Thoughts & Arts
Image

സകലരുടെയും സ്നേഹ റസൂൽ

14-09-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഉമ്മ സുഅദായുടെ കൂടെ വിരുന്ന് വന്നതായിരുന്നു എട്ടുവയസ്സുകാരൻ മകൻ സൈദ് ബിൻ ഹാരിസ. വിരുന്നിന്റെ പൊലിവിനിടയിൽ രാത്രി എപ്പോഴോ അവരുടെ വീട് ആക്രമിക്കപ്പെട്ടു. കൊള്ളക്കാർ കണ്ടതെല്ലാം കൊണ്ടുപോയി. ഒപ്പം ഈ എട്ടുവയസ്സുകാരൻ വിരുന്നുകാരൻ കുട്ടിയെയും. അടിമത്വം നിലനിൽക്കുന്ന കാലമാണ്. അവർ കുട്ടിയെ ചന്തയിൽ വിറ്റു. അതേ അടിമച്ചന്തയിൽ തന്നെ പിന്നെയും പിന്നെയും അവൻ വിൽക്കപ്പെട്ടു. അവസാനം അവൻ്റെ ഭാഗ്യം തെളിഞ്ഞത് ഉക്കാദ് ചന്തയിൽ വെച്ച് മക്കയിലെ പ്രധാനി ഹക്കീം ബിൻ ഹിസാം അവനെ വാങ്ങിയപ്പോഴാണ്. അപ്പോഴേക്കും പക്ഷേ സുഅദായുടെ കണ്ണുകൾ കരഞ്ഞു കരഞ്ഞ് വറ്റിയിരുന്നു. പിതാവ് ഹാരിസയുടെ കാലുകൾ തിരഞ്ഞു നടന്നുനടന്നു കുഴഞ്ഞിരുന്നു. ഇനി മകനെ കിട്ടുകയില്ല എന്ന് രണ്ടുപേരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഏക ആൺതരിയാണല്ലോ. ഹക്കീം ഈ കുട്ടിയെ തന്റെ അമ്മാവി ഖദീജ ബീവിക്ക് സമ്മാനിച്ചു. മുഹമ്മദ് നബിയുമായുള്ള കല്യാണം നടന്നപ്പോൾ ഖദീജ ബീവി ഈ കുട്ടിയെ പ്രിയതമന് സമ്മാനമായി നൽകി. അങ്ങനെ വിരുന്നിന് വീട്ടിൽ നിന്നിറങ്ങിയ ബാലൻ മക്കയിൽ മുഹമ്മദ് നബിയുടെ വീട്ടിലെ ഭൃത്യനായി. അവനെ പക്ഷേ ആ വീട്ടുകാർ ഒരിക്കലും ഒരു അന്യനായോ അടിമയായോ കണ്ടില്ല. അവർക്ക് അവൻ അവരുടെ വീട്ടിലെ ഒരു അംഗമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ മക്ക നഗരത്തിൽ വച്ച് സൈദിന്റെ നാട്ടുകാരനായ ഒരാൾ സെയ്ദിനെ കണ്ടു തിരിച്ചറിഞ്ഞു. അയാൾ ഓടിപ്പോയി ഹാരിസയോട് വിവരം പറഞ്ഞു. എന്തുവിലകൊടുത്തും മകനെ തിരിച്ചു വാങ്ങിക്കുവാൻ പണവും സ്വാധീനവുമായി ഹാരിസ നബിയുടെ വീട്ടിലെത്തി. എൻ്റെ മകനെ തിരിച്ചു തരണം, ഞാനെന്തു വേണമെങ്കിലും വിലയായി തരാം, ഞങ്ങൾക്ക് അവൻ മാത്രമേയുള്ളൂ; പിതാവ് നബി(സ)യുടെ മുമ്പിൽ തന്റെ ആവശ്യം സമർപ്പിച്ചു. നീതിമാനായ നബി(സ) തലയുയർത്തി. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ ഒന്നും തരേണ്ട. നിങ്ങളുടെ കുട്ടിയെ കൊണ്ടുപോകാം. നബി തിരുമേനി പറഞ്ഞു. മാത്രമല്ല, അകത്ത് എവിടെയോ ഇരിക്കുന്ന സൈദിനെ വിളിച്ചുവരുത്തുകയും ചെയ്തു. പിതാവിനെ കണ്ടതും സൈദിന് സന്തോഷം വന്നു എങ്കിലും 'നിനക്ക് ഇവരോടൊപ്പം പോകാം' എന്ന് പറഞ്ഞപ്പോൾ ആ കൊച്ചു കുട്ടി നബി (സ)യിലേക്ക് ചേർന്നുനിന്നു. പിന്നെ കെട്ടിപ്പിടിച്ചു. 'ഞാൻ പോകില്ല, അങ്ങാണ് എൻ്റെ ഉപ്പയും ഉമ്മയുമെല്ലാം..' അവൻ പറഞ്ഞു. അത് കേട്ടപ്പോൾ നബി(സ)യുടെ മനസ്സിലും സന്തോഷാതിരേകം പതഞ്ഞുയർന്നു. അവനെ ചേർത്തുപിടിച്ച് നബി(സ) എല്ലാവരും കേൾക്കെ പ്രഖ്യാപിച്ചു: 'ഇവൻ ഇന്നു മുതൽ എൻ്റെ മകനാണ്..' നബി(സ)യോട് അങ്ങോട്ടും നബി ഇങ്ങോട്ടും പരസ്പരം പകർന്ന സ്നേഹ വായ്പുകളുടെ ആഴവും പരപ്പും കാണിച്ചുതരുകയാണ് ഈ സംഭവം.



നബി(സ) തിരുമേനി ലോകത്തിന് പകർന്നത് സ്നേഹമാണ് എന്ന് പറയാം. ജീവിതക്രമത്തിന്റെ ഭാഗമായോ ആരാധന മുറകളുടെ ഭാഗമായോ രാഷ്ട്രീയം, വ്യാപാരം, സാമൂഹ്യ ജീവിതം, കുടുംബജീവിതം തുടങ്ങിയവയുടെ ഭാഗമായോ നബി(സ)യുടെ ആദർശം എന്തു പഠിപ്പിച്ചിട്ടുണ്ടെങ്കിലും അത് ചികഞ്ഞു നോക്കിയാൽ അതിൽ സ്നേഹം നനഞ്ഞു കിടക്കുന്നത് കാണാം. നബി(സ)യുടെ സ്നേഹം പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയാത്ത അത്ര വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹ വൃന്ദത്തിലുണ്ട്. മനഷ്യനു പുറമെ പക്ഷിമൃഗാദികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും കണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും മനസ്സ് ആ നബിയിലേക്ക് ചേർന്നു നിൽക്കുന്നത്. ആ കാരുണ്യത്തെ നിഷ്കളങ്കമായി തുറന്നു കാണുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സൈദുനില്‍ ഖൈറിന്‍റെയും, തുമാമ ബിൻ ഉസാലിൻ്റെയും കഥകള്‍ വായിച്ചു ഊറ്റം കൊള്ളാനുള്ളതല്ല. മറിച്ച് മുത്ത്നബിയുടെ സ്നേഹ പരിസരത്തെ തിരിച്ചറിയാനുള്ളതാണ്. ഇത് തിരിച്ചറിയുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാരണം അതുവഴിയാണ് ആ പ്രവാചകനിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് എത്തിച്ചേരാൻ കഴിയുക. അങ്ങനെ ചിന്തിക്കുന്നവർക്ക് അതിന് സാഹചര്യം ഒരുങ്ങുവാൻ വേണ്ടിയാണ് അല്ലാഹു ആ ജീവിതത്തെ മനോഹരമായ രംഗങ്ങൾ കൊണ്ടും സമ്പന്നമായ സ്വഭാവങ്ങൾ കൊണ്ടും നിഷ്കളങ്കമായ സമീപനങ്ങൾ കൊണ്ടും എല്ലാം നിറച്ചത് തന്നെ. മനുഷ്യ ജീവിതത്തിൻ്റെ ഏത് മേഖല എടുത്തു നോക്കിയാലും അവിടെ മനോജ്ഞമായ ഒരു അനുഭവമായി പ്രവാചകൻ(സ) നിറഞ്ഞു കിടക്കുന്നത് അനുഭവപ്പെടും.



അക്കാലത്തെ ഏറ്റവും വലിയ സാമൂഹിക ദുരന്തം അടിമത്വമായിരുന്നു. അടിമത്വത്തെ ഇല്ലായ്മ ചെയ്യുവാൻ പല പ്രതിബന്ധങ്ങളും അന്നത്തെ ലോകക്രമത്തിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ അത് നിരോധിക്കുക എളുപ്പമായിരുന്നില്ല. അതു കരുതി പക്ഷെ, അവർ കൈകെട്ടി നിന്നില്ല. മറിച്ച് അതിൻ്റെ ആഘാതം കുറക്കുവാൻ എങ്കിലും കഴിയുമോ എന്ന് കഠിനമായി ശ്രമിച്ചു. ആരാധനകളിൽ അവരെ അടുത്തുനിർത്തിയും യുദ്ധമുന്നണികളിൽ അവർക്ക് സ്ഥാനം ഒരുക്കിയും അടിമകൾ നിങ്ങളുടെ സഹായികളാണ് എന്ന് പ്രഖ്യാപിച്ചും അവരോട് എന്തെങ്കിലും ജോലി പറയുമ്പോൾ അതിൽ അവരെ നിങ്ങൾ സഹായിക്കുക കൂടി ചെയ്യണം എന്നും നിർദ്ദേശിച്ചും നബി(സ) പ്രതീക്ഷയോടെ അടിമത്വത്തിന്റെ ശൗര്യം ശാസ്ത്രീയമായി കുറച്ചു കൊണ്ടുവന്നു. മറ്റൊരു വിഭാഗം സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു. ദരിദ്രരെ അവിടുന്ന് ആട്ടിയോടിച്ചതുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കി. സമ്പന്നര്‍പ്പോലും നിരാലംബര്‍ക്കൊപ്പമിരിക്കാന്‍ ദരിദ്രരായി മാറുകയായിരുന്നു. ഈ അപരിഷ്കൃതരെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഉപദേശം കേള്‍ക്കാനെത്താമെന്ന ഖുറൈഷി പ്രമാണിമാരുടെ വാക്കുകള്‍ തിരുറസൂലിനെ തെല്ലും പരിഭവപ്പെടുത്തിയില്ല. പകരം പ്രിയ അനുചരരെ മുത്തു നബി മാറോടാണക്കുകയായിരുന്നു. മക്കാ വിജയ വേളയില്‍ അവിടുന്ന് നടത്തിയ മനുഷ്യവകാശ പ്രഖ്യാപനം ലോക പ്രസിദ്ധമാണല്ലോ. അറബികള്‍ അനറബികളെക്കാള്‍ ശ്രേഷ്ഠരല്ല. മനുഷ്യരെല്ലാം ആദമിന്‍റെ മക്കളാണ്. ആദമോ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനുമാണ്. എന്നു തുടങ്ങി നീണ്ടുപോകുന്നതാണ് ആ മനസ്സിൻ്റെ നയങ്ങൾ. മദീനയിൽ നബി തൻ്റെ ജീവിതത്തോടും ജീവിത പരിസരത്തോടും ചേർത്തുനിർത്തിയത് അസ്ഹാബുസ്സുഫ്ഫ എന്ന പരമ ദരിദ്രരെയായിരുന്നു. 'ഞാന്‍ അഹ്ലുസ്വുഫ്ഫത്തിലെ എഴുപത് പേരെ കണ്ടു. ഒരു ഉടുതുണിയല്ലാതെ മറ്റൊരു വസ്ത്രം ധരിച്ചവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ആ തുണി അവര്‍ കഴുത്തിലേക്ക് കയറ്റി കെട്ടും. ചിലരുടെ തുണി കണങ്കലിന്‍റെ മധ്യത്തില്‍ വരെ എത്തും. മറ്റു ചിലരുടേത് ഞെരിയാണികളോളവും. നാണം വെളിപ്പെടാതിരിക്കാന്‍ നടക്കുമ്പോള്‍ അവരോരുത്തരും ഈ ഒറ്റ വസത്രം കൈകൊണ്ട് കൂട്ടി പിടിക്കുമായിരുന്നു ' എന്നാണ് അബൂഹുറൈ(റ) അവരെ വിവരിക്കുന്നത് (ബുഖാരി).



ജീവജാലങ്ങളോട് കരുണ കാണിച്ചും സ്വഹാബത്തിനെ അതിനു പ്രേരിപ്പിച്ചും തിരുനബി മികച്ച സ്നേഹ മാതൃക സൃഷ്ടിച്ചു. ‘ഭൂമിയിലുള്ള മൃഗങ്ങളും ചിറകുവിടര്‍ത്തിപ്പറക്കുന്ന പക്ഷികളും നിങ്ങളെപ്പോലെയുള്ള സൃഷ്ടികളാണ്. അവ നാഥനിലേക്ക് മടങ്ങിപ്പോകുന്നവയാണ്’ എന്ന ഖുര്‍ആനിക അധ്യാപനം ലോകജനതയെ ഉണര്‍ത്താന്‍ പ്രവാചക ശ്രേഷ്ടൻ മറന്നില്ല. പക്ഷി മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും അവയെ വേദനിപ്പിക്കരുതെന്നും മുത്തുനബി അനുചരരെ ഓര്‍മ്മിപ്പിച്ചു. മൃഗങ്ങളുടെ പുറത്ത് വെറും വിനോദത്തിനായി കയറിയിരുന്ന് കുസൃതി പറഞ്ഞിരുന്ന സംഘത്തോട് തിരുനബി പരിഭവപ്പെട്ടത് കാണാം. ‘വളര്‍ത്തുജീവികളുടെ പുറങ്ങള്‍ നിങ്ങള്‍ മിമ്പറുകളാക്കരുത്. അല്ലാഹു അവയെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നത് വളരെ കഷ്ടപ്പെട്ടു മാത്രം നിങ്ങള്‍ക്കെത്താന്‍ പറ്റാവുന്ന ദൂരങ്ങള്‍ എളുപ്പത്തില്‍ താണ്ടാന്‍ വേണ്ടിയാണ്'. ജീവിത ക്ലേശം ബോധിപ്പിക്കാന്‍ തിരു നബിക്ക് മുന്നിലെത്തിയ സവാദുബ്നു റബീഅ്(റ)വിന് നബി(സ) ഒരു പറ്റം ഒട്ടകങ്ങളെ നല്‍കി. അന്ന് ഒപ്പം നൽകിയ ഉപദേശം, ഒട്ടകത്തെ പോറ്റി പാല്‍ കറന്നെടുത്തു വിറ്റ് കുടുബം പോറ്റണമെന്നല്ല. മറിച്ച്, അവയോട് കാരുണ്യം കാണിക്കണമെന്നായിരുന്നു. വീട്ടിലെത്തിയാല്‍ ഒട്ടക കുട്ടികളെ നല്ല ആഹാരം നല്‍കി നന്നായി നോക്കാന്‍ വീട്ടുകാരോട് പറയുക. ഒട്ടകത്തിന്‍റെ പാല്‍ അതിന്‍റെ കുട്ടികള്‍ക്കു കൂടി ആവകാശപ്പെട്ടതാണ്. ഒട്ടകങ്ങളെ കറക്കുന്നതിനു മുമ്പ് അവരോട് നഖം മുറിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കണം, നഖമുള്ളവര്‍ കറന്നാല്‍ അകിട് വേദനിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മുറിഞ്ഞെന്നു വരും. ഒരു മൃഗത്തിൻ്റെ അകിടിൽ നഖം കോറുന്നതുപോലും തന്റെ സ്നേഹപ്രപഞ്ചത്തിൽ ആവാഹിച്ച മഹാമനീഷിയായിരുന്നു നബി തങ്ങൾ. പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ച വ്യക്തിയോട് അതിനെ തുറന്ന് വിടണമെന്നും തള്ള പക്ഷിയുടെ മനോവേദന മനസ്സിലാക്കണമെന്നും ഓര്‍മിപ്പിച്ച നബി തിരുമേനി പകരുന്ന മാതൃക ഉദാത്തമാണ്. ചെറു പ്രാണികളെ തീയിലിട്ടു കരിക്കുന്നതില്‍ ദേഷ്യപ്പെട്ട റസൂല്‍(സ) ചെറു പക്ഷികളെ ജനങ്ങള്‍ കൊല്ലുന്നത് കാണുമ്പോള്‍ എന്‍റെ മനസ്സ് വ്രണപ്പെടുന്നുവെന്ന് സന്തത സഹചാരി സിദ്ദീഖ്(റ)യോട് പറയുക പോലും ചെയ്തു. പൂച്ചയെ കെട്ടിയിട്ട് അതിന് ഭക്ഷണം നിഷേധിച്ച കാരണത്താല്‍ നരകത്തില്‍ കടന്ന സ്ത്രീയിലൂടെയും ദാഹിച്ചവശനായ നായക്ക് വെള്ളം നല്‍കി സ്വര്‍ഗം നേടിയ വ്യക്തിയിലൂടെയുമെല്ലാം കഥകൾ പറയുമ്പോഴും ആ കഥാകാരന്റെ മനസ്സ് നാം വായിക്കുകയാണ്.



തിരുനബി(സ)യുടെ സ്നേഹപ്രപഞ്ചത്തിൽ എത്തുവാൻ ശ്രമിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. കാരണം നബി (സ) പകർന്ന ആദർശത്തിന്റെ ആകത്തുകയാണ് സ്നേഹവും കാരുണ്യവും. സ്നേഹവും കാരുണ്യവും വറ്റിപ്പോകുമ്പോൾ സത്യത്തിൽ വറ്റുക മനുഷ്യത്വം തന്നെയാണ്. മാത്രമല്ല ഈ സ്നേഹവും കാരുണ്യവും ആണ് ഭൂമിയെയും ആകാശത്തെയും അഥവാ ഈ ലോകത്തെയും പരലോകത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതും. അതിനാൽ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക. ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും എന്ന നബി വചനത്തെ നമുക്ക് അന്വർത്ഥമാക്കാം.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso