
.jpeg)
വീണ്ടും വരുന്ന പരീക്ഷണങ്ങൾ
24-07-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
വീണ്ടും നമ്മുടെ നാട് നിപാ വൈറസിന്റെ ഭീതിയിലേക്ക് ചെറുതായെങ്കിലും എത്തിപ്പെട്ടിരിക്കുന്നു. 2018-ൽ ആയിരുന്നു ആദ്യമായി കേരളത്തിൽ മരണം വിതച്ച നിപ വൈറസ് ഭീതി പടർത്തിയത്. പിന്നീട് 2021-ലും 2023-ലും നിപ വന്ന് ജീവൻ കവർന്നു. ഇപ്പോഴിതാ 2024-ലും മരണം ആവർത്തിച്ചിരിക്കുന്നു. ഈ ഒരൊറ്റ വാർത്താവാചകം മാത്രം നമ്മെ ഒരു പാട് ചിന്തിപ്പിക്കുന്നുണ്ട് എന്നതാണ് ശരി. വീണ്ടും വന്നിരിക്കുന്നു എന്ന് പറയുമ്പോൾ വരുന്നതിനെ തടയുവാൻ നാം ചെയ്തതൊന്നും ഫലം ചെയ്തിട്ടില്ല എന്നത് അവയിൽ പ്രധാനപ്പെട്ട ഒന്നാണ്. അതുകാരണമായി വീണ്ടും ഒരാൾ മരണപ്പെട്ടു എന്ന് പറയുമ്പോൾ ഈ വിഷയമായ നമ്മുടെ ചികിത്സകൾക്ക് പ്രതീക്ഷയുടെ നിലവാരമില്ല എന്നത് മറ്റൊന്നാണ്. ചികിത്സയുടെ കാര്യം മാത്രമല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യവും ആശാവഹമല്ല എന്നത് മറ്റൊന്ന്. പ്രതിരോധ പ്രവർത്തനങ്ങളിൽ നാം ശ്രദ്ധിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുകയല്ല. അവ കൃത്യമായി ലക്ഷ്യത്തിൽ കൊള്ളുന്ന വിധത്തിൽ ഉള്ളതല്ല എന്നു പറയുകയാണ്. നിലവിൽ നാം ചെയ്തുവരുന്നത് അപകടകാരികളായ വൈറസുകളും ബാക്ടീരിയകളും പകരാതിരിക്കുവാൻ വേണ്ട പ്രാഥമിക മുൻകരുതലുകൾ ജാഗ്രവത്താക്കുക എന്നത് മാത്രമാണല്ലോ. അതൊന്നും ഈ പ്രശ്നത്തെ നേരെ ചൊവ്വേ നേരിടുന്നില്ല എന്നത് ഇതിൽ നിന്ന് മനസ്സിലാകുന്നു. വൈറസ് ബാധ നമുക്ക് പിടി തരുന്നില്ല എന്ന ഒരു ആശങ്ക ഈ വിഷയത്തിലെ മറ്റൊരു ചിന്താവിഷയമാണ്. ഇത്തരം സാഹചര്യങ്ങളെ വൈദ്യശാസ്ത്രം പറയുന്നത് അല്ലെങ്കിൽ വ്യാഖ്യാനിക്കുന്നത് വൈറസിന് ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്നാണ്. കൊറോണ വൈറസിന്റെ കാര്യത്തിൽ അത് നാം അനുഭവിച്ചത് തന്നെയാണ് വൈറസിന്റെ പിന്നാലെ പലതരം പേരുകൾ കൊണ്ട് പറയേണ്ട അവസ്ഥ വരെ ഉണ്ടായി. 2018 ൽ നിന്നും 2024ൽ എത്തിയപ്പോൾ നിപാ വൈറസിന് ചില്ലറ വ്യതിയാനങ്ങൾ സംഭവിച്ചോ എന്ന് സംശയിക്കുവാൻ തികച്ചും ന്യായമുണ്ട്. 2018 ലെ നിപ, ശ്വാസകോശത്തെയാണ് കൂടുതൽ ബാധിച്ചതെങ്കിൽ 2024ൽ തലച്ചോറിനെ കൂടുതൽ ബാധിക്കുന്നത് പോലെയാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്. 2018ൽ അന്നത്തെ ആദ്യ രോഗിയുമായി കുറച്ചുസമയം മാത്രം ഒരു എക്സ്-റേ റൂമിൽ ഒരുമിച്ച് നിന്നത് കൊണ്ട് മാത്രം ഒരാളിലേക്ക് വൈറസ് പകർന്നു. 2024ൽ വളരെ അടുത്ത സമ്പർക്കം ഉണ്ടായ പലരിലേക്കും വൈറസ് പെട്ടെന്ന് പകർന്നില്ല എന്നാണ് ഇതുവരെ മനസ്സിലാകുന്നത്. ഇപ്പോഴുള്ള സമ്പർക്ക പട്ടികയിൽ അത്ര വലിയ അപകടങ്ങൾ പ്രകടമല്ല. ഒരു വിധം കയ്യിൽ ഒതുക്കി എന്ന് അവകാശപ്പെടുമ്പോഴേക്കും കൈകളിൽ നിന്ന് ഈ വൈറസ്സ് വഴുതി പോകുന്ന ഒരു അവസ്ഥയാണ്. ഇതെല്ലാം ഈ കോളത്തെ സംബന്ധിച്ചിടത്തോളം ചിന്തകളാണ്.
അതോടൊപ്പം പണ്ടേ ഉള്ള ചില പ്രശ്നങ്ങളും ചിന്തകളും ഉണ്ട്. വവ്വാലുകളാണ് രോഗ വാഹിനികൾ എന്ന വാദത്തിൽ നിന്നും നിഗമനത്തിൽ നിന്നുമാണത് ഉയരുന്നത്. വവ്വാലുകളാണ് സാക്ഷാൽ പ്രതികൾ എന്നും അല്ലെന്നും രണ്ടു പക്ഷങ്ങൾ ശാസ്ത്രജ്ഞന്മാർക്കിടയിൽ ഉണ്ട്. അത് അവരുടെ മേഖലയാണ്. അതിലേക്ക് നാം കടക്കുന്നില്ല. ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് ഇത് എന്ന് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ സംവിധാനം പറഞ്ഞിട്ടുണ്ട്. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ എന്നും അവയുടെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത് എന്നുമെല്ലാം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. പ്രധാനമായും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ വൈറസ് സംഹാരം നടത്തുന്നത്. മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് ഇതു കാണപ്പെടുന്നത്. അതും ഭൂരിപക്ഷ അഭിപ്രായവും നിഗമനവും അനുസരിച്ച് പ്രതികൾ വവ്വാലുകൾ ആണെങ്കിൽ തന്നെ അവ വഹിക്കുന്ന ഈ വൈറസ് അവയെ ഒരു നിലക്കും പ്രതികൂലമായി ബാധിക്കുന്നില്ല എന്നത് തീഷ്ണമായ ഒരു ചിന്തയാണ്. വവ്വാലിന് നിപ വൈറസിനെ ക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവർത്തിത്വത്തോടെ (co-evolution) കഴിയുന്നവരാണ് വവ്വാലും നിപയും. വവ്വാലില്ലെങ്കിൽ നിപയ്ക്ക് നിലനില്പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല. ഡെങ്കി വൈറസും ഈഡിസ് കൊതുകും തമ്മിലും ഇതേ ബന്ധമാണ്. ഈഡിസുകൾക്ക് ഡങ്കിപ്പനി വരില്ല. ഇങ്ങനെയെല്ലാം പറഞ്ഞു വരുമ്പോൾ നമ്മുടെ ചിന്ത പുരോഗമിക്കുക ഈ ചെറിയ ജീവികളെ അയച്ചു ആരോ മനുഷ്യനെ വിരട്ടുകയാണ് എന്നതിലേക്കായിരിക്കും.
വിഷയം വവ്വാലിൽ എത്തിനിൽക്കുമ്പോൾ തന്നെ നമ്മുടെ അത്ഭുതം വീണ്ടും ഇരട്ടിക്കുകയാണ്. കാരണം ഈ ജീവി പ്രഥമ ദൃഷ്ട്യാ അത്ര വലിയ കുഴപ്പക്കാരനാണ് എന്ന് ആർക്കും പറയാനാകില്ല. അതോടൊപ്പം മനുഷ്യൻ്റെ ജീവിത പരിസരത്തെ ഏറെ അധികം സഹവസിക്കുന്ന ഒരു ജീവിയാണ് എന്ന് പറയാനും ന്യായമില്ല. ഏതാണ്ട് രാത്രികളിൽ മാത്രം കാണുന്ന ഒരു അപൂർവ്വ ജീവി ആയിട്ടാണ് വവ്വാലിനെ മനുഷ്യൻ അനുഭവിക്കുന്നത്. അങ്ങനെയൊക്കെ പറഞ്ഞാലും കക്ഷി ഉപദ്രവകാരി അല്ല എന്നു പറയാനും ഒരു ന്യായവും ഇല്ല. നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ് എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. എബോള, മീസിൽസ്, മമ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയെ മുഴുവനും കൊന്നൊടുക്കുക എന്ന് വിചാരിച്ചാൽ അതും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. കാരണം, പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതി സംരക്ഷണത്തിലും സാമ്പത്തിക ഘടനയിലും മനുഷ്യാരോഗ്യ സംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു എന്നാണ് കണ്ടെത്തൽ. കൃഷി നശിപ്പിക്കുകയോ മനുഷ്യരിൽ രോഗം പരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലുകളാണ് എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. അവ ഇല്ലാതെ വന്നാൽ ഇതെല്ലാം നിലച്ചു പോകും. ഇത്രയെല്ലാം ഉപകാരമുള്ള ഒരു ജീവി മനുഷ്യനെ ഇങ്ങനെ വേട്ടയാടുക എന്ന് പറയുമ്പോൾ അത് ചിലരുടെ ചിന്തയിൽ എങ്കിലും വലിയ ആന്തോളനങ്ങൾ സൃഷ്ടിക്കാതിരിക്കില്ല എന്നാണ് നാം പറഞ്ഞു വരുന്നത്.
സിംഗപ്പൂരിലെ ഡ്യൂക്ക് – നാഷണൽ സർവകലാശാലയിലെ വൈറോളജിസ്റ്റായ ഡോ. ലിൻഫ വാങ് കരുതുന്നതുപോലെ പറക്കാൻ കഴിവുള്ള ഏക സസ്തനിയായതിനാലും പറക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമുള്ളതിനാലും കൂടുതൽ പ്രതിരോധ ശക്തി ഉള്ളതുകൊണ്ട് ആയിരിക്കാം വവ്വാലുകളിൽ ഇത്രയധികം വൈറസുകൾ പാർക്കാൻ കാരണമെന്നതൊക്കെ ചില നിഗമനങ്ങൾ മാത്രമാണ്. അതൊക്കെ സമ്മതിച്ചാലും ഇതിൽ എന്തുകൊണ്ട് വവ്വാൽ എന്ന ചോദ്യം എപ്പോഴും ബാക്കി കിടക്കും. നമ്മുടെ പ്രപഞ്ചത്തെ സൃഷ്ടാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നതും നിയന്ത്രിച്ചു നയിച്ചു വരുന്നതും വളരെ അജയ്യമായി കൊണ്ടാണ്. അക്കാര്യത്തിൽ അവനു സമാനമായ ഒരു ശക്തിയും ഉണ്ടാവില്ല. ആ ശക്തി പ്രഭാവത്തിന്റെ അർത്ഥമാണ് ഇതെല്ലാം. അതായത്, ഒരുപാട് ബലംപ്രയോഗിച്ചോ ആപത്തുകളും അപകടങ്ങളും സ്വാഭാവികമായി വാരിവലിച്ചിട്ടോ ഒന്നുമല്ല അവൻ മനുഷ്യനെ ചിന്തിപ്പിക്കുന്നത്. അവന് വേണ്ടുവോളം ആലോചിക്കുവാനും വേണ്ടിവന്നാൽ തിരിച്ചുനടക്കുവാനും എല്ലാം വേണ്ട ഉൽബോധനങ്ങളും ഉപദേശങ്ങളും അവൻ നൽകി വരുന്നുണ്ട്. അതിന് അവൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ചിലപ്പോൾ വിചിത്രങ്ങളായിരിക്കാം. വളരെ ചെറിയതും നിരപദ്രവകാരികൾ എന്ന് തോന്നിക്കുന്നതുമായ സൂക്ഷ്മ ജീവികളെ കൊണ്ട് പോലും വലിയ വെല്ലുവിളി ഉയർത്തുക എന്നതൊക്കെ അങ്ങനെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ചിന്തകൾ തന്നെയാണ്. അത് ചിലപ്പോൾ ഇങ്ങനെയുള്ള ജീവികളെ ഉപയോഗിച്ചു വരെ ആവാം. കൗതുകമുളവാക്കുന്നതും പ്രത്യക്ഷത്തിൽ ഉത്തരങ്ങൾ നിശബ്ദമാകുന്നതുമായ ഇത്തരം ചിന്തകളെ ഉദ്ബോധനത്തിനായി ഉപയോഗിക്കുന്നത് അല്ലാഹുവിൻ്റെ രീതി തന്നെയാണ്. ഇസ്രായേൽ സന്തതികളെ ചിന്തിപ്പിക്കുവാൻ നൽകിയ ഒമ്പതു ദൃഷ്ടാന്തങ്ങളിൽ ഇത്തരം ചിലതു കൂടിയുണ്ടായിരുന്നു. വെട്ടുകിളി, പേൻ, തവള തുടങ്ങിയവ ആ ഗണത്തിൽ പെടുന്നു.
ഇതു ചിന്തയുടെ ഒരു ഭാഗം മാത്രമാണ്. മറ്റൊരു ഭാഗം കൂടിയുണ്ട്. അതു സൂചിപ്പിച്ചാണ് നാം തുടങ്ങിയത്. പരീക്ഷണങ്ങൾ ആവർത്തിച്ച് വരുന്നതിനെക്കുറിച്ചാണത്. ഇത് പറയുമ്പോൾ നമ്മുടെ മനോമുകരത്തിൽ തെളിയുന്ന ഒരു സൂക്തമുണ്ട്, വിശുദ്ധ ഖുർആനിൽ. അത് സൂറത്തുത്തൗബയിലെ 126-ാം സൂക്തമാണ്. അതിൽ അല്ലാഹു പറയുന്നു: 'ഓരോ കൊല്ലവും ഒന്നോ രണ്ടോ വട്ടം തങ്ങള്‍ പരീക്ഷണ വിധേയരാവുക തന്നെ ചെയ്യുന്നുണ്ട് എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടുമവര്‍ പശ്ചാത്തപിക്കുകയോ ആലോചിക്കുകയോ ചെയ്യുന്നില്ല'. ആവർത്തിച്ചുവരുന്ന പരീക്ഷണങ്ങൾ എന്താണ് അർത്ഥമാക്കുന്നത് എന്ന് ഈ ആയത്ത് നമ്മോട് പറഞ്ഞുതരികയാണ്. അത് മറ്റൊന്നുമല്ല, മനുഷ്യനെ സരളമായി അല്ലാഹു ഓരോന്ന് സൂചിപ്പിക്കുകയാണ്. ഇത്തരം ദൈവിക സൂചനകളെ വിശ്വാസികളുടെ ലോകം കാണുന്നതും സ്വീകരിക്കുന്നതും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും ദയാവായ്പ്പുമായിട്ടാണ്. തന്റെ പ്രതിനിധിയായ മനുഷ്യൻ ഒരു അപകടത്തിൽ വീഴരുത് എന്ന് അവൻ ആഗ്രഹിക്കുന്നു. അതിന്നായി അവൻ വീണ്ടും സൂചനകൾ നൽകുവാൻ തയ്യാറാകുന്നു. അപകടം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണല്ലോ സൂചനകൾ നൽകപ്പെടുന്നത്. അത് ആവർത്തിക്കുന്നത് ആ ആശയം എങ്ങനെയെങ്കിലും നടക്കണം എന്ന താല്പര്യം കൊണ്ടുമാണ്. സംഗതിയെ അങ്ങനെ വായിക്കുമ്പോൾ അതിൽ മറ്റൊരു സന്ദേശം കൂടി ഉള്ളടങ്ങിയിട്ടുണ്ട്. സൂചനകൾ ആവർത്തിക്കുന്നതിനനുസരിച്ച് കാര്യം ഗുരുതരമാകും എന്ന സൂചന. അഥവാ അവൻ പറഞ്ഞ കാര്യത്തെയും അക്കാര്യത്തിന് നൽകിയ താക്കീതിന്റെ സ്വരമുള്ള ഓർമ്മപ്പെടുത്തലുകളെയും സൂചനകളെയും നിരന്തരമായി അവഗണിച്ചാൽ താങ്ങാനാവാത്ത വില അതിനു നൽകേണ്ടിവരും. അത്ര കഠിനമായിരിക്കും അതിൻ്റെ ശിക്ഷ എന്നത്. ആയതിനാൽ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അതിനു മുമ്പിൽ വിശ്വാസികൾ ഉദാസീനരാവരുത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso