

ആണാകുന്നതും പെണ്ണാകുന്നതും
03-03-2024
Web Design
15 Comments
ഇഅ് ജാസ്
ടി എച്ച് ദാരിമി
മദീനയിലെ ഒരു ജൂത പ്രമുഖനായിരുന്നു അബ്ദുല്ലാഹി ബിൻ സലാം. യൂസുഫ് നബിയുടെ സന്തതി പരമ്പരയാണ് എന്ന് അവകാശപ്പെടുന്ന ബനൂ ഖൈനുഖാഇലെ പ്രധാനി. അറിവും തഖ്‌വായും ഉള്ളടങ്ങിയ ജീവിതത്തിൻ്റെ ഉടമയായിരുന്നതിനാൽ അദ്ദേഹത്തെ എല്ലാവരും ബഹുമാനിച്ചുവന്നു. സൂക്ഷ്മമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത അറിവും അതിനോടുള്ള സത്യസന്ധതയുമായിരുന്നു. കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും സ്വന്തം ജീവിതം പരമാവധി പരിശുദ്ധമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. അതിനാൽ മദീനയിലെ ജൂതന്മാരിൽ നിന്ന് അദ്ദേഹം അടിസ്ഥാനപരമായി വേറിട്ട വേറിട്ടുനിന്നു. മദീനയിലെ ജൂതൻമാർക്കെല്ലാം നഞ്ചിയോടും ഇസ്‌ലാമിനോടും അന്ധമായ വിരോധവും വിദ്വേഷവും ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇദ്ദേഹത്തിന് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ പ്രവാചകൻ മദീനയിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന വിവരം കേട്ടപ്പോൾ അദ്ദേഹം നേരെ പ്രവാചകനെ കാണാൻ ചെല്ലുകയുണ്ടായി. ആദ്യം അദ്ദേഹം ചെയ്തത് നബിയുടെ മുഖം നിരീക്ഷിക്കുകയാണ് ചെയ്തത്. സംശയിക്കേണ്ട വല്ലതും ആ മുഖത്ത് ഉണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ കണ്ണുകൾ പരതിയിരുന്നത്. അദ്ദേഹം തന്നെ പറയുന്നു: 'ജനങ്ങളോടോപ്പം ഞാനും അദ്ദേഹത്തെ കാണാൻ ചെന്നു. അദ്ദേഹത്തിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോള്‍, അതൊരു കളവ് പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു: 'നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേ൪ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നമസ്‌കരിക്കുക.' സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’. (തി൪മിദി).
പക്ഷേ അദ്ദേഹത്തിൻ്റെ അന്വേഷണം അവിടെ അവസാനിക്കില്ല. അദ്ദേഹം ഈ പ്രവാചകനെ കുറിച്ച് അന്വേഷിക്കുന്നത് സത്യം അറിയണമെന്ന് താല്പര്യത്തോടെ കൂടിയാണ്. അതിനാൽ കേവലം ഒരു കാഴ്ച മതിയാകില്ല. അതുകൊണ്ട് അദ്ദേഹം വീണ്ടും നബിയുടെ മുമ്പിൽ വന്നു. ആ സംഭവം അനസ്(റ) പറയുന്നു: നബി(സ) മദീനയില്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ അബ്ദുല്ലാഹിബ്‌നു സലാം അദ്ദേഹം നബിയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഞാന്‍ താങ്കളോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.’ എന്നിട്ട് ചോദിച്ചു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്?, സ്വര്‍ഗക്കാര്‍ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്?, ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എപ്പോഴാണ്?’ ഇതായിരുന്നു അദ്ദേഹത്തിൻ്റെ മൂന്നു ചോദ്യങ്ങൾ. അപ്പോള്‍ നബി(സ) പറഞ്ഞു: ‘ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബിരീല്‍ എന്നെ അറിയിച്ചു.’ അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ‘ജിബ്‌രീല്‍ മലക്കുകളിലെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്. ഇത്തരം ചില മുൻധാരണകളാണ് ആ ജനതയുടെ ബുദ്ധിയെയും വിചാരത്തെയും പിടിച്ചു നിറുത്തിയത്. പക്ഷെ, അബ്ദുല്ലാഹി ബിൻ സലാം നേരത്തെ പറഞ്ഞതു പോലെ ചില വേറിട്ട ഗുണങ്ങൾ ഉള്ള ആളായിരുന്നു. അതിനാൽ ജിബരീലിൻ്റെ പേര് കേട്ടിട്ടും അദ്ദേഹം കേൾക്കാൻ നിൽക്കുകയാണ്.
നബി (സ) പറഞ്ഞു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു തീയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ വെള്ളം (ബീജം) സ്ത്രീയെ അതിജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ വെള്ളം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.’ ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ താങ്കള്‍ക്ക് മുമ്പില്‍ വെച്ചു കൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും.’ അങ്ങനെയിരിക്കെ ജൂതന്മാരിൽ ചിലർ അങ്ങോട്ടു വന്നു. അപ്പോൾ നബി(സ) അവരോട് ചോദിച്ചു: ‘ആരാണ് നിങ്ങളില്‍ അബ്ദുല്ലാഹിബ്‌നു സലാം?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ അദ്ദേഹം ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനുമാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനുമാണ്.’ അപ്പോള്‍ നബി(സ) ചോദിച്ചു: ‘അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തുരക്ഷിക്കട്ടെ.’ ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല അവരുടെ മുമ്പിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: ‘അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.’ അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി. (ബുഖാരി)
ഒരു കുഞ്ഞ് എങ്ങനെ രൂപപ്പെടുന്നു, ജൻമം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു ശാസ്ത്രവും ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്തായിരുന്നു ഈ ചോദ്യവും ഉത്തരവും എന്നിടത്തു നിന്നാണ് നമ്മുടെ ചർച്ച ആരംഭിക്കേണ്ടത്. ഇക്കൂട്ടത്തിൽ ഏറെ ആശങ്ക ഉണ്ടായിരുന്ന ഒരു വിഷയമാണ് കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്ന ജിജ്ഞാസ. ഈ ജിജ്ഞാസയുടെ പേരിൽ പല സമൂഹങ്ങളും പല വിചിത്രമായ കാര്യങ്ങളും ചെയ്യുമായിരുന്നു. പുരാതന ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത് ആണിന് വൈകല്യം ബാധിച്ചതാണ് പെണ്ണെന്നായിരുന്നു. കൂടാതെ ഗർഭിണിയായ യുവതി സുന്ദരമയ പ്രതിമകളിലേക്കും, കലാ സൃഷ്ടികളിലേക്കും ദീർഘനേരം നോക്കിനിൽക്കുന്നത് പ്രസവിക്കാൻ പോകുന്ന കുഞ്ഞിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. ഈജിപ്തോളജിയിലെ മൂവായിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ബെർലിൻ ചുരുളുകളിൽ നിന്ന് കണ്ടെത്തിയ ഒരു രീതി ഇങ്ങനെയായിരുന്നു. അൽപം ഗോതമ്പും ബാർലിയും രണ്ടു തുണികളിലായി കെട്ടിവെയ്ക്കുക. എന്നിട്ട് ഗർഭിണിയായ യുവതി എല്ലാ ദിവസവും അതിൽ മൂത്രമൊഴിക്കണം. ഗോതമ്പാണ് മുളയ്ക്കുന്നതെങ്കിൽ ആൺകുട്ടിയായിരിക്കും ജനിക്കുന്നത്, ബാർലിയാണ് മുളയ്ക്കുന്നതെങ്കിൽ പെൺകുട്ടിയായിരിക്കും. രണ്ടും മുളച്ചില്ലെങ്കിൽ അവൾ പ്രസവിക്കില്ല. ഇന്ത്യയിലാകട്ടെ ഗർഭകാലത്ത് മധുരത്തോട് പ്രിയം തോന്നുന്നുവെങ്കിൽ കുട്ടി പെണ്ണായിരിക്കും എന്ന് വിശ്വസിച്ചിരുന്നു. വെളുതുള്ളി ഉപയോഗിച്ചുള്ള ടെസ്റ്റും ഇന്ത്യയിൽ പലയിടത്തും നടത്താറുണ്ടായിരുന്നു, മാതാവ് ഒരു വെളുത്തുള്ളിയുടെ ഒരു ചീള് കഴിച്ച് അൽപം കഴിഞ്ഞ് ശരീരത്തിന് വെളുത്തുള്ളിയുടെ ഗന്ധമുണ്ടെങ്കിൽ കുട്ടി ആണായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. ആൺകുട്ടിയാണെങ്കിൽ ഉൺമേഷവാനും, പെൺകുട്ടിയാണെങ്കിൽ തളർച്ചയുമുണ്ടാകും; കത്തി സ്വപനം കണ്ടാൽ ആണും, വസന്തം സ്വപ്നം കണ്ടാൽ പെണ്ണുമായിരിക്കും; രാവിലെ അസ്വാസ്ഥ്യം ഉണ്ടെങ്കിൽ പെണ്ണും, വിശപ്പ് കൂടുതലാണെങ്കിൽ ആണുമായിരിക്കും; ഗർഭപാത്രത്തിന്റെ വലത് ഭാഗത്താണ് കുഞ്ഞ് കിടക്കുന്നതെങ്കിൽ ആണും, ഇടതാണെങ്കിൽ പെണ്ണുമായിരിക്കും; ആണിനെ ഗർഭം ധരിച്ചാൽ മാതാവിന്റെ വലത് കണ്ണ് തെളിമയാർന്നതും, വലത് സ്തനം വലിപ്പമുള്ളതുമാകും; ഉദരത്തിൽ അനക്കമില്ലാതെ കിടക്കുന്നത് പെണ്ണും, തലകുത്തി മറിയുന്നത് ആണുമായിരിക്കും; മാതാവിന്റെ കവിൾതടം ചുവപ്പാണെങ്കിൽ ആണും, വിളറിയതാണെങ്കിൽ പെണ്ണുമായിരിക്കും; ആൺകുഞ്ഞിന്റെ ഹൃദയമിടിപ്പ് വേഗത്തിൽ ആയിരിക്കും, പെണ്ണാണെങ്കിൽ പതുക്കെയായിരിക്കും; എന്നിങ്ങനെ നിരവധി വിശ്വാസങ്ങൾ ലോകത്താകമാനം നിലവിലുണ്ട്.
ഗ്രീക്കുകാർ ആണും പെണ്ണും തിരിച്ചിരുന്നത് ഇണചേരലിൽ തന്നെയായിരുന്നു. പെണ്ണിൻ്റെ വലതുവശത്ത് കിടന്നാണ് ഇണചേരുന്നത് എങ്കിൽ ആൺകുഞ്ഞും അല്ലെങ്കിൽ പെൺകുഞ്ഞും ആയിരിക്കും എന്നവർ കരുതിയിരുന്നു. അമേരിക്കയിൽ കുറച്ചുകൂടി ശാസ്ത്രീയമായിരുന്നു കാര്യങ്ങൾ. പുരുഷ ബീജത്തിലെ y ക്രോമോസോമുകൾ വേഗത്തിൽ സഞ്ചരിക്കുന്നതും അധികം ആയുസ്സില്ലാത്തതുമാണ്, അതേസമയം x ക്രോമോസോമുകൾ പതിയെ സഞ്ചരിക്കുന്നതും കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യുന്നു. അതിനാൽ സ്ത്രീയിൽ അണ്ഡോൽപാദനം നടക്കുന്ന ദിവസം ബന്ധപ്പെട്ടാൽ ആൺകുഞ്ഞ് ജനിക്കുമെന്നതാണ് അതിൻ്റെ ചുരുക്കം. അതുതന്നെ അമേരിക്കയിലെ മറ്റുപല യൂണിവേഴ്സിറ്റികളിലും നടത്തിയ പഠനങ്ങൾ തിരുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ഈ വിഷയത്തിൽ ലോകം ഒരുപാട് കാലം ഇരുട്ടിൽ തപ്പി നടക്കുകയുണ്ടായി. അതിനിടയിൽ അവർ നടത്തിയ അനുമാനങ്ങൾ കേവലം വിചിത്രമായ കെട്ടുകഥകൾ മാത്രമായി അവശേഷിക്കുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിലാണ് 1400 വർഷങ്ങൾക്കു മുമ്പ് പ്രവാചകൻ തിരുമേനി(സ) ഈ സഹാബിയോട് പറഞ്ഞ വാചകം പ്രസക്തി നേടുന്നത്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ വെള്ളം (ബീജം) സ്ത്രീയെ അതിജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ വെള്ളം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും എന്നാണ് നബി പറഞ്ഞത്. ഈ പറഞ്ഞത് എന്തെങ്കിലും പുതിയ അന്ധവിശ്വാസമായിരുന്നില്ല. അതിശയോക്തിയോ അബദ്ധമോ അതിലൊട്ടുമുണ്ടായിരുന്നില്ല. കാരണം, അതു പറഞ്ഞു 1400 വർഷക്കാലം ശാസ്ത്രലോകം ഇതേ തലക്കെട്ടിൽ നടത്തിയിട്ടുള്ള ഒരു പരീക്ഷണ നിരീക്ഷണങ്ങളും ഈ വസ്തുത തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല.
മാത്രമല്ല ശാസ്ത്രീയ കണക്കുകൾ ഈ ഹദീസിന്റെ ആശയത്തെ വ്യക്തമായും പിന്താങ്ങുന്നുണ്ട്. ഒന്നാമതായി, മാതാവിന്റെ ജീനുകളാണ് സിക്താണ്ഡത്തിൽ കൂടുതല്‍ സ്ഥാപിതമായത് ഏങ്കില്‍ മാതാവിന്റെ സ്വഭാവവിശേഷങ്ങളും പിതാവിന്റെ ജീനുകളാണ് കൂടുതല്‍ സ്ഥാപിതമായത് എങ്കില്‍ പിതാവിൻ്റെ സ്വഭാവഗുണങ്ങളുമാണ് കുട്ടിക്ക് ലഭിക്കുക. ഈ സ്വാധീനത്തെ സ്വാധീനിക്കുന്ന ഒരു പ്രാഥമിക ശാസ്ത്രീയ നിഗമനം ഉണ്ട്. അത് ഇങ്ങനെയാണ്. 23 ജോഡി ക്രോമസോമുകളാണ് ഓരോ മനുഷ്യകോശത്തിലും ഉള്ളത്. ഇതില്‍ 23 എണ്ണം മാതാവില്‍നിന്ന് ലഭിക്കുന്നതും 23 എണ്ണം പിതാവില്‍നിന്ന് ലഭിക്കുന്നതായിരിക്കും. ഈ ക്രോമസോമുകളിലുള്ള ജീനുകള്‍ രണ്ടുതരത്തിലാണുള്ളത്; ഡോമിനന്റ് ജീനുകളും റിസസീവ് ജീനുകളും. ഡോമിനന്റ് ജീനുകളുടെ ഗുണവിശേഷങ്ങളാണ് ഒരു കോശം പ്രകടിപ്പിക്കുക. ചുരുക്കത്തിൽ പിതാവിന്റെ ബീജത്തിലെ ജീനുകള്‍ മാതാവിന്റെ അണ്ഡത്തിലെ ജീനുകളെ മറികടക്കുന്നുവെങ്കില്‍, അഥവാ പിതാവില്‍നിന്നുള്ള ജീനുകള്‍ ഡോമിനന്റ് ജീനുകള്‍ ആണെങ്കില്‍ പിതാവിന്റെ സ്വഭാവവിശേഷങ്ങളും നേരെ തിരിച്ചാണെങ്കില്‍ മാതാവിന്റെ സ്വഭാവവിശേഷങ്ങളും കുട്ടിക്ക് ലഭിക്കുന്നു. ഉദാഹരണമായി, പിതാവിന്റെ കണ്ണിന്റെ നിറം കറുപ്പും മാതാവിന്റെ കണ്ണിന്റെ നിറം നീലയും ആണെന്ന് കരുതുക. ഇതില്‍ കറുപ്പു നിറത്തിന്റെ ജീന്‍ dominant ഉം നീലനിറത്തിന്റെ ജീന്‍ recessive ഉം ആണ് എങ്കില്‍ കുഞ്ഞിന്റെ കണ്ണിന്റെ നിറം കറുപ്പ് ആയിരിക്കും. കുഞ്ഞിന്റെ ശരീരത്തിലെ ഡിഎന്‍എയിലെ ക്രോമസോമുകളില്‍ കണ്ണിന് കറുപ്പുനിറം നല്‍കുന്ന ജീനും നീലനിറം നല്‍കുന്ന ജീനും ഉണ്ടായിരിക്കും. എന്നാല്‍ കണ്ണിന്റെ കറുപ്പുനിറത്തിന് കാരണമായ dominant ജീൻ നീല നിറത്തിന് കാരണമാകുന്ന recessive ജീനിനെ അതിജയിക്കുകയും dominant ജീനിന്റെ ഗുണമായ കറുപ്പുനിറം മാത്രം കുഞ്ഞില്‍ പ്രകടമാവുകയും ചെയ്യും. ഇതു തന്നെയാണ് നബി(സ) പറഞ്ഞതിൻ്റെ രത്നച്ചുരുക്കവും. ആണിന്റെയും പെണ്ണിന്റെയും ബീജങ്ങൾക്ക് അതിനനുസൃതമായ വ്യത്യാസമുണ്ട് എന്നതും പ്രവാചകൻ തന്നെ സൂചിപ്പിച്ച കാര്യമാണ്. പ്രവാചകന്‍(സ) അരുള്‍ ചെയ്തു: 'പുരുഷന്റെ ദ്രാവകം കട്ടിയുള്ളതും വെളുത്തതുമാണ്. സ്ത്രീയുടെ ദ്രാവകം കട്ടിയില്ലാത്തതും മഞ്ഞയുമാണ്. ഇതില്‍ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും' (നസാഈ).
ചുരുക്കത്തിൽ കുഞ്ഞിൻ്റെ ലിംഗം നിർണയിക്കപ്പെടുന്നത് ഏത് ബീജ ദാനമാണ് ആദ്യം വരുന്നത് എന്നതിനെ ആശ്രയിച്ചിട്ടാണ്. അങ്ങനെ ആദ്യം വരാനുള്ള വിധി ഉണ്ടാക്കുന്നതാണെങ്കിലോ സൃഷ്ടാവുമാണ്. കാരണം ആദ്യം വരാനുള്ള കഴിവ് അടിസ്ഥാനപരമായി രണ്ടു ബീജങ്ങൾക്കും ഉണ്ട്. ഇങ്ങനെ വരുമ്പോഴാണ് കുട്ടി ആണ് ആകുന്നതും പെണ്ണാകുന്നതും സൃഷ്ടാവിന്റെ നിശ്ചയമാണ് എന്ന് പറയുന്നത്. അല്ലാതെ അതിൽ പങ്കാളികളിൽ ഒരാളെയും പ്രത്യേകം കുറ്റപ്പെടുത്താൻ കഴിയില്ല. ഇനി ഏതെങ്കിലും ഒരു അർത്ഥത്തിൽ അങ്ങനെ രണ്ടിൽ ഒരാളെ കുറ്റപ്പെടുത്താൻ കഴിയുമെങ്കിൽ അത് പുരുഷനെയാണ്. കാരണം അവൻ നൽകുന്ന എക്സ് വൈ ക്രോമസോമുകളിലേക്ക് സ്ത്രീയുടെ ദാനം വെറും എക്സ് മാത്രമാണ്. അങ്ങനെ പരസ്പരം ചേരുന്നത് എക്സും എക്സുമാണ് എങ്കിൽ കുട്ടി പെണ്ണും എക്സും വൈയും തമ്മിലാണെങ്കിൽ കുട്ടി ആണും ആകുമെന്ന് ചുരുക്കം. ഒന്നു കൂടി ശാസ്ത്രീയമായി വിവരിച്ചാൽ മിയോസിസ് (Meiosis) വഴി പുരുഷനിൽ രണ്ടുതരം ബീജങ്ങൾ (22+X or 22+Y) ഉൽപാദിപ്പിക്കപ്പെടുന്നു. ബീജങ്ങളിൽ ഒരു പാതിക്ക് X ക്രോമസോമും ബാക്കി പാതിക്ക് Y ക്രോമ
സോമും ലഭിക്കുന്നു. അതായത് 22 ക്രോമസോമുകളും ഒരു X അല്ലെങ്കിൽ Y സെക്സ് ക്രോമസോമും. സ്ത്രീയിലാകട്ടെ എപ്പോഴും ഒരുതരം അണ്ഡം (Ovum) മാത്രം (അതായത് 22+X). X ക്രോമസോം അടങ്ങിയിട്ടുള്ള പുരുഷബീജം സ്ത്രീയിലെ അണ്ഡവുമായി സംയോജിക്കുമ്പോൾ 44+XX (44 ക്രോമസോമും രണ്ട് X ക്രോമസോമും) എന്ന ഭ്രൂണം (Zygote/embryo) സൃഷ്ടിക്കപ്പെടുന്നു. ഇനി ഒരു Y ക്രോമസോം അടങ്ങിയ പുരുഷ ബീജവും X ക്രോമസോമം അടങ്ങിയ സ്ത്രീ അണ്ഡവുമായി സംയോജനം നടക്കുകയാണെങ്കില്‍ ഭ്രൂണത്തില്‍ 44+XY എന്ന ഘടനയുണ്ടാകുന്നു. XY ക്രോമസോമാണെങ്കിൽ Y ക്രോമസോമിന്റെ സ്വാധീനം മൂലം ഭ്രൂണം ആണ്‍കുഞ്ഞാവുന്നതിനും രണ്ട് X ക്രോമസോമാണെങ്കിൽ ഭ്രൂണം പെണ്‍കുഞ്ഞാകുന്നതിനും വഴിതെളിക്കാം. അതായത് ഗർഭസ്ഥ ശിശു ആണാണോ പെണ്ണാണോ എന്നു നിർണയിക്കുന്നതിനെ സ്വാധീനിക്കുന്നത് മാതാവിന്റെ ജനിതക ഘടകമല്ല, പിതാവിന്റേതാണ് എന്നർഥം.
വിശുദ്ധ ഖുർആനും ഈ സൂചന നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഒരു ബീജം (ഗര്‍ഭാശയത്തിലേക്ക്) സ്രവിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത്' (53:45-46). ഈ വചനങ്ങളില്‍നിന്ന് കുട്ടിയുടെ ലിംഗനിര്‍ണയം അഥവാ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ളത് നുത്വ്ഫയുടെ സ്‌റ്റേജില്‍ തന്നെ, അഥവാ പുരുഷ ബീജവും സ്ത്രീബീജവും ഗര്‍ഭാശയത്തില്‍ കൂടിചേരുമ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്നു എന്ന് നമുക്ക് കൃത്യമായ സൂചന ലഭിക്കുന്നു. സ്രവിക്കപ്പെടുന്ന എന്ന പ്രയോഗത്തിൽ നിന്ന് പുരുഷനാണ് ഈ കാര്യത്തിലെ മേൽകൈ എന്നതു വ്യക്തമാണ്. കാരണം സ്രവിക്കുന്നത് കൂട്ടത്തിൽ അവൻ്റെ ബീജമാണല്ലോ.
o
https://www.beingtheparent.com
https://www.bbc.com
The Prediction of Sex: Folklore and Science, Proceedings of the American Philosophical Society, Vol. 103, No. 4 (Aug. 15, 1959), pp. 537-544
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso