Thoughts & Arts
Image

വഖഫ് ഭേതഗതി: മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ്.

2025-04-21

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





മുസ്ലിംകൾ അവരുടെ മതവിശ്വാസം അനുസരിച്ച് പാരത്രികമായ പ്രതിഫലം ലഭിക്കുവാൻ വേണ്ടി മാത്രം അവരുടെ മതവിശ്വാസം പിന്തുണക്കുന്ന മാർഗങ്ങൾക്കു വേണ്ടിയോ വ്യക്തികൾക്ക് വേണ്ടിയോ കാര്യങ്ങൾക്കു വേണ്ടിയോ ചെയ്യുന്ന സ്ഥിര സ്വഭാവമുള്ള ദാനമാണ് വഖഫ്. അത് മുസ്ലിംകൾ എന്നെങ്കിലും എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള യുദ്ധങ്ങൾ വഴി വെട്ടിപ്പിടിച്ചതോ ഭരണകൂടങ്ങൾ അവർക്ക് ദാനത്തീരായോ കരമൊഴിവായോ നൽകിയതോ അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെടുന്ന മുസ്ലിം സമ്പന്നരുടെ സ്വത്തിൽ നിന്ന് വന്നുചേർന്നതോ ഒന്നുമല്ല. ഇങ്ങനെയെല്ലാം ഇപ്പോൾ തീർത്തും തെളിയിച്ചും പറയേണ്ട ഒരു സാഹചര്യം ഇന്ത്യയിൽ വന്നിരിക്കുന്നു. കാരണം ഇന്ദ്രപ്രസ്ഥം വാഴുന്നവരും പലനിലക്കും വഖഫ് സ്വത്തുകൾ കയ്യടക്കിയവരും മുസ്ലിം മാനേജ്മെൻറുകളുടെ കയ്യിലെ വൻ സാമ്പത്തിക നിക്ഷേപം കണ്ട് സ്വസ്ഥത നഷ്ടപ്പെട്ട് അസൂയ പൂണ്ടവരും ഇവയിൽ ഏതെങ്കിലും ഒരു കക്ഷിക്ക് വേണ്ടി കഞ്ഞി വെക്കാനും കള്ളം പറയാനും നടക്കുന്നവരുമെല്ലാം മുസ്ലിങ്ങൾക്കും അവരുടെ വഖഫുകൾക്കും എതിരെ കാണിക്കുന്ന വീറും വാശിയും ഉയർത്തുന്ന ചീറ്റലും ഉന്മേഷവും കാണുമ്പോൾ അവരൊക്കെ അങ്ങനെയോ അതിലപ്പുറമോ കരുതിയിട്ടുണ്ട് എന്ന മട്ടും മാതിരിയുമാണ്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന 1995 ലെ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യാൻ എന്നും പറഞ്ഞ് ഏതോ വലിയ വംശീയ ഗൂഢാലോചന വിജയിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്ന, 2024 ഓഗസ്റ്റ് 8 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ എന്ത് വില കൊടുക്കും ഗവൺമെൻറ് പാസാക്കി എടുക്കും എന്നത് ഉറപ്പാണ്. പുതിയ ബിൽ മുസ്ലിംകൾക്ക് എതിരാണ്, പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇതിനോട് ശക്തമായ എതിർപ്പ് ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു, ബില്ല് നിർദ്ദേശിക്കുന്ന മാനേജ്മെൻറ് ഭേദഗതി വഴി എല്ലാവർക്കും വഖഫിൽ ഇടപെടാനുള്ള അവസരം ലഭിക്കുകയും മുസ്ലിങ്ങളുടെ കുത്തക അവസാനിപ്പിക്കാൻ അതിവേഗം കഴിയുകയും ചെയ്യും, അഞ്ചുവർഷം വിശ്വാസിയായി ജീവിച്ചിട്ടേ ഇനി വഖഫ് ചെയ്യാൻ പാടുള്ളൂ എന്ന നിയമം വരുന്നതോടെ വഖഫ് ചെയ്യാനുള്ള വിശ്വാസികളുടെ താൽപര്യവും സാഹചര്യവും കുറഞ്ഞുവരും എന്നതിനാലെല്ലാം ഇത് പാസാക്കിയെടുക്കുന്നതിൽ കേന്ദ്ര ഗവൺമെന്റിന് വലിയ ആവേശമാണ്. അതിനാൽ എന്തെങ്കിലും തടസ്സങ്ങൾ വന്നാൽ തന്നെ അത് അവർ പതിവുപോലെ കയ്യൂക്ക് കൊണ്ട് മറികടക്കും. മുസ്ലിം ന്യൂനപക്ഷങ്ങളെ തകർക്കാനും തളർത്താനും ഉള്ള ഒരു വഴിയാണ് എന്ന് അവർ കരുതുന്നതാണ് ആവേശത്തിൻ്റെ സ്രോതസ്സ്. അതിനാൽ നാളിതുവരെ ഉണ്ടായിരുന്ന വഖഫിൻ്റെ വിശുദ്ധിയും പൊലിമയും ഇനി ഒരിക്കൽ അതേപടി പറയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല എന്നതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു ആമുഖം പറയേണ്ടിവരുന്നത്.


ന്യൂനപക്ഷങ്ങളുടെ മതപരമായ അസ്ഥിത്വത്തിനെതിരെ കേന്ദ്ര ഗവൺമെൻറ് നേരിട്ട് തുറന്നു നടത്തുന്ന യുദ്ധമായിട്ടാണ് വിശ്വാസികളും ജനാധിപത്യ വാദികളും ഈ നീക്കങ്ങളെ കാണുന്നത്. ഇത് ഇസ്ലാമിക കാഴ്ചപ്പാടിൽ ഒരു ആരാധനയ്ക്ക് സമാനമാണ്. നിസ്കാരം ഒരു ആരാധനയാണ് അതിൽ വിശ്വാസവും കർമ്മവും ആണ് ഉൾചേർന്നിട്ടുള്ളത്. അപ്രകാരം തന്നെയാണ് വഖഫ്. അതിൽ ആസ്തി, പ്രയോജനം തുടങ്ങിയവ കൂടി ഉണ്ട് എന്നുമാത്രം. നിസ്കാരം നിർബന്ധവും ഐച്ഛികവും ഉണ്ട്. വഖഫ് ഐച്ഛികം മാത്രമാണ്. പക്ഷേ, വഖഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ അത് ഒരു മാറ്റവും പാടില്ലാത്ത വിധം നിർബന്ധ ഭാവത്തിലേക്ക് കടക്കുന്നു. കാരണം ഒരു ആസ്തി വഖഫ് ചെയ്യുന്നതോടുകൂടി അത് അല്ലാഹുവിൻ്റെ സ്വത്തായി മാറുകയാണ്. പിന്നെ സൃഷ്ടികൾക്ക് അതിൽ നിയമാനുസൃതമുള്ള കൈകാര്യം അല്ലാതെ മറ്റൊന്നിനും അവകാശമില്ല. അതുതന്നെ വിശ്വാസികളായ സൃഷ്ടികൾക്ക് മാത്രം. അല്ലാത്തവർക്ക് അവിടെ ഒന്നുമില്ല. അതുകൊണ്ടാണ് വഖഫ് സ്വത്തുകൾ കൈമാറ്റം ചെയ്യുക, വിൽക്കുക, മറ്റു ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക തുടങ്ങിയതൊന്നും മതപരമായി പാടില്ലാത്തത്. ഇവയെല്ലാം വഖഫിന്റെ പ്രാഥമിക നയങ്ങളും നിയമങ്ങളുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് അത് തികച്ചും മതപരമായ ഒരു സംഗതി മാത്രമാണ്, അതിനപ്പുറമുള്ള മറ്റു ഇടപെടലുകളെല്ലാം മുസ്ലിംകളുടെ മതപരമായ നിലനിൽപ്പിനെതിരെയുള്ള കയ്യേറ്റങ്ങൾ മാത്രമാണ് എന്നൊക്കെയാണ്.


ഇസ്ലാമിക സംസ്കൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് വഖഫ്. അതിൻ്റെ ചരിത്രപരമായ അസ്ഥിത്വത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്.
ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധം മുസ്ലിംകൾക്ക് തങ്ങളുടെ ദാരിദ്രത്തിൻ്റെ മടക്കുകൾ നിവർത്തുവാനുള്ള ഒരു അവസരമായിരുന്നു. ചില സ്വഹാബിമാർ അങ്ങനെ തന്നെ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഖൈബർ യുദ്ധം കഴിയുന്നതുവരെ ഞങ്ങളുടെ വിശപ്പ് മാറിയിട്ടില്ല എന്ന്. അതിൽ പങ്കെടുത്ത എല്ലാവർക്കും യുദ്ധാർജിത മുതലിന്റെ പങ്കു കിട്ടി. കൂട്ടത്തിൽ ഉമർ(റ) വിനും കിട്ടിയിരുന്നു. കാർഷിക ഭൂമിയായിരുന്നു ഗനീമത്തായി കിട്ടിയത്. അദ്ദേഹം അത് എന്തു ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് നബി തിരുമേനി(സ്വ)യെ സമീപിച്ചു. അത് വെറുതെ നിലനിർത്തുവാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല. അവരൊന്നും കാർഷിക താൽപ്പര്യമുള്ളവരായിരുന്നില്ല. മക്കളും അങ്ങനെ തന്നെയായിരുന്നു. അതിനാൽ തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്‌ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. 'താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്‌തു നിലനിർത്തിക്കൊണ്ട് തന്നെ അതിനെ ധർമം ചെയ്യാമല്ലോ' എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. മുതൽ കൊണ്ടുള്ള പ്രയോജനവും ഉപകാരവും മുടങ്ങാതെ അതിനെ ഒരു പാരത്രിക പ്രതിഫലം ലഭിക്കുന്ന ധർമ്മമാക്കി മാറ്റുന്ന വിദ്യയാണ് നബി(സ) അദ്ദേഹത്തെ ഉപദേശിച്ചത്. അത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, അതിനെ വഖഫ് ചെയ്യുക എന്നതായിരുന്നു. തന്റെ ഭൂമി വഖഫ് ചെയ്യുന്നതായി പ്രഖ്യാപിച്ച അദ്ദേഹം തുടർന്നു പറഞ്ഞു: 'ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ ഒന്നും പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം' (ബുഖാരി, മുസ്ലിം). ഇസ്ലാമിലെ ആദ്യത്തെ വഖഫ് ഇതായിരുന്നു എന്ന് പല പ്രമുഖ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ വിവരണത്തിൽ തന്നെ അതിൻ്റെ കർമ്മ-ആത്മീയ ശാസ്ത്രങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. നിലക്കാത്ത ധർമ്മം സ്ഥാപിക്കുക എന്നതാണ് നബി തിരുമേനി(സ)യുടെ ഉദ്ദേശം. സ്വഹാബിമാരിൽ സാമ്പത്തിക ശേഷിയുള്ള എല്ലാവരും വഖഫ്‌ ചെയ്തിരുന്നതായി തുഹ്ഫ 6: 236ൽ പറയുന്നുണ്ട്. അൻസാറുകളായ എൺപത് പേർ വഖഫ്‌ ചെയ്‌തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്‌മാൻ (റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖഫ്‌ ചെയ്‌തതും അബൂ ത്വൽഹ(റ) തൻ്റെ ബൈറുഹാ എന്ന തോട്ടം വഖഫ് ചെയ്തതുമെല്ലാം ചരിത്രത്തിൽ കാണാം. ഇപ്പോഴും വരുമാനവും ഗുണവും ലഭിച്ചുകൊണ്ടിരിക്കുന്നവയാണ് ഇവയിൽ ചിലത്. ചിലതെല്ലാം അന്യാധീനപ്പെട്ടു പോവുകയും ചെയ്തു.


വഖഫ് ഇന്ത്യയിലെ വർഗീയ-വംശീയ പിന്നാമ്പുറങ്ങളെ അസ്വസ്ഥമാക്കുന്നതിന് മറ്റു ചില കാരണങ്ങളുണ്ട്. അവയിൽ ഒന്ന്,
ഇസ്‌ലാമിക സമൂഹത്തിന്റെ ആത്‌മീയവും ഭൗതികവുമായ പുരോഗതിയിൽ വഖഫ്‌ സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന വീക്ഷണമാണ്. അല്ലാഹുവിന് വേണ്ടി എന്ന മനസ്ഥിതിയോടെ പാരത്രികമായ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ഒരാൾ തൻ്റെ വിലകൂടിയ സ്വത്ത് വഖഫ് ചെയ്യാൻ തയ്യാറാവുമ്പോൾ അത് ആത്മീയതയുടെ വളർച്ചയെയാണ് ഒന്നാമതായി കുറിക്കുന്നത്. ഒപ്പം തന്നെ അയാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധത തെളിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം മഹാമാനുഷിക സേവനത്തിൻ്റെ വാതിലുകൾ ഇത് തുറക്കുകയും ചെയ്തു. അശരണരായ ജന സമൂഹങ്ങൾക്ക് വേണ്ടിയുള്ള പൊതുവായ സഹായം നിലയ്ക്കരുത് എന്ന ബോദ്ധ്യത്തെയും വഖഫ് ഉദ്വീപിപ്പിച്ചു. നമ്മുടെ നാട്ടിൽ പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും വേണ്ടിയാണ് അധിക വഖഫും ചെയ്യപ്പെട്ടത്. അത് ഈ സ്ഥാപനങ്ങളുടെ അഭിമാനകരമായ വളർച്ചയിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു മുതൽ ഇന്ത്യയിലുടനീളം പരിശോധിച്ചു നോക്കിയാൽ ഒരു വൻതുകയുടെ സ്വത്ത് വഖ്ഫ് ചെയ്യപ്പെട്ടിരിക്കുന്നത് കാണാം. ഇന്ത്യയിൽ മൊത്തം 6 ലക്ഷം ഏക്കറിലായി പരന്നുകിടക്കുന്ന 5 ലക്ഷം വഖഫ് ഭൂമികൾ ഉണ്ട് എന്ന് 2002 ലെ സച്ചാർ കമ്മറ്റി റിപ്പോർട്ട് തന്നെ പറയുന്നു. 60 ബില്യൺ രൂപയാണ് സച്ചാർ കമ്മറ്റി അതിനു വിലയിട്ടിരിക്കുന്നത്. ഇത്രയും വലിയ ഒരു തുകയുടെ സമ്പത്ത് ആയതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഈ വിവാദങ്ങളെല്ലാം ഉണ്ടായിരിക്കുന്നതും. അതിൽ തന്നിഷ്ടം പോലെ കയ്യിട്ടുവാരുവാൻ അത്തരക്കാരായ ആൾക്കാരെ മതപരമായ പ്രത്യേകതയോ അർഹതയോ കൂടി പരിഗണിക്കാതെ തിരുകി കയറ്റുവാനും ഈ സമ്പത്തുക്കളെ എല്ലാം പൊതുവല്‍ക്കരിക്കുവാനും ആണ് കേന്ദ്ര ഗവൺമെൻറ് ശ്രമിക്കുന്നത്.


അന്ത്യ നാളിനോട് അടുക്കുംതോറും പൊതുമുതലുകൾ, പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്ന മുതലുകൾ, പരിശുദ്ധി കൽപ്പിക്കപ്പെടുന്ന മുതലുകൾ തുടങ്ങിയവയിലെല്ലാം ഉദാസീനത, കടുകാര്യസ്ഥത, വകുപ്പു മാറ്റൽ, തട്ടിയെടുക്കൽ തുടങ്ങിയവയെല്ലാം സംഭവിക്കും എന്നത് നബി തിരുമേനി പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. അന്ത്യനാളിന്റെ ചെറിയ ലക്ഷണങ്ങളുടെ കൂട്ടത്തിൽ ആണ് ഇത് എണ്ണപ്പെടുന്നത്. ഈ നീക്കങ്ങളെ എല്ലാം ആ ലക്ഷണങ്ങളുടെ പട്ടികയിൽ കണ്ടും പരമാവധി മാന്യമായ രൂപത്തിൽ പറഞ്ഞും വാദിച്ചും പ്രതികരിച്ചും കടമ നിർവഹിക്കുകയല്ലാതെ മറ്റൊന്നും ഒരു ന്യൂനപക്ഷം എന്ന നിലക്ക് ചെയ്യാൻ കഴിയാത്ത, അനുവദിക്കാത്ത ഘടനയാണ് നിലവിലുള്ളത്. അതിനാൽ ഇങ്ങനെയെല്ലാം സമാധാനിക്കാനേ തരമുമുള്ളൂ എന്നതാണ് പരസ്പരം പറഞ്ഞിരിക്കാനുള്ളത്.
0





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso