

വ്രതവും ആത്മാവിൻ്റെ ആരോഗ്യവും
2025-03-21
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ശരീരവും ആത്മാവും ചേർന്നതാണ് മനുഷ്യൻ. ആരോഗ്യം, രോഗം തുടങ്ങിയ കാര്യങ്ങളിലെല്ലാം അവ രണ്ടും ഒരുപോലെയാണ് എന്ന് വിശ്വാസികളെ പോലും ഉണർത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ആത്മാവ് എന്ന ഒന്ന് ഉണ്ട് എന്ന ധാരണ പോലും ഇല്ലാത്ത വിധമാണ് ആധുനിക മനുഷ്യൻ ജീവിച്ചു പോയിക്കൊണ്ടിരിക്കുന്നത്. ശരീരത്തിന് അഴകും മൊഞ്ചും കൂട്ടാനും സംരക്ഷിക്കാനും അവന് ധാരാളം മാർഗ്ഗങ്ങൾ അവൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിനുവേണ്ടി പണം നിർലോഭം ചിലവഴിക്കുവാൻ അവന് പ്രയാസമൊന്നുമില്ല. അപ്രകാരം തന്നെയാണ് ശരീരത്തിന് രോഗം വരുമ്പോഴും. രോഗം വന്നാൽ അതിൽ നിന്ന് ശരീരത്തെ രക്ഷപ്പെടുത്തുവാൻ അവൻ നെട്ടോട്ടമോടുന്നുണ്ട്. അതിനുവേണ്ടി എത്ര പണവും ചിലവഴിക്കുവാൻ അവൻ തയ്യാറാണ്. സ്വന്തം മാനാഭിമാനം ഒന്നും ഒട്ടും പരിഗണിക്കാതെ യാചിക്കുവാൻ പോലും അവൻ സന്നദ്ധനാകുന്നുണ്ട്. അതിനുവേണ്ടി ബുദ്ധിക്കും യുക്തിക്കും അംഗീകരിക്കാൻ കഴിയാത്ത ചികിത്സകൾ പോലും അവൻ നടത്തും. ഇതെല്ലാം സൂചിപ്പിക്കുന്നത് ശരീരത്തെ അവൻ അംഗീകരിക്കുന്നുണ്ട് എന്നും ശരീരത്തിൻ്റെ കാര്യത്തിൽ അവൻ ജാഗ്രത പുലർത്തുന്നുണ്ട് എന്നും എല്ലാമാണ്. അതേസമയം ശരീരത്തിൻ്റെ അത്രതന്നെ പ്രാധാന്യമുള്ള ആത്മാവിൻ്റെ കാര്യത്തിൽ അവൻ ഈ ജാഗ്രത പുലർത്തുന്നത് കാണുന്നില്ല. അതുകൊണ്ടാണ് നാം തുടക്കത്തിൽ അക്കാര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചത്. സത്യത്തിൽ ആത്മാവ് എന്ന ഒന്നുണ്ട്. അത് ശരീരത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് മനുഷ്യൻ സജീവി ആയിത്തീരുന്നത്. ആത്മാവിൻ്റെ മിടിപ്പ് നിലക്കുമ്പോഴാണ് ശരീരത്തിന്റെ പ്രവർത്തനം നിലക്കുന്നത്. ആത്മാവ് ഇല്ലാതെ ഭൗതിക ലോകത്ത് മനുഷ്യന് നിലനിൽപ്പില്ല. അത്രയും പ്രധാനമാണ് ആത്മാവ് എന്ന ഘടകം. എങ്കിൽ അത് എവിടെയാണ് എന്ന ചോദ്യമാണ് എല്ലാവരെയും വഴിതെറ്റിക്കുന്നത്. ആത്മാവ് അരൂപിയാണ്. അതിനെ കാണുവാൻ മനുഷ്യൻറെ കണ്ണുകൾക്കും ഇന്ദ്രിയങ്ങൾക്കും കഴിയില്ല എന്നതാണ് അതിനുള്ള മറുപടി.
ശരീരത്തിന് രോഗങ്ങൾ ഉണ്ടാകും. രോഗങ്ങൾ ഉണ്ടാകാതിരിക്കുവാൻ ശരീരത്തിൻ്റെ ആരോഗ്യത്തെ നിലനിർത്തുകയും പരിരക്ഷിക്കുകയും ആണ് വേണ്ടത്. ശരീരത്തിൻ്റെ ആരോഗ്യം അന്നജമാണ്. സമ്പന്നവും സംശുദ്ധവും സമ്പുഷ്ടവുമായ അന്നജം. അന്നജത്തിന്റെ ലഭ്യത കുറയുകയോ അല്ലെങ്കിൽ ലഭിക്കുന്ന അന്നജം സമ്പുഷ്ടം അല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശരീരത്തിന് രോഗം ഉണ്ടാവുക. രോഗങ്ങൾ പനിയും തലവേദനയും മുതൽ കാൻസർ വരെ ഏതുമാകാം. ഇതുവരെയും തിരിച്ചറിയുകയോ പേരിടുകയോ ചെയ്തിട്ടില്ലാത്ത രോഗങ്ങളും ഉണ്ട്. ഈ പറഞ്ഞ കാര്യത്തിൽ എല്ലാം ഇതേപോലെ തന്നെയാണ് ആത്മാവ്. ആത്മാവിന് രോഗങ്ങൾ ഉണ്ടാകും. രോഗങ്ങൾ ഉണ്ടാകാതിരിക്കുവാൻ ആത്മാവിൻ്റെ ആരോഗ്യത്തെ നിലനിർത്തുകയാണ് വേണ്ടത്. ആത്മാവിൻ്റെ ആരോഗ്യം വിശ്വാസമാണ്. കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യുക വഴി ഉള്ളിലേക്ക് എത്തുന്ന വിഷയങ്ങളെ കുറിച്ച് ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമായി തീരുവാൻ പര്യാപ്തമായ വിശ്വാസമാണ് ആ ആരോഗ്യം. കൃത്യമായ ഉത്തരം അല്ലാതിരിക്കുകയോ കിട്ടിയ ഉത്തരം തെറ്റായതായിരിക്കുകയോ തീരെ ഉത്തരം കിട്ടാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ആത്മാവ് രോഗാതുരമാകും. രോഗങ്ങൾ ശങ്ക ഭയം ഭീതി അസൂയ ദുർചിന്തകൾ തുടങ്ങി എന്തുമാകാം. പ്രസ്തുത രോഗങ്ങളിൽ ഏതു ബാധിച്ചാലും മനസ്സിൻ്റെ ശരിയായ താളത്തെ അത് തെറ്റിച്ചു കളയും അതോടെ മനുഷ്യൻ അസ്വസ്ഥതയുടെ കറുത്ത കരങ്ങളിൽ പെടും. ഉദാഹരണമായി ഈ പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളും രാപ്പകലുകളും ഋതുക്കളും എല്ലാം കാണുമ്പോൾ ഇതൊക്കെ ഇത്ര കൃത്യമായി ആരാണ് ചെയ്യുന്നത് എന്ന ഒരു ചോദ്യം മനസ്സിൽ സ്വാഭാവികമായും ഉയരും. അതിന് ഉത്തരമായി ഒരു സർവ്വ ശക്തനായ ദൈവത്തെയും സൃഷ്ടാവിനെയും ആത്മാവിന് ബോധ്യമായില്ലെങ്കിൽ പിന്നെ ആ ആത്മാവ് അസ്വസ്ഥമാകും. മാത്രമല്ല അത്തരമൊരു ദൈവത്തെക്കുറിച്ചുള്ള ബോധ്യത്തിൻ്റെ അഭാവം അവനെ കണ്ടമാതിരി താന്തോന്നിയായി ജീവിക്കുവാനും കാര്യങ്ങൾ തെറ്റായി ഗ്രഹിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യും. അതും രോഗമാണ്. അതേസമയം സർവ്വ - സൃഷ്ടി - സ്ഥിതി കർത്താവായ അല്ലാഹുവിനെ റബ്ബായി മനസ്സുകൊണ്ട് ബോധ്യപ്പെട്ടു കഴിഞ്ഞാൽ അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്ന് മാത്രമല്ല ആത്മാവിന് ആരോഗ്യം ലഭിക്കുകയും ചെയ്യും.
ആത്മാവിൻ്റെ ആരോഗ്യം വിശ്വാസമാണ് എന്ന തത്വം ഈ ലോകത്തിന് പഠിപ്പിക്കുന്നത് ഇസ്ലാമാണ്. ഇസ്ലാമിക ആദർശം മനുഷ്യകുലത്തിലേക്ക് ഇറങ്ങി വന്നപ്പോൾ ആദ്യമായി സ്ഥാപിച്ചത് വിശ്വാസമായിരുന്നു. നിർബന്ധവും ഐച്ഛികവുമായ കർമ്മങ്ങൾ എല്ലാം പിന്നീടാണ് വന്നത്. വിശുദ്ധ ഖുർആനിന്റെ അവതരണത്തിലും നബി തിരുമേനിയുടെ പ്രബോധനത്തിന്റെ ക്രമത്തിലും ഇതു കാണാം. വിശുദ്ധ ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത് അൽ അലഖ് സൂറത്തിലെ ആദ്യത്തെ അഞ്ചു സൂക്തങ്ങൾ ആയിരുന്നു. ആ അഞ്ചു സൂക്തങ്ങളിലും ഭ്രൂണം, അണ്ഡം അവയിൽ നിന്നുള്ള മനുഷ്യൻ്റെ സൃഷ്ടിപ്പ് തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് അത് നിർവഹിച്ച സൃഷ്ടാവിനെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. നബി തിരുമേനിയുടെ പ്രബോധനത്തിൽ ആവട്ടെ മക്കഘട്ടം ഏതാണ്ട് മുഴുവനും വിശ്വാസത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. മക്കാ കാലഘട്ടത്തിൽ നിർബന്ധമായി വന്ന ഏക ആരാധന നിസ്കാരം മാത്രമായിരുന്നു. അതുതന്നെ മക്കാ ഘട്ടത്തിന്റെ ഏറ്റവും അവസാന സമയങ്ങളിലാണ് ഉണ്ടായത്. ബാക്കിയുള്ള ആരാധനകൾ എല്ലാം മദീനയിൽ എത്തിയതിനു ശേഷം പിന്നെയാണ് വന്നത്. ഈ ക്രമണികകൾ സൂചിപ്പിക്കുന്നത് ആത്മാവിൻ്റെ ആരോഗ്യം ഉറപ്പുവരുത്തിയതിനുശേഷം ആണ് കർമ്മങ്ങൾ കടന്നുവരേണ്ടത് എന്നതാണ്. വിശ്വാസം എന്നത് ഏറ്റവും ശക്തിയുള്ള ഒരു ബലമാണ്. അത് വിശ്വാസിയെ ഏതു വെല്ലുവിളികൾ നേരിടുവാനും പ്രകോപനങ്ങൾ സഹിക്കുവാനും പ്രലോഭനങ്ങൾ തള്ളിക്കളയുവാനും ശക്തനാക്കുന്നു. മഹാനായ പ്രവാചകർ(സ്വ)യുടെയും സ്വഹാബീ അനുയായികളുടെയും ജീവിത കാലഘട്ടത്തിൽ അവർ നേരിട്ട പ്രശ്നങ്ങളെയും പ്രയാസങ്ങളെയും യാതൊരു വൈമനസ്യവും കൂടാതെ അവർ നേരിട്ടതും എല്ലാം ജയിച്ചടക്കി മുന്നോട്ടുപോയതും ഇസ്ലാമിൽ പ്രമാണതുല്യമായ അനുഭവങ്ങളാണ്. ആയുധമില്ലാതെ പടപൊരുതിയും അന്നമില്ലാതെ അതിജീവിച്ചും സമ്പത്തില്ലാതെ സമ്പന്നരായി ജീവിച്ചും അവർ അത്ഭുതങ്ങൾ തീർത്തത് വിശ്വാസം എന്ന ഉൾകരുത്തു കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. ആത്മാവ് നന്നായാൽ എല്ലാം നന്നാവും എന്നതിന് മതിയായ ഉദാഹരണങ്ങളാണ് അവർ.
ആത്മാവിന്റെ ആരോഗ്യം വിശ്വാസമാണ് എന്ന് മനസ്സിലായാൽ പിന്നെ നോമ്പ് എങ്ങനെയാണ് അതിന് വഴിയും കാരണവും ആകുന്നത് എന്ന് ചിന്തിച്ചു തുടങ്ങാം. അതിന്റെ ഉത്തരം സരളമാണ്. കാരണം വിശ്വാസം എന്നത് ഉണ്ടായിത്തീരുന്നതും കടന്നുവരുന്നതും ചിന്തയിലൂടെയാണ്. ആകാശത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും രാപ്പകലുകളെ കുറിച്ചും ഭ്രൂണത്തെക്കുറിച്ചും സസ്യലതാതികളെക്കുറിച്ചും എല്ലാം ചിന്തിക്കുവാൻ ഖുർആൻ പറയുന്നത് നാം കാണുന്നതാണല്ലോ. നമ്മുടെ വിലയേറിയ സമയം കളയുവാനുള്ള ഒരു വഴിയല്ല ഒരിക്കലും അതൊന്നും. മറിച്ച് ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചും സ്വന്തം ശരീരത്തെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചുമെല്ലാം ഒരു മനുഷ്യൻ ശരിയായ ആത്മാർത്ഥതയോടെ, മുൻധാരണകൾക്ക് കീഴ്പ്പെടാതെ, വക്രതകളൊന്നും മനസ്സിൽ സൂക്ഷിക്കാതെ ചിന്തിക്കുകയാണ് എങ്കിൽ തീർച്ചയായും അല്ലാഹു എന്ന വിശ്വാസത്തിൽ അയാൾക്ക് എത്തിച്ചേരാതിരിക്കാൻ കഴിയില്ല. അത്രമാത്രം യുക്തിഭദ്രമാണ് ഈ പ്രപഞ്ചം സൃഷ്ടാവിലേക്ക് വിരൽചൂണ്ടി നൽകുന്ന തെളിവുകൾ. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്നാലെ ജീവിതം മുഴുവനും നടന്നുതീർത്ത ശാസ്ത്രജ്ഞന്മാർ പോലും അവസാനം ഇത്തരം ഒരു ആശയത്തിന്റെ സാംഗത്യത്തിലേക്കാണ് എത്തിച്ചേർന്നത് എന്നത് അവിതർക്കിതമാണ്. ഐന്‍സ്റ്റീന്‍ പറയുന്നുണ്ട്: ‘ശാസ്ത്രമില്ലാത്ത മതം അന്ധനെപ്പോലെയാണ്. മതമില്ലാത്ത ശാസ്ത്രം മുടന്തനെപ്പോലെയും’. സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് ഇങ്ങനെ: 'അപ്പോൾ നമുക്കെല്ലാവർക്കും, തത്ത്വചിന്തകർക്കും, ശാസ്ത്രജ്ഞർക്കും, സാധാരണക്കാർക്കും, നമ്മളും പ്രപഞ്ചവും എന്തുകൊണ്ട് നിലനിൽക്കുന്നു എന്ന ചോദ്യത്തിന്റെ ചർച്ചയിൽ പങ്കെടുക്കാൻ കഴിയും. അതിനുള്ള ഉത്തരം കണ്ടെത്തുകയാണെങ്കിൽ, അത് മനുഷ്യ യുക്തിയുടെ ആത്യന്തിക വിജയമായിരിക്കും - കാരണം അപ്പോൾ നമ്മൾ ദൈവത്തിന്റെ മനസ്സിനെ അറിയും'. (എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പേജ് 193). കുറച്ചെന്തെങ്കിലും പഠിക്കുകയോ സമർഥിക്കുകയോ ചെയ്യുമ്പോഴേക്കും താൻ തന്നെയാണ് ദൈവം, താനല്ലാത്ത മറ്റൊരു ദൈവമില്ല എന്ന് അഹങ്കരിക്കുന്ന പലരും ആ മേഖലയിൽ ഉണ്ട്. അവിടെയെല്ലാം ഒരുതരം നിഷ്കളങ്കതയുടെ അഭാവമാണ് ചിന്തയിൽ പ്രകടമാകുന്നത്.
ഇനിയും ചിന്ത എങ്ങനെയാണ് ആത്മാവിൻ്റെ അന്നജമായി മാറുന്നത് എന്ന് ചിന്തിക്കാം. അത് മറ്റൊന്നുമല്ല, മനുഷ്യൻ്റെ ഇഛകളും വികാരങ്ങളും ചിന്തയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇച്ഛകൾക്കും വികാരങ്ങൾക്കും വശംവദനാകുമ്പോൾ മനുഷ്യനിൽ ചിന്ത മങ്ങിപ്പോകുന്നു. നോമ്പുകാലത്ത് മനുഷ്യൻ തൻറെ ഏറ്റവും വലിയ വികാരങ്ങളും ഇച്ഛകളും നിയന്ത്രിക്കുകയാണ്. അപ്പോൾ അതിൻ്റെ പ്രതിപ്രവർത്തനം എന്ന നിലക്ക് ചിന്ത ഉണരുന്നു. ഇങ്ങനെ ഉണരുന്ന ചിന്ത മനുഷ്യൻ്റെ മനസ്സിൽ ഒരു ഏകാഗ്രത സൃഷ്ടിക്കുന്നു. ഏകാഗ്രത ആത്മീയതയ്ക്ക് ഏറെ അനിവാര്യമായ ഒരു കാര്യമാണ്. കാരണം മനസ്സുകൊണ്ടും ശരീരം കൊണ്ടും മനുഷ്യൻ ഏകാഗ്രമാകുമ്പോഴാണ് നിഷ്കളങ്കമായ ചിന്ത ഉണരുക. ആത്മീയ ലോകത്ത് ഏകാഗ്രത എന്ന ഖൽവത്ത് ഇടം പിടിക്കാൻ കാരണം ഇതുതന്നെയാണ്. ഇസ്ലാമിക സൂഫിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് ഖൽവത്ത് എന്ന ഏകാഗ്രത. ഇച്ഛകളിൽ നിന്നും വികാരങ്ങളിൽ നിന്നും മനസ്സിനെയും ശരീരത്തെയും പിൻവലിക്കുന്ന സൂഫികൾ സന്യാസ രീതിയിൽ മനസ്സിനെ ഏകാഗ്രമാക്കുകയും ആൾക്കൂട്ടത്തിലും ഏകാന്തനാവുകയും ചെയ്താണ് ആത്മീയതയുടെ പടികൾ കയറുന്നത്. നോമ്പ് കാലം ഈ ഏകാഗ്രതക്ക് അവസരമായി മാറുന്നു. പ്രത്യേകിച്ചും ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന നോമ്പുകാലം. കാരണം മനുഷ്യൻ്റെ ഏറ്റവും വലിയ വികാരങ്ങളായ ഭക്ഷണം ലൈംഗികത തുടങ്ങിയവർ വേണ്ടെന്ന് വെക്കുകയാണ് ഈ കാലത്ത് വിശ്വാസി ചെയ്യുന്നത്. ചുരുക്കത്തിൽ, നോമ്പുകാലത്ത് വികാരവിചാരങ്ങൾ ഉപേക്ഷിക്കുന്നതിനാൽ വിശ്വാസിയുടെ മനസ്സ് കൂടുതൽ ഏകാഗ്രമാകുന്നു. അപ്പോൾ അവൻ്റെ മനസ്സിൽ ആഴമുള്ളതും നിഷ്കളങ്കവുമായതുമായ ചിന്ത ഉണ്ടാകുന്നു. ചിന്ത മനുഷ്യനെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കുന്നു. വിശ്വാസം ആത്മാവിന്റെ അന്നജവും ആരോഗ്യവുമാകുന്നു. അങ്ങനെ ആത്മാവിൻ്റെ അന്നം കണ്ടെത്തുവാനും ആരോഗ്യം ഉറപ്പുവരുത്താനുമുള്ള കാലമായി മാറുകയാണ് പരിശുദ്ധ റമദാൻ. റമസാൻ ആവശ്യപ്പെടുന്ന നന്മകൾ കൂടി ഇതിനെ തുടർന്ന് ഉണ്ടാകുമ്പോൾ ഈ മാസം പുണ്യങ്ങളുടെ സാക്ഷാൽ പൂക്കാലമായി മാറുന്നു.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso