

പെരുന്നാളിൻ്റെ പൊരുൾ
2025-04-21
Web Design
15 Comments
ടി എച്ച് നിസാമി
പെരുന്നാൾ വിശ്വാസികൾക്ക് നൽകുന്ന സന്ദേശം 'അല്ലാഹു അക്ബർ' എന്നതാണ്. അത് ആയിരിക്കുവാൻ വേണ്ടിയാണ് പെരുന്നാൾ ദിനങ്ങൾ തക്ബീറുകളാൽ മുഖരിതമായിരിക്കണം എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു ഏറ്റവും വലിയവനാണ് എന്ന ബോധ്യം വരുത്തുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് അത് ഉദ്ഘോഷിക്കുന്നതിന്റെയും ആവർത്തിക്കുന്നതിന്റെയും പരമമായ ലക്ഷ്യം. പരിശുദ്ധ റമദാനിൻ്റെ പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികളുടെ ലോകം പെരുന്നാൾ ആഘോഷിക്കുമ്പോൾ അവിടെ അല്ലാഹു വലിയവനാണ് എന്ന പ്രഘോഷണം എന്തു പ്രസക്തിയാണ് പ്രകടിപ്പിക്കുന്നത് എന്ന് വേണമെങ്കിൽ ഒരാൾക്ക് ചോദിക്കാം. ഒരു മാസക്കാലം നോമ്പ് അനുഷ്ടിച്ചതും ധാർമിക വിചാരത്തിനായി നീക്കിവെച്ചതും ആരാധനകളിലും സൽകർമ്മങ്ങളിലും മുഴുകിയതും എല്ലാം അല്ലാഹു വലിയവനാണ് എന്ന വിശ്വാസമുള്ള വിശ്വാസികൾ ആണല്ലോ. പിന്നെ അത് അവർ ആവർത്തിച്ച് ഉദ്ഘോഷിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്ന ചോദ്യം. പ്രഥമദൃഷ്ട്യാ അത് ന്യായമാണ് എന്ന് തോന്നാം. പക്ഷേ വിശ്വാസികളെ തന്നെ ഈ സന്ദേശം ബോധ്യപ്പെടുത്തേണ്ട സാഹചര്യമാണ് ഉള്ളത്. കാരണം വിശ്വാസകാര്യങ്ങളും കർമ്മപരമായ നിർദ്ദേശങ്ങളും അംഗീകരിക്കുകയും ഇസ്ലാമിക ജീവിതക്രമം പൊതുവായി പാലിക്കുകയും ചെയ്തവരാണ് ഇവിടെ വിവക്ഷിക്കപ്പെടുന്ന വിശ്വാസികൾ. സൂക്ഷ്മമായ മത ജീവിതത്തിൽ നിന്ന് അവർ പല നിലക്കും പല തരത്തിലും അകന്നാണ് സഞ്ചരിക്കുന്നത്. അങ്ങനെ ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണല്ലോ വിശ്വാസികളെ മുത്തഖീങ്ങളാക്കുവാനാണ് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത് എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് (2:183).
സൂക്ഷ്മാർത്ഥത്തിൽ ഉള്ള മതപരമായ നിഷ്ഠകൾ പാലിക്കുന്നതിൽ മനുഷ്യന് പലപ്പോഴും വീഴ്ചകൾ സംഭവിക്കും എന്നത് ഒരു സത്യമാണ്. അപ്പോൾ അവൻ മുഅ്മിൻ ആയിരിക്കാം പക്ഷേ മുത്തഖി ആയിരിക്കണം എന്നില്ല. അതാണ് വ്യത്യാസം. ഈ വീഴ്ചയുടെ പൊതുവായ കാരണം അവൻ ഇടക്ക് യുക്തിയിലേക്കും ന്യായത്തിലേക്കും തെന്നിയും തെറിച്ചും വീഴുന്നതാണ്. ഉദാഹരണമായി, ചില വിശ്വാസികൾ ചിലപ്പോൾ പറയും, ഇസ്ലാമിൻ്റെ എല്ലാ നിലപാടുകളും നൂറു ശതമാനം ശരിയാണ്. പക്ഷേ, സ്ത്രീയുടെ അനന്തരാവകാശ കാര്യത്തിൽ ഇസ്ലാമിൻ്റെ നയം യോജിക്കാനാവാത്തതാണ്. അല്ലെങ്കിൽ ഹിജാബിന്റെ കാര്യത്തിൽ ഇസ്ലാമിൻ്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇവിടെയെല്ലാം ഈ വിശ്വാസി പ്രമാണത്തേക്കാൾ തൻറെ യുക്തിയെ പിന്തുടരുകയാണ്. ഇതാണ് വിശ്വാസിയെ വഴിതെറ്റിക്കുന്ന യുക്തിവാദം. ആൺകുട്ടിക്ക് സ്വർണ്ണ ആഭരണം അണിയിക്കുന്ന ചില രക്ഷിതാക്കൾ പറയും, 'ചെറിയ കുട്ടിയല്ലേ' എന്ന്. അമാന്യവും വികൃതവും ആയ വേഷം വാരിവലിച്ചു ധരിച്ച ആൾ പറയും, 'നഗ്നത മറഞ്ഞാൽ പോരേ' എന്ന്. മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ ഭക്തിഗാനം ആലപിക്കുന്നതിൽ നെറ്റി ചുളിച്ചാൽ ഗായകൻ പറയും, പാടുന്നത് 'നബിയെ കുറിച്ച് അല്ലേ' എന്ന്. ഇതെല്ലാം വിശ്വാസിയെ വഴിതെറ്റിക്കുന്ന ന്യായീകരണങ്ങൾ. ഇത്തരം ഉദാഹരണങ്ങൾ ജീവിതത്തിൻ്റെ പല മേഖലയിലും വ്യാപകമാണ്. ഈ വഴികളിലൂടെയാണ് വിശ്വാസിയുടെ മനസ്സിൽ നിന്ന് സൂക്ഷ്മ വിശ്വാസം ചോർന്നു പോകുന്നത്. അത് കൂടിക്കൂടി വരികയും ആണ്.
യുക്തി തിരയലും ന്യായീകരിക്കലും മനുഷ്യനെ പഠിപ്പിച്ചത് പിശാചാണ്. അവൻ സ്വർഗ്ഗത്തിൽ നിന്നും അല്ലാഹുവിൻ്റെ പ്രീതിയിൽ നിന്നും എടുത്തറിയപ്പെട്ടത് ഇതു കാരണത്താൽ തന്നെയായിരുന്നു. അവൻ ഒരിക്കലും അല്ലാഹുവിനെ നിഷേധിച്ചിട്ടില്ല. അവന് മക്കളോ ജീവിതപങ്കാളിയോ ഉണ്ട് എന്നു പറഞ്ഞിട്ടില്ല. അവൻ്റെ സ്വിഫത്തുകൾ ഒന്നും നിഷേധിച്ചിട്ടില്ല. അവനുമായി അല്ലാഹു നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന് അത് വ്യക്തമാണ്. ഖുർആൻ പറയുന്നു: (അവൻ പറഞ്ഞു) 'നിൻ്റെ പ്രതാപം തന്നെയാണ് സത്യം. ഞാൻ അവരെയെല്ലാം വഴിതെറ്റിക്കുക തന്നെ ചെയ്യും' (സ്വാദ്: 82). അല്ലാഹുവിൻ്റെ പ്രതാപത്തെ ആണ് അവൻ ആണയിടാൻ മുമ്പോട്ടു വെക്കുന്നത്. അല്ലാഹുവിൻ്റെ സ്വിഫത്തുകളാണ് അവൻ്റെ പ്രതാപത്തിൻ്റെ അടിസ്ഥാനം. അവൻ ആ സ്വിഫത്തുകളെ എല്ലാം അംഗീകരിക്കുന്നു എന്നർത്ഥം. സ്വാദ്: 79 ൽ അവനെ ഇങ്ങനെ ഉദ്ധരിക്കുന്നു: 'നാഥാ, നീ എന്നെ അവരെ പുനർജനിപ്പിക്കപ്പെടുന്നത് വരേക്കും പിന്തിച്ചിടേണമേ'. ഈ ഉദ്ധരണിയിൽ രണ്ടുകാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, അവൻ അല്ലാഹുവിനെ റബ്ബായി കാണുന്നു എന്നത്. രണ്ടാമതായി, മനുഷ്യൻ പുനർജനിക്കപ്പെടുന്ന അന്ത്യനാളിൽ അവൻ വിശ്വസിക്കുന്നു എന്നത്. അടിസ്ഥാനപരമായ വിശ്വാസങ്ങൾ ഉണ്ട് എന്ന് ഇതെല്ലാം തെളിയിക്കുമ്പോഴും അവൻ എന്തുകൊണ്ട് ബഹിഷ്കൃതനായി എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുമ്പോഴാണ് യുക്തി തിരയുന്നതും ന്യായം അവതരിപ്പിക്കുന്നതും അവൻ പഠിപ്പിച്ചതാണ് എന്ന് മനസ്സിലാവുക. കാരണം, അവൻ അവതരിപ്പിച്ചത് ഒരു യുക്തിയായിരുന്നു. സൃഷ്ടാവ് സൃഷ്ടിക്ക് ആശ്രയിക്കുന്ന മൂലകങ്ങളെ അവൻ വർഗീകരിച്ചു. എന്നിട്ട് ഏത് ഏതിനു മുകളിലാണ് എന്നവൻ കണ്ടുപിടിച്ചു. തന്നെ പടച്ച മൂലകമായ തീയും ആദമിനെ പടച്ച മൂലകമായ മണ്ണും മുകളിലും താഴെയും ആണ് എന്നാണ് അവൻ സമർഥിച്ചത്. ആ വിഷയത്തിൽ മേലെ കിടക്കുന്ന താൻ താഴെ കിടക്കുന്ന ആളെ ബഹുമാനിക്കേണ്ടതില്ല എന്നായിരുന്നു പിശാചിന്റെ യുക്തിവാദം.
കാര്യകാരണങ്ങൾ അന്വേഷിക്കേണ്ട, ഗൗനിക്കേണ്ട, ചിന്തിക്കേണ്ട എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. ചിന്തയെയും അന്വേഷണത്തെയും വിശുദ്ധ ഖുർആനും ഇസ്ലാമും ഒരുപാട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ അതെല്ലാം ആത്യന്തികമായി വിശ്വാസത്തിൽ എത്തിച്ചേരുവാൻ വേണ്ടി ഉള്ളതാണ്. വിശ്വാസത്തിൽ എത്തിച്ചേർന്നതിനുശേഷം പിന്നെ ചിന്ത ആ വിശ്വാസത്തെ ഊതിക്കാച്ചി എടുക്കുവാൻ വേണ്ടിയുള്ളതാണ്. അതേസമയം അപ്പോഴെല്ലാം പ്രമാണങ്ങളെ അന്ധമായി തന്നെ പിന്തുടരുകയാണ് വേണ്ടത്. കൃത്യമായ വഴികളിലൂടെ വിശ്വാസത്തിൽ എത്തിച്ചേർന്നതിനാൽ അങ്ങനെ പിന്തുടരുന്നതിൽ അപകടം ഒന്നും വരാനില്ല എന്നാണ് ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിൻ്റെ നിലപാട്. പ്രവാചകൻ സ്വർണ്ണ മോതിരം ധരിച്ച ഒരു വിശ്വാസിയുടെ കയ്യിൽ നിന്ന് അത് ഊരിയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ സംഭവം സുവിതമാണ്. അയാൾക്ക് അത് എടുക്കുകയും ഭാര്യക്കോ മകൾക്കോ നൽകുകയോ വിറ്റ് അനുഭവിക്കുകയോ ഒക്കെ ചെയ്യാവുന്നതായിരുന്നു. അങ്ങനെ ചിലരൊക്കെ നിർദ്ദേശിക്കുകയും ചെയ്തതാണ്. അങ്ങനെ ചെയ്യുകയാണ് എങ്കിൽ അത് യുക്തിക്കും ന്യായത്തിനും അനുഗുണമാവുകയും ചെയ്യുമായിരുന്നു. പക്ഷേ അയാൾ പറഞ്ഞത് 'നബി തങ്ങൾ വലിച്ചെറിഞ്ഞത് ഞാനിനി എടുക്കില്ല' എന്നാണ്. ആ വിധം സമ്പൂർണ്ണമായിരുന്നു ആ തലമുറയുടെ വിധേയത്വം.
കേവലം ആചാര അനുഷ്ഠാനങ്ങളിലും പ്രത്യക്ഷ പാരമ്പര്യങ്ങളിലും ഒതുങ്ങി നിൽക്കുന്നു, ഒരു പരീക്ഷണത്തിന് വിധേയമാക്കാവുന്ന ബലം വിശ്വാസത്തിന് ഇല്ലാതെയായിരിക്കുന്നു തുടങ്ങിയതെല്ലാം പുതിയ കാലഘട്ടത്തിൻ്റെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. കണ്ണുകൾ കലങ്ങി ചങ്കിൽ നിന്ന് ഉയരുന്ന പ്രാർത്ഥനാ രോദനങ്ങൾ കേൾക്കപ്പെടുന്നില്ല എന്നത് മറ്റൊരു അനുഭവമാണ്. ഗസ്സയിലെ ചോരക്കളം അതിനു മതിയായ സാക്ഷിയാണ്. അന്താരാഷ്ട്ര തമ്പുരാക്കന്മാർ പറയുന്നതും സ്വീകരിക്കുന്നതുമായ നിലപാടുകൾ എന്തൊക്കെയായാലും ഒരു ജനത അവിടെ എല്ലാ മൗലിക അവകാശങ്ങളും നിഷേധിക്കപ്പെടുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്യുകയാണ് എന്നും അവരുടെ കാര്യം ആര് പരിഗണിച്ചില്ലെങ്കിലും ലോക മുസ്ലിംകൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നതും എല്ലാം പച്ചയായ പരമാർത്ഥങ്ങളാണ്. എന്നിട്ടും ഉത്തരം ആശ്വാസമായി ആ മണ്ണിൽ ഇറങ്ങുന്നത് കാണുന്നില്ല. അതിൽ അല്ലാഹുവിൻ്റെ തായ യുക്തമായ തീരുമാനം ഉണ്ടായിരിക്കാം. പക്ഷേ കാഴ്ചയിൽ ഈ പ്രാർത്ഥനകൾ ഒക്കെ നിരാശയിൽ ചെന്ന് പതിക്കുകയാണ്. അല്ലാഹു മുത്തഖിങ്ങളായ വിശ്വാസികളുടെ വിളിപ്പുറത്തെ വരൂ എന്നതാണ് വാസ്തവം. ഈ പ്രാർത്ഥിക്കുന്നവർക്കൊന്നും വിശ്വാസമില്ലാഞ്ഞിട്ടല്ല പക്ഷേ മുത്തഖീങ്ങൾ എന്ന ശ്രേണിയിൽ എത്തുവാൻ മാത്രം ജാഗ്രമായ സൂക്ഷ്മത അവരുടെ ജീവിതങ്ങളിൽ ഉണ്ട് എന്ന് തീർത്തു പറയാൻ പുതിയകാലം ധൈര്യപ്പെടുന്നില്ല. അതിനാൽ വിശ്വാസികളിൽ തന്നെ അല്ലാഹു അക്ബർ എന്ന ബോധ്യം ഉറപ്പിക്കുവാൻ നാം ബാധ്യസ്ഥരാകുന്നു.
വലില്ലാഹിൽ ഹംദ്..
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso