Thoughts & Arts
Image

കയ്യിലുള്ളത് രത്നമാണ് !

06-01-2024

Web Design

15 Comments

വിചാരം



മുഹമ്മദ് തയ്യിൽ







നീണ്ടും നിഗൂഢത പൂണ്ടും കിടക്കുന്നതിനാൽ തിരയടിയുണ്ടെങ്കിലും കടൽ ഒരു സമാധാനമാണ്. വെളുത്തിട്ടില്ലെങ്കിലും അയാൾ എഴുനേറ്റു നടന്നു. തിരയുടെ തൊടാ അടുത്ത് മണലിൽ ഇരുന്നപ്പോൾ തന്നെ ഒരു സുഖം. എന്തോ തെരഞ്ഞ് മനസ്സ് അതിന്റെ പാട്ടിനു പോയപ്പോൾ കയ്യും വേറെ പാട്ടിന് പോയിരുന്നു. കയ്യിനാണ് ആദ്യം കിട്ടിയത്. ഒരു കൊച്ചു സഞ്ചിയാണ്. നിറമൊന്നും കാണാൻ മാത്രം വെളുത്തിട്ടില്ല. കയ്യിട്ട് നോക്കിയപ്പോൾ മണിക്കല്ലുകൾ. മനസ്സ് സഞ്ചിയിൽ കയ്യിടാൻ വന്നില്ല. കൈ പക്ഷെ, കൈകാര്യം തുടങ്ങി. ഓരോ കല്ലെടുത്ത് കടലിലേക്ക് എറിയുമ്പോഴും ഒരു രസം. എന്തു രസം എന്നറിയുന്നേയില്ല. മനസ്സ് ഒപ്പമില്ലല്ലോ. മനസ്സ് പിന്നെയും പിന്നെയും ദൂരേക്ക് ദൂരേക്ക് പോയി. കൈ എറിഞ്ഞുകളി തുടരുകയാണ്. അല്ലെങ്കിലും പതിവങ്ങനെയാണല്ലോ, ആരുടെയും അനുവാദം ചോദിക്കാതെ സൂര്യൻ ചക്രവാളത്തിൽ ചുവന്നു മഞ്ഞയ്ക്കാൻ തുടങ്ങി. അപ്പോൾ വെട്ടം വീണു. അറിയാതെ വീണ്ടും കൈ സഞ്ചിയിൽ പരതുമ്പോൾ ഇനി ഒരൊറ്റ കല്ലു മാത്രം! അതും എടുത്തു. എറിയുന്നതിന് മുമ്പ് മനസ്സില്ലാത്ത കണ്ണ് കല്ലിൽ പതിഞ്ഞു. വെട്ടിത്തിളങ്ങുന്ന രത്നം ! ഞെട്ടിപ്പോയി. ഇതുവരേയും എറിഞ്ഞെറിഞ്ഞ് കളഞ്ഞത് അമൂല്യമായ രത്നങ്ങളായിരുന്നു! നഷ്ടബോധം നടുമുള്ളിന് ആഞ്ഞു കുത്തിയതും അയാൾ ഭ്രാന്തമായി കടലിനടുത്തേക്ക് ഒറ്റക്കുതിപ്പ്. പക്ഷെ, എന്തു കിട്ടാൻ ! എല്ലാം കൈവിട്ടു പോയില്ലേ. അല്ലെങ്കിലും നമ്മളങ്ങനെയാണ്. ഒന്നും ഒട്ടും ചിന്തിക്കാതെ അങ്ങനെ ഒഴുകും. കാലത്തിന്റെ തഴുകലും തലോടലും ഏറ്റ് മയങ്ങി മയങ്ങി. അവസാനം കണ്ണു തുറക്കുമ്പോഴേക്കും ഒക്കെ കൈവിട്ടു കഴിഞ്ഞിട്ടുണ്ടാകും. കാലം കാതിൽ പറയുന്ന കാര്യമാണിത്. ഒന്നു കൂടി ചുരുക്കി പറഞ്ഞാൽ, ഇന്നലെകൾ കഴിഞ്ഞു പോയി. നാളെകൾ ഉറപ്പുമില്ല. പിന്നെ ആകെയുള്ളത് ഇന്നത്തെ ഈ വർത്തമാനമാണ്. കയ്യിലുള്ള വർത്തമാനകാലം രത്നമാണ്. വെറുതെ എറിഞ്ഞു കളയേണ്ട.



ഇപ്പോൾ പുതിയ ഒരു ഒഴിവുകഴിവ് വന്നിരിക്കുന്നു. എവിടെയാ സമയം?, ഒന്നിനും സമയം കിട്ടുന്നില്ല, തികയുന്നില്ല. അങ്ങനെ പറയുന്നവർ സ്വന്തം കഴിവുകേടിനെയും ചിന്താശൂന്യതയെയും അംഗീകരിച്ചുതരികയാണ്. ഇതിനു മറുപടി പുരാതന റോമിലെ തത്വജ്ഞാനിയും എഴുത്തുകാരനുമായിരുന്ന സെനക്ക (4 ബി.സി - 65 എ ഡി) പറയും. നമുക്ക് വിനിയോഗിക്കാന്‍ സാധിക്കുന്നതിലുമേറെ സമയം നമുക്കുണ്ടന്ന് അദ്ദേഹം തീർത്തു പറയുന്നു: 'ഒന്നുകില്‍ നാം നമ്മുടെ സമയം ഒന്നും ചെയ്യാതെ പാഴാക്കിക്കളയുന്നു. അതല്ലെങ്കില്‍ ലക്ഷ്യബോധം കൂടാതെ എന്തെങ്കിലും ചെയ്തു സമയം നാം പാഴാക്കുന്നു. അതുമല്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യാതെ വേറെ പലതിലും വെറുതെ കളയുന്നു.' സമയമെന്ന രത്നത്തിന്റെ മൂല്യം തിരിച്ചറിയുക, കൃത്യമായി ഹോം വർക്ക് ചെയ്ത് മുൻഗണനാക്രമം കണ്ടുപിടിക്കുക, ആശ്വാസവും സന്തോഷവും സംഭരിച്ച് കർമ്മനിരതമാവുക... ഇങ്ങനെ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നാണ് ഓരോ ആണ്ടറുതിയും പറയുന്നത്. വീണ്ടും കലണ്ടർ മാറ്റുമ്പോൾ ഇതു മറക്കേണ്ട !. ഇന്ന് ഈ വർഷത്തിലെ അവസാന ദിനം.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso