Thoughts & Arts
Image

ചൂടേറുന്ന ചൂടു ചിന്തകൾ

03-03-2024

Web Design

15 Comments


വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ടവരും സാധാരണക്കാർ പോലും മുന്നറിയിപ്പുകൾ നൽകാൻ മാത്രം നമ്മുടെ നാട്ടിൽ ചൂട് വർദ്ധിച്ചതാണ് പുതിയ വിശേഷം. പകൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പുനർ ക്രമീകരണം വരുത്തിക്കഴിഞ്ഞു. ശാസ്ത്രീയ നിഗമനങ്ങളുടെ വരികൾക്കിടയിൽ നിന്ന് പ്രതീക്ഷിച്ചതിലും നേരത്തെ നമ്മുടെ മണ്ണും വിണ്ണും ചൂടായിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അഥവാ ചൂടുകാലം നേരത്തെ വന്നിരിക്കുകയാണ് എന്ന്. സത്യത്തിൽ ചൂടുകാലം വരാനിരിക്കുന്നേ ഉള്ളൂ. പക്ഷേ ഇപ്പോൾ തന്നെ അത് നമുക്ക് അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ശരി. കാലാവസ്ഥയിൽ ഉണ്ടാകുന്ന സ്വാഭാവിക കയറ്റിറക്കം എന്ന് പറഞ്ഞ് ഇതിനെ തള്ളുവാനും ചെറുതാക്കുവാനും കഴിയില്ല. കാരണം ഇതൊരു ഇറക്കമാണ് എങ്കിൽ ഇപ്പോൾ കുറെ കാലമായി ഇറക്കം മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഇതിനെ ഒരു കയറ്റം എന്നാണ് വിവരിക്കുന്നത് എങ്കിൽ ഇപ്പോൾ കയറ്റം മാത്രമേ ഉണ്ടാവുന്നുള്ളൂ. അതായത് ചൂട് എന്തോ കാരണത്താൽ ഈ വർഷമോ ഏതെങ്കിലും വർഷമോ കയറിയതല്ല മറിച്ച് കുറേക്കാലമായി ഭൂമിയുടെ ഘടന ഇങ്ങനെയായി മാറിയിരിക്കുന്നു. കണക്ക് അറിയുന്നവർ ചൂടിന്റെ കണക്ക് വെച്ച് ഒരു ഗ്രാഫ് തയ്യാറാക്കിയാൽ പെട്ടെന്ന് മനസ്സിലാകും. അതായത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ പ്രകൃതി അതിന്റെ പ്രകൃത ഭാവം വിട്ടു രൗദ്രഭാവം പൂണ്ട് കഴിഞ്ഞിരിക്കുന്നു. ഓരോ വർഷവും കാഠിന്യം കൂടിക്കൊണ്ടേയിരിക്കുകയുമാണ്. ഇത് നമ്മുടെ ശാസ്ത്രം എന്നോ പ്രവചിച്ചിട്ടുണ്ട്. വിശ്വാസികളുടെ പ്രമാണങ്ങളും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ പംക്തിയിൽ നാം മതപരമായ വികാരത്തോട് ചേർന്നുനിന്നു കൊണ്ടാണ് കൂടുതലായും സംസാരിക്കുന്നത് എന്നതിനാൽ നമുക്ക് ഈ വിഷയത്തെയും അങ്ങനെ സമീപിക്കാം. അങ്ങനെ സമീപിക്കുമ്പോൾ അതിൽ പറയാനുള്ള വസ്തുത ഈ പ്രപഞ്ചത്തെ ഒരു പ്രത്യേകമായ സന്തുലനം ഏർപ്പെടുത്തുക വഴിയാണ് സൃഷ്ടാവ് നിയന്ത്രിച്ചുവരുന്നത് എന്നതാണ്. ആ സന്തുലിതത്വം കാത്തുസൂക്ഷിക്കുവാനും അതിനെ തകർക്കുന്ന എല്ലാ പ്രവണതകളിൽ നിന്നും മാറി നിൽക്കുവാനും സൃഷ്ടാവ് മനുഷ്യനെ ഉത്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് പാലിക്കപ്പെടുന്ന കാലത്തോളം പ്രപഞ്ചം അതിൻ്റെ നിയതമായ താളത്തിൽ നിലനിൽക്കും. അതിൽ മനുഷ്യൻ്റെ ഭാഗത്തുനിന്ന് വീഴ്ച വന്നാൽ പ്രപഞ്ചത്തിന്റെ താളം തെറ്റും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും മനുഷ്യൻ അനുഭവിക്കുന്നതും.



ആദ്യം ഈ സന്തുലിതത്വം മനസ്സിലാക്കാം അത് അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരിടത്ത് ഇങ്ങനെ സൂചിപ്പിക്കുന്നു: 'ആകാശത്തെ അവൻ ഉയർത്തുകയും (എല്ലാ കാര്യവും തൂക്കിക്കണക്കാക്കാനുള്ള) തുലാസ്സ് അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.' ( 55:17) ഈ ആയത്തിലെ തുലാസ് ആ സന്തുലിതത്വത്തിന്റെ അടിസ്ഥാനത്തെയാണ് ദ്യോതിപ്പിക്കുന്നത്. മറ്റൊരു ആയത്തിൽ അല്ലാഹുവിൻ്റെ സൃഷ്ടി മഹാത്മ്യം തന്നെ കൃത്യമായ കണക്കിനു വിധേയമാണ് എന്ന് ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: 'സൃഷ്ടികര്‍മം നിര്‍വഹിക്കുകയും അത് ദൃഢീകരിച്ച് സംവിധാനിക്കുകയും വ്യവസ്ഥ നിശ്ചയിച്ച് നേര്‍മാര്‍ഗം കാട്ടുകയും കാലികള്‍ക്ക് മേച്ചില്‍പുറങ്ങളുല്‍പാദിപ്പിക്കുകയും പിന്നീടത് ഉണങ്ങിയ ചണ്ടിയാക്കുകയും ചെയ്ത മഹോന്നതനായ നാഥന്റെ തിരുനാമം വാഴ്ത്തുക' ( 82:1-5) ഓരോന്നും ഒരോ വ്യവസ്ഥകൾക്കു വിധേയമാണ് എന്ന് ഇവിടെയും സൂചിപ്പിക്കുന്നു. ഭൂമിക്കു ചുറ്റും വലയം ചെയ്യുന്ന അന്തരീക്ഷം തന്നെ ഈ സൂക്ഷ്മമായ സന്തുലനത്തിനുദാഹരണമാണ്‌. മനുഷ്യർക്കെന്നല്ല, മറ്റു ജീവജാലങ്ങൾക്കും കഴിഞ്ഞുകൂടാൻ പാകത്തിൽ വേണ്ട വാതകങ്ങൾ നിശ്ചിത അനുപാതത്തിൽ അതിൽ നിറച്ചിരിക്കുന്നു. 77 ശതമാനം നൈട്രജൻ, 21 ശതമാനം ഓക്സിജൻ, ഒരു ശതമാനം കാർബൺ ഡൈ ഓക്സൈഡ്, മറ്റപൂർവ വാതകങ്ങൾ ഒരു ശതമാനം എന്ന തോതിലും. ഓക്സിജൻ, നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതിന്റെ തോത് 21 ശതമാനത്തിൽ കൂടിയാൽ നമ്മുടെ ശരീരത്തിലെ ജീവകോശങ്ങൾക്ക് ഹാനി സംഭവിക്കും. നമ്മുടെ ജീവ സന്ധാരണത്തിന്‌ ഒഴിച്ചുകൂടാനാവാത്ത സസ്യജാലങ്ങളും ഹൈഡ്രോ കാർബൺ തന്മാത്രകളും നശിച്ചുപോകും. ഈ അളവ് കുറഞ്ഞാൽ നമ്മുടെ ശ്വാസോച്ഛാസം പ്രയാസകരമാവും. ഭക്ഷണം ദഹിക്കുകയുമില്ല. ഊർജം ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാനാവുന്നത് ഓക്സിജന്റെ തോത് എത്ര കൃത്യമായിട്ടാണ്‌ നിർണയിച്ചിരിക്കുന്നതെന്നാണ്‌. ഓക്സിജൻ മാത്രമല്ല, നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നീ വാതകങ്ങളുടെ കാര്യവും ഇതേപോലെ തന്നെയാണ്‌. നൈട്രജന്റെ അളവ് കൂട്ടിയിട്ടിരിക്കുന്നത് ഓക്സിജൻ അപകടകാരിയാവാതിരിക്കുവാൻ എന്നോണമാണ്. ഓക്സിജൻ കത്താൻ സഹായിക്കുന്ന വാതകമാണ്ല്ലോ, അപ്പോൾ ഇത്തരം ഒരു നിയന്ത്രണം അനിവാര്യമാണ്.



ഈ ദൈവിക ക്രമീകരണത്തിൽ നമ്മുടെ ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട ഒരു വസ്തുതയാണ് മേൽപ്പറഞ്ഞ അനുപാതങ്ങളിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ്. പ്രകാശ സംശ്ലേഷണത്തിന്‌ സഹായകമായ കാർബൺ ഡൈ ഓക്സൈഡ് ഭൂമിയുടെ ഉപരിതല താപത്തിന്റെ സ്ഥായിത്വം ഉറപ്പുവരുത്തുകയും രാത്രികാലങ്ങളിൽ താപം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഘടകമാണ്. ഈ വാതകം ഭൂമിയുടെ മേലെ ഒരു മെത്തയായി വർത്തിച്ച് ബഹിരാകാശത്തേക്കുള്ള ചൂടിന്റെ ഒഴുക്ക് തടഞ്ഞുനിർത്തുന്നു. ഭൂമിക്ക് നിലനിൽക്കുവാൻ നിശ്ചിതമായ അളവിൽ താപം വേണം. ആ അളവ് ഒരിക്കലും കൂടാൻ പാടില്ല. വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് നേരത്തെ പറഞ്ഞ ഒരു ശതമാനത്തിൽ നിന്നു കൂടിപ്പോയാൽ ഭൗമതാപം കണ്ടമാനം വർധിച്ച് ജീവനു ഭീഷണിയായി മാറും. ശാസ്ത്രലോകം ഏറെ ഉത്കണ്ഠയോടുകൂടിയും അതിലേറെ ആശങ്കയോടെയും കുറെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആഗോള താപനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കൂടുന്നതാണ്. ഫോസിൽ ഫ്യൂലുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന കാർബൺ വിസർജ്യം അന്തരീക്ഷത്തിൽ കലർന്ന് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കൂടാൻ കാരണമായിത്തീരുന്നു. അന്തരീക്ഷത്തിലെ താപനില ഉയർന്നു കഴിഞ്ഞാൽ അത് മനുഷ്യൻ്റെ ജീവിതത്തിൽ അമിത ചൂട് പകരുക മാത്രമല്ല ചെയ്യുക, മറിച്ച് ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അത് അവതാളപ്പെടുത്തും. ഉദാഹരണമായി അന്തരീക്ഷത്തിലെ ചൂട് വർദ്ധിച്ചാൽ ഭൂമിയുടെ ധ്രുവ പ്രദേശങ്ങളിൽ ഉള്ള മഞ്ഞ് കഠിനമായി ഉരു കുകയും അത് സമുദ്രങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ കാരണമായിത്തീരുകയും ചെയ്യും. അങ്ങനെ വന്നാൽ പല രാജ്യങ്ങളും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും. ജപ്പാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ ഒന്നും 20 വർഷത്തിനുശേഷം ഭൂമുഖത്ത് ഉണ്ടാവില്ല എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അതിൻ്റെ ഒരു പ്രധാന കാരണം കാർബൺ അനുപാതം തെറ്റുന്നതു തന്നെയാണ് എന്ന് ശാസ്ത്രം പറയുന്നു.



ഈ പറഞ്ഞത് ഭൂമിയിൽനിന്ന് മേൽപ്പോട്ട് ഉയരുന്ന താപത്തിന്റെ ഗതിയാണ്. അതേസമയം ഈ കൊടും ചൂടിന് കാരണമാകുന്ന ചില ഘടകങ്ങൾ മേലെ നിന്ന് താഴേക്കും ഇറങ്ങിവരുന്നുണ്ട്. അവയെ തടയിടുവാനും നേരത്തെ കാർബൺ മെത്ത വിരിച്ചത് പോലെ അല്ലാഹു ഒരു മെത്ത വിരിച്ചിട്ടുണ്ട്. അതാണ് ഓസോൺ. ഇങ്ങനെ അവൻ ചെയ്ത പ്രതിരോധ ക്രമീകരണങ്ങളെ കുറിച്ച് ഖുർആൻ മറ്റൊരിടത്ത് സൂചിപ്പിക്കുന്നു: 'ആകാശത്തെ നാം സുരക്ഷിതമായ തട്ടുകളാക്കി. എന്നാല്‍, അവരാകട്ടെ, അതിലെ ദൃഷ്ടാന്തങ്ങളില്‍ നിന്നും തിരിഞ്ഞുകളയുകയാണ്. (21: 32) ഇതിനും പുറമെ സൂര്യനില്‍ നിന്നു ഭൂമിയിലേക്കെത്തുന്ന ചൂടിനെ ക്രമീകരിക്കാന്‍ അന്തരീക്ഷവായുവിലും ഭൗമോപരിതലത്തിലും സ്രഷ്ടാവ് തന്നെ മറ്റു പല സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മലകളും കാടുകളും പച്ചപ്പുകളുമെല്ലാം ഇതിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: 'ഭൂമി മനുഷ്യരെയും കൊണ്ട് ചരിഞ്ഞുപോകാതിരിക്കാന്‍ വേണ്ടി അതില്‍ നാം ഉറച്ച പര്‍വതങ്ങളെ സ്ഥാപിച്ചു. അവര്‍ നിശ്ചിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ വേണ്ടി അതില്‍ വിശാലമായ പല വഴികളും നാം ഏര്‍പ്പെടുത്തുകയും ചെയ്തു' (21: 31) ഇത് കേൾക്കുന്ന ചിലരെങ്കിലും പർവ്വതങ്ങൾക്കും മലകൾക്കും അന്തരീക്ഷത്തിലെ താപ സന്തുലിതത്വവുമായി എന്തു ബന്ധമാണ് ഉള്ളത് എന്ന് ചിന്തിച്ചു പോയേക്കും. സത്യത്തിൽ അതിനു വലിയ ബന്ധമുണ്ട്. അത് വലിയൊരു ശാസ്ത്രമാണ്. ആശാസ്ത്രം അത് സ്ഥാപിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഒരു കാര്യം മാത്രം മതി. അതായത് ഒരു ഭാഗത്ത് കടലിന് എത്ര ആഴമുണ്ടോ അതിനു സമതുലിതമായി എതിര്‍ദിശയില്‍ ഉയരമുള്ള മലകളുമുണ്ടാകും എന്നത്. ഇതിനു പുറമെ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ ലഭ്യമാക്കുന്നത് ഉയര്‍ന്ന പര്‍വതങ്ങളാണ് എന്നത് പ്രാഥമിക ശാസ്ത്ര സത്യമാണ്. മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മലയോരങ്ങളിലാകാന്‍ ഇതാണല്ലോ കാരണം. ഭൂമിയുടെ ചൂടകറ്റി തണുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന നദികളുടെ ഉത്ഭവവും പര്‍വതങ്ങളില്‍ നിന്നാണ്. കേരളത്തിന്റെ സുഖകരമായ കാലാവസ്ഥ കാത്തുസൂക്ഷിച്ചിരുന്നത് ഈ മലകളും അതിനെ വലയം ചെയ്ത കാടുകളും വൃക്ഷങ്ങളുമായിരുന്നു. സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി സ്രഷ്ടാവ് ഒരുക്കിവെച്ച ഈ രക്ഷാകവചങ്ങളെയെല്ലാം നാം തന്നെ തകര്‍ക്കുകയായിരുന്നു. അതിൻ്റെ ദുരന്തം വരവു വെക്കുകയാണ് നാം.



ഇങ്ങനെയെല്ലാം പറഞ്ഞു വരുമ്പോൾ ശാസ്ത്രവും മതവും അനുഭവവും എല്ലാം ഒരേ ബിന്ദുവിൽ എത്തിച്ചേരുന്നു. അന്തരീക്ഷത്തിലെ താപനില ഉയരാനുള്ള പ്രധാന കാരണം ഭൂമിയുടെ രക്ഷാകവചങ്ങൾ ആയ മരങ്ങളെ സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി മുറിച്ചുമാറ്റിയതും മുറിച്ചിടത്ത് മറ്റൊന്ന് നട്ടുവളർത്തുവാൻ താല്പര്യമില്ലാതെ പോയതും ആണ്. ഇതിനാൽ വന്ന കുറവുകളെ അതിവേഗം നമ്മുടെ വിവിധ ഇന്ധന ഉപയോഗങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. എല്ലാം കൊണ്ടും ഭൂമി നരകമായി കൊണ്ടേയിരിക്കുകയാണ്. ഭൂമിയുടെ ചൂട് കുറയ്ക്കുവാൻ ഒരു മാർഗ്ഗവും ആരുടെയും നിർദ്ദേശങ്ങളിൽ ഇല്ല താനും. ഉള്ളതാവട്ടെ കേൾക്കാൻ ആർക്കും മനസ്സും താല്പര്യവുമില്ല. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഈ മത്സരത്തിൽ സൃഷ്ടിക്ക് അവസാനം സൃഷ്ടാവിലേക്ക് തന്നെ കീഴടങ്ങേണ്ടിവരും. അതായത്, ഭൂമിയിൽ ശീതമനുഭവിക്കണമെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് മരച്ചുവട്ടിലേക്ക് മാറേണ്ടി വരും. കാരണം, ഭൂമിയെ നനച്ചു ചൂട് കുറക്കുന്നതില്‍ മരങ്ങളുടെ പങ്ക് വലുതാണ്. കാടുകളില്‍ മഴ പെയ്യുമ്പോള്‍ വളരെ ശക്തി കുറഞ്ഞാണ് അത് മണ്ണില്‍ പതിക്കുന്നത്. ഇലകളില്‍ തട്ടി മരത്തിലൂടെ ഒഴുകിയിറങ്ങി ചെറിയ തുള്ളികളായാണ് വെള്ളം നിലംപതിക്കുന്നത്. ഇത് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്നു. ഭൂമിയെ ഈവിധം പച്ച വിരിച്ച് വിന്യസിച്ചത് അല്ലാഹു സൃഷ്ടാവിൻ്റെ എത്ര വലിയ ആസൂത്രിതമാണ്! അല്ലാഹു ഓർമ്മിപ്പിക്കുന്നു: 'ഭൂമിയെ നാം വിരിക്കുകയും പര്‍വതങ്ങളെ അതില്‍ സ്ഥാപിക്കുകയും നിശ്ചിത ക്രമത്തില്‍ എല്ലാ വസ്തുക്കളെയും നാമതില്‍ മുളപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കും നിങ്ങള്‍ ഭക്ഷണം കൊടുക്കാത്ത ഇതര ജീവികള്‍ക്കും അതില്‍ ഉപജീവന വിഭവങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തു' (15: 19-20) എന്നിരിക്കെ ഓരോ മണിക്കൂറിലും ഒന്നര ഏക്കര്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത് എങ്കിൽ അത് മേൽ പറഞ്ഞതുപോലെ സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു പോരാട്ടം തന്നെയായി പരിണമിക്കുകയാണല്ലോ. സൃഷ്ടാവിനോട് ഏറ്റുമുട്ടുമ്പോൾ മേൽകൈ സൃഷ്ടാവിന് തന്നെയായിരിക്കും. അതുകൊണ്ടാണ് സൃഷ്ടാവ് അന്തരീക്ഷത്തിന്റെ താപനില ഒരു പോയിൻറ് കൂട്ടിയിടുമ്പോൾ നാം പുറത്തിറങ്ങാൻ കഴിയാതെ, ഉണ്ടാക്കിയ സംവിധാനങ്ങൾ ഒന്നും മതിയാവാതെ, വിയർത്തുകുളിച്ച് ഇരിക്കേണ്ടി വരുന്നത്.



മനുഷ്യ സ്വഭാവത്തിന്റെ നേരെ ദര്‍പ്പണമാണ് ലോകത്തോടും പ്രകൃതി പരിസരങ്ങളോടും മനുഷ്യ മനുഷ്യേതര ജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ ചെയ്തികള്‍. റൂം സൂക്തത്തിലെ നാല്‍പത്തിയൊന്നാമത്തെ വാക്യം ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കാനത്രേ ഇത്; ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ. (30: 41) അഥവാ മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്നത് പ്രകൃതി തിരിച്ചും ചെയ്യുമെന്നര്‍ഥം. നാം സ്വന്തത്തെ സംസ്‌കരിച്ചു സംരക്ഷിച്ചില്ലെങ്കില്‍ ഈ ഭൂപ്രകൃതിയെയും നമുക്ക് സംരക്ഷിച്ചു നിര്‍ത്താന്‍ സാധ്യമല്ല. ഇന്നു ലോകം അനുഭവിക്കുന്ന ആഗോളതാപനം തുടങ്ങി പ്രകൃതി പ്രതിഭാസങ്ങള്‍ മനുഷ്യ ചെയ്തിയുടെ ഫലമാണ്. വര്‍ത്തമാനകാലത്തെ ആഗോള സംസ്‌കാരമായി മാറിയ പ്രകൃതിയിലെ മനുഷ്യന്റെ സൈരവിഹാരത്തിന്റെ പ്രതിഫലനമാണ് നാമിന്ന് അനുഭവിക്കുന്നത്. മാനസികമായ തിരിച്ചറിവും തിരിച്ചു നടത്തും തന്നെയാണ് പരിഹാരം എന്നു പറയുകയാണ് ഈ വസ്തുതകളെല്ലാം ഈ വസ്തുതകൾ എല്ലാം.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso