ടി എച്ച് ദാരിമി
ദൈവാസ്ത‍്യത്തെക്കുറിച്ചുള്ള ചിന്തകൾ ആരംഭിക്കുവാൻ ഏറ്റവും സൗകര്യപ്രദമായ ഒരു സംവാദമുണ്ട് പരിശുദ്ധ ഖുർആനിൽ. ഇസ്രയേൽ സന്തതികളുടെ വിമോചനത്തിനായി അല്ലാഹു നിയോഗിച്ച പ്രവാചകൻ മൂസാ നബി(അ)യും ഈജിപ്തിലെ രാജാവായിരുന്ന ഫറോവയും തമ്മിലുള്ള സംവാദമാണത്. പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടോ എന്ന് അന്വേഷിക്കുന്നവർക്കെല്ലാം ആ സംവാദത്തിൽ മൂസാനബി(അ) ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. നിര്‍ണായകമായിരുന്നു ആ സംസാരവും അവസരവും. കാരണം മൂസാ നബി സംവാദത്തിൽ ഏർപ്പെട്ടത് ഏതെങ്കിലും ഒരു ദൈവനിഷേധിയോ അല്ല മറിച്ച് സ്വയം ദൈവമാണ് എന്ന് ചമയുന്ന ഒരാളോട് ആയിരുന്നു. ആ സംവാദത്തിന്‍റെ പശ്ചാത്തലവും മൂസാ നബി(അ)ന്‍റെ ഒരുക്കവും മുന്‍കരുതലുകളും ഫറോവയുടെ ചോദ്യവും മൂസാ നബിയുടെ മറുപടിയും പ്രേക്ഷകരുടെ നിലപാടും എല്ലാം ഖുര്‍ആന്‍ ആധികാരികമായി വ്യക്തമാക്കുന്നുണ്ട്. ഏത് നാസ്തികനെയും നിലംപരിശാക്കാനും സാധാരണക്കാര്‍ മുതല്‍ വലിയ ബുദ്ധിശാലികള്‍ വരെയുള്ളവര്‍ക്കെല്ലാം ദൈവാസ്തിക്യം ബോധ്യപ്പെടാനും സരളവും സമ്പൂര്‍ണവുമായ രീതിയിലുള്ള ആവിഷ്കാരമാണ് ഖുര്‍ആന്‍ നടത്തുന്നത്. അല്ലാഹു മൂസാ നബി(അ)നെ പ്രവാചകനായി തിരഞ്ഞെടുത്ത ശേഷം സ്രഷ്ടാവിനെ നിഷേധിക്കുകയും സ്വന്തമായി ദിവ്യത്വം വാദിച്ച് അഹങ്കരിക്കുകയും ചെയ്യുന്ന ഫറോവയുടെ അടുക്കലേക്ക് സത്യത്തിന്‍റെ വെളിച്ചം പകരാന്‍ മൂസാ(അ)നോട് അവന്‍ കല്‍പിച്ച കഥ പറഞ്ഞു കൊണ്ടാണ് ഖുർആനിന്റെ വിവരണം ആരംഭിക്കുന്നത്.
താൻ നിർവഹിക്കാൻ പോകുന്ന ഈ വലിയ ആത്മസമരത്തെ അതിജയിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ ആയിരുന്നു ആദ്യമായി മൂസാനബി സ്വീകരിച്ചത് സംവാദത്തിന് ആവശ്യമായ ഹൃദയ വിശാലത, സരളമായി സംസാരിക്കാനുള്ള കഴിവ്, സംസാര വൈഭവം കൂടുതലുള്ള സഹോദരന്റെ സഹായം എന്നിവയായിരുന്നു അദ്ദേഹം ആദ്യമേ ഉറപ്പുവരുത്തിയത്. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു:
‘എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ, എനിക്കെന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ, ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കുന്നതിനായി നാവില്‍ നിന്ന് വിക്ക് മാറ്റിത്തരേണമേ, എന്‍റെ കുടുംബത്തില്‍നിന്ന് സഹോദരന്‍ ഹാറൂനെ എനിക്ക് നീ സഹായിയായി ഏര്‍പ്പെടുത്തുകയും ചെയ്യേണമേ’ (വി.ഖു 20:2530). പ്രതീക്ഷിച്ചതു പോലെ ‘നിങ്ങളുടെ രക്ഷിതാവ് ആരാണ്?' എന്ന ചോദ്യം എറിഞ്ഞു കൊണ്ടായിരുന്നു ഫറോവയുടെ തുടക്കം. ആദ്യത്തെ ചോദ്യത്തിന് വളരെ കൃത്യമായ മറുപടി നൽകിയിരിക്കേണ്ടത് ഏതൊരു സംവാദത്തിന്റെയും വിജയത്തിന്റെ നിദാനമാണ്. അഥവാ ആദ്യ റൗണ്ടിൽ തന്നെ മേൽ കൈ ലഭിക്കാതെ പോയാൽ പിന്നെ വിജയിക്കുക പ്രയാസമാണ്. അതിനാൽ ഫറോവക്ക് മാത്രമല്ല, സകല നിരീശ്വരവാദികള്‍ക്കും മതമില്ലാത്തവര്‍ക്കും മതവിശ്വാസികളില്‍ തന്നെ സ്രഷ്ടാവിന് സ്ഥലം, കാലം, അവയവങ്ങള്‍, അവതാരങ്ങള്‍ തുടങ്ങിയവ സങ്കല്‍പ്പിക്കുന്നവര്‍ക്കും എല്ലാം വേണ്ട സമ്പൂര്‍ണമായ മറുപടി മൂസാ(അ) നല്‍കി തന്നെയായിരുന്നു മൂസാ നബിയുടെ തുടക്കം. ‘എല്ലാ സൃഷ്ടികള്‍ക്കും അവയ്ക്ക് അനുയോജ്യമായ സൃഷ്ടിപ്പ് നല്‍കുകയും തുടര്‍ന്ന് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (വി.ഖു 20:50) എന്നതായിരുന്നു ആ മറുപടി.
ഈ മറുപടി എത്രമാത്രം അടഞ്ഞതായിരുന്നു എന്നും ഫറോവയെ അത് എത്രമാത്രം കുഴക്കി എന്നും മനസ്സിലാക്കുവാൻ നാം ഫറോവയുടെ അടുത്ത ചോദ്യം കേട്ടാൽ മാത്രം മതിയാകും. മൂസാ നബിയുടെ ഒന്നാം ഉത്തരത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഫറോവ അടുത്ത ചോദ്യം ചോദിച്ചു: ‘എങ്കില്‍ മുന്‍ഗാമികളുടെ അവസ്ഥ എന്താണ്?’. ഫറോവയുടെ രണ്ടാം ചോദ്യത്തില്‍ സത്യത്തിൽ ഉത്തരമല്ല ഉള്ളത്. അത് ശരിയോ തെറ്റോ എന്ന് ഫറോവ പരിശോധിക്കുന്നേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അതിനെക്കുറിച്ചുള്ള ചോദ്യം ആകേണ്ടിയിരുന്നു അടുത്തത്. പക്ഷേ അതുണ്ടായില്ല എന്ന് മാത്രമല്ല മറിച്ച് ആദ്യ മറുപടിയിലെ വിഷയത്തില്‍ നിന്നുള്ള തന്ത്രപരമായ ഒഴിഞ്ഞു മാറ്റമാണ് രണ്ടാമത്തെ ചോദ്യം. അത്യന്തം ഗഹനമായ ജീവൻ, ഉൺമ, സ്വത്വം, തുടങ്ങിയവയെല്ലാമാണ് മൂസാ നബിയുടെ മറുപടിയിൽ ഉൾക്കൊള്ളുന്നത്. ആ വിഷയങ്ങളിൽ എതിർ ചോദ്യം ചോദിക്കുവാൻ ഒട്ടും കഴിവില്ലാത്തതുകൊണ്ട് ഫറോവ വിഷയം മാറ്റുകയാണ്. മാറുന്നതാണെങ്കിലോ താരതമ്യേന സരളമായ ചരിത്രത്തിലേക്കാണ്. തന്റെ രാജസദസ്സിൽ സംവാദത്തിന് സന്നിഹിതരായിരുന്ന ആൾക്കാരുടെ മുമ്പിൽ മുഖം രക്ഷിക്കാനുള്ള ഒരു വഴിയായിരുന്നു ഫറോവക്ക് ഇത് എന്ന് ഇമാം റാസിയെ പോലുള്ളവർ പറയുന്നുണ്ട്. പക്ഷേ മൂസാ നബി ഫറോവയുടെ അപ്രതീക്ഷിതമായ ആ വിഷയ മാറ്റത്തിൽ ഒട്ടും നിരാശനായിരുന്നില്ല. യഥാർത്ഥം കയ്യിലുള്ളവർ അങ്ങനെയാണ്. ഏതു പോയിന്റിലൂടെയും അവർക്ക് ദൈവാസ്തിക്യം തെളിയിക്കാൻ കഴിയും. അത് മൂസാനബിയുടെ അടുത്ത മറുപടി വ്യക്തമാക്കുന്നുണ്ട്. ചരിത്രപരമായ ചോദ്യം ഉന്നയിച്ചതിന് ചരിത്രപരമായി തന്നെ മറുപടി പറയുകയും ആ മറുപടി തൻ്റെ കേന്ദ്ര വിഷയത്തിലേക്ക്, അതായത് ദൈവാസ്തിക്യത്തിലേക്ക് സമർഥമായി കൊണ്ടുവരികയും ചെയ്യുകയുണ്ടായി മൂസാ നബി. അത് ഇങ്ങനെയായിരുന്നു: ‘അവരെക്കുറിച്ച് എന്‍റെ രക്ഷിതാവിനറിയാം. അവന്‍ മറക്കുകയോ പിഴക്കുകയോ ഇല്ല. നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും ആകാശത്തില്‍ നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനാണ് അവന്‍’ (വി.ഖു 20:52,53).
ദൈവാസ്തിക്യത്തെ തെളിയിക്കുന്ന ഏറ്റവും നല്ല മറുപടിയാണ് ആദ്യത്തേത്. അഥവാ ഓരോന്നിനും അനുയോജ്യമായ ശാരീരിക ഘടനയില്‍ സൃഷ്ടിച്ച് ആവശ്യമായവയിലേക്കെല്ലാം വഴി കാണിച്ചുനല്‍കുന്നവനെന്ന പരിചയപ്പെടുത്തല്‍. പ്രപഞ്ചത്തിലെ അഖില വസ്തുക്കളിലും ഇവ വ്യക്തമായി ദര്‍ശിക്കാനാകും. ഇവയെ മനസ്സിരുത്തി ചിന്തിക്കുന്ന ഏതൊരാള്‍ക്കും സ്രഷ്ടാവിനെ നിഷേധിക്കാനുമാവില്ല. മൂസാ(അ) പരിചയപ്പെടുത്തിയ, ഓരോ വസ്തുവിനും യോജിച്ച സൃഷ്ടിപ്പ് നല്‍കുന്നതും വഴികാണിക്കുന്നതും വ്യത്യസ്തവും അത്ഭുതകരവുമായ മഹാസംഭവമായി നമുക്ക് മനസ്സിലാക്കാനാവും. ശാസ്ത്രവും സാങ്കേതികയും ഒരുപാട് വികാസം പ്രാപിച്ച ഇന്നത്തെ കാലത്തും ദൈവാസ്തിക്യം തെളിയിക്കുവാൻ ഏറ്റവും ഉചിതമായ വിഷയവും വഴിയുമാണ് മൂസാ നബിയുടെ ആദ്യത്തെ മറുപടി. ഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിന്റെയും ജീവനും നിലനിൽപ്പും ആർക്കും നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ അവയുടെ പിന്നാമ്പുറം ഒരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്തതും ആണ്. എല്ലാ അന്വേഷണങ്ങളും ഏതെങ്കിലും പ്രാഥമികമായ മറുപടിയിൽ പോയി അവസാനിക്കുകയും തിരിച്ചുവരികയും ചെയ്യുകയാണ്. ഒരു തുള്ളി വെള്ളം എടുത്താൽ മാത്രം അത് മനസ്സിലാക്കാൻ കഴിയും. ഒരു തുള്ളി വെള്ളത്തിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എന്ന് പുതിയ ലോകം കണ്ടെത്തിയിട്ടുണ്ട്. അവർ അതിലെ മൂലകങ്ങൾക്ക് പ്രത്യേകം പ്രത്യേകം പേരിടുകയും അവയുടെ അനുപാതം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തുള്ളിയിൽ ഉള്ളത് ഹൈഡ്രജന്റെ രണ്ട് ആറ്റവും ഓക്സിജന്റെ ഒരു ആറ്റവുമാണ്. ഏതു കുട്ടിക്കും അറിയാവുന്ന ഈ വിവരം അതിന്റെ തൊട്ടുപിന്നിലേക്ക് കടന്നാൽ മനുഷ്യനെ കുഴക്കുക തന്നെ ചെയ്യുന്നുണ്ട്. അവിടെ ഹൈഡ്രജന്റെ രണ്ട് ആറ്റവും ഓക്സിജന്റെ ഒരു ആറ്റവും എന്ന അനുപാതം വന്നത് എങ്ങിനെ?, നിശ്ചയിക്കുന്നത് ആര്?, അളന്ന് ഉറപ്പുവരുത്തുന്നത് ആര്?, തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ വരുന്നു. ഒപ്പം പ്രത്യക്ഷത്തിൽ ചേർന്നുനിൽക്കാൻ പറ്റാത്ത ഹൈഡ്രജനേയും ഓക്സിജനെയും ഈ അനുപാതത്തിൽ പരസ്പരം ചേർത്തത് ആരാണ്? എന്നത് മറ്റൊരു ചോദ്യവും. ഇതിനെല്ലാം അത് ഞാനാണ് എന്നു പറയാനോ ഇന്നയാളാണ് എന്ന് ചൂണ്ടിക്കാണിക്കാനോ പ്രപഞ്ചത്തിൽ ഒരാൾക്കും കഴിയില്ല. അപ്പോൾ വെള്ളത്തുള്ളിക്ക് വെള്ളം എന്ന അസ്തിത്വവും ഗുണവും ലഭിച്ചു എന്നത് മാത്രം മതി അതിനു പിന്നിൽ ഒരു മഹാശക്തിയുണ്ട്എന്ന് മനസ്സിലാക്കാൻ.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൃഷ്ടി കൗതുകമായ മനുഷ്യനിലേക്ക് കടന്നാൽ ഇത്തരം ചിന്തകളുടെ ഒരു വലിയ ലോകത്താണ് നാം എത്തുക. അവന്റെ ജനനത്തിന് കാരണമാകുന്ന ഒരു തുള്ളി ബീജത്തെ എടുത്താൽ തന്നെ ഏതൊരു ബുദ്ധിയെയും അന്തിപ്പിക്കുന്ന അത്ഭുതങ്ങൾ കാണാം. ഒരു പുരുഷന്‍റെ ശുക്ല സ്രാവത്തില്‍ 150 മുതല്‍ 600 മില്ല്യന്‍ വരെ ബീജങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ളില്‍ തയ്യാറാക്കിയ അണ്ഡത്തെ സമയമാകുമ്പോള്‍ ഓടിപ്പിടിക്കുക എന്നതാണ് അല്ലാഹു അവയ്ക്ക് നല്‍കിയ ചുമതല. ചുമതല നല്‍കുക മാത്രമല്ല ചെയ്തത്, നിര്‍വഹണത്തിന് പാകമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഘടനയും നല്‍കുകയുണ്ടായി. മണിക്കൂറില്‍ 28 മൈല്‍ വേഗതയില്‍ പുറത്തേക്കെറിയപ്പെടുന്ന ജീവഹേതുവായ ബീജങ്ങള്‍ക്ക് മാതാവിന്‍റെ ജനനേന്ദ്രിയത്തിലൂടെ മത്സരിച്ച് നീന്താന്‍ പറ്റിയ രീതിയില്‍ തല, കഴുത്ത്, മധ്യഭാഗം, വാല്‍ എന്നിവ നല്‍കി. ആത്മാവ് ലഭിച്ചിട്ടില്ലാത്ത ഈ ബീജങ്ങള്‍ക്ക് മത്സരിച്ചു നീന്താന്‍ പറ്റിയ കഴുത്തും വാലും തല്‍സമയം ജനനേന്ദ്രിയത്തില്‍ ആവശ്യത്തിന് ജലകണികകളും സൃഷ്ടിച്ചവനാണ് മൂസാ നബി(അ) പറഞ്ഞ നമ്മുടെ രക്ഷിതാവ്. മാത്രമല്ല, കണ്ണോ മൂക്കോ ചെവിയോ ഇല്ലാതെ ഇരുട്ടില്‍ തപ്പി അണ്ഡത്തെ തേടിപ്പിടിക്കാനും തുടര്‍ന്ന് ആ അണ്ഡവുമായി ഗര്‍ഭാശയത്തിലേക്ക് നീങ്ങാനും ആരാണ് വഴി കാണിച്ചു കൊടുത്തത്? മാത്രമല്ല, 150 മുതല്‍ 600 മില്ല്യന്‍ വരെയുള്ള ബീജങ്ങളില്‍ ബാക്കിയുള്ളവരെവിടെ? സ്വാഭാവികമായും സംശയമുണ്ടാകും. അവരെല്ലാം മത്സരയോട്ടത്തില്‍ പിറകിലായി അണ്ഡത്തെ ലഭിക്കാതെ അവസാനം രക്തത്തില്‍ കലര്‍ന്നു. അവര്‍ക്കെല്ലാം ഓരോരോ അണ്ഡത്തെ സ്രഷ്ടാവ് നല്‍കിയിരുന്നെങ്കിലോ? ഒരു ദിവസം കൊണ്ട് തന്നെ ഭൂമി കുഞ്ഞുങ്ങളെ കൊണ്ട് നിറഞ്ഞു പോകുമായിരുന്നു. ഒറ്റ കുഞ്ഞിനു മാത്രം വേണ്ട ബീജം അണ്ഡത്തോട് ചേർന്ന് കുഞ്ഞ് ഉണ്ടാവുകയും ബാക്കിയുള്ളവയെല്ലാം ഇല്ലാതെയാവുകയും ചെയ്യാനുള്ള യാന്ത്രിക തന്ത്രം ആരാണ് നിയന്ത്രിക്കുന്നത് എന്ന് ചോദിക്കുമ്പോഴും ഞാനാണ് എന്ന് പറയുവാനോ ഇന്ന ആളാണ് എന്ന് ചൂണ്ടിക്കാണിക്കുവാനോ ലോകത്ത് ആർക്കും കഴിയില്ല. എന്നിട്ടാണ് പ്രപഞ്ചത്തിന്റെ വിധാധാവിനെ അഹങ്കാരത്തോടെ വെല്ലുവിളിക്കുന്നത്. മൂസാ നബിയുടെ മറുപടി ഈ വിശാലതയെല്ലാം ഉൾക്കൊള്ളുന്നുണ്ട്.
പ്രസവസമയത്തെ രക്ഷിതാവിന്‍റെ മാർഗ്ഗദർശന നിയന്ത്രണം അതിലേറെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളര്‍ച്ചയെത്തിയ ഭ്രൂണത്തിന് പുറത്തു ചാടണം. ആര് വഴി കാണിക്കും? വഴികാണിച്ചാല്‍ മാത്രം പോരാ, ആവരണങ്ങള്‍ തള്ളിമാറ്റണം, പോകുന്ന വഴിയിലുടനീളം സകല വഴികളും തുറന്നു കിട്ടണം, തല കീഴ്പ്പോട്ടാക്കി കുത്തനെ ഇറങ്ങണം, വഴി മുഴുവനായും മിനുസപ്പെടുത്തണം. ഇതിനെല്ലാം ഡോക്ടറോ വയറ്റാട്ടിയോ സമയം നിശ്ചയിച്ചാൽ തന്നെയും അവർ നിശ്ചയിച്ച സമയത്ത് തന്നെയോ ക്രമത്തിൽ തന്നെയോ അതുണ്ടാകാൻ അവർക്ക് എന്താണ് ചെയ്യാൻ കഴിയുക?, പുറത്ത് കുഞ്ഞിന് വേണ്ടി കൈയും കണ്ണും നീട്ടി ഇരിക്കുക അല്ലാതെ മറ്റൊന്നും അവരെക്കൊണ്ട് കഴിയില്ല. പടച്ചവന്‍ പുറത്തേക്ക് വിളിക്കുമ്പോള്‍ ഗര്‍ഭാശയത്തിലേയും വഴിയിലേയും പേശികള്‍ ഒത്തുപിടിച്ച് കുട്ടിയെ പുറത്തേക്ക് തള്ളിവിടുന്നു. ഒഴുകിപ്പുറത്തേക്ക് വരാനുള്ള വഴി അതിനു പറ്റുന്ന ദ്രാവകം കൊണ്ട് അതേ സൃഷ്ടാവ് നനച്ചു വെക്കുകയും ചെയ്യുന്നു. ഇത് പ്രസവത്തിന്റെ കാര്യം. ഇതിനു മുമ്പേ ഇതിനു സമാനമായ സംഭവങ്ങളുടെ ശ്രേണി തന്നെ നടക്കുന്നുണ്ട് അവിടെയും അതിശക്തനായ സൃഷ്ടാവിന്റെ കരങ്ങൾ മാത്രമേ കാണാനാകൂ. മൂസാ നബി(അ)യുടെ സംഭവം വിവരിച്ച പ്രസ്തുത ആയത്തില്‍ വഴികാണിക്കുന്നവനായ രക്ഷിതാവ് എന്നതിന് ഏതൊരു ഇണക്കും അവയുടെ തുണയിലേക്ക് വഴി കാണിക്കുന്നവന്‍ എന്ന പ്രത്യേക അര്‍ത്ഥമാണ് ഇബ്നു അബ്ബാസ്(റ) നല്‍കിയത്. അതും ചിന്തനീയമാണ്. മനുഷ്യനും ഇതര ജീവികളും വംശനാശം വന്നുഭവിക്കാതെ തലമുറകളായി ഭൂമിയില്‍ അവശേഷിക്കാന്‍ അല്ലാഹുവിന്‍റെ സമഗ്രമായ മാർഗ്ഗദർശന പ്രക്രിയയിലെ പ്രധാന ഭാഗമാണ് ആണ്‍-പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണം. അതിനാല്‍ സന്താനോല്‍പാദനത്തിന് വേണ്ടി സ്വജീവി വര്‍ഗത്തോട് കടപ്പാട് നിറവേറ്റാന്‍ മനസ്സ് വെക്കാത്തവനും അല്ലെങ്കില്‍ അതറിയാത്ത ജീവികളും ലൈംഗിക താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ട് പ്രജനനം സുഖമമാക്കുന്നു. ആ വഴിയൊരുക്കല്‍ പ്രക്രിയയുടെ ഭാഗമായി ശരീരം പക്വതയെത്തുമ്പോള്‍ ഒരു പ്രത്യേക ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും അതിന്റെ ശക്തിയിൽ എതിര്‍ലിംഗത്തോട് ആകർഷണം തോന്നകയും ചെയ്യുന്നു. ഈ പരസ്പരം ആകര്‍ഷണം നല്‍കി ഇണകളെ കഷ്ടപ്പെടുത്തുകയല്ല ചെയ്തത്. അവരുടെ ഇണചേരല്‍ കര്‍മത്തിന് ഉചിതമായ കേന്ദ്രങ്ങളും അവക്കൊപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അവയവങ്ങളും നല്‍കി.
ജനിച്ച ഉടനെ നാല് കാലില്‍ നില്‍ക്കാനും ഇണയുടെ മേല്‍ കയറാനും ശ്രമിക്കുന്ന ആട്ടിന്‍കുട്ടിയെ കാണാറുണ്ട് നാം. ആരു പറഞ്ഞുകൊടുത്തു ഇവിടെയാണ് ലൈംഗിക ഇടപെടലുകളുടെ മേഖലയെന്ന്? സസ്യങ്ങളിലെ മാർഗ്ഗദർശന രീതി ഇതിലേറെ അതിശയിപ്പിക്കുന്നതാണ്. വേരുകള്‍ക്ക് ജലാംശമുള്ള സ്ഥലത്തേക്കും ഇലകള്‍ക്ക് സൂര്യ പ്രകാശത്തിലേക്കും വഴികാണിച്ച സ്രഷ്ടാവ്, സസ്യങ്ങളില്‍ പ്രജനന പദ്ധതി ആസൂത്രണം ചെയ്തത് വിസ്മയിപ്പിക്കുന്ന രീതിയിലാണ്. സസ്യങ്ങളുടെ പ്രജനനത്തിന് പ്രധാനമായും വിത്ത് വേണം. വിത്ത് നിര്‍മിക്കാന്‍ കായ വേണം. കായ ലഭിക്കാന്‍ പരാഗണം നടക്കണം. പരാഗണം നടത്താന്‍ സസ്യജാലങ്ങള്‍ മാത്രം കരുതിയത് കൊണ്ടായില്ല. പിന്നെ? ചലിക്കാന്‍ കഴിവുള്ളവര്‍ മനസ്സുവെക്കണം, പൂമ്പൊടി കൊണ്ടുപോകാന്‍ തയ്യാറാകണം. ശ്രദ്ധ പിടിച്ചുവാങ്ങുന്ന ഭംഗിയില്‍ പൂക്കള്‍ നിര്‍മിച്ച് അവകളില്‍ തേനൊഴിച്ച് തേനീച്ച പോലുള്ള പ്രാണികളെ ആകര്‍ഷിക്കണം. തേന്‍ അന്വേഷിച്ചു വരുന്നവരുടെ കയ്യിലും കാലിലും പൂമ്പൊടി കയറ്റി മറ്റു പുഷ്പങ്ങളിലേക്കയക്കണം. താളം പിഴക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പരാഗണം നടന്ന് വിത്ത് രൂപാന്തരപ്പെടുന്നു. ഇങ്ങനെ നമ്മുടെ സ്വന്തം പരിസരത്തിന്റെ നിലനിൽപ്പ് മാത്രം ചിന്തയുടെ ആധാരമാക്കി മാറ്റിയാൽ ദൈവാസ്തിക്യം സ്ഥാപിക്കുവാൻ മറ്റൊന്നും ഒരാൾക്കും വേണ്ടി വരില്ല. ഭൗതികമായി അല്ലാഹുവിനെ കണ്ടെത്താൻ പറ്റുന്ന മാധ്യമങ്ങളിൽ ഒന്നാമത്തേതാണ് ബുദ്ധി. പക്ഷെ ബുദ്ധിയുടെ കഴിവ് പരിമിതമാണ്. പരമാവധി ബുദ്ധികൊണ്ട് ചെന്നെത്താവുന്നത് ഈ പ്രപഞ്ചത്തിന് സൂക്ഷ്മജ്ഞാനിയായ ഒരു സംവിധായകൻ ഉണ്ടെന്ന് മാത്രമാണ്. അതേ സമയം അവിടെ നിന്നും പിറകോട്ട് പോയി നമ്മെയും സർവ്വ ചരാചരങ്ങളേയും പടച്ചു പരിപാലിക്കുന്ന ഈ സംവിധായകൻ, ഈ സൃഷ്ടി സംവിധാനത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ, എങ്ങിനെയാണ് അവന്ന് വണങ്ങേണ്ടതെന്നോ, എങ്ങിനെയാണ് അവന് നന്ദി പറയേണ്ടതെന്നോ, അവന്ന് വഴിപ്പെട്ട് ജീവിച്ചവർക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലമെന്താണെന്നോ, അനുസരണക്കേട് കാണിച്ചവർക്ക് അവൻ നൽകുന്ന ശിക്ഷ എന്തായിരിക്കുമെന്നോ കണ്ടെത്താൻ ബുദ്ധിക്ക് സാധ്യമല്ല. ഈ പ്രശ്‌നത്തിന് പരിഹാരം നൽകാനാണ് അല്ലാഹു പ്രവാചകന്മാരെ നിയമിച്ചത്. അതിനാൽ ബുദ്ധിയുടെ കൂടെ തന്നെ അല്ലാഹു നൽകുന്ന സന്ദേശങ്ങൾ കൂടെ ചേർത്തുവയ്ക്കേണ്ടതുണ്ട് നാം.
Thoughts & Arts
ദൈവാസ്തിക്യം: നിഷേധികൾ സ്വന്തം ബുദ്ധിയെയാണ് നിഷേധിക്കുന്നത്.
10-01-2024
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso