Thoughts & Arts
Image

റമസാനും ഖുർആനും

2025-03-21

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







റമസാൻ ഏറ്റവും ശ്രേഷ്ടമായ മാസമാണ്. ഈ മാസത്തിലെ എന്നല്ല, പൊതുവെ ഏറ്റവും ശ്രേഷ്ടമായ രാവ് ലൈലത്തുൽ ഖദ്റ് എന്ന രാവാണ്. മുഹമ്മദ് നബി(സ്വ) പ്രാചകൻമാരിൽ ഏറ്റവും ശ്രേഷ്ടരാണ്. അവിടത്തെ ഉമ്മത്ത് ഏറ്റവും ശ്രേഷ്ടമായ ഉമ്മത്താണ്. ജിബ് രീൽ (അ) മലക്കുകളിൽ ഏറ്റവും ശ്രേഷ്ടനാണ്. ശ്രേഷ്ടതകളുടെ ഈ ശ്രേണിക്ക് ഒരു പൊതുഘടകമുണ്ട്. അഥവാ, ഈ പറഞ്ഞവയെ എല്ലാം ശ്രേഷ്ടതയിലേക്ക് ഉയർത്തുന്ന ഒരു ഘടകം. അതു പരിശുദ്ധ ഖുർആനാണ്. ഖുർആൻ അവതീർണ്ണമായ മാസമായതു കൊണ്ടാണ് റമസാൻ ഏറ്റവും ശ്രേഷ്ടമായ മാസമായത്. അതങ്ങനെ തന്നെ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട് (2:185). ലൈലത്തുൽ ഖദ്റ് ഏറ്റവും ശ്രേഷ്ടമായ രാവായത് വിശുദ്ധ ഖുർആൻ ആ രാവിലാണ് അവതരിച്ചു തുടങ്ങിയത് എന്നത് കൊണ്ടാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട് (67:1). വിശുദ്ധ ഖുർആൻ കൊണ്ടുവന്നതുകൊണ്ടാണ് നബി(സ്വ) ലോകത്തിൻ്റെ മഴുവൻ നേതാവും പ്രവാചക ശ്രേഷ്ടനുമായത്. ഇത്തരം ഒരു മഹാഗ്രന്ഥം അവതരിച്ചു കിട്ടിയതുകൊണ്ടാണ് നബി(സ്വ)യുടെ സമുദായം ഉത്തമസുദായമായത്. മലക്കുകളിലെ ശ്രേഷ്ടനാകുവാൻ ജീബ്രീൽ എന്ന മലക്കിനെ യോഗ്യനാക്കുന്നതും വിശുദ്ധ ഖുർആൻ തന്നെ. ഈ മലക്കാണല്ലോ, അല്ലാഹുവിൽ നിന്ന് അവൻ്റെ കലാമിനെ നമുക്ക് എത്തിച്ചുതന്നത്. തൊട്ടതിനെയെല്ലാം ശ്രേഷ്ടമാക്കി എന്നു പറയുമ്പോൾ വിശുദ്ധ ഖുർആനിൻ്റെ മഹത്വം അതിൽ നിന്നും വേഗം ഗണിച്ചെടുക്കാം. ഇതെല്ലാം നിരത്തിവെച്ച് മഹാൻമാർ പറയുന്നത്, വിശുദ്ധ റമസാനും അതിലെ സകല കർമ്മങ്ങളും വിശുദ്ധ ഖുർആനിനു വേണ്ടിയുള്ളതാണ് എന്നാണ്. അഥവാ, റമസാൻ കൊണ്ട് നാം ഖുർആനിനെ ആചരിക്കുകയാണ്.



ആചരിക്കപ്പെടാനും ആലോഷിക്കപ്പെടാനും മാത്രം ഉൾക്കനമുണ്ട് വിശുദ്ധ ഖുർആനിന്. അതിനു സഹായകമായ രീതിയിലാണ് അതിൻ്റെ പ്രതിപാദനം. ഉദാഹരണമായി അതിൽ മനുഷ്യനോടുള്ള ചെയ്യാനോ ചെയ്യാതിരിക്കുവാനോ ഉള്ള ഉപദേശങ്ങളുണ്ട്. ആ ഉപദേശങ്ങളുടെ പ്രത്യേകത അവയുടെ പ്രസക്തി ഒരിക്കലും നഷ്ടമാവുന്നില്ല എന്നതാണ്. മാതാപിതാക്കളെ വേദനിപ്പിക്കരുതെന്നും വെറുക്കരുതെന്നും പറഞ്ഞത് ഒരു ഉദാഹരണം. മനുഷ്യൻ്റെ ലോകവും പുതിയ മക്കൾ തലമുറയും എത്ര വലുതായാലും ഈ ആശയത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല. മദ്യവും പലിശയും തുടങ്ങിയവ തിൻമയാണെന്ന നിലപാട് മറ്റൊന്നാണ്. ലോകം അനുദിനം മദ്യത്തിലും പലിശയിലും ആർത്തിയോടെ മുങ്ങിക്കൊണ്ടേയിരിക്കുന്നു എന്നിട്ടും ഇവ ഏതെങ്കിലും ഒന്ന് ഏതെങ്കിലും ഒരു അർഥത്തിൽ നല്ലതാണ് എന്നു മറിച്ചു പറയുവാൻ മനുഷ്യന് ധൈര്യം വരുന്നില്ല. മനുഷ്യനെ ചിന്തിപ്പിക്കുവാൻ വിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്ന അൽഭുതങ്ങൾ മറ്റൊന്നാണ്. ഭൂമിയിലും ആകാശത്തിലും അവരണ്ടിനുമിടയിലുമുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളിലും അടങ്ങിയിരിക്കുന്നതായി ഖുർആൻ പറഞ്ഞ ഒരു ദൃഷ്ടാന്തത്തിൻ്റെയും പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല ഇന്നുവരേക്കും. മനുഷ്യൻ്റെ ചിന്താ സീമകൾ വളരുന്നതിനനുസരിച്ച് ഖുർആനിൻ്റെ പ്രതിപാദ്യങ്ങൾ കൂടുതൽ സ്ഥാപിക്കപ്പെടുകയാണ്. ഇന്നു കാണുന്ന പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ രൂപപ്പെട്ടതാണ് എന്ന് ഖുർആൻ പറഞ്ഞു വെച്ചു (21:30). അന്ന് അത് ഉൾക്കൊള്ളാൻ മനുഷ്യൻ വളർച്ച നേടിയിട്ടില്ലായിരുന്നു. പക്ഷെ, പത്താൻപതാം നൂറ്റാണ്ടിൻ്റെ പകുതി കടക്കും മുമ്പ് ലോകം അതിലേക്ക് എത്തി. ഒപ്പം പ്രപഞ്ചം വികസിക്കുന്നുണ്ട് എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞതും (51:47) ഹബ്ൾ തിയറിയിലൂടെ ലോകത്തിന് അംഗീകരിക്കേണ്ടി വന്നു. ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് ഖുർആൻ പറഞ്ഞപ്പോൾ (24:40) കളിയാക്കിയവർക്ക് ഈയടുത്ത് അതംഗീകരിക്കേണ്ടിവന്നു. ഇങ്ങനെ ഖുർആനിക പ്രതിപാദ്യങ്ങളിലെ വലിയ സംഭവങ്ങൾ മുതൽ ചെറിയ ഈച്ചകൾ വരെയുള്ളവയെ കുറിച്ചെല്ലാം ഭൗതിക ലോകത്തിന് അംഗീകരിക്കേണ്ടിവന്നു. തേനീച്ചകളുടെ വ്യത്യസ്തമായ ജീവിത രീതികൾ ഖുർആൻ സൂചിപ്പിച്ചതാണ് (16:68-69). ഈ കാര്യങ്ങൾ ശാസ്ത്രീയമായി കണ്ടെത്തിയതിന് 1973 ൽ കാൾ വോൺ ഫ്രിഷ് എന്ന ശാസ്ത്രജ്ഞന് നൊബേൽ സമ്മാനം വരെ ലോകം നൽകുകയുണ്ടായി. പറഞ്ഞു വെച്ചതൊന്നും തിരുത്തേണ്ടിവന്നില്ല എന്നു മാത്രമല്ല, അവ ശക്തിയുക്തം സ്ഥാപിച്ച് ലോകം അതിന് അടിവരയിടുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.



ഇങ്ങനെ പ്രതിപാദ്യ വിഷയങ്ങളിൽ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങൾക്ക് പുറമേ വിശുദ്ധ ഖുർആനിൻ്റെ ഏറ്റവും വലിയ പ്രത്യേകത അത് മനുഷ്യനോടൊപ്പം, അവൻ്റെ ജീവിതത്തോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ്. അങ്ങനെയാണ് അത് അവതരിച്ചതും. നബി തങ്ങളും അനുചരന്‍മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക്ക് അല്ലാഹു നിര്‍ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നത്. ആ നിർദ്ദേശങ്ങളും പരിഹാരങ്ങളും മുഴുവൻ മനുഷ്യർക്കും ഉള്ളതാണ് എന്നത് മറ്റൊരു സവിശേഷതയാണ്. വിശുദ്ധ ഖുർആൻ അഭിസംബോധന ചെയ്യുന്നത് മനുഷ്യകുലത്തെയാണ്. വിശ്വാസത്തോടെ അതിനെ പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവുമായി ഒരു ബന്ധം ഉണ്ടാവുകയും അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുകയും ചെയ്യുന്നു. തുടർന്ന് അത് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു. അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളിലേക്ക് ആശയങ്ങൾ കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍ പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം - എല്ലാറ്റിലും അത് സ്വാധീനിക്കുകയും മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. വികാരം, വിചാരം, സമീപനം, സങ്കല്‍പം - സകലതിനെയും അതു പിന്നെ നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു.



വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിര്‍വഹണം- മുഴുവൻ ജീവിത മേഖലകളെയും ഖുര്‍ആന്‍ പുനഃസംവിധാനിക്കുന്നു. ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, രാഷ്ട്രീയനിയമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്. ഏത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു. മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാകണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു. പരമമായി ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു.



ചിന്തിച്ചവർക്കൊക്കെ ഈ ശക്തി ബോധ്യമാണ്. 'ഖുര്‍ആന്‍ പഠിക്കാന്‍ തുനിഞ്ഞാല്‍ ഒരുപക്ഷേ, ആദ്യം ഇഷ്ടക്കുറവ് തോന്നും, ക്രമേണ അത് ആകര്‍ഷിക്കാന്‍ തുടങ്ങും, പിന്നെ അമ്പരപ്പിക്കും. തുടര്‍ന്ന് നമ്മെ കീഴടക്കും. അതിന്റെ ശൈലിയും ഉള്ളടക്കവും വിട്ടുവീഴ്ചയില്ലാത്തതും ഉദാത്തവുമാണ്. ഖുര്‍ആന് ശേഷം വന്ന തലമുറകളെ മുഴുവന്‍ അത് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഖുര്‍ആന്‍ വായിച്ചപ്പോഴെല്ലാം ആത്മാവ് എന്റെ ശരീരത്തിനുള്ളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്' ; ജർമൻ കവി ജോഹാന്‍ ഗഥെയുടേതാണ് ഈ തിരിച്ചറിവുകൾ' (ഡിക്ഷണറി ഓഫ് ഇസ്ലാം, 1999, പേജ് 526). ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍ ലൂയിസ് സെഡിലൊക്ക് പറയുന്നതിങ്ങനെ; 'സൃഷ്ടിജാലങ്ങളോടുള്ള ദൈവത്തിന്റെ തീവ്രമായ സ്നേഹം പ്രസരിപ്പിക്കാത്ത ഒരൊറ്റ വചനം പോലും ഖുര്‍ആനില്‍ കാണപ്പെടുകയില്ല. ഉത്തമ മൂല്യങ്ങള്‍ ജീവിതത്തില്‍ വളര്‍ത്തിയെടുക്കാനുള്ള വമ്പിച്ച പ്രേരണ അതിലുണ്ട്'



ഈ മാസം നമുക്കും വിശുദ്ധ ഖുർആൻ ആചരിക്കാം. പരമ്പരാഗത സമീപനങ്ങളിൽ നിന്ന് -അവ ശരിയും പ്രതിഫലാർഹവും ആണ് എന്ന് ഊന്നി പറയുന്നതോടൊപ്പം - ഒൽപംകൂടി മുന്നോട്ടുപോയി വിശുദ്ധ ഖുർആനിൻ്റെ ആശയ ലോകത്തിലേക്ക് കടന്നുചെല്ലുവാൻ നമുക്ക് ശ്രമിക്കാം. മേൽപ്പറഞ്ഞ രീതിയിൽ, അള്ളാഹു തന്നോട് സംസാരിക്കുകയാണ് എന്ന ബോധ്യത്തോടെ കൂടെയുള്ള വിശുദ്ധ ഖുർആനിൻ്റെ പാരായണത്തിനും ആശയ ഗ്രഹണത്തിനും തുടക്കം കുറിക്കാം. പുതിയ കാലവും വികാസവും അത് നമ്മോട് തേടുന്നുണ്ട്. അതു കേൾക്കാതെ പോകുന്നത് ഒരുപക്ഷേ വലിയ അപകടത്തിലേക്ക് ആയിരിക്കാം.
0








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso