
.jpeg)
റജബിന്റെ സന്ദേശങ്ങൾ
03-03-2024
Web Design
15 Comments
ടി എച്ച് ദാരിമി
ഹിജ്റ കലണ്ടറിൽ റജബ് മാസം വീണ്ടും വന്നെത്തിയിരിക്കുന്നു. ഈ വാചകത്തിലെ 'വീണ്ടും' എന്ന വാക്കിൽ നിന്നാണ് നമ്മുടെ ഈ ആഴ്ചയിലെ ചിന്ത ആരംഭിക്കുന്നത്. വീണ്ടും എന്ന വാക്കിന്റെ ധ്വനിയിൽ നിന്ന് നമ്മുടെ കാലത്തിന്റെ പ്രകൃതം വ്യക്തമാകുന്നു. അത് ചാക്രികമാണ്. അഥവാ ഒരിക്കൽ വന്നുപോയിക്കഴിഞ്ഞാൽ പിന്നെയും പിന്നെയും കൃത്യമായ വേളകളിൽ അവ തിരിച്ചുവന്നു കൊണ്ടേയിരിക്കും. പ്രപഞ്ചത്തിന്റെ മുഴുവൻ ഘടനയും പ്രകൃതവും ഇത്തരത്തിൽ ചാക്രികം തന്നെയാണ്. അതിന്റെ പിന്നിൽ പ്രപഞ്ചത്തിന്റെ ശരിയായ നിലനിൽപ്പിന് അനിവാര്യമായ പല തത്വങ്ങളും ഉണ്ട്. അപ്രകാരം തന്നെ കാലത്തിന് ഈ ഘടന നൽകിയതിന്റെ പിന്നിലും പ്രധാനപ്പെട്ട പല തത്വങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ്, കാലത്തിന്റെ ഭ്രമണത്തിൽ ഭൃംശവും പരിക്കും ചെളിയും പറ്റിപ്പോകുന്ന മനുഷ്യനെയും അവന്റെ ജീവിതത്തെയും വീണ്ടും വീണ്ടും ക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും പുനരൂർജ്ജപ്പെടുത്തുകയുമൊക്കെ ചെയ്യുക എന്നത്. താത്വികമായി പറഞ്ഞാൽ മനുഷ്യന് അവന്റെ ഓരോ ജീവിത ചുവടുകളിലും ഓരോ അനുഭവമുണ്ടാകുന്നുണ്ട്. ആ അനുഭവം ഒരുപക്ഷേ അനുകൂലമാവാം. അല്ലെങ്കിൽ പ്രതികൂലവും ആവാം. അനുകൂലമായതിനെ ആവർത്തിച്ച് ആസ്വദിക്കുവാനും പ്രതികൂലമായതിനെ ആവർത്തിക്കാതിരിക്കുവാനുമുള്ള ത്വര മനുഷ്യനിൽ നിക്ഷിപ്തമാണ്. ഇവ രണ്ടും നടക്കണമെന്നുണ്ടെങ്കിൽ കാലം ആവർത്തിച്ച് ആവർത്തിച്ച് വന്നേ പറ്റൂ. ആ അർത്ഥത്തിലാണ് കാലത്തിന്റെ ചാക്രികത സൃഷ്ടാവിന്റെ അനുഗ്രഹമാണ് എന്ന് പറയുന്നത്.
ഇതിനെ മതപരമായി വ്യാഖ്യാനിക്കുമ്പോൾ വിഷയം ഒന്നുകൂടി ഗ്രാഹ്യമാകും. മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളെയും ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് അതുമല്ലെങ്കിൽ അനുവദനീയം എന്നിങ്ങനെ മൂന്ന് കളങ്ങളിലായിട്ടാണ് മതം എഴുതുന്നത്. ഇവയിൽ ശരിയായതെല്ലാം പ്രതിഫലം ഉള്ളതാണ്. തെറ്റായതെല്ലാം ശിക്ഷകൾ ശിക്ഷയുള്ളതും. അനുവദനീയമായവയാകട്ടെ, മനുഷ്യന്റെ ജീവിത ഒഴുക്കിന് അവശ്യം വേണ്ട കാര്യങ്ങളുമാണ്. ശരിയായ കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്തു നന്മകൾ സമ്പാദിക്കുവാനും തെറ്റായ കാര്യങ്ങൾ ഒഴിവാക്കി ശരിയിലേക്ക് മാറുവാനും അവനെ അതേ കാലം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കേണ്ടതുണ്ട്. അതോടൊപ്പം തെറ്റായ കാര്യങ്ങളെ അല്ലാഹു പല കള്ളികളിലേക്ക് മാറ്റുന്നുമുണ്ട്. ഏറ്റവും ഗുരുതരമായത്, ഗുരുതരമായത് ലഘുവായത് എന്നിങ്ങനെ. ഇവയിൽ ഗുരുതരമായത് സംഭവിച്ചാൽ അതിന് പ്രത്യേക പ്രായശ്ചിത്തം തന്നെ വേണം. എന്നാൽ അതീവ ഗുരുതരമല്ലാത്ത പാപങ്ങൾ കാലത്തിന്റെ നന്മയുള്ള ഒഴുക്കിൽ സ്വാഭാവികമായി ശുദ്ധീകരിക്കപ്പെട്ടു പോകും. അഞ്ചു നേരത്തെ നിസ്കാരങ്ങൾ അതിൻെറ മികച്ച ഉദാഹരണമാണ്. ഇവ അഞ്ചും കൃത്യമായി നിലനിർത്തപ്പെടുന്നതോടുകൂടി ഒരു ദിവസം എന്ന ജീവചക്രം പാപമുക്തമായി തീരും. അഞ്ചു നിസ്കാരങ്ങൾ അവയ്ക്കിടയിലെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ് എന്ന് നബി തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ദിവസത്തിന്റെ കാര്യം. ഒരു മാസത്തിന്റെയും ഒരു വർഷത്തിന്റെയുമെല്ലാം വിഷയത്തിലേക്ക് വരുമ്പോൾ അവിടെയും ഈ ചാക്രികത ഇത്തരം ശുദ്ധീകരണ പ്രക്രിയയിൽ പ്രധാന പങ്കു വഹിക്കുന്നതായി കാണാൻ കഴിയും. ഇസ്ലാം ചൂണ്ടിക്കാണിക്കുന്ന ഓരോ സവിശേഷ അവസരങ്ങളുടെയും അർത്ഥവും ആശയവും ഇതാണ്. അവ വീണ്ടും വീണ്ടും വന്നു മനുഷ്യന് നന്മ കൂട്ടി തരികയോ തിന്മ കുറച്ചു തരികയോ ചെയ്യുന്നു.
റജബ് മാസത്തിന്റെ പ്രത്യേകതകളിലേക്ക് കടക്കുന്നതിനു മുമ്പായി മറ്റൊരു വസ്തുത കൂടി പറയാം. മത വീക്ഷണത്തിൽ പ്രത്യേകതയോ കൗതുകമോ അൽഭുതമോ കൽപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ, സമയങ്ങൾ, കാലങ്ങൾ തുടങ്ങിയവയെ ചുറ്റിപ്പറ്റിയെല്ലാം ഒരുപാട് അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണത്. അതിന് ഉദാഹരണങ്ങൾ നിരവധിയാണ്. അവ ഉണ്ടായി വളർന്നുവന്ന് വേറെ എന്തൊക്കെയോ ഏതൊക്കെയോ തലങ്ങളിലേക്ക് വളരാറുമുണ്ട്. പിന്നെ സംഭവിക്കുക, അടിസ്ഥാനമായ ആശയത്തിന് പ്രസക്തി നഷ്ടപ്പെട്ടുപോവുകയാണ്. അതിനൊരു പ്രധാന കാരണം തുടക്കത്തിൽ തന്നെ വേണ്ടപ്പെട്ടവർ ശരിയായി ഇടപെട്ടില്ല എന്നതാണ്. അതിനാൽ നമ്മുടെ ഒരുപാട് പാരമ്പര്യങ്ങളും പൈതൃകങ്ങളും അർത്ഥമാറ്റത്തിന് വിധേയമായിട്ടുണ്ട്. അത് റജബിനും പറ്റിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും റജബ് തെറ്റായി വായിക്കപ്പെട്ടതിനാൽ പല വിചിത്ര ആചാരങ്ങളിലേക്കും അത് വഴി മാറി പോയിട്ടുണ്ട്. ആധുനിക പണ്ഡിത സമൂഹത്തിന്റെ മുമ്പിൽ വലിയ ഒരു ചർച്ചയാണ്. അതിൻെറ പരിഹാരം ശരിയായ അർത്ഥത്തിലേക്ക് തിരിച്ചു വരിക എന്നതാണ്. ആ അർത്ഥത്തിൽ റജബ് ശരിക്കും എന്താണ്, എന്തിനുള്ളതാണ്, നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്നിവയെല്ലാം സരളമായി പറയുവാനാണ് നാം ഇവിടെ ശ്രമിക്കുന്നത്. അങ്ങനെ പറയുമ്പോൾ റജബിന്റെ പ്രധാന സവിശേഷത മഹാന്മാരായ പല ഇമാമുകളും പറഞ്ഞതുപോലെ അത് റമദാൻ മാസത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ തുടക്കമാണ് എന്നതാണ്. ഈ മുന്നൊരുക്കങ്ങളുടെ സാംഗത്യം മനസ്സിലാക്കുവാൻ സത്യത്തിൽ റമദാൻ എന്താണ് എന്ന് ആദ്യം മനസ്സിലാക്കണം കാരുണ്യവാനായ അള്ളാഹു തൻെറ വിനീതരായ ദാസന്മാർക്കുമേൽ അവന്റെ എല്ലാ കാരുണ്യവും തുറന്നിടുന്ന പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധമായ റമദാൻ. ആ മാസത്തിൽ അവൻ ഇച്ഛിക്കുന്ന പോലെ ഒരാൾ അത് ഉപയോഗപ്പെടുത്തിയാൽ ആത്മീയമായും ശാരീരികമായും സാമൂഹികമായും ഭൗതികമായും അവൻ രക്ഷയുടെ പാരമ്യത്തിൽ എത്തിച്ചേരും.
ഇതു പക്ഷേ, റമദാൻ ഒന്നിന് മാത്രം ആരംഭിക്കുന്ന ഒരാൾക്ക് പരിപൂർണ്ണമായ അർത്ഥത്തിൽ ആസ്വാദ്യവും അനുഭവവും ആയിക്കൊള്ളണമെന്നില്ല. കാരണം റമദാനിൽ ചെയ്യാനുള്ള പ്രത്യേക ആരാധന വ്രതമാണ്. കേവലം അന്നപാനാദികളെയും വികാരത്തെയും നിയന്ത്രിക്കുന്നതിനല്ല വിശാലാർത്ഥത്തിൽ വൃതം എന്നു പറയുന്നത്. മറിച്ച് ശരീരത്തിലേക്കും ജീവിതചക്രത്തിലേക്കും കടന്നു വരികയും ശക്തമായി സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷം മാത്രം ഏറ്റവും വലിയ വികാരങ്ങളായ അന്നപാനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതാണ് ഇസ്ലാമിലെ വൃതം. ഇതിന് ആദ്യം മാനസിക തലത്തിൽ ആദ്യം സ്ഥാപിക്കപ്പെടേണ്ടതുണ്ട്. നോമ്പ് എടുത്തു കൊണ്ടിരിക്കെ മറ്റൊരാൾ ചീത്ത പറഞ്ഞാൽ അതിന് പ്രതികരിക്കേണ്ടത് ഞാൻ നോമ്പുകാരനാണ് എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് നബി തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്. വികാരം തിളച്ചുവരുന്ന ഇത്തരം ഒരു സാഹചര്യത്തെ ഇങ്ങനെ സരളമായി നേരിടാൻ കഴിയണമെന്നുണ്ടെങ്കിൽ അതിന് റമദാൻ കർമ്മങ്ങൾ മാത്രം പോരാ അതിന്റെ ആശയം കൂടി മനസ്സിൽ സ്ഥാപിതമാകേണ്ടതുണ്ട്. അതിന് ദീർഘവും ശക്തവുമായ മുന്നൊരുക്കം വേണ്ടിവരും. ആ മുന്നൊരുക്കത്തിന്റെ തുടക്കം റജബിലാണ്. റജബ് മുഴുവനും ആത്മാവിനെ പാകപ്പെടുത്തിയെടുത്ത് ശുദ്ധീകരിക്കുവാനും തുടർന്നുവരുന്ന ശഅ്ബാൻ മുഴുവനും ശരീരത്തെ കൂടി ആ ശുദ്ധിയിലേക്ക് ആവാഹിച്ചെടുക്കാനും ഉള്ളതാണ്. ഈ പ്രക്രിയ പരിപൂർണ്ണമായി നടന്നു കഴിഞ്ഞാൽ പരിശുദ്ധ റമദാനിനെ പരിപൂർണ്ണമായി നേടിയെടുക്കുവാൻ ഒരു സത്യവിശ്വാസിക്ക് കഴിയും. അതിനാൽ റജബിനെ നമുക്ക് റമദാൻ ആത്മീയ ത്രൈമാസ ക്യാമ്പയിനിന്റെ തുടക്കമായി കാണാം.
ഈ ആശയത്തിന് സഹായകമാകും വിധത്തിലാണ് റജബ് മാസത്തിന്റെ ഘടന അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അതിൽ രണ്ടു കാര്യങ്ങൾ നമുക്ക് എടുത്തു പറയാൻ കഴിയും. ഒന്നാമത്തേത്, റജബ് പവിത്രമായ നാലു മാസങ്ങളിൽ ഒന്നാണ് എന്നതാണ്. പവിത്രമായ മാസങ്ങൾ എന്നതുകൊണ്ട് യുദ്ധം ചെയ്യാൻ പാടില്ലാത്ത മാസങ്ങൾ എന്ന അർത്ഥം മാത്രമല്ല ഉദ്ദേശിക്കപ്പെടുന്നത്. കാരണം ആ മാസങ്ങളിൽ ആരെങ്കിലും ഇങ്ങോട്ട് യുദ്ധം ചെയ്താൽ സത്യവിശ്വാസികളോട് തിരിച്ചും യുദ്ധം ചെയ്യാൻ അല്ലാഹു പറയുന്നുണ്ട്. അപ്പോൾ ഇതുകൊണ്ടുള്ള പ്രധാന വിവക്ഷ മനുഷ്യൻ സമാധാനത്തിലേക്ക് തിരിച്ചുവരേണ്ട മാസങ്ങളാണ് ഇവ എന്നതാണ്. ഈ സമാധാനമാണെങ്കിലോ അത് മാനസികമാണ്. മനസ്സിന് സമാധാനം ഉണ്ടാക്കുവാൻ മനസ്സിന് ആത്മീയത നൽകുകയാണ് വേണ്ടത്. ആത്മീയതക്ക് മാത്രമാണ് കുളിര് പകരാനുള്ള ശക്തിയുള്ളത്. യുദ്ധം നിഷിദ്ധമായ ഈ സമാധാനത്തിന്റെ മാസങ്ങളിൽ മറ്റു മൂന്നെണ്ണവും തുടരെത്തുടരെ ഉള്ളവയാണ്. റജബ് മാസമാണ് കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്നത്. അത് ഒറ്റപ്പെട്ടു നിൽക്കുന്നതാകട്ടെ റമദാനിലെ കൃത്യം രണ്ടുമാസം മുമ്പുമാണ്. അതിനാൽ ഈ സംവിധാനത്തെ മാനസിക വിശുദ്ധി നേടുവാനുള്ള അല്ലാഹുവിന്റെ പ്രത്യേക സംവിധാനം എന്ന് വിളിക്കുന്നത് കൂടുതൽ എളുപ്പവും യുക്തി സഹവുമാണ്.
രണ്ടാമത്തേത് ഇസ്റാഅ് - മിഅ്റാജ് സംഭവങ്ങൾ പകരുന്ന മനക്കരുത്താണ്. മഹാനായ നബി(സ) തിരുമേനിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഈ രണ്ട് സംഭവങ്ങൾ ഈ മാസത്തിലാണ് ഉണ്ടായത് എന്നതിന് നിരവധി ചരിത്രകാരന്മാരുടെയും ചരിത്ര സൂചനകളുടെയും പിൻബലം ഉണ്ട്. ഏതാണ്ട് ഇത്രയും നൂറ്റാണ്ടുകളായി മുസ്ലിം ലോകത്ത് നല്ലൊരു വിഭാഗം വിശ്വസിച്ചുവരുന്നതും അങ്ങനെയാണ്. മറിച്ചുള്ള അഭിപ്രായങ്ങൾ ഇല്ല എന്ന് പറയുന്നില്ല. നബി തിരുമേനിയുടെ നിശാപ്രയാണവും ആകാശ ആരോഹണവും വിശ്വാസിയുടെ വിശ്വാസത്തിന്റെ കരുത്തിൽ മാത്രം അളക്കുവാൻ കഴിയുന്ന കാര്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ അത്തരം ഒരു കരുത്ത് നേടിയിട്ടില്ലാത്തവർ എപ്പോഴും ഈ കാര്യത്തിൽ ശങ്ക പുലർത്താറുണ്ട്. മനുഷ്യ യുക്തിക്കും ശാസ്ത്രത്തിനും യോജിക്കാത്തത് എന്നു പറഞ്ഞ് പലരും ഇത് മാറ്റി വെക്കാറുണ്ട്. അങ്ങനെ ചെയ്യുന്നവർ മാറ്റിവെക്കുന്നത് സത്യത്തിൽ അല്ലാഹുവിന്റെ കഴിവിനെയാണ്. മുഹമ്മദ് നബി(സ) എന്ന മനുഷ്യന് ഇങ്ങനെയൊക്കെ സാധ്യമാണോ എന്നാണ് അത്തരക്കാർ ചിന്തിക്കുന്നത്. എന്നാൽ മുഹമ്മദ് നബിയുടെ റബ്ബിന് അതും അതിൻെറ മേലുള്ളതും കഴിയും എന്ന് വിശ്വസിക്കാൻ കഴിയുന്നവർക്ക് അതിൽ ഒരു പ്രശ്നവുമില്ല. വിശുദ്ധ ഖുർആൻ ഈ സംഭവത്തെ പറയുന്നിടത്ത് പ്രകീർത്തിക്കുന്നത് മുഹമ്മദ് നബിയെ അല്ല, ആ റബ്ബിനെ ആണ് എന്നത് ഇതിലേക്ക് ചേർത്തു വായിക്കാം. ഇത്തരമൊരു ആത്മീയ ഊർജ്ജം പകരുന്ന സംഭവത്തിന് റജബ് മാസം വേദിയായി എന്നു പറയുമ്പോൾ അതും നേരത്തെ നാം പറഞ്ഞുവരുന്ന റമദാനിനു വേണ്ടിയുള്ള ആത്മീയ ഒരുക്കങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ നിസ്കാരം അടക്കമുള്ള ആരാധനാകർമങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തിയെടുത്തും സുന്നത്തായ കാര്യങ്ങളെ ധാരാളമായി ചെയ്തു പ്രതിഫലം സ്വരുക്കൂട്ടിയും കഴിയുന്നത്ര സുന്നത്തായ നോമ്പുകൾ അനുഷ്ഠിച്ചും സർവോപരി തെറ്റുകളിൽ നിന്നും വീഴ്ചകളിൽ നിന്നും തെറ്റായ ഇച്ഛകളിൽ നിന്നും മാറി നിൽക്കുവാൻ മനസ്സിനെയും ശരീരത്തെയും പരിശീലിപ്പിച്ചും ആണ് വിശ്വാസികൾ ഈ മാസത്തെ ആചരിക്കേണ്ടത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso