയായി 114 അനാഥകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1943 ഡിസംബറില്‍ തിരൂരങ്ങാടി ഓര്‍ഫനേജ് നിലവില്‍ വന്നു.
22 കുട്ടികളുമായി 1956ല്‍ സ്ഥാപിതമായ മുക്കം മുസ്ലിം ഓര്‍ഫനേജ് അനാഥശാലകള്‍ക്ക് വഴികാട്ടിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധയും നല്‍കിവന്ന സ്ഥാപനമാണ്. 1961ല്‍ എടവണ്ണയില്‍ യതീംഖാന സ്ഥാപിതമായി. 1969ല്‍ നിലമ്പൂര്‍ മുസ്‌ലിം ഓര്‍ഫനേജ്, ഉദാരഹസ്തനായ നാലകത്ത് ബീരാന്‍ ഹാജി അനാഥ മക്കള്‍ക്കുവേണ്ടി സംഭാവന നല്‍കിയ മുപ്പത് ഏക്കര്‍ സ്ഥലത്താണ് നിലവില്‍വന്നത്. ആദരണീയനായ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് അനാഥമന്ദിരത്തിനു തറക്കല്ലിട്ടത്. ഇതിനുശേഷം 1967 ൽ മുക്കം യതീംഖാനയുടെ ശാഖയായി സ്ഥാപിക്കപ്പെട്ട യത്തീം ഖാനയാണ് വയനാട് മുസ്ലിം ഓർഫനേജ്. സ്ഥാപിത കാലം തൊട്ടേ അതിന്റെ പ്രവർത്തകനായിരുന്ന മുഹമ്മദ് ജമാൽ സാഹിബ് 1976 മുതൽ ജോയന്റ് സെക്രട്ടരിയും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടരിയുമായിരുന്നു. പരമ്പരാഗത യതീം ഖാനകളുടെ പാരമ്പര്യത്തിൽ നിന്ന് പുരനധിവാസമെന്ന പുരോഗമനത്തിലേക്ക് ധീരമായി ഈ പ്രസ്ഥാനത്തെ തിരിച്ചുവിട്ടു എന്നതാണ് ഒറ്റവാചകത്തിൽ പറഞ്ഞാൽ ജമാൽ സാഹിബ് തീർത്ത വിപ്ലവം. അനാഥകൾക്ക് അന്നവും ഒപ്പം അവർക്ക് സ്വന്തം ജീവിതമാർഗ്ഗം വരച്ചെടുക്കുവാനുള്ള ചുമരും എന്ന നിലക്ക് വിവിധ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അതിലേക്കെല്ലാം അവരെ സ്നേഹത്തോടെ കൈപിടിച്ച് ആനയിക്കുകയും ചെയ്ത അദ്ദേഹം തന്റെ മേഖലയിൽ ഒരു ഇതിഹാസമായി തന്നെ ജീവിച്ചു. ഒരു സാംസ്കാരിക കീഴ് വഴക്കത്തെ പ്രഫുല്ലമാക്കി സംരക്ഷിച്ചതിന്റെ പേരിൽ എന്നും സമുദായം അദ്ദേഹത്തെ ഓർക്കും, ഇതിനെല്ലാം പകരം പ്രതിഫലം നൽകി അല്ലാഹു അദ്ദേഹത്തെ കടാക്ഷിക്കട്ടെ എന്ന പ്രാർഥനയോടെ..
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso