Thoughts & Arts
Image

വീടെന്ന സ്വർഗ്ഗം

03-03-2024

Web Design

15 Comments






ടി എച്ച് ദാരിമി



അല്ലാഹു നാം മനുഷ്യർക്ക് നൽകിയ അസംഖ്യം അനുഗ്രഹങ്ങളെ ഓർമ്മിപ്പിക്കുന്നതിനിടയിൽ ഒരിടത്ത് ഇങ്ങനെ പറയുന്നു: 'നിങ്ങള്‍ക്കു താമസിക്കുവാനായി ഭവനങ്ങളും കാലികളുടെ ചര്‍മങ്ങളാലുള്ള തമ്പുകളും - യാത്രാ സന്ദര്‍ഭങ്ങളിലും സ്ഥിരവാസവേളയിലും നിങ്ങള്‍ക്കവ ലാഘവപൂര്‍വം കൈകാര്യം ചെയ്യാം - ചെമ്മരിയാടിന്റെയും ഒട്ടകത്തിന്റെയും കോലാടിന്റെയും രോമത്താലുള്ള ഗൃഹോപകരണങ്ങളും ഒരവധിവരെ സുഖവിഭവങ്ങളും അല്ലാഹു സംവിധാനിച്ചു തന്നു'. (ഖുര്‍ആന്‍ 16:80) കുടുംബസമേതം ശാന്തമായും സമാധാനപൂര്‍ണമായും നിവസിക്കാനുള്ള ഒരു ഇടം ഏതൊരു മനുഷ്യന്റെയും അഭിലാഷമായിരിക്കും. അതുകൊണ്ടാണ് വീടിനെ പ്രത്യേകാനുഗ്രഹമായി ഈ ആയത്തിൽ പരാമര്‍ശിക്കുന്നത്. പലപ്പോഴും യാത്രക്കാരായിരുന്ന അറബികള്‍ കാലികളുടെ തോലുകൾ കൊണ്ട് തമ്പുകളുണ്ടാക്കി അതിൽ താമസിച്ചിരുന്നു. തോല്‍പാത്രം, കിടക്കവിരി, സഞ്ചികള്‍, ജലസംഭരണികള്‍ മുതലായ ഗൃഹോപകരണങ്ങളും അവര്‍ അതുകൊണ്ട് നിര്‍മിച്ചിരുന്നു. ആട്, മാട്, ഒട്ടകം മുതലായവയുടെ സംസ്‌കരിച്ച തോലുകളും രോമങ്ങളുമാണ് ഇവക്കായി ഉപയോഗിച്ചിരുന്നത്. ആ അർഥത്തിലാണ് അവയെല്ലാം ആയത്തിൽ വന്നത്. ഈ ആയത്തിൽ വീടിനെക്കുറിച്ച് അല്ലാഹു പറയുന്നത്, നിങ്ങളുടെ വീടുകളെ സകൻ ആക്കി എന്നാണ്. അറബിയിൽ സകൻ എന്നാൽ ശാന്തി, ശാന്തതയുടെ കേന്ദ്രം എന്നൊക്കെയാണ്. വീട് എന്തായിരിക്കണം എന്ന് ഈ പ്രയോഗം മനുഷ്യനെ പ്രത്യേകിച്ച് സത്യവിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ്. ഒരു വീട് വീടായിരിക്കണമെങ്കിൽ അതിൻെറ മേൽക്കൂരക്ക് ചുവട്ടിൽ സമാധാനത്തിന്റെയും ശാന്തിയുടെയും ആന്തോളനം ഉണ്ടായിരിക്കണം എന്ന് സൂചിപ്പിക്കുകയാണ് അല്ലാഹു.



വീടകത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുവാൻ ഏറ്റവും പ്രധാനമായി വേണ്ടത് വീട്ടിലെ അംഗങ്ങൾക്കിടയിൽ ഉള്ള നല്ല ബന്ധം തന്നെയാണ്. ഈ ബന്ധം ദൃഢമാക്കുന്നതിൽ ഇസ്ലാം ഏറെ ജാഗ്രത പുലർത്തുന്നുണ്ട്. മുതിർന്നവരോടുള്ള ബഹുമാനം, ചെറിയവരോടുള്ള സ്നേഹം എന്ന ഈ രണ്ട് സമസ്യകൾ വച്ചാണ് അത് പ്രധാനമായും നിവൃത്തി ചെയ്യുന്നത്. നബി തിരുമേനി(സ) പറഞ്ഞു: 'ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവനല്ല ' (അഹമദ്). ഈ ഒരൊറ്റ തിരുവചനത്തിലൂടെ കുടുംബത്തിലെ എല്ലാ തട്ടുകളെയും മനോഹരമായി അടുക്കിവെക്കുകയാണ് മഹാനായ നബി(സ). ഇവയിൽ മാതാപിതാക്കളുടെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതു തന്നെയാണ്. അത് വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ധാരാളമായി വന്നിട്ടുള്ളതുമാണ്. ഇവിടെ പക്ഷേ കുടുംബത്തിനുള്ള സമാധാനത്തിന്റെ കാര്യത്തിൽ വലിയവൻ, ചെറിയവൻ എന്ന വ്യത്യാസം തന്നെ മതിയാകും. കാരണം മാതാവും പിതാവും എപ്പോഴും വലിയവരും മുതിർന്നവരും തന്നെയായിരിക്കുമല്ലോ. ഇക്കാര്യം ഇത്രമേൽ ഊന്നിപ്പ പറയാനുണ്ടോ എന്ന് ഇത് വായിക്കുന്നവർക്ക് സംശയം ഉണ്ടാകും. എന്നാൽ അത് പറയേണ്ട സാഹചര്യം ഉണ്ട് എന്നതാണ് അതിനു മറുപടി. കാരണം ഒരു കുടുംബത്തിന്റെ ആരംഭത്തിൽ ഈ സ്നേഹവും ബഹുമാനവും എല്ലാം ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. എന്നാൽ ഈ വിഷയത്തിൽ താളപിഴ വരിക കൂട്ടത്തിൽ പ്രായക്കുറവുള്ള ഒരാൾക്ക് ഭൗതികമായ മേൽകൈ വരുമ്പോഴാണ്. അതായത്, ഉദാഹരണമായി മകൻ ഒരു വലിയ കാശുകാരനായി മാറിയാൽ ഒരുപക്ഷേ ഈ താളത്തിൽ ഭംഗം വന്നേക്കും. എല്ലാവരും അങ്ങനെയാണ് എന്നല്ല. എന്നിരുന്നാലും അങ്ങനെ തീരെയില്ല എന്ന് പറയാൻ നമുക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്. ആ താളപിഴ വലുതായി വലുതായി ആണല്ലോ വൃദ്ധസദനങ്ങൾ രൂപപ്പെടുന്നത്.



ഇതിനു സമാനമായ പ്രാധാന്യമുള്ള മറ്റു പല ഘടകങ്ങളും ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടകത്തിന്റെ വെടിപ്പും വൃത്തിയും. ചില വീടുകളിൽ നാം ചെന്നാൽ എല്ലാം വാരി വലിച്ചിട്ടതായും ക്രമം തെറ്റി പരന്നു കിടക്കുന്നതായും കാണാറുണ്ട്. സൂക്ഷ്മമായ നിരീക്ഷണങ്ങൾ പറയുന്നത് അത്തരം ക്രമം തെറ്റിയ വീടുകളുടെ അംഗങ്ങളുടെ മാനസിക നിലയിലും ഈ ക്രമഭംഗം ഉണ്ടായിരിക്കും എന്നാണ്. ഇതിന് രണ്ടു വശങ്ങളുണ്ട്. ഒന്നാമത്തെ വശം വീട്ടിലെ അംഗങ്ങളെല്ലാം വീട് എന്നതിനെ തൻെറ ജീവിതത്തിന്റെ ഒരു ഭാരമായും ഒരു ഭാഗമായും ഒരു ഉത്തരവാദിത്വമായും അതിൻെറ ശാന്തിയും ശരിയും തൻെറ ജീവിതത്തിന്റെ ശാന്തിയും ശരിയും ആയും കാണുന്നു എങ്കിൽ എന്തെങ്കിലും ഒരു സാധനം അതിന്റെ സ്ഥാനത്ത് നിന്ന് തെറ്റികിടക്കുന്നത് കാണുമ്പോൾ അയാൾ അത് ശരിയാക്കാൻ മനസ്സുവെക്കും. അതേസമയം ഇത് തൻ്റെ ഉത്തരവാദിത്വമല്ല വീട്ടിലെ ഉമ്മയുടെ അല്ലെങ്കിൽ ഉപ്പയുടെ അല്ലെങ്കിൽ മുതിർന്ന അംഗത്തിന്റെ ഉത്തരവാദിത്വത്തിൽ പെടുന്ന കാര്യമാണ് എന്നാണ് ചിന്തിക്കുന്നത് എങ്കിൽ അവിടെ ശാന്തിയും സമാധാനവും ഉണ്ടാവില്ല. കാരണം ശാന്തിയും സമാധാനവും എന്നത് പട്ടിൽ പൊതിഞ്ഞ് കക്ഷത്തിൽ വെക്കാവുന്ന പാകത്തിൽ കിട്ടുന്ന ഒരു വസ്തുവല്ല. മറിച്ച് വീട്ടിലെ അംഗങ്ങൾ ഒരുമിച്ച് ജീവിച്ചു പോകുന്നതിനിടയിൽ അവരിൽ ഒരാൾ മറ്റൊരാൾക്ക് നൽകുന്ന പരിഗണനയുടെ പേരാണത്. ആയതിനാൽ സ്ഥാനം തെറ്റി കിടക്കുന്ന കസേര കണ്ടിട്ടും കാണാത്തതുപോലെ പോകുന്ന വീട്ടിലെ അംഗത്തിൽ നിന്ന് ഇത്തരം ഒരു പരിഗണന പ്രതീക്ഷിക്കാൻ കഴിയില്ല. അവിടെ വൃത്തിയും വെടിപ്പും ക്രമവും ഉണ്ടാവുകയുമില്ല.



രണ്ടാമത്തേത്, പിശാച് അത് ഇഷ്ടപ്പെടാത്ത കാര്യമാണ് എന്നതാണ്. അതിനാൽ പിശാച് ഈ അലങ്കോലത്തെ പ്രോത്സാഹിപ്പിക്കുന്നു. വൃത്തി, വെടിപ്പ്, ക്രമം തുടങ്ങിയവയെല്ലാം വിശ്വാസികളുടെ ജീവിതത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് പാലിക്കുന്നവർ നേരിട്ടോ അല്ലാതെയോ അല്ലാഹുവിന്റെ മഹത്വത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുണ്ടാകുന്നത് പിശാചിന് അസഹനീയമാണ്. ആയതുകൊണ്ട് അവൻ വീട്ടിലെ അംഗങ്ങളുടെ മനസ്സിൽ നിന്ന് വൃത്തിബോധം എടുത്തു കളയാൻ ശ്രമിക്കുന്നു. അതിന് അംഗങ്ങൾ വിധേയരാകുന്നതോടു കൂടെ വീട് അലങ്കോലമായി തീരുന്നു. ഇസ്ലാം പറയുന്നത് നമ്മുടെ വീടും പരിസരവും ഗൃഹോപകരണങ്ങളും സാധനസാമഗ്രികളുമെല്ലാം വൃത്തിയും ശുചിത്വവുമുള്ളതായിരിക്കാന്‍ നാം എപ്പോഴും ശ്രദ്ധിക്കണം എന്നാണ്. ഈ വിഷയത്തില്‍ വീട്ടിലുള്ള മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഓരോരുത്തരും ഒരു കാര്യത്തിന് എടുത്ത സാധനം യഥാസ്ഥാനത്തുതന്നെ തിരിച്ചുവെക്കുന്നതില്‍ പോലും കണിശത കാണിക്കണം. അവയിൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യം മാലിന്യങ്ങളുടെ കാര്യമാണ് പിശാചുക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താവളങ്ങൾ ആണ് മാലിന്യങ്ങൾ. അവ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റും ശ്രദ്ധിക്കുകയും മറ്റുള്ളവരെ ശീലിപ്പിക്കുകയും വേണം. വൈയക്തിക ശുചിത്വവുമുള്ളതായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. റസൂൽ(സ) പറഞ്ഞു: 'അല്ലാഹു നല്ലവനാകുന്നു. അവന്‍ നല്ലത് ഇഷ്ടപ്പെടുന്നു. ശുദ്ധന്‍, അവന്‍ ശുദ്ധി ഇഷ്ടപ്പെടുന്നു. ഉദാരനാണവന്‍, അവന്‍ ഔദാര്യം ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ അങ്കണം വൃത്തിയാക്കി വെക്കുക. ജൂതന്മാരോട് നിങ്ങള്‍ താദാത്മ്യം പുലര്‍ത്താതിരിക്കുക' (തിര്‍മുദി).



വീടിനുള്ളിലെ ശാന്തിയെ തകർക്കുന്നത് പ്രത്യക്ഷത്തിൽ ഏതെങ്കിലും കാര്യമോ കാരണമോ ആയിരിക്കും എന്നത് ശരിയാണ്. എന്താണ് വീട്ടിൽ കുഴപ്പമുണ്ടാവാൻ കാരണം എന്ന് ചോദിച്ചാൽ പറയാനുണ്ടാകുന്ന ഉത്തരം അങ്ങനെ എന്തെങ്കിലും ഒരു സംഭവമായിരിക്കും. പക്ഷേ ആ സംഭവത്തിനും പിന്നിൽ മറ്റൊരു സംഭവം ഉണ്ട്. വിശ്വാസികളായ ആൾക്കാർ അതിൽ വിശ്വസിക്കേണ്ടവരാണ്. അത് പിശാചിന്റെ പ്രേരണയാണ്. ഉദാഹരണമായി പറഞ്ഞാൽ രണ്ടുപേർ ശണ്ഠ കൂടുകയും തമ്മിൽ തെറ്റുകയും ചെയ്യുന്നു. ഇവർ തെറ്റാനുള്ള കാരണം പ്രഥമ ദൃഷ്ടി ഈ ശണ്ഠ ആയിരിക്കാം. പക്ഷേ ആ ശണ്ഠ ഉണ്ടാക്കിത്തീർക്കാൻ പിന്നിൽ പ്രവർത്തിച്ചത്, പ്രവർത്തിക്കുന്നത് സത്യത്തിൽ പിശാചാണ്. മനുഷ്യനും പിശാചും തമ്മിലുള്ള ബന്ധം ആ വിധത്തിലുള്ളതാണ്. മനുഷ്യനിൽ ഏത് ചെറിയ സന്തോഷമുണ്ടാകുന്നതും അവന് അസഹ്യമായ കാര്യമാണ്. അതിനാൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം അവൻ മനുഷ്യന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആയതിനാൽ വീടിനുള്ളിൽ സമാധാനം ഉണ്ടാകുവാൻ മേൽപ്പറഞ്ഞ കാര്യങ്ങളോടൊപ്പം നാം ചെയ്യേണ്ട പ്രധാന കാര്യം പിശാചിനെതിരെ വേലി കെട്ടുക എന്നതാണ്. പിശാച് നമ്മുടെ വീടിനകത്തോ അംഗങ്ങൾക്കിടയിലേക്കോ പ്രവേശിക്കുന്നതിനെ ഫലപ്രദമായി തടയുക എന്നതാണ് അത്. അതിന് വേണ്ട കാര്യങ്ങൾ മഹാനായ നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള മര്യാദകൾ. വീട്ടിലേക്ക് പ്രവേശിക്കുന്നത് മുതല്‍ നാം ശ്രദ്ധിേക്കണ്ട കാര്യങ്ങള്‍ പ്രവാചകൻ(സ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മി ചൊല്ലിക്കൊണ്ട്) വീട്ടില്‍ പ്രവേശിക്കല്‍ ഇസ്‌ലാമികമായ മര്യാദയാണ്. വീട്ടിലേക്ക് കടക്കുമ്പോൾ വലതുകാൽ വെച്ച് ബിസ്മി ചൊല്ലി കടക്കുകയാണ് എങ്കിൽ പിശാച് ആ വീട്ടിൽ നിന്ന് നിരാശയോടെ ഇറങ്ങിയോടി പോകും എന്ന് നബി തിരുമേനി പറഞ്ഞിട്ടുണ്ട്.



തുടർന്ന് നാം വീട്ടിനകത്ത് ചെയ്യുന്നതെല്ലാം പരമാവധി എല്ലാ അംഗങ്ങളും കൂടി ഒന്നിച്ച് ചെയ്യുക എന്ന സ്വഭാവം ഉണ്ടാകണം. ഇത് അംഗങ്ങൾക്കിടയിലുള്ള മാനസിക ഐക്യത്തിൽ വലിയ സ്വാധീനം ചെലുത്തും എന്ന് ആധുനിക മനശാസ്ത്രം പോലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഉദാഹരണമായി ഭക്ഷണം കഴിക്കുമ്പോൾ അംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് മാത്രം കഴിക്കാൻ ശ്രമിക്കുക. അങ്ങനെ കഴിക്കാൻ ശ്രമിക്കുമ്പോൾ അവിടെ ഒരു സ്നേഹം പ്രകടമാകുന്നു. ആ സ്നേഹവും പിശാചിന് കണ്ടുകൂടാത്തതാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോൾ അവരുടെ ഭക്ഷണത്തിലും കുടുംബത്തിലും ബറക്കത്ത് ഉണ്ടായിത്തീരും എന്ന് മഹാന്മാർ നമ്മെ പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല അല്ലാഹുവിന്റെ അനുഗ്രഹം സംഘത്തിന്റെ മേലിലാണ് എന്ന ഹദീസിൽ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്. അപ്രകാരം തന്നെ ആ ഭക്ഷണക്രമത്തിൽ ഇസ്ലാമിക മര്യാദകൾ എല്ലാം കർശനമായി പാലിക്കാൻ ശ്രമിക്കുക കൂടി ചെയ്താൽ പിശാചിനെ പ്രതിരോധിക്കുവാൻ നന്നായി കഴിയും. നബി തങ്ങൾ പറയുന്നു: 'ഒരാള്‍ തന്റെ വീട്ടിലേക്ക് പ്രവേശിക്കുകയും പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ബിസ്മി ചൊല്ലിക്കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പിശാച് തന്റെ കൂട്ടാളികളോട് പറയും; നിങ്ങള്‍ക്ക് ഇവിടെ താമസമോ ഭക്ഷണമോ ഇല്ലെന്ന്.' (മുസ്‌ലിം).



ഇതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് വീടുകൾ ഖബറിടങ്ങളാവാതിരിക്കുവാൻ ശ്രമിക്കുക എന്നത്. അതെങ്ങനെയാണ് എന്ന് നബി തങ്ങൾ തന്നെ പറഞ്ഞു തന്നിട്ടുണ്ട്. സാധാരണ മലയാളത്തിൽ പറയാറുള്ള ശ്മശാന മൂകത എന്ന അവസ്ഥയിലേക്ക് ആരാധനകളുടെ കാര്യത്തിൽ ഭവനങ്ങളെ കൊണ്ടെത്തിക്കാതിരിക്കുക എന്നതാണ് അത്. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി (സ) പറഞ്ഞു: 'നിങ്ങളുടെ നമസ്‌കാരങ്ങളില്‍ നിന്ന് ചിലത് (സുന്നത്തുകള്‍) നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ച് നിര്‍വഹിക്കുക. അതിനെ (വീടിനെ) നിങ്ങള്‍ ഖബറിടങ്ങളാക്കരുത്'' (ബുഖാരി, മുസ്‌ലിം). സുന്നത്ത് നിസ്കാരങ്ങളും അനുബന്ധമായ ദിക്റുകളും ദുആകളും മറ്റും വീടിനുള്ളിൽ മുഴങ്ങുമ്പോൾ ആ വീടകം അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് നിറയും എന്നത് ഒരു വസ്തുതയാണ്. നബി(സ)യില്‍നിന്ന് അബൂമൂസ(റ) നിവേദനം ചെയ്യുന്നു: 'അല്ലാഹുവിനെ സ്മരിക്കുന്ന ഭവനങ്ങളും സ്മരിക്കാത്ത ഭവനങ്ങളും തമ്മിലുള്ള അന്തരം ജീവിച്ചിരിക്കുന്നവനെയും മരണപ്പെട്ടവനെയും പോലെയാണ്.' ഈ ഗണത്തിൽ പെട്ടതാണ് വിശുദ്ധ ഖുർആന്റെ പാരായണവും വീട്ടിൽ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കെ അല്ലാഹുവിന്റെ മലക്കുകളുടെ സാന്നിധ്യം അനുഭവപ്പെട്ട ഒരു സംഭവം ഒരു സഹാബിക്ക് ഉണ്ടായതായി ഹദീസിൽ വന്നിട്ടുണ്ട്. നബി(സ)യുടെ ഭാര്യമാരോട് അല്ലാഹു പറഞ്ഞു: 'അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍നിന്നും തത്വങ്ങളില്‍ നിന്നും നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നത് നിങ്ങള്‍ അനുസ്മരിച്ചുകൊണ്ടിരിക്കുക' (അല്‍അഹ്‌സാബ്: 34).



ഖുര്‍ആന്‍ വീടുകളുടെ വെളിച്ചമാണ്. നബി(സ) പറഞ്ഞു: 'ഖുര്‍ആന്‍ ഓതുന്ന വീട്ടില്‍ നന്മ വര്‍ദ്ധിക്കുന്നതും ഓതാത്തവീട്ടില്‍ നന്മകുറയുന്നതുമാണ്' (ബസ്സാര്‍). ആകാശത്ത് നക്ഷത്രങ്ങളെ കാണാന്‍ എന്തുചന്തമാണ്? ഇതുപോലെ നല്ലൊരു കാഴ്ചയാണ് വാനലോകത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ ഓതുന്ന വീടുകള്‍. അവ ആകാശത്തുള്ളവര്‍ക്ക് നക്ഷത്രങ്ങള്‍ പോലെ തിളങ്ങിക്കാണും (ബൈഹഖി). വീടുകളില്‍ നന്നെ ഇടുങ്ങിയത് ഖുര്‍ആന്‍ ഓതാത്ത വീടുകളാണെന്ന് ഒരിക്കല്‍ തിരുനബി(സ) പറഞ്ഞു.
വീടുകളില്‍ നന്മ പുലരാന്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വേണ്ടപ്പെട്ടതാണ് മഹാന്മാരുടെ ചരിത്ര പാരായണം ആണ്. ഖുര്‍ആനില്‍ തന്നെ നിരവധി മഹാന്മാരുടേയും മഹതികളുടേയും ചരിത്രങ്ങളും മഹത്വങ്ങളും കാണാം. ഖുര്‍ആനിലൂടെ അവര്‍ ജീവിക്കുന്നു. മഹാന്മാരെ ഓര്‍ക്കണമെന്നും പറയണമെന്നും അല്ലാഹു നിര്‍ദ്ദേശിക്കുന്നത് വിവിധ ലക്ഷ്യങ്ങള്‍ വെച്ചാണ്. ഒന്നാമതായി അത്തരക്കാരുടെ മാതൃക ഉള്‍കൊള്ളാന്‍ വേണ്ടി. മറ്റൊന്ന് അവരെ പറയുന്നിടത്ത് ആത്മീയമായ ശാന്തിയും പുണ്യവും വരും അതു ലഭിക്കാൻ വേണ്ടി. മുആദുബ്നു ജബല്‍(റ) ഉദ്ധരിക്കുന്ന ഒരു വചനമുണ്ട്, നബിമാരെ ഓര്‍ക്കുന്നത് ഇബാദത്തിന്‍റെ ഭാഗമാകുന്നു. മഹാന്മാരെ സ്മരിക്കല്‍ പാപമോചനത്തിനുതകുന്ന കാര്യമാകുന്നു (ദൈലമി).



കുടുംബത്തിന്റെ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുവാൻ മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. എല്ലാം ഇസ്ലാമിക മര്യാദകൾ തന്നെ.
വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ പാലിക്കുന്നതുപോലെ തന്നെ ആദ്യം കാലു വെക്കുന്ന വിഷയത്തിൽ ഇറങ്ങുമ്പോഴും ചിലത് പാലിക്കാൻ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വീടുവിട്ടുറങ്ങുമ്പോള്‍ ഇടതുകാല്‍ വച്ച് മാത്രം ഇറങ്ങുക എന്നത്. ആശാസ്യകരമല്ലാത്ത കേന്ദ്രങ്ങളില്‍ കടക്കുമ്പോഴാണ് ഇടതുകാല്‍ മുന്തിക്കേണ്ടത്. വീടിന്‍റെ അകത്തളത്തെ അപേക്ഷിച്ച് പുറം ലോകം ആപേക്ഷികമായി അത്ര നല്ലതല്ല. അതു കൊണ്ട് വീടിനു വെളിയിലിറങ്ങുമ്പോള്‍ ഇടതുകാല്‍ വെച്ചിറങ്ങണം. ഏതു ഘട്ടത്തില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടതും ഇവ്വിധമായിരിക്കണം എന്നാണ്. ഹജ്ജ് പോലുള്ള പുണ്യയാത്രയാണെങ്കില്‍ തന്നെയും ഇടതുകാല്‍ വച്ചേ വീട്ടില്‍ നിന്നിറങ്ങാവൂ. എന്തിനിറങ്ങുന്നുവെന്നതല്ല എവിടേക്കിറങ്ങുന്നുവെന്നതാണ് പ്രധാന്യം. ഇബ്നു ഹജറില്‍ഹൈതമി ഫതാവല്‍ ഹദീസിയ്യയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊന്ന് നമ്മുടെ ഭവനങ്ങളിലേക്ക് കടന്നുവരുന്ന അതിഥികളെ നന്നായി മാനിക്കുക എന്നതാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിക്കട്ടെയെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിഥിയെ സല്‍കരിക്കാന്‍ സുപ്ര നിവര്‍ത്തിയിരിക്കുന്ന സമയമത്രയും മലക്കുകള്‍ നിങ്ങളുടെ തെറ്റുകള്‍ പൊറുക്കാന്‍ തേടും, അതിഥിയെ സല്‍ക്കരിക്കാത്തയാള്‍ക്ക് യാതൊരു നന്മയുമില്ല എന്നെല്ലാം ഹദീസിൽ വന്നിട്ടുണ്ട്‌ (അഹ്മദ്). വീട്ടില്‍ അതിഥികളായും മറ്റും വരുന്നവരെ നാം നന്നായി പരിഗണിക്കണം. പക്ഷേ, വിവാഹബന്ധം ആകാവുന്നവരാണ് അവരെങ്കില്‍ മതിയായ അകലം പാലിച്ചു വേണം പെരുമാറ്റം. വിവാഹബന്ധം ഹറാമായവരാണെങ്കില്‍ കുഴപ്പമില്ല. അല്ലാത്തവരാണെങ്കില്‍ അവരോടൊപ്പം എതിര്‍ലിംഗത്തില്‍പെട്ടവര്‍ ഒറ്റക്ക് പെരുമാറുന്നതും അനാവശ്യ നോട്ടത്തിനും സ്പര്‍ശത്തിനും ഇടയുണ്ടാക്കുന്നതുമൊക്കെ തെറ്റാണ്. നബി(സ) പറയുന്നത് വിവാഹബന്ധം നിഷിദ്ധമായവരില്ലാതെ ഒരന്യ സ്ത്രീയുമായി ഒറ്റക്കാകുന്ന സ്ഥിതി നിങ്ങള്‍ക്കാര്‍ക്കും വരാതിരിക്കട്ടെ എന്നാണ് (ബുഖാരി, മുസ്ലിം). നിങ്ങള്‍ പെണ്ണുങ്ങളുമായി തനിച്ചാകുന്നത് ശ്രദ്ധിക്കുക.



വിശാലമായ വീട് മനുഷ്യന്റെ ഐശ്വര്യ ത്തില്‍പെട്ടതാണെന്നാണ് നബി (സ) പഠിപ്പിക്കു ന്നത്. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി: 'നാല് കാര്യങ്ങള്‍ ഒരാളുടെ ഐശ്വര്യത്തില്‍ പെട്ടതാകുന്നു. സദ്‌വൃത്തയായ ഭാര്യ, വ്യത്യസ്ത ഭാഗങ്ങളുള്ള വിശാലമായ ഭവനം, ഹൃദ്യമായ വാഹനം, നല്ല അയല്‍വാസി.' ഈ ഹദീസിൽ പറയുന്ന വീടിന്റെ വിശാലത വീടിന്റെ മാത്രമല്ല, അതിൽ താമസിക്കുന്നവരുടെ മനസ്സിന്റേതു കൂടിയാണ്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso