Thoughts & Arts
Image

സ്വത്തു കൂടി ശുദ്ധിയാവണം

2025-04-21

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





സ്വന്തം സമ്പാദ്യത്തിൽനിന്ന് വെറുതെയങ്ങ് എടുത്തു കൊടുക്കുക എന്ന് വിലയിരുത്തുന്നത് കൊണ്ടാണോ എന്നറിയില്ല, സക്കാത്തിന്റെ വിഷയത്തിലേക്ക് വരുമ്പോൾ പലർക്കും ഭിന്ന സ്വരമാണ്. ചിലർ ന്യായീകരിക്കുന്നു. ചിലർ വിശദീകരിച്ച് മുഖം മിനുക്കാനും രക്ഷപ്പെടാനും ശ്രമിക്കുന്നു. ചിലർ അത് മറ്റേതോ പ്രഭുക്കളുടെ മാത്രം വിഷയമാണ് എന്ന് കരുതുന്നു. ചിലർ കടത്തിന്റെയും ബാധ്യതകളുടെയും കണക്കു പറഞ്ഞു മുരളുന്നു. പിന്നെയും ചിലർ ചില്ലറ കൊടുത്തു കൊണ്ട് സക്കാത്ത് ഒപ്പിക്കുന്നു. ഇങ്ങനെ സാഹസപ്പെടേണ്ടി വരുന്നത് സത്യത്തിൽ സക്കാത്ത് എന്ന വ്യവസ്ഥിതി എത്രമാത്രം നാം ജീവിക്കുന്ന സമൂഹത്തിന് അനിവാര്യമാണ് എന്നത് ഒരു നിമിഷം ചിന്തിക്കാത്തത് കൊണ്ടാണ്. രണ്ട് പച്ചയായ യാഥാർത്ഥ്യങ്ങൾ എല്ലാവരും സമ്മതിച്ചാലും ഇല്ലെങ്കിലും അംഗീകരിക്കുന്നതാണ്. ഒന്ന്, മനുഷ്യരായ നാം പരസ്പരം കൊണ്ടും കൊടുത്തും സ്വീകരിച്ചും സമ്മാനിച്ചും ജീവിക്കേണ്ട വിധമുള്ള ഒരു സാമൂഹ്യ ജീവിതത്തിൻ്റെ ഉടമകളാണ് എന്നത്. സക്കാത്തിന്റെയോ മതത്തിന്റെയോ ഒന്നും പേരിൽ അല്ലെങ്കിൽ തന്നെ നാം അനിവാര്യമായും സഹായിക്കേണ്ടവരും സഹായം സ്വീകരിക്കേണ്ടവരും ആണ് എന്ന് ഇത് നമ്മെ തര്യപ്പെടുത്തുന്നു. രണ്ടാമതായി, ഇതിൻ്റെ കാരണം മനുഷ്യർക്കിടയിൽ സൃഷ്ടിപരമായി ഉള്ള, നിലനിൽക്കുന്ന സാമ്പത്തികമായ അസമത്വമാണ്. എല്ലാവരും ഒരേപോലെ ഉള്ളവരല്ല. എന്നാൽ എല്ലാവരും ഒരേപോലെ ഇല്ലാത്തവരും അല്ല. സമൂഹത്തിന്റെ അവസ്ഥയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് സമൂഹത്തിൻ്റെ ഘടനയുമാണ്. ഇത്തരം ഒരു അവസ്ഥയും ഘടനയും ഉള്ളതുകൊണ്ട് 'എല്ലാവരും എല്ലാവരെയും സഹായിക്കേണ്ടതാണ്' എന്ന് ഒരു ഒഴുക്കൻ പ്രഭാഷണമോ നിർദ്ദേശമോ നൽകിയാൽ പലരും അത് പാലിച്ചു കൊള്ളണമെന്നില്ല. അതിനാൽ സഹായം ആവശ്യമായി വരുന്നവർക്ക് അതിൻ്റെ ചെറിയൊരു ശതമാനം എങ്കിലും നിർബന്ധമായും കിട്ടിയിരിക്കണമെങ്കിൽ സമൂഹത്തെ നിർബന്ധിക്കാതെ വയ്യ. ഇത് മനുഷ്യൻ്റെ ഏത് ഘടകത്തിലും വരുന്ന ഒരു അനിവാര്യതയാണ്. സാമ്പത്തിക ബാധ്യതയുള്ള ഒരു സംഘം രൂപീകരിച്ചു എന്നിരിക്കട്ടെ. എല്ലാവരും സഹായിക്കേണ്ടതാണ് എന്ന് അഭ്യർത്ഥിച്ചത് കൊണ്ട് മാത്രം കാര്യം നടന്നുപോകില്ല. മറിച്ച് ചെറിയൊരു ശതമാനം എങ്കിലും നിർബന്ധം ചെലുത്തേണ്ടി വരും. ഒരു രാജ്യത്തിന് നിലനിൽക്കണമെങ്കിൽ നിർബന്ധമായും ഒരംശാദായം പൗരന്മാരിൽ നിന്ന് നിർബന്ധമായും വാങ്ങേണ്ടിവരും. ഇസ്ലാം മനുഷ്യൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഒരു വ്യവസ്ഥിതിയാണ്. അവൻ്റെ വാങ്ങലും വിൽക്കലും കൃഷി ചെയ്യലും കൊയ്യലും ഉണ്ടാക്കലും ചെലവഴിക്കലും എന്നുവേണ്ട എല്ലാ കാര്യങ്ങളിലും ഇസ്ലാം ഇടപെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഇടപെടൽ നടത്തുമ്പോൾ അതിനു വിധേയരാകുന്ന പൗരന്മാരായ വിശ്വാസികളുടെ സമൂഹത്തിൻ്റെ സാമ്പത്തിക നിലനിൽപ്പ് പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ഇസ്ലാം ഉള്ളവനോട് തൻ്റെ മിച്ചത്തിന്റെ ചെറിയൊരു ശതമാനം ഇല്ലാത്തവന് നൽകാൻ ആവശ്യപ്പെടുന്നു. ഇസ്ലാമിലെ സക്കാത്തിൻ്റെ സാംഗത്യം ഇതാണ്.


ഇങ്ങനെ ചുരുക്കിപ്പറഞ്ഞു എങ്കിലും ഒരു ആദർശത്തിന്റെ ഭാഗം എന്ന നിലക്ക് ഇസ്ലാമിലെ സക്കാത്ത് വ്യവസ്ഥയ്ക്ക് വലിയ അർത്ഥവും ആഴവും ഉണ്ട്. അത് വിശ്വാസിയെ പ്രപഞ്ചത്തിലെ മുഴുവൻ സമ്പത്തും സമ്പത്തിന്റെയും ഉടമ അല്ലാഹുവാണ് എന്നും ക്രയവിക്രയങ്ങൾക്കായി സൃഷ്ടികളെ അവൻ അത് അല്പാല്പമായി ഏൽപ്പിച്ചിരിക്കുകയാണ് എന്നും ഓർമ്മപ്പെടുത്തിയാണ് തുടങ്ങുന്നത്. ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ് ഉള്ളവരും ഇല്ലാത്തവരും ആക്കി വിഭജിച്ചിരിക്കുന്നത് എന്നും ഉള്ളവന് ഇല്ലാത്തവന് നൽകാനുള്ള മാനസികമായ വിശാലത ഉണ്ടോ എന്ന് പരിശോധിക്കുകയാണ് സൃഷ്ടാവിന്റെ ലക്ഷ്യമെന്നും ഈ വ്യവസ്ഥിതി തുടർന്ന് സിദ്ധാന്തിക്കുന്നു. ഇതു സൃഷ്ടാവ് നിർബന്ധമാക്കിയിരിക്കുകയാണ്. കേവലം വാക്കിലൊതുങ്ങുന്ന നിർബന്ധമല്ല, ശരിക്കും നൽകൽ നിർബന്ധമായ ഭാഗം സ്വത്തിലുള്ള ഉടമാവകാശം തന്നെ തത്വത്തിൽ എടുത്തുകളയുന്ന തരത്തിലുള്ള നിർബന്ധം. അഥവാ നൽകാനുള്ള ബാദ്ധ്യത ഉണ്ടായിട്ടും ഒരാൾ അതു നൽകിയില്ല എങ്കിൽ പാവപ്പെട്ട അർഹന് അതു കിട്ടിയില്ല എന്നുവരും എന്നു മാത്രമല്ല, അത്രയും തുകയുടെ മേലുള്ള ഉടമാവകാശം തന്നെ ആത്മീയമായി അയാൾക്ക് നഷ്ടപ്പെടും. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ സക്കാത്ത് നൽകാത്ത ഒരാളുടെ സ്വത്ത് താത്വികമായി അയാളുടേതല്ല, പാവപ്പെട്ടവരുടേതു കൂടിയാണ്. അവകാശികൾക്ക് അവകാശപ്പെട്ട വിഹിതം അവരുടെ കൈകളിലെത്തുമ്പോൾ അത് നല്ലതും ഹലാലുമാവുന്നു. അതേ സമയം അതു മുതലാളിയുടെ തന്നെ കൈകളിൽ കിടക്കുകയാണ് എങ്കിൽ അത് മാലിന്യവും ഹറാമുമായി തീരുന്നു. അതുകൊണ്ട് ഇസ്ലാമിക വ്യവസ്ഥിതിയിൽ സക്കാത്ത് സമ്പന്നരുടെ സ്വത്തിനെ ശുദ്ധീകരിക്കുവാനുള്ള ഒരു പ്രക്രിയ കൂടി ആയിത്തീരുന്നു. വിശുദ്ധ ഖുർആൻ നബി(സ)യോട് പറയുന്നു: 'അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ വാങ്ങുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അങ്ങയുടെ പ്രാര്‍ത്ഥന അവര്‍ക്കു മനഃശാന്തി നല്‍കുക തന്നെ ചെയ്യുന്നതാണ്' (തൗബ: 103).


ഒരു കാര്യം നിർബന്ധ വൽക്കരിക്കുമ്പോൾ അത് പാലിക്കുവാൻ ബന്ധപ്പെട്ടവർക്ക് സഹായകമാകുന്ന സമീപനം അതിൽ ഉൾചേർന്നിരിക്കേണ്ടതുണ്ട്. നിർബന്ധമായ നിയമങ്ങൾ ഒന്നും ഒരിക്കലും ജനങ്ങളെ ക്ലേശിപ്പിക്കുന്നത് ആവാൻ പാടില്ല. അങ്ങനെ വന്നാൽ പ്രയോഗ തലത്തിൽ വ്യവസ്ഥിതി പരാജയപ്പെട്ടെന്ന് വരും. ഇസ്ലാമിക നിയമങ്ങളിൽ ഒന്നും അത്തരം പരാജയത്തെ വിളിച്ചു വരുത്തുന്ന ഒരു സമീപനം ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്. ഇസ്ലാമിൻ്റെ സ്വീകാര്യതയുടെ പിന്നിലുള്ള ഒരു പ്രധാന കാരണവും ഇതാണ്. ഇസ്ലാമിൻ്റെ ഈ സവിശേഷത തെളിഞ്ഞുകാണുന്ന ഒരു രംഗമാണ് സക്കാത്ത്. അതിൽ അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അതു ലോകത്തിൻ്റെ ശ്രദ്ധയിൽ പെട്ടന്ന് വരിക തന്നെ ചെയ്യും. അതിൻ്റെ ഭാഗമായി നിത്യോപയോഗ വസ്തുക്കൾ, വാഹനം, വീട്ടിലെ വളർത്തു ജീവികൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സക്കാത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കച്ചവടം, വരുമാനം എന്ന അർത്ഥത്തിലേക്ക് എത്തുമ്പോൾ മാത്രമേ അവയിൽ ഒക്കെ സക്കാത്ത് വരൂ. ബാക്കിയുള്ള മുതലുകളിൽ തന്നെ പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങൾ, കാലിസമ്പത്ത്, സാമ്പത്തിക നീക്കിയിരിപ്പ്, സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ, കച്ചവടം എന്നിങ്ങനെയുള്ള സ്വാഭാവികമായും സാമ്പത്തിക വളർച്ച പ്രതീക്ഷിക്കപ്പെടുന്ന ഇനങ്ങളിൽ മാത്രമേ ഇസ്ലാം സക്കാത്ത് ബാധ്യതപ്പെടുത്തിയിട്ടുള്ളൂ. അവിടെയും ആ വ്യവസ്ഥിതിയുടെ കാരുണ്യം ഒതുങ്ങുന്നില്ല. ഈ പറഞ്ഞ വസ്തുവകകളിൽ തന്നെ സമ്പാദ്യം എന്ന അർത്ഥത്തിലേക്ക് ഉയരാവുന്ന അത്ര ധനം ഒരു വർഷക്കാലം മുഴുവനും നീക്കിയിരിപ്പും സൂക്ഷിപ്പും ആയി ഉണ്ടെങ്കിൽ മാത്രമേ അതിന് സക്കാത്ത് കൊടുക്കേണ്ടതുള്ളൂ. ഓരോ മുതലിന്റെയും മൂല്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ അടിസ്ഥാന അളവിലും ചില വ്യത്യാസങ്ങളുണ്ട്. അതിൻ്റെ എല്ലാം അളവുകൾ കർമ്മശാസ്ത്രം വിശദമായി പറയുന്നുണ്ട്. ഇതിൻെറ ഭാഗമായിത്തന്നെ നൽകേണ്ട വിഹിതത്തിന്റെ കാര്യത്തിലും ഇസ്ലാം കാരുണ്യം കാണിച്ചിട്ടുണ്ട്. മിച്ചമുള്ളതും കയ്യിലിരിപ്പുള്ളതും മൊത്തം നൽകേണ്ടതില്ല. കേവലം രണ്ടര ശതമാനം മാത്രമാണ് നൽകേണ്ടത്. സ്വത്തെല്ലാം തന്നവൻ അതിൽ മിച്ചം വരാൻ സാധ്യതയുള്ള ഏതാനും ഇനങ്ങളിൽ മാത്രം വെറും രണ്ടര ശതമാനം തികച്ചും അർഹരായ പാവപ്പെട്ടവർക്ക് നൽകുന്നില്ലെങ്കിൽ അത് കഠിനമായ നന്ദികേടും പാതകവും തന്നെയാണ്. അതിന് ശക്തമായ ഐഹിക ശാപവും പാരത്രിക ശിക്ഷയും ഉണ്ടാകും എന്ന് ഉറപ്പാണ്.


റമസാനിൽ പൊതു സക്കാത്തിനെ കുറിച്ച് പറയേണ്ട പ്രത്യേക കാര്യമൊന്നുമില്ല. കാരണം, സക്കാത്ത് റമസാൻ മാസത്തിലാണ് കൊടുക്കേണ്ടത് എന്നില്ല. ഓരോ വരുമാനത്തിനും നീക്കിയിരിപ്പിനും അതിൻ്റെ വർഷം തികയുന്നത് എന്നാണോ അന്നാണ് സക്കാത്ത് കൊടുക്കേണ്ടത്. പക്ഷേ, പലരും സ്വത്തിന്റെ സക്കാത്ത് റമസാനിൽ തന്നെ കൊടുക്കുന്ന പതിവ് വ്യാപകമാണ്. റമസാനിന്റെ ആത്മീയ വിചാരവും ഭാവവും ആയിരിക്കാം അതിനു കാരണം. നിർബന്ധമായ കർമ്മം ആണെങ്കിൽ പോലും അത് റമസാനിൽ ചെയ്യുമ്പോൾ പ്രതിഫലം വർദ്ധിച്ചു കിട്ടും എന്നതും ഒരു കാരണമാണ്. ആ അർത്ഥത്തിൽ അങ്ങനെ ചെയ്തു വരുന്നതിൽ തെറ്റൊന്നുമില്ല. ഒരിക്കൽ റമസാനിൽ സക്കാത്ത് കൊടുത്താൽ പിന്നെ അയാളുടെ സക്കാത്ത് റമസാനിൽ തന്നെയാണ് വന്നു കൊണ്ടിരിക്കുക. നമ്മുടെ ജീവിത പരിസരത്ത് പ്രധാനമായും സക്കാത്ത് ബാധകമാകാനുള്ള ഇനങ്ങൾ മൂന്നാണ്. ഒന്ന് കച്ചവടമാണ്. വർഷം തികയുന്ന ദിനത്തിൽ മൊത്തം സ്റ്റോക്ക് എടുത്ത് അതിൻ്റെ വിലയും കിട്ടുമെന്ന പ്രതീക്ഷയുള്ള കടവും ചേർത്താൽ 595 ഗ്രാം വെള്ളിയുടെ വിലയായ 66,045 (മാർച്ച് 26 ലെ നിലവാരമനുസരിച്ച്) രൂപക്ക് തുല്യമോ അതിലധികമോ ഉണ്ടെങ്കിൽ അതിൻ്റെ രണ്ടര ശതമാനമാണ് സക്കാത്ത് ആയി നൽകേണ്ടത്. കച്ചവട ഷോപ്പുകൾ, ഫാമുകൾ, വിൽക്കുവാൻ എന്ന ഉദ്ദേശത്തിൽ വാങ്ങിയിട്ടിരിക്കുന്ന ഭൂമികൾ, നിർമ്മാണ യൂണിറ്റുകൾ, ഡിജിറ്റൽ മാർക്കറ്റ് തുടങ്ങിയവയെല്ലാം കച്ചവടം എന്ന അർത്ഥത്തിൽ വരുന്ന കാര്യങ്ങളാണ്. കച്ചവടം ഈ പറഞ്ഞ കാലയളവിൽ ഈ പറഞ്ഞ തുക കൈയിരിപ്പ് ഉണ്ടെങ്കിൽ സകാത്ത് നിർബന്ധമാണ്. രണ്ടാമത്തേത്, നിക്ഷേപം എന്ന അർത്ഥത്തിലുള്ള സ്വർണവും വെള്ളിയും ആണ്. ധരിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായതും ഒരു സ്ത്രീക്ക് തൻ്റെ നിലയ്ക്കും വിലയ്ക്കും അനുയോജ്യവും ആവശ്യവുമായതുമായ ആഭരണങ്ങൾക്ക് സക്കാത്ത് ബാധകമല്ല. ഈ പരിധിയിൽ പെടാത്ത സ്വർണം പത്തര പവനെങ്കിലും ഒരു വർഷമായി കൈവശം ഉണ്ടെങ്കിലും വെള്ളി 595 ഗ്രാമെങ്കിലും ഒരു വർഷമായി സൂക്ഷിപ്പ് ഉണ്ടെങ്കിലും അതിനു സക്കാത്ത് നൽകണം. നൽകേണ്ടത് രണ്ടര ശതമാനമാണ്. മൂന്നാമതായി, വിവിധ വഴികളിലൂടെ വന്നു ചേർന്ന വരുമാനങ്ങൾ ആണ്. ഈ വരുമാനങ്ങൾ പണ്ട് വന്നുചേർന്നിരുന്നതും വ്യയം ചെയ്യപ്പെട്ടിരുന്നതും സ്വർണ്ണത്തിൻ്റെ ദീനാറോ വെള്ളിയുടെ ദിർഹമോ ആയിട്ടായിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് കറൻസി നോട്ടുകളാണ്. അതിനാൽ അതിനും സ്വർണം വെള്ളിയുടെ അതേ അടിസ്ഥാനത്തിൽ സക്കാത്ത് ബാധകമാകും എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്. അതിന് സക്കാത്തില്ല എന്ന് ബാലിശമായി വാദിക്കുമ്പോൾ സക്കാത്ത് തന്നെ ഇല്ലാത്ത ഒരു സാഹചര്യമാണ് ഉണ്ടാവുക. ഫലത്തിൽ സമ്പത്ത് ശുദ്ധീകരിക്കപ്പെടാതെ പോവുകയും ചെയ്യും. അതുകൊണ്ടാണ് അവർ അങ്ങനെ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 66,045 രൂപയോ അതിനു മുകളിലോ ഒരു വർഷമായി കയ്യിരിപ്പുണ്ടെങ്കിൽ അതിന് രണ്ടര ശതമാനം സകാത്ത് നൽകണം. കച്ചവടം ഒഴികെയുള്ള ഇനങ്ങളിൽ കൈവശമുള്ള മുതലിനാണ് സകാത്ത് ബാധകമാകുന്നത്. കടം അതുമായി കൂട്ടിക്കെട്ടേണ്ടതില്ല. കടത്തിന് തുകയും വർഷവും തികഞ്ഞാൽ അതു കിട്ടുന്ന മുറക്ക് അതിൻ്റെ സകാത്ത് കൊടുക്കണം. കിട്ടാനുള്ള കടം മുതലിൽ ചേർത്ത് അതിനെ കൂടി ശുദ്ധീകരണ പ്രക്രിയയിൽ ചേർക്കുന്നത് നല്ലതാണ് എന്ന അഭിപ്രായവും പണ്ഡിതർക്കിടയിൽ സജീവമാണ്.


റമസാനിൽ പറയേണ്ട സകാത്ത് ഫിത്വർ സകാത്താണ്. അത് ശരീരത്തിൻ്റെ സകാത്താണ്. വിശുദ്ധ റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. ആ സമയത്ത് ജീവനോടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പെരുന്നാൾ നിസ്കാരത്തിന് മുമ്പായി കൊടുക്കുകയാണ് വേണ്ടത്. പെരുന്നാൾ രാത്രിയും പകലും തൻ്റെയും തൻ്റെ ആശ്രിതരുടെയും ജീവിതത്തിന് ആവശ്യമായ പാർപ്പിടമടക്കമുള്ള കാര്യങ്ങൾക്ക് വേണ്ട തുക കഴിച്ച് എന്തെങ്കിലും ബാക്കി ഉള്ളവർക്കെല്ലാം ഇത് നിർബന്ധമാണ്. ഒരാള്‍ക്കു വേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണ്. അളവാണ് മാനദണ്ഡം. തൂക്കമല്ല. ഇത് ഏതാണ്ട് 2.8 കിലോ വരും എന്നാണ് അനുമാനം.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso