Thoughts & Arts
Image

ആതിദ്യനും ആദിത്യയും

10-01-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി




ശാസ്ത്ര സാങ്കേതികതയുടെ പുരോഗതിയിൽ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം വാനോളം ഉയർന്ന വാരമാണ് പിന്നിട്ടത്. ചാന്ദ്ര ദൗത്യങ്ങൾ വിജയിപ്പിച്ചതിന്റെ പിന്നാലെ രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തിയതിന്റെ അഭിമാനകരമായ സന്തോഷമാണതിനു കാരണം. ഇതോടെ സൗര ദൗത്യത്തിൽ വിജയിക്കുന്ന ലോകത്തെ നാലാമത്തെ ശാസ്ത്ര സാങ്കേതിക രാജ്യം എന്ന പട്ടം കൂടി അണിഞ്ഞിരിക്കുകയാണ് നമ്മുടെ രാജ്യം. പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിന്റിന്(എൽ 1) ചുറ്റുമുള്ള ഹാലോ എന്ന സാങ്കൽപിക ഭ്രമണപഥത്തിലെത്തി. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിൽ നിന്ന് പി എസ് എൽ വി സി 57 റോക്കറ്റിൽ സുരക്ഷിതമായി വിക്ഷേപിച്ച ആദിത്യ എൽ വൺ 125 ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര. ചന്ദ്രനിലേതു പോലെ പഠന പര്യവേഷണങ്ങൾക്കായി നേരിട്ട് പോയി ഇറങ്ങുവാൻ സൂര്യന്റെ കാര്യത്തിൽ കഴിയില്ല. അവിടെ ഇറങ്ങുക പോയിട്ട് സൂര്യന്റെ അടുത്തെങ്ങും എത്തുവാൻ പോലും കഴിയില്ല. ഈ പ്രപഞ്ചത്തിന് മുഴുവനും ഊഷ്മാവ് നൽകുന്ന സൂര്യന് അത്രയും വലിയ താപമാണ്. അതിനാൽ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലങ്ങൾ താരതമ്യേന കുറഞ്ഞ് അനുഭവപ്പെടുന്ന ഒരു ഭ്രമണപഥം വരെ മാത്രമേ പോകുവാൻ പര്യവേഷണ പേടകങ്ങൾക്ക് കഴിയൂ. അത്തരത്തിൽ ഉള്ള മേഖലകളെ ശാസ്ത്രം അഞ്ച് പാളികളായി തിരിക്കുന്നുണ്ട്. ആ പാളികളിൽ ഒന്നാമത്തെ പാളിയിലാണ് നമ്മുടെ ആദിത്യ ചെന്നിറങ്ങിയിരിക്കുന്നത്.
L1 എന്ന ഈ പാളി ഭൂമിക്കും സൂര്യനും ഇടയിൽ ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അഥവാ 900,000 മൈൽ (ഭൂമിയിൽ നിന്ന് ചന്ദ്രനേക്കാൾ നാലിരട്ടി) അകലെയാണ്. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും എന്നും സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും എന്നും ഐ എസ് ആർ ഒ പറയുന്നു. സെപ്റ്റംബർ 19 നാണ് പേടകം ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്. അഞ്ചു വർഷമാണ് ദൗത്യകാലാവധി.



ആദിത്യ നൽകുന്ന വിവരങ്ങൾ കാത്തുനിൽക്കുകയാണ് ഇന്ത്യയും ലോകവും. അതിനുമാത്രം ഗഹനതയും ഉദ്വേഗവും നിറഞ്ഞ നിഗൂഢതകളിൽ ആണ്ടുകിടക്കുന്ന ഒരു അധ്യായമാണ് സൂര്യൻ. ലോകം അതിന്റെ ഒരു ശതമാനം പോലും വിവരങ്ങൾ ഇതിനകം വായിച്ചെടുത്തിട്ടില്ല എന്നത് ഒരു സത്യമാണ്. ഗ്രഹങ്ങളിലേക്ക് പേടകങ്ങൾ തൊടുത്തു വിടാൻ സാങ്കേതിക വിദ്യ കൈവശപ്പെട്ടു എന്നതുകൊണ്ട് സൂര്യനെയും ചന്ദ്രനെയും എല്ലാം പരിപൂർണ്ണമായി കയ്യിൽ ഒതുക്കി എന്ന് വീമ്പു നടിക്കുന്നവരും അഹങ്കരിക്കുന്നവരും നമ്മുടെ ലോകത്ത് ധാരാളം ഉണ്ട്. അവർക്കെല്ലാം ഒരുപക്ഷേ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിഞ്ഞേക്കും. എന്നാൽ ആ ചോദ്യത്തിന്റെ പിന്നാമ്പുറത്ത് ഉത്ഭവിക്കുന്ന മറ്റൊരു ചോദ്യത്തിന് മുമ്പിൽ അവർക്ക് മിണ്ടാൻ കഴിയില്ല. അതിനും പിന്നിലുള്ള ചോദ്യങ്ങൾക്കാവട്ടെ അത്രയും കഴിയില്ല. അതുകൊണ്ടാണ് പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഒരു ശതമാനം പോലും മനുഷ്യൻ ഇനിയും വായിച്ചുകഴിഞ്ഞിട്ടില്ല എന്ന് പറയുന്നത്. എന്നിരുന്നാലും ഇന്ത്യയും ലോകവും ആദിത്യയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക ലോകത്തിന് അതിൽ ഒരുപാട് പ്രതീക്ഷയുണ്ട്. എന്നാൽ ആ പ്രതീക്ഷ അവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച് വിശ്വാസികളുടെ ലോകത്തിന് തികച്ചും തങ്ങളുടെ വിശ്വാസങ്ങളെ ജ്വലിപ്പിച്ചെടുക്കാൻ കഴിയുന്ന അമൂല്യമായ വിവരങ്ങളും വിവരണങ്ങളും കൂടി ആദിത്യ നൽകും എന്നത് ഉറപ്പാണ്. കാരണം ഈ പ്രപഞ്ചവും സൂര്യനടക്കം അതിലുള്ള എല്ലാ സൃഷ്ടികളുടെയും സൃഷ്ടാവ് അല്ലാഹുവാണ്. അവൻ ഓരോ സൃഷ്ടിയിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന വസ്തുതകളും യുക്തികളും മനുഷ്യന് പരിപൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയാത്തതാണ്. അവയെല്ലാം പരിപൂർണ്ണമായി മനുഷ്യൻ ഗ്രഹിക്കുകയോ കണ്ടെത്തുകയോ ചെയ്താൽ അതോടുകൂടി ദൈവം എന്ന സിദ്ധാന്തമായിരിക്കും തകരുക. ദൈവം ദൈവമായിരിക്കുന്നതും ദൈവം ഒരു പരമമായ സത്യമായിരിക്കുന്നതുമെല്ലാം ഇത്തരം ഒരുപാട് അത്ഭുതങ്ങളുടെയും അനുഗ്രഹങ്ങളുടെയും വെളിവിന്റെ അടിസ്ഥാനത്തിലാണ്.



ഇക്കാര്യത്തിൽ വിശ്വാസികളുടെ കൂട്ടത്തിൽ ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്നത് വിശുദ്ധ ഖുർആനിന്റെ ജനതയായ മുസ്ലിംകൾ തന്നെയാണ്. എന്തുകൊണ്ടെന്നാൽ, വിശുദ്ധ ഖുർആൻ അതിന്റെ ദൗത്യം നിർവഹിക്കുന്നതിനിടയിൽ പ്രകടിപ്പിച്ചിട്ടുള്ള സൂര്യനെ കുറിച്ചുള്ള സൂചനകൾ അനാവരണം ചെയ്യുകയായിരിക്കും ആദിത്യയുടെ കണ്ടെത്തലുകൾ എന്നത് ഉറപ്പാണ്. ഖുർആനിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും സൗര വസ്തുത ആദിത്യ പൊളിച്ചടുക്കുമെന്ന് ഭയം ഒരിക്കലും ഖുർആനിന്റെ ജനതയ്ക്ക് ഇല്ല. കാരണം നാളിതുവരെ ലോകം നടത്തിയ പഠന പര്യവേഷണങ്ങളിൽ ഒന്നും അങ്ങനെ ഒന്നു ഉണ്ടായിട്ടില്ല. പിന്നെ ഉണ്ടായി എന്ന് പറയുന്നതെല്ലാം അന്ധമായ ഖുർആൻ വിരോധികൾ പറഞ്ഞുപറഞ്ഞു വ്യാഖ്യാനിച്ചും വിശദീകരിച്ചും കെട്ടിച്ചമച്ച് ഉണ്ടാക്കുന്നത് മാത്രമാണ്. അങ്ങനെ പറഞ്ഞു ഉണ്ടാക്കുന്നവരോട് ഖുർആനും ഖുർആനിന്റെ ജനതയും തിരിച്ചു ചോദിച്ച ചോദ്യങ്ങളുടെ മുമ്പിൽ അവർക്ക് തളർന്ന് വീഴുകയല്ലാതെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല എന്നത് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു വസ്തുതയാണ്. ഖുർആൻ നൽകുന്ന ശാസ്ത്ര സൂചനകൾ അത്ര കൃത്യമാണ്. സൂര്യന്റെ കാര്യത്തിൽ തന്നെ ഉള്ള ഒരു ഉദാഹരണം നമുക്ക് പരിശോധിക്കാം. സൂര്യൻ നിശ്ചലമാണ് എന്നും ഭൂമിയടക്കം ഗ്രഹങ്ങൾ മാത്രമാണ് ചലിക്കുന്നത് എന്നുമാണ് ഒരുപാട് കാലം ശാസ്ത്രലോകം കരുതിയിരുന്നത്. കാലങ്ങളോളം യൂറോപ്യന്‍ തത്ത്വജ്ഞാനികളും ശാസ്ത്രകാരന്മാരും വിശ്വസിച്ചത് ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും സൂര്യനടക്കം മറ്റു സര്‍വ്വ ഗ്രഹങ്ങളും അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നുമാണ്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ കാലം മുതല്‍ ഭൂമി കേന്ദ്രീകൃത പ്രപഞ്ചം എന്ന സങ്കല്‍പ(Geocentric concept)മാണ് പാശ്ചാത്യ ലോകത്ത് പ്രചാരം നേടിയത്. 1512-ഓടെ നിക്കോളാസ് കോപ്പര്‍ നിക്കസ് സൂര്യകേന്ദ്രീകൃത പ്രപഞ്ചമെന്ന സിദ്ധന്തം (Heliocentric Theory of Planentary Motion) മുന്നോട്ടുവെച്ചു. സൗരയൂഥത്തിന്റെ മധ്യത്തില്‍ സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നുവെന്നും മറ്റു ഗ്രഹങ്ങള്‍ അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അദ്ദേഹം സമര്‍ത്ഥിച്ചത്.



1609 ല്‍ 'ആസ്‌ട്രോനോമിയ നോവ' എന്ന പേരില്‍ ജര്‍മന്‍ ശാസ്ത്രകാരന്‍ ജോഹന്നസ് കെപ്ലര്‍ ഒരു ഗന്രന്ഥമിറക്കി. അതില്‍ അദ്ദേഹം 'ഗ്രഹങ്ങള്‍ സൂര്യനുചുറ്റും വര്‍ത്തുളാകൃതിയില്‍ സഞ്ചരിക്കുക മാത്രമല്ല; അവ സ്വയം അച്ചുതണ്ടില്‍ ശക്തമായി കറങ്ങുന്നുവെന്നും ഉറപ്പിച്ചു പരഞ്ഞു. ഈ അറിവ് യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ക്ക് വലിയ അനുഗ്രഹമായി. രാപ്പകലുകളുടെ മാറിമറിയല്‍ അടക്കം സൗരയൂഥത്തിലെ പല സംഭവവികാസങ്ങളും ഇതുവെച്ച് അവര്‍ കൃത്യമായിത്തന്നെ വിശദീകരിച്ചു. പക്ഷെ, ഈ കണ്ടുപിടിത്തങ്ങളെല്ലാം നടന്നുകഴിഞ്ഞിട്ടും സൂര്യന്‍ നിശ്ചലമാണെന്നും അത് ഭൂമിയെപ്പോലെ സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നില്ലെന്നുമുള്ള ഒരു തെറ്റദ്ധാരണയാണ് പൊതുവെ അവര്‍ക്കിടയില്‍ നിലനിന്നത്. നാടൻ അറിവ് അനുസരിച്ച് സൂര്യൻ അങ്ങനെ കറങ്ങേണ്ട യാതൊരു കാര്യവുമില്ല എന്ന് സാധാരണക്കാർക്ക് പോലും തോന്നി. കാരണം കറങ്ങിയാലും ഇല്ലെങ്കിലും സൂര്യന്റെ എല്ലാ ഭാഗങ്ങളും ഒരേ രൂപത്തിലാണ് ഇരിക്കുന്നത്. മാത്രമല്ല സ്‌കൂളിലെ ജ്യോഗ്രഫി പുസ്തകത്തില്‍ സൂര്യന്‍ ചലിക്കുന്നില്ല എന്ന വിഡ്ഢിത്തം കുറേ കാലം പാടിപ്പഠിച്ചിരുന്നത് നമുക്കു തന്നെ ഓർമ്മിക്കാം. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ ഇക്കാര്യത്തിൽ സൂര്യൻ ചലിക്കുന്നുണ്ട് എന്ന് ധീരമായി തുറന്നുപറഞ്ഞു. ആ കാര്യം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: 'അവനത്രെ സൂര്യ ചന്ദ്രന്മാരെയും രാപ്പകലുകളെയും സൃഷ്ടിച്ചത്. അവയോരോന്നും അവയുടെ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു' (21:33).



ഈ പ്രസ്താവം നടത്തുവാൻ വിശുദ്ധ ഖുർആൻ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിൽ തന്നെ കൃത്യമായ ശാസ്ത്ര സൂചനയുണ്ട് സൂര്യൻറെ സഞ്ചാരത്തെ സൂചിപ്പിക്കുന്നതിന് ഈ സൂക്തത്തില്‍ അല്ലാഹു ഉപയോഗിക്കുന്നത് 'യസ്ബഹൂന്‍' എന്ന അറബി പദമാണ്. നീന്തി എന്നർഥമുളള സബഹ എന്ന ധാതുവില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. സ്വയം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ മറ്റൊരു ചലനത്തെ കുറിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സബഹ എന്ന പദം ഭൗമോപരിതലത്തില്‍ നില്‍ക്കുന്ന ഒരു മനുഷ്യനിലേക്ക് അപേക്ഷിച്ചു പറയുമ്പോള്‍ അവന്‍ ഉരുളുന്നു എന്ന് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല. പകരം, നടക്തുന്നുവെന്നോ ഓടുന്നുവെന്നോ ആണ് അര്‍ത്ഥമാക്കുന്നത്. അതേസമയം വെള്ളത്തിലുള്ള ഒരാളിലേക്ക് ഇത് ചേര്‍ത്തിപ്പറയുമ്പോള്‍ അവന്‍ നിശ്ചലനായി ജലോപരിതലത്തില്‍ കിടക്കുന്നുവെന്നല്ല ഉദ്ദേശിക്കുന്നത്; മറിച്ച്, അവന്‍ അതില്‍ നീന്തുന്നുവെന്നാണ്. ഇതുപോലെ, 'യസ്ബഹു' എന്ന പദം സൂര്യനെ പോലെ ഒരു ആകാശ ഗോളവുമായി ചേര്‍ത്തുപറയുമ്പോള്‍ അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നുവെന്നു മാത്രമല്ല; സ്വയം കറങ്ങുകയും ശൂന്യാകാശത്തിലൂടെ മുന്നോട്ട് ചലിക്കുകയും ചെയ്യുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വസ്തുത പിന്നീട് ശാസ്ത്രം അംഗീകരിക്കുകയുണ്ടായി. ഇപ്പോൾ നിലവിലുള്ള ഇക്കാര്യത്തിലെ ശാസ്ത്ര നിലപാട് സൂര്യൻ ചലിക്കുന്നുണ്ട് എന്നത് തന്നെയാണ്. ഖുർആൻ സൂചിപ്പിച്ച ഈ പരമമായ സത്യം ശാസ്ത്ര പുരോഗതിയുടെ ഒരുപാട് കാലഘട്ടങ്ങളിൽ പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രത്തിന് എതിരായിരുന്നു എങ്കിലും ലോകത്തിന് ആ കാഴ്ചപ്പാടിലേക്ക് വരേണ്ടിവന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. സൂര്യന്‍ സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നത് 25 ദിവസങ്ങള്‍ കൊണ്ടാണ്.



അതേസമയം സൂര്യന്‍ സ്‌പെയ്‌സിലൂടെ സെക്കന്റില്‍ 150 മൈൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു തവണ നമ്മുടെ ക്ഷീരപഥം ചുറ്റിക്കറങ്ങാന്‍ 200 മില്യന്‍ വര്‍ഷങ്ങള്‍ വേണം. ഈ വേഗതകളെല്ലാം വ്യത്യസ്തമാണ്. വേഗതയിൽ ഉള്ള ഈ വ്യത്യാസം കാരണമാണ് ഗ്രഹങ്ങൾ കൂട്ടിമുട്ടാത്തത് ആ വസ്തുത വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'ചന്ദ്രന്‍ സൂര്യനെയോ സൂര്യന്‍ ചന്ദ്രനെയോ പ്രാപിക്കുകയില്ല. ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.' (36: 40). ഇതേ കൂട്ടിമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ഓരോ ഗ്രഹത്തിനും നക്ഷത്രത്തിനും പ്രത്യേക ഭ്രമണപഥം സജ്ജീകരിച്ചിരിക്കുന്നതും. സൂര്യനും ചന്ദ്രനും സ്വന്തമായ ഭ്രമണപഥങ്ങളുണ്ടെന്നും അവ സ്വയം ചലിക്കുന്നതോടൊപ്പം അതിലൂടെ സഞ്ചരിക്കുന്നുണ്ടെന്നുമുള്ള ആധുനിക ഗോള ശാസ്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്കാണ് ഈ സൂക്തം വിരല്‍ ചൂണ്ടുന്നത്. ഇത്തരം ശാസ്ത്രം പിൽക്കാലത്തു മാത്രം എത്തിപ്പെട്ട അറിവുകൾ ധൈര്യസമേതം നേരത്തെ പറഞ്ഞു വെച്ചു എന്നതുകൊണ്ടാണ് വിശുദ്ധ ഖുർആൻ മാറോട് ചേർക്കുന്ന സത്യവിശ്വാസികൾ ആദിത്യ എന്ന ഇന്ത്യയുടെ സൗര പേടകം നൽകുന്ന വിവരങ്ങളെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തുനിൽക്കുന്നത്.



ഖുർആനിലെ ശാസ്ത്രം പക്ഷേ ഒറ്റയടിക്ക് പേജു മറിച്ചും വിരൽ വെച്ചും കണ്ടെത്താവുന്നതല്ല. മറിച്ച്, ഖുർആനിന്റെ അകത്തളങ്ങളിലൂടെ ആഴത്തിൽ സഞ്ചരിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് അതിന് കഴിയുക. കാരണം, നേരത്തെ സൂര്യന്റെ ചലനത്തിന്റെ പ്രകൃതവും രീതിയും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് 'യസ്ബഹു' എന്ന അറബി വാക്കിന്റെ നിഷ്പത്തിയും അതിൻെറ അർത്ഥ തലവും മനസ്സിലാക്കിയതിലൂടെയാണ്. അങ്ങനെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് അത് ഗ്രഹിക്കാൻ കഴിയുക. കാലത്തിന്റെ കണ്ടുപിടിത്തങ്ങളിലേക്ക് വളരുക എന്ന ഈ അൽഭുതവും കൗതുകവും വിശുദ്ധ ഖുർആനിന് സ്വന്തമാണ്. അതിനാൽ ഓരോ കാലത്തും ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെ ശരിയായ സ്രോതസ്സുകളിൽ നിന്നുള്ള വ്യാഖ്യാനങ്ങൾ വഴി കൂട്ടിയിണക്കേണ്ടതുണ്ട്. ഖുർആൻ പഠനത്തിന്റെ സർവ്വകാല പ്രസക്തി ഊന്നി പറയുക കൂടിയാണ് ഈ വസ്തുത. അതേ സമയം എല്ലാ കാര്യങ്ങളും അത്രതന്നെ ദുർഗ്രാഹ്യമായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി പ്ലാസ്മയുടെ കാര്യമെടുക്കാം. ആകാശ ഗോള സംവിധാനങ്ങള്‍ക്കു വെളിയില്‍ പൊതവെ ശൂന്യ പ്രതലമാണ് കാണപ്പെടുന്നത്. വായു നിറഞ്ഞു കിടക്കുന്നതല്ലാതെ മറ്റൊരു വസ്തുവും അന്തരീക്ഷത്തിൽ ഇല്ല എന്നാണ് നമുക്ക് തോന്നുക. മുമ്പ് ശാസ്ത്രവും അതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതില്‍ ഒരു തരം പദാര്‍ത്ഥ സാന്നിധ്യമുണ്ടെന്ന് ഗോള ശാസ്ത്രജ്ഞൻമാർ കണ്ടെത്തുകയുണ്ടായി. പ്ലാസ്മ എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. അയേണീകരിക്കപ്പെട്ട ഗ്യാസും തുല്യ അനുപാതത്തില്‍ സ്വതന്ത്ര ഇലക്‌ട്രോണുകളും പോസിറ്റീവ് അയേണുകളും ചേര്‍ന്നതാണ് പ്ലാസ്മ. 'ഫോര്‍ത്ത് സ്റ്റേറ്റ് ഓഫ് മാറ്റര്‍' - വസ്തുവിന്റെ നാലാം ഭാവം എന്നും ഇതറിയപ്പെടുന്നു. ഖരം, ദ്രാവകം, വാതകം എന്നിവയാണ് മറ്റു മൂന്നു ഭാവങ്ങൾ. പക്ഷേ ഗോള സംബന്ധമായ ഈ പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യത്തെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നേരത്തെ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'അവനാണ് ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും സൃഷ്ടി നടത്തിയത്.' (25: 59). ഈ അവയ്ക്കിടയിൽ ഉള്ളത് എന്നത് നേരത്തെ പറഞ്ഞ പ്ലാസ്മ എന്ന മാറ്റർ ആണ്.



സൂര്യനെ കുറിച്ച് ഇത്തരം പഠനങ്ങൾ അനിവാര്യമാക്കുന്ന ചില പുതിയ പ്രവണതകൾ ഉണ്ട്. സൗരോർജ്ജത്തിലെ വ്യതിയാനമാണ് അതിൽ പ്രത്യേകിച്ചുള്ളത്. സൂര്യന്റെ മരണം അടുത്തിരിക്കുന്നു എന്ന മുന്നറിയിപ്പുമായി യൂറോപ്യൻ സ്‍പേസ് ഏജൻസി രംഗത്തുവന്നിട്ടുണ്ട്. സൂര്യൻ അതിന്റെ ആയുസിന്റെ പകുതി എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗയ സ്‍പേസ്ക്രാഫ്റ്റിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്‍പേസ് ഏജൻസി സൂര്യന്റെ ആയുസ് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. നിലവിൽ സൂര്യന് 450 കോടി വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. 500 കോടി വർഷത്തെ ആയുസു കൂടിയാണ് സൂര്യന് പ്രതീക്ഷിക്കാനാകുക എന്ന് സ്‍പേസ് ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഇതിന്റെ കാരണം ഹൈഡ്രജന്റെ കുറവാണ്. ഹൈഡ്രജന്റെ അളവ് കുറയുന്നത് സൂര്യനെ ബാധിക്കുമെന്നാണ് ശാസ്ത്രത്തിന്റെ പ്രവചനം. സൂര്യന്റെ അകക്കാമ്പ് കൂടുതൽ ചുരുങ്ങുകയും പുറം വികസിക്കുകയും ചുവപ്പ് നിറം കൂടിക്കൂടി വരികയും ചെയ്യും. ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കുറവ് സൂര്യന്റെ അന്ത്യത്തിലേക്ക് നയിക്കും. ഒടുവിൽ തണുത്തുറഞ്ഞ് സൂര്യനും കഥാവശേഷമാകുമെന്നാണ് യൂറേപ്യൻ സ്‍പേസ് ഏജൻസി വിശദീകരിക്കുന്നത്. അഞ്ചു ബില്യന്‍ വര്‍ഷങ്ങളായി സൗരോപരിതലത്തില്‍ നടക്കുന്ന ചില രാസപ്രക്രിയകള്‍ നിമിത്തമായാണ് സൂര്യനില്‍ വെളിച്ചം നിലനില്‍ക്കുന്നത്. ഇക്കാര്യത്തിൽ വിശുദ്ധ ഖുർആൻ നൽകുന്ന സൂചന ഇങ്ങനെയാണ്. അല്ലാഹു പറയുന്നു: 'സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.' (36:38). ഇവിടെ ഉപയോഗിക്കപ്പെട്ട 'മുസ്തഖര്‍റ്' എന്ന പദം ഭാഷാ നിയമമനുസരിച്ച് ഒരു നിശ്ചിത സ്ഥലത്തെയോ സമയത്തെയോ ആയിരിക്കും സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സൂക്തം നേരത്തെ തീരുമാനിക്കപ്പെട്ട സൂര്യന്റെ ആസന്ന പതനത്തെയാണ് വിളിച്ചറിയിക്കുന്നത്.



ഖുർആൻ വാക്കുകളിൽ ഒതുക്കി വെച്ച ഇത്തരം സത്യങ്ങൾ നിരവധിയാണ്. ഇത് മനസ്സിലാവാതെ പോയാൽ ഗുരുതരമായ തെറ്റിദ്ധാരണ ഉണ്ടാവും. അങ്ങനെ ഉണ്ടായതിനുള്ള ഒരു തെളിവ് കൂടി പറയാം. ഖുർആനിന്റെ വിമർശകർ അവരുടെ വിമർശനങ്ങളുടെ കൂട്ടത്തിൽ സാധാരണ എഴുന്നള്ളിക്കാനുള്ള ഒന്നാണിത്. അവർ പറയുന്നത് ഖുർആൻ സൂര്യൻ ചളി വെള്ളത്തിൽ അസ്തമിക്കുന്നു എന്നാണ് പറയുന്നത് എന്നാണ്. ആദ്യം അത്തരം ഒരു തെറ്റിദ്ധാരണക്ക് വഴിവെച്ച ആയത്ത് പറയാം. അല്ലാഹു പറയുന്നു: 'അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ച് ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചു തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈൻ, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്മയുണ്ടാക്കാം.' (18:83-86). ഇവിടെ ‘വജദഹാ' എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്. ‘അതിനെ അദ്ദേഹം കണ്ടു’ എന്നാണ് അതിന്റെ നേരിട്ടുള്ള അർത്ഥം. ഈ കാണൽ നേരിട്ടുള്ള കാഴ്ചയല്ല, തോന്നലോ അനുഭവപ്പെടലോ മാത്രമാണ്. പ്രമുഖ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നതോടൊപ്പം ‘വജദ'(وجد) എന്ന പദത്തിന് എഡ്വേഡ് വില്യം ലെയ്‌നിന്റെ അറബിക്-ഇംഗ്ലീഷ് ലെക്സിക്കണിൽ ‘Experienced it'(അതിനെ അനുഭവിച്ചു) എന്ന് അർത്ഥം നല്കിയിട്ടുള്ളതായി കാണാം.(http://lexicon.quranic-research.net/). കലങ്ങിയ വെള്ളത്തിൽ സൂര്യൻ അസ്തമിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി എന്നാണ് ഈ സൂക്തത്തിലെ ഈ പ്രയോഗത്തിന്റെ ആശയം ഇത് പ്രമുഖ തഫ്സീറുകളിൽ എല്ലാം കാണാവുന്നതാണ്. (www.altafsir.com).
o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso