

മൂല്യവത്തായിരിക്കട്ടെ, വിദ്യാഭ്യാസം
2025-04-21
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഇസ്ലാമിക മതപഠന മേഖലയിൽ പുതിയ അധ്യയന വർഷം പിറക്കുകയാണ്. കേരളത്തിലെ മത വിദ്യാഭ്യാസ മേഖല പ്രാഥമിക തലത്തിനപ്പുറം പൊതുവെ സമന്വയ സ്വഭാവം പൂണ്ടിട്ടുണ്ട്. അതിനാൽ ഏതാണ്ട് എല്ലാ മതവിദ്യാഭ്യാസ പദ്ധതികളും ഔദ്യോഗികമായി ഇപ്പോൾ പഠനം തുടങ്ങുന്നത് ജൂണിൽ സ്കൂളുകൾ പ്രവർത്തനം തുടങ്ങുന്നതോടെ കൂടെയാണ്. എങ്കിലും പാരമ്പര്യമായി ശവ്വാൽ മുതലാണ് മതരംഗത്തെ പഠനാരംഭം കുറിക്കപ്പെടുന്നതും അനുഭവപ്പെടുന്നതും. ഏറ്റവും അധികമുള്ളത് പ്രാഥമിക മദ്രസകൾ ആണ് എന്നതിനാലും മദ്രസകളിൽ ശവ്വാലിലാണ് പഠനാരംഭം കുറിക്കപ്പെടുന്നത് എന്നതിനാലുമാണത്. അതിനാൽ തന്നെയാണ് ഇപ്പോൾ തന്നെ അതിൻ്റെ വിചാരങ്ങളിലേക്ക് നാം കടക്കുന്നതും. ആ വിചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൗതിക പഠനത്തിന് അതിന്റേയും ധാർമിക പഠനത്തിന് അതിന്റേയും ലക്ഷ്യങ്ങളുണ്ട് എന്നതാണ്. അതായത് രണ്ടും വേറിട്ട രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതിനാൽ രണ്ടിന്റെയും ദാനം രണ്ടാണ്. രണ്ടു വിദ്യാഭ്യാസവും പഠിക്കുമ്പോൾ മൊത്തത്തിൽ കുട്ടിയുടെ വിദ്യാഭ്യാസ നില ഇരട്ടിക്കുകയാണ് എന്ന് തോന്നാതിരിക്കാൻ ആണ് ഇങ്ങനെ പറയുന്നത്. അത് ഇരട്ടിക്കുകയല്ല, അവൻ്റെ ജീവിതത്തിന് അവശ്യം ആവശ്യമായ രണ്ട് കാര്യങ്ങളും ലഭിക്കുകയുണ്. ഭൗതിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥിക്ക് ലഭിക്കേണ്ടത് ഒന്നും മത വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥിക്ക് ലഭിക്കേണ്ടത് മറ്റൊന്നുമാണ് എന്ന് ചുരുക്കം. അതിനാൽ ഏതു പഠിക്കാനാണോ താത്പര്യപ്പെടുന്നത് അതാണ് ലഭിക്കുക. രണ്ടിൽ ഏതെങ്കിലും ഒന്നു മാത്രം താല്പര്യപ്പെടുന്നവർക്ക് അതു മാത്രമേ ലഭിക്കുകയുള്ളൂ എന്ന് മാത്രമല്ല രണ്ടാമത്തെതിന്റെ കുറവ് കുറവായി തന്നെ അനുഭവപ്പെടുകയും ചെയ്യും.
ഏതൊക്കെയാണ് ഈ രണ്ട് ലക്ഷ്യങ്ങൾ എന്നത് കൂടി പറയുമ്പോൾ അത് കൂടുതൽ വ്യക്തമാകും. മാത്രമല്ല, രണ്ടും എത്ര കണ്ട് പ്രധാനമാണ് എന്നതും മനസ്സിലാക്കും. ഭൗതിക വിദ്യാഭ്യാസം പ്രധാനമായും ജോലി, സ്ഥാനമാനങ്ങൾ തുടങ്ങിയവയിലേക്ക് എത്തിച്ചേരാനുള്ള മാർഗമാണ്. സമൂഹത്തിന് അവശ്യം ആവശ്യമായ നിരവധി സേവന മേഖലകൾ ഉണ്ട്. ആ മേഖലകൾ കാര്യക്ഷമമായി നിലനിൽക്കേണ്ടത് പൊതുവായി മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതവുമാണ്. ആ നിലനിൽപ്പ് കാര്യക്ഷമമായിരിക്കുവാനും കാലാനുസൃതമായിരിക്കുവാനുമെല്ലാം ഭൗതികമായി ആ മേഖലക്ക് വേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട അറിവുകൾ ഉണ്ടാകും. അത് പഠിക്കുകയും അതിൽ മികവ് നേടുകയും ചെയ്യുന്നവർക്കാണ് ആ മേഖലയിൽ പരിഗണന നൽകാൻ കഴിയുക. ഉദാഹരണമായി മനുഷ്യർക്കിടയിൽ നിയമം നടത്തിപ്പിന് നിയമപാലകരായ പോലീസുകാർ വേണം. ആ ചുമതല എല്ലാവർക്കും നൽകുന്നതിൽ അർത്ഥമില്ല. നിയമപാലനത്തിന് വേണ്ടി നിയമ ലോകം ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുള്ള അതാത് കാലത്തിന്റെയും അതാത് പ്രദേശത്തിന്റെയും അറിവുകൾ ഉള്ളവരെ മാത്രമാണ് അതിന് ചുമതലപ്പെടുത്തേണ്ടത്. അപ്പോൾ മാത്രമേ അത് മനുഷ്യന് അനുഗുണമായിത്തീരൂ. അധ്യാപക വൃത്തി, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം ഇതേ അർത്ഥത്തിലുള്ള ഉദാഹരണങ്ങളാണ്. അതാത് മേഖലകളിൽ മികവ് നേടുന്ന വരെയാണ് അതിന് ഏൽപ്പിക്കേണ്ടത്. ആ മികവിലേക്കെത്തിച്ചേരുവാനുള്ള മാർഗമാണ് ഭൗതികമായ വിദ്യാഭ്യാസങ്ങൾ. ഭൗതിക വിദ്യാഭ്യാസങ്ങൾക്ക് അറിവ് എന്ന ഒരു ലക്ഷ്യമില്ലേ എന്ന് ചിലരെങ്കിലും ഇങ്ങനെ പറയുമ്പോൾ ചോദിച്ചേക്കാം. തീർച്ചയായും ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ആ അറിവുകളും ആത്യന്തികമായി മനുഷ്യൻറെ ജീവിതമാർഗങ്ങളെ തന്നെയാണ് സഹായിക്കുന്നത്. മനുഷ്യൻ്റെ ജീവിതം കൂടുതൽ ആയാസരഹിതമാകുവാനും സൗകര്യപ്രദമാകുവാനും വേണ്ടി ഉപയോഗപ്പെടുത്താനാണ് ആ അറിവുകൾ. റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (ആർ എൻ ഡി) വഴി ശാസ്ത്രങ്ങളും സാങ്കേതികതകളും വികസിപ്പിക്കുന്നത് അതിന് ഉദാഹരണമാണ്.
ധാർമിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് മനുഷ്യ ജീവിതത്തിന്റെ മനോഹരവും സന്തുലിതവും മാന്യവുമായ നിലനിൽപ്പിനെയാണ്. ഭൗതിക വിദ്യാഭ്യാസം ജീവിതമാർഗം കാണിച്ചുതരുമ്പോൾ ധാർമിക വിദ്യാഭ്യാസം ജീവിതശൈലിയാണ് നേടിത്തരുന്നത് എന്ന് ചുരുക്കം. ഭൗതിക വിദ്യാഭ്യാസരംഗത്ത് എത്ര ഉന്നതമായ സ്ഥാനത്തിൽ എത്തിയാലും എത്താതിരുന്നാലും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളും നിർവഹിക്കേണ്ടത് ഏത് ശൈലിയിലാണ്, സമൂഹത്തിലെ ഒരു അംഗമായി ജീവിക്കുമ്പോൾ സമൂഹ ഒഴുക്കിന് ഭംഗങ്ങൾ സംഭവിക്കാതിരിക്കുവാൻ ഇടപെടലുകളും സമീപനങ്ങളും എങ്ങനെയായിരിക്കണം, ജീവിതത്തിൻ്റെ കൗമാരം, യൗവനം, വാർദ്ധക്യം തുടങ്ങിയ ഘട്ടങ്ങളെ എങ്ങനെയാണ് ഫലപ്രദമായി വിനിയോഗിക്കേണ്ടത്, വിൽക്കൽ, വാങ്ങൽ, തർക്കിക്കൽ, ഉപദേശിക്കൽ, ഗുണദോഷിക്കൽ തുടങ്ങിയ ജീവിത സാഹചര്യങ്ങളെ സമൂഹത്തിന് വേദനിക്കാതെ എങ്ങനെയാണ് നിർവഹിക്കേണ്ടത്, മുതിർന്നവർ, ചെറിയവർ, സമപ്രായക്കാർ, അയൽക്കാർ, സഹോദര സമുദായക്കാർ, സ്ത്രീകൾ, അവശതയനുഭവിക്കുന്നവർ തുടങ്ങി ഓരോരുത്തരോടും ഉള്ള കടമകളും കടപ്പാടുകളും എന്താണ് തുടങ്ങി ജീവിത പാഠങ്ങൾ പഠിക്കുവാനും പരിശീലിക്കുവാനും ഗ്രഹിക്കുവാനും ഉള്ളതാണ് ധാർമിക പഠനം. ഒന്നുകൂടി ഒതുക്കിപ്പിടിച്ചു പറഞ്ഞാൽ ഭൗതിക വിദ്യാഭ്യാസം ജീവിതം മാർഗങ്ങളും സാഹചര്യങ്ങളും വികസിപ്പിക്കാനുള്ളതായിരിക്കുമ്പോൾ അതെല്ലാം നിർവഹിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മൂല്യവത്താക്കുവാനും എല്ലാവരുടെയും സ്വീകാര്യതയ്ക്ക് വിധേയമാക്കുവാനും വേണ്ടിയുള്ളതാണ് ധാർമിക വിദ്യാഭ്യാസം. അതിനാൽ സമൂഹം വളരുവാൻ ഭൗതിക വിദ്യാഭ്യാസം വേണം. അതേസമയം വളരുന്ന സമൂഹം ഒരു നല്ല സമൂഹമായിരിക്കുവാൻ ധാർമിക വിദ്യാഭ്യാസം കൂടി ഒപ്പം ലഭിച്ചിരിക്കേണ്ടതുണ്ട്.
ഉള്ളടക്കത്തിന്റെ കാര്യത്തിലും രണ്ട് വിദ്യാഭ്യാസങ്ങളും വ്യത്യസ്തമാണ്. ഭൗതിക വിദ്യാഭ്യാസം മനുഷ്യൻ തന്റെ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേടിയെടുക്കുകയും തെളിവുകളുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുക്കുകയും ചെയ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവയെക്കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും മനസ്സിലുറച്ചുവോ എന്ന് പരീക്ഷിക്കുകയും ഒക്കെയാണ് ഭൗതിക വിദ്യാഭ്യാസത്തിലെ പ്രക്രിയകൾ. ധാർമ്മിക വിദ്യാഭ്യാസമാവട്ടെ ധർമ്മങ്ങൾ അതായത് മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഏതെങ്കിലും ഒരു വിശ്വാസ ധാരയെ പിന്തുടർന്ന് കണ്ടെത്തിയതോ സിദ്ധിച്ചതോ പഠിപ്പിക്കുന്നതോ ആയിരിക്കും. കാരണം ധാർമ്മിക വിദ്യാഭ്യാസം പറയുന്ന വിഷയങ്ങൾ ഭാവിയുമായി ബന്ധപ്പെട്ടതാണ്. ഒരു മനുഷ്യൻ്റെ ജീവിതം ഭാവിയിൽ സംരക്ഷിതവും സുരക്ഷിതവും ആയിരിക്കുവാൻ എങ്ങനെയെല്ലാം ജീവിതത്തെ സമീപിക്കണം എന്നായിരിക്കും ധാർമിക വിദ്യാഭ്യാസം പറയുന്നതും പഠിപ്പിക്കുന്നതും. ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങൾ ശരിക്കും നടത്താൻ കഴിയുക സൃഷ്ടാവിന് മാത്രമാണ്. കാരണം, സൃഷ്ടാവ് ത്രികാലജ്ഞനായിരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ധാർമിക വിദ്യാഭ്യാസം പലപ്പോഴും മത വിദ്യാഭ്യാസമായി മാറുന്നത്. പുതിയ കാലത്ത് പല മതങ്ങളിൽ നിന്നുമായി കുറേ നല്ല ആശയങ്ങളും പാഠങ്ങളും കൂട്ടിച്ചേർത്ത് 'മോറൽ എജുക്കേഷൻ' എന്ന ഒരു വിദ്യാഭ്യാസ ശാഖ വികസിച്ചിട്ടുണ്ട് എന്നതൊരു സത്യമാണ്. പക്ഷേ, അത് പലപ്പോഴും ഗുണപാഠങ്ങളുടെ അധ്യായനം എന്ന ചെറിയ അർത്ഥത്തിൽ ഒതുങ്ങുകയാണ് പതിവ്. വിശാലമായി ഈ വിഷയം കൈകാര്യം ചെയ്യുന്നത് മതങ്ങളാണ്. ഇങ്ങനെയാണ് ഈ രണ്ടു വിദ്യാഭ്യാസങ്ങളും ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ട് കിടക്കുന്നത്. ഉദാഹരണമായി പറഞ്ഞാൽ ഭൗതിക വിദ്യാഭ്യാസം ഒരു വെള്ളത്തിൻ്റെ കണികയിലെ മൂലകങ്ങൾ ഏതെല്ലാമെന്നും അവയുടെ അളവ് എത്രയെല്ലാമാണെന്നും ആലോചിക്കുമ്പോൾ ധാർമിക വിദ്യാഭ്യാസം ചിന്തിക്കുന്നത് ഈ മൂലകങ്ങളെ ഇങ്ങനെ സമജ്ജസമായി സംയോജിപ്പിച്ചത് ഏത് ശക്തിയാണ് എന്നും അതിൽ തന്നെ മൂലകങ്ങളുടെ അളവിലെ വ്യത്യാസം എന്തെല്ലാം സൂചിപ്പിക്കുന്നുണ്ട് എന്നും ഇവയെല്ലാം വഴി മനുഷ്യനെ സൃഷ്ടാവ് എത്രമാത്രം അനുഗ്രഹിക്കുന്നുണ്ട് എന്നുമെല്ലാമാണ്. ആ ആലോചനകളെ വിശ്വാസം എന്ന പ്രധാന കണ്ണിയിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ധാർമിക വിദ്യാഭ്യാസത്തോട് ക്രമേണ പുതിയ ലോകം അനിഷ്ടവും അകലവും പുലർത്തുന്നത് ശ്രദ്ധയിലുണ്ട്. അതിൻ്റെ കാരണം മതത്തോടുള്ള അകലവും അറപ്പുമാണ്. അതിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ വളർന്നുവരുന്ന യുക്തി - സ്വതന്ത്ര ചിന്തകൾ മുതൽ ഭൗതിക പ്രമത്തതയുടെ അതിപ്രസരം വരെയുണ്ട്. പക്ഷെ, മേൽ പറഞ്ഞ തത്വം പച്ചയായ അനുഭവങ്ങൾക്കും മുമ്പിൽ ഒരാൾക്കും നിഷേധിക്കാൻ കഴിയാത്തതാണ്. കാരണം ധാർമിക വിദ്യാഭ്യാസത്തിൻ്റെ അഭാവം വരുത്തിവെക്കുന്ന വിനകൾ സമൂഹം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതു നേരത്തെ വേണ്ടപ്പെട്ടവർ നിരീക്ഷിച്ചിട്ടുള്ളതും പ്രവചിച്ചിട്ടുള്ളതുമാണ്. 2013 ൽ ഡൽഹി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ജ. വിരേന്ദർ ഭട്ടാണ് വർദ്ധിച്ചുവരുന്ന പീഡനം, തട്ടിക്കൊണ്ട് പോക്ക്, ജാതിയും മതവും മാറിയുള്ള വിവാഹങ്ങൾ, തുടങ്ങിയവ വഴി ഉണ്ടാകുന്ന സാമൂഹ്യവും സാമുദായികവുമായ പ്രശ്നങ്ങളുടെ പരിഹാരം മക്കൾക്ക് ധാർമികമായ വിദ്യാഭ്യാസം നൽകുക എന്നതാണ് എന്ന് നിരീക്ഷിച്ചത്. മറ്റൊരു ജാതിക്കാരനായ യുവാവിന്റെ കൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒളിച്ചോടിയതിനെ തുടര്‍ന്ന്, യുവാവിനെതിരെ ബലാംത്സംഗത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് കോടതിയെ സമീപിച്ച സംഭവത്തിലാണ് കോടതിയുടെ ഈ വിധി. ആയിരത്തിന് താഴെ സമാനമായ കേസുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്തായിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ അത് ആയിരങ്ങളായി വളർന്നു കഴിഞ്ഞിരിക്കുന്നു. ആത്മാർത്ഥമായ സ്വദേശപരമായ ധാർമിക വിദ്യാഭ്യാസം നേടാത്തതാണ് സമൂഹത്തിൻറെ പല മേഖലകളിലും ഇത്തരം ആശാവഹമല്ലാത്ത സംഭവങ്ങൾ വർദ്ധിച്ചുവരുന്നത്. അത് പറയുമ്പോൾ ഉള്ള മറ്റൊരു എതിർ ചോദ്യത്തെ മറികടക്കാൻ ആണ് ആത്മാർത്ഥവും സ്വോദ്ദേശപരവും എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്. വെറും കീഴ്‌വഴക്കം, അഭിനയം, മറ്റുള്ളവർ എന്തു പറയും എന്ന് തോന്നൽ എന്നിവയുടെ പേരിൽ മതം പഠിക്കുന്നതും പഠിപ്പിക്കുന്നതും കാര്യമായി ജീവിതത്തെ സ്വാധീനിച്ചു കൊള്ളണമെന്നില്ല. മാത്രമല്ല അത് നേർവിരുദ്ധമായ ഉദാഹരണങ്ങളെയും മാതൃകകളെയും ആയിരിക്കും സൃഷ്ടിക്കുക. മക്കൾക്ക് രണ്ടുതരം വിദ്യാഭ്യാസവും നിഷ്കളങ്കമായി നൽകാൻ കഴിയുമ്പോഴാണ് രക്ഷാകർത്താവിന്റെ ദൗത്യം പൂർണമാവുക.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso