

പ്രവാചകൻ (സ്വ): പ്രകൃതവും പ്രഭാവവും
24-08-2024
Web Design
15 Comments
പ്രമേയ പ്രഭാഷണം
ടി എച്ച് ദാരിമി
പ്രവാചക പിറന്നാളിൻ്റെ ഓർമ്മകളിലേക്ക് മുസ്ലിം ലോകം വീണ്ടും കടന്നിരിക്കുകയാണ്. പ്രവാചകൻ എപ്പോഴുമെപ്പോഴും വിശ്വാസികളുടെ ഓർമ്മ തന്നെയാണ്. വിശ്വാസി തൻ്റെ ജീവിതവുമായി സഞ്ചരിക്കുമ്പോൾ സ്പർശിക്കുന്ന ഓരോ ബിന്ദുവിലും അവന് മുത്തുനബിയുടെ ഓർമ്മ കിട്ടുന്നുണ്ട്. കാരണം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് പറ്റിക്കിടക്കുന്നുണ്ട്. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും കച്ചവടക്കാരനായും ഭർത്താവും കുടുംബനാഥനുമായി ജീവിക്കുമ്പോഴും പറയുമ്പോഴും കേൾക്കുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ആ ഓർമ്മകൾ കടന്നുവരും. എന്നിട്ടും എന്താണ് പ്രവാചക പിറന്നാൾ ആഘോഷത്തിൻ്റെ സാംഗത്യം എന്ന് ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്. മേൽപ്പറഞ്ഞതെല്ലാം ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങൾ മാത്രമാണ്. അവിടെനിന്ന് പ്രധാനമായും ലഭിക്കുക ആ ഘട്ടം പകരുന്ന ഓർമ്മകളാണ്. അതേസമയം ജനനം അതിൻ്റെ എല്ലാം തുടക്കവും ആകെത്തുകയും ആണ് എന്നതാണ് അതിനുള്ള മറുപടി. സംഭവബഹുലമായ ഒരു ജീവിതത്തിൻ്റെ നാന്ദിയാണ് ജനനം എന്നത്. അത് രണ്ടു തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ഒന്നാമത്തേത് ഒരു പുതിയ പിറവി ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ ഉള്ളിൽ ഉയരുന്ന സന്തോഷം. ഈ സന്തോഷം ഒരുപക്ഷേ പിറന്നവൻ വികൃതിയായി മാറിയാലും നിരാശപ്പെടുത്തിയാലുമെല്ലാം നിലച്ചു പോകാം. അങ്ങനെയൊന്നും ആയില്ലെങ്കിൽ പ്രത്യേക മുഹൂർത്തത്തിൽ അഭിമാനത്തിന്റെ ചേരുവയായി അതൊരു സന്തോഷമായി വരാം. രണ്ടായിരുന്നാലും അതിൻ്റെ സന്തോഷം പരിമിതികൾ ഉള്ളതാണ്. രണ്ടാമത്തേത് ഈ ജനനത്തിൽ പിറന്ന ആൾ ജീവിച്ച ജീവിതം എല്ലാ അർത്ഥത്തിലും ഉള്ള സമ്പൂർണ്ണതയും എല്ലാവരുടെ മുമ്പിലും സംതൃപ്തിയും ഉള്ളതായി മാറുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ്. വലിയ നേതാക്കളുടെ ജയന്തികൾ ഈ അർത്ഥത്തിലാണ് വലിയ വികാരത്തോടെ ആചരിക്കപ്പെടുന്നത്. ഈ വിഷയത്തിലും നമ്മുടെ നബി മഹാസൗഭാഗ്യവാനാണ്. കാരണം രണ്ടുതരം സന്തോഷങ്ങളും ആ ജനനത്തെ പിന്തുടരുന്നുണ്ട്. മധുവിധുവിന്റെ മണം മാറുന്നതിനു മുമ്പ് മരണപ്പെട്ടുപോയ അബ്ദുല്ല എന്ന ഹതഭാഗ്യൻ്റെ ചോര ഒരു കുഞ്ഞായി ജനിക്കുന്നത് കാണാൻ ബനൂ ഹാഷിമും ബനൂമുത്തലിബും ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്ത് ആയിരുന്നു ആ ജനനം. ആ ജനനത്തിൽ തുടക്കം കുറിക്കപ്പെട്ട ജീവിതവും ജീവിതത്തിൻ്റെ നിയോഗവും എത്ര ആഘോഷിച്ചാലും ആചരിച്ചാലും മതിവരാത്ത അത്രയും വലിയ അഭിമാനവും സന്തോഷവുമാണ് വരച്ചു വെച്ചത്. ഇതിൽ രണ്ടാമത്തേത് ആണ് നമ്മുടെ വിചാരത്തിന്റെ വിഷയം.
എത്ര ആഘോഷിച്ചാലും ആചരിച്ചാലും അനുസ്മരിച്ചാലും മതിവരാത്ത അത്രയും അഭിമാനകരമായിരുന്നു ആ ജീവിതം എന്നത് കാണുവാൻ രണ്ടു കാര്യങ്ങളിലാണ് നമ്മുടെ ചിന്ത കേന്ദ്രീകരിക്കേണ്ടത്. അവ രണ്ടും നമ്മെ ആ ജീവിതത്തിൻ്റെ നിറങ്ങളിലേക്കും നിറവുകളിലേക്കും കൈപിടിച്ച് കൊണ്ടുപോകും. അവ രണ്ടും പ്രവാചകന്‍ എന്ന മഹാ ആശയത്തെ നമ്മുടെ മനസ്സുകളിൽ വരച്ചു വയ്ക്കും. ആ രണ്ടു ഘടകങ്ങൾ ചേർന്നുനിന്നാൽ അവ നമ്മെ പ്രവാചകനിലേക്ക് വലിച്ചടുപ്പിക്കും. അതോടെ പ്രവാചകപ്രണയം മനസ്സിൽ അങ്കുരിക്കും. അത് വിശ്വാസത്തിലേക്കും വിശ്വാസം നമ്മെ സ്വർഗ്ഗത്തിലേക്കും നയിക്കും. ഒരു വിശ്വാസിയുടെ ജീവിതത്തിൻ്റെ പരമമായ ഈ നേട്ടങ്ങളിലേക്ക് നയിക്കുന്ന ആ രണ്ടു കാര്യങ്ങൾ പ്രവാചകൻ(സ) യുടെ പ്രകൃതവും പ്രഭാവവും ആണ്.
പ്രകൃതം എന്നാൽ സ്വഭാവമാണ്. ഒരു ജീവി ജീവിച്ചുകൊണ്ടിരിക്കുന്ന സ്ഥലകാല പരിസരങ്ങൾക്കു വിധേയമായി നേടുന്ന അറിവുകളെയും തിരിച്ചറിവുകളെയും ജീവിതത്തിലേക്ക് പകർത്തുമ്പോൾ കൈവരുന്ന സവിശേഷമായ ശൈലിയെയാണ് പൊതുവേ സ്വഭാവം എന്ന് വ്യവഹരിക്കപ്പെടുന്നത്. സമീപനങ്ങൾ, ഇടപാടുകൾ, ഇടപെടലുകൾ തുടങ്ങിയവയിൽ ആണ് ഇത് പുറത്തു ചാടുക. അതിനാൽ തന്നെ മനുഷ്യർ സ്വഭാവം എന്ന ആശയത്തെ ഗ്രഹിക്കുവാൻ സാധാരണയായി സമീപനങ്ങളെയാണ് അളവ്കോലായി സ്വീകരിക്കുന്നത്. സമീപനങ്ങൾ എന്ന് പറയുമ്പോൾ ഒരു പഠനത്തിന് വേണ്ടി അതിനെ രണ്ടാക്കി വിഭജിക്കാം. ഒന്ന് നാം പഠിക്കുന്ന വ്യക്തി മറ്റുള്ളവരോട് പുലർത്തുന്ന സമീപനങ്ങൾ. രണ്ട്, മറ്റുള്ളവർ പുലർത്തുന്ന സമീപനങ്ങളോട് നാം പഠിക്കുന്ന വ്യക്തി കാണിക്കുന്ന പ്രതികരണങ്ങൾ. ഈ രണ്ടു തലത്തിലും പ്രവാചകൻ്റെ ജീവിതത്തിൽ പെറുക്കിയെടുക്കുവാൻ എണ്ണമറ്റ മുഹൂർത്തങ്ങൾ വിശ്വാസികൾക്കു മുമ്പിലുണ്ട്. ഒരർത്ഥത്തിൽ നബി (സ)യുടെ ജീവിതത്തിന്റെ ഓരോ കണികയിലും ചുവടിലും ഇതു കണ്ടെത്താൻ കഴിയും. നബി തിരുമേനി(സ)യുടെ സ്വഭാവത്തിൻ്റെ പൂർണ്ണതയും ആധികാരികതയും പത്നി ആയിഷ(റ) പറയുന്നതിൽ നിന്നും ഗ്രഹിക്കാം. സുറാറ (റ) നിവേദനം ചെയ്യുന്നു: സഅ്ദ് ബിൻ ഹിശാം ബിൻ ആമിർ (റ) ഒരു ദിനം ആയിശ(റ)യോടു ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, നബി(സ)യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ. അവർ ചോദിച്ചു: നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം അതേ എന്നു പറഞ്ഞു. അപ്പോൾ ആയിശ(റ) പറഞ്ഞു: നിശ്ചയം നബി(സ)യുടെ സ്വഭാവം ഖുർആനായിരുന്നു.
(മുസ്‌ലിം). മനുഷ്യകുലത്തിന് മാർഗ്ഗദർശനം നൽകുവാൻ സൃഷ്ടാവ് നൽകിയ അമൂല്യ ഗ്രന്ഥമാണ് ഖുർആൻ. ഒരു മനുഷ്യൻ്റെ ജീവിതത്തിനു വേണ്ട എല്ലാ ഉദ്ബോധനങ്ങളും അതുൾക്കൊള്ളുന്നുണ്ട്. ആ ഗ്രന്ഥത്തെ സ്വന്തം ജീവിതം കൊണ്ട് അവതരിപ്പിക്കുകയായിരുന്നു, അല്ലെങ്കിൽ സ്വന്തം ജീവിതത്തെ വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനമാക്കുകയായിരുന്നു നബി തിരുമേനി(സ) എന്ന് ചുരുക്കം. മനുഷ്യൻ്റെ കർമ്മങ്ങളിലൂടെയും സമീപനങ്ങളിലൂടെയും എല്ലാമാണ് സ്വഭാവം എന്ന പ്രകൃതം പുറത്തു കാണുക എന്നത് ശരിയാണ് എന്നു പറയുമ്പോഴും അത് എല്ലാവർക്കും അങ്ങനെ അനുഭവപ്പെട്ടു കൊള്ളണമെന്നില്ല. ഏറ്റവും അടുത്ത് ഇടപഴകുന്നവർക്ക് ആണ് അത് സത്യസന്ധമായി മനസ്സിലാക്കാൻ കഴിയുക. അത്തരം ഒരാളായിരുന്നു അനസ് ബിനു മാലിക്(റ). അദ്ദേഹം പറയുന്നു: ഞാൻ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം).
കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവുമായിരുന്നു നബി(സ) തങ്ങളുടേത്. മാലിക് ബിൻ ഹുവൈരിഖി(റ) പറയുന്നു: ഞങ്ങൾ കുറച്ചു പേർ റസൂൽ(സ)യുടെ അടുക്കൽ ചെല്ലുകയും അവിടെ ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. നബി(സ) കരുണാമനസ്കനും ലോല ഹൃദയനുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരു വേദനയോ ദുരന്തമോ കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സ്വന്തം അനുഭവമായി മനസ്സുകൊണ്ട് സ്വീകരിക്കുന്നത് നബിയുടെ പ്രകൃതമായിരുന്നു. മൗനവും പുഞ്ചിരിയും നബി(സ)യുടെ പ്രത്യേകതയായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല. അപമര്യാദയോടെ പെരുമാറിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാനും പൊറുക്കാനും നന്മയിൽ വർത്തിക്കാനും മാപ്പേകാനും അവിടുന്ന് സന്നദ്ധരായി. തന്നെ കൊല്ലാൻ വാടക കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്‌നു വഹബിനും നബി(സ) മാപ്പ് നൽകുകയുണ്ടായി. മക്കാ വിജയത്തിന്റെ അന്ന് തന്നെ ജീവിതകാലം മുഴുവനും വേട്ടയാടിയവരോട് നബി പൊറുത്തത് ഈ ഗണത്തിലെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ. അനസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അവർ രണ്ടുപേരും നടന്നു പോകുമ്പോൾ ഒരു അനാഗരികൻ വന്ന് നബിയുടെ കഴുത്തിലെ മുണ്ട് ബലമായി വലിച്ചുകയും തന്റെ കയ്യിലുള്ളത് എനിക്ക് തരാൻ പറയു എന്ന് അമാന്യമായി ആഘോഷിക്കുകയും ചെയ്യുകയുണ്ടായി. നബി(സ) അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേണ്ടത് കൊടുക്കാൻ നിർദേശിച്ചു. ഇങ്ങനെ പ്രതിയോഗികളോട് പോലും വിട്ടുവീഴ്ച കാണിക്കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ മനുഷ്യ ചരിത്രത്തിൽ കാണുക സാധ്യമല്ല.
മറ്റുള്ളവരുമായി കശപിശ ഉണ്ടാക്കുന്ന ഒരു കലഹപ്രിയനോ ആരെങ്കിലും അരുതാത്ത തെന്തെങ്കിലും ചെയ്താൽ അതിൻ്റെ പേരിൽ പ്രതികാരം ചെയ്യുന്ന ഒരു പ്രതികാര ദാഹിയോ ആയിരുന്നില്ല നബി(സ) തങ്ങൾ. വിട്ടുവീഴ്ചയുടെയും വിശാലമനസ്സിന്റെയും പ്രതീകമായിരുന്നു അവിടുന്ന്. ആയിശ (റ) പറയുന്നു: റസൂൽ (സ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ട് വീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി) നബി തങ്ങൾ തന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും പ്രതികാരം ചെയ്തില്ല. ആഇശ(റ) പറയുന്നു: വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി (സ) ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്‌ലിം). ആഇശ(റ) തന്നെ പറയുന്നു: റസൂൽ (സ) ഏതെങ്കിലും അക്രമത്തിന് പ്രതികാരം ചെയ്യുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അല്ലാഹുവിന്റെ പവിത്രതകൾ ഏതെങ്കിലും ലംഘിക്കപ്പെടുമ്പോഴല്ലാതെ. അല്ലാഹുവിന്റെ പവിത്രതകൾ വല്ലതും ലംഘിച്ചാൽ അതിൽ കഠിനമായി കോപിക്കുന്നയാൾ
അവിടുന്നാകുമായിരുന്നു. (തിർമിദി). മാത്രമല്ല, പ്രതികാരം ചെയ്യരുതെന്നും വിട്ടു വീഴ്ച്ച ചെയ്യണമെന്നും അനുയായികളെ നബി(സ) പഠിപ്പിക്കുമായിരുന്നു. മറ്റുള്ളവരെ ശപിക്കുന്നത് നബിയുടെ രീതി ആയിരുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ)യോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക എന്ന്. നബി (സ) പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല, കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്. (മുസ്‌ലിം)
നബി(സ) സദാ മുഖപ്രസന്നനായിരുന്നു. ലളിത സ്വഭാവിയും വിശാല മനസ്‌കനുമായിരുന്നു. ആരേയും കുറ്റപ്പെടുത്തുകയോ അമിതമായി പ്രശംസിക്കുകയോ ചെയ്യുമായിരുന്നില്ല. അനിഷ്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തില്ല. പുറത്തെ ലോകത്തിൻ്റെ മാത്രം സാക്ഷ്യം അല്ല ഇത്. വീട്ടിനകത്തെ അനുഭവവും അതുതന്നെയായിരുന്നു. ആഇശ(റ) പറയുന്നു: ‘തിരുനബി(സ) ഒരിക്കൽ പോലും ഭാര്യമാരെയോ വേലക്കാരെയോ ശകാരിച്ചിട്ടില്ല. ഭാര്യമാരുമായി സല്ലപിച്ചിരുന്നു. വീട്ടുജോലികളിൽ സഹായിക്കും. ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ പൂർണമായും ശ്രദ്ധിച്ചിരുന്നു. മരണശയ്യയിലായപ്പോൾ മറ്റു ഭാര്യമാരുടെ സമ്മതം വാങ്ങിയാണ് എന്റെ അരികിൽ താമസിച്ചത്.’ വീട്ടിലുള്ള മക്കളോടും പേരമക്കളോടും അങ്ങേയറ്റം വാത്സല്യവും വിനയവും പുലർത്തുമായിരുന്നു. ജാബിർ(റ) പറയുന്നു: ‘ഞാനൊരിക്കൽ തിരുനബി(സ)യുടെ അടുക്കൽ ചെന്നപ്പോൾ പേരക്കിടാങ്ങളായ ഹസനും ഹുസൈനും അവിടുത്തെ മുതുകിൽ കയറിയിരിക്കുന്നു. ഇതുകണ്ട് ഞാൻ പറഞ്ഞു; 'മുന്തിയ വാഹനം തന്നെയാണല്ലോ! നബി(സ)യുടെ മറുപടി: വാഹനത്തിലിരിക്കുന്നവരും ഉന്നതർ തന്നെ.’
സ്വഭാവം നബിയുടെ ആയുധവും ഇന്ധനവും ഔഷധവും എല്ലാമായിരുന്നു. തികച്ചും അന്യായമായി സ്വന്തം നാട്ടുകാരായ മക്കക്കാർ നബിയെയും അനുയായികളെയും ശല്യം ചെയ്തപ്പോൾ ദീർഘമായ 13 വർഷം അത് ക്ഷമിക്കാനും സഹിക്കാനും ആണ് നബി ശ്രമിച്ചത്. എല്ലാ സഹനത്തിന്റെയും ചരടുകൾ പൊട്ടിപ്പോകുന്ന സാഹചര്യം വന്നപ്പോൾ പ്രതികരിക്കാതെ മാറി നിൽക്കുവാനായിരുന്നു നബിയോട് കൽപിക്കപ്പെട്ടതും നബി(സ) ചെയ്തതും. ഒന്നും രണ്ടും ഹിജ്റകൾ അതിന് മതിയായ ഉദാഹരണമാണ്. കേവലം 23 വർഷങ്ങൾ കൊണ്ട് അറേബ്യൻ ഉപദ്വീപ് മുഴുവനും സ്വന്തമാക്കുവാൻ കഴിഞ്ഞതിന്റെ പിന്നിൽ യുദ്ധങ്ങളുടെയും ആയുധങ്ങളുടെയും പിൻബലവും ശക്തിയും അല്ല ഉള്ളത് എന്ന് മുൻധാരണകൾ ഇല്ലാതെ ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും. ആ സ്വഭാവ മഹിമയുടെ മുമ്പിൽ അറബികൾ പഞ്ചപുച്ച മടക്കി നിൽക്കുകയായിരുന്നു. ഈ വസ്തുത വിശുദ്ധ ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: നബിയേ, അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് സൗമ്യമായി അവിടുന്ന് ജനങ്ങളോട് പെരുമാറിയത്. അങ്ങ് പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നുപോവുമായിരുന്നു.’ പ്രവാചകരുടെ സ്വഭാവ നൈർമല്യമാണ് ഖുർആൻ സൂചിപ്പിക്കുന്നത്. ശത്രുക്കൾ പോലും അവിടുത്തെ സത്യസന്ധതയിലും വിശ്വസ്തതയിലും തർക്കമില്ലാത്തവരായിരുന്നു. അബൂജഹൽ ഒരിക്കൽ നബി(സ)യോടു പറഞ്ഞു: ‘മുഹമ്മദേ, താങ്കൾ സത്യസന്ധനും വിശ്വസ്തനുമാണെന്ന് എനിക്കറിയാം. പക്ഷേ, താങ്കൾ കൊണ്ടുവന്ന മതം ഞാൻ അവിശ്വസിക്കുന്നു.’ തികഞ്ഞ ജർമ്മൻ ഓറിയന്റലിസ്റ്റായ ഡോക്ടർ ഗുസ്താവ് വീൽ തൻ്റെ 'ഹിസ്റ്ററി ഓഫ് ഇസ്ലാമിക് പീപ്പിൾ' എന്ന ഗ്രന്ഥത്തിൽ തുറന്നെഴുതുന്നു: 'തന്റെ ജനങ്ങൾക്ക് തിളങ്ങുന്ന ഒരു മാതൃകയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിൻ്റെ സ്വഭാവം വിശുദ്ധവും കറ പുരളാത്തതുമായിരുന്നു. അദ്ദേഹത്തിൻ്റെ വീടും വസ്ത്രവും ഭക്ഷണവും ലളിതമായിരുന്നു. യാതൊരുവിധ ജാഡകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനുയായികളിൽ നിന്ന് ആദരവിൻ്റെ പ്രത്യേക ഔദാര്യങ്ങൾ ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല'
ജീവിതത്തില്‍ ഒരിക്കല്‍പോലും കളവ് പറഞ്ഞിട്ടില്ല. ആരെയും വഞ്ചിച്ചിട്ടില്ല. കരാര്‍ലംഘനം നടത്തിയിട്ടില്ല. ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കുമ്പോഴാണ് ഇത്തരം ചിന്തകൾ വരുന്നത്. വാശിയും വൈരാഗ്യവും വെറുപ്പും കളവും കാപട്യവുമെല്ലാം ഇങ്ങനെ വരുന്നതാണ്. വളരെ ലളിതമായി ജീവിക്കുന്നതായിരുന്നു നബി തങ്ങൾക്ക് ഇഷ്ടം. ആഇശ(റ) പറയുന്നു: 'അതിഥികള്‍ ഉള്ളപ്പോഴല്ലാതെ നബി(സ) റൊട്ടിയും മാംസവും കൊണ്ട് വയറു നിറച്ചിട്ടില്ല.' തന്നെ കേൾക്കുന്നത് പോലും ജനങ്ങൾക്ക് ആയാസകരമായിരിക്കണമെന്ന് നബി(സ) തങ്ങൾക്ക് ഉണ്ടായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സാവകാശം വാക്കുകളും വാചകങ്ങളും വേര്‍തിരിച്ചുകൊണ്ടായിരുന്നു ആ സംസാരം. മറ്റുള്ളവരുടെ പുകഴ്ത്തൽ പോലും അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. 'ക്രിസ്ത്യാനികള്‍ ഈസാ നബിയെ അതിരുകവിഞ്ഞ് വാഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ അതിരുകവിഞ്ഞ് വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും റസൂലുമാണ്' എന്ന് നബി (സ) പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
ആ സ്നേഹം മനുഷ്യകുലത്തിന്റെ പലപ്പോഴും അതിരുകൾ കടന്ന് ജീവലോകത്തിലേക്ക് പകരുകയും പടരുകയും ചെയ്യുകയുണ്ടായി. പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു. ഉറുമ്പിൽ കൂട്ടത്തിൽ ആരോ തീയിട്ടപ്പോൾ അതിൽ ആത്മാർത്ഥമായി നബിമനസ്സ് ഖേദിച്ചു. മതിയായ ഭക്ഷണമോ മറ്റോ നൽകാതെ കെട്ടിയിട്ടിരിക്കുന്ന ഒട്ടകത്തെ ചൂണ്ടിക്കാണിച്ച് ഉടമയോട് 'നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ' എന്ന് നബി ചോദിക്കുമ്പോൾ ആ മനസ്സിലെ ജീവികളോടുള്ള കാരുണ്യം വീണ്ടും മറ നീക്കി പുറത്തുവരികയാണ്. ജീവിതത്തോട് ഒട്ടി നിൽക്കുന്നവരാണ് ജീവിതപങ്കാളികൾ. അവിടെ എന്തായിരുന്നു അവസ്ഥ എന്നുകൂടി കേൾക്കുമ്പോൾ ആ സ്വഭാവത്തിന് അംഗീകാരം നൽകാതിരിക്കാൻ നമുക്ക് കഴിയില്ല. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം അവരോടെല്ലാം നബി (സ) നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നല്ലവന്‍ എന്ന തത്ത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി നബി തങ്ങൾ വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. പുറത്തുപോകാൻ ഭാവിക്കുമ്പോൾ വഴിയില്‍ വെച്ചൊരു ചുംബനം നല്‍കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.'
യാത്രയില്‍ പോലും ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് നീതി കാണിക്കും. ആരാധനയില്‍ ഭാര്യമാര്‍ക്ക് പ്രേരണയും പ്രോല്‍സാഹനവും നല്‍കി. പാതിരാവായാല്‍ ഭാര്യമാരെ നമസ്‌കാരത്തിനു വിളിച്ചുണര്‍ത്തും. അങ്ങനെ ജീവിതത്തിൻറെ എല്ലാ മുഖങ്ങളിലും ആ സ്വഭാവ മഹിമ പ്രതിഫലിച്ചു നിന്നു. ‘അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു' എന്ന് ഖുർആൻ. (അൽ ഖലം : 4)
രണ്ടാമത്തേത് പ്രഭാവമാണ്. പ്രഭാവം എന്നാൽ തെളിച്ചം, ശോഭ എന്നെല്ലാമാണ് അതിൻ്റെ അർത്ഥം. അതിൻ്റെ ആശയമാ വട്ടെ നബി തിരുമേനി(സ)യുടെ ജീവിതം, സന്ദേശം എന്നിവ ലോകത്തിൽ ചെലുത്തിയ സ്വാധീനങ്ങളാണ്. അവയിൽ ഏറ്റവും വലുത് വെറും 23 കൊല്ലങ്ങൾ കൊണ്ട് തബൂക്ക് മുതൽ യമൻ വരെ നീണ്ടു കിടക്കുന്ന അറേബ്യൻ ഉപഭൂഖണ്ഡത്തെ ആശയപരമായി ഏകോപിപ്പിക്കുകയും ചെയ്തു എന്നതാണ്. പലരും നബി തിരുമേനി(സ)യെ വായിക്കുന്നത് അറേബ്യ പിടിച്ചടക്കി എന്ന ധ്വനിയിലാണ്. അത് തെറ്റാണ്. മനുഷ്യൻ്റെ ഏറ്റവും വലിയ പ്രശ്നം വിഭാഗീയതയും വേറിട്ട് നിൽക്കലുമാണ്. ഓരോരുത്തരും ഓരോ ശീർഷകത്തിൽ വേറിട്ട് നിൽക്കുകയും സംഘടിക്കുകയും മുന്നോട്ട് പോവുകയും ചെയ്യുമ്പോഴാണ് മനുഷ്യർക്കിടയിൽ യുദ്ധങ്ങളും കലാപങ്ങളും ഉണ്ടാകുന്നത്. അതോടൊപ്പം അവരുടെ മൊത്തത്തിലുള്ള മാനുഷിക ശേഷിയെ അവരുടെ ലോകത്തിൻ്റെ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയാതെ വരികയും ചെയ്യും. ലോകത്തുണ്ടായ എല്ലാ പ്രശ്നങ്ങളുടെയും കലാപങ്ങളുടെയും കുറവുകളുടെയും പിന്നാമ്പുറങ്ങൾ പരതി പിന്നോട്ട് നടന്നുനോക്കിയാൽ ഈ സത്യത്തിൽ എത്താതിരിക്കാൻ കഴിയില്ല. ആദ്യകാലത്തെ മനുഷ്യൻ്റെ ലോകത്തിന് വലിയ വിസ്തൃതി ഉണ്ടായിരുന്നില്ല. ലോകത്തിൻ്റെ ഏതോ മടക്കുകളിലും കോണുകളിലും കൂടാരം കെട്ടിയ കുടുംബങ്ങളായി അവർ ജീവിക്കുകയായിരുന്നു. അവരുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, അവകാശങ്ങൾ തുടങ്ങിയവയ്ക്കുമെല്ലാം പരിധിയുണ്ടായിരുന്നു. എന്നാൽ നബി തിരുമേനി(സ)യുടെ കാലമാകുമ്പോഴേക്കും ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലും ജനങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഏതാനും ചില കുടുംബ കൂട്ടായ്മകൾക്ക് മാത്രം മനുഷ്യൻ്റെ ലോകത്തെ സംരക്ഷിക്കാൻ കഴിയുമായിരുന്നില്ല. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അവരെ മുഴുവനും പരമാവധി ഏകീകരിപ്പിക്കാതെ പറ്റില്ല എന്ന സാഹചര്യം വന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് മനുഷ്യനെ പരമാവധി ഒന്നിപ്പിക്കുവാൻ അല്ലാഹു തൻ്റെ ദൂതനായി നബി തിരുമേനി(സ)യെ നിയോഗിക്കുന്നത്. സൃഷ്ടാവായ അല്ലാഹു നിയോഗിക്കുന്ന ദൂതനാകുമ്പോൾ ആ ദൂതൻ വഴി അല്ലാഹു മനുഷ്യരെ ഒന്നിപ്പിക്കുന്നത് സത്യത്തിന്റെയും നന്മയുടെയും നേരിന്റെയുമെല്ലാം വഴിയിലായിരിക്കും. ആ വഴിയെ ആണ് ഇസ്ലാം എന്ന് ഒറ്റവാക്കിൽ പറയുന്നത്. അപ്പോൾ ഇസ്ലാം എന്ന നന്മയുടെ പ്രമേയത്തിൽ മനുഷ്യകുലത്തെ ഏകീകരിച്ചു നിർത്തുവാൻ വേണ്ടിയായിരുന്നു നബിയുടെ നിയോഗം. അത് നബി തൻ്റെ ജീവിതകാലത്ത് ചെയ്യുകയും ചെയ്തു. അറേബ്യൻ ഉപഭൂഖണ്ഡം മുഴുവനും നബിയുടെ പിന്നിൽ ഈ ആശയത്തിൽ അണിനിരന്നു. അവർ ആകെ ഏതാണ്ട് ഒന്നരലക്ഷം മനുഷ്യന്മാരായിരുന്നു. അവരെ എല്ലാവരെയും മക്കയിലെ അറഫയിൽ വിളിച്ചുചേർത്ത് ഞാൻ നിങ്ങൾക്ക് വഴി കാണിച്ചു തന്നില്ലേ എന്ന് ചോദിക്കുകയും അവരെക്കൊണ്ട് ഉത്തരം പറയിക്കുകയും ചെയ്തതിനുശേഷം ആണ് നബി സന്തോഷത്തോടെ കണ്ണടച്ചത്.
23 കൊല്ലങ്ങൾ കൊണ്ട് ഇത്രയും വലിയ ഒരു ദൗത്യം പൂർത്തിയാക്കുകയും അതിൽ 100% വിജയിക്കുകയും ചെയ്ത ഒരു സാമൂഹ്യ പരിഷ്കർത്താവിനെയോ നവോത്ഥാന നായകനെയും ലോകചരിത്രം കണ്ടിട്ടേയില്ല. ലോകത്തെ മുഴുവനും ഈ അർത്ഥത്തിൽ ഒന്നിപ്പിക്കുവാൻ നബിക്ക് അവസരം ഉണ്ടായില്ല എങ്കിലും ഒന്നിക്കണം എന്ന താൽപര്യമുണ്ടെങ്കിൽ ഇങ്ങനെ ഒരു വഴിയുണ്ട് എന്ന സന്ദേശം നൽകുവാൻ നബി(സ)ക്ക് കഴിഞ്ഞു. അത് നബി(സ) ഈ ലോകത്തിന് ചെയ്ത മഹാദാനങ്ങളിൽ മറ്റൊന്നാണ്. ആ വഴിയുടെ യുക്തിഭദ്രതയും ശരിയും കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മുഹമ്മദ് നബിയെയാണെന്നതില്‍ സംശയമില്ല. ഈ പറഞ്ഞ 23 കൊല്ലത്തിൽ തന്നെ ആദ്യത്തെ 13 വർഷവും ഒന്നിനും കഴിയാത്ത അതിദുർബലമായ സാമൂഹ്യ സാഹചര്യങ്ങളിൽ ഉഴലുന്ന കാലമായിരുന്നു. ബാക്കി പത്തു വർഷങ്ങൾ കൊണ്ടാണ് ഇതെല്ലാം നിവൃത്തി ചെയ്തതും ലോകത്തിനു സമർപ്പിച്ചതും. നബി തിരുമേനി തൻ്റെ ദൗത്യം ആരംഭിക്കുമ്പോൾ അറേബ്യയിൽ ഒരു വ്യവസ്ഥിതിയോ ഒരു ഭരണകൂടമോ ഒരു ജീവിത സംഹിതയോ ഒന്നുമുണ്ടായിരുന്നില്ല. ഓരോരുത്തരും തങ്ങളുടെ നിഗമനങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന ഒരു കാലമായിരുന്നു അത്. അതിനിടയിലാണ് ഇത് സാധിപ്പിച്ച് എടുത്തത് എന്നത് സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ആ ജനതയെ മനസ്സ് മാറ്റിയെടുത്തായിരുന്നു ഈ ദൗത്യം വിജയിപ്പിച്ചത്. ആയുധം കൊണ്ടായിരുന്നു ദൗത്യം വിജയിപ്പിച്ചത് എന്ന് ആരോപണമുണ്ട്. പക്ഷേ ഈ ആരോപണം ഉന്നയിക്കുന്നവർ അത് പരിശോധിക്കുവാനോ ആ വിഷയത്തിൽ ചർച്ച ചെയ്യുവാനോ ഒന്നും തയ്യാറാവില്ല. കാരണം, ഇത് വെറും ഒരു ആരോപണം എന്നതിലപ്പുറം ഒരുതരം അടിസ്ഥാനവും ഉള്ള കാര്യമല്ല. സാമൂഹ്യമാറ്റം മനുഷ്യൻ്റെ മനസ്സിൻ്റെ മാറ്റത്തിൽ നിന്നാണ് അല്ലാതെ അവൻ്റെ കായിക ശക്തിയിൽനിന്നോ ആയുധ ശക്തിയിൽ നിന്നോ അല്ല തുടങ്ങേണ്ടത്. അതാണ് അവിടെ നടന്നത്. ഉദാഹരണമായി വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവരും അവയെ കഅ്ബാലയത്തിൽ നിരത്തിവെച്ചിരുന്നവരും തന്നെയാണ് ആ വിഗ്രഹങ്ങളെ എടുത്തെറിഞ്ഞത്. നബിയോ നബിക്കു വേണ്ടി മറ്റാരോ ആയിരുന്നില്ല.
ഈ യജ്ഞം പൂർത്തീകരിക്കുവാൻ കേവലം പ്രസംഗങ്ങളെയോ പ്രഭാഷണങ്ങളെയോ ഉപദേശങ്ങളെയോ മാത്രമല്ല നബി ആശ്രയിച്ചത്. മറിച്ച് സമൂഹത്തിൻ്റെ ഓരോ ഘടകത്തിലും നബി(സ) കൈവെച്ചു. അവിടങ്ങളിലെല്ലാം പ്രശ്നങ്ങൾ പരിഹരിക്കുകയും തൻ്റെ ആശയത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അതുകൊണ്ട് ഇസ്ലാം പ്രചാരം നേടിയപ്പോൾ തന്നെ സാംസ്കാരികമായ ഒരു ശക്ത സമൂഹം അവിടെ പിറവിയെടുത്തു. നല്ല സ്വഭാവവും സംസ്കാരവും ഉള്ള മനുഷ്യരെ നബി(സ) വളർത്തിയെടുത്തു. മൂല്യബോധമുള്ള നേതാക്കന്മാരെ നബി(സ) പരിശീലിപ്പിച്ചെടുത്തു. സമർഥരും സത്യസന്ധരുമായ കർഷകരെയും കച്ചവടക്കാരെയും വ്യാപാരികളെയും ഉണ്ടാക്കി. നീതിയും നിയമവും കൈവിട്ടു പോകാതിരിക്കാനുള്ള എല്ലാ ജാഗ്രതയും മുൻകരുതലുകളും സ്വീകരിച്ചു. നല്ല ഭർത്താക്കന്മാരെയും നല്ല ഭാര്യമാരെയും അവർ വഴി നല്ല കുടുംബങ്ങളെയും സ്ഥാപിച്ചെടുത്തു. സമൂഹത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് തേങ്ങൽ ഉണ്ടാവാതിരിക്കുവാൻ വേണ്ട ജാഗ്രതയും അഥവാ ഉണ്ടായാൽ അതു വേഗത്തിൽ പരിഹരിക്കാൻ ആവശ്യമായ സംവിധാനവും രൂപീകരിച്ചു. സ്വന്തം ഭൂമിയിലെ കൃഷിയും പള്ളിയും പാഠശാലയും ദിക്റ് ഹൽഖയും യുദ്ധക്കളവും പ്രബോധന വീഥിയും ഒരേസമയം സജീവമാക്കി നിലനിർത്തുവാൻ വേണ്ടതെല്ലാം ചെയ്തു. ഒപ്പം തന്നെ രാഷ്ട്രീയം, നയതന്ത്രം, യുദ്ധതന്ത്രം, നീതിന്യായം തുടങ്ങി സമൂഹത്തിന്റെ അവശ്യ ഘടകങ്ങളെയും തന്റെ ആശയത്തിന്റെ തണലിൽ തന്നെ സ്ഥാപിച്ചെടുത്തു. അടുത്ത വീട് മുതൽ അടുത്ത നാടിലൂടെ അയൽപക്കം എന്ന ബന്ധത്തെ ആത്മീയമായ നനവോടെ വ്യാപിപ്പിച്ചു. പ്രകൃതിയെ താന്താങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു കൊണ്ട് പരിചരിക്കുന്നതിൽ ആത്മീയമായ ആവേശവും ഊർജ്ജവും പകർന്നു നൽകി പ്രോത്സാഹിപ്പിച്ചു. മനുഷ്യൻ്റെ ശരിയായ വികാസവും പുരോഗതിയും ഇതാണ് എന്ന് ഒപ്പത്തിനൊപ്പം നബി(സ) പഠിപ്പിക്കുന്നുണ്ടായിരുന്നു. ധാരാളം സ്വത്ത് കുമിഞ്ഞു കൂടുന്ന കാലമായിരുന്നില്ല അത്. പക്ഷേ, എന്നിട്ടും നബിയുടെ നാട് മുഴുവനും സന്തോഷത്തിലായിരുന്നു. പണമല്ല മനുഷ്യൻ്റെ ബന്ധങ്ങളും അവയുടെ ആത്മീയമായ ഭാവങ്ങളും ആണ് സമ്പന്നതയുടെ മാനദണ്ഡം എന്ന് പഠിപ്പിക്കുകയായിരുന്നു നബി തിരുമേനി(സ).
ഈ പ്രഭാവങ്ങൾക്കെല്ലാം ഏതുകാലത്തെയും ഏതു ദേശത്തെയും മറികടക്കുവാനുള്ള കഴിവും കരുത്തും ഉണ്ടായിരുന്നു എന്നയിടത്തു നിന്നാണ് ലോകം കണ്ട പല സാമൂഹ്യ സമുദായകരിൽ നിന്നും നബിയെ നാം വേർതിരിക്കുന്നത്. അവർ ചെയ്തതും ഉണ്ടാക്കി വെച്ചതുമെല്ലാം അവരോടൊപ്പം തന്നെ മണ്ണിലേക്ക് മടങ്ങിയപ്പോഴും നബി(സ) തിരുമേനിയുടെ ലോകം ആ പ്രഭാവത്തിൽ തിളങ്ങി ഇപ്പോഴും നിലനിൽക്കുകയാണ്. അതുകൊണ്ടാണ്, ”ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തികളുടെ പട്ടിക നയിക്കാന്‍ ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. ചിലര്‍ അതിനെ ചോദ്യം ചെയ്യാനിടയുണ്ട്. എന്നാല്‍ മതപരവും മതേതരവുമായ തലങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും പരമമായ വിജയം വരിച്ച വ്യക്തി അദ്ദേഹം മാത്രമാണ്. മരണത്തിന് നൂറ്റാണ്ടുകള്‍ക്കുശേഷവും അദ്ദേഹത്തിന്റെ സ്വാധീനം എന്നും ശക്തവും സര്‍വ്വവ്യാപകവുമായി തുടരുകയാണ്” എന്ന് തൻ്റെ എ റാങ്കിംഗ് ഓഫ് ദ മോസ്റ്റ് ഇൻഫ്ളൂവൻഷ്യൽ പേഴ്സനലിറ്റീസ് ഇൻ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിൽ മൈക്കിൾ എച്ച്. ഹാർട്ട് പറയുന്നതും.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso