

ഖുർആൻ പഠനം സൂറത്തു തഗാബുൻ (9-13)
2025-04-21
Web Design
15 Comments
ടി എച്ച് ദാരിമി
അന്ന് കണക്ക് പറയേണ്ടിവരും..
9 ആ സംഗമനാളിനായി നിങ്ങളെയവന്‍ ഒരുമിച്ചു കൂട്ടുന്ന ദിവസം സ്മരണീയമത്രേ. അന്നാണ് നഷ്ടം പ്രകടമാവുക. ആര് അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നുവോ അയാളുടെ പാപങ്ങളവന്‍ മാപ്പാക്കുന്നതും അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ ശാശ്വതത്വമുള്ളതായി പ്രവേശിപ്പിക്കുന്നതുമാകുന്നു. അത് മഹാസൗഭാഗ്യമത്രേ.
തൻ്റെ സൃഷ്ടികളെ അല്ലാഹു പുനർ ജീവിപ്പിക്കുകയും വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്ന ദിവസത്തെ കുറിച്ചാണ് സംഗമ നാൾ എന്ന് പറയുന്നത്. ഐഹിക ജീവിതത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. അവയിൽ ഒന്ന് ശരിയും മറ്റൊന്ന് ശരിയല്ലാത്തതും ആയിരിക്കും. നന്മ, തിന്മ, ബഹുമാനം, അപമാനം, പരിഗണന, അവഗണന, സത്യം, അസത്യം, ശരി, തെറ്റ്, എന്നിങ്ങനെ പ്രത്യക്ഷത്തിൽ തന്നെ വേർതിരിക്കാൻ കഴിയുന്ന കാര്യങ്ങളാണ് മനുഷ്യ ലോകത്തിലെ മിക്ക കാര്യങ്ങളും. നേരിട്ട് അങ്ങനെ വിവേചിക്കുവാൻ കഴിയാത്ത കാര്യങ്ങൾക്കാവട്ടെ മാനദണ്ഡം പ്രവാചകന്മാരിലൂടെയും പുണ്യ ഗ്രന്ഥങ്ങളിലൂടെയും നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. അവയ്ക്കു വിധേയമായി ഈ പറഞ്ഞ രണ്ടു ഭാഗങ്ങളിലേക്ക് ബാക്കിയുള്ള വിഷയങ്ങൾ മാറുകയും ചെയ്യുന്നു. അങ്ങനെ എന്നിരിക്കെ ഇതിലെ പോസിറ്റീവുകൾക്ക് പ്രതിഫലവും നെഗറ്റീവ് ശിക്ഷയും ലഭിക്കേണ്ടത് ബുദ്ധിപരമായി ഒരു സത്യവും ശരിയുമാണ്. അതാണ് പുനർജന്മത്തിന്റെയും വിചാരണയുടെയും അടിസ്ഥാന ന്യായം. രണ്ടിൽ ഇഷ്ടമുള്ളത് ചെയ്യാം എന്നിട്ടും നന്മ മാത്രം ചെയ്തവർക്കും നന്മ വ്യക്തമായിരുന്നിട്ടും സ്വന്തം താല്പര്യത്തിന് വേണ്ടി തിന്മ ചെയ്തവർക്കും അർഹിക്കുന്ന ശിക്ഷ പരമമായി സംഗമ നാൾ എന്ന് ആ വിചാരണ നാളിലാണ് നൽകപ്പെടുന്നത്.
പക്ഷേ ഈ വിചാരണ നാളിൽ എത്തുന്നതിനുമുമ്പ് പുനർവിചിന്തനം നടത്തുവാനുള്ള അവസരം അല്ലാഹു ഒരു കാരുണ്യം എന്ന നിലക്ക് തന്റെ അടിമകൾക്ക് നൽകുന്നുണ്ട്. അത് പക്ഷേ വിശ്വാസികൾക്ക് മാത്രമാണ്. അതായത് സൃഷ്ടാവായ അല്ലാഹുവിനെ ശരിക്കും തിരിച്ചറിയുകയും അവൻ റബ്ബാണ് എന്ന് ജീവിതം കൊണ്ട് മനസ്സിൽ ഉറപ്പിക്കുകയും ചെയ്ത ആൾക്കാർ, അവർ പക്ഷേ ശരീരത്തിലെ പൈശാചികതയ്ക്കും ഇഛകൾക്കും വിധേയമായി പാപങ്ങളും തിന്മകളും ചെയ്തുപോവുകയും അതിൽ കുറ്റബോധം തോന്നുകയും ചെയ്യുകയാണ് എങ്കിൽ അവർക്ക് പശ്ചാത്തപിക്കാനുള്ള ഒരു അവസരമാണ് ആ കാരുണ്യം. തങ്ങളുടെ പശ്ചാത്താപത്തിൽ സത്യസന്ധരാണ് എന്നതിനാൽ അല്ലാഹു അത് സ്വീകരിക്കുകയും അവരെ നന്മയുടെ ആൾക്കാരായി ഈ ലോകത്ത് വെച്ച് തന്നെ പരിഗണിക്കുകയും ചെയ്യുന്നു. അവർ ആ കാരുണ്യം വഴി സ്വർഗ്ഗ പ്രതിഫലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
10 എന്നാല്‍ അവിശ്വാസം വരിക്കുകയും നമ്മുടെ സൂക്തങ്ങള്‍ വ്യാജമാക്കുകയും ചെയ്തവര്‍ ശാശ്വതത്വം വിധിക്കപ്പെട്ട നരകക്കാരായിരിക്കും. ആ മടക്കസ്ഥലം അതീവഹീനം തന്നെ!
അടിസ്ഥാന പരിഗണന വിശ്വാസത്തിനാണ് എന്നത് മറ്റൊരു രീതിയിൽ ഊന്നി പറയുകയാണ് ഈ സൂക്തത്തിലും. അവിശ്വാസികളുടെ പ്രശ്നം അവിശ്വാസം എന്നതിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് വസ്തുത. അവരുടെ കാര്യത്തിൽ അല്ലാഹുവിനെ പ്രകോപിപ്പിക്കുന്നത് അവർ സൂക്തങ്ങളെ വ്യാജമാക്കുകയാണ് എന്നത് കൂടിയാണ്. ഈ പ്രപഞ്ചത്തിൽ അല്ലാഹു നിറച്ചിരിക്കുന്നത് അവനെ തെളിയിക്കാൻ ഉപര്യുക്തമായ തെളിവുകളെയാണ്. തൻ്റെ പ്രപഞ്ചത്തിൽ മനുഷ്യൻ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ അനുമാനിക്കുകയോ ചെയ്യുന്ന ഏതുകാര്യവും വഴി റബ്ബിലേക്ക് എത്തിച്ചേരാൻ കഴിയും. അത്രയും ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിൽ മനുഷ്യൻ്റെ കൺമുമ്പിൽ ആയി നിറച്ചിരിക്കുന്നത് മനുഷ്യൻ എങ്ങനെയെങ്കിലും അവയിൽ ഒന്നിൽ പിടിച്ചു രക്ഷപ്പെട്ടു കൊള്ളട്ടെ എന്ന് കരുതിയാണ്. എന്നിരിക്കെ ഒരു ശക്തിയും ഇല്ലാത്ത അതിദുർബലനായ ഒരു അടിമ അതൊക്കെ നിഷേധിക്കുകയോ കാണാതെ പോവുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്താൽ അതിന്റെ അർത്ഥം അവൻ അത്രമാത്രം അഹങ്കാരിയാണ് എന്ന് തന്നെയാണ്. അതിനാൽ അത്തരം ആൾക്കാരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അല്ലാഹു കാണിക്കുകയില്ല. അല്ലെങ്കിലും അന്ത്യനാളിലെ വിചാരണയിൽ അല്ലാഹു ആരോടും കാരുണ്യം കാണിക്കുകയില്ല. അവിടെ അവൻ നടപ്പാക്കുന്നത് നീതിയാണ്. നീതി തന്നെയാണ് കാരുണ്യം. കാരുണ്യം എന്നത് ഈ ലോകത്തിന് വേണ്ടി അവൻ പ്രകടിപ്പിക്കുന്ന വികാരമാണ്.
11 അല്ലാഹുവിന്റെ അനുമതിയോടെ മാത്രമേ ഏതൊരു വിപത്തും ആര്‍ക്കും ബാധിക്കുകയുള്ളു. അവനില്‍ ഒരാള്‍ വിശ്വാസമര്‍പ്പിക്കുന്നുവെങ്കില്‍ അയാളുടെ ഹൃദയത്തിനവന്‍ മാര്‍ഗദര്‍ശനം ചെയ്യും. ഏതൊരു വിഷയത്തെക്കുറിച്ചും നന്നായി അറിയുന്നവനാണവന്‍.
വിശ്വാസികൾക്ക് അല്ലാഹു തയ്യാറാക്കി വച്ചിരിക്കുന്നത് അതിവിപുലവും അതിസമ്പന്നവുമായ അസുഖങ്ങളാണ്. ഊഹിക്കാൻ പോലും കഴിയാത്തവ എന്നാണ് നബി തിരുമേനി (സ്വ) സ്വർഗീയ സുഖങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഈ സുഖങ്ങൾ പക്ഷേ അവൻ ഒന്നും നോക്കാതെ ഒട്ടും ഉറപ്പു വരുത്താതെ നൽകുകയില്ല. ആ വിഷയത്തിൽ അല്ലാഹുവിന് ഒരു തെറ്റും സംഭവിക്കുകയില്ല. ഈ വിധം ഈ കാര്യം ഉറപ്പുവരുത്തുവാൻ അവൻ മനുഷ്യജീവിതത്തിൽ പല രൂപത്തിലും നിരന്തരമായി ഇടപെടുന്നുണ്ട്. ആ ഇടപെടലിന്റെ രണ്ട് ആകത്തുകളാണ് അനുഗ്രഹങ്ങളും പരീക്ഷണങ്ങളും. ഇടക്ക് മനുഷ്യരുടെ ജീവിതത്തിൽ സന്തോഷങ്ങൾ ആയി അനുഗ്രഹങ്ങൾ വന്നു പതിക്കും. അതേ മനുഷ്യൻ്റെ ജീവിതത്തിൽ തന്നെ ചിലപ്പോൾ വിപത്തുകൾ ആയി പരീക്ഷണങ്ങളും വന്നു പതിക്കും. അത് രണ്ടും മാറി മാറി നൽകുന്നത് രണ്ടും ലഭിക്കുമ്പോൾ ഉള്ള അവൻ്റെ തിരിച്ചറിവ്, വിലയിരുത്തൽ എന്നിവ ഏതുതരത്തിലുള്ളതാണ് എന്ന് നോക്കി ഉറപ്പിക്കുവാൻ വേണ്ടിയാണ്. ഈ അടിസ്ഥാനം മനസ്സിൽ ഉറപ്പിച്ച് ജാഗ്രത പുലർത്തുക എന്നത് സത്യവിശ്വാസികളുടെ അടയാളമാണ് എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നബി തങ്ങൾ പറഞ്ഞു: 'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ, അവന് അവൻ്റെ കാര്യങ്ങൾ എല്ലാം നന്മയായി ഭവിക്കുന്നു. അവന് ഒരു സന്തോഷം ലഭിച്ചാൽ അവൻ അതിൻ്റെ പേരിൽ അല്ലാഹുവോട് നന്ദി കാണിക്കും. അതോടെ അത് നന്മയായി ഭവിക്കും. ഒരു സന്താപം ആണ് ലഭിക്കുന്നത് എങ്കിൽ അവൻ ക്ഷമിക്കുകയും അങ്ങനെ അത് നന്മയായി ഭവിക്കുകയും ചെയ്യും. ഇത് വിശ്വാസി അല്ലാത്ത മറ്റൊരാൾക്കും സാധ്യമാകില്ല (മുസ്ലിം).
സന്തോഷങ്ങളെക്കാൾ പ്രാധാന്യം സന്താപങ്ങൾക്കാണ്. സന്തോഷങ്ങൾ മനുഷ്യനെ മെല്ലെ മെല്ലെ ആയിരിക്കും വഴിതെറ്റിക്കുക. സന്തോഷങ്ങൾ ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖം ക്രമേണ കൂടിക്കൂടി വരുന്നതിനനുസരിച്ച് അവൻ അതുകൊണ്ട് അനുഗ്രഹിച്ച റബ്ബിനെ ക്രമേണയായി മറന്നു പോകും. ഇത് തൻ്റെ അദ്ധ്വാനത്തിൻ്റെയും ശ്രമത്തിൻ്റെയും ഫലമാണ് എന്ന് കരുതിയും പറഞ്ഞും ഈ സന്തോഷം ഒരു വ്യക്തിയെ വഴിതെറ്റിച്ചേക്കും. ഈ വിധത്തിൽ അത് വഴിതെറ്റിക്കും എങ്കിലും അത് ക്രമേണ മാത്രം ആയിരിക്കും പലപ്പോഴും ഉണ്ടാവുക. അതേസമയം സന്താപങ്ങളും ആപത്തുകളും അങ്ങനെയല്ല. അത് വന്നു വീഴുന്ന ആദ്യഘട്ടത്തിൽ തന്നെ മനുഷ്യൻ പ്രകോപിതനാകും. അത് തന്നോട് അല്ലാഹു കാണിക്കുന്ന വിവേചനമാണെന്ന് കരുതുക മുതൽ അല്ലാഹുവിൽ നിന്നുള്ളതല്ലാത്ത പരിഹാരങ്ങളുടെ പിന്നാലെ പോവുക വരെ പെട്ടെന്ന് തന്നെ ഉണ്ടാകും.
പ്രയാസങ്ങളും ദുഃഖങ്ങളും ആപത്തുകളും മനുഷ്യജീവിതത്തിൽ വരുമ്പോൾ അത് തൻ്റെ ദുര്യോഗമായി പലരും ചിത്രീകരിക്കാറുണ്ട്. അത് ഒരിക്കലും ശരിയല്ല. അവൻ അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയനാവുകയാണ് അതുവഴി. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ അവൻ ശരിക്കും അല്ലാഹുവിൻ്റെ കൂടെ മനസ്സിനെ നിർത്തുന്നുണ്ടോ എന്നതാണ് ഇത്തരം ഘട്ടങ്ങളിൽ അല്ലാഹു നോക്കുന്നത്. അതുകൊണ്ടാണ് എന്ത് മുസീബത്തുകൾ വരുമ്പോഴും 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന് ചൊല്ലുവാൻ നബി(സ്വ) പഠിപ്പിച്ചത്. നമ്മളെല്ലാവരും പരമമായി അല്ലാഹുവിന് ഉള്ളതാണ്, അല്ലാഹുവിലേക്ക് മടങ്ങാനുള്ളവരാണ് എന്നാണ് അതിൻ്റെ അർത്ഥം. നമ്മുടെ പൊതു അനുഭവത്തിൽ ഇത് ഒരാളുടെ മരണം കേൾക്കുമ്പോൾ മാത്രം പറയാനുള്ളതാണ് എന്ന ഒരു ധാരണയുണ്ട്. അത് ശരിയല്ല, എന്തു പ്രയാസം വരുമ്പോഴും ഇങ്ങനെ തേടണം എന്നാണ് നബി(സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുള്ളത്. ഒരിക്കൽ നബി തിരുമേനിയും ആയിഷ ബീവിയും ഇരിക്കുന്നതിനിടെ കാറ്റടിച്ച് വിളക്ക് കെട്ടു. അപ്പോൾ നബി 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന് ചൊല്ലുകയുണ്ടായി. അത് കേട്ടപ്പോൾ ആയിഷ ബീവിക്ക് ആശ്ചര്യം. ഇത്രയും ചെറിയ ഒരു വിഷയത്തിന് ഇങ്ങനെ ചെയ്യേണ്ടതുണ്ടോ എന്ന ആശ്ചര്യം. ഉടനെ നബി പറഞ്ഞു: 'വിശ്വാസിയെ വിഷമിപ്പിക്കുന്നത് എല്ലാം മുസീബത്ത് തന്നെയാണ്'
മുസീബത്തുകൾ അല്ലാഹുവിൻ്റെ പരീക്ഷണമാണ് എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഏറ്റവും അധികം പ്രയാസങ്ങളും പ്രതിസന്ധികളും എല്ലാം ഉണ്ടാകുന്നത് പ്രവാചകന്മാർക്കും സ്വാലിഹീങ്ങൾക്കും ആണ് എന്നത്. കാരണം അവരാണ് അല്ലാഹുവിനോട് ഏറ്റവും അടുത്തു നിൽക്കുന്നവർ. അവർ അതിനുമാത്രം ഉന്നതമായ മനസ്ഥിതി ഉള്ളവരാണ് എന്ന് ഉറപ്പുവരുത്തേണ്ടത് അല്ലാഹുവിൻ്റെ ആവശ്യമാണ്. ഇത് ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയമായത് കൊണ്ടാണ് ക്ഷമ ഇസ്ലാമിക ദർശനത്തിൽ ഏറ്റവും മഹത്തായ ഒരു വികാരമായി മാറിയത്. ക്ഷമ എന്നാൽ പരീക്ഷണങ്ങൾ വരുമ്പോൾ മാനസികമായും ശാരീരികമായും പതറാതിരിക്കുക എന്നതാണ്. ഈ ഗുണത്തിന് ആവട്ടെ അത് തുടക്കത്തിൽ പ്രകടിപ്പിച്ചാൽ മാത്രമേ ക്ഷമയായി പരിഗണിക്കപ്പെടുകയുള്ളൂ. കാരണം അപ്പോഴാണ് ഒരാൾ ക്ഷമ കാണിച്ചു എന്ന് പറയാൻ കഴിയുന്നത്. തനിക്കു വന്ന ദുര്യോഗത്തിനെതിരെ പലതരത്തിലുള്ള ഇടപെടലുകൾ നടത്തി കുഴങ്ങിയും കുഴഞ്ഞും ഇരിക്കുമ്പോൾ ഇനിയെല്ലാം അല്ലാഹുവിലേക്ക് വെക്കുകയാണ് എന്നു പറയുന്നതിനെ മൂല്യവത്തായ ക്ഷമയായി ഇസ്ലാം കാണുന്നില്ല. അനസ് ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രാകാരമാണ്. ഒരു ഖബ്‌റിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയോട് പ്രവാചകന്‍(സ്വ) 'നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമിക്കുക..' എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ 'എനിക്ക് ബാധിച്ച പ്രയാസം നിങ്ങൾക്ക് ബാധിച്ചിട്ടില്ല, നിങ്ങൾക്കതിനെപ്പറ്റി അറിയുകയുമില്ല..' എന്നു മറുപടി പറഞ്ഞു. തന്റെ മുമ്പിലുള്ളത് പ്രവാചകനാണ് എന്നവര്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് അത് മനസിലായപ്പോള്‍ പ്രവാചകന്റെ(സ്വ) അടുക്കല്‍വന്ന് താങ്കളാണെന്ന് എനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞ ആ സ്ത്രീയോട് 'ക്ഷമ അതിന്റെ പ്രഥമഘട്ടത്തിലാകുന്നു' എന്ന് നബി (സ്വ) മറുപടി പറഞ്ഞു. എല്ലാം സംഭവിച്ച് ക്ഷമിച്ചു എന്നു പറയുന്നതില്‍ കഴമ്പില്ല എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
ക്ഷമയെന്ന സൽസ്വഭാവം ഇല്ലാത്തതാണ് പുതിയകാലത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. മാനസികമായ എന്തെങ്കിലും പ്രയാസങ്ങള്‍ ബാധിച്ചാല്‍ അതിലൂടെ ജീവിത നൈരാശ്യത്തിലേക്കും ആത്മഹത്യയിലേക്കും ആപതിക്കുകയാണ് ചിലര്‍. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെ പേരില്‍ എത്രയെത്ര പിഞ്ചുമക്കളെയാണ് സ്വന്തം മാതാപിതാക്കള്‍ കൊന്നൊടുക്കുന്നത്, എത്രയെത്ര ശരീരങ്ങളാണ് വെട്ടി നുറുക്കപ്പെടുന്നത്, എത്രയെത്ര കൗമാരങ്ങളാണ് നാശത്തിലേക്ക് തെന്നി വീഴുന്നത്. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റി വെച്ച്, നമ്മെ മുറിപ്പെടുത്തുന്നവരോട് തിരിച്ചു ക്ഷമിക്കാന്‍ കഴിയുമ്പോഴാണ് നാം ഉന്നത സ്വഭാവത്തിനുടമയായിത്തീരുന്നത്. മക്കാവിജയദിവസം ശത്രുക്കളോട് 'നിങ്ങള്‍ പൊയ്‌ക്കൊള്ളൂ, നിങ്ങള്‍ക്ക് ഞാനിതാ മാപ്പ് തന്നിരിക്കുന്നു'വെന്ന് പ്രവാചകന്‍ (സ) പറഞ്ഞപ്പോള്‍, പ്രവാചകനെ ലോകം അംഗീകരിക്കുകയായിരുന്നു വീണ്ടും. പലരുടെയും വ്യക്തിത്വത്തിന്റെ പരായജയം തന്നെ കോപമാണ്. കോപം പിശാചില്‍നിന്നുമുള്ളതാണ്. ആ സമയം നാം അല്ലാഹുവിനോട് ശരണം തേടുക. പ്രവാചകന്റെ ശിരസറുക്കാന്‍ വന്ന ഉമര്‍ (റ) ഇസ്‌ലാമിലേക്ക് വന്ന ശേഷം, ക്ഷമയേക്കാള്‍ വലിയ അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നു പറയുമ്പോള്‍, ക്ഷമ അവരുടെയൊക്കെ ജീവിതത്തില്‍ എത്രമാത്രമാണ് സ്വാധീനം ചെലുത്തിയതെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.
12 അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക; നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ പ്രശ്‌നമില്ല; നമ്മുടെ ദൂതന്റെ ബാധ്യത സ്പഷ്ടമായ പ്രബോധനം മാത്രമാകുന്നു.
ഈ പറഞ്ഞതിനെല്ലാം അവശ്യം ആവശ്യമായ ഒരു കാര്യമാണ് ഈ സൂക്തത്തിൻ്റെ ആശയം. അത് അല്ലാഹുവിനോടും പ്രവാചകനോടും ഉള്ള സമ്പൂർണ്ണമായ വിധേയത്വം ആണ്. അല്ലാഹുവും റസൂലും പറയുന്നത് ഒരു വിഘ്നവും വരാത്ത വിധം സ്വീകരിക്കുമ്പോൾ മാത്രമാണ് മേൽപ്പറഞ്ഞ അന്ത്യനാളിൽ കണക്ക് പറയേണ്ടി വരുമെന്ന് ബോധ്യവും മുസീബത്തുകൾ വരുമ്പോൾ ക്ഷമിക്കാനുള്ള ശക്തിയും എല്ലാം കൈവരിക എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.
13 അവനല്ലാതെ ഒരാരാധ്യനുമില്ല; സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത് അല്ലാഹുവിങ്കലേക്കാകട്ടെ.
അവനെ അനുസരിക്കണം, അവന് വിധേയപ്പെടണം എന്നൊക്കെ പറയുന്നതിന്റെ ന്യായമാണ് ഈ ആയത്തിന്റെ ആശയം. ആരാധിക്കപ്പെടാൻ മാത്രം അവകാശങ്ങൾ ഉള്ളത് അവന് മാത്രമാണ്. അതുകൊണ്ട് അവനെ മാത്രമാണ് അനുസരിക്കേണ്ടതും ആരാധിക്കേണ്ടതും. സത്യവിശ്വാസികൾ ഏതായാലും എല്ലാം അവനിലാണ് ഭരമേല്പിക്കേണ്ടത്. അവനിൽ ഭരമേൽപ്പിക്കാത്തവർ സത്യവിശ്വാസി ആവുകയില്ല. സ്വന്തം ജീവിത കാര്യങ്ങൾക്ക് വേണ്ടി പലരെയും ആശ്രയിക്കുകയും പലർക്കും വിധേയപ്പെടുകയും ആരാധനാ പായയിൽ എത്തുമ്പോൾ മാത്രം അല്ലാഹുവിനെ ഓർക്കുകയും ചെയ്യുന്ന കാപട്യത്തെ തുറന്നു കാട്ടുക കൂടി ചെയ്യുന്നുണ്ട് ഈ ആയത്തിന്റെ ധ്വനി.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso