

ശിക്ഷകൾ ശിക്ഷകളോ ശിക്ഷണമോ?
2025-03-21
Web Design
15 Comments
മുഹമ്മദ് തയ്യിൽ
മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ജയിലറെ മോഷ്ടിച്ച ഒരു കഥ പണ്ടുമുതലേ നമ്മുടെ ഇടയിൽ പ്രചാരത്തിലുള്ളതാണ്. ശിക്ഷകൾക്ക് മൂർച്ച പോരാ എന്നത് സ്ഥാപിക്കുവാൻ വേണ്ടി പറയുന്ന കഥകളിൽ ഒന്നായി. കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വന്നിരിക്കുന്ന പുതിയ കാലത്ത് ഈ ചിന്തകൾക്ക് വീണ്ടും പ്രസക്തി കൈവന്നിരിക്കുന്നു. ഈ ഒരാഴ്ചയിൽ തന്നെ നാം രണ്ടു കുറ്റകൃത്യങ്ങൾ പച്ചയായി കണ്ടു. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നീ അഞ്ചു പേരെയാണ് വെഞ്ഞാറമൂട് സംഭവത്തിൽ അഫാൻ എന്ന യുവാവ് വകവരുത്തിയത്. മാതാവ് ഷെമീനയെയും സമാന രീതിയിൽ ആക്രമിച്ചു എങ്കിലും മാതാവ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്ന് കരുതാവുന്ന അവസ്ഥയിലാണ്. വീണ്ടും രണ്ടു പേർ കൂടി അഫാന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു എന്ന് അവൻ തന്നെ പോലീസിനോട് പറഞ്ഞു. ഇത്രയധികം ക്രൂരതയും വൈകാരികതയും സമം ഇല ചേർന്ന ഒരു സംഭവം സമീപകാലത്ത് ഒന്നും പ്രബുദ്ധ കേരളം കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്ന് വേണം പറയാൻ. ഇതിനെ പല കാരണത്താലും ഒരു ഒറ്റപ്പെട്ട സംഭവം എന്ന് വിളിക്കാൻ കഴിയില്ല എന്ന് ഓരോരുത്തരോടും സ്വന്തം മനസ്സ് തന്നെ വിളിച്ചു പറയുന്ന സംഭവമാണ് രണ്ടാമത്തേത്. താമരശ്ശേരിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുന്ന ഷഹബാസ് എന്ന വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തല്ലിക്കൊന്നതായിരുന്നു ആ സംഭവം. ട്യൂഷൻ സെൻറർ വക സംഘടിപ്പിച്ച പത്താം ക്ലാസുകാർക്കുള്ള യാത്രയയപ്പ് പരിപാടിക്കിടെ രണ്ടു സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ ഉണ്ടായ ചെറിയ ഒരു പ്രശ്നമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പാട്ടു വെച്ചുള്ള ഒരു സ്കൂളുകാരുടെ ആട്ടം നടക്കുന്നതിനിടയിൽ പാട്ട് നിലച്ചു പോയതായിരുന്നു പ്രകോപനത്തിന്റെ തുടക്കം. സാങ്കേതികതയുടെ പേരും പറഞ്ഞ് ഉൾക്കൊള്ളാവുന്നതായിരുന്നു എന്നിട്ടും കുട്ടികൾ അതിന് തയ്യാറായില്ല. കക്ഷി തിരിഞ്ഞ് അവർ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ വലിയ പരിക്കുപറ്റിയ ഷഹബാസിനെ ആശുപത്രികൾക്കോ മെഡിക്കൽ സയൻസിനോ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വന്തം സുഹൃത്തിനെ തല്ലിക്കൊന്ന അഞ്ചു പേർ കൊലപാതകം എന്ന കേസിൽ ഇപ്പോൾ വെള്ളിമാടുകുന്ന് പോലീസിന്റെ കസ്റ്റഡിയിലാണ്. മഷി ഉണങ്ങാത്ത തലക്കെട്ടുകൾ എന്ന അർത്ഥത്തിൽ മാത്രമാണ് ഈ രണ്ടു സംഭവങ്ങൾ നാം പരിഗണിക്കുന്നത്. സമാനമായ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിലും സംസ്ഥാനത്തും പതിവായിരിക്കുന്നു. മയക്കുമരുന്നിന്റെ ഭാഗത്തേക്ക് തിരിഞ്ഞാൽ നമ്മെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ആണ് അവിടെ നടക്കുന്നത്. പണ്ടത്തേതുപോലെ വലിയ കെട്ടുകളിൽ പൊതിഞ്ഞു കെട്ടേണ്ട അവസ്ഥയൊന്നും മയക്കുമരുന്നുകളുടെ കാര്യത്തിൽ ഇപ്പോഴില്ല. ശരീരത്തിൽ എവിടെയും ഒളിപ്പിച്ചു വെക്കാവുന്ന തരത്തിൽ ചെറിയ ചെറിയ പാക്കറ്റുകളിൽ ആയി എംഡി എം എ എന്ന ഏറ്റവും വലിയ മാരകമായ ലഹരി പദാർത്ഥമാണ് ഇപ്പോൾ അരങ്ങു വാഴുകുന്നത്. വലിയ വില ഉള്ളതായതിനാലും ചെറുതാക്കി ഒളിപ്പിച്ചു പിടിക്കാൻ കഴിയുന്നു എന്നതിനാലും കുമാരന്മാരും കുമാരികളും ഇപ്പോൾ ഇതിൻ്റെ ഉപയോഗവും വ്യാപനവും നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയങ്ങനെ ഓരോ രംഗത്തും ക്രൂരതകളും പാതകങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇവയോട് എല്ലാമുള്ള പ്രാഥമികമായ പ്രതികരണങ്ങളിൽ ഒന്നാമത്തേത് നമ്മുടെ ശിക്ഷകൾ പോരാഞ്ഞിട്ടാണ് എന്നതാണ്. ഈ വിഷയമാണ് നമ്മുടെ ഇപ്പോഴത്തെ ചർച്ച. ഈ പറയുന്നതിൽ ചില സത്യങ്ങളുണ്ട്. നമ്മുടെ നാട്ടിലെ നിയമവും ശിക്ഷയും കുറ്റകൃത്യത്തിന് അനുസരിച്ച് അപേക്ഷകമായി ചെറുതാണ് എന്നതാണ് അതിലെ ഒരു സത്യം. കുറച്ചു കാലം നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി നിൽക്കുവാൻ കഴിയുമെങ്കിൽ ഏതു കുറ്റവും ചെയ്യാം എന്നിവിടത്തേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. ഓരോ തെറ്റുകൾക്കും കയറിപ്പോയാൽ ഇത്ര വർഷം ജയിലിൽ കിടക്കേണ്ടി വരും എന്ന് എല്ലാ കുറ്റവാളികളും മനസാ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിൽ തന്നെയാവട്ടെ അവർ പ്രയാസകരമായ ഒരു അനുഭവമായി അതിനെ കാണുന്നുമില്ല. കാരണം നമ്മുടെ ജയിലുകളിൽ എല്ലാ തര സൗകര്യങ്ങളും ഉണ്ട്. കൃത്യമായി ഭക്ഷണവും വിശ്രമവും ലഭിക്കുന്നു. അതിൽ എന്തെങ്കിലും കുറവോ പ്രയാസമോ അനുഭവപ്പെട്ടാൽ അതിനെ ചോദ്യം ചെയ്യുവാനും അതിനെതിരെ മുറവിളി കൂട്ടുവാനും മനുഷ്യാവകാശത്തിന്റെ പേരിൽ കുറെ ആൾക്കാർ സജീവമായി ഉണ്ട് താനും. ഇനി സാധാരണയിൽ അധികം സൗകര്യങ്ങൾ വേണമെങ്കിൽ അതൊന്നും അസാധ്യമല്ല. ഏത് ആവശ്യവും ഒരളവോളം നിവൃത്തി ചെയ്യുവാൻ ജയിലുകളെയൊക്കെ മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് വർത്തമാനം. അതിനുവേണ്ട ഒത്താശകൾ ചെയ്തു കിട്ടുവാൻ കരുത്തുറ്റ സഹായികൾ എല്ലാവർക്കും ഉണ്ട്. അവയിൽ ഒന്ന് രാഷ്ട്രീയമാണ്. കുറ്റവാളി ഭരണകക്ഷിയിൽ പെട്ട ആളാണെങ്കിൽ ജയിലിലേത് സുഖവാസം തന്നെയായിരിക്കും. ഭരണകക്ഷി അല്ലെങ്കിലും ഏതെങ്കിലും രാഷ്ട്രീയവുമായി ബന്ധമുണ്ടെങ്കിൽ പിടിച്ചുനിൽക്കാൻ അതുതന്നെ മതി. വേണ്ട സാധനങ്ങളും സാമഗ്രികളും സൗകര്യങ്ങളും യഥേഷ്ടം എത്തിച്ചു കൊടുക്കുവാൻ ജയിലിനുള്ളിൽ തന്നെ വേണ്ടപ്പെട്ടവരുടെ സഹായവും സഹകരണവും ഉണ്ട് എന്നും അനൗദ്യോഗികമായി പറയപ്പെടുന്നുണ്ട്. ഇതുകൊണ്ടെല്ലാം ശിക്ഷകൾക്കൊന്നും മൂർച്ചയില്ലാതെ ആയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. അതുകൂടി കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട് എന്ന് ഒരാൾ വാദിച്ചാൽ അതിനെ കണ്ണടച്ച് നിഷേധിക്കാനും നിരാകരിക്കുവാനും കഴിയില്ല എന്ന് ചുരുക്കം.
ഈ അഭിപ്രായത്തെ ചുറ്റിപ്പറ്റി ആലോചിക്കുമ്പോൾ നാം നമ്മുടെ ലോകത്തിൻ്റെ ചില ജയിൽ അനുഭവങ്ങൾ പരിശോധിക്കേണ്ടിവരും. ക്രൂരവും പൈശാചികവുമായ ശിക്ഷകൾ നിലവിലുള്ള പല രാജ്യങ്ങളും ഉണ്ട്. അവിടുത്തെ ജയിലുകളിൽ കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷകൾ പലപ്പോഴും വിചിത്രവും മനുഷ്യത്വരഹിതവും തന്നെയാണ്. ഒരു വിധം കാരുണ്യവും വഴിവിട്ട സഹായവും അവിടെ ലഭിക്കുന്നില്ല. ഒരു വിട്ടുവീഴ്ചയും ഉത്തരവാദിത്വപ്പെട്ട ആൾക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. എങ്കിൽ അതുകൊണ്ട് ആ രാജ്യത്തെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുവാൻ കഴിയുന്നുണ്ടോ എന്നതാണ് പഠിക്കേണ്ടത്. അതിലേക്ക് കടക്കും മുമ്പ് ആ ശിക്ഷാ മുറകളെ കുറിച്ച് ഒരല്പം പറയുന്നത് നന്നായിരിക്കും.
അവയിൽ എടുത്തു പറയേണ്ട ഒന്നാണ് സ്ലീപ് ഡിപ്രവേഷന്‍ എന്ന ശിക്ഷ. ചൈനയിലും റഷ്യയിലും പാക്കിസ്ഥാനിലും ഉള്ള ജയിലുകളിൽ ചില കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷയാണ് ഇത്. മനുഷ്യൻ്റെ ജൈവികമായ അനിവാര്യ ആവശ്യങ്ങളിൽ ഒന്നാണ് ഉറക്കം. കുറ്റവാളികളെ ഉറങ്ങാൻ അനുവദിക്കാതെ ദിവസങ്ങളോളം നിർത്തുക എന്നതാണ് ഈ ശിക്ഷ. കുറ്റവാളിയെങ്ങാനും ഉറങ്ങാൻ ശ്രമിച്ചാൽ ശക്തമായ വെളിച്ചമുള്ള ടോർച്ച് അടിച്ചും വെള്ളം ഒഴിച്ചും ഘോരമായ ശബ്ദമുണ്ടാക്കിയും അവരെ അതിൽ നിന്ന് തടയുകയാണ് ചെയ്യുക. കുറ്റം ചെയ്തു ശിക്ഷിക്കപ്പെടുന്നവരെ മാത്രമല്ല ഇങ്ങനെ ശിക്ഷിക്കുക. മറിച്ച് അന്വേഷണത്തിലി രിക്കുന്ന പ്രതികളെയും ഇങ്ങനെ ആ രാജ്യങ്ങൾ ശിക്ഷിക്കുന്ന പതിവുണ്ട്. ഇതുവഴി മാനസികമായ ശക്തമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ കുറ്റകൃത്യങ്ങൾ ഏറ്റു പറയാൻ അത് സഹായകമാകും എന്നാണ് അവരുടെ കണക്കുകൂട്ടലുകൾ. ചിലയിടങ്ങളിലുള്ള മറ്റൊരു ശിക്ഷാ രീതിയാണ് എരിവും മുളകും അമിതമായി തീറ്റിക്കുക എന്നത്. ഇന്ത്യയിൽ പോലും ചില ജയിലുകളിൽ ഇങ്ങനെയുണ്ട് എന്ന് പറയപ്പെടുന്നു. അമിതമായ എരിവ് അനുഭവിച്ച ദിവസങ്ങളോളം ഇങ്ങനെ ഈ ശിക്ഷക്ക് വിധേയരാകുന്നതോടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവത്തിനായിരിക്കും അവർ വിധേയരാവുക. ചില രാജ്യങ്ങളിലെ ചില ജയിലുകളിൽ കുറ്റവാളിയെ ഇരിക്കാനോ കിടക്കാനോ വിടാതെ എന്നാൽ നിവർന്നു നിൽക്കാൻ അനുവദിക്കാതെ കൂനിക്കൂടി നിർത്തി ശിക്ഷിക്കുന്ന പതിവുണ്ട്.
മ്യാൻമറിലും കംമ്പോഡിയയിലും കാണപ്പെടുന്ന വളരെ വിചിത്രമായ ഒരു ശിക്ഷാരീതിയാണ് റാറ്റ് സെൽ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അത് എലികളെ കൊണ്ടുള്ള ശിക്ഷയാണ്. കുറ്റവാളിയെ വിശന്ന ധാരാളം എലികൾ ഉള്ള ഒരു സെല്ലിൽ അടക്കുകയാണ് പതിവ്. കാഴ്ചയിലും മറ്റും നിസ്സാരവും സാധാരണവും ആണ് എലികൾ എങ്കിലും ഈ തരത്തിലുള്ള എലികളോടൊപ്പം ദിവസങ്ങളോളം ജീവിക്കേണ്ട സാഹചര്യം വന്നാൽ അത് വല്ലാത്ത ഒരു ശാരീരികവും മാനസികവുമായ ആഘാതമാണ് ഉണ്ടാക്കുക. വിശന്ന എലികൾ കുറ്റവാളിയുടെ ശരീരത്തിൽ കയറിയും ഇറങ്ങിയും സദാ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടേയിരിക്കും. അവരിൽ കൊടും കുറ്റവാളികളെ ഇത്തരം സെല്ലുകളിൽ ഇടാറുള്ളത് കയ്യും കാലും ബന്ധിച്ച് ആയിരിക്കും അപ്പോൾ ഇളകാനും മാറാനും ഒന്നും കഴിയാത്ത ഒരു ഗതി ആയിരിക്കും കുറ്റവാളിയുടേത്. അമേരിക്കയിലും റഷ്യയിലും ഈജിപ്തിലും ചില ജയിലുകളിൽ നടപ്പിൽ വരുത്തുന്ന അതിക്രൂരമായ മറ്റൊരു ശിക്ഷാമുറയാണ് അമിതമായ ചൂടിലോ തണുപ്പിലോ ഇട്ടു കൊണ്ടുള്ള ശിക്ഷ. ദിവസങ്ങളോളം അമിതമായ ചൂടിലോ തണുപ്പിലോ കിടക്കുന്നതോടെ കൂടെ കുറ്റവാളിയുടെ ശരീരം ഉറച്ചും ഉരുകിയും നാമാവശേഷമായി തീരുന്നു. ഇവർക്ക് കുടിക്കാനോ കഴിക്കാനോ നൽകുന്ന ഭക്ഷണങ്ങളും ഇതേ അനുഭവം പ്രധാനം ചെയ്യുന്നവ ആയിരിക്കും. പ്രധാനമായും ചൈനയിൽ ചില കുറ്റവാളികൾക്ക് നൽകുന്ന വിചിത്രമായ രണ്ടു ശിക്ഷകളാണ് നിർത്തിയും ഇരുത്തിയുമുള്ള ശിക്ഷ. ചെറിയ സെല്ലിനുള്ളിൽ നിവർന്നു നിൽക്കാൻ പറ്റാത്ത വിധത്തിൽ ദീർഘമായ ദിവസങ്ങൾ നിർത്തുന്ന ശിക്ഷയാണ് ആദ്യത്തേത്. തല ഉയർത്തുവാനോ നടു നിവർത്തുവാനോ കഴിയാത്ത കുറ്റവാളി നരകീയ യാതനയാണ് അനുഭവിക്കുക. ഇരുത്തിയുള്ള ശിക്ഷ ടൈഗർ സീറ്റ് എന്നറിയപ്പെടുന്നു. കസേരയിൽ കുറ്റവാളിയെ ബന്ധിച്ച് ദിവസങ്ങളോളം ഇടുന്ന ശിക്ഷാരീതിയാണ് ഇത്. താരതമ്യേന ആശ്വാസമുള്ള ശിക്ഷയാണ് എന്ന് തോന്നാംമെങ്കിലും ഈ ശിക്ഷ നൽകുന്നത് ചെറിയ കുറ്റവാളികൾക്ക് മാത്രമാണ്. ഇത് ഒരു ദീർഘമായ പട്ടികയാണ് ഓരോ രാജ്യങ്ങളും വിചിത്രമായ ശിക്ഷാരീതികൾ ആശ്രയിക്കുന്നു എന്ന് ചുരുക്കം. (https://youtube.com/@top10malayalamvideos). ഇത്രയും ക്രൂരവും വന്യവുമായി ശിക്ഷിച്ചിട്ടും അവിടെ അതേ കുറ്റങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നതാണ് നമ്മളുടെ ചിന്താബിന്ദു. ഇപ്പോഴും ഈ ജയിലുകളിൽ ഇങ്ങനെ ശിക്ഷിക്കുന്നത് ആയിട്ടുള്ള വാർത്ത പുറത്തുവരണമെങ്കിൽ ഇപ്പോഴും അതേ കുറ്റം ചെയ്യുന്നവർ അവിടങ്ങളിൽ ഉണ്ടായിരിക്കണമല്ലോ. ചുരുക്കത്തിൽ, നിലവിലുള്ള ശിക്ഷാ മുറകൾ കരുതുന്നതുപോലെ ഫലം ചെയ്യുന്നില്ല എന്നാണ് മൊത്തത്തിൽ ഇതെല്ലാം കാണിക്കുന്നത്.
എന്തുകൊണ്ടാണ് ശിക്ഷാ മുറകൾ കരുതും പോലെ ഫലം ചെയ്യാത്തത്, എന്തുകൊണ്ടാണ് കുറ്റവാളിയെ കുറ്റത്തിൽ നിന്ന് പിന്മാറ്റുവാൻ അവയ്ക്ക് കഴിയാത്തത്, തുടങ്ങിയ ചിന്തകൾക്ക് ഉത്തരം തേടുമ്പോൾ സ്വാഭാവികമായും ലഭിക്കുന്ന ഉത്തരം ശിക്ഷാനിയമങ്ങളുടെ പ്രായോഗികതയുടെ കുറവാണ്. ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാനാവുക, അത് ഒന്നാമതായി ചെയ്ത തെറ്റിനുള്ള പ്രതികാരമാവുമ്പോഴാണ്. നാം മുമ്പ് കണ്ട രംഗങ്ങളിൽ ഒക്കെത്തന്നെയും അത് ചെയ്ത തെറ്റിനുള്ള പ്രതികാരം മാത്രമല്ല അതിലും കൂടുതലാണ് എന്നത് വ്യക്തമാണ്. തീരെ പോരാതെ വരുമ്പോഴും ഒരുപാട് ഏറെയാകുമ്പോഴും ശിക്ഷാമൂറ അപ്രായോഗികമായിരിക്കും. അത് ശിക്ഷിക്കുന്ന അതോറിറ്റിയോട് തിരിച്ച് പ്രതികാരവായ്പാണ് ഉണ്ടാക്കിത്തീർക്കുക. രണ്ടാമതായി അതിന് തെറ്റുകളെ തടയാന്‍ കഴിയണം. അതായത് അതിൻറെ ലാഘവത്വം കാരണം ശിക്ഷ ഏൽക്കാത്ത ഒന്നായിത്തീരാൻ പാടില്ല. അതിനാൽ അത് കുറ്റുവാളികളെ ഒപ്പം തന്നെ ഭയപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം. കുറ്റവാളിയെ സംസ്‌കരിക്കുന്നതാവുക, കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക, കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക തുടങ്ങിയവ എല്ലാം ശിക്ഷയുടെ ഒപ്പം തന്നെ ഉണ്ടായിത്തീരണം. ഇതെല്ലാം വളരെ വ്യക്തമായും സാധ്യമാകുന്നത് കൊണ്ട് തന്നെയാണ് ഇസ്ലാമിലെ ശിക്ഷാവിധികൾ അന്യൂനമാണ് എന്നു പറയുന്നത്. ഇസ്ലാമിനു നേരെ പൊതുസമൂഹത്തിന് കാടടച്ച് വെടിവെക്കുന്ന ഒരു മനസ്ഥിതിയാണ് പൊതുവേ ഉള്ളത്. അതുകൊണ്ട് ഇസ്ലാം പറയുന്ന ഏതു കാര്യങ്ങളെയും നിരൂപിക്കുക എന്നത് ഈ കപട സാമൂഹ്യതയുടെ ഒരു പ്രത്യേകതയാണ്. അതില്ലാത്തത് സത്യസന്ധമായി ഇസ്ലാം നെഞ്ചിലേറ്റിയവർക്കും സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവർക്കും മാത്രമാണ്. അവർക്ക് വളരെ വ്യക്തമായും ഈ ശിക്ഷ മുറകളുടെ വ്യതിരിക്തത മനസ്സിലാക്കാൻ കഴിയും. ഒരു ഉദാഹരണം വഴി അത് വളരെ വ്യക്തമായി മനസ്സിലാക്കി എടുക്കാവുന്നതാണ്. ഉദാഹരണമായി നമുക്ക് വ്യഭിചാരം എന്ന കുറ്റകൃത്യം എടുക്കാം. അതിനെ കുറിച്ചുള്ള ബൈബിൾ നിലപാടുകൾ ഇങ്ങനെയാണ്: ‘ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ മരണശിക്ഷയനുഭവിക്കണം (ലേവ്യ. 20:10). മറ്റൊരു ബൈബിൾ വചനം ഇങ്ങനെയാണ്: ‘ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതുകണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രായീലില്‍നിന്ന് ദോഷം നീക്കിക്കളയേണം‘ (ആവ.:22:22). ഈ രണ്ടു സൂക്തങ്ങളിലും മരണ ശിക്ഷ നൽകുന്നത് വിവാഹിതരായ സ്ത്രീപുരുഷന്മാർ തമ്മിൽ അവിഹിത ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ്. അതേസമയം അവിവാഹിതയായ ഒരു സ്ത്രീ വ്യഭിചരിക്കുമ്പോൾ ഈ നിയമത്തിൻ്റെ കാഠിന്യം നഷ്ടപ്പെട്ടു പോകുന്നു. കാരണം അവരുടെ കാര്യത്തിൽ ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: ‘വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ച് അവളോടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താല്‍ അവളോടുകൂടി ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന് അമ്പത് വെള്ളിക്കാശ് കൊടുക്കണം. അവള്‍ അവന്റെ ഭാര്യയാവുകയും വേണം‘ (ആവ: 22:28,29)
ഇവിടെ മറ്റൊരു കാര്യം ചിന്തിക്കുവാൻ ഉണ്ട്. തെറ്റായ ലൈംഗിക ബന്ധത്തിന്റെ പേരിൽ ബൈബിൾ മരണ ശിക്ഷ വിധിക്കുന്നത് സ്ത്രീ വിവാഹിതയാണോ എന്ന് നോക്കി ആണ്. അതേസമയം പുരുഷൻ വിവാഹിതനാണോ അല്ലയോ എന്നത് പരിഗണിക്കുന്നില്ല. പുരുഷനെ വ്യഭിചാരം എന്ന പാതകത്തിന്റെ ശിക്ഷയിൽ നിന്ന് സൂത്രത്തിൽ ബൈബിൾ രക്ഷപ്പെടുത്തുന്നുണ്ട്. ഇതിന് ചില അടിസ്ഥാനങ്ങൾ ഉണ്ട്. സ്ത്രീ വിവാഹം ചെയ്യപ്പെടുന്നതുവരെ പിതാവിന്റെയും വിവാഹം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും സ്വത്താണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളെ വില്‍ക്കാന്‍ വരെ അത് പുരുഷന്മാരെ അനുവദിക്കുന്നത് (പുറ.21:7, നെഹമ്യ 5:5 നോക്കുക). ഒരു പുരുഷന്റെ സ്വത്തായ സ്ത്രീയെ അനധികൃതമായി ഉപയോഗിച്ചുവെന്നതാണ് അയാളുടെ ഭാര്യയെ വ്യഭിചരിക്കുന്ന വ്യക്തിചെയ്യുന്ന കുറ്റം. അത് ചെയ്യുന്ന ആള്‍ വിവാഹിതനായാലും അല്ലെങ്കിലും കുറ്റം ഒന്നുതന്നെയാണ്. പുരുഷന്‍ സ്ത്രീയുടെ സ്വത്തല്ലാത്തതിനാല്‍ അയാള്‍ വ്യഭിചരിക്കുന്നത് ഒരു തെറ്റായിത്തന്നെ ബൈബിള്‍ കാണുന്നുമില്ല. ഈ വസ്തുത ‘യഹൂദ വിജ്ഞാനകോശം‘ തന്നെ സമ്മതിക്കുന്നതാണ്. (Encyclopedia Judaica Vol II col 313-) ചുരുക്കത്തില്‍ ബൈബിള്‍ വ്യഭിചാരമെന്ന തിന്മയെ കാണുന്നത് മറ്റൊരാളുടെ സ്വത്തിലുള്ള അനധികൃതമായ കൈയ്യേറ്റമായിക്കൊണ്ടാണ്. പ്രസ്തുത കൈയ്യേറ്റത്തിന് മരണശിക്ഷതന്നെ വിധിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ വ്യഭിചാരം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോ കുടുംബ ശൈഥില്യമോ ധാര്‍മിക പ്രതിസന്ധികളോ ഒന്നുംതന്നെ ബൈബിളിന്റെ പരിഗണനയില്‍ വരുന്നില്ല. ബൈബിൾ അടിസ്ഥാനപരമായി ദൈവവചനമാണ് എങ്കിൽ ഒരിക്കലും ഇങ്ങനെ വരാൻ സാധ്യതയില്ല. ഇവിടെ ഇത്തരം ഇടപെടലുകൾ വ്യാപകമായി നടത്തുകയും മേലധ്യക്ഷൻ മാർ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പലതും കൂട്ടിച്ചേർക്കുകയും വഴി മാറ്റുകയും ചെയ്തിട്ടുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് വ്യഭിചാരത്തിന്റെ കുറ്റത്തിൽ നിന്ന് പുരുഷനെ തന്ത്രത്തിൽ ഒഴിവാക്കിയ ഈ സൂത്രം വ്യക്തമാക്കുന്നത്. ഹൈന്ദവ ധർമ്മത്തിലും ഇത്തരം യുക്തിരഹിതമായ വിഭാഗീയത കാണാം. അവിടെ സാമൂഹ്യ ജീവിതത്തിൻ്റെ എല്ലാ വ്യത്യാസങ്ങളും ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ബ്രാഹ്മണനും അല്ലാത്തവനും രണ്ടുതരം ശിക്ഷയാണ് ഹൈന്ദവ ധർമ്മം നൽകുന്നത്. ഉദാഹരണമായി കൊലപാതകത്തിനുള്ള ആപസ്തംബ ധര്‍മ സൂത്രത്തിലെ ശിക്ഷാ നിയമങ്ങള്‍ നോക്കാം. അതു പറയുന്നത് ഇങ്ങനെയാണ്: ‘ബ്രാഹ്മണനെക്കൊല്ലുന്ന ശൂദ്രനെ മൂന്നു പ്രാവശ്യമായി തീയിലിട്ട് കുറച്ചു കുറച്ചായി ചിത്രവധം ചെയ്ത് കൊല്ലണം. എന്നാല്‍ ശൂദ്രനെ മറ്റുള്ളവര്‍ കൊന്നാല്‍ ഒരു വര്‍ഷത്തെ തടവ് വിധിക്കുകയും പന്ത്രണ്ട് പശുക്കളെ പിഴയായി ഈടാക്കുകയും ചെയ്താല്‍ മതി‘ (കൃഷ്ണാനന്ദ സ്വാമി ഉദ്ധരിച്ചത്: ഇന്ത്യയിലെ വര്‍ണസമരം പുറം 94) ഹൈന്ദവസ്മൃതികളിലെ നിയമങ്ങളെല്ലാം ഇങ്ങനെ വര്‍ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളവയാണ്. ബ്രാഹ്മണനെ പൂജ്യനായും ശൂദ്രനെ അധമനായും കണ്ടുകൊണ്ടുള്ള നിയമങ്ങളില്‍ ഉടനീളം ഈ ഉച്ചനീചത്വം കാണാം.
വിശുദ്ധ ഖുർആൻ പക്ഷേ ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ചില അടിസ്ഥാനങ്ങളെ ആസ്പദമാക്കിയാണ്. കുറ്റത്തെയോ കുറ്റവാളിയെയോ നോക്കുന്നതിനും കാണുന്നതിനും മുമ്പ് സമൂഹത്തെ വിശുദ്ധ ഖുർആൻ ശ്രദ്ധിക്കുന്നുണ്ട്. ശാന്തവും സമാധാന ഭദ്രവും സുന്ദരവുമായ ഒരു ജീവിത വ്യവസ്ഥിതിയാണ് വിശുദ്ധ ഖുർആനിന്റേത്. അത് നടപ്പിൽ വരുത്താനും നടപ്പിൽ വരാനും ഒരു നല്ല ജനത ഉണ്ടാകേണ്ടതുണ്ട്. ജനതയുടെ നിലനിൽപ്പ് എപ്പോഴും ഖുർആൻ പ്രധാനമായി കാണുന്നു. ജനത എന്നത് ഓരോ വ്യക്തിയും ചേർന്ന് ഉണ്ടാകുന്നതാണ്. അപ്പോൾ സ്വാഭാവികമായും ഈ കാഴ്ചപ്പാടിന്റെ ഗുണം ഒരേസമയം ഒരേ അളവിൽ വ്യക്തികളിലേക്കും അവർ ചേർന്നു ഉണ്ടാകുന്ന ജനതയിലേക്കും എത്തിച്ചേരുന്നു. വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുര്‍ആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. വ്യക്തി സ്വതന്ത്രനും സന്തുഷ്ടനും ആയിരിക്കേണ്ടത് ജനത എന്ന സമൂഹത്തിൻറെ നിലനിൽപ്പിന് അനുപേക്ഷണീയമാണ്. ഒരു വ്യക്തിയുടെ അവകാശങ്ങളും അധികാരങ്ങളും മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കുവാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനുവേണ്ടിയാണ് ഖുർആൻ / ഇസ്ലാം ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ചലിക്കുവാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ആദ്യമേ കുലത്തെ പഠിപ്പിക്കുന്നുണ്ട്. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം, ജീവന്‍, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങള്‍, സമൂഹത്തിന്റെ ഭദ്രത തുടങ്ങിയവയാണ് അവ. ഇവയെല്ലാം ഏതു സാഹചര്യത്തിലും എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകര്‍ക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അര്‍ഥമാക്കുന്നത്; സ്വന്തത്തെകൂടിയാണ്. സ്വന്തം ജീവന്‍ വെടിയാനാഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകര്‍ത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടവനും സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ട് മദ്യപാനം ചെയ്യുന്നവനുമെല്ലാം ഇസ്ലാമിക ദൃഷ്ട്യാ കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്. സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. എല്ലാവര്‍ക്കും വളരുവാനും വികസിക്കുവാനും സാധിക്കുന്ന, മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇസ്ലാമിലെ ശിക്ഷാനിയമങ്ങൾക്ക് ആത്മാവും ആത്മാർത്ഥതയും നിഷ്പക്ഷതയും എല്ലാം ഉണ്ട് എന്നു പറയുന്നത്.
ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ കുറ്റകൃത്യം ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒന്നല്ല. മറിച്ച്, സമൂഹം, വ്യക്തി, സ്വാതന്ത്ര്യം, വിശ്വാസം, സ്നേഹം തുടങ്ങിയവയെല്ലാം നിർവചിച്ചും പഠിപ്പിച്ചും ഒരു ജനതയെ ഉണ്ടാക്കുവാൻ ഉള്ള ശ്രമം നടത്തുന്നതിനിടയിൽ അനുഭവിക്കുന്ന താളപ്പിഴകളെ പരിഹരിക്കാൻ വേണ്ടി മാത്രമുള്ളതാണ്. ശിക്ഷിക്കുക എന്നതല്ല അതിൻ്റെ ആത്യന്തികമായ ലക്ഷ്യം, ശിക്ഷണം ചെയ്യുക എന്നതാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso